
സംസ്ഥാനത്ത് ഇന്നു മുതൽ സർക്കാർ, എയ്‌ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,59,890 വിദ്യാർഥികളാണ് ഇതുവരെ പ്ലസ് വണ്ണിൽ പ്രവേശനം നേടിയത്. ആകെ 4,41,265 സീറ്റുകളുള്ളതിൽ 81,375 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്മ്യൂണിറ്റി കോട്ടകളിലേക്കുള്ള പ്രവേശനം 10 വരെ തുടരും. പ്ലസ് വണ്ണിലേക്കുള്ള സപ്ലിമെന്ററി പ്രവേശന നടപടികൾ 13 ന് ആരംഭിക്കും. മലബാർ മേഖലയിൽ സർക്കാർ താൽക്കാലികമായി അനുവദിച്ച ബാച്ചുകൾ കൂടി ഉൾപ്പെടുത്തിയാകും സപ്ലിമെന്ററി പ്രവേശനം.
അമേരിക്ക ആസ്ഥാനമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട സംയുക്ത ചർച്ച ഇന്ന് രാവിലെ 11-ന് എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കും. ലേബർ കമ്മീഷണറും ജനപ്രതിനിധികളും കമ്പനി അധികൃതരും പങ്കെടുക്കേണ്ട ചർച്ചയ്ക്ക് മുന്നോടിയായി ലേബർ കമ്മീഷണർ കമ്പനി ഓഫീസ് സന്ദർശിക്കും. എന്നാൽ ചർച്ചയിൽ കമ്പനി പ്രതിനിധികൾ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.
ഒടുവിൽ സ്കൂളുകളിൽ നാഥന്മാർ വരുന്നു. സംസ്ഥാനത്തെ 944 സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കാൻ സർക്കാർ . ഇതിനായുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു ഒഴിഞ്ഞു കിടക്കുന്ന 87 പ്രിൻസിപ്പൽ തസ്തികകളിലേക്കും നിയമനം ഉടനുണ്ടാകും . സ്കൂൾ തുറന്ന് ഒരു മാസത്തിന് ശേഷമാണ് നടപടി . ഒഴിവുകൾ ഒരാഴ്ചയ്ക്കകം നികത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ന്യൂസ് മലയാളത്തോട് പറഞ്ഞു .
നടി അൻസിബയുടെ പരാതിയിൽ അമ്മ മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയക്കെതിരെ ഇന്ന് കേസെടുത്തേക്കും. കേസ് എടുക്കാൻ കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ഇതിനിടെ അമ്മയിലെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. രാഷ്ട്രീയ ആരോപണങ്ങളിലേയ്ക്കും സാമ്പത്തിക ക്രമക്കേടിലേയ്ക്കും കടന്നതോടെയാണ് പ്രതിസന്ധി കൂടിയത്.
മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊലപാതക കേസിൽ കുറ്റപത്രം ഇന്ന് വായിക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് കുറ്റപത്രം വായിക്കുക. കേസിലെ എല്ലാ പ്രതികളോട് കോടതിയിൽ ഹാജരാവാൻ നിർദേശമുണ്ട്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് കേസിലെ പ്രതികൾ.
സ്വർണ്ണ പണയ സ്ഥാപനത്തിലെ തട്ടിപ്പിനെ തുടർന്ന് രണ്ടാമത്തെ പെൺകുട്ടിയും മരണപ്പെട്ടു. ചാവടി നട സ്വദേശിയായ ഐശ്വര്യ യാണ് മരിച്ചത്. ഐശ്വര്യയ്ക്കൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചിരുന്ന അഞ്ജു എന്ന യുവതി നേരത്തെ മരണപ്പെട്ടിരുന്നു. സംഭവത്തിലെ പ്രധാന പ്രതിയായ സിന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബോർഡുകളും,കോർപ്പറേഷനുകളും പുനസംഘടിപ്പിക്കുമ്പോൾ യൂത്ത് കോൺഗ്രസിന് പ്രധാന്യം നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിഗ് പ്രമേയം കൈമാറാൻ തയ്യാറായി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല കമ്മിറ്റി. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സർക്കാർ വേണ്ട പിന്തുണ നൽകുന്നില്ലെന്നും പ്രമേയത്തിൽ.
ഹൈക്കോടതിയിലെ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. എംവി വിപിന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് രാജി. വിപിനെതിരെ സിപിഐഎം ബന്ധമെന്ന ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് ലോയേഴ്‌സ് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരം മണ്ണന്തലയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെ മദ്യപിച്ച് തമ്മിൽത്തല്ല്. സ്ഥലത്ത് എത്തിയ മണ്ണന്തല എസ്ഐക്കും മർദനമേറ്റു. എസ് ഐ വിപിൻ ആർ എസിനാണ് തലയ്ക്ക് അടിയേറ്റത്. നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത ആളുമുണ്ട്.
പൂമംഗലം തോട്ടിൽ കുട്ടിയെ കാണാതായ മൂന്ന് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശികളുടെ മകൻ മുഹമ്മദ് നജ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ കുട്ടിയെ കാണാതായത്.
കോട്ടയത്ത് കമ്പി വടികൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. പാട്ട് പാടിയതിനെ തുടർന്നുള്ള തർക്കത്തിനിടയിലാണ് അക്രമം ഉണ്ടായത്.
ആസൂത്രണ ബോർഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേട് സംബന്ധിച്ചുള്ള അന്വേഷണത്തിൽ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിൽ. അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് നിയമോപദേശം ലഭിച്ചു. ഉയർന്നുവന്ന പരാതികളിൽ അന്വേഷണത്തിന് വിജിലൻസും അനുമതി തേടി.
പിഎസ്സി ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. അംഗങ്ങൾക്ക് ലഭിക്കുന്നത് പ്രധാനമന്ത്രിയേക്കാളും മുഖ്യമന്ത്രിയേക്കാളും ഉയർന്ന ശമ്പളമെന്ന് ചെറിയാൻ ഫിലിപ്പ് വിമർശിച്ചു. പിഎസ്‍സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എഫ്ബി പോസ്റ്റിൽ പറയുന്നു.
കശുവണ്ടി ഇറക്കുമതി അഴിമതി കേസിലെ പരാതിക്കാരന് പിന്നിൽ ആളുണ്ടെന്ന് ആർ. ചന്ദ്രശേഖരൻ. 17 വർഷം പരാതിക്കാരന് കേസ് നടത്താൻ പണം നൽകിയത് ആരാണെന്നും പരാതിക്കാരൻ ദൈവം പോലെ കരുതിയ ആളാണ് ഇതിന് പിന്നിലെന്നും ആർ . ചന്ദ്രശേഖരൻ ആരോപിച്ചു. ഐഎൻടിയുസി പ്രസിഡൻ്റ് സ്ഥാനം ലഭിക്കാതെ വന്നയാളാണ് പണം നൽകുന്നത്. കടകംമ്പള്ളി മനോജ് മറ്റൊരു കേസും പൊതുതാൽപര്യത്തിൽ നടത്തുന്നില്ല. ഇയാൾക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചില മാധ്യമങ്ങൾ ഇതിന് കൂട്ട് നിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വൈക്കം ചെമ്പ് സ്വദേശി വിനീഷാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. മെയ് മാസത്തിൽ നടന്ന അക്രമത്തിൽ പ്രതികളായ ബിജു, ബിന്ദു എന്നിവർ നേരത്തെ പിടിയിലായിരുന്നു. പാട്ട് പാടിയതിനെ തുടർന്നുള്ള തർക്കത്തിനിടയിലാണ് അക്രമം ഉണ്ടായത്.കമ്പി വടി ഉപയോഗിച്ച് തലയ്ക്ക് അടിച്ചത് മൂലം തലയോട്ടി പൊട്ടിയിരുന്നു.
സംസ്ഥാന പോലീസ് സേനയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി ആഭ്യന്തര വകുപ്പ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. എസ്എച്ച്ഓ പരിഷ്കരണം ഉൾപ്പെടെ ചർച്ച ചെയ്യും. പഴയ സിഐ സംവിധാനത്തിലേക്ക് തിരിച്ചുപോകാനാണ് നീക്കമെന്നാണ് സൂചന.
കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചർച്ചകൾ ഇന്ന് തുടങ്ങും. ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കേരളത്തിലെത്തി. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച ഇന്ന് തുടങ്ങും. അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയർന്ന സാഹചര്യത്തിലാണ് വിശദമായ ചർച്ച. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആൻ്റോ ആൻ്റണി, ഷാഫി പറമ്പിൽ, ജോസഫ് വാഴയ്ക്കൻ, കെ.സി. ജോസഫ്, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കായി ഉയരുന്നത്. അന്തിമ തീരുമാനം രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷമായിരിക്കും.
വയനാട് മെഡിക്കൽ കോളേജിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മെഡിക്കൽ ഉപകരണങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. പെട്ടിപൊലും പൊട്ടിക്കാതെ നിരവധി ഉപകരണങ്ങൾ ആശുപത്രിയിൽ അനാഥമായി കിടക്കുകയാണ്. ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ പിടിവാശിയുമാണ് കാരണമെന്നാണ് ആരോപണം.
തെറ്റ് തിരുത്തിയാൽ വിമത എംഎൽഎമാർക്ക് തിരിച്ചുവരാമെന്ന എം.വി. ജയരാജന്റെ പ്രതികരണത്തിന് മറുപടിയുമായി സണ്ണി ജോസഫ്. തെറ്റ് പറ്റിയത് എം.വി. ഗോവിന്ദനാണ്. തെറ്റ് തിരുത്തിയാൽ അവർക്ക് നല്ലത്. ടി .കെ. ഗോവിന്ദൻ ആണോ എം. വി. ഗോവിന്ദൻ ആണോ ശരിയെന്ന് ജനങ്ങൾ വിധിയെഴുതിയെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിഗിരിയിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി 92 പൊലീസുകാരെ നിയോഗിച്ചത് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ കൂട്ടിയതാണെന്നായിരുന്നു പൊലീസ് വിശദീകരണം. റൂറൽ എസ് പി യുടെ നേതൃത്വത്തിൽ 22 എസ് ഐമാർ, 3 ഡി വൈ എസ് പിമാർ, മഫ്തിയിൽ 50 ലേറെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്.
പാലക്കാട് കർഷകന് ചന്ദന മരത്തിൻ്റെ തുക ലഭിക്കാത്ത സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്ത നടപടി മരവിപ്പിച്ചു. വീട്ടുമുറ്റത്തെ മരം കൈമാറി ഒരു വർഷമായിട്ടും പണം ലഭിക്കാത്തതിനെ തുടർന്നാണ് അഗളി സ്വദേശി ബെന്നി പരാതി ഉന്നയിച്ചത്. പിന്നാലെ ഒമ്മല ഓഫീസർ വി.എ. സതീശനെ സസ്പെൻഡ് ചെയ്തിരുന്നു.
കനത്ത മഴയെ തുടർന്ന് മുംബൈ യൂണിവേഴ്സിറ്റി ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു . മുംബൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പുനെ മുംബൈ എക്സ്പ്രസ്സ് ഹൈവേയിൽ ഗതാഗതവും നിരോധിച്ചു. പാതയിൽ മണ്ണിടിച്ചിലുണ്ടായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയുള്ള യാത്ര ഒഴിവാവാക്കണമെന്ന് അധികൃതർ അറിയിച്ചു.
കോറോ ഹെൽത്തിലെ ജീവനക്കാർ കൊച്ചിയിലേയും കോഴിക്കോടിലേയും ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു. ജീവനക്കാർ ഓഫീസിനകത്ത് കേറാൻ കഴിയാതെ പുറത്തു നിന്നാണ് പ്രതിഷേധം നടത്തുന്നത്. ജർവനക്കാരുടെ വാഹനങ്ങൾ പാർക്കിംഗിൽ വെക്കാൻ പോലും സമ്മതിക്കുന്നില്ല. കോഴിക്കോട്ടെ സ്ഥാപനം പൂർണമായും അടച്ചു പൂട്ടിയ നിലയിലാണ്.
തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം ജനറൽ ആശുപത്രി SNCU വിൽ നിന്നാണ് കുഞ്ഞിനെ ഏറ്റെടുത്തത്. അങ്കമാലി നവജാതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കാണ് കുഞ്ഞിനെ മാറ്റുക. പേർഷ്യൻ അറബിക്ക് ഭാഷയിൽ രാജാവ് എന്ന് അർഥം വരുന്ന കിയാൻ എന്ന പേരാണ് കുട്ടിക്ക് ഇട്ടത്.
നെന്മാറ ഇരട്ടക്കൊലപാതക കേസിൽ 13ന് വിധി പറയും. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക . ജഡ്ജിയുടെ അനാരോഗ്യത്തെ തുടർന്നാണ് ഇന്ന് വിധി പറയുന്നത് 13 ലേക്ക് മാറ്റിയത്.
തിരുനെൽവേലി ചെട്ടികുളം സ്വദേശി 7 വയസുകാരൻലോകിനേനി യാഷ്വന്റെ അവയവങ്ങളാണ് ദാനം ചെയ്യുക. ജൂൺ 29 ന് നടന്ന അപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസിൽ ചികിത്സയിലായിരുന്ന യാഷ്വൻ്റെ മസ്തിഷ്ക മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. 17 വയസ്സുള്ള കണ്ണൂർ സ്വദേശിക്കും കോട്ടയം വിജയപുരം സ്വദേശിനി 4 വയസുള്ള മറ്റൊരു കുട്ടിയുമാണ് വൃക്കകൾ സ്വീകരിക്കുക.
മാവേലിക്കരയിൽ നടന്ന ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത് എംജി വൈസ് ചാൻസിലർ. എം ജി സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ഡി മാവൂത് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത് ചർച്ചയായത്. ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി മോഹൻ ഭഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ സർവകലാശാല വൈസ് ചാൻസലന്മാർ പങ്കെടുത്തത് വിവാദമായിരുന്നു . ഇന്നലെ മാവേലിക്കരയിൽ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിലായിരുന്നു പരിപാടി.
പ്രിയദർശിനി സർവീസ് മൂലം സ്വകാര്യ ബസുകൾക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി സി.പി. ജോൺ. വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടുന്നതിനെ കുറിച്ച് വിദ്യാർഥി സംഘടനകളുമായി ചർച്ച ചെയ്യും. വയനാട്ടിൽ സ്വകാര്യ ബസുകൾ സ്വന്തം നിലയ്ക്ക് വിദ്യാർഥികളുടെ നിരക്ക് വർധിപ്പിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രി.
പാലാ നഗരസഭ ഭരണ പ്രതിസന്ധിയെ തുടർന്ന് കോൺഗ്രസ് കൗൺസിലർമാർ അനാവശ്യ പ്രശ്നമുണ്ടാക്കിയതായി സിപിഐഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി. അതിന് ഡിവൈഎഫ്ഐ സമ്മേളനത്തെ മറയാക്കി. ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം ബസ്റ്റാൻഡ് നഗരസഭ വിട്ടു നൽകുന്നത് വിവാദമാക്കേണ്ട കാര്യമില്ലെന്നും സജേഷ് പറഞ്ഞു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിരവധി പരിപാടികൾ നടക്കുന്നതാണ്. എൽഡിഎഫുമായി സ്വതന്ത്ര മുന്നണിക്ക് ബന്ധമുണ്ട് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് കോൺഗ്രസ് കൗൺസിലർമാർ നടത്തിയതെന്നും സജേഷ് ശശി പറഞ്ഞു.
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചു വിടലിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ചെറുപ്പക്കാർക്ക് സുരക്ഷിതമായി നാട്ടിൽ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം. ശുദ്ധ തോന്ന്യാസം ആണ്. കേരളത്തിൽ നടപ്പിലാകില്ലെന്നും വി.കെ. സനോജ് പറഞ്ഞു. ജോലിയിൽ നിന്നും തിരിച്ച് കയറ്റാനുള്ള സമരത്തിൽ ഡിവൈഎഫ്ഐ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂട്ടപിരിച്ചുവിടൽ വലിയ അനീതിയാണെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റ് കെ.കെ.ഇബ്രാഹിംകുട്ടി. കേരളത്തിൽ ഇത് ആദ്യ അനുഭവമാണ്. സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. സർക്കാരിന്റെ അനുവാദം ചോദിക്കാതെയാണ് കൂട്ടപിരിച്ചുവിടൽ. സർക്കാരിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണിതെന്നും കെ.കെ.ഇബ്രാഹിംകുട്ടി പറഞ്ഞു. ഐഎൻടിയുസി പൂർണമായും ജീവനക്കാരുടെ പക്ഷത്താണെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎസ്സി ക്രമക്കേട് ഗവൺമെൻറ് പരിശോധിച്ച് വരികയാണെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പിഎസ്‌സിയുടെ വിശ്വാസം തകർക്കാൻ സമ്മതിക്കില്ല . മുഖ്യമന്ത്രി വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭാ യോഗത്തിന് മുമ്പ് റിപ്പോർട്ട് നൽകുമെന്നും മന്ത്രി അറിയിച്ചു.
കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ തൊഴിൽ ചട്ടങ്ങളുടെ ലംഘനമെന്ന് പി.എ. മുഹമ്മദ് റിയാസ്. സർക്കാർ അടിയന്തരമായി ഇടപെടണം . തൊഴിൽ മന്ത്രിയെ കണ്ട് വിഷയം സംസാരിക്കും. ജീവനക്കാർക്ക് പൂർണ പിന്തുണ നൽകുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ കൂട്ടപ്പിരിച്ചുവിടലുകൾ അനുവദിച്ചിരുന്നില്ല. ഇത് അനുവദിച്ചാൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുമെന്നും ലേബർ കോഡിന്റെ പ്രതിഫലനമാണിതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പി എസ് സി പരീക്ഷാ ക്രമക്കേടിൽ പി എസ് സി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ചെയർമാനും അംഗങ്ങളും ഗേറ്റ് വിട്ട് പുറത്തിറങ്ങിയാൽ ചെരിപ്പ് കൊണ്ട് യൂത്ത് കോൺഗ്രസ് മറുപടി പറയുമെന്നും ചെയർമാനെ തെരുവിൽ നേരിടുമെന്നും യൂത്ത് കോൺഗ്രസ് ഭീഷണി മുഴക്കി. ചെയർമാനെ പിഎസ്‌സി ആസ്ഥാനത്തുനിന്ന് പുറത്തിറക്കില്ലെന്നും തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ പറഞ്ഞു.
പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് പി എസ് സി ചെയർമാനെതിരെ രൂക്ഷ വിമർശനവുമായി പി എസ് സി അംഗങ്ങൾ. ചെയർമാൻ കമ്മീഷനെ കബളിപ്പിച്ചുവെന്നും ചെയർമാൻ്റെ നടപടി പി എസ് സിയെ സംശയ നിഴലിൽ ആഴ്ത്തിതായും അംഗങ്ങൾ ആരോപിച്ചു. പരീക്ഷ കണ്ട്രോളറെ ഏൽപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അംഗങ്ങൾ പറഞ്ഞു.
തൃശൂർ അമല ആശുപത്രിയിൽ വേതന വർധനവ് നടപ്പിലാക്കി മാനേജ്മെന്റ്. ഇതിനെ തുടർന്ന് അമലയിൽ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ച് യുഎൻഎ. 4000 രൂപ മുതൽ 6000 രൂപ വരെയാണ് വർധിപ്പിച്ചത്. സമരം നിർത്തി എന്നുമുതൽ ഡ്യൂട്ടിക്ക് കയറുന്നു അന്നുമുതൽ ശമ്പളം പ്രാബല്യത്തിൽ വരും. സമരത്തിൽ പങ്കെടുത്തവർക്കെതിരെ നടപടി ഉണ്ടാകില്ലെന്നും മാനേജ്മെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജൂബിലി മിഷൻ ആശുപത്രിയിൽ മാത്രം സമരം തുടരും.
പി.സി. ചാക്കോക്ക് കേരളത്തിൽ ഒരു സ്ഥാനവും ഇല്ലെന്നും താനാണ് തെരഞ്ഞെടുക്കപ്പട്ട പ്രസിഡൻ്റെന്നും തോമസ് കെ.തോമസ്. നൂലിൽ കെട്ടി ഒരാളെ ഇറക്കിയിട്ടല്ല തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ മാറ്റുന്നത്. ഓഫീസ് ബിൽഡിംഗിന് 45 ലക്ഷം രൂപ നൽകിയത് കൈക്കലാക്കാനാണ് പി.സി. ചാക്കോയുടെ നീക്കമെന്നും തോമസ് കെ. തോമസ് പറഞ്ഞു. പി.സി. ചാക്കോ എന്ന് എൻസിപിയിൽ വന്നുവോ അന്നുമുതൽ പാർട്ടിയുടെ കഷ്ടകാലമാണ്. സംസ്ഥാന പ്രസിഡന്റിനെ മാറ്റിയതിൽ അതൃപ്തിയുണ്ടെന്നും തോമസ് കെ. തോമസ്. കേന്ദ്രം ബിജെപിക്കൊപ്പം നിൽക്കുന്നത് കേരളത്തിൽ പ്രതിസന്ധിയാണെന്നും തങ്ങളെന്നും എൽഡിഎഫിനൊപ്പം നിലനിൽക്കുമന്നും അദ്ദേഹം വ്യക്തമാക്കി.
വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി തട്ടിപ്പിൽ റിമാണ്ടിൽ കഴിയുന്ന കോൺഗ്രസ് നേതാവ് സുധീർ കുമാറിനെ കൂടുതൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. സുധീർ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. സുധീർ കുമാർ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വാദം കേൾക്കും. ഒളിവിൽ പോയ പ്രതി റിനീഷിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2.61 കോടി രൂപയുടെ ക്രമക്കേട് സൊസൈറ്റിയിൽ നടന്നതായി സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ കണ്ടെത്തിയിരുന്നു.
മലയിടംതുരുത്ത് പാരിയത്ത്കാവിലെ കുടിയൊഴിപ്പിക്കലിലെ കോടതി നടപടികൾക്ക് ഒരു വർഷത്തേക്ക് സ്റ്റേ. പെരുമ്പാവൂർ മുനിസിഫ് കോടതി നടപടികൾ ഒരു വർഷത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഒരു വർഷത്തിനുള്ളിൽ പുനരധിവാസം പൂർത്തിയാക്കും എന്ന കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
പി കെ ശശിയുടെ ഡിഎംഎഫ് സിഎംപിയിൽ ലയിക്കും. തൃശ്ശൂരിൽ വെച്ച് ഡിഎംഎഫും സിഎംപിയും ഒരുമിച്ച് പുതിയ അദ്ധ്യയം ആരംഭിക്കുമെന്ന് സി.പി. ജോൺ പറഞ്ഞു. സിഎംപി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി പി.കെ. ശശിയെ പ്രഖ്യാപിക്കുമെന്നും സി.പി.ജോൺ വ്യക്തമാക്കി. ഡിഎംഎഫിൻ്റെ നയപ്രഖ്യാപന കൺവെൻഷനിലാണ് പ്രഖ്യാപനം.
അമല ഹോസ്പിറ്റലിലെ നഴ്സിംഗ് സമരം അവസാനിച്ചുവെന്നും, ശമ്പള വർധനവ് നടപ്പിലാക്കാൻ തീരുമാനിച്ചു എന്നുമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്ന് അമല ആശുപത്രി മാനേജ്മെൻ്റ്. സമരത്തിൻ്റെ പശ്ചാത്തലത്തിൽ ഈ ദിവസങ്ങളിൽ യാതൊരു വിധ ചർച്ചകളോ തീരുമാനങ്ങളോ അമലയിൽ നിന്നു ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ജൂബിലിയും അമലയും ഒന്നിച്ചുള്ള ചർച്ചകൾക്കും തീരുമാനങ്ങൾക്കും മാത്രമേ തയ്യാറുള്ളൂവെന്ന് ജില്ലാ ലേബർ ഓഫീസറെ അറിയിച്ചിട്ടുള്ളതായും മാനേജ്മെൻ്റ് വ്യക്തമാക്കി.
അധികാരികൾ പിഎസ്‌സിയെ കാർന്നുതിന്നുന്ന കാൻസറായി മാറുന്നുവെന്നും സ്വന്തക്കാർക്ക് ഉത്തരക്കടലാസ് പറഞ്ഞുകൊടുത്ത് ജോലിയിൽ കയറ്റാനാണ് ശ്രമമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ മനു പ്രസാദ്. സ്വജനപക്ഷപാതത്തിൻ്റെ അങ്ങേയറ്റമാണിത്. കൃത്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും മനു പ്രസാദ് വ്യക്തമാക്കി.
ലേബർ ഓഫീസ് നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നും അമല ആശുപത്രിയിലും സമരം തുടരുമെന്നും വ്യക്തമാക്കി യുഎൻഎ. അമല ആശുപത്രി ലേബർ ഓഫീസർക്ക് നൽകിയ ഉറപ്പുകളിൽ നിന്ന് പിന്മാറി. സഭയുടെയും ജൂബിലിയുടെയും സമ്മർദ്ദത്തെ തുടർന്നാകാം തീരുമാനം. സർക്കാർ നിയമനിർമാണം നടത്തും വരെ സമരം തുടരുമെന്നും യുഎൻഎ അറിയിച്ചു.
കർണാടകയിൽ ചികിത്സക്കിടെ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യും. മെഡിക്കൽ റെപ്പ് ആയിരുന്ന ഷാനവാസാണ് ചികിത്സക്കിടെ മരിച്ചത്. ബെംഗളൂരു വിക്ടോറിയ ഗവണ്മെന്റ് ആശുപത്രിക്കെതിരെ കുടുംബം പരാതി നൽകിയിരുന്നു. ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്ന് ഷാനവാസിന്റെ ഭാര്യ ഷേർലി ആവശ്യപ്പെട്ടു.
തിരുവനന്തപുരം നഗരസഭയിൽ അസാധാരണ നടപടിയുമായി ബിജെപി. കൗൺസിലറുടെ ഫോൺ എടുക്കാത്തതിന് ക്ലർക്കിനെ സ്ഥലം മാറ്റി . ക്ലർക്ക് സന്ധ്യാ റാണിക്കാണ് സ്ഥലം മാറ്റം. വലിയശാല കൗൺസിലർ സൂര്യ വിളിച്ചിട്ട് സന്ധ്യാ റാണി ഫോൺ എടുത്തില്ലന്ന് ആരോപണം. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട കൊച്ചിയിലായിരുന്നതിനാൽ ഫോൺ എടുക്കാൻ കഴിഞ്ഞില്ലെന്ന് ക്ലർക്ക് വിശദീകരണം നൽകിയിരുന്നു. നഗരസഭ മെയിൽ ഓഫീസിൽ നിന്ന് കടകംപള്ളി സോണലിലേക്കാണ് സ്ഥലം മാറ്റം.
പഹൽഗാം ഭീകരാക്രമണ കേസിൽ ലഷ്ക്കറെ ത്വയ്യിബ തലവൻ ഹാഫിസ് സയ്യിദിനെ പ്രതിചേർത്ത് എൻഐഎ. ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് ഹാഫിസ് സയ്യിദിനെയും പ്രതിചേർത്തത്. ഹാഫിസ് സയ്യിദിനെതിരെ യുഎപിഎയും ചുമത്തി.
കേരള സർവകലാശാലയുടെ പരീക്ഷ ചോദ്യപേപ്പറിൽ പിഴവ്. രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്. പരീക്ഷയിലെ ഒരു ചോദ്യത്തിൻ്റെ ഉത്തരം ചോദ്യപേപ്പറിൽ ഉണ്ടായി. സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ല എന്ന് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ പരീക്ഷ കൺട്രോളർക്ക് മറുപടി നൽകി.
അമ്പൂരിയിൽ ഇന്നലെ അപകടത്തിൽ മരിച്ച മൂന്നു വയസുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. കുഞ്ഞിൻ്റെ അമ്മ നിസയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നിസയെ കാട്ടാക്കട നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിഎസ്സി പരീക്ഷ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് തടസമില്ലെന്ന് സർക്കാരിന് നിയമോപദേശം. അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. പിഎസ്‌സിയുടെ വിശ്വാസ്യത തകരാൻ അനുവദിക്കില്ല എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പിഎസ്‌സി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.
കൂട്ട പിരിച്ചുവിടൽ നടന്ന കോറോ ഹെൽത്തിൽ വെള്ളിയാഴ്ച വരെ തൽസ്ഥിതി തുടരാൻ ലേബർ കമ്മീണറുമായി നടത്തിയ ചർച്ചയിൽ തീരുമാനം. ലേബർ കമ്മീഷനുമായുള്ള ചർച്ചയിൽ തൊഴിലാളികളും കമ്പനിയുടെ ലീഗൽ അഡ്വൈസറും തൊഴിലാളി സംഘടന നേതാക്കളും പങ്കെടുത്തു. വെള്ളിയാഴ്ച തൊഴിൽ മന്ത്രിയുമായുള്ള ചർച്ചയിൽ കമ്പനി അധികൃതർ പങ്കെടുക്കുമെന്ന് ഉമ തോമസ് എംഎൽഎ അറിയിച്ചു.
തൃശൂരിൽ മക്കൾക്ക് വിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് കുട്ടികൾക്ക് വിഷം നൽകിയത്. 6 വയസുള്ള മകൾ ഋതികക്കും, മകൻ 7 വയസുള്ള മകൻ ഋതിനും ആണ് എലിവിഷം നൽകിയത്. ശേഷം മുത്തുവും എലിവിഷം കഴിച്ചു. നിലവിൽ അത്യാസന്ന നിലയിലുള്ള കുട്ടികളും പിതാവ് മുത്തുവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ശ്രീലങ്കയിലെ ജയിലിൽ തടവുപുള്ളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 25 പേർ മരിച്ചു. സംഘർഷത്തിൽ 100 ലധികം പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ തീരദേശ പട്ടണമായ നെഗോംബോയിലാണ് സംഭവം. മരിച്ചവരിൽ നാല് ഗാർഡുകളും ഉൾപ്പെട്ടതായി റിപ്പോർട്ട്.
ഇടുക്കി: ശക്തമായ കാറ്റിൽ ഇടുക്കി കരുണാപുരം,ചേലമൂട്, കമ്പംമെട്ട്,രാമക്കൽമേട്, തുടങ്ങിയ മേഖലകളിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ മുകളിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണു. റോഡുകളിലേക്ക് മരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് ഗതാഗത തടസവും ഉണ്ടായി. ഇന്ന് വൈകിട്ട് 3.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. പ്രദേശത്ത് മഴയില്ല.
ആലപ്പുഴ: അരൂരിൽ സ്കൂളിൻ്റെ മതിൽ ഇടിഞ്ഞു വീണ് രണ്ട് പേർക്ക് പരിക്ക്. ചന്തിരൂർ ഔർ ലേഡി സ്കൂളിൻ്റെ മതിലാണ് സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞു വീണത്. പരിക്കേറ്റത് വീട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക്. ഇരുവരേയും എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് വീടുകൾക്ക് കേടുപാട് സംഭവിച്ചു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി. ക്രമക്കേട് കണ്ടെത്തിയാല്‍ വിജിലന്‍സ് അന്വേഷണം നടത്തും. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് തരണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി.
കോറോ ഹെല്‍ത്തിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് അംഗീകരിക്കാന്‍ ആകില്ലെന്ന് പ്രതിപക്ഷ നേതാവ്. പുതിയ ലേബര്‍ കോഡ് തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നതിന്റെ ഉദാഹരണമാണ് പിരിച്ചുവിടല്‍. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയുള്ള പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കമ്പനിയുടെ ധൈര്യം സര്‍ക്കാരിന്റെ നിസ്സംഗതയാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
മുന്‍ എംഎല്‍എ പി.പി. ചിത്തരഞ്ജന് ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം പാളയത്ത് വഴി തടഞ്ഞ് പ്രകടനം നടത്തിയതിനാണ് ശിക്ഷ. കോടതി പിരിയും വരെ നില്‍പ്പും 1600 രൂപ പിഴുമാണ് ശിക്ഷ വിധിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ വൈകിട്ട് കോടതി പിരിയും വരെ മുന്‍ എംഎല്‍എ വഞ്ചിയൂര്‍ കോടതിയില്‍ നിന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ആഭ്യന്തര മന്ത്രി. എസ്പിമാര്‍ മുതല്‍ എസ്‌ഐമാര്‍ വരെ എല്ലാ ഉദ്യോഗസ്ഥരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശമുണ്ട്. നാളെ രാവിലെ ഓണ്‍ലൈനായാണ് യോഗം. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായി നടക്കുന്ന വിപുലമായ യോഗമാണിത്. യോഗത്തില്‍ എന്താണ് വിഷയം എന്ന് വ്യക്തമാക്കിയിട്ടില്ല.
എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആയിരുന്ന പി എം വാഹിദ, പ്രസിഡൻ്റ് എൻ കെ രാമചന്ദ്രൻ എന്നിവർക്കും ശിക്ഷ വിധിച്ചു
കാസര്‍ഗോഡ് മടക്കരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം നീലേശ്വരം അഴിത്തല പുലിമുട്ടില്‍ തട്ടി തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന ഒഡിഷ സ്വദേശികളായ അഞ്ച് തൊഴിലാളികള്‍ രക്ഷപ്പെട്ടു. വള്ളം തകര്‍ന്ന് എന്‍ജിനും വലയും ഉള്‍പ്പടെ നഷ്ടപ്പെട്ടു.
കാഞ്ഞങ്ങാട് ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. കാഞ്ഞങ്ങാട് സൗത്തിലെ ജിവിഎച്ച്എസ് സ്‌കൂളിന്റെ മേല്‍ക്കൂര പറന്ന് തൊട്ടടുത്ത പറമ്പിലെ തെങ്ങിന് മുകളില്‍ പതിച്ചു. ഇന്ന് രാത്രി എട്ട് മണിയോടെയാണ് കാറ്റടിച്ചത്. വ്യാപകമായ നാശം സംഭവിച്ചതിനാല്‍ നാളെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു