തലസ്ഥാനത്ത് തീക്കളി; മാർച്ചിന് നേരെ കുപ്പിയെറിഞ്ഞത് എസ്എഫ്ഐ ആണെന്ന് യൂത്ത് കോൺഗ്രസ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
തലസ്ഥാനത്ത് തീക്കളി; മാർച്ചിന് നേരെ കുപ്പിയെറിഞ്ഞത് എസ്എഫ്ഐ ആണെന്ന് യൂത്ത് കോൺഗ്രസ്

ബിജെപി-കോൺഗ്രസ് സംഘർഷം തുടരുന്നു

തലസ്ഥാനത്ത് ബിജെപി-കോൺഗ്രസ് സംഘർഷം തുടരുന്നു. ബിജെപി നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിൻ്റെ വാഹനം തടഞ്ഞു.നെയ്യാറ്റിൻകരയിലെ ബിജെപി പ്രതിഷേധം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം.

ശബരിമല മിൽമ നെയ്യ് ക്രമക്കേട്; 3 ഇടങ്ങളിൽ വിജിലൻസ് റെയ്ഡ്

ശബരിമല മിൽമ നെയ്യ് ക്രമക്കേടിനെ തുടർന്ന് മൂന്നിടങ്ങളിൽ വിജിലൻസ് റെയ്ഡ്. പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. നെയ്യ് ക്രമക്കേടിൽ ആരോപണവിധേയനായ മിൽമ മുൻ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിൻ്റെ വീട്ടിലടക്കം പരിശോധന നടന്നു. മിൽമയിൽ നിന്നും കൂടിയ വിലക്ക് നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോർഡിന് വൻ നഷ്ടമുണ്ടായെന്ന കേസിലാണ് അന്വേഷണം നടത്തുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഞ്ചാവ് വളർത്തൽ

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഞ്ചാവ് വളർത്തുന്നതായി കണ്ടെത്തി. സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്കിന് സമീപമായിരുന്നു രണ്ട് ചെടികൾ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പാലായിൽ വീണ്ടും നടകീയ രംഗങ്ങൾ

പാലാ നഗരസഭ കൗൺസിൽ യോഗത്തിനിടെ വീണ്ടും നടകീയ രംഗങ്ങൾ. നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ സംസാരിക്കുന്നതിനിടയിൽ മൈക്ക് തട്ടി മാറ്റി കൗൺസിലർ ബിനു പുളിക്കകണ്ടം, മായയുടെ കയ്യിലിരുന്ന പേപ്പർ പിടിച്ചു വാങ്ങി.യുഡിഎഫ് കൗൺസിലർമാരും ഡയസിന് മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടെ അജണ്ടകൾ പാസാക്കിയെന്നു പറഞ്ഞു ചെയര്പേഴ്സൺ മായ രാഹുൽ ഇറങ്ങി പോയി.

വയോധികയുടെ മരണം കൊലപാതകം

തൃശൂർ വരാക്കര പയ്യാക്കരയില്‍ വയോധികയുടെ മരണം കൊലപാതകം. പയ്യാക്കര മേച്ചേരി വീട്ടില്‍ എൽസിയാണ് മരിച്ചത്. സംഭവത്തിൽ എൽസിയുടെ മകൻ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർഥിക്ക് കോളേജിൽ വച്ച് വെട്ടേറ്റു

മാളയിൽ പോളിടെക്നിക് വിദ്യാർഥിക്ക് കോളേജിൽ വച്ച് വെട്ടേറ്റു. പാറക്കടവ് സ്വദേശി പുന്നക്കപ്പറമ്പിൽ വീട്ടിൽ ആര്യക്കാണ് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരു വിദ്യാർഥിക്കും വെട്ടേറ്റു. പ്രതിയെന്ന സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

വീണ്ടും കരിങ്കൊടി

മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. വൈകിട്ട് ബേക്കറി ജംഗ്ഷനിൽ വച്ചാണ് പ്രതിഷേധം ഉണ്ടായത്. യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി പ്രതിഷേധത്തിന് പിന്നിൽ.

ജി. ദേവരാജൻ ഡൽഹിയിലെ കേരളത്തിൻ്റെ പ്രതിനിധിയാകും

ജി. ദേവരാജൻ ഡൽഹിയിലെ കേരളത്തിൻ്റെ പ്രതിനിധിയാകും. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കെ.വി. തോമസായിരുന്നു ഈ പദവി വഹിച്ചിരുന്നത്.

എം. കെ. മുനീർ ഭരണപരിഷ്കാര കമ്മീഷന്‍ ചെയർമാന്‍

എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷന്‍ ചെയർമാനാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. കാബിനറ്റ് റാങ്കോടെയാണ് കമ്മീഷന്‍ ചെയർമാനാക്കിയത്

മുഖ്യമന്ത്രിയുടെ വാഗ്‌ദാനം പാഴ്‌വാക്കായി; ല‍വ്ലി സർവകലാശാലയിലെ വിദ്യാര്‍ഥികളെ കയ്യൊഴിഞ്ഞ് കേരള ഹൗസ്

പഞ്ചാബിലെ ല‍വ്ലി സർവകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നല്‍കിയ വാഗ്‌ദാനം പാഴ്‌വാക്കായി. ഇരുവരുടെയും വാക്ക് വിശ്വസിച്ച് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ഥികളെ കേരള ഹൗസ് കയ്യൊഴിഞ്ഞു. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ വേണ്ട സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും, മന്ത്രി റോജി എം. ജോണും ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് വിശ്വസിച്ച് കേരള ഹൗസിൽ നോർക്ക റൂട്ട്സിനെ സമീപിച്ച വിദ്യാർഥികളെ അവിടെനിന്നും ഇറക്കിവിട്ടു. ടിക്കറ്റ് നൽകുന്നില്ലെങ്കിൽ സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കുന്നതു വരെ താമസ സൗകര്യം ഒരുക്കാനും അധികൃതർ വിസമ്മതിച്ചു. ടിക്കറ്റ് നൽകാനോ, താമസ സൗകര്യം നൽകാനോ കഴിയില്ലെന്നും, സര്‍ക്കാര്‍ അത്തരം ഉത്തരവ് നൽകിയിട്ടില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

സ്കൂളിലേക്കുള്ള അരി കരിഞ്ചന്തയിൽ; സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മിന്നൽ പരിശോധന

സ്കൂളിലേക്കുള്ള അരി കരിഞ്ചന്തയിൽ മറിച്ചു കടത്തിയ സംഭവത്തില്‍ പോത്തൻകോട് ലക്ഷ്മിവിലാസം സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മിന്നൽ പരിശോധന. ന്യൂസ് മലയാളം വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂൾ അധികൃതർക്കെതിരെ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥിക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരിയാണ് സ്വകാര്യ വ്യക്തിക്ക് സ്കൂൾ ജീവനക്കാർ മറിച്ച് നൽകിയത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം

കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ അപാകതകളും ക്രമക്കേടുകളും വിജിലൻസ് അന്വേഷിക്കും. മിന്നല്‍ പരിശോധനയെ തുടര്‍ന്ന് ലഭ്യമാക്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് തീരുമാനം. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവ്. 2024-ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിർമാണ തകരാറുകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ കനത്ത ചോർച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാർ നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാർ വിഷയത്തിൽ കർശന നടപടിയിലേക്ക് കടക്കുന്നത്.

സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചുവിടും; രണ്ടാഴ്ചയ്ക്കകം പുനഃസംഘടനയെന്ന് സര്‍ക്കാര്‍

സംസ്ഥാന വഖഫ് ബോര്‍ഡ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. നടപടിക്രമങ്ങള്‍ ആരംഭിച്ചതായും, രണ്ടാഴ്ചയ്ക്കകം പുനഃസംഘടനാ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നതില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. അതിനായി നാലാഴ്ചത്തെ സാവകാശമാണ് ഹൈക്കോടതി സര്‍ക്കാരിന് അനുവദിച്ചിരിക്കുന്നത്.

ഗാർഹിക പീഡന പരാതി; പൊലീസ് കേസ് അട്ടിമറിച്ചെന്ന് ആരോപണം

ഗാര്‍ഹിക പീഡന പരാതിയില്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപണം. ഗാര്‍ഹിക പീഡനത്തിന് ഇരയായ ആലപ്പുഴ സ്വദേശി രഹന മോളാണ് തൃക്കുന്നപ്പുഴ പൊലീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തൃക്കുന്നപ്പുഴയിലെ ഭർതൃവീട്ടിൽവച്ച് മര്‍ദനമേറ്റെന്നാണ് രഹനയുടെ പരാതി. ഭർത്താവ് നെഞ്ചത്ത് ചവിട്ടുകയും അഞ്ചു വയസ്സുള്ള കുഞ്ഞിനെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഭര്‍തൃമാതാവും പിതാവും മര്‍ദനത്തിന് കൂട്ടുനിന്നു. മര്‍ദനമേറ്റ വിവരം അഞ്ചു വയസ്സുള്ള കുഞ്ഞ് പറഞ്ഞിട്ടും എഫ്ഐആറിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് രഹനയുടെ ആരോപണം. മർദനം സഹിക്കവയ്യാതെ കുട്ടിയുടെ മരുന്നു കഴിച്ച് രഹന ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. താനും കുട്ടിയും ആത്മഹത്യ ചെയ്യാത്തതാണോ നീതി ലഭിക്കാൻ തടസ്സമെന്നും രഹന ചോദിച്ചു.

സ്കൂള്‍ കുട്ടികള്‍ക്കുള്ള അരിയും കരിഞ്ചന്തയില്‍; പി.എം. പോഷണ്‍ പദ്ധതി വഴി വിതരണം ചെയ്യുന്ന സൗജന്യ അരിയാണ് കടത്തിയത്

സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള അരിയും കരിഞ്ചന്തയില്‍. പി.എം. പോഷണ്‍ പദ്ധതി വഴി സ്കൂളുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന അരിയാണ് കരിഞ്ചന്തയിലേക്ക് കടത്തുന്നത്. പോത്തൻകോട് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയത്തില്‍ നിന്ന് അരി കടത്തുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.

നിലമ്പൂർ വനത്തിൽ വ്യക്തിയുടെ അനധികൃത റോഡ് നിർമാണം; മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്

നിലമ്പൂർ വനത്തിൽ സ്വകാര്യ വ്യക്തിയുടെ അനധികൃത റോഡ് നിർമാണം. കാഞ്ഞിരപ്പുഴ മുക്കം മുങ്ങേരി റിസർവ് വനത്തിലൂടെയാണ് സ്വകാര്യ വ്യക്തി പുഴയിലേക്ക് റോഡ് വെട്ടിയത്. ​വനംവകുപ്പിന്റെ ജണ്ടകൾ യന്ത്രമുപയോഗിച്ച് മാറ്റി നാലു മീറ്റർ വീതിയിലും 70 മീറ്റർ നീളത്തിലുമാണ് റോഡ് നിർമിച്ചത്. ​റോഡിനു പുറമേ വനഭൂമിയിലൂടെ പുഴയിലേക്ക് ഇറങ്ങാൻ പ്രത്യേകം സ്റ്റെപ്പുകളും നിർമിച്ചിട്ടുണ്ട്. ​പ്രദേശവാസിയായ ഫൈസൽ എന്നയാളാണ് അനധികൃത നിർമാണത്തിനു പിന്നിലെന്ന് വനംവകുപ്പ് കണ്ടെത്തി. ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തത്. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ​വനഭൂമി കയ്യേറി അനധികൃതമായി റോഡ് നിർമിച്ചയാൾക്കെതിരെ വനംവകുപ്പ് കേസെടുക്കും.

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. ഒക്ടോബര്‍ 15നുശേഷം ഹാജരാവാന്‍ അവസരം നല്‍കണമെന്ന ആന്റോയുടെ ആവശ്യം പൊലീസ് തള്ളി. നാളെ ഹാജരായില്ലെങ്കില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് അറിയിച്ചു. കേസില്‍ രണ്ടാം തവണയാണ് ആന്റോ അഗസ്റ്റിന് പൊലീസ് നോട്ടീസ് നല്‍കുന്നത്. കേസിൽ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.

കോഡർ ഹൗസിലെ തീപിടിത്തം: ഫയർ യൂണിറ്റുകൾ എത്താൻ വൈകിയെന്ന് ആരോപണം

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസിലുണ്ടായ തീപിടിത്തത്തില്‍ ഫയര്‍ യൂണിറ്റുകള്‍ എത്താന്‍ വൈകിയെന്ന് ആക്ഷേപം. തീ പിടിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫയര്‍ യൂണിറ്റുകള്‍ എത്തിയതെന്നാണ് ആക്ഷേപം. സംഭവത്തില്‍ കെട്ടിട ഉടമ പരാതി നല്‍കും. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; മൂന്ന് യുവമോര്‍ച്ച പ്രവർത്തകർ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ് പ്രസിഡന്റ് പീറ്റർ സോളമൻ, യുവമോർച്ച സെൻട്രൽ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരെയാണ് പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി; മൂന്ന് യുവമോര്‍ച്ച പ്രവർത്തകർ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. യുവമോർച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോർച്ച വൈസ് പ്രസിഡന്റ് പീറ്റർ സോളമൻ, യുവമോർച്ച സെൻട്രൽ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരെയാണ് പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനം. തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രാവേളകളില്‍ വഴിയില്‍ പൊലീസ് നില്‍ക്കും. എസ്കോർട്ടും പൈലറ്റും നിലവിലേതു പോലെ തുടരും.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത നഷ്ടം; കുറഞ്ഞത് 17,000ത്തോളം വോട്ടുകള്‍

തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന 38 വാർഡുകളിൽ ബിജെപിക്ക് കുത്തനെ വോട്ട് നഷ്ടം. 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 17,000-ത്തോളം വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. ജില്ലാ ഡിവിഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ 10,000ത്തിനു മുകളിൽ വോട്ട് നേടിയയിടത്ത്, പകുതിയായി വോട്ട് കുറഞ്ഞു.2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 39,836 വോട്ടാണ് ബിജെപിക്ക് നേടാനായത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ 22,950 വോട്ടാണ് സ്വന്തമാക്കിയത്. അതായത്, 16,886 വോട്ടിന്റെ കുറവാണുണ്ടായത്. ഒറ്റ സീറ്റിൽ പോലും ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാനായില്ല. എന്നാല്‍ അഞ്ചിടത്ത് രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. വോട്ട് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചു.

News Malayalam 24x7
newsmalayalam.com