കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിൻ്റെ ജീവനൊടുക്കൽ ഭീഷണി

ഇന്നത്തെ പ്രധാന വാർത്തകളറിയാം...
കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിൻ്റെ ജീവനൊടുക്കൽ ഭീഷണി

സ്വത്തു തർക്കത്തിൻ്റെ സഹോദരനെ വെട്ടിക്കൊന്നു

കോഴിക്കോട്: സ്വത്തു തർക്കത്തിൻ്റെ പേരിൽ സഹോദരനെ വെട്ടിക്കൊന്നു. കൊടുവള്ളി സ്വദേശി താന്നിരിക്കംപൊയിൽ പ്രസാദ് ആണ് മരിച്ചത്. ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പൊലീസ് പിടികൂടി. രാത്രി 10.30 ഓടെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്.

അൻസിബ ഇന്ന് മൊഴി നൽകിയേക്കും

താര സംഘടന അമ്മയിലെ ആഭ്യന്തര പ്രശ്നങ്ങൾ അതിരൂക്ഷം. നടൻ ടിനിടോമിനെതിരെ അൻസിബ ഇന്ന് മൊഴി നൽകിയേക്കും. ചേരിപ്പോരിൽ കൂടുതൽ താരങ്ങൾ പ്രതികരണവുമായി രംഗത്ത് എത്തിമെന്നാണ് സൂചന. നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്ന് ശ്വേതാ മേനോനും അറിയിച്ചു.

മൗനം വെടിഞ്ഞ് മമത

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തരപ്രശ്നം മൂർച്ചിക്കുന്നതിനിടെ മൗനം വെടിഞ്ഞ് മമത ബാനർജി. വിമതർ ബിജെപിയുമായി ചേർന്ന് തൃണമൂലിനെ തകർക്കാൻ ശ്രമിക്കുന്നെന്ന് മമതാ ബാനർജി പറഞ്ഞു. പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോരാട്ടം ശക്തമായി തുടരും. ബിജെപി ഭരണത്തിൽ ജനങ്ങൾ നിരാശരെന്നും മമത ചൂണ്ടിക്കാട്ടി.

രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാൻ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഉന്നത ലഷ്കർ ഭീകരൻ സാക്കിർ അഹമ്മദ് ഗാനിയും ഉൾപ്പെട്ടിട്ടുണ്ട്. നുഴഞ്ഞുകയറിയ ഭീകരരും സൈന്യവുമായി ശക്തമായ ഏറ്റുമുട്ടൽ നടന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തി.

ദേശീയപാതയിൽ വൻ വിള്ളൽ

മൂന്നാറിൽ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ വൻ വിള്ളൽ. പാതയുടെ അശാസ്ത്രീയ നിർമാണമാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പഴയ മുന്നാർ സിഎസ്ഐ പള്ളിക്ക് സമീപത്താണ് വിള്ളൽ രൂപപ്പെട്ടത്. പ്രദേശത്ത് ഗുരുതര അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.

ചർച്ചയിൽ പങ്കെടുക്കില്ല

മുന്നറിയിപ്പിലാതെ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട കൊച്ചിയിലെ യുഎസ് സ്ഥാപനമായ കൊറോ ഹെൽത്ത് നാളെ നടക്കുന്ന സർക്കാർ തല ചർച്ചയിൽ പങ്കെടുക്കില്ല. പിരിച്ചു വിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചിരുന്ന മൂന്ന് മാസത്തെ ശമ്പളം നൽകാൻ തുടങ്ങി. ഇതോടെ സർക്കാർ തല ചർച്ച അട്ടിമറിക്കാനാണ് കമ്പനി നിക്കം. കൊച്ചിയിലും കോഴിക്കോടുമായി 800 പേരെയാണ് കമ്പനി ഒറ്റ ദിവസം പിരിച്ചു മുന്നറിയിപ്പിലാതെ വിട്ടത്.

സിനിമയിൽ പവർ ഗ്രൂപ്പ്: ശ്വേത മേനോൻ

മലയാള സിനിമയിലെ സ്വാധീനമുള്ള ഒരു പവർ ഗ്രൂപ്പിനെതിരെയാണ് തൻ്റെ പോരാട്ടമെന്ന് ശ്വേത മേനോൻ. ചില കുറ്റാരോപിതർ സാമ്പത്തിക തിരിമറി നടത്തിയതായി ശ്വേത ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു.

നാളെ സ്വകാര്യ ബസ് സമരം

കാസർഗോഡ് ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം. തൊഴിലാളികളും ഉടമകളുടെയും സംയുക്ത കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. കെഎസ്ആർടിസിക്ക് ജില്ലയിൽ 128 സർവീസുകളാണുള്ളത്. സ്വകാര്യ ബസുകൾക്ക് 70 സർവീസും. ഈ സാഹചര്യവും പരിഗണിച്ച് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.

അബ്ദുൽ റഹീമിന്റെ ക്രൗഡ് ഫണ്ട് വിവാദം: കണക്കുകൾ ഇന്ന് അവതരിപ്പിക്കും

അബ്ദുൽ റഹീമിന്റെ ക്രൗഡ് ഫണ്ട് വിവാദത്തിൽ നിയമസഹായ സമിതി യോഗം ഇന്ന് ചേരും. ഇന്ന് വൈകിട്ട് 3 മണിക്ക് കാലിക്കറ്റ് ഗേറ്റ് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കും. ക്രൗഡ് ഫണ്ടിങ്ങില്‍ കണക്ക് അവതരിപ്പിക്കാത്തതില്‍ പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വിമര്‍ശനം ഉയർന്നിരുന്നു. മോചന ദ്രവ്യം നല്‍കിയതിന് ശേഷം ബാക്കി തുകയിൽ വ്യക്തത വരുത്തണമെന്നായിരുന്നു ആവശ്യം. മോചന ദ്രവ്യം നൽകിയതിന് ശേഷം ബാക്കിയുള്ളത് 10 കോടി രൂപയാണ്.

കട്ടിൽ മോഷ്ടിച്ച് കടത്താൻ ശ്രമം; മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർഥി പിടിയിൽ

മഹാരാജാസ് കോളേജ് ഹോസ്റ്റലിലെ കട്ടിൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച പൂർവവിദ്യാർഥി പിടിയിൽ. 2024 കോളേജിൽ നിന്നും ഇറങ്ങിയ അഷ്ട്ടൻ എന്ന വിദ്യാർഥിയാണ് പിടിയിലായത്. കോളേജ് ഹോസ്റ്റലിന് മുന്നിൽ കിടന്നിരുന്ന കട്ടിൽ പോർട്ടർ വാഹനം വിളിച്ച് കടത്താൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.

മുംബൈയിൽ കനത്ത മഴ: വിവിധയിടങ്ങളിൽ റെഡ് അലേർട്ട്

മുംബൈയിൽ കനത്ത മഴയെ തുടർന്ന് പാൽഘർ, താനെ, പൂനെ, രത്‌നഗിരി ഉൾപ്പെടെ ആറ് ജില്ലകളിൽ റെഡ് അലേർട്ട്. താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ബാന്ദ്ര വെസ്റ്റിൽ റോഡ് ഇടിഞ്ഞ് താഴ്ന്നു. ജനങ്ങൾ അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് കോർപറേഷൻ മുന്നറിയിപ്പ്.

കസബ സ്റ്റേഷനിലെ പൊലീസുകാർക്ക് നേരെ ആക്രമണം

കോഴിക്കോട് കസബ സ്റ്റേഷനിലെ പോലീസുകാർക്ക് നേരെ ആക്രമണം. പെട്രോളിംഗിനിടെയാണ് ആക്രമണം. മൂന്നംഗ സംഘം ആക്രമിച്ചത് പൊതുസ്ഥലത്തെ മദ്യപാനം തടഞ്ഞതിനുള്ള വിരോധത്തിൽ. സംഭവത്തിൽ സീനിയർ സിപിഒ രഞ്ജിത്ത്, സിപിഒ അനൂപ് ലാൽ എന്നിവർക്ക് പരിക്കേറ്റു.

സ്വർണമാല കവർന്ന് ബൈക്കിലെത്തിയ സംഘം

തിരുവനന്തപുരം വർക്കല മൂലക്കടയിലെ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മാല കവർന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം. പെട്രോൾ വാങ്ങാൻ കുപ്പി ഉണ്ടോ എന്ന് ചോദിച്ചാണ് സംഘം ഷോപ്പിലെത്തിയത്. തുടർന്ന് മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പാരിപ്പള്ളി സ്വദേശി പ്രീതയുടെ ഒരു പവൻ തൂക്കമുളള മാലയാണ് നഷ്ടമായത്.

അഞ്ചു കോടിയുടെ രാമചരിത മാനസ് കാണാനില്ല; ചമ്പത് റായിയെ വെട്ടിലാക്കി മുൻ ആഭ്യന്തര സെക്രട്ടറിയുടെ പരാതി

താൻ സമർപ്പിച്ച രാമചരിത മാനസ് കാണാൻ ഇല്ലെന്ന പരാതിയുമായി മുൻ ആഭ്യന്തര സെക്രട്ടറി. മുൻ ആഭ്യന്തരസെക്രട്ടറി ലക്ഷ്മി നാരായണനാണ് എസ്ഐടിക്ക് പരാതി നൽകിയത്. സ്വർണത്തിൽ പൊതിഞ്ഞ രാമചരിത മാനസിന് അഞ്ചു കോടി രൂപ വില വരുമെന്നും പരാതിയിലുണ്ട്.

കൂട്ട പിരിച്ചുവിടൽ കേരളത്തിൻ്റെ ഐ ഓപ്പണർ: എ.എ.റഹീം

കോറോ ഹെൽത്തിലെ കൂട്ടപിരിച്ചുവിടൽ കേരളത്തിന് ഐ ഓപ്പണർ ആണെന്ന് എ.എ.റഹീം എംപി. നരേന്ദ്ര മോദി സർക്കാരിൻ്റെ ലേബർ കോഡാണ് കമ്പനിയെ ഇതിന് പ്രേരിപ്പിച്ചത്. സംസ്ഥാന സർക്കാർ നോക്കുകുത്തിയാകരുത്. 300ൽ അധികം പേരെ പിരിച്ചുവിടണമെങ്കിൽ സംസ്ഥാന സർക്കാർ അനുമതി ആവശ്യമാണെന്നും എംപി.

ക്ഷേത്ര കുളത്തിൽ മൃതദേഹം

കോഴിക്കോട് തിരുവണ്ണൂർ ക്ഷേത്രക്കുളത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി . അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല .

ബേപ്പൂരിൽ തോണി മറിഞ്ഞു

ബേപ്പൂരിൽ വീണ്ടും തോണി മറിഞ്ഞ് 4 പേർ കടലിൽ അകപ്പെട്ടു. ഇന്നലെ അർദ്ധ രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത് . കോസ്റ്റൽ പൊപോലീസിന്റെ ബോട്ടിന് അപകടം നടന്ന മേഖലയിലേക്ക് എത്താൻ സാധിക്കുന്നില്ല . രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.

രാജിയിൽ വിശദീകരണവുമായി കെ. മുരളീധരൻ

പേഴ്സണൽ സ്റ്റാഫിലെ രാജിയിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഉദ്യോഗസ്ഥർ സ്വയം പിരിഞ്ഞുപോയതെന്ന് മന്ത്രി പറഞ്ഞു. രാത്രി 12 മണി വരെ സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്നതാണ് തൻ്റെ രീതി. അത്രയും നേരം തുടരാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് രാജിയെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിൻ്റെ ജീവനൊടുക്കൽ ഭീഷണി
കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കേണ്ടത് അനിവാര്യം, സിപിഐഎം തകർന്നാൽ ആ സ്പേസ് സംഘപരിവാർ കൊണ്ടുപോകും: മുഖ്യമന്ത്രി

വീണ്ടും അസഭ്യവർഷവുമായി യുവാവ്

ഇടുക്കി അടിമാലി ബസ്റ്റാൻഡിൽ വീണ്ടും അസഭ്യവർഷവുമായി യുവാവ്. സ്ത്രീകളെയും കുട്ടികളെയും അടക്കം അസഭ്യം പറഞ്ഞു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. എന്നെ വൈറൽ ആക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യ വർഷം. പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മദ്യപിച്ച് ബസ് സ്റ്റാൻഡിൽ പ്രശ്നമുണ്ടാക്കിയ ഈ യുവാവിൻ്റെ മുഖത്ത് പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചിരുന്നു.

ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. മലപ്പുറം കടലുണ്ടി മുതൽ പാലപ്പെട്ടി വരെയും, കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയും, കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെയും, കാസർഗോഡ് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയുമാണ് മുന്നറിയിപ്പ്. രാത്രി 11.30 വരെയാണ് മുന്നറിയിപ്പുള്ളത്.

കൂട്ടപിരിച്ചുവിടലുമായി ‘കോറോ ഹെല്‍ത്ത്' മുന്നോട്ട്

കൂട്ടപിരിച്ചുവിടലുമായി അമേരിക്കൻ കമ്പനി ‘കോറോ ഹെല്‍ത്ത്' മുന്നോട്ട്. സർക്കാർ തല ചർച്ചയിൽ കമ്പനി അധികൃതർ പങ്കെടുക്കില്ല. ഇതോടെ നാളത്തെ ഒത്തുതീർപ്പ് ചർച്ച അനിശ്ചിതത്വത്തിലായി. കോമ്പൻസേഷനായി കൊച്ചി ഓഫീസിലെ തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി തുടങ്ങി. ഉറപ്പുകൾ ലംഘിക്കുന്നത് ആശങ്കാജനകമെന്ന് തൊഴിലാളികൾ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥന് നേരെ ആക്രമണം. സർക്കിൾ ഇൻസ്പെക്ടർ ദേവരാജനാണ് പരിക്കേറ്റത്. മദ്യലഹരിയിൽ സ്റ്റേഷനിൽ എത്തിയ ആര്യനാട് സ്വദേശി യദുകൃഷ്ണൻ ഇരുമ്പ് കസേര ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

"കെ.കെ. മഹേശൻ്റെ മരണത്തിൽ പുതിയ അന്വേഷണ സംഘം വേണം"

എസ്എൻഡിപി യോഗം ഭാരവാഹി കെ.കെ. മഹേശ്വൻ്റെ മരണത്തിൽ പുതിയ അന്വേഷണ സംഘം വേണമെന്ന് ഭാര്യ ഉഷാദേവി. കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ കണ്ടു. പുതിയ ആഭ്യന്തരമന്ത്രിയിൽ വിശ്വാസമുണ്ടെന്ന് ഉഷാ ദേവി പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിന്മാറില്ലെന്ന് സിപിഐ 

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്ന് പിണറായി വിജയൻ പറഞ്ഞത് കൊണ്ട് മാത്രം പിന്മാറില്ലെന്ന് സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി പി.പി. സുനീർ. ഉപനേതാവ് പദവി എൽഡിഎഫിൽ ചർച്ച ചെയ്യണം. ഉപനേതാവ് സ്ഥാനം അടഞ്ഞ അധ്യായമല്ല. സിപിഐ പണ്ട് ഉന്നയിച്ച കാര്യങ്ങളൊക്കെ പിന്നീട് ശരിയെന്ന് ബോധ്യമായിട്ടുണ്ടെന്നും പി.പി. സുനീർ പറഞ്ഞു.

മദ്യനയത്തിൽ 'നോ കമൻ്റ്സ്

മദ്യ നയത്തെക്കുറിച്ച് പ്രതികരിക്കാതെ വി. എം. സുധീരൻ. കെ. കരുണാകരൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ എത്തിയതായിരുന്നു സുധീരൻ. നെടുമ്പാശേരി വിമാനത്താവളത്തിന് കരുണാകരൻ്റെ പേര് ഇടണമെന്ന് സുധീരൻ പറഞ്ഞു.

അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തേടി അമ്മയെത്തി

കോഴിക്കോട് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച കുഞ്ഞിനെ തേടി അമ്മയെത്തി. അമ്മ അപേക്ഷ നൽകിയതോടെ ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു. ഇതിനായി ജൂലൈ 14 ന് തിരുവനന്തപുരം ഫോറൻസിക് ലാബിലെത്താൻ യുവതിക്ക് നിർദേശം നൽകി. 2026 മാർച്ച് 12 നാണ് യുവതി അമ്മത്തൊട്ടിലിൽ ആൺ കുഞ്ഞിനെ ഉപേക്ഷിച്ചത്. ഉപേക്ഷിച്ച കുഞ്ഞിനെ തേടി അമ്മയെത്തുന്നത് അപൂർവമെന്ന് അധികൃതർ പറഞ്ഞു.

സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം

പത്തനംതിട്ട റാന്നിയിൽ മിനി സൂപ്പർമാർക്കറ്റിൽ കാട്ടുപന്നി ആക്രമണം. കട ഉടമയായ സ്ത്രീക്ക് ആക്രമണത്തിൽ പരിക്കേറ്റു. മന്ദിരം പടി സ്വദേശി ബീനയ്ക്കാണ് പരിക്കേറ്റത്.രാവിലെ എട്ടരയോടെ കടയുടെ ചില്ല് തകർത്ത് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു.

പ്രതി റെനീഷിനായി ലുക്കൗട്ട് നോട്ടീസ്

കടത്തനാട് ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ പ്രതി റിനീഷിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസിറക്കി. പ്രധാന സൂത്രധാരൻ റിനീഷ് ഒളിവിലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇയാൾക്കായി പരിശോധന നടത്തി.

ബുധനാഴ്ച സ്വകാര്യ ബസ് പണിമുടക്ക്

കോട്ടയo, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. പ്രിയദർശനി പദ്ധതി വന്നതോടെ തകർച്ചയിലായ സ്വകാര്യ ബസ് മേഖലയെ സർക്കാർ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. കിലോമീറ്ററിന് 55 രൂപ വാടകയ്ക്ക് സർക്കാർ സ്വകാര്യ ബസുകൾ ഏറ്റെടുക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു.

പാലക്കാട് ഷിഗെല്ല മരണം

പാലക്കാട് ഷിഗെല്ല ബാധിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. അലനല്ലൂർ കർക്കിടാംകുന്ന് സ്വദേശി ഷൈജു (39) ആണ് മരിച്ചത്.മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മരണം. ഇന്നലെ പുറത്തുവന്ന പരിശോധന ഫലത്തിലാണു ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്.

ആനക്കൊമ്പിൻ്റെ വിവരങ്ങൾ വനം വകുപ്പിന് കൈമാറി മോഹൻലാൽ

വനം വകുപ്പിന് ആനക്കൊമ്പിന്‍റെ വിവരങ്ങൾ കൈമാറി മോഹൻലാൽ. മോഹൻലാലിൻ്റെ കൈവശമുള്ള രണ്ട് ജോഡി ആന കൊമ്പും കൈമാറും. വനം വകുപ്പ് പുറത്ത് വിട്ട ഒറ്റത്തവണ പൊതുമാപ്പ് സംവിധാനത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് നീക്കം. മലയാറ്റൂർ ഡിഫ്ഒയിക്ക് മോഹൻലാൽ നൽകിയ അപേക്ഷയിൽ നടപടികൾ ആരംഭിച്ചു. 2011ൽ മോഹൻലാലിൻ്റെ എറണാകുളം തേവരയിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ആദായ നികുതി സംഘം ആനകൊമ്പ് കണ്ടെത്തിയത്.

എം.ടിക്കെതിരായ പരാമർശത്തിൽ കേസെടുത്തു

'എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകത്തിനെതിരെ എം.ടി. വാസുദേവന്‍ നായരുടെ മകള്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന് കോടതി. ദീദി ദാമോദരൻ, എച്ചുമുക്കുട്ടി, പ്രസാധകർ എന്നിവർക്ക് കോടതി സമൻസ് അയച്ചു. കുടുംബത്തിൻ്റെ അനുമതി ഇല്ലാതെയാണ് പുസ്തകം എഴുതിയത് എന്നും പിൻവലിക്കണം എന്നുമായിരുന്നു മകൾ അശ്വതിയുടെ ഹർജി.

"വിവാദത്തിൽ അനാവശ്യമായി ബിജെപിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കരുത്"

അമ്മ താരസംഘടനയിലെ വിവാദത്തിൽ അനാവശ്യമായി ബിജെപിയെ വലിച്ചിഴയ്ക്കാൻ ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. കോടികൾ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ആവശ്യം ബിജെപിക്കില്ല. ശ്വേതാ മേനോൻ ഒരു ഒരു ദേശീയവാദിയാണ്, നരേന്ദ്രമോദി ഭക്തയാണ്, എന്നാൽ ഒരു ബിജെപിക്കാരിയല്ലെന്നും സുരേഷ് പറഞ്ഞു.

മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രഖ്യാപിച്ച യെല്ലോ അലേർട്ട് തുടരും. നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 9 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള കോൺഗ്രസ് എമ്മിലെ പ്രവർത്തകർ കോൺഗ്രസിലേക്ക്

പത്തനംതിട്ടയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ ഇന്ന് കോൺഗ്രസിൽ ചേരും. ജില്ലാ വൈസ് പ്രസിഡൻ്റ് പി.കെ. ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങി നൂറിലധികം പേരാണ് ചേരുന്നത്. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് പത്തനംതിട്ട ഡിസിസിയിൽ മെമ്പർഷിപ്പ് നൽകും. പ്രസിഡൻ്റിന് ഏകാധിപത്യ നിലപാടെന്ന് വിമർശനത്തെ തുടർന്നാണ് മാറ്റം.

വർക്കല പാപനാശം ക്ലിഫിൽ കുന്നിടിഞ്ഞു

തിരുവനന്തപുരം വർക്കല പാപനാശം ക്ലിഫിൽ കുന്നിടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിഞ്ഞ് വീണത്. ക്ലിഫിൻ്റെ തട്ടുതട്ടായുള്ള താഴേക്കുള്ള ഭാഗമാണ് ഇടിഞ്ഞത്. വിനോദസഞ്ചാരികൾക്ക് പൊലീസ് ജാഗ്രത നിർദേശം നൽകി. പ്രദേശവാസികൾ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയെന്ന ആശങ്കയിലാണ്.

ന്യായീകരിച്ച് ആരോഗ്യമന്ത്രി

ആയുഷ് വകുപ്പിലെ സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ നിയമനം റദ്ദാക്കിയതിൽ വിശദീകരണവുമായി മന്ത്രി കെ. മുരളീധരൻ. നിയമനം റദ്ദാക്കിയതിന് ഒരു കാരണവുമില്ല. ഇത് സാധാരണ നടക്കുന്നതാണ്. ഭൂതക്കണ്ണാടി വച്ച് നോക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നത് എന്നും മുരളീധരൻ പറഞ്ഞു.

കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹര്‍ജി

കശുവണ്ടി അഴിമതിയിലെ വിവാദ പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവിൽ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹര്‍ജി. സര്‍ക്കാര്‍ ഉത്തരവില്‍ കോടതിയലക്ഷ്യ പരാമര്‍ശങ്ങളെന്ന് ഉപഹര്‍ജിയില്‍ പരാമർശം ഉണ്ട്. പരാതിക്കാരനായ കടകംപള്ളി മനോജാണ് ഉപഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഇറക്കിയത് പ്രതികളെ സഹായിക്കുന്ന ഉത്തരവെന്നും പരാതിക്കാരന്‍ ആരോപിച്ചു.

മൃതദേഹം തിരിച്ചറിഞ്ഞു

തിരുവണ്ണൂര്‍ ക്ഷേത്ര കുളത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് നടുവട്ടം സ്വദേശി നസീര്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്.

ചെറുതുരുത്തിയില്‍ തെരുവുനായ ആക്രമണം; കടിയേറ്റത് നിരവധി പേര്‍ക്ക്

തൃശൂര്‍ ചെറുതുരുത്തിയില്‍ തെരുവുനായ ആക്രമണം. നിരവധി പേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കടിയേറ്റത്. ഇന്നും ഒരു യുവതിക്ക് കടിയേറ്റു.

മുള്ളന്‍ പന്നിയെ വേട്ടയാടിയ രണ്ട് പേര്‍ പിടിയില്‍

കോതമംഗലം ഇഞ്ചത്തൊട്ടി സ്വദേശി സുനില്‍, മാമലക്കണ്ടം സ്വദേശി രാജു പൊന്നപ്പന്‍ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. കെണിവെച്ച് മുള്ളന്‍ പന്നിയെ വേട്ടയാടുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചൊവ്വാഴ്ച

പുതിയ അംഗങ്ങളുമായുള്ള ആദ്യ സിന്‍ഡിക്കേറ്റ് യോഗമാണ് ചേരുക. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരെ സിന്‍ഡിക്കേറ്റ് അംഗങ്ങളാക്കി സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു

യുവജനങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ബിഷപ്പ് ചക്കാലക്കല്‍. യുവജനങ്ങള്‍ക്ക് രാഷ്ട്രീയത്തോട് വിരക്തി തോന്നുന്ന കാലമാണ്. ഇത് അപകട സാഹചര്യമാണ്. യുവജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിക്കണം. അതിലൂടെ ജനനന്മ ലക്ഷ്യം വെയ്ക്കണമെന്നും ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. ഇടുക്കിയില്‍ KCYM പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.

കാസര്‍ഗോഡ് വീടിന്റെ സണ്‍സൈഡ് പൊട്ടിവീണ് അപകടം

നിര്‍മ്മാണത്തിലുള്ള വീടിന്റെ സണ്‍സൈഡാണ് പൊട്ടിവീണത്. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇരുവരെയും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ട്രാവലര്‍ കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

ട്രാവലര്‍ ദേഹത്ത് കയറിയിറങ്ങി മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം അമ്പൂരി കുമ്പിച്ചല്‍ കടവ് പാലത്തിലാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം പാലം കാണാനെത്തിയ കുട്ടിയാണ് അപകടത്തില്‍പെട്ടത്. പേരയം സ്വദേശികളായ അനുപ്രസാദ്, നിസ്സ ദമ്പതികളുടെ മകള്‍ ഋതുവാണ് മരിച്ചത്.

ഓട്ടോയില്‍ യുവതിക്ക് ലൈംഗികാതിക്രമം

എറണാകുളം: ഓട്ടോയില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. പനങ്ങാട് സ്വദേശി മിഥുന്‍ (34)ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. വൈറ്റിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിക്കാണ് അതിക്രമം നേരിട്ടത്. ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. മിഥുന്‍ അടിപിടി ഉള്‍പ്പടെ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു.

ഇന്ന് പകര്‍ച്ചവ്യാധികളില്‍ 3 മരണം

സംസ്ഥാനത്ത് ഇന്ന് പകര്‍ച്ചവ്യാധികളില്‍ 3 മരണം. എലിപ്പനി ബാധിച്ച ഒരാളും ഇന്‍ഫ്‌ളുവന്‍സ ബാധിച്ച രണ്ട് പേരുമാണ് മരിച്ചത്. ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. തൃശൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 87 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 4926 പേരാണ് ഇന്ന് പനി ബാധിച്ചു ചികിത്സ തേടിയത്. 9 പേര്‍ക്ക് എലിപ്പനിയും 14 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ യുവാവിൻ്റെ ജീവനൊടുക്കൽ ഭീഷണി

കോട്ടയം മെഡിക്കൽ കോളേജിൽ ജീവനൊടുക്കുമെന്ന് ഭീഷണിയുമായി എത്തിയ യുവാവിനെ താഴെയിറക്കി പൊലീസ്. അത്യാഹിത വിഭാഗത്തിന് സമീപം പുതുതായി പണി കഴിക്കുന്ന കെട്ടിടത്തിനു മുകളിൽ നിന്നുമായിരുന്നു യുവാവിന്റെ ഭീഷണി. പൊലീസ് ബലം പ്രയോഗിച്ചാണ് താഴെയിറക്കിയത്

News Malayalam 24x7
newsmalayalam.com