
ഫ്രാക്ഷൻ നിർദേശം തള്ളിയ കീഴ്വഴക്കത്തിൽ പ്രതീക്ഷ അർപ്പിച്ച് ഡിവൈഎഫ്ഐയിലെ വെട്ടിനിരത്തൽ ഭീഷണിയിലുള്ള നേതാക്കൾ. 2018-ൽ ഫ്രാക്ഷൻ നിർദേശം പുനഃപരിശോധിച്ച് ഒഴിവാക്കപ്പെട്ടവരെ ഭാരവാഹിത്വത്തിൽ കൊണ്ടുവന്നിരുന്നു എന്നതാണ് പ്രതീക്ഷ നൽകുന്നത്. പ്രായപരിധി കുറച്ച തീരുമാനം സിപിഐഎം സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുമെന്നാണ് സൂചന. സെക്രട്ടറിയേറ്റ് എടുക്കാത്ത തീരുമാനമാണ് എം.വി. ഗോവിന്ദൻ ഫ്രാക്ഷൻ യോഗത്തിൽ അറിയിച്ചത്. ചിന്ത ജെറോം സംസ്ഥാന അധ്യക്ഷയാകുന്നത് തിരിച്ചടിയാകുമെന്നാണ് എതിർവിഭാഗത്തിന്റെ വാദം.
ഉത്തരാഖണ്ഡിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് എതിരെ ഉണ്ടായ ജാതി അധിക്ഷേപത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. ഇന്ന് വൈകിട്ട് ജില്ലാ തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ഗാന്ധി-അംബേദ്കർ പ്രതിമകൾക്ക് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കും...
സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന യുപിഎസ്‌ടി റാങ്ക് ഹോൾഡർമാരുമായുള്ള സർക്കാർ ചർച്ച ഇന്ന്. രാവിലെ പത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിലാണ് യോഗം. ഉദ്യോഗാർഥികൾ നിവേദനം നൽകിയതിനെ തുടർന്നാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. യോഗത്തിൽ ഉദ്യോഗാർഥികളുടെ മൂന്നു പ്രതിനിധികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും.
ജനസൗഹൃദ പൊലീസ് സംവിധാനത്തിന് പുതിയ മുഖം നൽകുന്ന ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിക്ക് ഇന്ന് തുടക്കം. പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന സേവനകേന്ദ്രങ്ങളായി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനതല ഉദ്ഘാടനവും ‘മൈ പൊലീസ് സ്റ്റേഷൻ’ ലോഗോയുടെ പ്രകാശനവും രാവിലെ 10.30 യ്ക്ക് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് നിലവിൽ മഴ തുടരുന്നത്.
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ദേവസ്വം മന്ത്രി കെ മുരളീധരൻ വിളിച്ച അവലോകനയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. തീർത്ഥാടനത്തിന് മുന്നോടിയായി ശബരിമലയിലേക്ക് ആവശ്യമുള്ള ഏലക്ക, ശർക്കര ഉൾപ്പെടെയുള്ള പൂജ സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്തണമെന്ന് നേരത്തെ മന്ത്രി നിർദേശിച്ചിരുന്നു.
ഓൺലൈൻ ഗെയിം കളിക്കുന്നതിന് മൊബൈൽ ഫോൺ വാങ്ങി വെച്ചതിനു പിന്നാലെ വീടു വീട്ടിറങ്ങിയ 17 കാരനെ കാണാതായിട്ട് ഇന്നേക്ക് ഒരാഴ്ച. കണ്ണൂർ പെരിങ്ങത്തൂരിലെ പുളിയനമ്പ്രം സ്വദേശി ശിവ സൂര്യക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി . കേരളത്തിനകത്തും പുറത്തും വിവിധ ഇടങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുട്ടിയെ കുറിച്ച് നിലവിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെ 300 അടി താഴ്ചയിലേക്ക് പതിച്ച എയർ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം ആകാശത്തുവെച്ച് നാല് സെക്കൻഡ് നേരത്തേക്ക് നഷ്ടപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. വിമാനത്തിലെ മൂന്നു ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായത്. പൈലറ്റിന്റെ നിർദേശങ്ങളോട് പ്രതികരിക്കാതിരുന്ന വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ 'ഓട്ടോ പൈലറ്റ്' സംവിധാനവും പ്രവർത്തനരഹിതമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഹൈഡ്രോളിക് സംവിധാനങ്ങൾ വീണ്ടും പ്രവർത്തനക്ഷമമായതോടെയാണ് വലിയ അപകടം ഒഴിവായത്.
മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിലെ കെഎസ്ആർടിസി ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന് സംശയം. ബസിന്റെ അടിഭാഗത്തുനിന്നും മുട്ടയുടെ അവശിഷ്ടം കണ്ടെത്തി. മുട്ടയെറിഞ്ഞുള്ള കവര്‍ച്ചാശ്രമമാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം. ഓഗസ്റ്റ് എട്ടിന് നടന്ന അപകടത്തില്‍ രണ്ട് ജീവനക്കാര്‍ മരിച്ചിരുന്നു. ഓഗസ്റ്റ് 12നും ഇതേ സ്ഥലത്ത് മറ്റൊരു ബസിനുനേരെ മുട്ടയെറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഗസ്റ്റ് എട്ടിന് അപകത്തില്‍പ്പെട്ട ബസ് വിശദമായി പരിശോധിച്ചത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കര്‍ണാടക സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്.
സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്‌ടി ഉദ്യോഗാർഥികള്‍ നടത്തിവന്ന സമരത്തിന് താല്‍ക്കാലിക വിരാമം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന് പിന്മാറാനുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സര്‍ക്കാര്‍ തേടിയത്. ഒഴിവില്ലാതെ പിഎസ്‌സി നോട്ടിഫിക്കേഷൻ ഇറക്കുന്നതും ഒഴിവാക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യുപി അധ്യാപക നിയമനം പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കി. നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉറപ്പു നൽകിയ തീയതിക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും പ്രതിഷേധം തുടങ്ങുമെന്ന് ഉദ്യോഗാർഥികളും വ്യക്തമാക്കി.
മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ഖേദപ്രകടനം നടത്തി സി.ആർ. മഹേഷ് എം.എൽ.എ. തന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പിഴവ് സംഭവിച്ചതായും ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകാൻ പാടില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധിക്കുമെന്നും മഹേഷ് കൂട്ടിച്ചേർത്തു. കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ജെയ്സൺ കാർ ഓടിച്ചുകൊണ്ട്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ ദൃശ്യങ്ങൾ റീൽ ആയി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വലിയ വിവാദമായതും വ്യാപക വിമർശനത്തിന് വഴിവെച്ചതും. ഈ കാറിന്റെ പിന്നിലെ സീറ്റിൽ ചാണ്ടി ഉമ്മൻ എം.എൽ.എയും ഉണ്ടായിരുന്നു. വീഡിയോ പകർത്തിയ സമയത്ത് ജെയ്സൺ സ്റ്റാഫ് അംഗമായിരുന്നില്ല. നിയമം എല്ലാവർക്കും ബാധകമാണെന്നും തന്റെ സ്റ്റാഫിന് പ്രത്യോക പരിരക്ഷയില്ലെന്നും മന്ത്രി ഒ.ജെ. ജനീഷും പ്രതികരിച്ചു.
ശബരിമല നെയ്യ് ക്രമക്കേടിൽ മിൽമയിൽ പരിശോധന നടത്തി എസ്ഐടി. മിൽമയുടെ പത്തനംതിട്ട ഡയറിയിലാണ് പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയത്. മാർക്കറ്റിങ് മാനേജരുടെ മൊഴിയെടുത്തു. നെയ്യ് വിതരണവുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ക്രമക്കേടിൽ മിൽമയുടെയും ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇടപാടുകളിൽ ദുരൂഹതയുണ്ട്. ശബരിമലയിൽ എത്തിച്ച ഒരു ലക്ഷത്തി അമ്പതിനായിരം ലിറ്റർ നെയ്യിൽ 25 ശതമാനം പോലും ഉപയോഗിച്ചില്ല. ആകെ 19800 ലിറ്റർ നെയ്യ് മാത്രമാണ് ഉപയോഗിച്ചതായി കണ്ടെത്തിയത്. 36 വർഷമായി ശബരിമലയിൽ അരവണ നിർമാണത്തിൽ മേൽനോട്ടം വഹിക്കുന്ന വ്യക്തിയുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തി. മിൽമയുടെ നെയ്യിനേക്കാൾ ഭക്തർ കൊണ്ടുവരുന്ന നെയ്യിനു ഗുണനിലവാരം ഉണ്ടെന്നാണ് ഇദ്ദേഹത്തിന്റെ മൊഴി. ഭക്തർ കൊണ്ടുവരുന്ന നെയ്യ്ക്ക് ഗുണനിലവാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ മിൽമയിൽ നിന്നും നെയ്യ് വാങ്ങാൻ തീരുമാനിച്ചത്.
ലയണല്‍ മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. അന്താരാഷ്ട്ര ബന്ധമുള്ള തട്ടിപ്പാണ്. എംബസികളുമായും മറ്റു സംസ്ഥാനങ്ങളുമായും അതിന് ബന്ധമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടന്നിട്ടുള്ളത്. പിണറായി വിജയനും, സിപിഐഎമ്മിനും എന്താണ് പങ്കെന്ന് വ്യക്തമാക്കണം. സര്‍ക്കാരിന്റെ പേരില്‍ നടന്ന കോടികളുടെ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തയ്യാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചും അശ്ലീലം പറഞ്ഞും ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ റിമാൻഡിലായ അർജുൻ ആയങ്കിയുടെ കസ്റ്റഡി അവസാനിച്ചു. കോടതിയിൽ ഹാജരാക്കിയ അർജുന്റെ റിമാന്‍ഡ് തുടരും. മൂന്നു ദിവസത്തേക്കായിരുന്നു അർജുനെ കണ്ണൂർ സൈബർ ക്രൈം പൊലീസിന് കോടതി കസ്റ്റഡിയിൽ നൽകിയത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം താൻ തനിച്ചാണ് ചെയ്തത് എന്ന് അർജുൻ മൊഴി നൽകിയിരുന്നു. രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞ ലോഡ്ജിലും, സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിച്ച ഇടങ്ങളിലും പിടിയിലാകുന്നതിന് മുൻപ് എത്തിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിലും അർജുനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഐ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു.
കുറ്റ്യാടിയിലെ ശ്രീറാം ഫൈനാൻസുമായി യാതൊരു ഇടപാടുമില്ലാത്ത ആളുകളുടെ പേരിൽ ലക്ഷങ്ങളുടെ ലോൺ എടുത്തതായി കണ്ടെത്തൽ. ബാങ്ക് ലോണിനായി സമീപിച്ച കരിങ്ങാട് സ്വദേശിയായ മഹേഷ് എന്ന യുവാവ് സ്വന്തം പേരിൽ ലോറി വാങ്ങിയതിന്റെ വായ്പ നിലവിലുണ്ടെന്ന വിവരം അറിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന്, മഹേഷും സുഹൃത്തുക്കളും സിബിൽ സ്കോർ പരിശോധിച്ചപ്പോഴും സമാനമായ രീതിയിൽ വായ്പാ ബാധ്യത കാണിക്കുകയായിരുന്നു. സംഭവം സാങ്കേതിക തകരാറാണെന്ന് കമ്പനി വിശദീകരിച്ചെങ്കിലും കൂടുതൽ പേർ ഇരയായതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ യുവാക്കൾ തൊട്ടിൽപ്പാലം പൊലീസിൽ പരാതി നൽകി.
ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തേക്ക് മലയാളിയായ ടി.വി. നരേന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ടാറ്റ സ്റ്റീൽ എംഡിയും സിഇഒയുമാണ് നരേന്ദ്രന്‍. പുതിയ ചെയർമാനെ കണ്ടെത്താൻ ടാറ്റ ഗ്രൂപ്പ് പ്രത്യേക സമിതിയെ രൂപീകരിക്കും. ആറു മാസം കാലാവധി ബാക്കിയിരിക്കെ എന്‍. ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ഓഗസ്റ്റ് 18ന് വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കെയായിരുന്നു ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനം. പുനർനിയമനം ആഗ്രഹിക്കുന്നില്ലെന്നും, നിലവിലെ കാലാവധി കഴിയുംവരെ സേവനമനുഷ്ഠിക്കുമെന്നും ഡയറക്ടര്‍ ബോര്‍ഡിന് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു.
പാലാ നഗരസഭയിൽ സ്വതന്ത്ര അംഗം മായ രാഹുൽ ചെയർപേഴ്സൺ സ്ഥാനാർഥിയാകും. വിമത കോൺഗ്രസ് കൗൺസിലർമാരും എല്‍ഡിഎഫ് കൗൺസിലർമാരും മായയെ പിന്തുണയ്‌ക്കും. വിമത കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ മായ രാഹുലിനെ പിന്തുണയ്ക്കാനാണ് തീരുമാനം. സ്വതന്ത്ര അംഗമായ മായയെ പിന്തുണക്കുന്നതിൽ എല്‍ഡിഎഫിലും അനുകൂല സമീപനമാണ്. ഈ മാസം 19നാണ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പ്. നേരത്തെ വിമത കോൺഗ്രസ് കൗൺസിലർമാരുടെ പിന്തുണയിൽ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായിരുന്നു.
എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കൽ സ്വദേശിയായ ഷിന്റോൺ ബെന്നിയെയാണ് ബുധനാഴ്ച മുതൽ കാണാതായത്. MOL മാരിടൈം ഷിപ്പിങ് കമ്പനിയിലെ ഡെക്ക് ഓഫീസർ ട്രെയിനി ആയിരുന്നു ഷിൻ്റോൺ. സൗത്ത് ആഫ്രിക്കയില്‍ നിന്ന് സിംഗപൂരിലേക്ക് പോയ കപ്പലില്‍ നിന്നാണ് യുവാവിനെ കാണാതായത്.
ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പുനര്‍മൂല്യനിര്‍ണയം ആരംഭിച്ച് പിഎസ്‍സി. 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളാണ് പുനർമൂല്യനിർണയം ചെയ്യുന്നത്. 58 മാര്‍ക്കിന്‍റെ ഉത്തരങ്ങള്‍ പരിശോധിക്കുന്നത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് സംവിധാനം വഴി. മാര്‍ക്കുകള്‍ പിഎസ്‌സിക്ക് അധ്യാപകര്‍ കൈമാറുന്നത് പ്രത്യേക സെര്‍വര്‍ വഴിയാകും.
തിരുവനന്തപുരം: ഡോ. സജിത് ബാബു കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകും. സർക്കാർ നിർദേശത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം.
തിരുവനന്തപുരം: പ്രളയ പ്രതിരോധത്തെ ശാസ്ത്രീയമായി സമീപിക്കാൻ സർക്കാർ. സംസ്ഥാനത്ത് KERALA FLOOD RESILIENCE INITIATIVE നടപ്പാക്കും. ഐഐടി സംഘം പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുക. കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും ശാസ്ത്രീയമായി പ്രതിരോധിക്കുകയാണ് ലക്ഷ്യം.
കണ്ണൂർ സർവ്വകലാശാല യൂണിയൻ 27 ആം വർഷവും നിലനിർത്തി എസ്എഫ്ഐ.വയനാട് റെപ്പ് ഒഴികെ മുഴുവൻ സീറ്റിലും എസ്എഫ്ഐ ജയിച്ചു.
കോഴിക്കോട്: കുറ്റ്യാടിയിൽ പൊലീസ് ചമഞ്ഞ് ചീട്ടുകളി സംഘത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്. നടുപൊയിൽ സ്വദേശി നിജീഷ് കുമാർ, ഉണ്ണികുളം സ്വദേശി മുഹമ്മദ് മുഖമിൽ തങ്ങൾ എന്നിവരാണ് പിടിയിലായത്. കേസിൽ രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു
കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനു പിന്നാലെ സംഘർഷം. ഫലപ്രഖ്യാപനത്തിന് പിന്നാലെ UDSF- SFI പ്രവർത്തകർ ഏറ്റുമുട്ടി. നാല് വിദ്യാർഥികൾക്ക് പിരിക്ക്. തുടർച്ചയായി 27 ആം വർഷവും യൂണിയൻ നിലനിർത്തി SFI
പറവൂർ; യൂത്ത് കോൺഗ്രസ് പ്രവർത്തകർ ലഹരിക്കടത്തിൽ അറസ്റ്റിലായതിൽ പ്രതിഷേധം. വി.ഡി. സതീശന്റെ പറവൂരിലെ എംഎൽഎ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ : ബാരിക്കേഡ് മറിച്ചിട്ടു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിൽ വന്ദേമാതരം പാടണമെന്ന് നിർദേശമില്ലാതെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് സർക്കുലറിൽ നിർദേശം. പ്രോട്ടോക്കോള്‍ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
കൽപ്പറ്റ ശ്രീറാം ഫിനാൻസിൽ ലക്ഷങ്ങളുടെ ലോൺ തട്ടിപ്പെന്ന് പരാതി. ഇടപാടുകാരുടേയും ജാമ്യക്കാരുടേയും പേരിൽ എടുക്കാത്ത മൂന്നും നാലും ലോണുകൾ. ടാക്സി ഡ്രൈവർമാരുടെ പേരിലാണ് വ്യാജമായി ലോണുകൾ എടുത്തതത്. ശ്രീറാം ഫിനാൻസ് ഓഫീസിന് മുന്നിൽ ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം.
മലപ്പുറം: വാഴക്കാട് പഞ്ചായത്തിൽ ബിജെപി പരിപാടി ഉദ്ഘാടനം ചെയ്ത് എൽഡിഎഫ് പഞ്ചായത്ത് അംഗം. ബിജെപി തിരംഗ യാത്ര സ്രാമ്പിയേക്കൽ ബഷീറാണ് ഉദ്ഘാടനം ചെയ്തത്. ചെറുവട്ടൂർ വാർഡിലെ എൽഡിഎഫ് അംഗമാണ് ബഷീർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ലന്നും ബിജെപി വോട്ടുകൾ സിപിഐഎമ്മിന് നൽകിയെന്നതിന് തെളിവാണ് ഇതെന്നും യുഡിഎഫ് ആരോപിച്ചു.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പാളിയെന്ന് പരാതി.10-ാം തീയതി മുതൽ വിതരണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും റേഷൻ കടകളുടെ എണ്ണത്തിൽ വൻ കുറവ്. 6,09,305 ഓണകിറ്റുകളിൽ റേഷൻ കടകളിലെത്തിയത് രണ്ടായിരത്തിൽ താഴെ കിറ്റുകൾ മാത്രം.
മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിനാശംസ;
"എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ സ്‌നേഹോഷ്മളമായ സ്വാതന്ത്ര്യദിനാശംസകള്‍. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകം ധീരദേശാഭിമാനികള്‍ ജീവത്യാഗം ചെയ്തും പോരാടിയും നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവര്‍ നേടിത്തന്ന സ്വാതന്ത്ര്യവും ജനാധിപത്യവും രാജ്യത്തിന്റെ മതേതര മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ട ചരിത്രപരമായ ഉത്തരവാദിത്തം നമുക്കുണ്ട്.
വര്‍ഗീയതയ്‌ക്കൊപ്പം യുദ്ധവും സാമ്പത്തിക പ്രതിസന്ധികളും പ്രകൃതിദുരന്തങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിജീവനത്തിന്റെ കരുത്തോടെ പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ജനതയാണ് നമ്മുടേത്. 'സഹാനുഭൂതിയോടെയുള്ള സദ്ഭരണം' (Good Governance with Empathy) എന്നതാണ് ഈ സര്‍ക്കാരിന്റെ നയം.
ഭാവിയെ മുന്നില്‍ക്കണ്ട്, സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതോടൊപ്പം പുത്തന്‍ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ വികസന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ. മതേതരത്വം, തുല്യത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന കാലഘട്ടത്തില്‍ ഭരണഘടനയും ഇന്ത്യയുടെ ഐക്യവും സംരക്ഷിക്കാന്‍ നാം മുന്‍പന്തിയില്‍ ഉണ്ടാകണം. വിദ്വേഷ പ്രചാരണങ്ങളും വികസനവിരുദ്ധതയും മാറ്റിനിര്‍ത്തി, ഇന്ത്യയെന്ന വികാരം മനസില്‍ കെടാവിളക്കായി സൂക്ഷിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം."
സംസ്ഥാനത്ത് വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഓണക്കാലത്ത് ഉറപ്പാക്കും. പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ കർശന നടപടി ഉണ്ടാകും. പരിശോധനയ്ക്ക് ജില്ല കലക്ടറെയും ജില്ലാ സപ്ലൈ ഓഫീസർമാർക്കും നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പാളിയെന്ന ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് ഭക്ഷ്യമന്ത്രി. ഓണക്കിറ്റ് വിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. എവിടെയെങ്കിലും കിറ്റ് ലഭ്യമായില്ലെങ്കിൽ പരിശോധിക്കുമെന്നും, പാക്കിങിന് കാലതാമസം ഉണ്ടായെങ്കിൽ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
കൊല്ലം: കരുനാഗപ്പള്ളിയിൽ മദ്യം വില കൂട്ടി വിറ്റ സംഭവത്തിൽ രണ്ടുപേർക്ക് സസ്പെൻഷൻ. സുധിൻ രാജ്, അമൽദേവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യം പൂഴ്ത്തിവെച്ച് വില കൂട്ടി വിൽക്കാം എന്ന് കരുതണ്ടേണ്ടെന്ന് എക്സൈസ് മന്ത്രി എം ലിജു പറഞ്ഞു. അഴിമതി കണ്ടാൽ ജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.
ഡൽഹി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. "2047 ഓടെ വികസിത് ഭാരതം കെട്ടിപ്പടുക്കും. ഇന്ത്യ പുരോഗതിയുടെ പാതയിൽ മുന്നേറുമ്പോൾ വികസന നേട്ടങ്ങൾ ഓരോ വ്യക്തിയിലും പ്രതിഫലിക്കണമെന്നും, എല്ലാ പൗരന്മാർക്കും അവസരങ്ങൾ ഉറപ്പാക്കുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ യഥാർഥ അർഥം കുടികൊള്ളുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു . ഒമ്പത് പേർക്ക് കീർത്തിചക്രയും ഏഴ് പേർക്ക് മരണാനന്തര ബഹുമതിയും 19 പേർക്ക് ശൗര്യ ചക്രയുമാണ് പ്രഖ്യാപിച്ചത് . മലയാളി സൈനികൻ തരുൺ വാസുദേവനും ശൗര്യചക്രയ്ക്ക് അർഹനായി. പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടഞ്ഞതിനാണ് പുരസ്കാരം . രാഷ്ട്രീയ റൈഫിൾസ് മേജറാണ് മേജർ തരുൺ. ലഫ്റ്റന്റ് കേണൽ മനിയോ ഫ്രാൻസിസിനും കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ഹവിൽദാർ ഗജേന്ദ്ര സിങ്ങിനും കീർത്തിചക്ര നൽകി ആദരിക്കും. ജമ്മു കശ്മീർ പൊലീസിലെ ആറ് ഉദ്യോഗസ്ഥർക്കും കീർത്തിചക്ര നൽകും
കാലടി സർവകലാശാല വിസിക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ ആപലപിച്ച് വിസിമാരുടെ സംയുക്ത പ്രസ്താവന. പ്രതിഷേധക്കാരുടെ നടപടി സംസ്ഥാനത്തിന്റെ സാംസ്കാരിക പ്രതിച്ഛായയെകുറിച്ച് തെറ്റായ സന്ദേശം നൽകുമെന്ന് പ്രസ്താവന. സംസ്ഥാനത്തെ 11 സർവകലാശാല വൈസ് ചാൻസലർമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വൈസ് ചാൻസലർമാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. അതേ സമയം കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ കേസെടുത്ത് പൊലീസ്. കണ്ടാൽ അറിയാവുന്ന 65 പേർക്ക് എതിരെയാണ് കേസ്. സമരത്തെ സർക്കാർ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന് എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി ആശിഷ് പറഞ്ഞു.
തൃശൂർ: കാളത്തോട് പൊലീസിന്റെ വൻ സ്പിരിറ്റ് വേട്ട 3,000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. കാളത്തോടുള്ള വീട്ടിലും വീടിന് സമീപത്തെ പിക്കപ്പ് വാഹനത്തിൽ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയി. തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോതമംഗലം, ഊന്നുകൽ CIമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ. തിങ്കളാഴ്ച വരെയാണ് കോതമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. അർജുനെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുട്ടമ്പുഴ പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
കാലടി സർവകലാശാലയിൽ വിസിക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയോട് അതൃപ്തി അറിയിച്ച് ഗവർണർ. വീഡിയോ ഫുട്ടേജുകൾ പരിശോധിച്ച് കർശനമായ നടപടി സ്വീകരിക്കണമെന്ന് ഗവർണർ. സർക്കാറിന്റെ ഓണപരിപാടികൾക്ക് ഗവർണറെ ക്ഷണിക്കാൻ മുഖ്യമന്ത്രി ലോക്ഭവനിൽ എത്തിയപ്പോഴാണ് അതൃപ്തി അറിയിച്ചത്.
മാധ്യമങ്ങൾക്ക് എതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാധ്യമ പ്രവർത്തനം അധികാരികളുടെ മടിയിലെ പെറ്റ് ഡോഗാകുന്ന നിലവന്നിരിക്കുന്നുവെന്ന് വിമർശനം. മാധ്യമങ്ങൾ ഏറ്റെടുക്കേണ്ടത് കാവൽനായയുടെ ദൗത്യമെന്നും പിണറായി വിജയൻ പറഞ്ഞു.
ഇടുക്കി; ഇടമലക്കുടിയിലെ ദുരിത യാത്രയ്ക്ക് അറുതിയില്ല. രോഗിയെ കമ്പിൽ തുണികെട്ടി കിടത്തി ആശുപത്രിയിൽ എത്തിച്ചു. വളയംപാറ കുടിയിലെ പൂമണിയെയാണ് സൊസൈറ്റി കുടിയിലെ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം വയോധികനെ മാങ്കുളം ആനക്കുളത്ത് ചുമന്ന് എത്തിച്ചിരുന്നു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും IIT ropar മായി സഹകരിച്ചു കൊണ്ട് കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികൾ സ്ഥാപിച്ചു. സംസ്ഥാനത്തെ ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുത്ത സ്കൂളുകളിലാണ് പ്രധാനമായും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്. ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങൾ, നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചത്.
ഇടുക്കിയിൽ മകൻ അച്ഛനെയും അമ്മയേയും കുത്തി കൊന്നു. എഴുകുംവയൽ പാറത്തറയിൽ ആന്റണിയും ഭാര്യ വത്സമ്മയും ആണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 281 പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. ഉത്തരവ് പുറത്തിറങ്ങി.