പേരാമ്പ്രയിൽ റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
പേരാമ്പ്രയിൽ റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം

ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം

ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാതെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം. 400 രോഗികൾക്ക് നാലു സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്. ജീവനക്കാർക്കു നേരെയുള്ള അതിക്രമവും ചാടിപ്പോകുന്നതും നിത്യ സംഭവമാകുന്നു. കോടതിയും മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപ്പെട്ടിട്ടും പരിഹാരമില്ല. മയക്കുമരുന്ന് അടിമകളും കൊലക്കേസ് പ്രതികളുമടക്കം കേന്ദ്രത്തിൽ ഉണ്ടായിട്ടും സുരക്ഷാ വീഴ്ചയെന്ന് സെക്യൂരിറ്റി ജീവനക്കാർ.

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍

ലയണല്‍ മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് വന്‍ തട്ടിപ്പെന്ന റിപ്പോർട്ടിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ. അഴിമതി ആരോപണവും ചട്ടലംഘനങ്ങളും പരിശോധിക്കും. തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തിൽ. നടപടികളിൽ ഘടകക്ഷി നേതാക്കളുടെ അഭിപ്രായം തേടും. വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സർക്കാർ. മെസിയെ കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടന്നത് സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗം എന്നാണ് കായികമന്ത്രി ഒ.ജെ ജനീഷിന്റെ പ്രതികരണം. സുതാര്യത പാലിക്കാതെയാണ് സ്പോൺസറെ തെരഞ്ഞെടുത്തത്. സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാൻ മുൻ കായികമന്ത്രി കൂട്ടുനിന്നു... വി. അബ്ദുറഹിമാന്റെ സ്പെയ്ൻ യാത്രയും അന്വേഷണപരിധിയിലെന്നും മന്ത്രി വ്യക്തമാക്കി.

മുട്ടിൽ മരം മുറി കേസ്; പ്രതികൾ കോടതിയിൽ ഹാജരായി

മുട്ടിൽ മരം മുറിക്കൽ കേസ് പ്രതികൾ കോടതിയിൽ ഹാജരായി. ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ഹാജരായത്. അതേസമയം, റോജി അഗസ്റ്റിൻ ഹാജരായില്ല. പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് കോടതി പിന്‍വലിച്ചു. ഓഗസ്റ്റ് 13ന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികള്‍ കോടതിയിൽ ഹാജരായത്.

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; കിട്ടിയത് ഫേസ്ബുക്കില്‍ വെല്ലുവിളികള്‍ പോസ്റ്റ് ചെയ്യാനുപയോഗിച്ച ഫോണ്‍

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ആഭ്യന്തരമന്ത്രിക്കെതിരായ ഫേസ്ബുക്ക് കുറിപ്പുകള്‍ ഇടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. ആയങ്കിയെ പിടികൂടിയ അപ്പാർട്ട്മെന്റിനു സമീപത്തുവച്ചാണ് ഫോൺ കണ്ടെത്തിയത്. ഫേസ്ബുക്കില്‍ വെല്ലുവിളികള്‍ പോസ്റ്റ് ചെയ്തത് താന്‍ തന്നെയാണെന്ന് ആയങ്കി സമ്മതിച്ചിരുന്നു. ഐ ഫോണില്‍ നിന്നാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളില്‍നിന്ന്, വൈ ഫൈ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ മറ്റാരെയും ഏല്‍പ്പിച്ചിരുന്നില്ലെന്നും ആയങ്കി മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഐ ഫോണ്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.

പിഎം ശ്രീ: രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാകും; സര്‍ക്കാര്‍ പിന്മാറുന്നു?

പിഎം ശ്രീ പദ്ധതിയിൽ പിന്മാറാൻ യുഡിഎഫ് സർക്കാർ ആലോചിക്കുന്നതായി സൂചന. പദ്ധതിയുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2027 മാർച്ചിൽ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നീക്കം. പിഎം ശ്രീയിൽ തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് മുസ്ലീം ലീഗ് നിലപാട്. ഇക്കാര്യമാണ് സര്‍ക്കാരും പരിശോധിക്കുന്നത്.

മുല്ലപ്പെരിയാര്‍: കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്‌നാട്; അറ്റകുറ്റപ്പണിക്ക് തടസം സ്യഷ്ടിക്കുന്നെന്നും സത്യവാങ്മൂലം

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സഹകരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഡാമിലെ അറ്റകുറ്റപ്പണികൾക്കായി യന്ത്രസാമഗ്രികൾ കൊണ്ടുപോകുന്നതിന് മരം മുറിക്കാൻ അനുവദിക്കുന്നില്ല. അറ്റകുറ്റപ്പണിക്ക് കേരളം തടസം സ്യഷ്ടിക്കുകയാണ്. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങൾ മുറിച്ചുമാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിക്കൊണ്ട് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിക്കണം. കേരള സർക്കാരിന്റെ സഹകരണമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല. മഴയെയും വെള്ളപ്പൊക്കത്തെയും കുറിച്ചുള്ള വിവരങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യ കേരളം സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിവരങ്ങൾ ഇതുവരെ തമിഴ്‌നാടിന് കൈമാറിയിട്ടില്ല. വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ തമിഴ്‌നാടിന് നൽകാറില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്

കെ ഡിസ്കിൽ നിന്ന് കുടുംബശ്രീ പുറത്ത്. ജില്ലാ തലത്തിലെ പ്രോഗ്രാം മാനേജർമാരുടെ സേവനവും ഇനി വേണ്ടെന്ന് സർക്കാർ. അഭ്യസ്ത വിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. എൽഡിഎഫ് സർക്കാരിൻ്റെ അഭിമാന പദ്ധതിയെയാണ് യുഡിഎഫ് സര്‍ക്കാര്‍ പൊളിച്ചെഴുതുന്നത്.

ബിജെപി ഓഫീസില്‍ ദേശീയ പതാകയ്ക്ക് അനാദരം

കാസർഗോഡ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ദേശീയ പതാകയോട് അനാദരവ്. ഓഫീസിൽ കൂട്ടിയിട്ട നിലയിലാണ് പതാകകള്‍. അതേസമയം, ആരോ ഓഫീസിൽ കയറി മനപൂർവം ചെയ്തതെന്നാണ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനിയുടെ പ്രതികണം. ദേശീയ പതാകയുടെ ഗൗരവം അറിയാത്തവർ അല്ല ബിജെപിക്കാർ എന്നും ന്യായീകരണം.

എംഡിഎംഎ കേസിൽ അറസ്റ്റിലായവർ മുഖ്യമന്ത്രിയുടെ അടുപ്പക്കാർ; ആരോപണം കടുപ്പിച്ച് സിപിഐഎം

കാസർഗോഡ് എംഡിഎംഎ കേസിൽ അറസ്റ്റിലായവർ മുഖ്യമന്ത്രിയുടെ അടുപ്പക്കാർ എന്ന ആരോപണം കടുപ്പിച്ച് സിപിഐഎം. ലഹരിക്കേസ് പ്രതിക്ക് മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധമാണുള്ളതെന്ന് പി.എ. മുഹമ്മദ് റിയാസ് ആരോപിച്ചു. കോൺഗ്രസുകാരായ പ്രതികൾക്ക് ഒരു നിയമവും മറ്റുള്ളവർക്ക് മറ്റൊന്നുമാണ്. സമൂഹമാധ്യമങ്ങളിലെ വിമർശന പോസ്റ്റുകൾ നീക്കുന്നത് ഭീരുത്വമാണ്. സതീശൻ രാഷ്ട്രീയ ഭീരുവായ മുഖ്യമന്ത്രി എന്നും റിയാസ് പറഞ്ഞു.

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ അപകടം: ക്യാപ്റ്റന് ഗുരുതരവീഴ്ച

അപകടത്തിൽപ്പെട്ട ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റന്‍ ഗുരുതവീഴ്ച വരുത്തിയെന്ന് കണ്ടെത്തൽ. വിമാനം താഴേയ്ക്ക് പതിച്ചപ്പോൾ ക്യാപ്റ്റൻ സീറ്റിൽ ഇല്ല. ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട്. എയർഇന്ത്യക്ക് താക്കീത് നൽകി വ്യോമയാന മന്ത്രാലയം.

ജെൻസികളുമായി വീണ്ടും സംവാദത്തിന് മോഹന്‍ ഭാഗവത്

ജെൻസികളുമായി വീണ്ടും സംവാദത്തിന് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. സ്വാതന്ത്ര്യദിനത്തിൽ നാഗ്പൂരിലാണ് സംവാദപരിപാടി. പുതുലമുറയുമായി ബന്ധം ദൃഢമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കസ്തൂർചന്ദ് പാർക്കിൽ ദേശീയ പതാക ഉയർത്തിയ ശേഷമാകും ജെൻസികളുമായുള്ള സംവാദം.

ചീഫ് ജസ്റ്റിസിന്റെ പാറ്റ പരാമര്‍ശം; ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പാറ്റ പരാമശം തെറ്റായി പ്രചരിപ്പിച്ചവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടിസ് അയച്ച് സുപ്രീംകോടതി. കേന്ദ്ര സർക്കാരിനും സിബിഐയ്ക്കുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നൽകിയത്. പരാമശം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി.

മുംബൈയിൽ കനത്തമഴ; മണ്ണിടിഞ്ഞ് രണ്ടു മരണം

മുംബൈയിൽ കനത്തമഴയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം. മണ്ണിനടിയിൽ കുടുങ്ങിയ നാലു പേർക്കായി തെരച്ചിൽ. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. മുംബൈയിലും താനെയിലും പാൽഘറിലും മഴ മുന്നറിയിപ്പ്.

കൊളംബിയ ഭൂകമ്പത്തില്‍ 254 മരണം; 2500ലേറെ പേരെ കാണാതായതായി

കൊളംബിയയെ നടുക്കിയ ഭൂകമ്പത്തിൽ മരണം 254-ആയി. 2500ൽ അധികം പേരെ കാണാതായതായി റിപ്പോർട്ട്. ആയിരക്കണക്കിന് വീടുകൾ തകർന്നതായി ഐക്യരാഷ്ട്രസഭ. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏറ്റവും നാശം കാലി നഗരത്തിൽ.

എം.ബി. രാജേഷിന്റെ സഹോദരൻ എം.ബി. ബ്രിജേഷ് അന്തരിച്ചു

മുൻമന്ത്രി എം.ബി. രാജേഷിന്റെ സഹോദരൻ കയിലിയാട് മാമ്പറ്റ എം.ബി. ബ്രിജേഷ് (50) അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അച്ഛൻ: എം. ബാലകൃഷ്ണൻ നായർ, അമ്മ: രമണി, ഭാര്യ: ശതഭരായി, സഹോദരി: സംഗമിത്ര.

പ്രണയസാഫല്യം; റൊണാൾഡോയും ജോര്‍ജീനയും വിവാഹിതരായി

നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോര്‍ജീന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കൈസിലെ സ്വകാര്യചടങ്ങിലായിരുന്നു വിവാഹം. വിവാഹമോതിരം ധരിച്ച് കൈകൾ ചേർത്തുപിടിച്ച ചിത്രം റോണോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

കളിക്കളത്തിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത് മെസി

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് സൂപ്പർ താരം ലയണൽ മെസി. കളിക്കളത്തിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്തിരിക്കുകയാണ് താരം. പിതാവിന്റെ വിയോഗത്തെ തുടർന്നാണ് തീരുമാനം. ഇതോടെ, മെസി ഉടൻ ഇന്റർ മയാമിക്കൊപ്പം ചേരില്ല. അതേസമയം, കളത്തിലേക്ക് എന്ന് മടങ്ങിവരുമെന്നും താരം വ്യക്തമാക്കിയിട്ടില്ല.

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രകാശനം ചെയ്തു

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥയായ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്ക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചടങ്ങ്. രാംനാഥ് കോവിന്ദിന്റെ ഗ്രാമീണ ജീവിതം, ആദ്യകാല പോരാട്ടങ്ങള്‍, നിയമ ജീവിതം, 2017 മുതല്‍ 2022 വരെയുളള രാഷ്ട്രപതി ചുമതല ഉള്‍പ്പെടെ ജീവിതയാത്രയാണ് പുസ്തകത്തിലുള്ളത്. രാംനാഥ് കോവിന്ദുമായുളള ദീര്‍ഘകാല ബന്ധത്തെ അനുസ്മരിച്ച മോദി, രാഷ്ട്രപതി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. രാംനാഥ് കോവിന്ദിന്റെ ആത്മകഥ ഇന്ത്യന്‍ ജനാധിപത്യത്തിനും സമൂഹത്തിനും പ്രചോദനമായിരിക്കുമെന്നും മോദി പറഞ്ഞു.

എഫ്‌സിആർഎ ബില്ലില്‍ സമവായ നീക്കം; പ്രതിപക്ഷ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്രം, ബില്‍ ജെപിസിക്ക്

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി (എഫ്‌സിആർഎ) ബില്ലില്‍ കേന്ദ്രത്തിന്റെ സമവായ നീക്കം. പ്രതിപക്ഷ സമ്മര്‍ദത്തിനു വഴങ്ങി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിടാന്‍ തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നും വരാത്തതിനെത്തുടര്‍ന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്‍ ജെപിസിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചത്. 31 അംഗ ജെപിസിയില്‍ ലോക്‌സഭയില്‍നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍ 10 പേരുമുണ്ടാകും. സ്പീക്കറും രാജ്യസഭ ചെയര്‍മാനുമാകും അംഗങ്ങളെ നിശ്ചയിക്കുക.

എംഡിഎംഎ കേസ്; മെറ്റയില്‍നിന്ന് വാര്‍ത്തകള്‍ നീക്കാന്‍ ഇടപെട്ടത് സര്‍ക്കാര്‍

യൂത്ത് കോൺഗ്രസ് നേതാക്കളുടെ എംഡിഎംഎ കേസ് വാർത്തകൾ മെറ്റ നീക്കിയത് സർക്കാർ ഇടപെടലിലൂടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സെൻസർഷിപ്പ് ഏകാധിപത്യപരമാണ്. വാർത്ത തടയുന്നത് പ്രതികൾക്കുള്ള സംരക്ഷണമാണ്. യുഡിഎഫ് സർക്കാർ കേന്ദ്ര സർക്കാരിന്റെ പാതയിലാണ്. തൂഫാൻ്റെ ഭാഗമായുള്ള അറസ്റ്റ് സർക്കാർ തന്നെ പൂഴ്ത്തിയെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

വി.ഡി. സതീശൻ രാഷ്ട്രീയ ഭീരു: പി.എ. മുഹമ്മദ് റിയാസ്

വിമർശന പോസ്റ്റുകൾ നീക്കുന്ന വി.ഡി. സതീശൻ രാഷ്ട്രീയ ഭീരുവാണെന്ന് പി.എ. മുഹമ്മദ് റിയാസ്. എംഡിഎംഎ കേസ് പ്രതിക്ക് വി.ഡി. സതീശനുമായി അടുത്ത ബന്ധമെന്നും റിയാസ് പ്രതികരിച്ചു. അതേസമയം, മിനിറ്റുകൾക്കകം മെറ്റ പോസ്റ്റുകൾ നീക്കുന്നത് സതീശന് ആര്‍എസ്എസുമായുള്ള ബന്ധം കൊണ്ടാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. വാർത്ത മുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി.കെ. സനോജ് പ്രതികരിച്ചു.

ഭരണ നേതൃത്വത്തിനെതിരായ പോസ്റ്റുകള്‍ നീക്കുന്നത് തുടര്‍ന്ന് മെറ്റ

ഭരണ നേതൃത്വത്തിൽ ഉള്ളവരെ കുറിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യുന്നത് തുടർന്ന് മെറ്റ. വി.ഡി. സതീശനു പുറമെ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ കുറിച്ചുള്ള പോസ്റ്റുകളും അപ്രത്യക്ഷമായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറി്റെ ഫോട്ടോ ഉപയോഗിച്ചുള്ള പോസ്റ്റും നീക്കി. ഇന്ത്യയുടെ ഐടി നിയമം പാലിക്കാത്ത പോസ്റ്റുകള്‍ എന്നാണ് മെറ്റയുടെ വിശദീകരണം.

മെസി വിവാദം: കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് സ്പോണ്‍സര്‍

ലയണൽ മെസി വിവാദത്തിൽ കരാർ വിശദാംശങ്ങൾ പുറത്തുവിട്ട് സ്പോൺസർ. അർജന്റൈന്‍ ഫുട്ബോൾ അസോസിയേഷനുമായുള്ള കരാർ എന്നാണ് വിശദീകരണം. മെസിയും ടീമും രണ്ട് മത്സരത്തിനായി കേരളത്തിലെത്തുമെന്നാണ് കരാര്‍. അന്നത്തെ മന്ത്രിയുടെ അറിവോടെയായിരുന്നു നടപടിക്രമങ്ങൾ. ചട്ടങ്ങൾ പാലിച്ചിരുന്നെന്നുമാണ് സ്പോണ്‍സറുടെ വിശദീകരണം.

ഖനന നിയന്ത്രണ ഭേദഗതി ബിൽ ലോക്സഭ പാസാക്കി

ഖനന നിയന്ത്രണ ഭേദഗതി ബിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ലോക്സഭ ചർച്ച കൂടാതെ പാസാക്കി. ഇന്ന് മൂന്ന് മണിക്ക് വീണ്ടും സമ്മേളിച്ചപ്പോഴും ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടർന്നിരുന്നു. മൂന്ന് മണിക്ക് സഭ ചേർന്നപ്പോഴും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിരുന്നില്ല. ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജിജു സഭയെ അറിയിച്ചു. എന്തുകൊണ്ട് പ്രതിപക്ഷം ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്ന് ലോക്സഭാ സ്പീക്കർ ചോദിച്ചു. പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധവുമായി എത്തിയതോടെ സീറ്റിലേക്ക് മടങ്ങിയാൽ ചർച്ച ആരംഭിക്കാമെന്ന് മന്ത്രി കിരൺ റിജിജു അറിയിച്ചു. തുടർന്ന് 3.15 ഓടെ ലോക്സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിച്ചു.

എഫ്‌സിആർഎ ബിൽ പിൻവലിക്കണം: പ്രിയങ്കാ ഗാന്ധി

എഫ്‌സിആർഎ ബിൽ ജെപിസിക്ക് വിട്ടതിലും പാർലമെൻ്റിൽ പ്രതിഷേധമറിയിച്ച് കോൺഗ്രസ്. എഫ്‌സിആർഎ ബിൽ പിൻവലിക്കുകയാണ് വേണ്ടതെന്നാണ് ഞങ്ങളുടെ നിലപാടെന്ന് കോൺഗ്രസ് എംപി പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ബ്രിട്ടാസിനെതിരെ അവകാശ ലംഘന നോട്ടീസ്

രാജ്യസഭയിൽ സിപിഐഎം എംപി ജോൺ ബ്രിട്ടാസിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി എംപി സുഷ്മിത ദേബ്. ടാക്സേഷൻ ബിൽ ചർച്ചയ്ക്കിടെ ബ്രിട്ടാസ് പറഞ്ഞ കാര്യങ്ങൾ സഭയ്ക്ക് ചേരുന്നതല്ലെന്നാണ് ബിജെപി എംപിയുടെ പരാതി.

സിപിഐഎം മറന്നപ്പോൾ യെച്ചൂരിയെ ജന്മദിനത്തിൽ അനുസ്മരിച്ച് രാഹുൽ ഗാന്ധി

സീതാറാം യെച്ചൂരിയുടെ ജന്മദിനം സിപിഐഎം മറന്നപ്പോൾ യെച്ചൂരിയെ അനുസ്മരിച്ച് എക്സിൽ പോസ്റ്റിട്ട് രാഹുൽ ഗാന്ധി. സിപിഐഎം കേന്ദ്ര കമ്മിറ്റിയോ ജനറൽ സെക്രട്ടറിയോ യെച്ചൂരിയെ അനുസ്മരിച്ച് സാമൂഹ്യ മാധ്യങ്ങളിൽ പ്രതികരിക്കാതിരുന്ന സമയത്താണ് രാഹുൽ ഗാന്ധിയുടെ ഈ പോസ്റ്റ്. എന്നാൽ

വിമർശന വാർത്തകളും പോസ്റ്റുകളും നീക്കി ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്നത് ശുദ്ധ മണ്ടത്തരം: പി. രാജീവ്

ജനാധിപത്യത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരൻ്റേയും മാധ്യമങ്ങളുടെയും മൗലികാവകാശമാണെന്നും വിമർശിക്കുന്ന വാർത്തകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണെന്നും മുൻ വ്യവസായ മന്ത്രി പി. രാജീവ്. വി.ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോ എന്നും രാജീവ് ചോദിച്ചു.

ആദ്യം മറന്നു, പിന്നീട് യെച്ചൂരിയെ അനുസ്മരിച്ച് സിപിഐഎം

സീതാറാം യെച്ചൂരിയുടെ ജന്മദിനം സിപിഐഎം മറന്ന സംഭവം വിവാദമായതോടെ ഉച്ച കഴിഞ്ഞ് സിപിഐഎമ്മിൻ്റെ ഔദ്യോഗിക എക്സ് പോസ്റ്റിൽ യെച്ചൂരിയെ അനുസ്മരിച്ച് ഒരു കാർഡ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. "മുൻ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയെ അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അനുസ്മരിക്കുന്നു" എന്ന തലക്കെട്ടോടെയാണ് ഈ കാർഡ് പ്രസിദ്ധീകരിച്ചത്.

ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്

ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്. ലോക്സഭാ സ്പീക്കറുടെ നിർദേശപ്രകാരം രൂപീകരിച്ച പാർലമെൻ്റ് കമ്മിറ്റിയുടേതാണ് ഈ അന്വേഷണ റിപ്പോർട്ട്. യശ്വന്ത് ശർമയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിൻ്റെ സ്രോതസ്സ് വ്യക്തമാക്കാൻ ജസ്റ്റിസിന് കഴിഞ്ഞിട്ടില്ലെന്നും, വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

നെടുമങ്ങാട് വട്ടറത്തലയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി സൗമ്യ (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സൗമ്യയ്ക്ക് പൊള്ളലേറ്റത്. പൊള്ളലേറ്റതിന് പിന്നാലെ സൗമ്യയെ വീട്ടിലെ കിണറ്റിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് സജിയുടെ കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

ഇരുവരും നെടുമങ്ങാട് വട്ടറത്തലയിൽ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ നിരന്തരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. സൗമ്യയ്ക്ക് എങ്ങനെയാണ് പൊള്ളലേറ്റത് എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. പരിക്കേറ്റ് ചികിത്സയിലുള്ള സജിയെ ചോദ്യം ചെയ്താലേ വിശദമായ വിവരങ്ങൾ ലഭ്യമാകൂ.

വെമ്പായം സ്വദേശി സൗമ്യ

തിരുവനന്തപുരം പേയാട് വയോധികയെ മർദിച്ചതായി പരാതി

തിരുവനന്തപുരം പേയാട് വയോധികയെ മർദ്ദിച്ചതായി പരാതി. ചാരിറ്റി പ്രവർത്തകൻ ഷാലു പേയാടിൻ്റെ നേതൃത്വത്തിൽ ആയിരുന്നു മർദനം. മർദനത്തിന് പിന്നിൽ ചാരിറ്റി തട്ടിപ്പെന്നാണ് ആക്ഷേപം. ശാന്ത എന്ന സ്ത്രീയ്ക്ക് വീട് വയ്ച്ചു നൽകാമെന്നു പറഞ്ഞു വാഗ്ദാനം നൽകിയിരുന്നു. കോൺഗ്രസ് പ്രാദേശിക വനിതാ നേതാവിൻ്റെ സഹായത്തോടെ ശാന്ത മൂന്ന് കുഞ്ഞുങ്ങളെയുമായി രണ്ട് മാസമായി വാടക വീട്ടിൽ താമസിപ്പിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചത് എതിർത്തതോടെ ആണ് മർദനം ഉണ്ടായത്.

വയോധികയെ മർദ്ദിച്ചതായി പരാതി

ഇടതു മുന്നണി യോഗം 17ന് ചേരും

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇടതുമുന്നണി യോഗം ഈ മാസം 17ന് ചേരും. സിപിഐഎം-സിപിഐ ആശയ വിനിമയത്തിലാണ് തീരുമാനം. ഇന്നലെ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരാൻ നിർദേശിച്ചിരുന്നു.

കൊല്ലം തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി

കൊല്ലം തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി. അപകടത്തിൽ എഞ്ചിനീയർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി സത്യപ്രകാശിനാണ് പരിക്കേറ്റത്. ആന്ധ്രാപ്രദേശിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോയ കപ്പലിലാണ് പൊട്ടിത്തെറി. കപ്പലിലെ ജനറേറ്റർ കേടായത് മൂലം അറ്റകുറ്റ പണിക്കായി എത്തിച്ചതായിരുന്നു.

മഞ്ചലിൽ ചുമന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചു

മഞ്ചലിൽ ചുമന്ന് രോഗിയെ ആശുപത്രിയിൽ എത്തിച്ചു. ഇടുക്കി ഇടമലക്കുടി നിവാസികളാണ് രോഗിയെ ചുമന്ന് കാടിറങ്ങിയത്. കമ്പിൽ തുണി കെട്ടി രോഗിയെ അതിൽ കിടത്തിയാണ് ആളുകൾ ചുമന്നത്. ഇടമലകുടി ഗൂഡല്ലാർകുടി സ്വദേശിയായ 75 വയസുകാരനായ മാലയപ്പനെ ആശുപത്രിയിൽ എത്തിക്കാനായിരുന്നു ഈ ദുരിത യാത്ര.

മാലയപ്പനെ ആശുപത്രിയിൽ എത്തിക്കാനായിരുന്നു ഈ ദുരിത യാത്ര

ഓപ്പറേഷൻ സൗന്ദര്യ:  10 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടികൂടി

സംസ്ഥാനത്ത് 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർധക വസ്തുക്കൾ പിടികൂടി. പാകിസ്ഥാനിൽ നിർമിച്ച 'ഫൈസ', 'ഗോറി' ഫേസ്ക്രീമുകളിൽ വൻതോതിൽ മെർക്കുറി കണ്ടെത്തി. ലിപ്സ്റ്റിക്ക്, ഫെയ്സ് ക്രീം, ബേബി ഓയിൽ, ബേബി സോപ്പുകളിലും അമിതമായ അളവിൽ മെർക്കുറി കണ്ടെത്തി. ഫേസ് ക്രീമുകളിൽ അനുവദനീയമായത് 1 പി.പി.എം മെർക്കുറിയാണ്. പിടിച്ചെടുത്തവയിൽ ഉള്ളത് 20,000 വരെ പി.പി.എം ആയിരുന്നു.

സഹായിക്കാൻ ശ്രമിച്ച തന്നോട് മോശമായി പെരുമാറി: ശാലു പേയാട്

വയോധികയ്ക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായി യൂട്യൂബർ ശാലു പേയാട്. സഹായിക്കാൻ ശ്രമിച്ച തന്നോട് മോശമായി പെരുമാറിയെന്നും ശാലു പേയാട് ആരോപിച്ചു.

ശബരിമല നെയ്യ് തിരിമറി: സർക്കാരും ഹൈക്കോടതിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി

ശബരിമല നെയ്യ് തിരിമറിയിൽ ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. അതിൽ പെടാത്ത കാര്യങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് സർക്കാർ നിലപാട്. സാങ്കേതിക വശങ്ങൾ കൂടി പരിശോധിക്കണം. സർക്കാരും ഹൈക്കോടതിയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെസ്സി വിവാദം: യഥാർത്ഥ സത്യങ്ങൾ പലതും പുറത്തുവരാനുണ്ടെന്ന് കെ. മുരളീധരൻ

മെസ്സിയെ കൊണ്ടുവരൽ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് ചിലർ ഞങ്ങൾക്കെതിരെ വടിയും വാളുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് മന്ത്രി കെ. മുരളീധരൻ. "ഇതൊന്നും കണ്ടാൽ ഞങ്ങൾ ഭയപ്പെടില്ല. യഥാർത്ഥ സത്യങ്ങൾ പലതും പുറത്തുവരാനുണ്ട്. സത്യം പുറത്തു വരാതിരിക്കാൻ ആണ് മുഖ്യമന്ത്രിയെ മന്ത്രിമാരെയും സംശയത്തിൻ്റെ നിഴലിൽ നിർത്താൻ ചിലർ നേരം വെളിച്ചമാകുന്നത് മുതൽ രംഗത്ത് വരുന്നുണ്ട്. വരാത്ത മെസ്സിയുടെ പേരിൽ കോടികൾ ചെലവാക്കിയവരെ സർക്കാർ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരും," മന്ത്രി പറഞ്ഞു.

കൂടെ നടക്കുന്നവർക്ക് ഈ പണിയുണ്ടെന്ന് നമുക്കറിയില്ലല്ലോ: മന്ത്രി കെ. മുരളീധരൻ

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൺവീനറെ ലഹരി മരുന്ന് കേസിൽ പിടിച്ച സംഭവത്തോട് പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. "കൂടെ നടക്കുന്നവർക്ക് ഈ പണിയുണ്ടെന്ന് നമുക്കറിയില്ലല്ലോ. ഇതിൻ്റെ പേരിലാണ് ചിലരൊക്കെ രാവിലെ മുതൽ ചാനലിൽ അട്ടഹാസം. ഇതൊക്കെ ഞങ്ങൾ കാണുന്നുണ്ട്," കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

"ഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ പതിനായിരങ്ങൾ വിളിച്ചു പറയുമെന്ന് മറക്കേണ്ട"

ഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആ വാർത്ത പതിനായിരങ്ങൾ ഉറക്കെ വിളിച്ചു പറയുമെന്ന് മറക്കേണ്ടെന്ന് മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. സർക്കാരിൻ്റെ മാധ്യമവിരുദ്ധ നിലപാട് തുറന്നുകാട്ടുകയായിരുന്നു മന്ത്രി.

"രണ്ട് ദിവസം മുൻപ് ഒരു സീനിയർ ജേണലിസ്റ്റിനോട് സംസാരിക്കുമ്പോൾ പറഞ്ഞു - അതിഭീകര സമ്മർദ്ദമാണ് . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരിട്ട് വിളിച്ചാണ് വാർത്തകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നത്. സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങളിലാണ് സമ്മർദ്ദം. രണ്ടു ദിവസം കഴിഞ്ഞില്ല, നേരിട്ടുള്ള സമ്മർദ്ദവും പിന്നിട്ട് മെറ്റാ വഴി വാർത്തകളെ കൊല്ലുന്നു! എതിർ വാർത്തകൾ ഉൾക്കൊള്ളുന്ന പോസ്റ്റുകൾ നീക്കം ചെയ്യിക്കുന്നു. ചാനലുകളുടെയും, ഓൺലൈൻ മീഡിയയുടെയും മാത്രമല്ല രാഷ്ട്രീയ വിശകലനങ്ങൾ നടത്തുന്നവരുടെയും. ഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആ വാർത്ത പതിനായിരങ്ങൾ ഉറക്കെ വിളിച്ചുപറയും എന്ന് മറക്കേണ്ട!," വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിശ്രുത വധുവിനെ പിന്നാലെ വരനും ജീവനൊടുക്കി

കാസർഗോഡ് പൂച്ചക്കാട് പ്രതിശ്രുത വധുവിനെ പിന്നാലെ വരനും ജീവനൊടുക്കി. കാട്ടാമ്പള്ളി സ്വദേശിനിയായ അനുശ്രീയാണ് (25) കർണാടകയിലെ ഹുൻസൂരിൽ ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരൻ കണ്ണൂർ അമ്പലത്തട്ട് സ്വദേശി അമലും ജീവനൊടുക്കിയത്.

പ്രതിശ്രുത വധുവിനെ പിന്നാലെ വരനും ജീവനൊടുക്കി

പരിശോധനയില്‍ തെറ്റായ ഫലം; താനെയില്‍ സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതി

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ശാസ്ത്രി നഗര്‍ സര്‍ക്കാര്‍ ആശുപത്രയില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വന്ന 17കാരിക്ക് മൂന്നു തവണ ഗര്‍ഭപരിശോധന നടത്തുകയും ഗര്‍ഭിണിയാണെന്ന് തെറ്റായി അറിയിച്ചെന്നുമാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് ആശങ്കയിലായ കുടുംബം പെണ്‍കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രയിലേക്ക് കൊണ്ടുപോവുകയും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും പരിശോധനയില്‍ ഗര്‍ഭിണിയലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ആര്‍ത്തവ പ്രശ്നത്തിന് മരുന്ന് നല്‍കി വിട്ടയച്ചു.

ശാസ്ത്രി നഗര്‍ ആശുപത്രിയിലെ പരിശോധനാ നടപടികളെയും ഡോക്ടര്‍മാരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും വലിയ രീതിയിലുളള പ്രതിഷേധങ്ങളും ചോദ്യങ്ങളുമാണ് ഉയരുന്നത്. ഈ വിഷയം സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുകയും തുടര്‍ന്ന് മുന്‍സിപ്പല്‍ കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിടുകയും വീഴ്ച്ച കണ്ടെത്തിയാല്‍ ഉത്തരവാദികള്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും അറിയിച്ചു.

മുംബൈ ഘാട്‌കോപ്പറില്‍ മണ്ണിടിച്ചിലില്‍ 6 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈയിലെ ഘാട്‌ക്കോപ്പറില്‍ ചിരാഗ് നഗറിലെ ഗൗഷിയ ചൗളില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന മണ്ണിടിച്ചിലില്‍ ആറ് പേര്‍ മരണപ്പെടുകയും നാലില്‍ കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുരുങ്ങിക്കിടക്കുന്നതായും മുംബൈ അഗ്നിശമന സേനാ അധികൃതര്‍ അറിയിച്ചു. വിവിധ ഏജന്‍സികളില്‍ നിന്നുളള രക്ഷാപ്രവര്‍ത്തകര്‍ അവിശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്‍ കണ്ടെത്താന്‍ ക്യാമറകള്‍ ഉപയോഗിച്ച് തിരച്ചിൽ നടത്തുകയാണ്.

ഗൗസിയ ചൗളില്‍ ഒരു കുന്നിന്റെ ഭാഗമാണ് ഇടിഞ്ഞു വീണത്. മൂന്ന് വീടുകള്‍ക്ക് മേലെയാണ് ഇത് വന്ന് പതിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബിഎംസി മേയര്‍ റിതു താവ്‌ഡെയും അഡീഷനല്‍ മുന്‍സിപ്പല്‍ സെക്രട്ടറി അവിനാശ് ധക്‌നെയും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മുംബൈ അഗ്നിശമന സേന, മുംബൈ പൊലീസ് ദുരന്തനിവാരണ സേന എന്നീ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഇ.ഡി ആക്രമണ കേസ്: ആദർശ് റിമാൻഡിൽ

ഇ.ഡി ആക്രമണ കേസിൽ ഇന്നലെ ചെന്നൈ വിമാനത്താവളത്തിൽ നിന്നും പിടിയിലായ ആദർശിനെ റിമാൻഡ് ചെയ്തു. ഉടൻ കസ്റ്റഡി അപേക്ഷ കൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അടിയന്തരാവസ്ഥ കാലം പോലെ പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് ശ്രമം: പിണറായി വിജയൻ

അടിയന്തരാവസ്ഥക്കാലം പോലെ അധികാരത്തിൻ്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളേയും പ്രതിപക്ഷത്തേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും യുഡിഎഫും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തിൻ്റെ സുരക്ഷയും ക്രമസമാധാനവും ഉൾപ്പെടെയുള്ള അത്യധികം ഗൗരവമുള്ള വിഷയങ്ങളിൽ സ്വീകരിക്കുന്ന കരുതൽ, മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കടത്തിൽ പിടിയിലാകുമ്പോൾ കൈക്കൊള്ളുന്നത് രാജ്യത്തിൻ്റെ നിയമ വ്യവസ്ഥിതിയോടുള്ള നിന്ദയും വെല്ലുവിളിയും കൂടിയാണ്. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന പോലും ജനങ്ങളിലേക്കെത്താതെ കുറ്റവാളിയോടാണ് സർക്കാരിൻ്റെ കരുതലെന്നും പിണറായി വിജയൻ വിമർശിച്ചു.

കാറിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാസറഗോഡ് കാലിക്കടവ് ടൗണിനടുത്ത കാങ്കോക്കാരിത്തി കാർത്ത്യായനി (68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ആഗസ്ത് രണ്ടിനാണ് അപകടമുണ്ടായത്.

FCRA രജിസ്ട്രേഷൻ പുതുക്കൽ അപേക്ഷ തള്ളിയ കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി

രണ്ട് എൻജിഒകളുടെ FCRA രജിസ്ട്രേഷൻ പുതുക്കാനുള്ള അപേക്ഷ തള്ളിയ കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. മൂന്ന് മാസത്തിനകം അപേക്ഷയിൽ പുതിയ ഉത്തരവ് പുറപ്പെടുവിക്കാനാണ് നിർദേശം. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തെ പിന്തുണച്ചതിൻ്റെ പേരിലായിരുന്നു നടപടി.

ആശാ ലതയുടെ മരണം: നിവേദനം നൽകി എൻജിഒ അസോസിയേഷൻ

ആശാ ലതയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിനും കളക്ടർക്കും നിവേദനം നൽകി എൻജിഒ അസോസിയേഷൻ. സർക്കാരിനെയും സർക്കാർ അനുകൂല സർവീസ് സംഘടനകളെയും നവമാധ്യമങ്ങളിൽ കൂടി അധിക്ഷേപിച്ച് മരണത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ്. ആശാലതയുടെ സീറ്റ് മാറ്റം നടന്നിട്ടുള്ളത് ഇടത് സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നുവെന്നത് രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്നും എൻജിഒ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആൺസുഹൃത്ത് പിടിയിൽ

യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ആൺസുഹൃത്ത് പിടിയിൽ. ആലപ്പുഴ ചിങ്ങോലി സ്വദേശി ശരത്തിനെ നൂറനാട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ചാരുംമൂട് സ്വദേശിയായ യുവതിയെ ആണ് ഇന്നലെ രാത്രി പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചത്. വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് നിൽക്കുമ്പോഴായിരുന്നു ആക്രമണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സൗഹൃദത്തിൽ നിന്നും പിൻമാറിയതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ അഞ്ചംഗ ഉപസമിതി പരിശോധന നടത്തി. തേക്കടിയിലെത്തിയ സമിതി അംഗങ്ങൾ ബോട്ട് മാർഗം മുല്ലപ്പെരിയാർ ഡാമിലെത്തിയാണ് പരിശോധിച്ചത്. പ്രധാന ഡാം, ബേബി ഡാം എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ സംഘം പരിശോധിച്ചു. സ്പിൽവേ ഷട്ടറുകളുടെ കാര്യക്ഷമത ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളും വിലയിരുത്തി. പരിശോധനയിൽ ലഭിച്ച വിവരങ്ങളും വിലയിരുത്തലുകളും തുടർന്ന് ചേർന്ന യോഗത്തിൽ വിശദമായി ഉപസമിതി ചർച്ച ചെയ്തു.

മാധ്യമ സെൻസറിങ്: കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്

മാധ്യമ പോസ്റ്റുകൾക്ക് ഏർപ്പെടുത്തുന്ന അപ്രഖ്യാപിത സെൻസറിങ്ങിനെ പിന്തുണച്ച കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്. ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു വിമർശനം. "തോന്ന്യാസം കാണിച്ചാൽ മെറ്റാ നീക്കം ചെയ്യും എന്ന് കെ. മുരളീധരൻ. രാജ്‌മോഹൻ ഉണ്ണിത്താൻ നൽകിയ സർട്ടിഫിക്കറ്റ് തോന്ന്യാസം അല്ലാത്തത് കൊണ്ടാകും ഇപ്പോഴും ഡീലീറ്റ് ചെയ്യാത്തത് അല്ലേ ശ്രീമാൻ മുരളീധരാ?," വീണ ഫേസ്ബുക്കിൽ കുറിച്ചു.

ഹോർമുസ് നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി ട്രംപ്

ഹോർമുസ് കടലിടുക്കിൻ്റെ പൂർണനിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ ഇട്ട പോസ്റ്റിലാണ് ട്രംപ് ഈ വാദമുന്നയിച്ചത്. ഇനിയങ്ങോട്ട് ഹോർമുസിൻ്റെ നിയന്ത്രണം വിട്ടുകൊടുക്കാൻ യുഎസ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് നാവികസേന ഒരുക്കിയ സ്റ്റീൽ മതിൽ തകർക്കാൻ ഇറാന് കഴിയില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

പേരാമ്പ്രയിൽ റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം

കോഴിക്കോട് പേരാമ്പ്ര ചാനിയംകടവ് റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം. രണ്ടു കാറുകളിലായി യുവാക്കൾ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയായിരുന്നു. വാഹനങ്ങൾ അമിതവേഗതയിൽ ആയിരുന്നെന്ന് നാട്ടുകാർ പരാതിപ്പെട്ടു. യുവാക്കൾ തെറ്റായ ദിശയിൽ അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോയും പുറത്തുവന്നു.

ഫ്രഷ് കട്ട് വിവാദം: പഞ്ചായത്ത് സെക്രട്ടറി 1, 2 തീയതികളിൽ കളക്ടർക്ക് റിപ്പോർട്ട് നൽകി

ഫ്രഷ് കട്ട് ഫാക്ടറിയിൽ വെള്ളം കയറിയ സംഭവത്തിൽ കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറി ഒന്നാം തീയതിയും രണ്ടാം തീയതിയും കളക്ടർക്ക് റിപ്പോർട്ട് നൽകിയെന്ന് റിപ്പോർട്ട്. ഹൈക്കോടതി സ്റ്റേ ഉത്തരവിൽ പരാമർശിച്ചത് രണ്ടാം തീയതി നൽകിയ റിപ്പോർട്ട് മാത്രമായിരുന്നു. പൊല്യൂഷൻ കൺട്രോൾ ബോർഡും ജില്ലാ ഭരണകൂടവും പരിശോധന നടത്തിയെന്നാണ് സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ളത്. പി.കെ. ഫിറോസ് എംഎൽഎയുടെ ആരോപണത്തിൻ്റെ മുന ഒടിക്കുന്നതാണ് സെക്രട്ടറിയുടെ റിപ്പോർട്ട്.

ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിച്ചിരുന്നുവെന്ന് പൈലറ്റിൻ്റെ മൊഴി

​ഫുക്കറ്റിലെ വിശ്രമ സമയത്തും ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകി പൈലറ്റ്. പൈലറ്റ് ഇൻ കമാൻഡ് (ക്യാപ്റ്റൻ) സുദീപ് വസിഷ്ട ഉറക്കമില്ലായ്മയ്ക്ക് മരുന്നുകൾ കഴിച്ചതായാണ് മൊഴി. ​തനിക്ക് ഉറക്കമില്ലായ്മ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് AAIBക്ക് പൈലറ്റ് മൊഴി നൽകി. ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിച്ചിരുന്നതായും പൈലറ്റ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com