
നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഗ്രൂപ്പ് പോര് മുറുകുന്നു. ഇന്റർവ്യൂവും പ്രാക്ടിക്കൽ ടെസ്റ്റും കഴിഞ്ഞിട്ടും സെക്രട്ടറിയെ തെരഞ്ഞെടുക്കാനാകാതെ ഹൈക്കമാൻഡ് റിസള്‍ട്ട് തടഞ്ഞുവെച്ചു. ആദേശ് സുധർമ്മൻ, എ.കെ. ജാനിബ്, അബാദ് ലുത്ഫി, ഫർഹാൻ മുണ്ടേരി, നിഖിൽ, സി.കെ. ഷാഹിദ് എന്നിവരാണ് ഫലം കാത്തിരിക്കുന്നത്. ആദേശിനും ജാനിബിനുമായി ഷാഫി പറമ്പിലും, ഫർഹാന് വേണ്ടി എ.പി. അനിൽകുമാറും രംഗത്തെത്തിയതോടെയാണ് ഗ്രൂപ്പ് തർക്കം മൂത്തത്. അബാദ് ലുത്ഫിക്കായി രമേശ് ചെന്നിത്തല സമ്മർദം ശക്തമാക്കിയതോടെ മുഖ്യമന്ത്രി വി.ഡി. സതീശനും കളത്തിലിറങ്ങി, സി.കെ. ഷാഹിദിനെ സെക്രെട്ടറിയാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നൽകി.
ചിറയിൻകീഴിലെ കയ്യാങ്കളിയിൽ കെപിസിസി അന്വേഷണസമിതിയെ തെറ്റിദ്ധരിപ്പിച്ച് രമ്യ ഹരിദാസ് എംഎല്‍എ. ഡൽഹിയിലായതിനാൽ മൊഴിയെടുക്കലിന് എത്താൻ കഴിയില്ലെന്ന് അറിയിച്ച രമ്യ ഇന്നലെ പാലക്കാട് എത്തി കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറോടെയാണ് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് രമ്യ എത്തിയത്. അവിടെവച്ചാണ് വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രി ടി. സിദ്ധിഖ് ഉള്‍പ്പെടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എംഎല്‍എ വാഹനം ഒഴിവാക്കിയതിനൊപ്പം, എപ്പോഴും കൂടെയുണ്ടാകാറുള്ള പാളയം പ്രദീപ് ഉള്‍പ്പെടെയുള്ളവരെയും ഒഴിവാക്കിയാണ് രമ്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അതേസമയം, ഇന്നലെ ഡല്‍ഹിയില്‍ റൂം ഉള്‍പ്പെടെ രമ്യ ബുക്ക് ചെയ്തിരുന്നു. വൈകിട്ട് ഏഴരയോടെ ഡല്‍ഹിയില്‍ എത്തുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കാര്‍ ഉള്‍പ്പെടെ കാത്തുനിന്നിരുന്നു.
മാധ്യമങ്ങളെ ബഹിഷ്കരിക്കേണ്ടതില്ലെന്ന് കരട് രേഖയിൽ നിർദേശം. മാധ്യമ ചർച്ചകളിൽ നിന്ന് നേതാക്കൾ മാറി നിൽക്കരുത്. മീഡിയ പാനലിസ്റ്റുകളെ പുനഃസംഘടിപ്പിക്കും. മുതിർന്ന നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും നിർദേശമുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെയുള്ളവർക്ക് ഇത് നിർബന്ധം.
സംവിധായകൻ ആർ. ശരത് (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഉച്ചയ്ക്കു ശേഷം തൈക്കാട് ശാന്തി കവാടത്തിൽ നടക്കും .
സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് ശരത്. ആദ്യ ചിത്രമായ സായാഹ്നം മികച്ച ചിത്രം, മികച്ച നടൻ ഉൾപ്പെടെ ഏഴ് സംസ്ഥാന അവാർഡുകൾ നേടി. നിരവധി ഹ്രസ്വചിത്രങ്ങളും ശരത് ഒരുക്കിയിട്ടുണ്ട്. ഒ.എൻ.വി.യുടെ കവിതയെ അടിസ്ഥാനമാക്കി 'ഭൂമിക്കൊരു ചരമഗീതം', രാജാരവിവർമയെപ്പറ്റിയുള്ള 'പെയിന്റഡ് എപ്പിക്സ് എന്നിവ ശ്രദ്ധേയമായി. സ്ഥിതി, ശീലാബതി, ദി ഡിസയർ എ ജേർണി ഓഫ് എ വുമൺ എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ജീവനക്കാരനായിരുന്നു.
കാലടി പൊലീസ് സ്റ്റേഷനിൽ ദളിത് യുവാവിന് നേരെയുണ്ടായത് ക്രൂരമർദനം. പൂർണ നഗ്നനാക്കിയ ശേഷം ജനനേന്ദ്രിയത്തിലടക്കം മർദിച്ചു. യുവാവിൻ്റെ പരാതിയിൽ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. അജ്മൽ, നിസാർ, ധനേഷ് , രജിത്ത് എന്നിവർക്കെതിരെയായിരുന്നു നടപടി. ശ്രീമൂലനഗരം സ്വദേശിയായ സുജിത് ജയനാണ് മർദനമേറ്റത്.
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോർഫിങ് കേസിലെ പ്രധാന പ്രതി മലപ്പുറം സ്വദേശിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. കൂട്ടുപ്രതികളായ നാലു പേർ സംസ്ഥാനം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്.അതേസമയം, പ്രതി ശ്രീഹരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇന്ന് അപേക്ഷ നൽകും. ശ്രീഹരിക്കെതിരെ പോക്സോ കേസ് കൂടി ചുമത്തും. അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾക്ക് പുറമേ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ ദൃശ്യങ്ങളും ഇയാൾ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തൃക്കാക്കര പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട വാഴക്കാലയിൽ വീട്ടമ്മയെ അസഭ്യം പറയുകയും മർദിച്ച് ഫോൺ തകർക്കുകയും ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പൊലീസുകാരനെ തൃക്കാക്കര പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പ്രവീൺ എ. (CPO E 12956), ഇയാളുടെ സുഹൃത്തായ ട്രാൻസ്ജെൻഡർ രഞ്ജു എന്നിവർക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. വാഴക്കാല സ്വദേശിനിയും സ്പാ ഉടമയുമായ സൗമ്യയാണ് പരാതിക്കാരി. ഇന്നലെ പ്രതിയായ പൊലീസുകാരൻ മണിക്കൂറുകളോളം തൃക്കാക്കര സ്റ്റേഷനിൽ ഉണ്ടായിരുന്നിട്ടും അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനു പുറത്തുവെച്ച് പരാതിക്കാരും ആരോപണവിധേയനായ പൊലീസുകാരനും തമ്മിൽ ശക്തമായ വാക്കേറ്റവുമുണ്ടായി. സൗമ്യയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വീട്ടിലെത്തിയ പ്രവീണും രഞ്ജുവും 59,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി, വയനാട് ബത്തേരിയിൽ നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ യുവാവ് പിടിയില്‍. കാസർഗോഡ് പെരിയടുക്ക സ്വദേശി പി.എ. അൻസാർ (27) ആണ് പിടിയിലായത്. മയക്കുമരുന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുത്തു. 14.91 ഗ്രാം എംഡിഎംഎയും രണ്ട് എംഡിഎംഎ ഗുളികകളുമാണ് കണ്ടെത്തിയത്. കർണാടക ആര്‍ടിസി ബസിൽ കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊസും ചേർന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ മോഷണം, വധശ്രമം, ലഹരിക്കടത്ത് അടക്കം പത്തോളം കേസുകൾ നിലവിലുണ്ട്.
പൊലീസ് സ്റ്റേഷനില്‍ എംഡിഎംഎയുമായി എത്തി മധ്യവയസ്കൻ. കൊല്ലം ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി സനൽ കുമാറാണ് പിടിയിലായത്. ഭാര്യയെ പിന്തുടർന്ന് എത്തിയ പ്രതി അബദ്ധത്തിൽ സ്റ്റേഷനിൽ കയറുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ഒരു ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
കൊച്ചിയിൽ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ക്ലീനർ മുഹമ്മദ് അൻസാറിനെതിരെ വീണ്ടും കേസ്. കഴിഞ്ഞ മാസം 22ന് പടമുകളിൽവച്ച് കാർ തടഞ്ഞ സംഭവത്തിലാണ് കേസ്. വഴി തടസ്സപ്പെടുത്തൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. തൃക്കാക്കര പൊലീസാണ് കേസ് എടുത്തത്. കലൂരിൽ പ്രവാസി മലയാളിയുടെ കാർ തടഞ്ഞതിൽ അൻസാറിനെ കഴിഞ്ഞ ദിവസം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടികൂടുന്നതിനിടെ എഎസ്ഐയെ ആക്രമിച്ചിട്ടും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വിവാദമായിരുന്നു.
പാലക്കാട് അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന് നിർണായക വിവരങ്ങള്‍ ലഭിച്ചു. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങള്‍ എത്തിച്ച ചാക്ക് എന്നാണ് സൂചന. ചാക്കിലെ എഴുത്തുകളിൽ നിന്നാണ് ഇത് മനസിലായത്. പുതൂർ പൊലീസ് ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടങ്ങി. രണ്ടു പേരുടെയും തലകൾ ഒരു ചാക്കിലും മൃതദേഹ ഭാഗങ്ങൾ മറ്റു രണ്ട് ചാക്കുകളിലുമായാണ് കണ്ടത്. കൊലപാതക ശേഷം കഴുത്ത് അറുത്തെടുത്തു എന്ന് സൂചന. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. 30 വയസ് പ്രായമുള്ള യുവതിയും അഞ്ച് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും ആണ് കൊല്ലപ്പെട്ടവർ. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതി ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് സൂചന.
കൊല്ലം താന്നിയിലെ വിവാഹ ഓഡിറ്റോറിയത്തില്‍ സംഘര്‍ഷം. ഓഡിറ്റോറിയത്തിനും പുറത്ത് മദ്യപിച്ചതിനു പിന്നാലെ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വഴിയാത്രക്കാരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതും തമ്മിലായിരുന്നു അടി. സാരമായി പരിക്കേറ്റ ഒരു യുവാവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
മുഖ്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട ജീവനക്കാരന് പിആർഒയുടെ ചുമതല നൽകി പിഎസ്സി ചെയര്മാന്. നിലവിലുള്ള കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തിയാണ് നിയമനം. അണ്ടർ സെക്രട്ടറി തസ്തികയിലുള്ളവർക്ക് നൽകേണ്ട പിആർഒ ചുമതലയാണ് ജൂനിയർ ആയ സെക്ഷൻ ഓഫീസർക്ക് കൈമാറിയത്. സൂനകുമാറിന്റെ നിയമനത്തിനെതിരെ പ്രതിഷേധവുമായി പിഎസ്സി എംപ്ലോയീസ് അസോസിയേഷൻ രംഗത്തെത്തി. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ചെയർമാന് അസോസിയേഷന് പരാതി നൽകി. അതേസമയം, കമ്മീഷന് അറിയാതെയാണ് നിയമനം. ഇന്നു ചേരുന്ന യോഗത്തില്‍ നിയമനം ചര്‍ച്ച ചെയ്യും.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജനിച്ച കുട്ടിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയെന്ന ആരോപണത്തില്‍, ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രി സൂപ്രണ്ടിന് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക് പോൾ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സൂചി കയറിയത് ആശുപത്രിയിൽ നിന്നാണെന്ന് പറയാൻ കഴിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിന്റെ ശരീരത്തിൽ കണ്ടത് ഒരിഞ്ചു നീളമുള്ള ഒടിഞ്ഞ സൂചിയാണെന്നും റിപ്പോര്‍ട്ട്.
പൊലീസ് മീറ്റിനായി പിരിച്ച തുക മടക്കിക്കൊടുക്കാന്‍ ഡിജിപിയുടെ നിർദേശം. സ്പോൺസർഷിപ്പ് പിരിവിനെതിരെ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. നാളെ തിരുവനന്തപുരത്താണ് സ്പോർട്സ് മീറ്റിന് തുടക്കം. കായിക ഫണ്ടിൽ തുക ഉള്ളതിനാൽ സ്പോൺസർഷിപ്പിന്റെ ആവശ്യമില്ലെന്ന് ഡിജിപി വ്യക്തമാക്കി.
കണ്ണൂർ ധർമശാലയിൽ വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ മർദിച്ചെന്ന് പരാതി. വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അപവാദം പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. യുവതിയുമായി ആദ്യം വിവാഹം ഉറപ്പിച്ചിരുന്ന ധർമശാല സ്വദേശിയായ യുവാവും, ഇയാളുടെ പിതാവുമാണ് മർദിച്ചതെന്നാണ് പരാതി. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു മർദനം. എച്ചൂർ സ്വദേശിയായ യുവാവുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെയാണ് അപവാദ പ്രചാരണം ആരംഭിച്ചത്. പ്രതിശ്രുത വരനുമായാണ് യുവതി ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയത്. യുവതിയുടെ വസ്ത്രം വലിച്ചുകീറിയെന്നും മർദിച്ചെന്നും, കടിച്ച് പരിക്കേൽപ്പിച്ചെന്നും പ്രതിശ്രുത വരൻ പറഞ്ഞു.
കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസ്സ് വിദ്യാർഥിനികൾ ക്രൂരമായി മർദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വിദ്യാർഥികളും മാതാപിതാക്കളും. 80 ഓളം കുട്ടികളാണ് ഇന്ന് സ്കൂൾ ബഹിഷ്കരിച്ചത്. മർദിച്ച വിദ്യാർഥിനികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മേപ്പള്ളി സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയാണ് മർദനത്തിനിരയായത്. ഓണാഘോഷത്തിന്റെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പത്താം ക്ലാസുകാരുടെ അതേ ഡ്രസ് കോഡില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികള്‍ എത്തിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം. മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് യൂത്ത് ലീഗിന്റെ പ്രമേയം. ജനസംഖ്യ, വിസ്തൃതി, പ്രാദേശിക സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനഃസംഘടന അനിവാര്യം. ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാര്‍ നിയോഗിക്കണം. പുതിയ ജില്ലകൾ രൂപീകരിക്കാൻ നിയമപരമായ നടപടികൾ ആരംഭിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും പ്രമയം.
പത്തനംതിട്ടയില്‍ പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിനിടെ എംവിഡി പിഴ വിധിച്ച ഓഫ് റോഡ് വാഹനത്തിന് തുക സമാഹരിച്ചു നല്കി ഹൈക്കോടതി അഭിഭാഷക കൂട്ടായ്മ. എംവിഡിയുടെ 5000 രൂപ പിഴ ഹൈക്കോടതി 50,000 ആയി ഉയര്‍ത്തിയിരുന്നു. അബിൻ വർക്കി എംഎൽഎയുടെ ഇടപെടലിലാണ് ഹൈക്കോടതി അഭിഭാഷക കൂട്ടായ്മയുടെ സഹായം. ഓഗസ്റ്റ് ഒന്നിന് ആറന്മുളയിൽ വള്ളസദ്യ നടത്തിയത് അഭിഭാഷക കൂട്ടായ്മയാണ്, അവിടെ അന്നു കുടുങ്ങിപ്പോയ സംഘത്തെ രക്ഷിച്ചത് ഈ വാഹനത്തിലായിരുന്നു. അതേസമയം, എംവിഡിയുടെ പരിശോധന ഔചിത്യപരമായിരുന്നില്ലെന്ന് അബിന്‍ വര്‍ക്കി പ്രതികരിച്ചു. പ്രളയത്തിൽ മുങ്ങാതെ കിടന്ന ഒരു ടൗണിൽ കാർക്കശ്യത്തോടെ പരിശോധന നടത്തിയത് എന്തിനായിരുന്നുവെന്ന് എംഎല്‍എ ചോദിച്ചു. മോഡിഫിക്കേഷൻ ഉള്ള വസ്തുക്കൾ വിൽപ്പനയ്ക്ക് മാർക്കറ്റിലുണ്ട്. അത് വാങ്ങുമ്പോൾ സർക്കാരിന് ജിഎസ്ടി ലഭിക്കുന്നുണ്ട്. പിന്നീട് അത് ഉപയോഗിക്കുമ്പോൾ പിഴ ഈടാക്കുന്നതാണ് പ്രശ്നം. നിയമപരമായി ഏതൊക്കെ മോഡിഫിക്കേഷൻ പറ്റും എന്ന് സമിതിയെ നിയോഗിച്ച് സർക്കാർ പഠിക്കുന്നുണ്ടെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
കോവിഡ് കാലത്ത് എൽഡിഎഫ് സർക്കാർ ആരംഭിച്ച കുടുംബ ശ്രീ ഹോട്ടലുകൾ പൂട്ടുകയാണെന്ന് മുന്‍ മന്ത്രി എം.ബി. രാജേഷ്. സപ്ലൈകോ വഴി സബ്സിഡി നൽകിയാണ് ഹോട്ടലുകൾ നടത്തിയത്. ഇപ്പോള്‍ കുടുംബശ്രീയോട് പ്രതികാര നടപടിയാണ് ചെയ്യുന്നത്. ജനശ്രീ എന്ന സമാന്തര സംവിധാനം തുടങ്ങിയവരാണ് യുഡിഎഫ്. തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റമാണ്.സംഘടനകൾ അംഗീകരിച്ച ഓൺലൈൻ ട്രാൻസ്ഫർ നടപടികൾ അട്ടിമറിച്ചാണ് സ്ഥലംമാറ്റം നടക്കുന്നതെന്നും രാജേഷ് ആരോപിച്ചു.
സ്ത്രീകള്‍ക്കെതിരായ മോശം പരാമർശങ്ങളെ നിയമസഭയില്‍ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. രാഷ്ട്രീയ സംവാദങ്ങളിൽ മാന്യത പുലർത്തണം. നയങ്ങളെയാണ് ആക്രമിക്കേണ്ടത് സ്ത്രീകളെയല്ല. വ്യക്തിപരമായ അധിക്ഷേപം ഒഴിവാക്കണം. വിമർശനങ്ങൾ ഒരിക്കലും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാകരുത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. ഡിഎംകെയെ കടുത്തഭാഷയില്‍ വിജയ് വിമര്‍ശിച്ചു. അഴിമതിയെ കുറിച്ച് പറയുന്നതിന് മുൻപ് ഡിഎംകെ കണ്ണാടിയിൽ നോക്കണം. എവിടെയൊക്കെ അഴിമതി നടന്നിട്ടുണ്ടോ അവിടെ ഡിഎംകെ ഉണ്ടാകുമെന്നും വിജയ് സഭയില്‍ ആരോപിച്ചു.
വ്യക്തി അധിക്ഷേപത്തിന് നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കണം എന്ന അന്‍സിബയുടെ ആവശ്യത്തില്‍ ഇടപെട്ട് ഹൈക്കോടതി. അന്‍സിബയുടെ പരാതി വീണ്ടും പരിശോധിക്കണമെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അന്‍സിബ നല്കിയ തെളിവുകളും പരിശോധിക്കണം. കറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്ന് പരിശോധിക്കണം. തെളിവ് ശേഖരണത്തിന് പൊലീസ് അന്വേഷണം ആവശ്യമാണോ എന്നും പരിശോധിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
പ്രശസ്ത ഛായാഗ്രാഹകൻ ടി.എൻ. കൃഷ്ണൻകുട്ടി (96) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. 1960ൽ ഉദയാ നിർമിച്ച കുഞ്ചാക്കോ സംവിധാനം ചെയ്ത ഉമ്മയാണ് ആദ്യം ഛായാഗ്രഹണം ചെയ്ത സിനിമ. ഹരിഹരൻ ആദ്യമായി സംവിധാനം ചെയ്ത ലേഡീസ് ഹോസ്റ്റൽ ഉൾപ്പെടെ എഴുപതിൽപരം സിനിമകളുടെ കാമറ ചലിപ്പിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, പി.ജെ. ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, കെ.പി. പിള്ള, കെ. നാരായണൻ എന്നീ സംവിധായകരുടെ സിനിമകളിലും പ്രവർത്തിച്ചു. 1985ൽ ജോർജ് വെട്ടം സംവിധാനം ചെയ്ത മടക്കയാത്രയാണ് അവസാന സിനിമ. ഭാര്യ ലളിതമ്മ, മക്കൾ ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ. സംസ്കാരം ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ആലപ്പുഴ ത്രിവേണിയിലെ വീട്ടുവളപ്പിൽ.
പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ ശുപാര്‍ശ കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. പൊതുവിദ്യാഭ്യാസ വകുപ്പിലെ ലിസ്റ്റുകള്‍ മാത്രം ആറുമാസത്തേക്ക് നീട്ടാനുള്ള സർക്കാർ ശുപാർശ അതേപടി നടപ്പാക്കാൻ കഴിയില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ശുപാർശ രേഖാമൂലം ലഭിക്കുമ്പോൾ ഇക്കാര്യം സർക്കാരിനെ അറിയിക്കാനാണ് തീരുമാനം.
ഇടുക്കി മുൻ എംഎൽഎ ജോസ് കുറ്റ്യാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോലഞ്ചേരിയിൽ വച്ചായിരുന്നു അന്ത്യം. രണ്ടുതവണ ഇടുക്കി എംഎൽഎ ആയിരുന്നു. ഇടുക്കി ഡിസിസിയുടെ പ്രഥമ പ്രസിഡന്റ് ആയിരുന്നു.
പ്രിയ വർഗീസിന്റെ അസി. പ്രൊഫസര്‍ നിയമനത്തില്‍ നിലപാട് മാറ്റി കണ്ണൂർ സർവകലാശാല. പ്രിയക്ക് യോഗ്യത ഇല്ലെന്ന നിലപാട് സര്‍വകലാശാല നാളെ സുപ്രീംകോടതിയെ അറിയിക്കും. സർവകലാശാലയുടെ സ്റ്റാൻഡിങ് കോൺസിലെയും മാറ്റി. പുതിയ സ്റ്റാൻഡിങ് കോൺസലായി പി.എസ്. സുൽഫിക്കർ അലിയെ നിയമിച്ചു. മുൻ സ്റ്റാൻഡിങ് കോൺസലും സിപിഎം സഹയാത്രികനുമായ കെ.ആർ. സുഭാഷ് ചന്ദ്രനെയാണ് മാറ്റിയത്.
തൃശൂര്‍ കൈപ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ പ്രത്യേക സംഘം. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാകും കേസ് അന്വേഷിക്കുക. തമിഴ്നാട്ടിലടക്കം എത്തി പ്രത്യേക സംഘം അന്വേഷണം നടത്തും. നാഷണൽ ഹൈവേ അതോറിറ്റിയും മറ്റ് രണ്ട് ലോറി ഡ്രൈവർമാരും പ്രതിയാകും. ഗതാഗത സുരക്ഷാസൗകര്യങ്ങൾ ഒരുക്കുന്നതിൽ ദേശീയപ്പാതാ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. അപകടകരമായ സാഹചര്യത്തിൽ ലോറി പാർക്ക് ചെയ്തതിനെ തുടർന്നാണ് രണ്ട് ലോറി ഡ്രൈവർമാർ കേസിൽ പ്രതികളാകുക. അപകടം നടന്നതിന് പിന്നാലെ രണ്ട് ഡ്രൈവർമാമാരും ലോറികളുമായി രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അപകടത്തില്‍ മരിച്ച എട്ടു വിദ്യാര്‍ഥികളും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മടങ്ങിയ ഇവര്‍ നാട്ടുകാരുമായും തര്‍ക്കം ഉണ്ടാക്കിയിരുന്നു. തളിക്കുളം പത്താംകല്ലിൽ വച്ചായിരുന്നു തര്‍ക്കം. അവിടെനിന്നും അതിവേഗത്തില്‍ വാഹനം ഓടിച്ച് രക്ഷപ്പെടുന്നതിനിടയായിരുന്നു അപകടം.
മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ പ്രസംഗം അവസാനിച്ചതിനു പിന്നാലെ തമിഴ്നാട് നിയമസഭയല്‍ ഡിഎംകെ പ്രതിഷേധം. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ സംസാരിക്കാൻ അനുവദിക്കാത്തതിലായിരുന്നു നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം. അതേസമയം, എം. കരുണാനിധി മുതല്‍ ഉദയനിധി വരെയുള്ള ഡിഎംകെ നേതാക്കളെ വിടാതെയായിരുന്നു വിജയ്യുടെ പ്രസംഗം. മുൻ സർക്കാരിന്റെ കാലത്തെ മൂന്ന് കേസുകളിൽ അന്വേഷിച്ചു നടപടിയെടുക്കാൻ ഡിഎംകെ നേതാക്കൾ തന്നെ വെല്ലുവിളിച്ചിരുന്നു. അതിനു മുൻപ് 1988ലെ ഡിഎംകെ സർക്കാരിന്റെ കാലത്തെ അഴിമതിയെ കുറിച്ചുള്ള സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് വായിക്കാൻ ആഗ്രഹിക്കുന്നു. അതിൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി എടുത്തു പറയുന്നുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.കെ. സ്റ്റാലിനും, സെന്തിൽ ബാലാജിയും, ഉദയനിധിയും പാർട്ടി ഫണ്ടിന്റെ പേരുപറഞ്ഞ് പണം പിരിച്ചുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ടെന്നും വിജയ് സഭയില്‍ പറഞ്ഞിരുന്നു.
കോൺഗ്രസ് നേതാവും ചിറ്റൂർ മുന്‍ എംഎൽഎയുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ എംഎൽഎ ആയിരുന്നു. ഇപ്പോഴത്തെ എംഎല്‍എ സുമേഷ് അച്യുതൻ മകനാണ്.
വേഗം പോരെന്ന് പറഞ്ഞ് യുവാവ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദിച്ച്, ചില്ലുകള്‍ തകര്‍ത്തു. ത്യശൂരിൽ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലായിരുന്നു യാത്രക്കാരന്റെ പരാക്രമം. താമരശ്ശേരി ചുരം രണ്ടാം വളവിൽ ഇന്ന് പുലർച്ചെ 1.30നാണ് സംഭവം. പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ (36) ആണ് അതിക്രമം നടത്തിയത്. അക്രമത്തിൽ ഡ്രൈവർ ടോയ്ക്കും പ്രതി ഷൈജലിനും പരിക്കേറ്റു. ബസ്സിന്റെ മുൻ ഭാഗത്തെ ചില്ലും, വലതു വശത്തെ ചില്ലും, ഹെഡ് ലൈറ്റും പ്രതി അടിച്ചു പൊട്ടിച്ചു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരക്കിനിടെ പാലിയേക്കര ടോൾ പ്ലാസ കേന്ദ്രമന്ത്രി സുരേഷ് ഗോപി തുറന്നു നൽകിയതില്‍ പ്രതികരിച്ച് മന്ത്രി ഒ.ജെ. ജനീഷ്. പാലിയേക്കരയിൽ വേറെ ആര് തുറന്നു വിട്ടാലും കേസാകുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാൽ സുരേഷ് ഗോപി തുറന്നാൽ കേസാകില്ല. ഗതാഗത കുരുക്കിൽ ടോൾ പ്ലാസ തുറന്ന എല്ലാ ജനപ്രതിനിധികളും കേസിൽ പ്രതിയായി. ടോളിൽ ശാശ്വത പരിഹാരത്തിന് സുരേഷ് ഗോപി ശ്രമിക്കണം. ടോൾ നൽകാൻ ജനം തയ്യാറാണ്. പക്ഷേ, സർവീസ് റോഡ് ഉൾപ്പെടെ സൗകര്യങ്ങൾ വേണം.
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ നിലപാട് കടുപ്പിച്ച് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. പ്രതികൾ ഇന്ന് കോടതിയില്‍ ഹാജരായില്ല.ഇതോടെ, കേസ് ഈ മാസം 11ലേക്ക് മാറ്റി. വിചാരണയ്ക്ക് ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കിൽ ഉത്തരവ് 11ന് ഹാജരാക്കണം. സ്റ്റേ ഇല്ലായെങ്കില്‍ പ്രതികള്‍ അന്ന് ഹാജരാകണം. ഇല്ലെങ്കിൽ വീഡിയോ കോൺഫറന്‍സ് വഴി ഹാജരാകാനുള്ള ഇളവ് റദ്ദാക്കുമെന്നും കോടതി പറഞ്ഞു. നിലവിൽ മൂന്ന് പ്രതികൾക്കും നേരിട്ട് ഹാജരാക്കുന്നതിൽ നിന്ന് ഒഴിവ് നൽകിയിരുന്നു. ഹൈക്കോടതിയിലെ കേസ് ചൂണ്ടികാട്ടിയാണ് പ്രതികൾ ഇന്ന് ഹാജരാകാതിരുന്നത്.
പാലക്കാട് അട്ടപ്പാടിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍, പ്രതി പശ്ചിമ ബംഗാള്‍ സ്വദേശിയെന്ന് പൊലീസ്. തോട്ടം തൊഴിലാളിയ പ്രതിയാണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തി, മൂന്ന് ചാക്കുകളിലായി ഭവാനി പുഴയില്‍ ഒഴുക്കിവിട്ടത്. ഭാര്യക്ക് മറ്റ് ബന്ധം ഉണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. 20 ദിവസം മുന്‍പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്. കൊലപാതകത്തിനുശേഷം പ്രതി പശ്ചിമബംഗാളിലേക്ക് കടന്നു.
മട്ടാഞ്ചേരി എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും. ഡല്‍ഹിയില്‍ നിന്നാണ് പ്രതികള്‍ ലഹരി വാങ്ങുന്നത്. ലഹരി വില്പനയ്ക്കായി ആഫ്രിക്കൻ സ്വദേശികളടങ്ങുന്ന വലിയ സംഘം ഡൽഹിയിലുണ്ട്. ഈ സംഘത്തിൽ മലയാളികൾ ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസർ സജിത സലീമിനെതിരെയാണ് നടപടി. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പരാതി നൽകിയിരുന്നു.
ഭാരത് മാതാ കോളേജിലെ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാം വഴി പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിലായി. ചെങ്ങന്നൂരിലെ കോളേജിലെ വിദ്യാർഥിയായ സനീഷിനെയാണ് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി ഉയർന്നു. സനീഷിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും, അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസവുമായി മഴ എത്തുന്നു. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്. വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേര്‍ട്ട്. ഒമ്പതാം തീയതി വരെ ചൂട് തുടരും. താപനില മൂന്ന് മുതൽ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ സാധാരണയേക്കാൾ ഉയരാനാണ് സാധ്യത.
സംവിധായകൻ സനൽകുമാർ ശശിധരനെതിരായ പൊലീസ് കേസുകളിൽ അന്വേഷണം നീണ്ടുപോകുന്നതിനെതിരെ സാംസ്കാരിക പ്രവർത്തകർ. കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. കുറ്റവാളി എങ്കിൽ ശിക്ഷിക്കണം, നിരപരാധി എങ്കിൽ തെളിയിക്കപ്പെടണം. വിഷയത്തില്‍ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. അടൂർ ഗോപാലകൃഷ്ണൻ, ഡോ. ബിജു, സി.ആർ. നീലകണ്ഠൻ തുടങ്ങിയവരാണ് പിന്തുണയുമായി എത്തിയത്.
തൃശൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ശോഭാ യാത്രയ്ക്കിടെ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ കേസെടുത്തു. അടാട്ട് സ്വദേശി അരുൺ ബാലനെയാണ് ആര്‍എസ്എസ്-ബിജെപി പ്രവർത്തകർ സംഘം ചേർന്ന് വളഞ്ഞിട്ട് മർദിച്ചത്. ശോഭാ യാത്ര നടക്കുന്നതിനിടെ റോഡിന് സൈഡിലൂടെ സ്കൂട്ടറിൽ പോയതിനായിരുന്നു മര്‍ദനം. ആർഎസ്എസ് - ബിജെപി പ്രവർത്തകരായ ഏഴു പേർക്കെതിരെയാണ് പേരാമംഗലം പൊലീസ് കേസെടുത്തത്. അതേസമയം, കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
ഡല്‍ഹി സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം ഏഴായി. ഇന്ന് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ 12 പേരെ പുറത്തെടുത്തതിൽ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ പലതും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. കെട്ടിട ഉടമ ഹരിറാം ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയിരുന്ന ഇയാളെ രാജസ്ഥാനിലെ ബിവാഡിയിൽ നിന്നാണ് പിടിയിലായത്. നേരത്തെ ഇയാളെ കണ്ടെത്താൻ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സുരക്ഷിതമല്ലെന്ന് കാണിച്ച് അടച്ചിട്ട കെട്ടിടം കഴിഞ്ഞവർഷമാണ് വീണ്ടും തുറന്നുപ്രവർത്തിച്ചത്. സംഭവത്തിൽ എംസിഡി ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ അഞ്ച് മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകിട്ട് ആറു മുതൽ 12 മണി വരെ നിയന്ത്രണത്തിന് സാധ്യത. വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവ് ഉണ്ടെന്ന് കെഎസ്ഇബി. വൈദ്യുതി ആവശ്യകത വർധിച്ചെന്നും വിശദീകരണം.
പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ രമ്യ ഹരിദാസ് എംഎഎയുടെ വഴിവിട്ട നീക്കം. സ്റ്റാഫ് നിയമനത്തിനായി സ്പീക്കറുടെ ഓഫീസിൽ കത്ത് നൽകി. എന്നാൽ നിയമസഭ സെക്രട്ടറിക്കാണ് കത്ത് നൽകേണ്ടതെന്ന് പറഞ്ഞ് സ്പീക്കറുടെ ഓഫീസ് കത്ത് മടക്കി. ഇന്ന് രാവിലെയാണ് രമ്യ ഹരിദാസിൻ്റെ സ്റ്റാഫ് സ്പീക്കറുടെ ഓഫീസിനെ സമീപിച്ചത്. പിന്നീട് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിൽ കത്തു നൽകി.കെപിസിസി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് നേതൃത്വത്തെ വെല്ലുവിളിച്ച് കൊണ്ടുള്ള രമ്യയുടെ നീക്കം.
എറണാകുളം കുണ്ടന്നൂർ ഒ ജി ബാറിലുണ്ടായ സംഘർഷത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റയാൾ മരിച്ചു. നെട്ടൂർ സ്വദേശി പുഷ്പൻ ആണ് മരിച്ചത്. മൂന്ന് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് ആയിരുന്നു സംഘർഷം ഉണ്ടായത്.
ചേർത്തല ഒറ്റപ്പുന്നയിൽ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ദേശീയ പാത 66ൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാതയിൽ നിന്ന് കാർ താഴേയ്ക്ക് പതിക്കുകയായിരുന്നു. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങിയ കൊല്ലം അഞ്ചൽ സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
മലയാറ്റൂർ കണ്ണിമംഗലം കടുകുളങ്ങരയിൽ യാത്രക്കാർക്ക് ഭീഷണിയായി കാട്ടാന കൂട്ടം എത്തി. ഇന്ന് വൈകിട്ട് പത്തോളം വരുന്ന കാട്ടാനകൾ റോഡ് മുറിച്ചുകടന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കി. പ്രദേശത്ത് നിരവധി കാട്ടാനകൾ തമ്പടിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. അതിരപ്പിള്ളി വനമേഖലയിൽ നിന്ന് വനവകുപ്പ് കയറ്റിവിടുന്ന കാട്ടാനകൾ അയ്യമ്പുഴ പഞ്ചായത്തിലേക്കാണ് എത്തുന്നതെന്നും ഇതാണ് പ്രദേശത്ത് കാട്ടാന ശല്യം വർധിക്കാൻ പ്രധാന കാരണമെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
പേരൂർക്കട ചികിത്സ വൈകി നവജാത ശിശു മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയെ കണ്ട് പരാതി നൽകി കുഞ്ഞിൻ്റെ പിതാവ്. ഒരാഴ്ച്ചകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഡിഎംഒ യ്ക്ക് നിർദേശം നൽകി. വീഴ്ച തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി മന്ത്രി.
നാമ നിർദേശപത്രികയിൽ വിവരങ്ങൾ മറച്ചുവച്ചു എന്ന ഹർജിയിൽ മുൻമന്ത്രി പി.എ മുഹമ്മദ് റിയാസും ഭാര്യ വീണ ടിയും നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. ഒക്ടോബർ 15ന് നേരിട്ട് ഹാജരാകാനാണ് ഉത്തരവ്. തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. ബേപ്പൂരിൽ മത്സരിക്കുന്നതിനിടെ മുഹമ്മദ് റിയാസ് നാമനിർദ്ദേശപത്രികയിൽ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ച് എന്നാണ് ഹർജി.ഭാര്യക്ക് ഏതെങ്കിലും കമ്പനിയുമായി കരാറോ, മറ്റ് ബിസിനസ് ബന്ധങ്ങളോ ഉണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. വീണയുടെ വരുമാനത്തിൽ സിഎംആർഎലിൽ നിന്ന് ലഭിച്ച 1.72 കോടിയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല എന്നിവയാണ് ഹർജിയിലെ ആരോപണങ്ങൾ. റിയാസിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര പി നാഗരാജ് നൽകിയ ഹർജിയിലാണ് കോടതി നടപടി.
വിദ്വേഷ വർത്തമാനക്കാരോട് അകലം പാലിക്കണമെന്ന് സാദിഖലി തങ്ങൾ. മതം പറഞ്ഞുള്ള കളിയാക്കലുകൾ ആർക്കും ഗുണം ചെയ്യില്ല. നടക്കേണ്ടത് പരസ്പര ബഹുമാനത്തിലൂടെയുള്ള സംവാദം. കൊമ്പ് കോർക്കുന്ന മാനുകളുടെയും ചോര കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയുടെയും കഥ ഓർമ്മിപ്പിച്ച് സാദിഖലി തങ്ങൾ.
സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ കരട് റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം. സംഘടനാ വീഴ്ചകൾ തുറന്നുകാട്ടുന്നില്ലെന്ന് വിമർശനം. പൊതുവായ വീഴ്ച മാത്രം ചൂണ്ടിക്കാട്ടിയാൽ പോരെന്ന് അംഗങ്ങൾ. പാർട്ടി നേരിടുന്ന പ്രധാന പ്രശ്നങ്ങൾ ഉൾകൊള്ളാത്ത റിപ്പോർട്ടെന്ന് വിമർശനം. വീഴ്ച പൂർണമായി തുറന്നുകാട്ടണം എന്ന് ആവശ്യം.
കളമശ്ശേരി തോഷിബ ജങ്ഷനിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ബിവറേജിന് സമീപത്തായാണ് മൃതദേഹം കണ്ടത്. മുഖത്ത് പരിക്കുകൾ ഉണ്ട്.
കാസർഗോഡ് ഷിറിയ പുഴയിൽ അനധികൃത മണലെടുക്കലിനിടെ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ ഒരാളെ കാണാതായി. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു.ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിം (26) ആണ് കാണാതായത്.കുമ്പള കോസ്റ്റൽ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം. പൊലീസ് പരിശോധന നടത്തുന്നു.