
കെഎസ്ആര്‍ടിസിയിലെ ആശ്രിത നിയമന നടപടികൾ നിലച്ചു. നിയമനം കാത്തിരിക്കുന്നത് അഞ്ഞൂറിലേറെ പേർ. ആദ്യഘട്ട ഇന്റർവ്യൂവിന് 259 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. കെഎസ്ആര്‍ടിസിയിലെ പ്രമുഖ യൂണിയന്റെ എതിർപ്പാണ് നിയമനത്തിന് തടസമാവുന്നത്. ഇതോടെ ആശങ്കയിലായത് അഞ്ഞൂറിലേറെ കുടുംബങ്ങളാണ്. പുതിയ സർക്കാർ നിയമനം നൽകാമെന്ന തീരുമാനം എടുത്തിരുന്നെങ്കിലും നടപടിയായിട്ടില്ല. നിയമനം കാത്തിരിക്കുന്നവർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിനൊരുങ്ങുകയാണ്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കള്ളക്കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ കേരളം ലക്ഷ്വദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം.
മെസി വിവാദത്തിൽ സർക്കാർ സമഗ്ര അന്വേഷണത്തിനെന്ന് സൂചന. ഇതു സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകും. കായികവകുപ്പ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് മന്ത്രി സഭ ചർച്ച ചെയ്യും.
പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയ പാർലമെന്റിന്റെ വർഷകാലം സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും ഇരുസഭകളും കലുഷിതമാകാനാണ് സാധ്യത. ഡല്‍ഹി പ്രക്ഷോഭത്തിലെ അതിക്രമത്തിലും അയോധ്യ സംഭാവന കൊള്ളയിലും ചർച്ച വേണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.
നിർണായക സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. പ്രതിപക്ഷ ഉപനേതൃപദവിയിൽ മുന്നണിയിൽ സ്വീകരിക്കേണ്ട നിലപാട് യോഗത്തിൽ ചർച്ചയാകും. വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചാണ് നേതൃത്വം. തിങ്കളാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിൽ നിലപാട് ആവർത്തിച്ചേക്കുമെന്ന് സൂചന.
വിരമിക്കൽ അഭ്യൂഹങ്ങൾക്കിടെ കളത്തിലേക്ക് തിരിച്ചെത്തി സൂപ്പർതാരം ലയണല്‍ മെസി. ലീഗ്സ് കപ്പിൽ ലിയോണെക്കെതിരെ പകരക്കാരനായാണ് മെസി കളത്തിലെത്തിയത്.
യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്‌ജി. ഓസ്ട്രിയയിലെ സാൽസ്‌ബുർഗ് റെഡ്‌ബുൾ അരീനയിൽ നടന്ന കലാശ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ 2-1ന് തോൽപ്പിച്ചാണ് പിഎസ്‌ജി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. ഖ്വിച ക്വരാത്‌സ്‌ഖേലിയ (20), ഡെസിറെ ഡൂവെ (61) എന്നിവരാണ് പിഎസ്‌ജിക്കായി വല കുലുക്കിയത്. ബ്രയാൻ മാഡ്ജോ (45) ആസ്റ്റണ്‍ വില്ലയ്ക്കായി ആശ്വാസ ഗോള്‍ നേടി. ലൂയിസ് എൻറിക്വെയുടെ കീഴിൽ പിഎസ്‌ജിയുടെ 13-ാം കിരീടമാണിത്. റയൽ മാഡ്രിഡിനുശേഷം (2016, 2017) കപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന വിശേഷണവും സ്വന്തം. കഴിഞ്ഞ തവണ ടോട്ടനം ഹോട്‌സ്‌പറിനെയായിരുന്നു പിഎസ്‌ജി തോല്‍പ്പിച്ചത്.
ശ്രീലങ്കയ്‌ക്കെതിരായ നിർണായക ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങി ഇന്ത്യ. ആദ്യ ടെസ്റ്റ് ശനിയാഴ്ച ഗാലെയിൽ നടക്കും. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യക്ക് പരമ്പരനേട്ടം അനിവാര്യമാണ്. പരിശീലകസ്ഥാനം നിലനിർത്താൻ ഗംഭീറിനും പരമ്പര നിർണായകം.
വിദേശ റഫറിമാർക്ക് ലൈംഗിക സേവനങ്ങൾക്കായി പണം നൽകിയെന്ന ആരോപണം ഉൾപ്പെടെ വിവാദങ്ങളിൽ മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ ഫുട്ബോൾ അസോസിയേഷൻ. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സംഭവങ്ങളാണ് ഇപ്പോൾ പുറത്തുവന്നതെന്നും, ഇത്തരം പ്രവർത്തനങ്ങളോ കോർപ്പറേറ്റ് കാർഡ് ദുരുപയോഗമോ നിലവിൽ അസോസിയേഷനിൽ നടക്കുന്നില്ലെന്നും കെഎഫ്എ വ്യക്തമാക്കി. 2010കളുടെ തുടക്കത്തിൽ റഫറിമാർക്കായി കെഎഫ്എ കാർഡിൽ നിന്ന് 56 ലക്ഷം വോൺ, ചെലവഴിച്ചെന്നാണ് റിപ്പോർട്ട്.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് അധിക ധനസഹായത്തിന് മന്ത്രിസഭാ തീരുമാനം. രണ്ട് ലക്ഷം രൂപ അധികമായി അനുവദിക്കാനാണ് തീരുമാനം.
എംഡിഎംഎ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുല്‍ സലാമിനെയും നേരിട്ടറിയാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റപ്പോഴാണ് ആദ്യമായി വിളിച്ചു സംസാരിക്കുന്നത്. പിന്നീട് അവരുടെ വീട്ടിലും പോയിരുന്നു. പൊലീസ് മർദനത്തിൽ പരിക്കേറ്റയാൾ എന്ന താല്‍പ്പര്യത്തിന്റെ പുറത്താണ് പോയത്. ഇപ്പോള്‍ അറസ്റ്റിലായപ്പോഴാണ് മറ്റു കാര്യങ്ങള്‍ അറിയുന്നത്. എന്നാല്‍, അവര്‍ സോഷ്യല്‍ മീഡിയ ടീമിലൊന്നും ഇല്ല. അങ്ങനെയൊരു ടീം പ്രതിപക്ഷ നേതാവായിരുന്നപ്പോഴൊ, ഇപ്പോഴോ ഇല്ല.
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണുമ്പോള്‍, താനൊരു വലിയ സംഭവമാണെന്നാണ് തോന്നുന്നത്. എന്താണ് മെറ്റ ചെയ്യുന്നതെന്ന് അറിയില്ല. എന്നെ അനുകൂലിക്കുന്ന പോസ്റ്റുകളും റിമൂവ് ആകുന്നുണ്ട്. വിമര്‍ശിച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുക്കാമെന്നും മുഖ്യമന്ത്രി.
ഫ്രീഡം ക്വിസില്‍ സവര്‍ക്കറുമായി ബന്ധപ്പെട്ട വിവാദ ചോദ്യാവലിയില്‍ അധ്യാപകന്റെ സസ്പെന്ഷന് സ്റ്റേ ചെയ്യാതെ ഹൈക്കോടതി. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു. തെറ്റായ ചോദ്യം ഉൾപ്പെടുത്തിയതിനാണോ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതെന്നും, സസ്‌പെന്‍ഷന്‍ ശിക്ഷാനടപടിയാണോ എന്നും ഹൈക്കോടതി ചോദിച്ചു. സർക്കാരിനോട് വിശദീകരണം തേടിയ കോടതി അധ്യാപകന്‍ ഗുരുപ്രസാദിന്റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
കുമ്പള, കാസർഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളിൽ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തില്‍ 'ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?' എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്ന ഉത്തരമാണ് നൽകിയിരുന്നത്. തുടർന്നാണ് ചോദ്യം തയ്യാറാക്കിയ കാസർഗോഡ് പള്ളത്തടുക്ക എയുപി സ്കൂള്‍ അധ്യാപകനായ ഗുരുപ്രസാദിനെ പൊതു വിദ്യാഭ്യാസ ഡയക്ടർ സസ്പെന്‍ഡ് ചെയ്തത്. ഇത് ചോദ്യം ചെയ്താണ് ഗുരുപ്രസാദ് ഹൈക്കോടതിയെ സമീപിച്ചത്. സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭ പള്ളിത്തര്‍ക്കത്തിൽ സര്‍ക്കാരിന് മധ്യസ്ഥ ചര്‍ച്ച നടത്താമെന്ന് ഹൈക്കോടതി. മതകാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കണം. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ക്രമസമാധാന പ്രശ്‌നം ഉയര്‍ന്നാല്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് ഇടപെടാമെന്നും കോടതി പറഞ്ഞു. സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്താം. പള്ളികളിലെ അധികാരത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. അഞ്ച് പള്ളികളിലെ പൊലീസ് സംരക്ഷണത്തിന് സിംഗിൾ ബഞ്ച് നൽകിയ ഉത്തരവിനെതിരെ യാക്കോബായ സഭ നൽകിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. പൊലീസ് സംരക്ഷണ ഉത്തരവ് കോടതി പിൻവലിച്ചു.
കോഴിക്കോട് താമരശേരി ഫ്രഷ് കട്ടിന് എതിരായ നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കമ്പനി തുറന്നു പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകി ഹൈക്കോടതി. പ്ലാന്റിൽ സംരക്ഷണം നൽകാൻ പൊലീസിനും നിര്‍ദേശം. പ്രവർത്തനസമയത്തിൽ വീണ്ടും പരിശോധന നടത്തണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിനോടും കോടതി നിര്‍ദേശിച്ചു.
പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നാന്ദേത് ഗുരുദ്വാരയ്ക്കുള്ളിൽവച്ചായിരുന്നു ആക്രമണം. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കൈക്ക് പരിക്കേറ്റ ബാദലിനെ ആശുപത്രിയിലേക്ക് മാറ്റി. ബാദലിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്ആർ സെൽ പ്രവർത്തനം ആരംഭിച്ചു. വ ഡോക്ടർമാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നൽകുകയാണ് ലക്ഷ്യം. സ്ഥാനക്കയറ്റം നടക്കാത്തതിനാൽ ഒഴിവുകൾ കൃത്യമായി നികത്താന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഡോക്ടർമാരുടെ കുറവുമൂലം ജനങ്ങൾക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഫയലുകൾ തീർപ്പാക്കാതെയും നടപടികളിലെ കാലതാമസവും കാരണം സ്ഥാനക്കയറ്റം ലഭിക്കാതെ ഡോക്ടർമാർ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്.
അർജന്റീനയുമായുള്ള കരാറിൽ താൻ ഒപ്പിട്ടത് കായിക മേഖലയുടെ നന്മയ്ക്കായാണെന്ന് സ്പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫലി. ഫുട്ബോളർ എന്നതുകൊണ്ടു കൂടിയാണ് താൻ കരാറിൽ സാക്ഷിയായത്. മെസി കേരളത്തിൽ എത്തിയിരുന്നെങ്കിൽ വലിയ മുന്നേറ്റം കായിക മേഖലയ്ക്ക് ഉണ്ടായേനെ. ദൗർഭാഗ്യവശാൽ കളി നടന്നില്ല. സർക്കാരിന് വലിയ ബാധ്യതയാകും എന്ന് കരുതിയാണ് സ്പോൺസറെ കണ്ടെത്തിയത്. സ്പോൺസർക്ക് വൻ നഷ്ടം ഉണ്ടാകുമെന്നാണ് വിദഗ്ധർ എല്ലാം പറഞ്ഞത്. നഷ്ടം സഹിച്ചും മുന്നോട്ടു പോകാൻ സ്പോൺസർ തയ്യാറായിരുന്നെന്നും ഷറഫലി ന്യൂസ് മലയാളത്തോടു പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്കുള്ള പുരസ്കാര തുക ഉയർത്തി കേരള സർക്കാർ. വെള്ളി മെഡൽ ജേതാക്കൾക്കാണ് പുരസ്കാര തുക ഉയർത്തിയത്. ശ്രീ ശങ്കർ മുരളി, മുഹമ്മദ് ബാസിൽ എന്നിവർക്ക് 20 ലക്ഷം രൂപയും, ഫൈനലിസ്‌റ്റുകളായ സജൻ പ്രകാശ്, അൻസ ബാബു എന്നിവർക്ക് 5 ലക്ഷം രൂപയും സർക്കാർ നൽകും. ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് സാന്ദ്ര മോൾ സാബുവിന് 20 ലക്ഷം രൂപ നൽകും.
മെസി വിവാദത്തിൽ കായിക വകുപ്പിൻ്റെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.
സ്വാതന്ത്ര്യം കിട്ടി 80 വർഷമാകുമ്പോൾ രാജ്യം പുരോഗതിയിലാണെന്നും ഈ ദിനത്തിൽ സ്വാതന്ത്ര്യം നേടി തന്നവരെ സ്മരിക്കുന്നുവെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. സംസ്ഥാനത്തിന് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു ഗവർണർ. "100 വർഷമാകുമ്പോൾ വികസിത ഭാരതം യാഥാർഥ്യമാകും. വികസിത കേരളം യാഥാർഥ്യമായാലേ വികസിത ഭാരതം യാഥാർഥ്യമാകൂ. അതിന് വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം," ഗവർണർ പറഞ്ഞു.
ട്രെയിനുകൾ റദ്ദാക്കി. സിപിഐ ഡൽഹി സമരത്തിന് ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. സിപിഐ റെയിൽവേക്ക് നൽകിയ അഡ്വാൻസ് 10 ലക്ഷം രൂപ തിരികെ നൽകിയിട്ടുണ്ട്.
സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കോഴ്‌സ് പൂർത്തീകരിച്ച വിദ്യാർഥികൾക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ നൽകുക, സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, വൈസ് ചാൻസലറുടെ സേവനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ലയണൽ മെസ്സിയെ കൊണ്ടുവരാൻ സാധിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് താൻ ഇപ്പോൾ പറയില്ലെന്നും ഇവിടെ നിന്ന് കുറച്ച് മെസ്സിമാർ ഉണ്ടാകുക എന്നതാണ് ഞങ്ങളുടെ ദൗത്യമെന്നും കായികമന്ത്രി ഒ.ജെ. ജനീഷ്. കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് ആരോ എവിടെയോ ഇരുന്ന് നടത്തിയ അനധികൃത ഇടപെടൽ ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതില്ല എന്നും ഒ.ജെ. ജനീഷ് പറഞ്ഞു.
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്നും സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഓണക്കാലത്ത് വലിയ വിലക്കയറ്റം ഉണ്ടാകുമെന്നും മുൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. "വെളിച്ചെണ്ണ വില ക്രമാതീതമായി ഉയർന്നത് കഴിഞ്ഞ വർഷം പിടിച്ചു നിർത്താൻ കഴിഞ്ഞു. മറ്റ് ഉത്പന്നങ്ങളുടെ വിലയും നിയന്ത്രിക്കാൻ സാധിച്ചു. ഒരു മാധ്യമവും കഴിഞ്ഞ ഓണക്കാലത്ത് സർക്കാരിനെ വിമർശിച്ചിട്ടില്ല. ഓണമാസം 386 കോടി രൂപയുടെ വിൽപ്പന കഴിഞ്ഞ വർഷം സപ്ലൈകോ വഴി നടന്നു. മാർക്കറ്റ് വിൽപ്പനയേക്കാൾ ഓഫർ കൊടുത്ത് നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വഴി നൽകി," ജി.ആർ. അനിൽ പറഞ്ഞു.
"ജനസംഖ്യയുടെ പകുതിയിലധികം പേർ സപ്ലൈകോ വഴി വന്ന് സാധനങ്ങൾ വാങ്ങി. വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ സർക്കാർ വിപണിയിൽ ഇടപെട്ടു. ഇത്തവണ മാർക്കറ്റിലേക്ക് ജനങ്ങളെ തള്ളിവിട്ടു. ഇതുപോലെ കാഴ്ചക്കാരായി സർക്കാർ നിൽക്കുന്നത് കണ്ടിട്ടില്ല എന്നാണ് വ്യാപാരികൾ പറയുന്നത്," ജി.ആർ. അനിൽ കൂട്ടിച്ചർേത്തു.
ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഞായറാഴ്ച നടക്കും. രാവിലെ 9 മണിക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നടൻ മനോജ് കെ. ജയൻ ആണ് നിർവഹിക്കുക. കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന അമ്പതോളം തനത് കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരക്കും. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങൾക്കും ഘോഷയാത്രയുടെ സുഖമമായ നടത്തിപ്പിനുമായി 500 ഓളം പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തൃപ്പൂണിത്തുറ നഗരസഭ അത്താഘോഷ കമ്മിറ്റി അംഗങ്ങൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡൽഹി സമരത്തിന് പ്രത്യേക ട്രെയിനിൽ പോകാനാണ് തീരുമാനിച്ചിരുന്നതെന്നും ആ തീരുമാനം മാറ്റപ്പെടുകയാണെന്നും സിപിഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വം. "സാധ്യമായ എല്ലാ വഴികളിൽ കൂടിയും സിപിഐ ഡൽഹിയിലെത്തും. നാളെ റെയിൽവേ സ്റ്റേഷനുകളിലേക്ക് സിപിഐ പ്രതിഷേധ മാർച്ച് നടത്തും. ഈയൊരു നടപടിയുടെ ഭാഗമായി ഡൽഹി സമരത്തിൽ പ്രവർത്തകരുടെ എണ്ണം കൂടിയാലും അത്ഭുതപ്പെടേണ്ട. ഞങ്ങളുടെ തീരുമാനം സമരവുമായി മുന്നോട്ടു പോകാനാണ്," ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ലോ അക്കാദമിയിൽ എസ്എഫ്ഐ പ്രവർത്തകർക്ക് മർദനം. മർദനമേറ്റത് വിദ്യാർഥികളും എസ്എഫ്ഐ പ്രവർത്തകരുമായ മൂന്നു പേർക്കാണ്. എസ്എഫ്ഐ ലോ അക്കാദമി യൂണിറ്റ് കമ്മിറ്റി അംഗം ഭരത് അടക്കം മൂന്ന് പേർക്കാണ് മർദ്ദനമേറ്റത്.
ഹെൽമറ്റ് കൊണ്ട് മർദനമേറ്റ ഭരതിന് ഗുരുതര പരിക്കുണ്ട്. എബിവിപി യൂണിറ്റ് പ്രസിഡൻ്റ് ശങ്കറും പ്രവർത്തകനായ അദ്വൈതും ചേർന്നാണ് ഇവരെ മർദിച്ചത്. എസ്എഫ്ഐ പ്രവർത്തകർക്ക് മർദനമേൽക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സംഘടനാ തലത്തിലുള്ള മുൻ വൈരാഗ്യമാണ് മർദനത്തിന് കാരണം.
എറണാകുളം മുനമ്പത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി. ചെറു മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ച സമൃദ്ധി എന്ന ട്രോൾ ബോട്ടാണ് പിടികൂടിയത്. ബോട്ടിലെ ചെറുമത്സ്യങ്ങളെ നശിപ്പിക്കുമെന്നും ഭക്ഷ്യയോഗ്യമായവ പൊതുലേലം ചെയ്ത് തുക സർക്കാരിലേക്ക് ഒടുക്കും. വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജിബിനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധികലശം നടത്തിയ സംഘ്‌പരിവാർ സംഘടനയുടെ നടപടിയിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്. സംഘ്‌പരിവാർ ഇപ്പോഴും ചാതുർവർണ്യ കാഴ്ച്ചപാടിലൂടെയാണ് കാണുന്നത് എന്നതിൻ്റെ തെളിവാണിതെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
പത്തനംതിട്ട റാന്നിയിൽ മീൻ വറുത്ത് നൽകാത്തതിന് ഭാര്യയെ ക്രൂരമായി മർദിച്ച് ഭർത്താവ്. വീട്ടമ്മ ഭർത്താവിനെതിരെ റാന്നി പൊലീസിൽ പരാതി നൽകി. റാന്നി സ്വദേശി റെജിക്ക് എതിരെയാണ് പരാതി നൽകിയത്. റെജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് വേലന്താവളം ചെക്ക്പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശി മാധവ് സദാശിവയാണ് പണവുമായി പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും പണവുമായി ബസിൽ വരികയായിരുന്നു. തുണി സഞ്ചി ശരീരത്തോട് ചേർത്ത് കെട്ടിവച്ചാണ് പണം കടത്തിയത്. കോയമ്പത്തൂരിലെ സ്വർണ വ്യാപാരി കൂറ്റനാട് എത്തിക്കാനായി നൽകിയ പണമാണ് പിടിച്ചത്.
പ്രതിപക്ഷ ഉപനേതൃ പദവി വേണമെന്ന് ആവർത്തിച്ച് സിപിഐ. ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ചർച്ചയുണ്ടായാൽ മുന്നണിയിൽ ആവശ്യം ഉന്നയിക്കുമെന്നും സിപിഐ സംസ്ഥാന അധ്യക്ഷൻ ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എംഡിഎംഎ കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മുഹമ്മദ് ഹുസൈനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി നുണകൾ നിരത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സോഷ്യൽ മീഡിയ കോർഡിനേറ്റർ അല്ലെന്നും ടീം അല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഹമ്മദ് ഹുസൈൻ്റെ ഫേസ്ബുക്ക് പേജിൽ തന്നെ അതുണ്ട്. കോർഡിനേറ്റർ എന്ന് അഞ്ച് വർഷം പ്രതി പറഞ്ഞ് നടന്നു. ഇല്ലാത്ത കാര്യമെങ്കിൽ എന്തുകൊണ്ട് വിളിച്ച് അന്വേഷിച്ചില്ലെന്നും തിരുത്താൻ സതീശൻ തയ്യാറായില്ലെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.
കേരള സർവകലാശാല പിഎച്ച്ഡി വിവാദത്തിൽ തീരുമാനം അനന്തമായി നീളുന്നു. വിപിന് പി.എച്ച്.ഡി നൽകുന്നതിൽ ഇന്നും തീരുമാനമായില്ല. ഡീൻ, റിസർച്ച് ഗൈഡ്, ഗവേഷക വിദ്യാർഥി എന്നിവരുടെ വിശദീകരണം കേൾക്കാൻ തീരുമാനം. ഇതിനായി സിൻഡിക്കേറ്റ് സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. ഡിപ്പാർട്ട്മെൻ്റ് മേധാവിയും ഡീനും പി.എച്ച്.ഡി നൽകുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോർട്ടുകൾ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.
വന്ദേമാതരം വിഷയത്തിൽ സർക്കാർ തീരുമാനിച്ചിട്ടില്ലേയെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. മുഖ്യമന്ത്രി പറഞ്ഞത് കേട്ടിട്ടില്ല എന്നും തങ്ങൾ പറഞ്ഞു.
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ചിന്താ ജെറോമിൻ്റെ പേര് നിർദേശിച്ച് എം.വി. ഗോവിന്ദൻ. എം. വിജിൻ സംസ്ഥാന സെക്രട്ടറി ആകും. ട്രഷറർ രാഹുൽ. അതേസമയം, ജനാധിപത്യ വിരുദ്ധമായ നടപടിയാണ് എം.വി. ഗോവിന്ദൻ സ്വീകരിക്കുന്നതെന്ന് എം. ഷാജർ ആരോപിച്ചു. എന്താണ് ഷിജു ഖാൻ്റെ അയോഗ്യതയെന്നും എം. ഷാജർ ചോദിച്ചു. ന്യൂനപക്ഷ വിഭാഗത്തെ അവഗണിക്കുന്നുവെന്നും ഗോവിന്ദൻ വിമർശിച്ചു.
തൃശൂർ അതിരപ്പിള്ളി കൊന്നക്കുഴിയിൽ മരം വീണ് ഗതാഗത തടസം. അന്തർ സംസ്ഥാനപാതയിൽ മണിക്കൂറുകളായി ഗതാഗതക്കുരുക്ക്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റാൻ നീക്കം തുടങ്ങി.
റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാൽ നാളെ വെള്ളി (2026 ആഗസ്ത് 14) റബീഉൽ അവ്വൽ ഒന്നും, അതനുസരിച്ച് മീലാദുശ്ശരീഫ് (റബീഉൽഅവ്വൽ 12) ആഗസ്‌ത് 25 ചൊവ്വാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ് റാഹീമുൽഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.
സുകുമാരൻ നായരെ തുടരെ വിമർശിക്കുന്ന കെ.ബി. ഗണേഷ് കുമാറിനെതിരെ എൻഎസ്എസ് രംഗത്ത്. ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച യോഗം ചേരും. ശക്തമായ നടപടി വേണമെന്നും കൊട്ടാരക്കര എൻഎസ്എസ് താലൂക്ക് യൂണിയൻ ആവശ്യപ്പെട്ടു.
കൊടുവള്ളി വാവാട് വച്ച് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മരിച്ചത് വാവാട് മാട്ടാംപൊയിൽ രവീന്ദ്രൻ. വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്ക് ഏൽക്കുകയായിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അഭിഭാഷക എൻറോൾമെൻ്റ് തടഞ്ഞ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ഹൈദരാബാദ് ദേശീയ നിയമ സർവകലാശാലയിലെ വിദ്യാർഥികളുടെ അഭിഭാഷക എൻറോൾമെൻ്റാണ് തടഞ്ഞത്. ബാർ കൗൺസിൽ യോഗം അന്തിമ തീരുമാനം എടുക്കും വരെയാണ് നടപടി തടഞ്ഞത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരായ കാംപെയിനിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. എൻറോൾമെൻ്റ് ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നത് ചീഫ് ജസ്റ്റിസ് ആയിരുന്നു. NALSAR വിസിയോട് ബിസിഐ ചെയർമാൻ വിശദീകരണം തേടി.
കേരളത്തിൽ മാത്രം വന്ദേമാതരം പൂർണമായും ചൊല്ലുമ്പോൾ എന്തിനാണ് ഇത്ര ഹാലിളക്കമെന്ന് ബിജെപി നേതാവ് സി.കെ. പത്‌മനാഭൻ. ഇന്ന് വന്ദേമാതരം പാർലമെൻ്റിൽ പൂർണമായി ചൊല്ലിയപ്പോൾ കേരളത്തിലെ എംപിമാർ അച്ചടക്കം പാലിച്ചു. വന്ദേമാതരം പൂർണമായി ചൊല്ലുന്നതിൽ അപകടം ഉണ്ടെങ്കിൽ അത് എതിർക്കുന്നവർക്ക് മാത്രമാണ്. രാജ്യത്തിൻ്റെ ദേശീയ താൽപര്യത്തിന് എതിരാണ് കേരളം എന്ന പ്രതീതി ഉണ്ടാക്കുകയാണെന്നും പത്‌മനാഭൻ വിമർശിച്ചു.
കേരള സർവകലാശാലയിൽ രജിസ്ട്രാറെ നിയമിക്കാൻ തീരുമാനം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സ്ഥിര നിയമനം നടത്താനാണ് തീരുമാനിച്ചത്. വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. സിൻഡിക്കേറ്റ് യോഗത്തിലാണ് ഒഴിവുള്ള രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ തസ്തികളിലേക്ക് നിയമനം നടത്താൻ തീരുമാനിച്ചത്. കെ.എസ്. അനിൽകുമാർ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ താൽക്കാലിക രജിസ്ട്രാർക്കാണ് ചുമതല.
സർവകലാശാല ഉത്തരവുകൾ വേഗത്തിൽ പുറപ്പെടുവിക്കാൻ തീരുമാനം. സിൻഡിക്കേറ്റ് തീരുമാനങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ ഉത്തരവായി പുറത്തിറക്കണം. ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകാനാണ് തീരുമാനം. ഉത്തരവിറക്കുന്നതിൽ കാലതാമസം നേരിട്ടാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ വി.സിക്ക് അധികാരം നൽകി. മുൻകാലങ്ങളിൽ സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങുന്നതിൽ കാലതാമസം നേരിടുകയും യോഗത്തിൽ നിശ്ചയിക്കാത്ത കാര്യങ്ങൾ ഉത്തരവായി പുറത്തിറങ്ങുകയും ചെയ്തിരുന്നു.
പൊലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ട് കേരള ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായ വിധി സഭയെ സംബന്ധിച്ച് ആശ്വാസകരമെന്ന് യാക്കോബായ സഭ. ഈ വിധി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഭാ തര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാന അന്തരീക്ഷത്തിലേക്ക് എത്തുവാനുള്ള തുടക്കമായി വിശുദ്ധ സഭ കാണുന്നു. ഇരുസഭയും രണ്ടു വിശ്വാസവും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരള സര്‍ക്കാരും മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ശാശ്വത സമാധാനം ഉണ്ടാകുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് സഭയുടെ പരിപൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു.
മല്ലികാർജുൻ ഖാർഗെയെ അപമാനിച്ചത് സംബന്ധിച്ച ന്യൂസ് മലയാളം വാർത്ത മെറ്റ വെട്ടി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഖര്‍ഗെയുടെ പ്രസംഗം നടന്ന വേദി ബിജെപി പ്രവർത്തകർ ശുദ്ധീകരിച്ചത് വിവാദമായിരുന്നു. രാജ്യത്ത് വർണവിവേചനം ഇപ്പോഴുമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞ വാർത്തയാണ് വെട്ടിയത്. ദളിതനായതു കൊണ്ടാണ് താൻ അപമാനിക്കപ്പെട്ടത് എന്നായിരുന്നു ഖർഗെയുടെ പ്രതികരണം.
കൊല്ലത്ത് അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം വയോധികൻ ജീവനൊടുക്കി. കൊറ്റംകര പേരൂരിൽ ആണ് സംഭവം. 70കാരനായ മനോഹരൻ പിള്ളയാണ് ജീവനൊടുക്കിയത്. വെട്ടേറ്റ ഷാജഹാൻ ആശുപത്രിയിൽ ചികിത്സയിലാണ്. വഴി തർക്കത്തെ തുടർന്നാണ് മനോഹരൻ പിള്ള ഷാജഹാനെ വെട്ടിയത്.
ജമാഅത്തെ ഇസ്ലാമി നേതാവിനെ മന്ത്രി എൻ. ഷംസുദീൻ്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിന് എതിരെ എംഎസ്എഫ്. കൊണ്ടോട്ടി എംഎസ്എഫ് മണ്ഡലം കമ്മറ്റിയാണ് പ്രമേയം അവതരിപ്പിച്ചത്. എംഎസ്എഫ്, യൂത്ത് ലീഗ്, പ്രവർത്തകരോടുള്ള അവഗണന തുടരുന്നതിലുള്ള പ്രതിഷേധവും പ്രമേയത്തിലുണ്ട്. വെൽഫെയർ പാർട്ടി നേതാവ് കെ.കെ. അഷ്റഫിനെ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ യൂത്ത് ലീഗും പ്രതിഷേധവുമായി എത്തിയിരുന്നു.
കൊയിലാണ്ടിയിൽ യുവാവിൻ്റെ കൊലപാതക കേസിലെ പ്രതി പിടിയിൽ. തിരുനൽവേലി സ്വദേശി മണികണ്ഠനാണ് പിടിയിലായത്. കന്നൂരിൽ ആക്രിക്കച്ചവടം നടത്തിയ ഊമദുരൈയാണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്.
ഹൈദരാബാദ് ദേശീയ നിയമ സർവകലാശാലയിലെ എല്ലാ വിദ്യാർഥികൾക്കും എൻറോൾ ചെയ്യാം. ചെയർമാൻ്റെ നിർദ്ദേശം ബാർ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു.
തൃശൂർ നഗരത്തിലെ സബ്‌വേയിൽ അജ്ഞാതനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എം.ഒ. റോഡ് ജംഗ്ഷനിലെ സബ് വേയിൽ വച്ചായിരുന്നു സംഭവം. നഗരത്തിൽ അലഞ്ഞുതിരിച്ച് നടക്കുന്ന പേരറിയാത്ത ആളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ വലക്കാവ് സ്വദേശി ചെമ്പൻ ശരത്ത് പിടിയിലായി.
ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. പിടിയിലായ ശരത്തും മരണപ്പെട്ട ആളും തമ്മിൽ സബ് വേയ്ക്ക് ഉള്ളിൽ വച്ച് വാക്കുതർക്കം ഉണ്ടായി. തുടർന്ന് നടന്ന മർദനത്തിൽ മരണപ്പെട്ടയാളുടെ തലയ്ക്ക് പുറകിൽ മാരകമായി പരിക്കേറ്റു. ആദ്യം ഇയാളെ തൃശൂർ ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിലേക്ക് ഇന്ന് ഉച്ചതിരിഞ്ഞ് ആണ് മരണപ്പെട്ടത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.
പാലക്കാട് കാഞ്ഞിരപ്പുഴ റിസർവോയറിൽ ഓഫ് റോഡ് ജീപ്പ് വെള്ളത്തിലിറക്കി അപകടകരമായ രീതിയിൽ യാത്ര നടത്തിയ സംഭവത്തിൽ വാഹനവും വാഹനത്തിൽ ഉണ്ടായിരുന്നവരെയും മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പുഴ അണക്കെട്ടിൻ്റെ ഇരുമ്പകച്ചോല മേഖലയിലാണ് ജീപ്പ് റിസർവോയറിലേക്ക് ഇറക്കി വെള്ളത്തിലൂടെ ഓടിച്ചത്. ജീപ്പ് വെള്ളത്തിലൂടെ ഓടിക്കുന്നതിന്റെയും വാഹനത്തിന് മുകളിൽ നിന്ന് യുവാവ് വെള്ളത്തിലേക്ക് ചാടുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീപ്പ് പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം: വന്ദേമാതരം എല്ലാ വരികളും പാടിയിലെങ്കിൽ വി.ഡി. സതീശൻ സർക്കാർ വിവരമറിയുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിൻ്റെ വെല്ലുവിളി. ഓഗസ്റ്റ് 15ന് കേരളത്തിൽ എവിടെ പതാക ഉയർത്തിയാലും അവിടെ വന്ദേമാതരം എല്ലാ വരികളും പാടിയില്ലാ എങ്കിൽ കേരളം ഭരിക്കുന്ന വി.ഡി. സതീശൻ സർക്കാരിനും മുസ്ലീം ലീഗ് സർക്കാരിനും ബിജെപി അന്ത്യശാസനം നൽകുകയാണെന്നും സുരേഷ് കൂട്ടിച്ചേർത്തു. കേരളത്തിൻ്റേയും രാജ്യത്തിൻ്റേയും പാരമ്പര്യത്തേയും സംസ്കാരത്തേയും അപമാനിക്കുന്ന പ്രവർത്തികൾ നിലനിൽക്കുന്ന പ്രദേശമായി ഇന്ന് കേരളം മാറിയെന്നും സുരേഷ് വിമർശിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ലഹരിക്കേസിൽ പിടിയിലായ സോഷ്യൽ മീഡിയ കോർഡിനേറ്റർ മുഹമ്മദ് ഹുസൈൻ ഒരു വിരുന്നിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് വീണ ജോർജ്. "പരുക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്ന ഒരു ചെറുപ്പക്കാരന് അല്പം ആഹാരം വാങ്ങി കൊടുക്കുന്നത്, (അതും വെറും 200-250 കിലോമീറ്റർ മാത്രം ദൂരമുള്ള ഒരിടത്ത് ) ഒരു തെറ്റാണെന്ന് അറിഞ്ഞു കൂടായിരുന്നു. ക്ഷമിക്കണം," വീണ ജോർജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കൈക്കൂലി കേസിൽ തഹസിൽദാർ അറസ്റ്റിൽ. കണയന്നൂർ താലൂക്ക് തഹസിൽദാർ ജോസഫ് ആൻ്റണി ഹെർറ്റിസ് ആണ് വിജിലൻസ് പിടിയിലായത്. സഹായികളായ 2 പേരും പിടിയിൽ. 10 ലക്ഷം കൈക്കൂലി വാങ്ങാൻ ശ്രമിക്കവേ ആണ് അറസ്റ്റ്.
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് പാരിസ്ഥിതികാനുമതി ലഭിച്ചു. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇനി കേന്ദ്ര കാബിനറ്റ് അനുമതി കൂടി ലഭിച്ചാൽ മതിയാകും.
പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകണമെന്ന ആവശ്യമുന്നയിച്ച് അടൂർ പ്രകാശ് എം.പി പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് ഇന്ന് നടന്ന എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റിയുടെ മീറ്റിങ്ങിലാണ് തീരുമാനമായത്.
ഔട്ടർ റിങ് റോഡ് ട്രാക്കിലേക്ക് എത്തുന്നത് വിഴിഞ്ഞത് നിന്നുള്ള ചരക്ക് നീക്കത്തിൽ നിർണ്ണായക കുതിപ്പാകും. ഇത് റോഡിന് ഭൂമി വിട്ട് കൊടുത്തവർക്ക് നഷ്ട പരിഹാരത്തിനും വഴി തുറക്കുകയാണ്. ഔട്ടർ റിങ് റോഡിനായി ഇതുവരെ 100 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. 11 വില്ലേജുകളിൽ നിന്നാണ് ഭൂമി ഏറ്റെടുത്തിരുന്നത്.