കൊച്ചിയിൽ പൈപ്പ് ലൈൻ തകർന്നു

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
കൊച്ചിയിൽ പൈപ്പ് ലൈൻ തകർന്നു

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുമെന്ന സര്‍ക്കാര്‍ വാഗ്‍ദാനം പാഴായി 

പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടുമെന്ന വാക്ക് പാലിക്കാതെ സംസ്ഥാന സർക്കാർ. പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നീട്ടുമെന്ന പ്രഖ്യാപനം പൊളിഞ്ഞു. നീട്ടി നൽകുമെന്ന് പ്രഖ്യാപിച്ച എച്ച്.എസ്.ടി മലയാളം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. റദ്ദായ കോഴിക്കോട് ജില്ലയിലെ റാങ്ക് ലിസ്റ്റിന് പകരം പിഎസ്‌സി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ വരും ദിവസങ്ങളിൽ റദ്ദാകും. ഒരു വിഭാഗം റാങ്ക് ലിസ്റ്റുകൾ മാത്രം തിരഞ്ഞെടുത്തു കാലാവധി നീട്ടാനുള്ള തീരുമാനമാണ് സർക്കാരിന് തിരിച്ചടിയായത്.

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടല്‍; ശുപാര്‍ശ പുതുക്കാന്‍ സര്‍ക്കാര്‍, മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും

പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ പുതുക്കിയേക്കും. നിയമക്കുരുക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പിഎസ്‌സി സെക്രട്ടറിയെ ചീഫ് സെക്രട്ടറി വിളിച്ചുവരുത്തി. ന്യൂസ് മലയാളമാണ് സർക്കാർ ശുപാർശയിലെ നിയമപ്രശ്നം പുറത്തുകൊണ്ടുവന്നത്. കൂടുതൽ റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, നീട്ടി നൽകുമെന്ന് പ്രഖ്യാപിച്ച എച്ച്എസ്‌ടി മലയാളം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചു. റദ്ദായ കോഴിക്കോട് ജില്ലയിലെ റാങ്ക് ലിസ്റ്റിന് പകരം പിഎസ്‌സി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ വരും ദിവസങ്ങളിൽ റദ്ദാകും. ഒരു വിഭാഗം റാങ്ക് ലിസ്റ്റുകൾ മാത്രം തിരഞ്ഞെടുത്ത്, കാലാവധി നീട്ടാനുള്ള തീരുമാനമാണ് സർക്കാരിന് തിരിച്ചടിയായത്.

പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു; ഇറാന്റെ അഞ്ച് ഓയിൽ ടാങ്കറുകൾ യുഎസ് തകര്‍ത്തു

പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു. റാന്‍ സായുധസേനയായ ഐആർജിസിയുടെ അഞ്ച് ഓയിൽ ടാങ്കറുകൾ യുഎസ് തകര്‍ത്തു. ഇറാന്‍ യുഎസ് യുദ്ധക്കപ്പല്‍ആക്രമിച്ചതിനുള്ള മറുപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രതികരണം. പിന്നാലെ ജോര്‍ദാനിലേക്ക് ഇറാന്‍ ആക്രമണം നടത്തി. ആക്രമണം നടന്നതായി ജോര്‍ദാന്‍ സ്ഥിരീകരിച്ചു. എന്നാല്‍ 20ല്‍ 18 ബാലിസ്റ്റിക് മിസൈലുകളും നിർവീര്യമാക്കിയെന്ന് ജോർദാൻ അവകാശപ്പെട്ടു. അതേസമയം, യുഎസ് മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തതായി ഇറാനും അവകാശപ്പെട്ടു. ഇറാനുമായി ബന്ധമുള്ള 36 കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തി.

സിഎംആർഎൽ എക്സാലോജിക്ക് കേസ്; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇഡി സമന്‍സ്

സാമ്പത്തിക ഇടപാട് കേസില്‍ കൂടുതല്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥർക്ക് ഇഡി സമന്‍സ്. ജീവനക്കാരും ഓഡിറ്റർമാരും അടക്കം ഏഴോളം പേർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കേസില്‍ കൂടുതല്‍ തെളിവ് ശേഖരിച്ചതിനുശേഷം വീണ ടിയെയും വീണ്ടും ചോദ്യം ചെയ്യും. ആദ്യ കുറ്റപത്രവും ഉടന്‍ തയ്യാറാക്കും. കേസില്‍ പിണറായി വിജയന്‍, വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നാണ് ഇഡി ഡിജിപിക്ക് കത്ത് നല്‍കിയിരിക്കുന്നത്. സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെയും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയിരുന്ന സുരേഷ് കുമാറിനെന്റെയും മൊഴിയാണ് പിണറായി വിജയന് തിരിച്ചടിയായിരിക്കുന്നതെന്നാണ് വിവരം. വീണ വഴിയാണ് പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയത്. ശശിധരന്‍ കര്‍ത്ത വീണയ്ക്ക് കൈക്കൂലി നല്‍കുകയും സുരേഷ് കുമാര്‍ അതിന് കൂട്ടുനില്‍ക്കുകയും ചെയ്തതായാണ് ഇഡിയുടെ കണ്ടെത്തല്‍.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പൊലീസ് കേസിലെ എല്ലാ പ്രതികളും ഇഡി കേസിലും പ്രതികള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ പിഎംഎല്‍എ നിയമപ്രകാരം കേസെടുത്ത് ഇഡി. പൊലീസ് കേസിലെ മുഴുവന്‍ പ്രതികളെയും ഇഡി കേസിലും പ്രതികളാക്കി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പുന്നില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അന്വേഷണം നേരിടുന്നവരിൽ നിന്ന് പണമിടപാട് ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. വധശ്രമ കേസിൽ പിഎംഎൽഎ ചുമത്തുന്നത് ആദ്യമാണ്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുത്തതോടെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം. മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11നാണ് യോഗം. നിയന്ത്രണം തുടരേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തത് പ്രതിസന്ധിക്ക് കാരണമാകുന്നു. വൈദ്യുതി ഉപഭോഗവും കൂടി. കഴിഞ്ഞദിവസം പലതവണയായി ഒരു മണിക്കൂറോളം വൈദ്യുതി മുടങ്ങുകയും ചെയ്തിരുന്നു.

പിണറായി വിജയനെതിരായ ഇഡി കേസ്; സര്‍ക്കാര്‍ നിയമോപദേശം തേടി

പിണറായി വിജയൻ കൈക്കൂലി വാങ്ങിയെന്നും കേസ് എടുക്കണമെന്നുമുള്ള ഇഡി നിര്‍ദേശത്തില്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി വി.ഡി. സതീശനും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വിഷയം ചര്‍ച്ച ചെയ്തിരുന്നു. പിന്നാലെയാണ് എജിയോട് നിയമോപദേശം തേടിയത്. ഇഡി ഡിജിപിക്ക് നല്‍കിയ കത്തില്‍ കേസെടുക്കുന്നതിന്റെ നിയമവശങ്ങളാണ് സര്‍ക്കാര്‍ തേടിയത്.

കാലടി സ്റ്റേഷനിലെ കസ്റ്റഡി മര്‍ദന പരാതി; ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ അമര്‍ഷം

കാലടി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ സേനയില്‍ അമര്‍ഷം. അന്വേഷണം നടത്താതെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതെന്നാണ് ആക്ഷേപം. നടപടിക്കു മുന്‍പ് മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചില്ല. ഉദ്യോഗസ്ഥരില്‍നിന്ന് വിശദീകരണം തേടിയില്ലെന്നുമാണ് ആക്ഷേപം.

പിണറായി വിജയനെതിരായ ഇഡി നീക്കം; രാഷ്ട്രീയമല്ല, നിയമപരമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ നിയമപരമായ പരിശോധനകള്‍ക്കുശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും. ഇഡിയുടെ കത്തിലുള്ളത് ഗൗരവമായ കാര്യങ്ങളാണ്. ഇഡി തെളിവുകളും നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പു സമയത്ത് ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ. 2026 മാർച്ച് 15ന് ബിജെപിയുടെ പക്കൽ ഉണ്ടായിരുന്നത് 6722.6 കോടി രൂപ ആയിരുന്നു. 2026 മെയ് ആറിന് ഇത് 7627.6 കോടി രൂപയായി ഉയർന്നു. അസം, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് 160 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. അസമിൽ 96.3 കോടി രൂപയും, തമിഴ്‌നാട്ടിൽ 51.6 കോടി രൂപയും പുതുച്ചേരിയിൽ 11.9 കോടി രൂപയും ചെലവിട്ടു. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവു കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പേരൂർക്കട ജില്ലാ ആശുപത്രിയിലെ ഗര്‍ഭസ്ഥശിശുവിന്റെ മരണം; വീഴ്ച സംഭവിച്ചിട്ടില്ല, അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറും

പേരൂർക്കട ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ചെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് കൈമാറും. ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് സൂചന. കുടപ്പനക്കുന്ന് സ്വദേശി ഷെറിന്‍-റീബ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസിലും ഡിഎച്ച്എസിനും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു. ഡിഎംഒയുടെ നിർദേശപ്രകാരം പേരൂർക്കട സൂപ്രണ്ടിന്റെ നേതൃത്തിലായിരുന്നു പ്രാഥമിക അന്വേഷണം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ, നേഴ്സുമാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റീബയുടെ കേസ് ഷീറ്റ്, മെഡിക്കൽ ഹിസ്റ്ററി എന്നിവയും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഎംഒ തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറും. ഷെറിന്‍-റീബ ദമ്പതികളുടെ മൊഴിയും രേഖ്പെടുത്തിയ ശേഷമാകും അന്തിമ റിപ്പോർട്ട്. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ മാത്രമേ നടപടിയുണ്ടാകൂ.

കർണാടക മന്ത്രിയുടെ വസതിയിൽ ഇഡി റെയ്ഡ്

കര്‍ണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബെംഗളൂരുവിലെ വസതി ഉൾപ്പെടെ 18 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്. എക്സൈസ് വകുപ്പിലെ ക്രമക്കേട് ആരോപണത്തിലായിരുന്നു റെയ്ഡ്. മന്ത്രിയുടെ അടുത്ത ബന്ധുവായ എക്സൈസ് അഡീഷണൽ കമ്മിഷണർ മഞ്ജുനാഥുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന.

അട്ടപ്പാടി ചെന്താമലയിലെ വനത്തിൽ അതിക്രമിച്ചു കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും

അട്ടപ്പാടി ചെന്താമലയിലെ വനത്തിൽ അതിക്രമിച്ചു കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവർക്കെതിരെയാണ് കേസെടുക്കുക. ഇരുവരും ഇന്നലെ ഉച്ചയോടെയാണ് വനത്തിൽ അതിക്രമിച്ചു കയറിയത്. തുടർന്ന് വനത്തിൽ കുടുങ്ങിയ യുവാക്കളെ സാഹസികമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. രാത്രി പതിനൊന്നോടെയാണ് മലമുകളിൽ നിന്നും യുവാക്കളെ കണ്ടെത്തിയത്. ഇവരെ പുലര്‍ച്ചെ നാലോടെയാണ് തിരിച്ചെത്തിച്ചത്. അതിനിടെ രണ്ടു തവണ ആനയുടെ മുന്നിലും പെട്ടു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതിക്ക് ഏഴ് വര്‍ഷം തടവും പിഴയും

എറണാകുളം മൂവാറ്റുപുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രതിക്ക് ഏഴ് വര്‍ഷം തടവും പിഴയും. പല്ലാരിമംഗലം സ്വദേശി രഘുവിനാണ് (61) മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷ ശിക്ഷിച്ചത്. ഒന്നേമുക്കാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. 2022 ഓഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. ഓണാഘോഷ കലാപരിപാടികളുടെ റിഹേഴ്സലിനിടെയാണ് പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

മോർഫിങ് കേസ്; കൂടുതൽ പേരുകൾ വെളിപ്പെടുത്തി ശ്രീഹരി, സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കും

തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിങ് കേസില്‍ കൂടുതല്‍ പേരുകള്‍ വെളിപ്പെടുത്തി ഒന്നാം പ്രതി ശ്രീഹരി. വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരാണ് കുറ്റക്കാര്‍. കേസ് പുറത്തുവന്നതോടെ കുറ്റക്കാരില്‍ പലരും മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതായും മൊഴിയുണ്ട്. കേസില്‍ അറസ്റ്റിലായ ചെങ്ങന്നൂര്‍ സ്വദേശിയായ കോളേജ് വിദ്യാര്‍ഥി സനീഷിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. സാമ്പത്തിക നേട്ടമുണ്ടാക്കിയ സനീഷിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, സനീഷ് തുടങ്ങിയ ടെലഗ്രാം പ്രീമിയം ഗ്രൂപ്പ്‌ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഗ്രൂപ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സൈബര്‍ ടീം. ഗ്രൂപ്പ് ആരംഭിച്ചിട്ട് അധികകാലം ആയില്ലെന്നാണ് സനീഷിന്റെ മൊഴി. കേസില്‍ രണ്ടുപേര്‍ കൂടി പൊലീസ് നിരീക്ഷണത്തിലുണ്ട്.

അനസ്തേഷ്യ മെഷീന്‍ തകരാറിലായി; കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രസവം മുടങ്ങി

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അനസ്തേഷ്യ മെഷീന്‍ തകരാറിലായതോടെ പ്രസവം മുടങ്ങി. നോര്‍മല്‍ ഡെലിവറിയും സിസേറിയനും നടത്താനാവാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ, ആശുപത്രിയില്‍ എത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. തിങ്കളാഴ്ചയാണ് അനസ്തേഷ്യ മെഷീന്‍ തകരാറിലായത്. ഇതിനിടെ ആശുപത്രിയില്‍ അഡ്മിറ്റ് ആയവരോട്, അനസ്തേഷ്യ മെഷീന്‍ കേടാണെന്ന കാര്യം അറിയിച്ചിരുന്നു. ചൊവാഴ്ച രാത്രിയും ഇക്കാര്യം ആവര്‍ത്തിച്ച ആശുപത്രി അധികൃതര്‍ അഡ്മിറ്റായവരോട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഡെലിവറിക്കായി അഡ്മിറ്റ് ചെയ്തിരുന്ന നാലു പേരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്.

മലയാള മനോരമ സ്‌പെഷ്യല്‍ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷ്യല്‍ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു കൊണ്ടുവന്ന പത്രപ്രവർത്തകനായിരുന്നു ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് ജിജോ ആയിരുന്നു. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്. കേരള പ്രസ് അക്കാദമിയിൽ നിന്നു ജേണലിസം പഠനം പൂർത്തിയാക്കിയ ജിജോ അതിനു പിന്നാലെ മനോരമയിൽ പത്രാധിപ സമിതി അംഗമായി. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിൽ അധ്യാപികയായ രമ്യ ജോസഫാണ് ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ. സംസ്കാരം പിന്നീട്.

"നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാ?... ഞാന്‍ വന്നത് മൂത്രം ഒഴിക്കാനാ, നിങ്ങളെ കാണാനല്ല": മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

ഇഡി അന്വേഷണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചങ്ങനാശേരിയില്‍ പരിപാടിക്ക് പോകുന്നതിനിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു പിണറായിയുടെ പ്രതികരണം. കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ പ്രതികരണം തേടിയെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍, "നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാ..." എന്നായിരുന്നു പിണറായിയുടെ പ്രതികരണം. തിരിച്ചിറങ്ങുമ്പോള്‍, "ഞാന്‍ വന്നത് മൂത്രം ഒഴിക്കാനാ... നിങ്ങളെ കാണാനല്ല... കേട്ടാ..." എന്നുമായിരുന്നു പിണറായിയുടെ വാക്കുകള്‍. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളില്‍ പങ്കെടുക്കുന്നതിനായാണ് പിണറായി വിജയന്‍ തിരുവനന്തപുരത്തു നിന്നെത്തിയത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പുനലൂർ സ്വദേശികളായ അനൂപ്-സുധി ദമ്പതികളുടെ നവജാത ശിശുവാണ് ഇന്ന് പുലർച്ചെ മരിച്ചത്. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് പുനലൂർ പൊലീസ് ആശുപത്രിയിൽ എത്തി. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

എസ്ഐആർ: പേരില്‍ അപാകത, പ്രൊഫ. സി.എൻ.ആർ റാവുവിന് നോട്ടീസ്

ഭാരതരത്ന ജേതാവ് പ്രൊഫ. സി.എൻ.ആർ റാവുവിനും എസ്ഐആർ പരീക്ഷണം. പേരിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ്. പ്രൊഫസർ എന്നതിൽ ഒരു എഫ് കൂടിയതാണ് തെറ്റായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

വിമാനം താഴ്ന്നു പറന്നു: കാലടിയില്‍ സ്കൂളിന്റെ ഓടുകൾ പറന്നുപോയി

കാലടിയില്‍ വിമാനം താഴ്ന്നു പറന്നതിനെത്തുടര്‍ന്ന് സ്കൂളിന്റെ ഓടുകള്‍ പറന്നുപോയി. കാലടി ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂള്‍ കെട്ടിടത്തിന്റെ മേൽക്കൂരയിലെ മേച്ചിൽ ഓടുകൾ ആണ് ഇന്നലെ രാത്രി പറന്നു പോയത്. മേൽക്കൂരയിലെ ഓടുകൾ തകർന്ന് ക്ലാസ് മുറികളിലും പരിസരത്തും വീണിട്ടുണ്ട്. നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് പോകുന്ന വിമാനം രാത്രിയിൽ താഴ്ന്നു പറന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് സമീപവാസികൾ പറയുന്നത്. രാത്രി ആയതിനാലും സ്കൂളിൽ കുട്ടികൾ ഇല്ലാതിരുന്നതു കൊണ്ടും വലിയ ദുരന്തം ഒഴിവായി.

മൂന്നാറിൽ വീണ്ടും കടുവ ആക്രമണം

മൂന്നാറിൽ വീണ്ടും കടുവ ആക്രമണം. നെറ്റിക്കുടി ടോപ്പ് ഡിവിഷനിൽ കന്നുകാലിയെ കടുവ ആക്രമിച്ചു കൊന്നു. ഗണപതിയുടെ പശുവിനെയാണ് തേയിലത്തോട്ടത്തിൽ ചത്തനിലയിൽ കണ്ടെത്തിയത്. നേരത്തെ, ഗൂഡാർവേല ഭാഗത്തും കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ശബരിമല പടിപൂജ നടത്തിപ്പ്; ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി

ശബരിമല പടിപൂജ നടത്തിപ്പില്‍ ഉത്തരവ് കർശനമായി പാലിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി. പടിപൂജ ബുക്കിങ് ഡിജിറ്റൈസേഷനും, ജീവിച്ചിരിപ്പില്ലാത്തവരുടെ പേര് ഒഴിവാക്കുന്നതും ഉള്‍പ്പെടെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി., ദിവസം അഞ്ച് പടിപൂജകൾ നടത്താൻ തീരുമാനിച്ചതായും ദേവസ്വം ബോർഡ് അറിയിച്ചു. മുടങ്ങിക്കിടക്കുന്ന പടിപൂജകൾ നടത്തുന്നതിന്റെ ഭാഗമായാണിത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഈമാസം 30 വരെ തുടരും

സംസ്ഥാനത്ത് ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം തുടരും. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിളിച്ച ഉന്നതതല യോഗത്തില്‍ വിലയിരുത്തി. 30നുശേഷം കൂടുതല്‍ വൈദ്യുതി ലഭിച്ചാല്‍ നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തല്‍.

തെലങ്കാനയില്‍ ബിആർഎസ്‌ എംഎൽഎമാർക്കെതിരെ കൂട്ട നടപടി

തെലങ്കാന നിയമസഭയില്‍ ബിആര്‍എസ് എംഎല്‍എമാര്‍ക്കെതിരെ കൂട്ട നടപടി. ബിആർഎസ്‌ വർക്കിങ് പ്രസിഡന്റ് കെ.ടി. രാമ റാവു ഉൾപ്പെടെ മുഴുവൻ എംഎൽഎമാരെയും സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. സ്‌പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിച്ചതിനാണ് നടപടി. സഭാ സമ്മേളനം തീരുംവരെയാണ് സസ്പെന്‍ഷന്‍.

ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമർ സ്വദേശികൾ പിടിയിൽ

ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമർ സ്വദേശികൾ പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇവര്‍ പിടിയിലായത്. അഞ്ച് കിലോഗ്രാമിലധികം കഞ്ചാവാണ് ഇവരില്‍നിന്ന് പിടികൂടിയത്. വിപണിയിൽ രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. സിംഗപ്പുര്‍ ഫ്ലൈറ്റിലാണ് പ്രതികള്‍ എത്തിയത്.

പെരിയ ഇരട്ടക്കൊല കേസ്; പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തള്ളി

പെരിയ ഇരട്ട കൊലപാതകക്കേസില്‍ പരോള്‍ നല്‍കാത്തതിനെതിരെ പ്രതികളുടെ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിന്‍, സുബീഷ് എന്നിവരുടെ അമ്മമാര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തിയാണ് ജയില്‍ അധികൃതര്‍ പരോള്‍ നിഷേധിച്ചത്. ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി അവധി നിഷേധിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അവധി നിഷേധിച്ചതില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ചയില്ല. കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

നിതിന്‍ രാജിന്റെ മരണം: ഡോ. എം.കെ. റാമിന് കര്‍ശന ഉപാധികളോടെ ജാമ്യം

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ്‌ വിദ്യാർഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അധ്യാപകന്‍ ഡോ. എം.കെ. റാമിന് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കര്‍ശന ഉപാധിയോടെ ജാമ്യം നൽകിയത്. കോളേജിൽ പ്രവേശിക്കാൻ പാടില്ല, കുട്ടികളെ സ്വാധീനിക്കാൻ പാടില്ല എന്നിങ്ങനെയാണ് ഉപാധികള്‍. ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷമാണ്‌ ഹർജി വിധിപറയാനായി മാറ്റിയത്‌. കോടതി അനുമതിയോടെ ജൂലൈ 24നാണ്‌ റാമിനെ അറസ്റ്റ്‌ ചെയ്‌തത്‌. സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അഭിഭാഷകനൊപ്പം കീഴടങ്ങാൻ കണ്ണൂരിലേക്ക്‌ വരുന്നതിനിടെ, കുടകിൽനിന്നായിരുന്നു റാമിനെ കസ്റ്റഡിയിലെടുത്തത്‌. എന്നാല്‍, അറസ്റ്റിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടി ജില്ലാ സെഷൻസ്‌ കോടതി പ്രതിയെ വിട്ടയച്ചു. തുടര്‍ന്നാണ് കോടതി അനുമതിയോടെയാണ്‌ വീണ്ടും അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. ​അറസ്റ്റിൽ പൊലീസും പ്രതിഭാഗവും ഒത്തുകളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഹൈക്കോടതിയും തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയും അന്വേഷണസംഘത്തെ വിമർശിച്ചിരുന്നു. കേസിലെ രണ്ടാം പ്രതി ഡോ. സംഗീതയ്‌ക്ക്‌ നേരത്തെ ജില്ലാ സെഷൻസ്‌ കോടതി മുൻകൂർ ജാമ്യം അനുവദിച്ചതാണ്‌.

അനഘയുടെ പരാതിയിൽ ഏകാംഗ ജൂ‍ഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സർക്കാർ ഉത്തരവ്

മലയാളം സർവകലാശാല വിദ്യാർഥി അനഘയുടെ പരാതിയിൽ ഏകാംഗ ജൂ‍ഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് സർക്കാർ ഉത്തരവ്. റിട്ടേയർഡ് ജില്ലാ ജഡ്ജി എ. ഹാരിസിനാണ് അന്വേഷണ ചുമതല. ജാതി അധിക്ഷേപം അടക്കം അനഘ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാനാണ് ഉത്തരവ്. 30 പ്രവൃത്തി ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. വയനാട്ടിലെ സ്കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ച സംഭവം അന്വേഷിച്ചത് എ ഹാരിസിന്റെ നേതൃത്വത്തിലായിരുന്നു. ജാതി അധിക്ഷേപം നടത്തിയ അധ്യാപകരെ അറസ്റ്റ് ചെയ്യുക, ഗവേഷണത്തിന് ആവശ്യമായ പിന്തുണ നൽകുക, ഹോസ്റ്റലില്‍ അതിക്രമം നടത്തിയ സഹവിദ്യാര്‍ഥിക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അനഘ നടത്തിയ സമരം 24 ദിവസങ്ങൾക്കുശേഷമാണ് ഒത്തുതീർപ്പിനെ തുടർന്ന് അവസാനിപ്പിച്ചത്.

സർവകലാശാലകളില്‍ കോൺഗ്രസ്- ആർഎസ്എസ് പരസ്പ‌ര ധാരണയെന്ന് എസ്എഫ്ഐ

സർവകലാശാലകളിലുടനീളം സംഘപരിവാറിൻ്റെ താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നവരെ തിരുകികയറ്റുന്നത് കോൺഗ്രസിന്റെയും ആർഎസ്എസിൻ്റെയും കൃത്യമായ പരസ്പ‌ര ധാരണയുടെ ഭാഗമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. വകുപ്പുമന്ത്രിമാരെ നോക്കുകുത്തികളാക്കി വിസിമാർ ആർഎസ്എസിന്റെ നയങ്ങൾ നടപ്പിലാക്കുകയാണെന്നും വന്ദേമാതര പ്രതിഷേധത്തിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് വേട്ടയാടുകയാണെന്ന്പി എസ് സഞ്ജീവ് മാധ്യമങ്ങളോട് പറഞ്ഞു.

സവാള വിലക്കയറ്റം; ഇടപെട്ട് സര്‍ക്കാര്‍

പൊതു വിപണിയിലെ സവാള വിലക്കയറ്റത്തിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 100 ടൺ സവാള അടിയന്തരമായി എത്തിക്കും. ആദ്യപടിയായി 20 ടൺ സവാള എത്തി. ഇതിൽ 10 ടൺ മലബാർ മേഖലയിലും 10 ടൺ തെക്കന്‍ കേരളത്തിലും വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് അറിയിച്ചു.പൊതുവിപണിയിൽ 65 മുതൽ 70 രൂപയുള്ള സവാള കിലോയ്ക്ക് 35 രൂപ നിരക്കിലാണ് ഹോർട്ടികോർപ്പ് വഴി വിതരണം ചെയ്യുന്നത്.

സമൂഹത്തിലും മാധ്യമങ്ങളിലും ഇസ്ലാമോഫോബിയ വർധിക്കുന്നു: ഷുക്കൂർ സലാഹി

സമൂഹത്തിലും മാധ്യമങ്ങളിലും ഇസ്ലാമോഫോബിയ വർധിക്കുന്നുവെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സലാഹി. ചിലർ ബോധപൂർവം മുസ്ലീങ്ങളെ ലക്ഷ്യമിട്ട് കുപ്രചരണങ്ങൾ നടത്തുന്നുണ്ട്. ഒരു മതത്തെ മുഴുവൻ സംശയനിഴലിൽ നിർത്താനാണ് ഇവരുടെ നീക്കം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു സമുദായത്തെ ഒന്നാകെ കുറ്റപ്പെടുത്തുന്നുവെന്നും വിഷയം തുറന്നുകാണിക്കാൻ ഐഎസ്‌എം മലയാള മാധ്യമങ്ങളിലെ ഇസ്ലാമോഫോബിയ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുമെന്നും, കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുമെന്നും ഷുക്കൂർ സ്വലാഹി വ്യക്തമാക്കി.

പിറവത്ത് കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം കളമ്പൂരിൽ നിന്ന് കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കളമ്പൂർ ഇടയാർമലയിൽ സ്വദേശി കാവുമ്മയാണ് മരിച്ചത്. 85 വയസായിരുന്നു. ഇവരുടെ വീട്ടിൽ നിന്ന് 50 മീറ്റർ മാത്രം ദൂരമുള്ള പൈനാപ്പിൾ തോട്ടത്തിലെ കുഴിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഇത് വഴി കടന്നു പോയ സമയത്ത് കാൽ വഴുതി കിണറ്റിൽ വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാവുമ്മയെ കാണാതായത്. തുടർന്ന് ഇവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൈനാപ്പിൽ തോട്ടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സര്‍ക്കാര്‍ അനാസ്ഥ; ആയുർവേദ കോളേജുകൾ ബിഎഎംഎസ് അഖിലേന്ത്യ ക്വോട്ടയിൽ നിന്ന് പുറത്ത്

സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്റെയും ആയുഷ് ഡയറക്ടറേറ്റിന്റെയും കടുത്ത അനാസ്ഥയെ തുടർന്ന് ആയുർവേദ ബിരുദ ചികിത്സാ കോഴ്സായ ബിഎഎംഎസിന്റെ അഖിലേന്ത്യാ ക്വോട്ടയിലേക്കുള്ള പ്രവേശനത്തിൽനിന്ന് സംസ്ഥാനത്തെ സർക്കാർ ആയുർവേദ കോളേജുകൾ പുറത്ത്. അടിസ്ഥാന സൗകര്യങ്ങളുടെയും അധ്യാപകരുടെയും കുറവ് പരിഹരിക്കാമെന്ന സത്യവാങ്മൂലം കൃത്യസമയത്ത് സമർപ്പിക്കാൻ വൈകിയതിനെ തുടർന്നാണ് നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ കോളേജുകളെ പുറത്താക്കിയത്. ​തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ സർക്കാർ ആയുർവേദ കോളേജുകൾക്കാണ് ഇതോടെ അഖിലേന്ത്യ ക്വോട്ട നഷ്ടമായത്. ഇതിനുപുറമെ ഈ കോളേജുകളിലെ ഡിഗ്രി, പിജി സീറ്റുകൾ വെട്ടിക്കുറയ്ക്കാനും കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം ഉറപ്പായ മിടുക്കരായ മലയാളി വിദ്യാർഥികൾക്ക് സ്വന്തം സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ പഠിക്കാനുള്ള അവസരമാണ് അധികൃതരുടെ വീഴ്ചമൂലം നഷ്ടമായത്.

നിവിന്‍ പോളി ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ഷോക്കേറ്റ് മരണം

ആലുവയിലെ ഷൂട്ടിങ് സെറ്റിൽ ഷോക്കേറ്റ് മരണം. നിവിൻ പോളി ചിത്രത്തിന്റെ ആലുവ എടയാറിലെ ഷൂട്ടിങ് സെറ്റിലായിരുന്നു സംഭവം. തൃശൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്.

പുനലൂർ താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം; അന്വേഷണം നടത്താൻ കൊല്ലം ഡിഎംഒയെ ചുമതലപ്പെടുത്തിയതായി ബിന്ദു കൃഷ്ണ

പുനലൂർ താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ കൊല്ലം ഡിഎംഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഗുരുതരമായ ആരോപണമാണ് കുട്ടിയുടെ പിതാവ് ഉന്നയിക്കുന്നത്. വളരെ ഗൗരവത്തോടെയാണ് സർക്കാർ വിഷയത്തെ കാണുന്നതെന്നും അവർ പറഞ്ഞു.

പയ്യന്നൂരിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്ന് വീണു; 6 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

കണ്ണൂർ പയ്യന്നൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്ന് വീണു. ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. രണ്ടാം നിലയുടെ കോൺക്രീറ്റ് പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കരുവാറ്റ കൊലപാതകം; കേസിൽ പ്രതികളായ 3 കുട്ടികളുടെ തെളിവെടുപ്പ് അനുമതിക്ക് സ്റ്റേ

കരുവാറ്റ കൊലപാതകത്തിൽ കേസിൽ പ്രതികളായ 3 കുട്ടികളുടെ തെളിവെടുപ്പ് അനുമതിക്ക് സ്റ്റേ. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിൻ്റെ അനുമതി സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ബോര്‍ഡിൻ്റെ ഉത്തരവിനെതിരായ ഹര്‍ജിയില്‍ പൊലീസിൻ്റെ മറുപടി തേടി. ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം വെള്ളിയാഴ്ച പരിഗണിക്കും.

നിതിൻ രാജിൻ്റെ മരണം; ഒന്നാം പ്രതി ഡോ. എം.കെ. റാം ജയിൽ മോചിതനായി

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിൽ ഒന്നാം പ്രതി ഡോ എം.കെ. റാം ജയിൽ മോചിതനായി. ജാമ്യം കിട്ടിയതിന് പിന്നാലെ കണ്ണൂർ സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി.

ടിവികെ മുന്നണിക്ക് 'മതസാർപെട്ര സമൂഹനീതി വെട്രി കൂട്ടണി' എന്ന് പേരിട്ടു

ടിവികെ മുന്നണിക്ക് 'മതസാർപെട്ര സമൂഹനീതി വെട്രി കൂട്ടണി' എന്ന് പേരിട്ടു. പനയൂരിൽ നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം. ടിവികെ, കോൺഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ് എന്നിവർ മുന്നണിയിലുണ്ട്. യോഗത്തിൽ നിന്ന് സിപിഐഎം, സിപിഐ പാർട്ടികൾ വിട്ടുനിന്നു.

ഗൾഫ് മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഒരു നാവികൻ കൊല്ലപ്പെട്ടു

ഇറാൻ-യുഎസ് സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെ ഗൾഫ് മേഖലയിൽ നിരവധി കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായി. നിരവധി കപ്പലുകളിൽ തീപ്പിടിത്തമുണ്ടായതായി ബ്രിട്ടീഷ് സമുദ്രനിരീക്ഷണ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിച്ച 20 കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ജിന്ന് മന്ത്രിച്ച പഴം എന്ന വ്യാജേന തട്ടിപ്പ്; കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ

ജിന്ന് മന്ത്രിച്ച പഴം എന്ന വ്യാജേന തട്ടിപ്പ്. വ്യാജ ചികിത്സാ കേന്ദ്രം പൂട്ടിച്ചു നാട്ടുകാർ. മലപ്പുറം തിരുന്നാവായ കൊടക്കലിലെ 'ജിന്ന് മഹർ' എന്ന കേന്ദ്രമാണ് പൂട്ടിച്ചത്. അബു അലവി എന്നയാളാണ് ഭക്തി ചൂഷണം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. ജിന്ന് മന്ത്രിച്ച് ഊതിയ പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ജിന്ന് ആണെന്ന് പറഞ്ഞു ഒരാളെ മൂടിപ്പുതച്ച് ഇരുത്തിയായിരുന്നു തട്ടിപ്പ്. ഒരു ഏത്തപ്പഴം 2,500 രൂപയ്ക്കാണ് ലേലം ചെയ്തത്.

സിഎംആർഎൽ എക്സാലോജിക്ക് കേസ്; സർക്കാർ തുടർനടപടികൾ എജിയുടെ റിപ്പോർട്ടിന് ശേഷമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ എക്സാലോജിക്ക് കേസിൽ സർക്കാർ തുടർനടപടികൾ എജിയുടെ റിപ്പോർട്ടിന് ശേഷം മാത്രമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിശദമായി പരിശോധിക്കേണ്ട കാര്യങ്ങൾ ആണ് ഉള്ളത്. എ.ജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അത് അന്വേഷിച്ച ശേഷമേ സർക്കാർ നിലപാട് സ്വീകരിക്കൂവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ചവറയിൽ മാതാവിന് മകൻ്റെ ക്രൂര മർദനം

കൊല്ലം ചവറയിൽ മാതാവിന് മകൻ്റെ ക്രൂര മർദനം. മണ്ണാന്തറ കിഴക്കതിൽ വേണുവാണ് അമ്മയെ മർദിച്ചത്. കെഎംഎംഎൽ ജീവനക്കാരനാണ് വേണു. മദ്യലഹരിയിലായിരുന്നു ആക്രമണം.

കളമശേരിയിൽ അമിത വേഗത്തിലെത്തിയ ലോറി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു

കളമശേരിയിൽ അമിത വേഗത്തിലെത്തിയ ലോറി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു. ഇലക്ട്രിക് പോസ്റ്റുകൾ തകർത്തു. രണ്ടു വാഹനങ്ങളും തകർത്തു. കർണാടക രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടം ഉണ്ടാക്കിയത്. ഡ്രൈവർ മദ്യലഹരിയിലാണെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസും നാട്ടുകാരും ഏറെ ശ്രമിച്ചിട്ടും ഇയാൾ ഡോർ തുറക്കാൻ തയാറായില്ല. തുടർന്ന് വർക്ക് ഷോപ്പിൽ നിന്നും ആൾ എത്തി ഡോർ തുറന്ന് ഡ്രൈവറെ പുറത്തെത്തിച്ചു.

പയ്യോളിയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

കോഴിക്കോട് പയ്യോളിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് അപകടം. ദേശീയപാതയിൽ അമിത വേഗതയിലെത്തിയ കാർ ഡിവൈഡറിലിടിച്ച് കയറുകയായിരുന്നു. കാറിലുണ്ടായ മൂന്നുപേർക്ക് പരിക്കേറ്റു. തിക്കോടി സ്വദേശികൾക്കാണ് പരിക്കേറ്റത്. വടകര ഭാഗത്ത് നിന്ന് പയ്യോളിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിൻ്റെ മുൻഭാഗം തകർന്നു.

കൊച്ചിയിൽ പൈപ്പ് ലൈൻ തകർന്നു

കൊച്ചിയിൽ പൈപ്പ് ലൈൻ തകർന്നു. ആലുവയിൽ നിന്നും എറണാകുളത്തേക്ക് കുടിവെള്ളമെത്തിക്കുന്ന 350 എംഎം പൈപ്പ് ലൈൻ ആണ് തകർന്നത്. പമ്പിങ് പൂർണമായി നിർത്തിവച്ചു.

News Malayalam 24x7
newsmalayalam.com