ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; കമ്മിറ്റിയിൽ 163 അംഗങ്ങൾ

ഇന്നത്തെ പ്രധാന വാർത്തകള്‍ വായിക്കാം...
ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; കമ്മിറ്റിയിൽ 163 അംഗങ്ങൾ

ഇന്ന് അഷ്ടമിരോഹിണി

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് ഒരുങ്ങി ക്ഷേത്രങ്ങൾ. ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 9 മണിക്ക് ഉറിയടി ഘോഷയാത്ര ആരംഭിക്കും. അമ്പലപ്പുഴ ക്ഷേത്രത്തിലും ഭക്തരുടെ നീണ്ടനിരയാണ് ഉള്ളത്.

കോൺഗ്രസ് പ്രാദേശിക നേതൃത്വം വെട്ടിൽ 

വയനാട്ടിൽ പഞ്ചായത്തംഗം ജോസ് നെല്ലേടം ജീവനൊടുക്കിയ സംഭവത്തിൽ വെട്ടിലായി കോൺഗ്രസ് പ്രാദേശിക നേതൃത്വം. മുള്ളൻക്കൊല്ലിയിലെ പാർട്ടി പ്രശ്നങ്ങൾ പഠിക്കാൻ കെപിസിസി കമ്മറ്റിയെ നിയോഗിക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റത്തിനും സാധ്യതയുണ്ട്. നെല്ലേടത്തിൻ്റെ കുടുംബത്തിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തും.

നിയമസഭാ സമ്മേളനം നാളെ മുതൽ

രാഷ്‌ട്രീയ വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കേ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. കാക്കി ക്രൂരത ഉയർത്തി സഭ പ്രക്ഷുബ്ദമാക്കാൻ പ്രതിപക്ഷം ഒരുങ്ങുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന ആരോപണങ്ങൾ ആയുധമാക്കാനാണ് എൽഡിഎഫിൻ്റെ നീക്കം.

അങ്കണവാടി ടീച്ചർക്കെതിരെ കേസ് എടുക്കാതെ പൊലീസ്

കൊല്ലത്ത് നാല് വയസുകാരനോട് ക്രൂരത കാട്ടിയ അങ്കണവാടി ടീച്ചർക്കെതിരെ കേസ് എടുക്കാതെ പൊലീസ്. വിശദവിവരങ്ങൾ കിട്ടിയതിന് ശേഷം മാത്രം തുടർ നടപടികൾ എടുക്കും എന്നാണ് വിശദീകരണം. കെഎസ്‌യു സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്.

"ചൈനയ്ക്ക് മേൽ 50 മുതൽ 100 ശതമാനം വരെ തീരുവ ചുമത്തണം"

ചൈനയ്ക്ക് മേൽ 50 മുതൽ 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് നാറ്റോ അംഗരാജ്യങ്ങളോട് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ് ആവശ്യപ്പെട്ടു. റഷ്യക്കെതിരെ നടപടി എടുക്കുന്നതിൽ കൂടുതൽ ഇടപെടലുകൾ വേണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. നാറ്റോ രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഞെട്ടിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

അറബ്- ഇസ്ലാമിക് ഉച്ചകോടി നാളെ

ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര അറബ്-ഇസ്ലാലാമിക് ഉച്ചകോടി നാളെ ദോഹയിൽ വച്ച് നടക്കും. അതേസമയം, ഇസ്ലാമിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും.

ആവേശപ്പോരാട്ടം ഇന്ന് 

ക്രിക്കറ്റ് ലോകത്തെ ആവേശപ്പോരാട്ടത്തിനൊരുങ്ങി ഇന്ത്യയും പാകിസ്ഥാനും. ഏഷ്യാകപ്പിലെ ക്ലാസിക് പോര് രാത്രി എട്ടിന് ദുബായിൽ വച്ച് നടക്കും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ പോരാട്ടം. മാഞ്ചസ്റ്റർ നാട്ടങ്കത്തിൽ സിറ്റിയും യുണൈറ്റഡും നേർക്കുനേർ എത്തുന്ന മത്സരം മത്സരം രാത്രി ഒൻപതിന് ഇത്തിഹാദിൽ വച്ച് നടക്കും. ലിവർപൂൾ എവേമത്സരത്തിൽ ബേൺലിയെ നേരിടും.

ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്നിറങ്ങും

ഹോങ്കോങ് ഓപ്പൺ ബാഡ്മിൻ്റണിൽ കിരീടം ഉന്നമിട്ട് ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്നിറങ്ങും. കലാശപ്പോരിൽ ചൈനീസ് താരം ലി ഷിഫെങാണ് എതിരാളി. ഡബിൾസിൽ സാത്വിക്, ചിരാഗ് സഖ്യത്തിനും ഇന്ന് ഫൈനൽ പോരാട്ടം.

കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

വനിതാ ഏഷ്യാകപ്പ് ഹോക്കിയിൽ കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഫൈനലിൽ ചൈനയാണ് എതിരാളികൾ. ഇന്നത്തെ മത്സരത്തിൽ കിരീടം നേടുന്നവർക്ക് ലോകകപ്പിന് യോഗ്യത നേടും. വൈകീട്ട് അഞ്ചരയ്ക്കാണ് മത്സരം.

അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചിയിലെ ഐടി കമ്പനി ഉടമയ്‌ക്കെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. സിഇഒ വേണു ഗോപാലകൃഷ്ണനെതിരായ അന്വേഷണമാണ് ഊർജിതമാക്കിയത്. മുൻജീവനക്കാരി നൽകിയ പീഡന പരാതിയിലാണ് അന്വേഷണം.

സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാഹനം എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.

രണ്ടാം പ്രതിയെ ഇന്ന് നാട്ടിൽ എത്തിക്കും

കോഴിക്കോട് വിജിൽ നരഹത്യ കേസിൽ പിടിയിലായ രണ്ടാം പ്രതി രഞ്ജിത്തിനെ ഇന്ന് നാട്ടിൽ എത്തിക്കും. ഇന്നലെയാണ് രഞ്ജിത്തിനെ തെലങ്കാനയിൽ വച്ച് എലത്തൂർ പൊലീസ് പിടികൂടിയത്. രണ്ട് പ്രതികൾ നേരത്തെ പിടിയിലായെങ്കിലും രഞ്ജിത്ത് ഒളിവിൽ പോയിരുന്നു. ആദ്യം ബാംഗ്ലൂരിലേക്കും അവിടെ നിന്ന് തെലുങ്കാനയിലേക്കുമാണ് രഞ്ജിത്ത് രക്ഷപ്പെട്ടത്.

വിമാനം റദ്ദാക്കി

തിരുവനന്തപുരം വിമാനത്താവളത്തിൽ 7. 30ന് പുറപ്പെടേണ്ട എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനം റദ്ദാക്കി. പകരം സംവിധാനം ഒരുക്കാതെയാണ് യാത്രാ വിമാനം റദ്ദാക്കിയത്. അവസാന നിമിഷം വിമാനം റദ്ദാക്കുന്നത് യാത്രക്കാർക്കിടയിൽ വൻ പ്രതിഷേധത്തിന് വഴിവെച്ചു. ടിക്കറ്റുകൾ 17 ആം തീയതിയിലേക്ക് മാറ്റിയെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. നാളെ ജോലിയിൽ പ്രവേശിക്കേണ്ട പലരും വിമാനത്തിലുണ്ടായിരുന്നതായി വിവരം.

ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പസംഗമം നടത്തുന്നതെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജി. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. ദേവസ്വം ബോർഡുകളെ രാഷ്ട്രീയ വൽക്കരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.

യുവാവിന് ദാരുണാന്ത്യം 

കോട്ടയം ഈരാറ്റുപേട്ടയിൽ ബൈക്ക് കെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചിപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്. റോഡിലെ വളവ് തിരിയാതെ ബൈക്ക് നേരെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കാട്ടാന ചരിഞ്ഞ നിലയിൽ

പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കച്ചേരിപ്പറമ്പ് നെല്ലിക്കുന്നിലാണ് സംഭവം. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് കാട്ടാനയെ ചരിഞ്ഞ ലീൽ നാട്ടുകാർ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിന്നുകൾ അടിച്ചു;  യുവദമ്പതികൾ പിടിയിൽ

ഹണി ട്രാപ്പിൽ കുടുക്കിയ യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ച് കെട്ടിത്തൂക്കി. റാന്നി സ്വദേശിയുടെ ജനനേന്ദ്രയിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. പത്തനംതിട്ട ചരൽക്കുന്നിൽ നടന്ന സംഭവത്തിൽ യുവദമ്പതികളായ ജയേഷ്, ഭാര്യ രശ്മി എന്നിവർ പിടിയിലായി.

"മന്ത്രിസഭയുടേത് സുപ്രധാന തീരുമാനം"

ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അനുമതി നൽകിയ തീരുമാനം സുപ്രധാനമെന്ന് മന്ത്രി എ. കെ. ശശീന്ദ്രൻ.വന്യജീവി ആക്രമണം തടയാൻ കേന്ദ്ര സർക്കാരിനോട് പല നിർദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. കേന്ദ്രം ഫലപ്രദമായ ഇടപെടൽ നടത്തിയില്ല. കേന്ദ്രത്തിലെ പ്രതീക്ഷ അവസാനിച്ചപ്പോഴാണ് സർക്കാർ സ്വന്തം നിലക്ക് തീരുമാനം എടുത്തത് എന്ന് മന്ത്രി അറിയിച്ചു.

ടി.സിദ്ധിഖ് എംഎൽഎയ്‌ക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി 

ടി.സിദ്ധിഖ് എംഎൽഎയ്‌ക്കെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. അധികാരത്തിനും പണത്തിനും വേണ്ടി കോൺഗ്രസുകാർ സാധാരണ പ്രവർത്തകരെ കൊലയ്ക്ക് കൊടുക്കുകയാണ്. കോൺഗ്രസ് വയനാട്ടിൽ മരണത്തിൻ്റെ വ്യാപാരികൾ ആകുകയാണ്. കഴിഞ്ഞദിവസം മരിച്ച കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ പോലും പോകാൻ ധൈര്യമില്ലാത്തവരാണ് കോൺഗ്രസിൻ്റെ വയനാട്ടിലെ എംഎൽഎമാരും വയനാട് എംപിയും എന്നും റഫീഖ് ആരോപിച്ചു.

കെഎസ്ആർടിസി ബസിൽ കാറിടിച്ച് കാർ യാത്രകികൻ മരിച്ചു

കെഎസ്ആർടിസി ബസിൽ കാറിടിച്ച് കാർ യാത്രക്കാരൻ മരിച്ചു.തമിഴ്നാട് മധുര സ്വദേശി പ്രവീൺകുമാറാണ് മരിച്ചത്.ചിറ്റൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഗുരുവായൂർ അമ്പലത്തിൽ നിന്നും തൊഴുത് മടങ്ങുകയായിരുന്ന മധുര സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

കൂടുതൽ തെളിവുകൾ കൈമാറി പരാതിക്കാരൻ

മഞ്ഞുമ്മൽ ബോയിസ് സാമ്പത്തിക തട്ടിപ്പ് കൂടുതൽ തെളിവുകൾ പരാതിക്കാരൻ കൈമാറി. സൗബിൻ ഷാഹിറിനോടും മറ്റ് പ്രതികളോടും പലപ്പോഴായി പണം ആവശ്യപ്പെട്ടപ്പോൾ നൽകിയ മറുപടികളടക്കമാണ് കൈമാറിയത്. പരാതിക്കാരൻ്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

രാഹുലിനെതിരെ കോൺഗ്രസ് വാരിയേഴ്സ് ഫെയ്സ് ബുക്ക് പോസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്കെതിരെ കോൺഗ്രസ് വാരിയേഴ്സ് ഫേസ്ബുക്ക് പോസ്റ്റ്. മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം രാഹുലിൻ്റെ അല്ലെങ്കിൽ അത് രാഹുൽ തുറന്നു പറയണം. അതിനുശേഷം ആകണം നിയമസഭയിലേക്ക് പോകേണ്ടത് വ്യാജവാർത്ത പുറത്തുവിട്ടതിന് മാധ്യമങ്ങൾക്കെതിരെ നിയമം നടപടി സ്വീകരിക്കണം. എന്നാൽ പോസ്റ്റിട്ട പേജിന് കോൺഗ്രസുമായി ബന്ധമില്ലെന്നാണ് നേതൃത്വത്തിൻ്റെ ഔദ്യോഗിക വിശദീകരണം.

പരസ്യ പ്രതികരണത്തിന് ഇല്ല

പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് ജോസ് നെല്ലേടത്തിൻ്റെ കുടുംബം. പ്രതികരണങ്ങൾ നടത്തി ഒരു കുടുംബത്തെ കൂടി അനാഥമാക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ജോസ് നെല്ലേടത്തിനെതിരെ മോശം പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസിൽ ഇന്ന് തന്നെ പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.

പുതിയ മാനദണ്ഡം പുറത്തിറക്കി  ആരോഗ്യ വകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരക്കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതു കുളങ്ങളും കിണറുകളും വൃത്തിയാക്കാൻ പുതിയ മാനദണ്ഡം പുറത്തിറക്കി ആരോഗ്യ വകുപ്പ്. അതീവ ജാഗ്രത വേണം എന്നും നിർദേശം.

13 കാരിയുടെ ആരോഗ്യനില തൃപ്തികരം

ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ 13 കാരിയെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. ആരോഗ്യ നില പൂർണ്ണ തൃപ്തികരമെന്ന് ആശുപ്തരി അധികൃതർ അറിയിച്ചു.

അന്വേഷണം പുരോഗമിക്കുന്നു

തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുവെന്ന് സുൽത്താൻബത്തേരി ഡിവൈഎസ്പി. കേസിൽ ഒരാൾ ഒളിവിലാണ്. അയാൾക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് അന്വേഷണസംഘം അറിയിച്ചു.

കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മലപ്പുറം വാണിയമ്പലത്താണ് അപകടമുണ്ടായത്. മുരളി കൃഷ്ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്ക് ഏൽക്കുകയായിരുന്നു.

ടേക്ക് ഓഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു

കണ്ണൂരിൽ ടേക്കോഫിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു. ഇതിനെത്തുടർന്ന് കണ്ണൂർ - അബുദബി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. രാവിലെ 6.36 ന് ടേക്കോഫ് ചെയ്ത വിമാനം 45 മിനിറ്റ് കൊണ്ട് തിരിച്ചിറക്കുകയായിരുന്നു.

തിരുവഞ്ചൂരുമായുള്ള ഓഡിയോ പുറത്തുവിട്ട് എൻ. എം. വിജയൻ്റെ കുടുംബം

തിരുവഞ്ചൂർ രാധാകൃഷ്ണനുമായുള്ള ഓഡിയോ പുറത്തുവിട്ട് എൻ. എം. വിജയൻ്റെ കുടുംബം. വാക്കു പറഞ്ഞവർക്ക് പാലിക്കാൻ മര്യാദയുണ്ടായിരുന്നു. ഇവർ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നാണ് തിരുവഞ്ചൂർ പറയുന്നത്. കരാർ ചതിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ലെന്നും, പാലിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും ശബ്ദരേഖയിലുണ്ട്.

മലപ്പുറത്ത് രണ്ടിടങ്ങളിലായി ഷോക്കേറ്റ് രണ്ടുപേർ മരിച്ചു

മലപ്പുറത്ത് രണ്ടിടങ്ങളിലായി ഷോക്കേറ്റ് രണ്ടുപേർ മരിച്ചു. വാണിയമ്പലത്ത് കാർ കഴുകുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് മുരളി കൃഷ്ണനും, ചാലിയാർ കാനക്കുത്ത് നഗറിൽ ആട്ടിൻക്കൂട്ടിലെ ബൾബിൽ നിന്നും ഷോക്കേറ്റ് ശേഖരനും മരിച്ചു.

ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ചു എന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ ഡിവൈഎഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് മാർച്ചിന് പിന്നാലെ ഓഫീസിന് നാശം വരുത്തി എന്ന പരാതിയിലാണ് കേസ്.

മലപ്പുറത്ത് ലോറി കുളത്തിൽ വീണ് അപകടം

മലപ്പുറം എടവണ്ണയിൽ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് അപകടം. അപകടത്തിൽപ്പെട്ട ലോറി കുളത്തിൽ നിന്നും ഉയർത്തി.

ശ്രീകൃഷ്ണ ജയന്തിക്കിടെ ആന ഇടഞ്ഞു

പാലക്കാട് കുന്നത്തൂർ മേടിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു. ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചെറുപ്പളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്.

കോടഞ്ചേരിയിൽ14കാരനെ കാണാനില്ല

കോഴിക്കോട് കോടഞ്ചേരിയിൽ 14കാരനെ കാണാതായി പരാതി. ചുണ്ടക്കുന്ന് ഉന്നതിയിലെ വിനീതിനെയാണ് കാണാതായത്. കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വിനീത്. സപ്തംബർ അഞ്ചിനാണ് വിനീതിനെ കാണാതായത്.

ചേർത്തലയിൽ കഞ്ചാവ് വേട്ട

ചേർത്തല റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 26 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത ഒരാളും, അജുറുൾ മുള്ള (35), സിമൂൾ എസ്.കെ. (18) എന്നിവരുമാണ് പിടിയിൽ ആയത്. ചേർത്തല എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.

കെപിസിസി തീരുമാനം അംഗീകരിച്ച് ഹൈക്കമാൻഡ്

രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേ ണ്ടെന്ന കെപിസിസി തീരുമാനം അംഗീകരിക്കുന്നു എന്ന് ഹൈക്കമാൻ്റ്. സഭയിൽ പാർട്ടി വിപ്പ് ബാധകമെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കുനാൽ ഘോഷ് എംപിയെ ടിഎംസി സസ്പെൻ്റ് ചെയ്തിന് ശേഷവും വിപ്പ് നൽകിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ഹൈക്കമാൻഡിൻ്റെ പ്രതികരണം.

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി  

തൃശൂർ ആളൂർ ആനത്തടത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. പുതുശ്ശേരി കന്നപ്പിള്ളി വീട്ടിൽ ദേവസിയാണ് (66) മരിച്ചത്. അൽഫോൻസ താമസിക്കുന്ന വീട്ടിൽ എത്തിയാണ് ദേവസ്സി ഭാര്യയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അൽഫോൺസയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 7.45യോടെയാണ് സംഭവം.

പൊലീസിനെതിരെ പ്രതിഷേധം

അടിപിടി കേസ് വർഗീയമാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പൊലീസിനെതിരെ പ്രതിഷേധം. നാദാപുരം വളയത്ത് യുഡിഎഫിൻ്റെ നേതൃത്വത്തിൽ വളയം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി.

ആനയെ തളച്ചു 

പാലക്കാട് കുന്നത്തൂർമേട് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനിടെ വിരണ്ട് ഓടിയ ആനയയെ തളച്ചു. ആനയുടെ മുൻ പാപ്പാൻ എത്തിയാണ് ആനയെ മെരുക്കിയത്. പുറത്തുണ്ടായിരുന്ന ആളുകളെ താഴെയിറക്കിയിരുന്നു. എലിഫൻ്റ് സ്ക്വാഡും, പാപ്പാന്മാരും ചേർന്നാണ് ആനയെ തളച്ച് യുവാക്കളെ താഴെ ഇറക്കിയത്. കുന്നതൂർമേട് ബാലമുരളി ട്രസ്റ്റ് നടത്തുന്ന ചടങ്ങിനിടെ ആന ഇടയുകയായിരുന്നു.

നിർമാണം പൂർത്തിയാകുന്നതിനു മുൻപ് ഉദ്ഘാടനം; പരാതിയുമായി സിപിഐഎം

മൂവാറ്റുപുഴയിൽ റോഡ് നിർമാണം പൂർത്തിയാകുന്നതിനു മുൻപ് പൊലീസ് ഉദ്യോഗസ്ഥൻ ഉദ്ഘാടനം നടത്തിയതിൽ പരാതിയുമായി സിപിഐഎം. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി സെക്രട്ടറി അനീഷ് എം. മാത്യു ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ സിദ്ദിഖിന് എതിരെയാണ് പരാതി.

അങ്കമാലിയിലെ സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു

അങ്കമാലിയിലെ സ്വകാര്യ ബസ് സമരം അവസാനിപ്പിച്ചു. സ്വകാര്യ ബസ് തൊഴിലാളികളുമായി ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിൽ സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നടത്തും.

യുവാവ് ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് മൂടാടിയിൽ റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. മൂടാടി ഹിൽ ബസാർ സ്വദേശി അഭിലാഷ് (42)ആണ്‌ മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

കെപിസിസി നേതൃയോഗം നാളെ

കെപിസിസി നേതൃ യോഗം നാളെ 11 മണിക്ക് ചേരും. രാഹുൽ മാങ്കൂട്ടത്തിൽ വിവാദവും ചർച്ചയാകുമെന്ന് സൂചന.

ഇന്ത്യക്ക് നിരാശ 

ഹോങ്കോങ് ഓപ്പൺ ബാഡ്മിൻ്റണിൽ സാത്വിക് ചിരാഗ് സഖ്യത്തിന് തോൽവി. ഫൈനലിൽ ചൈനീസ് താരങ്ങളോട് തോറ്റു. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ ജോഡിയുടെ തോൽവി.

സ്കോർ: 21-19; 14-21; 17-21

ഫിറോസ്-ജലീൽ പോര് മുറുകുന്നു

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും കെ.ടി. ജലീലും തമ്മിലുള്ള ആരോപണ-പ്രത്യാരോപണം മുറുകുന്നു. ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ സർവകലാശാലയ്ക്ക് വേണ്ടി നടത്തിയ ഭൂമി ഇടപാടുകളിൽ വിജിലൻസ് അന്വേഷണത്തിന് തയ്യാറാണോ എന്ന് ഫിറോസ് വെല്ലുവിളിച്ചു. ഫിറോസിന്റെ വിദേശത്തെ കച്ചവടങ്ങളെക്കുറിച്ച് പറയുമ്പോൾ ലീഗ് നേതാക്കൾ പോലും പറയാത്ത ആക്ഷേപമാണ് ഉയർത്തുന്നതെന്ന് ജലീൽ കുറ്റപ്പെടുത്തി. സാധാരണ കുടുംബത്തിൽ ജനിച്ച ഫിറോസ് എങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ കച്ചവടം തുടങ്ങിയതെന്നും കെ.ടി. ജലീൽ ചോദിച്ചു.

രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള കത്ത് കിട്ടി: സ്പീക്കർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള കത്ത് കിട്ടിയെന്ന് സ്പീക്കർ എ.എൻ. ഷംസീർ. രാഹുലിന്റെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും പുതിയ ബ്ലോക്ക് ആയി പരിഗണിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

അമീബിക് മസ്തിഷ്ക ജ്വരം: പൊതു കുളങ്ങളും കിണറുകളും വൃത്തിയാക്കണം; നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു കുളങ്ങളും കിണറുകളും വൃത്തിയാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. അതീവ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം 17 പേരാണ് രോഗം ബാധിച്ച് മരിച്ചത്. കോഴിക്കോട്,തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ 15ലേറെ പേർ ചികിത്സയിലുണ്ട്.

പരാതിക്കാരെയും സാക്ഷികളെയും സൃഷ്ടിക്കുക എന്ന ഭാരിച്ച ചുമതലയാണ് പൊലീസിനുള്ളത്; രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് വീക്ഷണം ലേഖനം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ ലേഖനം. വെളിച്ചം വിളക്ക് അന്വേഷിക്കുന്നു എന്ന് പറയുന്ന അവസ്ഥയിലാണ് പൊലീസ്. പരാതിക്കാരെയും സാക്ഷികളെയും സൃഷ്ടിക്കുക എന്ന ഭാരിച്ച ചുമതലയാണ് പൊലീസിനുള്ളത്. നാറ്റിക്കാൻ ശ്രമിച്ചാൽ തകരുന്നവരല്ല കോൺഗ്രസിലെ യുവ നേതാക്കൾ. എല്ലാത്തിനും നിന്നു കൊടുത്തിട്ട് പിന്നെ പരാതിയുമായി വരുന്നത് സ്ത്രീയുടെ അവകാശ സംരക്ഷണത്തിനല്ല, സ്ത്രീകളെ അവഹേളിക്കാൻ ആണെന്ന് പറഞ്ഞ പ്രശസ്ത നടിയെ ഓർമിക്കണം എന്നും ലേഖനത്തിൽ

കെഎസ്ആർടിസി ബസിൽ കാറിടിച്ച് കാർ യാത്രക്കാരൻ മരിച്ചു

പാലക്കാട് കെഎസ്ആർടിസി ബസിൽ കാറിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. തമിഴ്നാട് മധുര സ്വദേശി പ്രവീൺകുമാറാണ് മരിച്ചത്. പൊള്ളാച്ചി അന്തർ സംസ്ഥാന പാതയിലെ കൊഴിഞ്ഞാമ്പാറയിലാണ് അപകടമുണ്ടായത്. ചിറ്റൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചാണ് അപകടം. ഗുരുവായൂർ അമ്പലത്തിൽ നിന്നും തൊഴുതി മടങ്ങുകയായിരുന്ന മധുര സ്വദേശികൾ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ഇടിച്ചത്.

"തൃശൂരിൽ ശോഭയാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി"; കാർ തല്ലി പൊളിച്ച് ബൈക്കിലെത്തിയ സംഘം

തൃശൂർ കുന്നംകുളത്ത് ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്ന് ആരോപിച്ച് ബൈക്കിലെത്തിയ സംഘം കാർ തല്ലി പൊളിച്ചതായി പരാതി. പഴഞ്ഞി ജെറുസലേം സ്വദേശിയുടെ കാറാണ് അടിച്ചുതകർത്തത്. പൊലീസിൽ പരാതിപ്പെടാൻ ചെന്നപ്പോൾ സംഘം വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതി.

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ശോഭയാത്രക്കിടയിൽ ഗതാഗത നിയന്ത്രിച്ചവർ നൽകുന്ന നിർദേശത്തെ തുടർന്ന് ശരത് കാർ മുന്നോട്ട് എടുത്തതാണ് പ്രകോപനത്തിന് കാരണം. പിന്തുടർന്നെത്തി വാഹനം അടിച്ചു തകർക്കുകയായിരുന്നുവെന്നാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്

കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവം: പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്യും

തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പാറശാല എസ്എച്ച്ഒയ്ക്കെതിരെ നടപടിക്ക് ശുപാർശ. പാറശാല എസ്എച്ച്ഒ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാണ് റൂറൽ എസ്പി ശുപാർശ. ഇത് സംബന്ധിച്ച റിപ്പോർട്ട് ദക്ഷിണമേഖല ഐജിക്ക് കൈമാറി. കാർ ഇടിച്ചിട്ട് നിർത്താതെ പോയതി

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസുകാരനെ മർദിച്ചു

കൊല്ലത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസുകാരനെ മർദിച്ചു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സിപിഒ റിയാസിനെയാണ് ആക്രമിച്ചത്. തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് സിപിഒ റിയാസിനെ മർദിച്ചത്. യാത്രകാരിയെ ശല്യം ചെയ്ത കേസിലാണ് സന്തോഷിനെ പൊലീസ് പിടികൂടിയത്. കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനാണ് സന്തോഷ്.

ഇടുക്കിയിൽ കെഎസ്ആർടിസി ഉല്ലാസ യാത്ര ബസ് മറിഞ്ഞ അപകടം; 10 പേർ ആശുപത്രിയിൽ

ഇടുക്കിയിൽ കെഎസ്ആർടിസി ഉല്ലാസ യാത്ര ബസ് അപകടത്തിൽപ്പെട്ടു. അടിമാലി പനംകുട്ടിയിലാണ് അപകടം. കണ്ണൂർ പയ്യന്നൂരിൽ നിന്ന് വന്ന ടൂറിസം സെല്ലിന്റെ ഉല്ലാസ യാത്ര ബസാണ് അപകടത്തിൽപ്പെട്ടത്. പത്തുപേരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിജിൽ നരഹത്യ കേസ്: രണ്ടാം പ്രതിയെ കേരളത്തിൽ എത്തിച്ചു

കോഴിക്കോട് വിജിൽ നരഹത്യ കേസിലെ രണ്ടാം പ്രതി രഞ്ജിത്തിനെ കേരളത്തിൽ എത്തിച്ചു. പ്രതിയുമായി അന്വേഷണസംഘം പാലക്കാട് എത്തി. നാളെ രാവിലെ പ്രതിയെ കോഴിക്കോട് എലത്തൂർ സ്റ്റേഷനിൽ എത്തിക്കും.

ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖർ; കമ്മിറ്റിയിൽ 163 അംഗങ്ങൾ

ബിജെപി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 163 അംഗ സംസ്ഥാന കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. കോർ കമ്മിറ്റിയിലെ അംഗങ്ങളുടെ വർധനയ്ക്ക് പിന്നാലെയാണ് വിപുലമായ സംസ്ഥാന കമ്മിറ്റിയും പ്രഖ്യാപിച്ചിരിക്കുന്നത്. വി.മുരളീധര പക്ഷത്തിലെ പ്രമുഖ നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഒതുക്കി.

News Malayalam 24x7
newsmalayalam.com