
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിക്കില്ലെന്ന് തിരുവമ്പാടി എംഎല്‍എ സി.കെ. കാസിം ന്യൂസ് മലയാളത്തോട് പറഞ്ഞു. വിദഗ്‌ധസമിതിയുടെ റിപ്പോർട്ട് വന്നാലുടന്‍ തുടർനടപടി ഉണ്ടാകും. പദ്ധതിയെ എതിർക്കും എന്നല്ല, നിർമാണപ്രവർത്തികൾ കരുതലോടെ വേണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുൻകരുതൽ സ്വീകരിക്കാത്തതാണ് കള്ളാടിയിലെ മണ്ണിടിച്ചിലിന് കാരണം. ജനങ്ങളുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകണം. എല്‍ഡിഎഫ് സർക്കാർ പദ്ധതിയെ വേണ്ട ഗൗരവത്തിൽ കണ്ടോ എന്ന് സംശയമുണ്ടെന്നും സി.കെ. കാസിം പറഞ്ഞു. തുരങ്കപാതയുടെ നിർമാണം തടയാൻ യുഡിഎഫ് ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ 'തുരങ്കപാതയെ ഞങ്ങൾ എതിർക്കും' എന്ന പ്രസ്താവന സത്യമാവുകയാണോ എന്ന സംശയം ബലപ്പെടുന്നതായി സിപിഐഎം ഏരിയ സെക്രട്ടറി വിനോദ് പറഞ്ഞു. പദ്ധതി അവസാനിപ്പിക്കാൻ അപകടത്തെ കൂട്ടുപിടിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്യുന്നതെന്ന് മുൻ എംഎൽഎ ലിന്റോ ജോസഫും കുറ്റപ്പെടുത്തിയിരുന്നു.