വടകര എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
വടകര എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

എൺപതാം സ്വാതന്ത്ര്യദിന നിറവിൽ രാജ്യം; ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങി; സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികള്‍

എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി. രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചെങ്കോട്ടയിൽ വന്ദേമാതരവും പിന്നാലെ ദേശീയഗാനവും ആലപിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങുന്നത്. തുടർന്ന് പതാക ഉയർത്തിയതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. സ്വാതന്ത്ര്യദിനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തും സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ വിപുലമാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങൾ അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കും. ഗവർണറുടെ നേതൃത്വത്തിൽ ലോക്ഭവനിലും സ്വാതന്ത്ര്യദിനം ആഘോഷിക്കും.

ചെങ്കോട്ടയില്‍ ആദ്യമായി വന്ദേ മാതരം; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി

സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങിയത് ചരിത്രനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന്, എല്ലാ ഹൃദയങ്ങളും വന്ദേമാതരത്തിന്റെ താളത്തിൽ മിടിക്കുന്നു. ഇന്നിവിടെ സന്നിഹിതരായ എല്ലാവർക്കും ഇതൊരു ചരിത്ര നിമിഷമാണ്. എല്ലാ ഹൃദയങ്ങളിലും ദേശീയഗാനം പ്രതിധ്വനിക്കുന്നു, എല്ലാ വീട്ടിലും ത്രിവർണ പതാക പാറുന്നു, എല്ലാ മനസ്സുകളിലും അത് കുടികൊള്ളുന്നു. പുതിയ പ്രതിബദ്ധതകള്‍ ഏറ്റെടുത്തുകൊണ്ട്, രാജ്യം ആവേശത്തോടെയും ഉത്സാഹത്തോടെയും മുന്നോട്ടു പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ട്ടി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം; പ്രതിരോധിക്കാനാകാതെ കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേ മാതരം പൂര്‍ണമായി ആലപിച്ചതോടെ വെട്ടിലായി കോണ്‍ഗ്രസ്. ആലാപനത്തിനിടെ നിർത്താൻ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ആലാപനം തുടരുകയായിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു.

'സാഹചര്യം അറിയണം'; മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കിയതിൽ മെറ്റയോട് വിവരങ്ങൾ തേടി കേരള പൊലീസ്

മുഖ്യമന്ത്രി വി.ഡി.സതീശനെ വിമർശിച്ച പോസ്റ്റുകൾ നീക്കിയതിൽ മെറ്റയോട് വിവരങ്ങൾ തേടി സൈബർ പൊലീസ്. പോസ്റ്റുകൾ നീക്കിയ സാഹചര്യം തേടി സൈബര്‍ പൊലീസ് മെറ്റയ്ക്ക് കത്ത് അയച്ചു. വിവിധ മാധ്യമങ്ങളുടെ സമൂഹമാധ്യമ പേജുകളില്‍ നിന്നാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമായത്.

ഇറാനെ പരാജയപ്പെടുത്തും, ഹോര്‍മൂസ് പിടിച്ചെടുക്കും: യുഎസ് ലോകത്തിന് ചെയ്യുന്നത് വലിയ സേവനമെന്നും ട്രംപ്

ഇറാനെ പരാജയപ്പെടുത്തി ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈകാതെ ഹോർമൂസിനെ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് ന്യൂയോർക്കിൽ പറഞ്ഞു. ഇറാനെ ആക്രമിച്ച നടപടിയിൽ ഒരിക്കലും ക്ഷമ ചോദിക്കില്ല. യുഎസ് ലോകത്തിന് ചെയ്യുന്നത് വലിയ സേവനമാണ്. ഹോർമൂസിലെ പുതിയ കപ്പൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരായ നാവിക ഉപരോധം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിൻ്റെ പ്രഖ്യാപനത്തിനിടെയാണ് ട്രംപിന്റെ പുതിയ വെല്ലുവിളി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽവില ബാരലിന് 90 ഡോളറിൽ എത്തിനിൽക്കെ, ഇറാന്റെ ആണവ മോഹങ്ങളെ തടയുന്നതിനുള്ള വിലയായി കണ്ട് യുഎസ് ജനത ഇന്ധനവില വർധന സഹിക്കണമെന്നും ട്രംപ് പറഞ്ഞു.

ബംഗ്ലാദേശിൽ എൽഎൻജി കപ്പൽ പൊളിക്കുന്നതിനിടെ വിഷവാതകം ചോർന്ന് എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബംഗ്ലാദേശിൽ പഴയ എൽഎൻജി കപ്പൽ പൊളിക്കുന്നതിനിടെ വിഷവാതകം ചോർന്ന് എട്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ചിറ്റഗോങ് ജില്ലയിലെ സിതാകുണ്ഡയിലുള്ള ഫെർദൗസ് സ്റ്റീൽ ഷിപ്പ് ബ്രേക്കിംഗ് യാർഡിൽ ഇന്നലെയായിരുന്നു സംഭവം. നിരവധി പേർക്ക് പരിക്കേറ്റതായും അഞ്ചുപേരെ കാണാനില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിന്റെ അടിത്തട്ടിലെ ടാങ്ക് മുറിക്കുന്നതിനിടെ ഫ്ലൂറിനും, കാർബൺ മോണോക്സൈഡും അടക്കം മാരക വാതകങ്ങൾ പുറത്തുവന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. തുടർന്ന് സഹപ്രവർത്തകരെ രക്ഷിക്കാൻ മാസ്ക് പോലുമില്ലാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മറ്റ് തൊഴിലാളികളും സുരക്ഷാ ഉദ്യോഗസ്ഥനും അപകടത്തിൽപ്പെടുകയായിരുന്നു. കപ്പലുകൾ മുറിച്ചു മാറ്റുന്നതിന് മുൻപ് പൂർണമായും വാതകമുക്തമാക്കണം എന്ന നിയമം ലംഘിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

യെമനിലെ ഹൂത്തി ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു

യെമനിലെ തുറമുഖ നഗരമായ മോഖയിൽ ഹൂത്തി വിമതർ നടത്തിയ ബാലിസ്റ്റിക് മിസെെൽ ആക്രമണത്തിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു എന്ന് യെമൻ ഭരണകൂടം. ആറ് ബാലിസ്റ്റിക് മിസെെലുകൾ ഉപയോഗിച്ചാണ് നഗരത്തിലെ ജനവാസ മേഖലയെയും തുറമുഖത്തെയും ഹൂത്തി വിമതർ ആക്രമിച്ചതെന്ന് യെമൻ സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, സൗദി സഖ്യസേനയുടെ സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടതെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള മോഖ തുറമുഖം ഹൂത്തികൾ ആക്രമിക്കുന്നത്.

ബ്രയാൻ തോംപ്‌സണിന്റെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതി

യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംപ്‌സണിന്റെ കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി പ്രതി ലുയിജി മാൻജിയോണി. നിക്ഷേപകനെന്ന വ്യാജേനെ ഇ-മെയിൽ അയച്ചാണ് യുണൈറ്റഡ് ഹെൽത്ത് കെയറിൻ്റെ കോൺഫറൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയതെന്നും, 3D പ്രിന്റര്‍ ഉപയോഗിച്ച് നിർമിച്ച തോക്കിൽ സൈലൻസറും ഘടിപ്പിച്ചാണ് ആക്രമണം നടത്തിയതെന്നും 28കാരനായ മാൻജിയോണി കോടതിയിൽ വെളിപ്പെടുത്തി. അപകടത്തിൽപ്പെട്ട് നട്ടെല്ലിന് പരിക്കേറ്റ തന്നോട് ഇൻഷുറൻസ് കമ്പനികൾ കാണിച്ച നിഷേധത്തിനുള്ള പ്രതികാരമായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ മൊഴി. ഇതോടെ കേസിൽ പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. 2024 ഡിസംബറിലാണ് അമേരിക്കയിലെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയർ സിഇഒ ബ്രയാൻ തോംപ്‌സൺ ന്യൂയോർക്കിൽ പട്ടാപ്പകൽ പൊതുമധ്യത്തിൽ വെടിയേറ്റുമരിച്ചത്.

ഭക്തരിൽ നിന്നുള്ള നെയ്യ് ശേഖരണം; സന്നിധാനത്തും പമ്പയിലും ഭക്ഷ്യസുരക്ഷാ ലാബുകൾ സജ്ജമാക്കാന്‍ നിര്‍ദേശം

ശബരിമലയില്‍ ഭക്തരില്‍ നിന്നുള്ള നെയ്യ് ശേഖരണത്തിനായി, സന്നിധാനത്തും പമ്പയിലും ഭക്ഷ്യസുരക്ഷാ ലാബുകൾ സജ്ജമാക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മന്ത്രി കത്ത് നല്‍കി. അപ്പം, അരവണ നിർമാണത്തിന് ഇനി മുതൽ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ല എന്ന ബോര്‍ഡിന്റെ തീരുമാനത്തിന് പിന്നാലെയാണ് നടപടി. ഫോറൻസിക് മെഡിസിൻ വിഭാഗം, ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാകണം നെയ്യുടെ ഗുണനിലവാരം പരിശോധിക്കേണ്ടത്. ലാബുകള്‍ സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനും ആവശ്യമായ തുക ബോര്‍ഡ് കണ്ടെത്തണമെന്നുമാണ് നിര്‍ദേശം.

കേരള പൊലീസിനും വേണം പിആര്‍; ഏജന്‍സികളില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിൽ എത്തിക്കാൻ പിആർ ഏജൻസിയെ ആശ്രയിക്കാന്‍ വകുപ്പ്. ഓണ്‍ലൈന്‍ സേവനങ്ങളുടെ പ്രചാരണത്തിന് പിആർ ഏജന്‍സികളില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. നിലവിൽ രണ്ട് മില്യൺ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം പേജും ഫേസ്ബുക്ക് പേജും പൊലീസിനുണ്ട്. നിലവില്‍ പൊലീസുകാർ തന്നെയാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇതിനായി സോഷ്യൽ മീഡിയ സെല്ലും രൂപീകരിച്ചിരുന്നു. എന്നാൽ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് പിആർ ഏജൻസികളെ ആശ്രയിക്കുന്നത് എന്നാണ് വിശദീകരണം. പൊലീസിന്റെ ആപ്ളിക്കേഷനുകളായ തുണ, പൊല്‍ ആപ് എന്നിവയുടെയും മറ്റു ഓണ്‍ലൈന്‍ സേവനങ്ങളുടെയും പ്രചാരണത്തിനാണ് ഏജന്‍സികളെ ക്ഷണിക്കുന്നതെന്നാണ് നോട്ടീസില്‍ പറയുന്നത്. റീലും വീഡിയോയും തയ്യാറാക്കണം. ആകര്‍ഷകമായ തലക്കെട്ടുകള്‍ ഉണ്ടാക്കിത്തരണം. പൊലീസിന്റെ സേവനങ്ങളേക്കുറിച്ച് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തുന്നുണ്ടെങ്കില്‍‍ അതിന്റെ ഉള്ളടക്കം തയ്യാറാക്കണം എന്നിങ്ങനെയാണ് പിആര്‍ ഏജന്‍സിയുടെ ജോലി.

വിശദീകരണം നല്‍കി മെറ്റ; നീക്കം ചെയ്ത കണ്ടന്റുകള്‍ പുനസ്ഥാപിച്ചതായി അറിയിച്ചു

സോഷ്യല്‍മീഡിയ പോസ്റ്റുകൾ നീക്കം ചെയ്തതിൽ വിശദീകരണ നൽകി മെറ്റ. എഐ അപ്ഗ്രഡേഷന്റെ ഭാഗമായി സംഭവിച്ച പിഴവെന്ന് വിശദീകരണം. പിഴവ് പരിഹരിച്ചെന്ന് മെറ്റ കേരള പോലീസ് സൈബര്‍ വിഭാഗത്തെ അറിയിച്ചു. കണ്ടന്റ് നീക്കം ചെയ്തത് ആരുടേയും നിര്‍ദേശപ്രകാരമല്ലെന്നും മെറ്റയുടെ ഇന്ത്യന്‍ നോഡല്‍ ഓഫീസർ നൽകിയ വിശദീകരണത്തിൽ പറയുന്നു.

കർണാടകയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

കർണാടക: ചാമരാജനഗറിൽ കാവേരി വന്യജീവി സങ്കേത്തിന് സമീപം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടക്കാർ എന്ന് ആരോപിച്ചായിരുന്നു വെടിവെപ്പ്. സംഭവത്തിന് പിന്നാലെ ജനരോഷം അണപൊട്ടി. വനം വകുപ്പ് ഓഫീസും നിരവധി വാഹനങ്ങളും നാട്ടുകാർ തല്ലിത്തകർത്തു.

മിന്നൽ പ്രളയവും മണ്ണിടിച്ചിലും; അരുണാചലിൽ അഞ്ച് തൊഴിലാളികൾ മരിച്ചു, നാല് സൈനികരെ കാണാതായി

ഇറ്റാനഗർ: വെള്ളിയാഴ്ച്ച വൈകുന്നേരം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും. അപകടത്തിൽ രണ്ട് ഷൽട്ടറുകൾ ഒലിച്ചു പോയതിനെ തുടർന്ന് അഞ്ച് തൊഴിലാളികൾ മരിക്കുകയും നാല് സൈനികരെ കാണാതാവുകയും ചെയ്തു. അപ്പർ സുബൻസിരി ജില്ലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ദിബാങ് വാലിയിലെ 2 ഷൽട്ടറുകൾ ഒലിച്ചുപോവുകയായിരുന്നു.

ഇറാനെതിരായ ഉപരോധം തുടരുമെന്ന് യുഎസ്; ഭീഷണി ആഗോള എണ്ണവിതരണം കുറയുന്നതിനിടെ

ഇറാൻ: ഇറാനെതിരായ ഉപരോധം തുടരുമെന്ന് യുഎസ് ഭീഷണി. ആഗോള എണ്ണവിതരണം കുറയുന്നതും, വെടിനിർത്തൽ ചർച്ചകൾ പരാജയപെട്ടതും, മേഖലയിൽ ആക്രമണം തുടരുന്നതും കണക്കിലെടുത്താണ് ടെഹ്റാനുമേൽ ഉപരോധം ശക്തമാക്കാനുള്ള നീക്കം. ഇറാനെതിരായ ഉപരോധം നടപ്പാക്കുന്നതിനായി മേഖലയിൽ അമേരിക്കയിക്ക് നാവിക സാന്നിധൃം തുടരാനാകുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മാധൃമങ്ങളോട് പറഞ്ഞു.

ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി ഫയർ ഫോഴ്സ്

എറണാകുളം: കോതമംഗലത്ത് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി അഗ്നിശമന സേന. കോതമംഗലം ഫയർഫോഴ്സ് എത്തിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപനം; കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ സമീപനത്തിൻ്റെ ഭാഗമെന്ന് പിണറായി വിജയൻ

എഐസിസി ആസ്ഥാനത്തെ സ്വതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ സമീപനത്തിൻ്റെ ഭാഗമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയോടുള്ള പ്രതിബദ്ധതയാണ് കോൺഗ്രസ് തെളിയിച്ചത്. കോൺഗ്രസ് ആർഎസ്എസിൻ്റെ ബി ടീമായി മാറിയെന്നും പിണറായി വിജയൻ വിമർശിച്ചു.

തൃശൂരിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി

തൃശൂർ: ഇരിങ്ങാലക്കുടയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ഐടിയു ബാങ്കിലെ നിക്ഷേപകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചവർക്ക് നേരെയാണ് കയ്യേറ്റം. ബാങ്കിന്റെ മുൻ ഭരണസമിതി ചെയർമാൻ എംപി ജാക്സണെതിരെ നിക്ഷേപകർ മുദ്രാവാക്യം വിളിച്ചതാണ് പ്രകോപനത്തിന് കാരണം.

ആർഎസ്എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി

ആർഎസ്എസ് വേദിയിൽ വിവാദ പരാമർശവുമായി കേരള സർവകലാശാല വിസി ഡോ. മോഹനൻ കുന്നുമ്മൽ. ഭാരതം അമ്മ ആയതിനാലാണ് വന്ദേമാതരം എന്ന് പാടുന്നത്. അമ്മ ആരാണ് എന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്നും പരാമർശം. ആർഎസ്എസിന്റെ സങ്കൽപ്പ് യുവ സംഗമം എന്ന പരിപാടിയിലാണ് വിവാദപരാമർശം.

കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച.മോഷണം പോയത് 30 പവൻ സ്വർണം

കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. 30 പവൻ സ്വർണം മോഷണം പോയി.കൊയിലാണ്ടി സ്വദേശി തങ്കയുടെ വീട്ടിലാണ് മോഷണം നടന്നത്.വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ താമസക്കാർ ഉണ്ടായിരുന്നില്ല.

പാലക്കാട് സ്വകാര്യ ബസ് ഇടിച്ചതിനെ തുടർന്ന് അഞ്ച് വാഹനങ്ങൾ അപകടത്തിൽ പെട്ടു

പാലക്കാട്: മണ്ണാർക്കാട് കുമരംപുത്തൂരിൽ സ്വകാര്യ ബസ് ഇടിച്ചതിനെ തുടർന്ന് അഞ്ച് വാഹനങ്ങൾ അപകടത്തിൽ പെട്ടു. പാലക്കാട് ഭാഗത്തേക്ക് വന്ന ബസ് ആദ്യം ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറിയും ബസും നിയന്ത്രണം വിട്ട് മറ്റ് മൂന്ന് വാഹനങ്ങളിലും ഇടിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരുക്കേറ്റു.

കെസി വേദിയിൽ ഉള്ളത് കൊണ്ടാണ്  പുകഴ്ത്തിയത്: മന്ത്രി എ.പി.അനിൽകുമാർ

മലപ്പുറം ഡിസിസിയുടെ പരിപാടിയെ കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങളാണ് പുറത്ത് വരുന്നതെന്ന് മന്ത്രി എ.പി.അനിൽകുമാർ. കെ.സി. വേണുഗോപാൽ വേദിയിൽ ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ പുകഴ്ത്തിയത്. സംസ്ഥാന സർക്കാരിൻ്റെ മികവുകളെ കുറിച്ച് കെ.സി. പ്രസംഗിച്ചിരുന്നു എന്നും എ.പി. അനിൽകുമാർ പ്രതികരിച്ചു.

ഫോർട്ട്‌ കൊച്ചിയിൽ ആംബുലൻസിൽ നിന്ന് വീണ് രോഗിക്ക് പരിക്ക്

എറണാകുളം: ഫോർട്ട്‌ കൊച്ചിയിൽ ആംബുലൻസിൽ നിന്ന് വീണ് രോഗിക്ക് പരിക്ക്. ശനിയാഴ്ച ആണ് രോഗി വീണത്. ഡ്രൈവർ ബ്രേക്ക് ഇട്ടപ്പോൾ സ്ട്രക്ചറിൽ നിന്ന് രോഗി പുറത്തേക്ക് വീഴുകയായിരുന്നു.

വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് ഗർഭകാലത്ത് യൂണിഫോമിൽ ഇളവ്

സംസ്ഥാനത്ത് ഗർഭകാലത്ത് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് യൂണിഫോമിൽ ഇളവ്. ഗർഭിണികളായ വനിത ഉദ്യോഗസ്ഥർക്ക് ചുരിദാറുംഷൂസിന് പകരം ചെരുപ്പും ധരിക്കാം.പൊലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരിയാണ് ഉത്തരവിറക്കിയത്. നിലവിലെ യൂണിഫോം ഗർഭകാലത്ത് ധരിക്കുന്നതിലെ ബുദ്ധിമുട്ട് സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി

തൃശൂരിലെ ബിജെപിയുടെ സമാന്തര സ്വാതന്ത്ര്യദിനാഘോഷം; പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്

തൃശൂരിലെ ബിജെപിയുടെ സമാന്തര സ്വാതന്ത്ര്യദിനാഘോഷത്തിൽ പൊലീസിൽ പരാതി നൽകി കൊച്ചിൻ ദേവസ്വം ബോർഡ്. വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനധികൃതമായി പരിപാടി സംഘടിപ്പിച്ചതിനെതിരെയാണ് പരാതി. രാഷ്ട്രീയ പരിപാടികൾക്ക് തേക്കിൻകാർഡ് മൈതാനം വേദിയാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം ആലപിച്ചില്ല; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കാത്തതിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാജ്യത്തെ കോൺഗ്രസ് സർക്കാറുകൾ എല്ലാം വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു. എന്നാൽ കേരളത്തിൽ വന്ദേമാതരത്തിന് നേരെ ഉണ്ടായത് പൊറുക്കാനാവാത്ത അപമാനമാണ്. മുഖ്യമന്ത്രിയും കോൺഗ്രസും നിർദേശങ്ങൾ സ്വീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിംലീഗിന്റെയും തീവ്ര നിലപാടുകളിൽ നിന്നാണെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.

NALSAR-ലെ വിദ്യാർഥികളുടെ എൻറോൾമെൻ്റ് വിലക്ക്; ക്ഷമാപണവുമായി ബാർ കൗൺസിൽ ചെയർമാൻ

NALSAR കോളജിലെ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് വിലക്കിൽ ക്ഷമാപണവുമായി ബാർ കൗൺസിൽ ചെയർമാൻ. തൻ്റെ വാക്കുകൾ നിയമ വിദ്യാർഥികളുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ചെയർമാൻ വ്യക്തമാക്കി. സ്വാതന്ത്ര്യദിനത്തിൽ പുറത്തിറക്കിയ കത്തിലാണ് ഖേദപ്രകടനം.

കടലിലും സ്വാതന്ത്ര്യ ദിനാഘോഷം നടത്തി മത്സ്യത്തൊഴിലാളികൾ

തൃശൂർ: അഴീക്കോട് നിന്നും മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളികൾ ആഴക്കടലിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദേശീയപതാകയുയർത്തിയും, തോരണങ്ങൾ കൊണ്ടലങ്കരിച്ചും കടലിലെ സ്വാതന്ത്ര്യ ദിനാഘോഷ തൊഴിലാളികൾ പായസവും വിളമ്പി. വാകച്ചാർത്ത് വള്ളത്തിൻ്റെ ആര്യക്കാരൻ സോജൻ, സ്രാങ്ക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യ ദിനാഘോഷം.

ഇൻഡോനേഷ്യയിൽ വീണ്ടും ഭൂചലനം

ഇൻഡോനേഷ്യയിൽ വീണ്ടും ഭൂചലനം. വടക്ക് സുമാത്ര മേഖലയിലാണ് റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മേഖലയിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പ് ഇല്ല

താമരശേരിയിൽ DYFIയുടെ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറ്റിയെന്ന് പരാതി

താമരശേരിയിൽ DYFIയുടെ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറ്റിയെന്ന് പരാതി. റാലിക്കിടെ ബോധപൂർവ്വം ബസ് ഇടിച്ചു കയറ്റാൻ ശ്രമിച്ചെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആരോപണം.സംഭവത്തെ തുടർന്ന് ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരുമായി കയ്യാങ്കളിയുണ്ടായി.

കാസർഗോഡ് തെരുവുനായ ആക്രമണം;  എട്ട് പേർക്ക് പരിക്ക്

കാസർഗോഡ്: കീഴൂർ കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. നാല് മത്സ്യത്തൊഴിലാളികൾക്കും മൂന്ന് കുട്ടികൾക്കുമാണ് കടിയേറ്റത്...നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ ഒരു യുവാവിനും കടിയേറ്റു

ഡൽഹി വിമാനത്താവളത്തിൽ മയക്കുമരുന്ന് ഡീലർ പിടിയിൽ

തായ്‌ലൻഡിൽ നിന്ന് നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന ഡീലർ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. കാസറഗോഡ് ഉപ്പള പത്വാടി സ്വദേശിയായ ശുഹൈൽ ആണ് പിടിയിലായത്.

ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞു; ബസ് കണ്ടക്ടറുടെ മൂക്കിനിടിച്ച് യുവാവ്

കണ്ണൂരിൽ ഗൂഗിൾ പേ ഇല്ലെന്ന് പറഞ്ഞതിന് യുവാവ് ബസ് കണ്ടക്ടറുടെ മൂക്കിനിടിച്ചു. സംഭവത്തിൽ പാനൂർ സ്വദേശി രമീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ കണ്ടക്ടർ രാഘവൻ തലശേരി ആശുപത്രയിൽ ചികിത്സ തേടി

ഗവർണറുടെ വിരുന്നിൽ പങ്കെടുത്ത് മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: ലോക്ഭവനിൽ സംഘടിപ്പിച്ച അറ്റ്ഹോം വിരുന്നിൽ പങ്കെടുത്ത് മന്ത്രി സി.പി. ജോൺ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ഗവർണർ ലോക്‌ഭവനിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും പരിപാടിയിൽ എത്തിയില്ല. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ഉന്നത IAS ഉദ്യോഗസ്ഥർ എന്നിവർ വിരുന്നിൽ പങ്കെടുത്തു. കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിന് ശേഷം ഗവർണർ സംഘടിപ്പിക്കുന്ന അറ്റ്ഹോം വിരുന്നിൽ നിന്ന് ഇടത് മന്ത്രിമാർ വിട്ടുനിന്നിരുന്നു.

കോഴിക്കോട് സമീപം തീപിടിത്തം

കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം തീപിടിത്തം.ആക്രി കടയിലാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ പൂർണമായും അണച്ചു.

കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അരുണാചൽപ്രദേശ് സ്വദേശി മിച്ചി മാർപ്പു ആണ് മരിച്ചത്. കോഴിപ്പിള്ളിയിലെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. എം എ എൻജിനിയറിംഗ് കോളജിലെ വിദ്യാർഥിയാണ്.

വടകര എംഡിഎംഎ കേസ് ; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എ.വി. ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂർ സർക്കിളിലേക്കാണ് സ്ഥലം മാറ്റം.

News Malayalam 24x7
newsmalayalam.com