ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രതി പൊലീസ് പിടിയിൽ

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രതി പൊലീസ് പിടിയിൽ

പാർട്ടിക്കായെടുത്ത സിനിമകൾ കൈരളി സംപ്രേഷണം ചെയ്തില്ല: ബ്രിട്ടാസിനും പിണറായിക്കുമെതിരെ സംവിധായകന്‍ അനിൽ വി. നാഗേന്ദ്രൻ

പിണറായി വിജയനും ജോൺ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഇടതു സഹയാത്രികനുമായ അനിൽ വി നാഗേന്ദ്രൻ. പാർട്ടിക്കായി താനെടുത്ത സിനിമകൾ സംപ്രേഷണം ചെയ്യാൻ കൈരളി ചാനലും ജോൺ ബ്രിട്ടാസും പിണറായി വിജയനും വിസമ്മതിച്ചതായി അനിൽ പറഞ്ഞു. ബ്രിട്ടാസിനെ നേരിൽ കണ്ടും, പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയും സിനിമ സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്ന് അനിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. ബ്രിട്ടാസിനെ പൊതുവേദിയിൽ വിമർശിച്ചതോടെ, പിണറായി വിജയനും തനിക്കെതിരെ തിരിഞ്ഞു. വീരവണക്കം ഉൾപ്പെടെ കൈരളി ഏറ്റെടുക്കാത്തത് സാമ്പത്തികമായി തകർത്തെന്നും അനിൽ വ്യക്തമാക്കി.

സിപിഐഎം നേതാക്കള്‍ സ്വത്ത് വെളിപ്പെടുത്തണം; സംസ്ഥാന കമ്മിറ്റി മുതല്‍ ഏരിയ കമ്മിറ്റി വരെയുള്ളവര്‍ക്ക് മാര്‍ഗരേഖ ബാധകം

സിപിഐം നേതാക്കൾ നവംബറിന് മുമ്പ് സ്വത്ത് വെളിപ്പെടുത്തണം എന്ന് മാർഗരേഖ. സംസ്ഥാന കമ്മിറ്റി മുതൽ ഏരിയ കമ്മിറ്റി അംഗങ്ങൾ വരെയുള്ളവർക്കാണ് നിർദേശം ബാധകം. അംഗത്വം പുതുക്കുമ്പോൾ സ്വത്ത് സംബന്ധിച്ച് അറിയിക്കണം. സ്വത്ത് വിവരം പാര്‍ട്ടി പരിശോധിക്കും. നേതാക്കൾ വായ്പ എടുക്കുമ്പോൾ മുൻകൂട്ടി പാർട്ടിയെ അറിയിക്കണം എന്നും നിർദേശം. അംഗങ്ങളുടെ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും തടയാനാണ് മാർഗരേഖ.

സ്വരേവിന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടം

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം അലക്സാണ്ടർ സ്വരേവിന്. ഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ പരാജയപ്പെടുത്തിയാണ് സ്വരേവിന്റെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം. സ്കോർ : 6-3, 7-6, 5-7, 6-2.

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചര്‍ച്ച മാറ്റിവച്ചു

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റിവച്ചു. ഒമാൻ വിദേശകാര്യ മന്ത്രി ചര്‍ച്ച മാറ്റിവച്ച കാര്യം അറിയിച്ചത്. ക്രിയാത്മക ചർച്ചകൾക്ക് അനുകൂല സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമാണെന്നാണ് വിശദീകരണം. ചർച്ച മാറ്റിവെച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; യുഡിഎഫ് നേതാക്കള്‍ക്ക് ലഭിച്ച പണത്തെക്കുറിച്ച് അന്വേഷണം

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ വീണ ടി.ക്കു പുറമേ, യുഡിഎഫ് നേതാക്കള്‍ക്ക് നല്‍കിയ പണത്തെക്കുറിച്ച് അന്വേഷിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് നല്‍കിയ പണത്തെക്കുറിച്ചാകും അന്വേഷിക്കുക. ഇഡിയുടെ നിര്‍ണായക ചോദ്യം ചെയ്യല്‍ ഇന്ന് ആരംഭിക്കും. സിഎംആര്‍എല്ലിലെ ഒമ്പത് ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുന്നത്. നേതാക്കള്‍ക്ക് പണം നല്‍കുന്നതില്‍ നേരിട്ട് ഭാഗമായ ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുന്നത്.

വെള്ളാപ്പള്ളിയെ ചുമന്നത് പാർട്ടിക്ക് നാണക്കേടായി; സിപിഐഎം നേതൃത്വത്തിന് വീഴ്ചയെന്ന് വിമര്‍ശനം

വെള്ളാപ്പള്ളി നടേശനെ ചുമന്നത് പാർട്ടിക്ക് നാണക്കേടായെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമർശനം. സംസ്ഥാന നേതൃത്വത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന് ചർച്ചയിൽ പ്രതിനിധികൾ വിമര്‍ശിച്ചു. സാമുദായിക സംഘടനകളോടുള്ള സമീപനത്തിൽ വ്യക്തതയുണ്ടായില്ല. സിപിഐഎം-ബിജെപി ഡീൽ ആരോപണം പ്രതിരോധിക്കാനായില്ലെന്നും പ്രതിനിധികളുടെ വിമര്‍ശനം.

കൊച്ചിയിൽ ഇന്ന് കുടിവെള്ളം മുടങ്ങും

കൊച്ചിയില്‍ ഇന്ന് രാവിലെ മുതൽ വൈകിട്ട് വരെ കുടിവെള്ള വിതരണം മുടങ്ങും. പാഴൂർ റോഡ് പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി മൂലമാണ് തടസ്സം. ഫോർട്ട്‌ കൊച്ചി, മട്ടാഞ്ചേരി മേഖലകളെ ബാധിക്കും.

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകേണ്ടതില്ലെന്നു നിയമോപദേശം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് സംഘത്തിനു മുന്നില്‍ ഹാജരാകില്ലെന്ന നിലപാടിലുറച്ച് പിഎസ്‌സി. ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകേണ്ടതില്ലെന്നാണ് പിഎസ്‌സിക്ക് ലഭിച്ച നിയമോപദേശം. മുന്‍ ഹൈക്കോടതി ഉത്തരവ് ഉള്‍പ്പെടെയാണ് നിയമോപദേശത്തിലുള്ളത്. മൊഴിയെടുക്കാൻ അന്വേഷണസംഘം പിഎസ്‌സിയിലേക്ക് വരട്ടെ എന്നാണ് അംഗങ്ങളുടെ നിലപാട്.

ഭരണപരമായ വീഴ്ചകൾ തോൽവിക്ക് കാരണമായി; പിണറായി സർക്കാരിന് വിമർശനം

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കടുത്ത വിമര്‍ശനം. ഭരണപരമായ വീഴ്ചകൾ തോൽവിക്ക് കാരണമായെന്നാണ് പൊതു ചർച്ചയിൽ വിമർശനം. പാർട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല. ഭരണം പാര്‍ട്ടിയെ ദുർബലമാക്കി. പരാജയ കാരണം താഴെ തട്ടിൽ കെട്ടിവയ്ക്കാനാകില്ലെന്ന് കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മുൻ തോൽവികളിൽ നിന്ന് പഠിക്കാത്തത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയെന്നായിരുന്നു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ വിമര്‍ശനം. ദയനീയ തോൽവിയിൽ സംസ്ഥാന കമ്മിറ്റിക്ക് പ്രാഥമിക ഉത്തരവാദിത്തമെന്നും വിമർശനമുയര്‍ന്നു.

തൃക്കാക്കര മോർഫിങ് കേസ്; സനീഷ് തുടങ്ങിയ പ്രീമിയം ഗ്രൂപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്

തൃക്കാക്കര മോര്‍ഫിങ് കേസില്‍, പ്രതി സനീഷ് തുടങ്ങിയ പ്രീമിയം ടെലഗ്രാം ഗ്രൂപ്പിലെ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഗ്രൂപ്പ് അഡ്മിൻമാർ, അംഗങ്ങൾ എന്നിവരെ സംബന്ധിക്കുന്ന സുപ്രധാന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ടെലഗ്രാമിൽ നിന്നാണ് ഇതുസംബന്ധിച്ച മറുപടി പൊലീസിന് ലഭിച്ചത്. മറ്റു സംസ്‌ഥാനങ്ങളിലുള്ളവർക്ക് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ടെലഗ്രാം ഗ്രൂപ്പിൽ ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഒരു നമ്പരുമുണ്ട്. മലയാളികൾ ആരെങ്കിലും അവിടെ നിന്നും തരപ്പെടുത്തിയ സിം ആണോയെന്നും പരിശോധിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ തേടി ടെലഗ്രാമിന് പൊലീസ് വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്. നാല് ടെലഗ്രാം ഗ്രൂപ്പുകളിലാ് പൊലീസിൻ്റെ നിർണായക അന്വേഷണം. വിശദമായ പരിശോധനയ്ക്കു ശേഷം കൂടുതൽ പേരെ ചോദ്യം ചെയ്യും. പ്രതി സനീഷിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും.

റിട്ട. ഐആര്‍എസ് ഓഫീസറുടെ വീട്ടിലെ മോഷണം; തെളിവെടുപ്പ് പൂര്‍ത്തിയാക്കി

കാക്കനാട് റിട്ടയേഡ് ഐആർഎസ് ഓഫീസറുടെ വീട്ടിലെ മോഷണത്തില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. മോഷണത്തില്‍ അറസ്റ്റിലായ കുപ്രസിദ്ധ കുറ്റവാളികളായ അമ്പലം പ്രസാദ്, ഹസൻ സന്തോഷ് എന്നിവരുമായി തൃക്കാക്കര പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. ​സെപ്റ്റംബർ എട്ടിന് പുലർച്ചെയായിരുന്നു റിട്ടയേഡ് ഐആർഎസ് ഓഫീസറായ തോമസ് ചാണ്ടിയുടെ വീട് കുത്തിത്തുറന്ന് പ്രതികൾ മോഷണം നടത്തിയത്.

മുഖ്യമന്ത്രിയുടെ കെഎസ്ഇബി ഡാന്‍ഡ് വീഡിയോയ്ക്ക് ഇന്ത്യയില്‍ നിരോധനം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ കെഎസ്ഇബി എഐ ഡാൻസ് വീഡിയോ ഇന്ത്യയില്‍ നീക്കംചെയ്ത് മെറ്റ. ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായാണ് വീഡിയോ എന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. വീഡിയോ നിർമിച്ച എഐ കവല എന്ന പേജിൽ ഇന്ത്യയിലുള്ളവർക്ക് വീഡിയോ കാണാൻ കഴിയില്ല. അതേസമയം, വിദേശരാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് വീഡിയോ കാണാനാകും. റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയാണ് വീഡിയോ നിര്‍മിച്ചത്.

ജീവിതശൈലി രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു; തടവുകാര്‍ക്ക് മട്ടന്‍ വേണ്ടെന്ന് ശുപാര്‍ശ

ജയില്‍ ഭക്ഷണ മെനുവില്‍ നിന്ന് മട്ടന്‍ ഒഴിവാക്കാന്‍ ശുപാര്‍ശ. മട്ടന്‍ ജീവിത ശൈലി രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതായുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. മട്ടനു പകരം ചിക്കന്‍, മുട്ട എന്നിവ നല്‍കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ജയില്‍ മേധാവി എസ്. ശ്രീജിത്തിന്റെ ശുപാര്‍ശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. നിലവില്‍ പ്രതിവര്‍ഷം അഞ്ച് കോടിയിലേറെ രൂപ ചെലവാക്കിയാണ് ജയിലിലേക്ക് മട്ടന്‍ വാങ്ങുന്നത്.

കണ്ണൂരിലെ കാരണങ്ങളല്ല തോല്‍വിക്ക് കാരണമെന്ന് ഇ.പി. ജയരാജന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കണ്ണൂര്‍ കാരണമല്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കണ്ണൂരിലെ തീരുമാനങ്ങളല്ല തോൽവിക്ക് കാരണം. കണ്ണൂരിൽ മാത്രമല്ല തിരിച്ചടി ഉണ്ടായത്. തിരുത്തി മുന്നോട്ടു പോവുക എന്നതാണ് പാർട്ടി നയം. ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകണം. വിമർശനങ്ങൾ സ്വാഭാവികം. പുറത്തു വരുന്ന വിവരങ്ങൾ മാധ്യമങ്ങളുടെ നിഗമനം മാത്രം. ചർച്ച നടന്നത് ഒരു മണിക്കൂർ മാത്രം. ഇനിയും ചര്‍ച്ച നടക്കാനുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍: ബ്ലെസിക്ക് മുന്‍ഗണന, കസേര ഉറപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകള്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സംവിധായകൻ ബ്ലെസിക്ക് മുൻഗണന. കെഎസ്എഫ്‌ഡിസി ചെയർമാനായി സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെയും നിർമാതാവ് എം രഞ്ജിത്തിനെയുമാണ് പരിഗണിക്കുന്നത്. രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. അതേസമയം, കസേര ഉറപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ബ്ലെസിയെയും സത്യന്‍ അന്തിക്കാടിനെയും നിയമിക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 10 വർഷം പാർട്ടിക്കൊപ്പം നിന്നവരെ പരിഗണിക്കണമെന്ന് ആവശ്യം ശക്തമാണ്. പ്രൊഫഷണൽ കോൺഗ്രസ് നേതാവും സംവിധായകനുമായ ദീപു കരുണാകരനു വേണ്ടി യൂത്ത് കോൺഗ്രസും രംഗത്തുണ്ട്.

പിഴവ് തിരുത്താതെ സര്‍ക്കാര്‍; റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള ശുപാർശ പിഎസ്‌സി തള്ളി

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്‍സി തള്ളി. പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള ശുപാര്‍ശയാണ് തള്ളിയത്. ശുപാര്‍ശയില്‍ നിയമതടസങ്ങളുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഒരേ കാലയളവിൽ അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിശ്ചിത എണ്ണം മാത്രം കാലാവധി നീട്ടി നൽകാനാവില്ലെന്ന് പിഎസ്‍സി വ്യക്തമാക്കി. യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഉദ്യോഗാര്‍ഥികള്‍ക്കു മുന്നില്‍ പിഎസ്‌സിയുടെ അന്തസ് താഴ്ത്തിക്കെട്ടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. കമ്മീഷന്‍ അംഗങ്ങളെ കുറ്റവാളികളാക്കാനാണ് ശ്രമം. വിരട്ടല്‍ നടപടികള്‍ വേണ്ട. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകില്ല. വേണ്ടിവന്നാല്‍ നിയമ നടപടി സ്വീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം.

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസില്‍ വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് 16 പ്രതികളുടെ ആവശ്യം. ഭാവി മുൻനിർത്തി പ്രതികളുടെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും വിലക്കണം. പ്രതികൾ കുറ്റവിമുക്തർ ആക്കപ്പെട്ടാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഭാവി ജീവിതത്തിന് തീരാകളങ്കമാകും. മഹാരാജാസ് കോളേജ് വിദ്യാർഥികളെ കോടതി പരിസരത്ത് കൂട്ടം കൂടാൻ അനുവദിക്കരുത്. കോടതി മുറിയിലേക്ക് മാധ്യമങ്ങൾ പ്രവേശിക്കുന്നത് തടയണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. പ്രതികളുടെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.

ക്രൈസ്തവരെ തകർത്തത് സമുദായത്തിനുള്ളിലെ കെട്ടുറപ്പില്ലായ്മ: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

ക്രൈസ്തവരെ തകർത്തത് സമുദായത്തിനുള്ളിലെ കെട്ടുറപ്പില്ലായ്മയെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഒറ്റയ്ക്ക് മത്സരിച്ച് 24 സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഉണ്ടായിരുന്ന സമുദായമാണിത്. ഇന്ന് അത് എട്ടോ ഒൻപതോ ആയി കുറഞ്ഞു. പിളർപ്പിനെ വളർച്ചയെന്ന് ചിലർ വ്യാഖ്യാനിച്ചെന്നും മാർ റാഫേൽ തട്ടിൽ കുറ്റപ്പെടുത്തി. സബ്സിഡി വാങ്ങി വളർന്നവരല്ല സീറോ മലബാർ സമുദായ അംഗങ്ങൾ. സർക്കാരിന്റെ തണൽ ഇല്ലെങ്കിലും സമുദായം വളരുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടറെ അടിക്കടി മാറ്റുന്നത് പ്രതിസന്ധി; അതൃപ്തി പരസ്യമാക്കി മന്ത്രി എന്‍. ഷംസുദ്ദീന്‍

പൊതുവിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തി പരസ്യമാക്കി വിദ്യാഭാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. അടിക്കടി ആള്‍ മാറുമ്പോൾ പ്രതിസന്ധിയുണ്ട്. വിദ്യാഭാസ മേഖലയിലെ നിരന്തരമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ആൾ സ്ഥിരമായിരിക്കണം എന്നാണ് അഭിപ്രായം. ആരെങ്കിലും ബോധപൂര്‍വം ചെയ്തതല്ല, പക്ഷേ വകുപ്പിന് പ്രതിസന്ധിയുണ്ട്. അതൃപ്തി ആരെയെങ്കിലും അറിയിച്ചിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോൾ പറയുന്നത് എല്ലാവരുo കേൾക്കുകയല്ലേയെന്നും മന്ത്രി മറുപടി നല്‍കി.

തമിഴ്‌‌നാട്ടിലും മുന്നറിയിപ്പില്ലാതെ പവര്‍കട്ട്

തമിഴ്‌നാട്ടിലും മുന്നറിയിപ്പില്ലാതെയുള്ള പവർകട്ട് പതിവാകുന്നു. കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗത്തിൽ വർധനയുണ്ടായി. കഴിഞ്ഞ വർഷത്തേക്കാൾ 4000 മെഗാവാട്ടിന്റെ ആവശ്യകതയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ 2000 മെഗാവാട്ട് വൈദ്യുതിയാണ് വാങ്ങിയത്. അതേസമയം, പവർ കട്ടിനെതിരെ ചെന്നൈ ഉള്‍പ്പെടെ പലയിടത്തും പ്രതിഷേധമുണ്ട്.

ഹരിയാനയില്‍ ബൈക്ക് യാത്രികയെ ഇടിച്ചിട്ടശേഷം കാര്‍ നിര്‍ത്താതെ പോയി

ഹരിയാനയിലെ ഗുരുഗ്രാമിൽ ബൈക്ക് യാത്രികയായ യുവതിയെ കാര്‍ ഇടിച്ചിട്ടു. അപകടം ഉണ്ടാക്കിയ ശേഷം കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികയായ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. ഗുരുഗ്രാം ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നാലെ യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റ് ബൈക്ക് യാത്രികർ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാം ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡൽഹിയിൽ വൻ ലഹരിവേട്ട; 3.71 കോടിയുടെ ലഹരിമരുന്ന് പിടികൂടി

ഡല്‍ഹിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 3.71 കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. 1.383 കിലോഗ്രാം 'സ്മാക്ക്' ഇനത്തിൽ പെട്ട ഹെറോയിനാണ് പിടികൂടിയത്. എട്ടു പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു.

ക്ലാസില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചെന്ന പരാതി തള്ളി അന്വേഷണ റിപ്പോര്‍ട്ട്

ക്ലാസില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ അധ്യാപിക മര്‍ദിച്ചെന്ന പരാതി തള്ളി തലശേരി കോർപ്പറേറ്റ് രൂപതാ മാനേജറുടെ അന്വേഷ റിപ്പോർട്ട്. കണ്ണൂർ കുന്നോത്ത് സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളിൽ കഴിഞ്ഞയാഴ്ച ക്ലാസിൽ കുഴഞ്ഞുവീണ വിദ്യാര്‍ഥിയെ താൽകാലിക അധ്യാപിക മർദിച്ചു എന്ന പരാതിയിലായിരുന്നു അന്വേഷണം.

ഡൽഹി സ്വരൂപ് നഗറിൽ വൻ തീപിടിത്തം

ഡൽഹി സ്വരൂപ് നഗറിൽ റെക്സിൻ മാലിന്യങ്ങളും കോട്ടൺ വെബ്ബിങ്ങും സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയും പൂർണമായി കത്തിനശിച്ചു. ജനവാസ മേഖലയിലാണ് തീപിടിത്തം ഉണ്ടായത്.

എംഎല്‍എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ നോട്ടീസ് അയച്ച് ഹൈക്കോടതി

ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായി ദിനേശ് മേനോൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു. സർക്കാരിനും മാണി സി. കാപ്പനും തെരഞ്ഞെടുപ്പു കമ്മിഷനുമാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് നോട്ടീസയച്ചത്. ഹർജി ഈ മാസം 22ന് വീണ്ടും പരിഗണിക്കും. മുംബൈയിലെ ബോറിവാലിയിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി നാല് ചെക്ക് കേസിൽ മാണി സി. കാപ്പനെ ശിക്ഷിച്ചു . നാല് കേസുകളിലായി മൂന്നര വർഷമാണ് ശിക്ഷ. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനാൽ അയോഗ്യത കൽപ്പിക്കണം. പാലാ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹർജിയിലെ ആവശ്യം.

കാന്തപുരത്തെ ശക്തമായി പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

പരസ്യവേദിയിൽ കാന്തപുരത്തെ കൂടുതൽ ശക്തമായി പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതപരമായ കാര്യങ്ങളെക്കുറിച്ച് പറയാൻ പണ്ഡിതർക്ക് അവകാശമുണ്ട്. ഇഷ്ടമുള്ളവർക്ക് ഏറ്റെടുക്കാം അല്ലാത്തവർക്ക് വിമർശിക്കാം. പണ്ഡിതർ അവരുടെ കടമ നിർവഹിക്കും. പറയാനുള്ളത് പറയേണ്ട സമയത്ത് തന്നെ പറയേണ്ടിവരും. മതത്തെ യുക്തികൊണ്ട് അളക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. യുക്തികൊണ്ട് തെളിയിക്കപ്പെട്ട മതവിശ്വാസം പ്രചരിപ്പിച്ചാൽ മതിയെന്ന് ഭരണഘടന പറയുന്നില്ല. വിശ്വാസം പരിശോധനയിൽ കണ്ടെത്താനാവില്ലെന്നും പ്രവാചകന്മാർക്ക് എതിരാളികൾ ഉണ്ടായിരുന്നെങ്കിലും അവരെ പേടിച്ച് ഒരു പ്രവാചകനും മിണ്ടാതിരുന്നിട്ടില്ലെന്നും തങ്ങൾ പറഞ്ഞു. കഴിഞ്ഞദിവസം നാദാപുരത്ത് നടന്ന ചടങ്ങിലാണ് ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രസംഗം.

വിജയ്‌യുടെ ലണ്ടൻ യാത്രയിൽ വിവാദം കനക്കുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുൂടെ ലണ്ടന്‍ യാത്രയില്‍ വിവാദനം കനക്കുന്നു. യാത്രയുടെ ഉദ്ദേശ്യലക്ഷ്യം ചോദ്യം ചെയ്ത് കൂടുതൽ പാർട്ടികൾ രംഗത്തെത്തി. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവര്‍ക്കു പുറമേ ഇടതു പാർട്ടികളും വിമര്‍ശനവുമായി രംഗത്തെത്തി. നിക്ഷേപങ്ങൾ ആകർഷിച്ചതുമായി ബന്ധപ്പെട്ട് വാർത്തയോ ചിത്രമോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു. വിജയ് അധികാരമേറ്റതു മുതലുള്ള നിക്ഷേപ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ധവളപത്രം പുറത്തിറക്കണമെന്ന് സിപിഐഎം പ്രതികരിച്ചു. അതേസമയം, മോട്ടോർ സ്പോർട്സ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായിരുന്നു സന്ദർശനമെന്ന് പ്രതിരോധിച്ച് ദുരൈ വൈകോ രംഗത്തെത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും ദുരൈ വൈകോ പറഞ്ഞു.

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ ഇഡി നീക്കം പ്രതിരോധിക്കണമെന്ന് പൊതുചര്‍ച്ചയില്‍ ആവശ്യം

പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയ്ക്കും എതിരായ ഇഡി നീക്കം പ്രതിരോധിക്കണം എന്ന് വിപുലീകൃത കമ്മിറ്റിയിലെ പൊതുചർച്ചയിൽ ആവശ്യം. പിണറായിയെയും റിയാസിനെയും കുടുക്കാനാണ് ഇഡി നീക്കമെന്ന് കോഴിക്കോട് നിന്നുള്ള പ്രതിനിധി ചർച്ചയിൽ പറഞ്ഞു. കേന്ദ്ര നേതൃത്വം ഇഡിക്ക് എതിരെ ദേശീയ തലത്തിൽ വിശാല ഐക്യം ഉണ്ടാക്കണം എന്നും നിർദേശം ഉയർന്നു. കേരളത്തിൽ നിലവിൽ ഇഡിക്ക് എതിരെ നടക്കുന്ന സമരങ്ങൾക്ക് ശക്തി പോരെന്ന വിമർശനവും പ്രതിനിധികൾ ഉയർത്തി.

തൊണ്ടിമുതൽ മോഷണം; പൊലീസുകാരന് സസ്പെൻഷൻ

തൊണ്ടിമുതൽ മോഷണക്കേസിൽ പൊലീസുകാരന് സസ്പെൻഷൻ. ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ഊരാളുങ്കൽ സൊസൈറ്റിയുടെ പുതിയ ചെയർമാനായി ഷാജു. എസിനെ തെരഞ്ഞെടുത്തു

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി ഷാജു. എസിനെ തെരഞ്ഞെടുത്തു. ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല. മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.

വൈദ്യുതി ലഭ്യമായില്ല; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് ഇന്നും സാധ്യത

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് ഇന്നും സാധ്യത. തൽസമയ വിപണിയിൽ നിന്നും ഇന്ന് വൈദ്യുതി ലഭ്യമായേക്കില്ല. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് കരാർ പ്രകാരമുള്ള 200 മെഗാവാട്ടും മുടങ്ങും. വൈദ്യുതി ലഭ്യതയിൽ 900 മെഗാവാട്ടിൻ്റെ കുറവ്. ഇതോടെ നിയന്ത്രണമല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 നും 12.45 നും ഇടയിലാകും വൈദ്യുതി നിയന്ത്രണം.

108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു; തീരുമാനം മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന്

108 ആംബുലൻസ് ജീവനക്കാരുടെ സമരം പിൻവലിച്ചു. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ കീഴിൽ കോൺട്രാക്ടായി പ്രവർത്തിക്കുന്ന ഇഎ ആർഐ ഗ്രീൻ ഹെൽത്ത് സർവീസസിൻ്റെ നിയന്ത്രണത്തിലുള്ള മുഴുവൻ 108 ആംബുലൻസ് ജീവനക്കാർക്കും ആനുകൂല്യം ലഭിക്കും.

ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

കേന്ദ്രവിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും. ഡിസംബർ 31 വരെ 150 മെഗാവാട്ട് വൈദ്യുതി ലഭ്യത സംസ്ഥാനത്തിന് ലഭ്യമാകും. വൈദ്യുതി പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ നൽകിയ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി.

ഡ്രൈവിംഗ് ടെസ്റ്റുകൾ പരിഷ്കരിക്കുന്നു; ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും

ഡ്രൈവിംഗ് ടെസ്റ്റുകൾ പരിഷ്കരിക്കുന്നു. ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും നൽകും. കമ്പ്യൂട്ടർ അധിഷ്ഠിത ഹസാർഡ് പെർസെപ്ഷൻ പരിശീലനമാണ് നൽകുന്നത്. ഡിസംബർ മുതൽ പുതിയ പരിശീലന രീതി നിലവിൽ വരും. ഡിസംബർ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് നാല് ഘട്ടമായി നടത്താനും തീരുമാനം. പുതിയ തീരുമാനം അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ.

മദ്യലഹരിയിൽ മകൻ്റെ ആക്രമണം; പരിക്കേറ്റ പിതാവ് മരിച്ചു

മദ്യലഹരിയിൽ മകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു. മലയാറ്റൂർ സ്വദേശി ദേവസി കുട്ടി (87) ആണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഡേവിസ് ഭാര്യയെ ആക്രമിക്കുന്നതിനിടെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പിതാവ് വീഴുകയായിരുന്നു. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

വർക്കല കാപ്പിൽ ബീച്ചിൽ ചായക്കട ജീവനക്കാരനെ ആക്രമിച്ച കേസ്; മൂന്ന് പേർ അറസ്റ്റിൽ

വർക്കല കാപ്പിൽ ബീച്ചിൽ ചായക്കട ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ആക്രമണം ബജിയിലെ സോസിനെ ച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. കൊല്ലം മുണ്ടയ്ക്കൽ കാച്ചിക്കടവ് സ്വദേശി അലക്സാണ്ടർ, ഇരവിപുരം കൊറ്റൂർ സ്വദേശി ഫിനോൾഡ്, മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത്. വർക്കല മാന്തറ സ്വദേശി അഫ്സലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഊർജകേന്ദ്രങ്ങൾ പരസ്പരം ആക്രമിക്കില്ലെന്ന് റഷ്യയും യുക്രെയ്നും സമ്മതിച്ചു’; പ്രഖ്യാപനവുമായി ട്രംപ്

റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ പുതിയ പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും പരസ്പരം അവരുടെ ഊർജകേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയിൽ ഉദയകുമാറിനാണ് കുത്തേറ്റത്. ഇന്ന് രാത്രി 9 മണിയോടെ ക്ഷേത്രം വടക്കേ നടയിൽ അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം.പ്രസാദ് ഊട്ട് ലഭിച്ചില്ലെന്ന് പറഞ്ഞ് ഒരാൾ ഉദയകുമാറുമായി തർക്കിക്കുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. തലയുടെ വലതുഭാഗത്തും കൈക്കും പരിക്കേറ്റ ഉദയകുമാറിനെ ഗുരുവായൂർ മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ ടെമ്പിൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com