സൈബർ അധിക്ഷേപം: മധു മണിമലയ്‌ക്കെതിരെ പരാതിയുമായി തന്ത്രി കുടുംബം

ഇന്നത്തെ വാർത്തകൾ അറിയാം...
സൈബർ അധിക്ഷേപം: മധു മണിമലയ്‌ക്കെതിരെ പരാതിയുമായി തന്ത്രി കുടുംബം

ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ

കൊച്ചിയിൽ ഒരു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊച്ചി കുണ്ടന്നൂർ ഭാഗത്താണ് പ്രസവം കഴിഞ്ഞ് മണിക്കൂറുകളായ ആൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ്.

ആറ്റുകാലിൽ ജീവനൊടുക്കിയ ആരതിയുടെ   ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ കുറ്റവും, ഗാർഹിക പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്. ഗാർഹിക പീഡനത്തിനം നടന്നതിനും തെളിവുകൾ ഉണ്ട്. ആരതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായും ഡയറിക്കുറിപ്പിൽ പറയുന്നു. അതുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പെൺകുട്ടിയെ കണ്ടെത്താൻ തിരച്ചിൽ

മൂവാറ്റുപുഴ ആറിൽ ജീവനൊടുക്കിയ ദമ്പതികളുടെ കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതം. 6 വയസുകാരിയെ ആണ് ഇനി കണ്ടെത്താൻ ഉള്ളത്. കുട്ടിയുടെ മാതാപിതാക്കളെയും സഹോദരനെയും മൂവാറ്റുപുഴ ആറിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്‍മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 ഹൈബ്രിഡ് കഞ്ചാവ് വേട്ട 

പെരുമ്പാവൂരിലെ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ മുഖ്യപ്രതികൾ അടക്കം നാല് പേർ കൂടി പിടിയിൽ. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച ആളുകൾ അടക്കമാണ് പിടിയിലായത് നേരത്തെ വൈപ്പിൻ സ്വദേശികളായ ദമ്പതികളെ 18 കോടിയുടെ ലഹരിയുമായി പിടികൂടിയിരുന്നു.

എറണാകുളത്ത് പനി പടർന്ന് പിടിക്കുന്നു

എറണാകുളം ജില്ലയിൽ പകർച്ച പനി പടർന്ന് പിടിക്കുന്നു. ഈ മാസം മാത്രം 25,630 പേർക്കാണ് പനി ബാധിച്ചത്. ഇന്നലെ മാത്രം പനി ബാധിച്ചത് 890 പേർക്കാണ്. പശ്ചിമ കൊച്ചിയിലും, ബിനാനിപുരം, ചൂർണ്ണികര, ഇടപ്പള്ളി, ഏലൂർ, മുളന്തുരുത്തി, പട്ടിമറ്റം തുടങ്ങിയ ഇടങ്ങിയ പനി ബാധിതർ കൂടി വരികയാണ്.

മഴ കനക്കുന്നു

അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. കാസർകോഡ് കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ട്.

പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

എറണാകുളം മൂവാറ്റുപുഴയാറിൽ കാണാതായ ആറുവയസുകാരി ഹന്നയുടെ മൃതദേഹം കണ്ടെത്തി. പിറവം ഐഎൻടിയുസി കടവിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കുട്ടിയുടെ അച്ഛൻ്റെയും അമ്മയുടെയും സഹോദരൻ്റെയും മൃതദേഹം കഴിഞ്ഞ ദിവസം ആറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.

തെരച്ചിൽ പുനരാരംഭിച്ചു

കോഴിക്കോട് അനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട മലപ്പുറം സ്വദേശിക്കായി തെരച്ചിൽ പുനരാരംഭിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മലപ്പുറം കിഴിശ്ശേരി സ്വദേശി ഷിബിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ടത്.

''വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചത് ഗവർണറെ അപമാനിക്കൽ''

യുഡിഎഫ് സർക്കാറിന് കൂട്ട് ഉത്തരവാദിത്വം ഇല്ലെന്ന് എ.കെ. ബാലൻ. മുഖ്യമന്ത്രി ബജറ്റിലൂടെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചത് ഗവർണറെ അപമാനിക്കൽ. നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും എ.കെ. ബാലൻ.

വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്ത്

വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പാലക്കാട് സ്വദേശി അബൂ താഹിറിനെ പിടികൂടിയത് ബംഗളൂരുവില്‍ നിന്ന്. തായ്ലന്‍ഡില്‍ നിന്ന് റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് അബു താഹിര്‍. 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു

പാലക്കാട് ഥാര്‍ ജീപ്പ് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട് കൊപ്പം ആമയൂരില്‍ ഥാര്‍ ജീപ്പ് ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. ആമയൂര്‍ സ്വദേശി കുറുപ്പുതൊടി സലീം ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് സലീമിനെ ഉടന്‍ തന്നെ മേലെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജീപ്പ് ഡ്രൈവര്‍ തൃത്താല ഉള്ളന്നൂര്‍ സ്വദേശി മുഹമ്മദ് റാഷിദിനെ കൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തു. മെഡിക്കല്‍ പരിശോധനയില്‍ റാഷിദ് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

സംസ്‌കാര ചടങ്ങുകള്‍ നടന്നു

മൂവാറ്റുപുഴയാറില്‍ മുങ്ങിമരിച്ച മൂന്ന് പേരുടേയും സംസ്‌കാരം നടന്നു. വിജി, ഭര്‍ത്താവ് നാരായണന്‍, രണ്ട് വയസുള്ള മകന്‍ എന്നിവരുടെ സംസ്‌കാരച്ചടങ്ങുകളാണ് നടന്നത്. തൃപ്പൂണിത്തുറയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം. വിജിയുടെ സഹോദരനാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.

ഇന്ന് കണ്ടെത്തിയ ഹന്നയുടെ മൃതദേഹം പിറവം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിക്കും.

എംബ്ലത്തിന്റെ പേരില്‍ വീടുകള്‍ മുടക്കേണ്ടതില്ല

ലൈഫ് പദ്ധതിയിലെ വീടുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ ലോഗോ വെക്കുന്നതില്‍ പറഞ്ഞതിലുറച്ച് മന്ത്രി കെഎം ഷാജി. എംബ്ലത്തിന്റെ പേരില്‍ വീടുകള്‍ മുടക്കേണ്ടതില്ല. എംബ്ലത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ലെന്ന് ന്യായീകരണം.. . നിലപാടുകളില്‍ വിട്ടു വീഴ്ച്ച ഇല്ലാതെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തേണ്ടതില്ല. എല്‍ഡിഎഫിന്റെ എതിര്‍പ്പ് കപട ആദര്‍ശം പറഞ്ഞെന്നും ഷാജി.

കേന്ദ്രത്തിന് എതിരെ ഒന്നും കെഎം ഷാജി പറയില്ലെന്ന് എ.കെ ബാലന്‍. യുഡിഎഫിന് ഇപ്പോള്‍ കിട്ടുന്നത്. പിണറായി സംഘികളുടെ ആളെന്ന് പ്രചരിപ്പിച്ചതിനുള്ള തിരിച്ചടിയാണ്. ഷാജിക്ക് നല്ല മാറ്റമെന്നും എ.കെ.ബാലന്റെ പരിഹാസം. എ.കെ. ബാലന് കെ.എം.ഷാജിയുടെ മറുപടി. ബാലേട്ടന്‍ തമാശക്കാരനാണ്. ഇന്നലെ നരേന്ദ്ര മോദിയുടെ ആളാക്കിയെന്നും അങ്ങനെ പലതും നടക്കുമെന്നും കെ.എം. ഷാജി.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവില്‍ വീണ്ടും എതിര്‍പ്പ് പരസ്യമാക്കി സ്പീക്കര്‍. നികുതി കുറയ്ക്കാനുള്ള നീക്കത്തെ അന്നും ഇന്നും എതിര്‍ക്കുന്നു. എല്ലാ കാലത്തും ഒരേ നിലപാടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ പൊതുവികാരം മനസ്സിലാക്കിയിട്ടാണ് പെരുമാറുന്നത്. അതില്‍ ഒരു വ്യത്യാസവുമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞ

മലയാളിയുടെ ആത്മാഭിമാനത്തെ കുറിച്ചുള്ള ഒരാശങ്കയും ഷാജിക്ക് ഇല്ല: എ.എ. റഹീം എംപി

മലയാളികളുടെ ആത്മാഭിമാനത്തിന്റെ വീട്ടില്‍ മോദിയുടെ ചാപ്പയടിക്കാന്‍ ഷാജി വരണ്ടെന്ന് എ.എ. റഹീം എംപി. പാണക്കാടല്ല, മോദിയാണ് ഷാജിയുടെ തങ്ങള്‍. ഇത് പണ്ടേ ഷാജി തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയില്‍ മോദിക്ക് ക്ലീന്‍ചിറ്റ് കൊടുത്ത ആദ്യ നേതാവാണ് ഷാജിയെന്നും റഹീം വിമര്‍ശിച്ചു.

മോദി കൊടുത്തുവിട്ട ചാപ്പയില്‍ മോദിയുടെ ചിത്രം ഉണ്ടോ എന്നല്ല പ്രശ്‌നം. മനുഷ്യന്റെ ആത്മാഭിമാന ബോധം മനുഷ്യന് ഉണ്ടാകാന്‍ പാടില്ല. മലയാളിയുടെ ആത്മാഭിമാനത്തെ കുറിച്ചുള്ള ഒരാശങ്കയും അദ്ദേഹത്തിന് ഇല്ല.

മുസ്ലിം ലീഗിന് ഇതേ നിലപാടാണോ എന്ന് കുഞ്ഞാലിക്കുട്ടിയും തങ്ങളും വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. 1.5 ലക്ഷം രൂപ കൊടുത്തിട്ടാണ് PMAY ബോര്‍ഡുകള്‍ വെക്കാന്‍ പറയുന്നതെന്നും റഹീം ചൂണ്ടിക്കാട്ടി.

ശക്തമായ കാറ്റില്‍ തോണി മറിഞ്ഞു

ബേപ്പൂരില്‍ ശക്തമായ കാറ്റില്‍ തോണി മറിഞ്ഞു. അപകടത്തില്‍പെട്ട നാല് മത്സ്യതൊഴിലാളികളേയും സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെയായിരുന്നു അപകടം. കൃത്യമായ സമയത്ത് മറ്റ് തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

മദ്യനികുതിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

മദ്യനികുതിക്ക് പിന്നാലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശുപാര്‍ശയിലും വി.ഡി. സതീശന് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. എന്‍. ശേഷാദ്രിനാഥനെ ശുപാര്‍ശ ചെയ്തതില്‍ കടുത്ത വിമര്‍ശനവുമായി കെ.സി. വേണുഗോപാല്‍ ക്യാമ്പ്. സംഘിയായവര്‍ വാഴ്ത്തപ്പെടുന്നത് കണ്ടു നില്‍ക്കാനാവില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ്. നിയമനത്തില്‍ അപാകത ഇല്ലെന്ന് മന്ത്രി കെ.എം.ഷാജി.

ഹേമചന്ദ്രന്‍ കൊലക്കേസ്: ആറാം പ്രതി പിടിയില്‍

ആറാം പ്രതിയായ കണ്ണൂര്‍ സ്വദേശി ലീബയാണ് പിടിയിലായത്. ഇവര്‍ക്കെതിരെ നേരത്തേ ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. പ്രതിയെ മെഡിക്കല്‍ കോളേജില്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കും. ശേഷം ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും

പരിഹസിച്ച് മേയർ 

അവിശ്വാസപ്രമേയത്തെ സ്വാഗതം ചെയ്യുന്നെന്ന് മേയര്‍ വി.വി. രാജേഷ്. ഭരണത്തില്‍ എത്തിയപ്പോള്‍ തന്നെ ആറ് മാസത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും മേയര്‍ പറഞ്ഞു.

അവിശ്വാസപ്രമേയത്തെ സ്വാഗതം ചെയ്യുന്നെന്ന് മേയര്‍ വി.വി. രാജേഷ്. ഭരണത്തില്‍ എത്തിയപ്പോള്‍ തന്നെ ആറ് മാസത്തിലൊരിക്കല്‍ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും മേയര്‍ പറഞ്ഞു.

ഭരണം നഷ്ടപ്പെട്ട എല്‍ഡിഎഫിന്റെ വിഷമം മനസ്സിലാക്കാം. എന്നാല്‍, യുഡിഎഫ് സങ്കടപ്പെടുന്നത് എന്തിനാണ്. ഇന്‍ഡ്യ മുന്നണി പോലെയാണ് ഇവിടേയും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് - സിപിഎം സഖ്യശക്തി രാഷ്ട്രീയം നടക്കുന്നു.

കേരളത്തില്‍ സഖ്യം തുടങ്ങാന്‍ തിരുവനന്തപുരം തിരഞ്ഞെടുത്തതില്‍ സന്തോഷമെന്നും രാജേഷ് പരിഹസിച്ചു. ഇരുവരും ഒന്നിച്ചാല്‍ പിണറായി വിജയന്റെ പ്രതിപക്ഷ കസേര ബി.ബി ഗോപകുമാറിന് കൊടുക്കണമെന്നും മേയര്‍ പറഞ്ഞു. പിന്നെ എല്‍ഡിഎഫ് അവിടെ ഇരിക്കുന്നതില്‍ കാര്യം ഇല്ലല്ലോ.

ശബരീനാഥ് ആന്തൂറിയം പൂ നല്‍കുമ്പോള്‍ എസ്. ദീപക് അവലോസ് ഉണ്ട നല്‍കുക എന്നതായിരുന്നു ഡീല്‍. ഇപ്പോള്‍ ശബരിനാഥന്‍ ആന്തൂറിയം പൂവുമായി നില്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ ആയി. ദീപക് അവിലോസ് ഉണ്ട നല്‍കുന്നുമില്ല. ഇതാണ് നിലവില്‍ ഇവിടത്തെ സ്ഥിതി.

ആലോചിച്ച് തീരുമാനിക്കും: വി.ജോയ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ അവിശ്വാസ നീക്കം സിപിഐഎം നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് വി. ജോയ്.

അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ ഉയര്‍ത്തും. ഇന്ന് വൈകിട്ട് 4 മണിക്ക് 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. കഴിഞ്ഞ ദിവസം ഉയര്‍ത്തിയ 40 സെന്റിമീറ്റര്‍ ഉള്‍പ്പടെ ആകെ 80 സെന്റിമീറ്റര്‍ ആയാണ് ഉയര്‍ത്തുന്നത്. സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം

അലങ്കാരച്ചെടികള്‍ മോഷണം പോയി

പ്രവാസിയുടെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള അലങ്കാര ചെടികള്‍ മോഷണം പോയി. തൃശൂര്‍ എടത്തുരുത്തി കൊപ്രക്കളം വലിയവീട്ടില്‍ പോളിന്റെ വീട്ടില്‍ ഗേറ്റില്‍ വെച്ചിരുന്ന അലങ്കാര ചെടിയാണ് മോഷണം പോയത്. കാറിലെത്തിയ സംഘമാണ് നാല്‍പ്പതിനായിരം രൂപയുടെ ചെടി മോഷ്ടിച്ചത്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോള്‍ കയ്പമംഗലം പോലീസില്‍ പരാതി നല്‍കി.

പിതാവിന് പിന്നാലെ കുഞ്ഞും

പിതാവിന്റെ മരണത്തിന് പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം. വെള്ളറക്കാട് തറമേല്‍ ഞാലില്‍ വീട്ടില്‍ സുധീഷ്-മനുരാധ ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.55 നാണ് വീട്ടില്‍ കുട്ടി മൂക്കില്‍ നിന്നും രക്തം വന്ന് തണുത്ത് മരവിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ കുരുങ്ങിയതാകാം മരണകാരണം എന്ന് കരുതുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഒരാഴ്ച മുമ്പാണ് കുട്ടിയുടെ പിതാവ് സുധീഷ് വാഹനാപകടത്തില്‍ മരിച്ചത്.

യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടെന്ന് വി. ശിവന്‍കുട്ടി. അവിശ്വാസ പ്രമേയ നീക്കം ജനശ്രദ്ധ തിരിച്ചുവിടാനുള്ള നാടകമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ബിജെപിയുടെ ബി ടീമായി യുഡിഎഫ് മാറി. എല്‍ഡിഎഫ് സമരങ്ങളെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫ് ഒത്തുകളിക്കുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

മഴ മുന്നറിയിപ്പില്‍ മാറ്റം

ജൂലൈ 1 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

അച്ഛന്‍ മകളെ ക്രൂരമായി മര്‍ദിച്ചു

പാലക്കാട് വണ്ടിത്താവളത്ത് അച്ഛന്‍ മകളെ ക്രൂരമായി മര്‍ദിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് അച്ഛന്‍ ക്രൂരമായി മര്‍ദിച്ചത്. ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പോലീസ് കുട്ടിയുടെ വീട്ടിലെത്തി. എന്നാല്‍ പരാതി നല്‍കാന്‍ അമ്മയും കുട്ടിയും തയാറായില്ല. അച്ഛന്‍ ലഹരിക്കടിമയാണെന്ന് മീനാക്ഷിപുരം പോലീസ്.

കളക്ട്രേറ്റ് വളപ്പില്‍ മരം കടപുഴകി വീണു

കനത്ത മഴയെ തുടര്‍ന്ന് കാക്കനാട് കളക്ടറേറ്റ് വളപ്പില്‍ മരം കടപുഴകി വീണു. മരം വീണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കാറിന്റെ ചില്ല് തകര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. തൃക്കാക്കര ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി.

ബൈക്ക് അപകടത്തില്‍ യുവാക്കള്‍ മരിച്ചു

പത്തനംത്തിട്ട സ്വദേശികളായ കപില്‍ കെഎസ്, ആദിത്യന്‍ എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി അത്താണിയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. എയര്‍പോര്‍ട്ടിലേക്ക് തിരിയുന്ന സിഗ്നലില്‍ വച്ചായിരുന്നു അപകടം. ലോറിയുടെ പുറകില്‍ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു.

കെ.എം. ഷാജിയുടേത് അൺ ഹെൽത്തി സ്റ്റേറ്റ്മെന്റ് :പി.എ. മുഹമ്മദ് റിയാസ്

ലൈഫ് പദ്ധതി ലോകത്തിന് മാതൃകയാണെന്നും സംഘപരിവാർ അജണ്ട കുത്തിവെക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാനാണ് കെ.എം. ഷാജിയുടെ പ്രസ്താവനയെന്നും പി.എ.മുഹമ്മദ് റിയാസ്. ലൈഫ് പദ്ധതി കേന്ദ്രസർക്കാരിന്റേത് എന്ന് സംഘപരിവാർ പ്രചരിപ്പിച്ചിരുന്നു. അതാണ് ശരി എന്ന് സ്ഥാപിക്കാൻ കെ എം ഷാജിയുടെ പ്രസ്താവന സഹായിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ലോഗോ ആണെങ്കിലും ചിത്രം ആണെങ്കിലും അത്‌ ചാപ്പ കുത്തലാണ്. തെരഞ്ഞെടുപ്പിന് മുൻപ് ഇവർ പറഞ്ഞതും തെരഞ്ഞെടുപ്പിന് ശേഷം പറഞ്ഞതും ജനം മനസിലാക്കുന്നുവെന്നും റിയാസ് പറഞ്ഞു.

പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ

കാസർകോട് നീലേശ്വരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം ചായോത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മരിച്ചത്. ഇന്നുച്ചയോടെയാണ് വീട്ടിലെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.

നടക്കാൻ പാടില്ലാത്തതെല്ലാം തിരിച്ചു വരുന്നു

കേരളത്തിൽ എന്തെല്ലാം നടക്കാൻ പാടില്ലാത്തത് ഉണ്ടായിരുന്നോ അതെല്ലാം തിരിച്ചുവരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഖനനം സ്വകാര്യ മേഖലക്ക് നൽകുന്നു. കടലും ആകാശവും സ്വകാര്യവൽക്കരിക്കുന്നു. ലൈഫ് മിഷനും ഉപേക്ഷിക്കപ്പെട്ടുവെന്ന് സർക്കാരിനെ വിമർശിച്ചു കൊണ്ട് പിണറായി വിജയൻ വ്യക്തമാക്കി.

ഗ്രാമ സഭയിൽ കയ്യാങ്കളി

നൊച്ചാട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭയിൽ വാക്കേറ്റവും മെമ്പർക്ക് നേരെ കയ്യേറ്റശ്രമവും നടന്നു. ഗ്രാമസഭ അലങ്കോലമാക്കാൻ ഇരുപതോളം ആളുകൾ സംഘടിച്ചെത്തുകയായിരുന്നു. സംഘർഷത്തിൽ വാർഡ് മെമ്പർടി പി നാസറിനെതിരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ ടി.പി. നാസർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഊര് മൂപ്പനെ കാണാതായി

കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ കാണാതായി. കാട്ടാത്തി ഉന്നതിയിൽ മോഹൻ ദാസ് (70)നെയാണ് കാണാതായത്. കരിപ്പാൻതോട് സ്റ്റേഷനിലെ വനപാലകരും കോന്നി പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുകയാണ്.

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം:ഭർത്താവ് പിടിയിൽ

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ റിമാൻഡ് ചെയ്തു. അതുലിനെ ജില്ലാ തിരുവനന്തപുരം ജയിലിലേക്ക് മാറ്റി. കൂടുതൽ ചോദ്യം ചെയ്യലിനായി അടുത്തദിവസം തന്നെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.

അവധി കിട്ടുമെന്ന് ഇപ്പോഴും പ്രതീക്ഷ:റെജി ചെറിയാൻ എംഎൽഎ

ചമ്പക്കുളം മൂലം വള്ളംകളിയോടനുബന്ധിച്ച പ്രാദേശിക അവധി ഇപ്പോഴും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് റെജി ചെറിയാൻ എംഎൽഎ. ഇന്ന് രാത്രിയോ നാളെ രാവിലെയോ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ഇതുവരെ അവധി ചോദിക്കാൻ പോലും ഒരു ജനപ്രതിനിധിയില്ലായിരുന്നു. ഇത് സർക്കാരിനെതിരെ വള്ളംകളിയുടെ പേരിൽ പ്രതിഷേധിക്കുന്നവർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ കിട്ടിയില്ലെങ്കിൽ അടുത്ത വർഷമെങ്കിലും കിട്ടും. സബ്മിഷന് അങ്ങനെ പ്രതികരിച്ചത് എന്താണെന്ന് മുഖ്യമന്ത്രിയോട് താൻ ഉറപ്പായും നേരിട്ട് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെക്കൻ ജില്ലകളിലും ഓറഞ്ച് അലേർട്ട്

മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. തെക്കൻ ജില്ലകളിലും വ്യാപക മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ജില്ലകളിൽ കൂടി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലേർട്ട് തുടരും. മൊത്തം 11 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

സംഘിയേയും വിശ്വാസിയേയും കോൺഗ്രസുകാർക്കറിയാം:കെ.എം.ഷാജിക്കെതിരെ പി.എം.നിയാസ്

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിയമനത്തിൽ കെ.എം. ഷാജിയുടെ പരാർമർശത്തിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ്. സംഘിയെയും വിശ്വാസിയെയും തിരിച്ചറിയാൻ കോൺഗ്രസുകാർക്ക് അറിയാം. വിശ്വാസികളെല്ലാം സംഘികളല്ല. യുഡിഎഫിനെതിരായി നിൽക്കുന്ന വ്യക്തിയെ ആണ് ഏറ്റവും വലിയ പദവിയിലേക്ക് നിയമിച്ചത്. ആത്മരോഷം പാർട്ടിയെ അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പ്രവർത്തകരുടെ വികാരം മനസ്സിലാക്കണമെന്നും പി.എം. നിയാസ് ആവശ്യപ്പെട്ടു.

പുതിയ ഡാം എന്നതാണ് കേരളത്തിൻ്റെ നിലപാട് :മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അന്തർ സംസ്ഥാന ചര്‍ച്ചയിൽ കേരളത്തിൻറെ നിലപാട് പാർലമെൻററി കമ്മിറ്റിക്കു മുമ്പിൽ ഉന്നയിക്കുമെന്ന് മോൻസ് ജോസഫ്. പുതിയ ഡാം എന്നതാണ് കേരളത്തിൻറെ നിലപാട്. യോഗത്തിൽ ഇരു സംസ്ഥാനത്തെയും വകുപ്പ് സെക്രട്ടറിമാർ പങ്കെടുക്കും. മൂന്നാറിൽ നടക്കുന്ന ചർച്ചയിൽ ശുഭപ്രതീക്ഷയാണുള്ളത്. തമിഴ്നാട് നിലപാട് കടുപ്പിച്ചതായി തോന്നുന്നില്ലെന്നും മോൻസ് ജോസഫ്.

പി.ജെ.ജോസഫിന് മന്ത്രിതുല്യ പദവി വേണം

ജോസഫ് സാർ യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവാണ് അദ്ദേഹത്തിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്. യുഡിഎഫിന്റെ ആദ്യ കൺവീനറാണ്. പദവി സ്വാഭാവികമായും അവകാശപ്പെട്ടതാണ്. ആവശ്യം യുഡിഎഫ് നേതാക്കൾക്ക് മുമ്പിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതി നിയന്ത്രണം അനിവാര്യമായിരുന്നു:കെഎസ്ഇബി

ഇന്നലത്തെ വൈദ്യുതി നിയന്ത്രണം അനിവാര്യമായിരുന്നുവെന്ന് വിശദീകരണവുമായി കെഎസ്ഇബി. വൈദ്യുതി വാങ്ങാൻ കഴിഞ്ഞില്ല. ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്നു. നിയന്ത്രണം വൈദ്യുതി ലഭ്യതയിൽ ഉണ്ടായ കുറവ് പരിഹരിക്കാനാണ്. ഇന്നലത്തെ ആകെ ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റാണ്. പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും കെഎസ്ഇബി അറിയിച്ചു.

ഒഴുക്കിൽ പെട്ട യുവാവിനായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. മലപ്പുറം സ്വദേശി ഷിബിലിനായുള്ള തിരച്ചിൽ നാളെ വീണ്ടും ആരംഭിക്കും. ഇന്ന് രാവിലെ മുതൽ സ്കൂബ ഡൈവേഴ്സും ഡ്രോണുകളും ഉപയോഗിച്ച് ഊർജ്ജിതമായ പരിശോധന നടത്തിയിരുന്നു. കനത്ത മലവെള്ളപ്പാച്ചിലാണ് തെരച്ചിലിന് തടസമായത്.

ആലപ്പുഴയിൽ ബോട്ടിൽ നിന്ന് വീണ് യുവാവിനെ കാണാതായി

ആലപ്പുഴ മീനപ്പള്ളി കായലിൽ ശിക്കാര ബോട്ടിൽ നിന്ന് വീണ് യുവാവിനെ കാണാതായി. തിരുവനന്തപുരം സ്വദേശി രാഹുൽ (27) നെ ആണ് കാണാതായത്. മീനപ്പള്ളി സ്വാമി ജെട്ടിക്ക് സമീപമായിരുന്നു അപകടം. 10 പേരടങ്ങിയ സംഘമാണ് വിനോദ യാത്രയ്ക്ക് എത്തിയത്.

ടോൾ പ്ലാസയിലെ ജീവനക്കാരനെ വലിച്ചിഴച്ച കാർ ഡ്രൈവർക്കെതിരെ കേസ്

പന്തീരങ്കാവ് ടോൾ പ്ലാസയിലെ ജീവനക്കാരനെ കാറിന്റെ മുൻപിൽ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസെടുത്തു പൊലീസ്. ജീവനക്കാരനായഇരിങ്ങല്ലൂർ സ്വദേശി ജിതിന്റെ പരാതിയിലാണ് കേസെടുത്തത്. വധശ്രമത്തിനാണ് കേസെടുത്തത്. കാർ ഉടമയായ കണ്ണാടിക്കൽ സ്വദേശി വഹീം മുഹമ്മദിനെതിരെയാണ് കേസ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ബെൻ സ്റ്റോക്ക്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്ക്സ്. ന്യുസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കുക. തീരുമാനം സ്ഥിരീകരിച്ച് ഇസിബിയും. പാർട്ടി വിവാദത്തിൽ നടപടിയെടുത്തതിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ബിജെപി പഠന ക്യാമ്പിനെതിരെ ഡിവൈഎഫ്ഐ

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് സംഘപരിവാറിന് പഠന ക്ലാസ് നടത്താനുള്ള വേദിയായി മാറിയോയെന്ന് ഡിവൈഎഫ്ഐ. സർക്കാരിനെ മാത്രമല്ല, പാർട്ടിയെയും സംഘപരിവാറിന് അടിയറവ് വെക്കുകയാണ് കോൺഗ്രസ്. പഠന ശിബിരം നടത്താൻ അനുവാദം നൽകിയതിൽ നേതൃത്വത്തിന് തെറ്റ് തോന്നുന്നില്ലേ എന്നും വി.കെ സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. തിരുവനന്തപുരം നെയ്യാർ ഡാമിൽ സ്ഥിതിചെയ്യുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പരിപാടി നടത്തിയത് രാഷ്ട്രീയ വിവാദമായിരുന്നു.

കുണ്ടന്നൂരിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം:ഒരാൾ അറസ്റ്റിൽ

കുണ്ടന്നൂരിൽ ചോര കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരടിൽ വാടകയ്ക്ക് താമസിക്കുന്ന അഞ്ജുവിനെയാണ് ആണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇടുക്കി സ്വദേശിയായ അഞ്ജുവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

സൈബർ അധിക്ഷേപം:മധു മണിമലയ്‌ക്കെതിരെ പരാതിയുമായി തന്ത്രി കുടുംബം

സൈബർ ഇടങ്ങളിലെ അധിക്ഷേപത്തിൽ മധു മണിമലയ്‌‌ക്കെതിരെ പരാതിയുമായി തന്ത്രി കുടുംബം. തന്ത്രി കണ്ഠര് രാജീവരുടെ ഭാര്യ ബിന്ദു രാജീവ് ആണ് പരാതി നൽകിയത്. അവാസ്തവമായ പ്രചാരണങ്ങളിലൂടെ തന്ത്രിക്കും കുടുംബത്തിനും മാനസിക ആഘാതം ഏൽപ്പിക്കുന്നുവെന്നാണ് പരാതിയിൽ. സൈബർ ഇടങ്ങളിലെ വ്യക്തിഹത്യയുടെ മുഴുവൻ വീഡിയോകളും അടങ്ങുന്ന പെൻഡ്രൈവും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. പന്തളത്ത് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ആഭ്യന്തരമന്ത്രിയെ നേരിൽകണ്ടാണ് കുടുംബം പരാതി നൽകിയത്.

News Malayalam 24x7
newsmalayalam.com