തിരുവനന്തപുരം പട്ടത്ത് സെൻ്റ് മേരീസ് സ്കൂളിന് മുന്നിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ബസ് ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് സംഘം തീ അണച്ചു. ആളപായമില്ല.
ഇന്ന് ചിങ്ങം ഒന്ന്; കാർഷിക സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊന്നിൻ ചിങ്ങമാസപ്പുലരി. ഇത്തവണ അത്തം പിറന്നതിനു ശേഷമാണ് ചിങ്ങപ്പിറവിയെന്ന പ്രത്യേകതയുമുണ്ട്. ഓണാഘോഷത്തിൻ്റെ ആരവങ്ങളിലേക്കാണ് മലയാളി കാലെടുത്തു വയ്ക്കുന്നത്. ഞാറ്റുവേലകളുടെയും വിളവെടുപ്പിന്റെയും പെരുമയുമായി എത്തുന്ന ഈ ദിനം മലയാളികൾക്ക് കർഷക ദിനം കൂടിയാണ്. കർക്കടകത്തിന്റെ വറുതിയിൽ നിന്നും വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും പുതുവർഷാരംഭം കൂടിയാണ് മലയാളികള്‍ക്ക് ചിങ്ങമാസം.
മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം എൽഡിഎഫ് യോഗം ഇന്ന് ചേരും. വൈകിട്ട് നാലിന് എകെജി സെന്ററിലാണ് യോഗം. സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ ആലോചിക്കാനാണ് യോഗം. അതേസമയം, പ്രതിപക്ഷ ഉപ നേതൃസ്ഥാനം എന്ന ആവശ്യം മുന്നണി യോഗത്തിലും സിപിഐ ഉന്നയിച്ചേക്കും. എന്നാൽ പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സിപിഐക്ക് വിട്ടു നൽകേണ്ടതില്ലെന്നാണ് സിപിഐഎം നിലപാട്.
കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ പരിപാടിക്ക് അനുമതി നിഷേധിച്ച് വി സി. എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതിയില്ല. പാലയാട് ക്യാമ്പസില്‍ നിശ്ചയിച്ച ഷീ ഫെസ്റ്റിനെതിരെയാണ് സര്‍വകലാശാല നടപടി. പരിപാടിക്ക് വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ഇല്ലെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ വാദം. അതേസമയം, പരിപാടി നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.
കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ, കൂടുതൽ പരാതിക്കാരുടെ മൊഴിയെടുക്കാൻ പൊലീസ്. ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറും, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയുമായ നവ്യ ഹരിദാസിന്റെ മൊഴി കോഴിക്കോട് ടൗൺ പൊലീസ് രേഖപ്പെടുത്തി. മറ്റു പരാതിക്കാരിൽ ചിലർ നഗരത്തിൽ ഇല്ലാത്തതിനാൽ അവരുടെ മൊഴികൾ വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അതിനുശേഷം കൗൺസിലർമാരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രോട്ടോക്കോൾ ലംഘനമോ നിയമപരമായ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് നിയമോപദേശം തേടും.
ശബരിമല മിൽമ നെയ്യ് ക്രമക്കേട് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരം പ്രത്യേക അന്വേഷണസംഘം കോടതിയെ അറിയിക്കും. നെയ്യ് വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം അജികുമാർ എന്നിവരുടെ പങ്കും, അന്വേഷണത്തിന്റെ പുരോഗതിയും എസ്ഐടി കോടതിയെ ധരിപ്പിക്കും.
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് അന്വേഷണസംഘത്തിന്റെ പക്കൽ തെളിവുകളൊന്നുമില്ലെന്ന് ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം ജാമ്യാപേക്ഷയെ വിജിലൻസ് ശക്തമായി എതിർക്കും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട പുതിയ കേസ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വേഗത്തിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
വിവാദ സവർക്കർ ചോദ്യത്തിൽ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള അധ്യാപകന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സർക്കാർ ഇന്ന് കോടതിയിൽ മറുപടി നൽകും. നടപടിയെടുക്കാൻ സർക്കാരിന് കഴിയുമെങ്കിലും, ചോദ്യം തെറ്റായതിന്റെ പേരിൽ സസ്പെൻഡ് ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിൽ വിശദമായ മറുപടി നൽകാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ സസ്പെൻഷൻ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന അധ്യാപകന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിക്കുന്ന ഇന്ന്, വിശ്വാസികൾ സഭ ആസ്ഥാനത്തിന് മുൻപിൽ പ്രതിഷേധിക്കും. ഏകീകൃത കുർബാനയെ അനുകൂലിക്കുന്ന സഭാ വിശ്വാസികളായ എറണാകുളം അങ്കമാലി അതിരൂപത അംഗങ്ങളാണ് പ്രതിഷേധിക്കുക. എറണാകുളം അങ്കമാലി അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ ഭരണം അവസാനിപ്പിക്കുക, അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വൈകുന്നേരം മൂന്നിന് എറണാകുളം കാക്കനാട് ഉള്ള സീറോ മലബാർ സഭയുടെ ആസ്ഥാനവും വിശ്വാസികൾ ഉപരോധിക്കും.
കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് നിന്നും സമ്പൂർണ കയറ്റുമതി ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നു. ഓഗസ്റ്റ് പതിനെട്ടിന് രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും പങ്കെടുക്കും. ഇതോടെ ഇന്ത്യയുടെ സുപ്രധാന വാണിജ്യ കവാടമായി വിഴിഞ്ഞം തുറമുഖം മാറും. അന്നേദിവസം സംസ്ഥാന സർക്കാരിന്റെ വ്യവസായ- ലോജിസ്റ്റിക്സ് പദ്ധതിയായ മിഷൻ സമുദ്രയും പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്നു പുതിയ നഗരങ്ങൾ, സംസ്ഥാനത്തെ 600 കിലോമീറ്റർ നീളം വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിഴിഞ്ഞം മാരിടൈം ഇക്കണോമി എന്ന ആശയം ഉൾക്കൊള്ളുന്ന വിഴിഞ്ഞം പോർട്ട് സിറ്റിയാണ് മിഷൻ സമുദ്രയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. സ്പെയിനിലെ വലൻസിയിലേക്ക് അയച്ച ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ട്രയൽ റൺ പൂർത്തിയാക്കിയതിനു പിന്നാലെയാണ് സമ്പൂർണ പ്രവർത്തനങ്ങളിലേക്ക് വിഴിഞ്ഞം തുറമുഖം കടക്കുന്നത്.
അഭിഭാഷകരുടെ പിതാവിനെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിച്ച് പ്രതിഷേധിക്കും. എറണാകുളം ബാർ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ്, ഞാറയ്ക്കൽ സ്വദേശി മോഹൻദാസ് എന്ന 80കാരനെ പ്രതികൾ വീട് കയറി ആക്രമിച്ചത്. പ്രതികളിൽ ഒരാളുടെ ഭാര്യയുടെ പരാതിയിൽ വക്കാലത്ത് ഏറ്റെടുത്തതായിരുന്നു പ്രകോപനം. അഭിഭാഷകരുടെ ജോലി സുരക്ഷിതത്വം ഉൾപ്പെടെ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ കോടതി ബഹിഷ്കരിച്ച് അഭിഭാഷകരുടെ പ്രതിഷേധം. പരിക്കേറ്റ മോഹൻദാസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കളമശ്ശേരിയിൽ നടക്കും. ആഷിസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് രാവിലെ പത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മറ്റ് ജനപ്രതിനിധികളും കര്‍ഷകരും കാര്‍ഷിക മേഖലയിലെ വിദഗ്ധരും പങ്കെടുക്കും. കാര്‍ഷിക മേഖലയിലെ മികവിനെയും സമഗ്ര സംഭാവനകളെയും ആദരിച്ച് 38 വിഭാഗങ്ങളിലായി സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യും. അഞ്ച് ലക്ഷം രൂപ സമ്മാനത്തുകയുള്ള 'ശ്രീ ഉമ്മന്‍ ചാണ്ടി സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം' ആദ്യമായി സമ്മാനിക്കുന്നതും, 'മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കര്‍ഷകന്‍', 'ഉദ്യാന ശ്രേഷ്ഠ' എന്നീ പുതിയ അവാര്‍ഡ് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഈ വര്‍ഷത്തെ പ്രധാന പ്രത്യേകതയാണ്.
ബിജെപി പുനഃസംഘടന ഉടൻ ഉണ്ടായേക്കും. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാമുഖ്യം നൽകിയാകും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക. യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിതിൻ നബീന് കീഴിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കേരളത്തിൽ നിന്ന് വി മുരളീധരൻ , കെ സുരേന്ദ്രൻ, അനൂപ് ആന്റണി എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ട്. നിലവിൽ കേന്ദ്രമന്ത്രിമാരായ ചിലരെ സംഘടനാ ചുമതലകളിലേക്ക് മാറ്റിയേക്കും. ഇതോടെ, പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിനു പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ഉണ്ടായേക്കും.
ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു. അപകടത്തിൽ നിരവധി ഭക്തർക്ക് പരിക്കേറ്റു. പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി ലൈൻ ആളുകള്‍ക്കിടയിലേക്ക് വീണുവെന്ന ഊഹാപോഹം പരന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ആരാധനയ്ക്കായി വലിയതോതില്‍ ഭക്തർ എത്തിയിരുന്നു. രാവിലെ 6:30-നും 6:45-നും ഇടയിൽ രണ്ട് ട്രെയിനുകൾ എത്തിയതോടെ ക്ഷേത്രപരിസരം ജനക്കൂട്ടത്താല്‍ നിറഞ്ഞിരുന്നു.
ബിജെപിയില്‍ നേരിട്ടത് കടുത്ത അവഗണനെയന്ന് ദേവന്‍. പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കാതെ അവഗണിച്ചു. പ്രൊപ്പഗണ്ട സെക്രട്ടറി സ്ഥാനം ചോദിച്ചെങ്കിലും ലഭിച്ചില്ല. 2023ൽ സംസ്ഥാന വൈസ് പ്രസിഡൻറ് സ്ഥാനത്തുനിന്നും ഒഴിവാക്കി. തന്നെ ഒഴിവാക്കിയാണ് ആർ. ശ്രീലേഖയെ ആ സ്ഥാനത്തേക്ക് പരിഗണിച്ചത്. തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്നല്ല പാർട്ടി വിടുന്നത്. രണ്ടു വർഷമായി ഒരു യോഗത്തിലും കമ്മറ്റികളിലും പങ്കെടുത്തിട്ടില്ല. അതിനാൽ ഫണ്ട് വിവാദങ്ങളെ കുറിച്ച് അറിയില്ല. ശ്രീനാരായണ ദർശനങ്ങളാണ് തന്നെ മുന്നോട്ടു നയിക്കുന്നത്. രാഷ്ട്രീയത്തിൽ തുടരും. ബിജെപിയിൽ ലയിച്ച സ്വന്തം പാർട്ടിയെ പുനരുജീവിപ്പിക്കും. വിജയ്‌യുടെ ടിവികെ മാതൃകയിൽ മുന്നോട്ടു പോകും. ബിഡിജെഎസിൽ ചേരാനില്ല. ജാതി ചിന്ത തനിക്കില്ലെന്നും ദേവൻ ന്യൂസ് മലയാളത്തോടു പറഞ്ഞു.
ഝാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി. വിദ്യാർഥിസമരം തുടരുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 14ന് അയച്ച കത്താണ് പുറത്ത് വന്നത്. സമരം പൂർണമായും സമാധാനപരമാണെന്നും വിദ്യാർഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്നും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുമായി ചർച്ചകൾ ആരംഭിക്കാൻ ഝാർഖണ്ഡ് സർക്കാർ തയ്യാറായതിനെ രാഹുൽ പ്രശംസിച്ചു. മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന ഇടപെടൽ, ബാക്കിയുള്ള ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധത കൂടി ഉറപ്പാക്കുമെന്നും രാഹുൽ കത്തിൽ വ്യക്തമാക്കി.. വിദ്യാർഥി പ്രതിഷേധം ദേശീയതലത്തിൽ ബിജെപി ആയുധമാക്കുന്നതിനിടെയാണ് സഖ്യകക്ഷി നേതാവ് കൂടിയായ ഹേമന്ത് സോറന് രാഹുൽ കത്തയച്ചത്.
എറണാകുളത്ത് വിവിധ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാന്‍ഡിലായ അർജുൻ ആയങ്കിയെ ഇന്ന് കോതമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുകയായിരുന്നു. കോതമംഗലം, ഊന്നുകൽ സിഐമാരെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. അർജുനെ വെള്ളിയാഴ്ചയാണ് കോതമംഗലം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തത്.
കോഴിക്കോട് വെള്ളിപ്പറമ്പിൽ മകന്റെ മർദനമേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരൻ ആണ് മരിച്ചത്. മകൻ അഭിരാമിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. അഭിരാം ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇന്നലെ രാത്രി മകനും അച്ഛനും തമ്മിലുണ്ടായ വാഗ്വാദം കയ്യാങ്കളിയിലും മർദനത്തിലും കലാശിക്കുകയായിരുന്നു. മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശിധരൻ ആശുപത്രിയിലെത്തുന്നതിന് മുൻപേ മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും..
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുള്ള മുശാവറ യോഗം തുടരുന്നു. കോഴിക്കോട് സമസ്ത ആസ്ഥാനത്ത് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിലാണ് യോഗം. ആലിക്കുട്ടി മുസ്ലിയാർക്ക് ശേഷം ആര് ജനറൽ സെക്രട്ടറിയാകുമെന്നത് സമസ്തയിലെ ഇരുവിഭാഗങ്ങളുടെ സ്വാധീനത്തിന്റെ കൂടി പ്രഖ്യാപനമാകും. കോട്ടുമല മൊയ്തീൻ കുട്ടി മുസ്ല്യാർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന നിലപാടിലാണ് ഔദ്യോഗിക പക്ഷം. എന്നാൽ സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാരോ വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാരോ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന നിലപാട് ലീഗ് അനുകൂല വിഭാഗം അറിയിച്ചിട്ടുണ്ട്. എന്നാൽ ജനറൽ സെക്രട്ടറി ആരെന്ന കാര്യത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ നിലപാട് നിർണായകമാകും. മുശാവറയിൽ നിലവിലുള്ള ആറ് ഒഴിവുകൾ നികത്തുന്ന കാര്യത്തിലും ചർച്ചകൾ തുടരുകയാണ്. പണ്ഡിത സഭയിലേക്ക് പാണക്കാട് കുടുംബത്തിൽ നിന്ന് പ്രാതിനിധ്യം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും നേതൃത്വം ഇതുവരെ വഴങ്ങിയിട്ടില്ല..
പാലക്കാട് വൻ ലഹരിവേട്ട. ഒരു കോടി രൂപയുടെ എംഡിഎംഎ, കൊക്കെയ്ന്‍ , ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്‌ഡി സ്റ്റാമ്പ് എന്നിവയുമായി ദമ്പതികളും സുഹൃത്തും പിടിയിലായി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ കർണാടക സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. പാലക്കാട് ഒലവക്കോട് വെച്ചാണ് മൂന്നംഗ സംഘത്തെ ഡാൻസാഫ് പിടികൂടിയത്. കാറിൽ ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘത്തെ വലയിലാക്കിയത്. ലഹരി കടത്തിന്റെ മുഖ്യ സൂത്രധാരൻ മണ്ണാർക്കാട് സ്വദേശി സലീമിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
കണ്ണൂർ പയ്യന്നൂരിൽ യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൂക്കാനം സ്വദേശി പ്രജിഷയെ ആണ് ഭർത്താവ് സനൽ ആക്രമിച്ചത്. പ്രജിഷയെ രക്ഷിക്കാൻ ശ്രമിക്കുന്നിതിനിടെ അമ്മ പദ്മിനിക്കും പൊള്ളലേറ്റു.. ഇന്നലെ രാത്രി പ്രജിഷയുടെ കരിവെള്ളൂരിലെ വീട്ടിലെത്തിയ സനൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രജിഷയും സനലും വേർപിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹ മോചനത്തിനു ശ്രമിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രജിഷയുടെ അച്ഛൻ പ്രഭാകരൻ നൽകിയ പരാതിയിൽ പറയുന്നു. ആക്രമണത്തിനിടെ പൊള്ളലേറ്റ സനൽ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സനലിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.
ജൂണിൽ നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ സംഘടിപ്പിക്കുകയും ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. കേന്ദ്ര സർക്കാരും ദേശീയ പരീക്ഷാ ഏജൻസിയും നീതിയുക്തവും വിശ്വസനീയവുമായ പരീക്ഷാ നടത്തിപ്പ് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും രാഹുൽഗാന്ധി ആരോപിച്ചു. ദേശീയ പരീക്ഷാ ഏജൻസി ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കുന്നത് വിദ്യാർഥികളാണെന്നും രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ്. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആദ്യപടിയായിരുന്നുവെന്നും അത് അവസാനത്തേതല്ലെന്നും എൻടിഎയുടെ നേതൃത്വവും പരീക്ഷാ ക്രമക്കേടിൽ മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. സ്മൃതി ഇറാനിയാണ് ദേശീയ ജനറല്‍ സെക്രട്ടറി. ബി.എല്‍. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. സംഘടനാ ചുമതയിലേക്ക് തിരിച്ചെത്തുന്ന പീയുഷ്‍ ഗോയലാണ് ദേശീയ ട്രഷറര്‍. കേരളത്തില്‍ നിന്നുള്ള കെ. സുരേന്ദ്രന്‍ ദേശീയ സെക്രട്ടറിയാകും. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരുമ്പോള്‍, ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് എ.പി. അബ്ദുള്ളക്കുട്ടിയെ മാറ്റിയിട്ടുണ്ട്.
എംടി അബ്ദുളള മുസ്ല്യാർ താൽക്കാലിക സമസ്ത ജനറൽ സെക്രട്ടറി. ഇന്ന് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് തീരുമാനം.
കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിൽ വൈസ് ചാൻസിലർ സിസാ തോമസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത രണ്ടാമത്തെ കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. വിദ്യാർഥികൾ പൊലീസിനെ ഉപദ്രവിച്ച കേസിൽ നാലു പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
അർജുൻ ആയങ്കിയുമായി കടവന്ത്രയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ്. ഒളിവിൽ കഴിഞ്ഞ ഫ്ലാറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളെ പിടികൂടിയത് ഈ ഫ്ലാറ്റിൽ നിന്നാണ്.
പുതിയ ഇൻസ്റ്റ അക്കൗണ്ട് തുടങ്ങി "കുട്ടിസഖാവ് " സിയാൻ. sakhav_zanu ആണ് പുതിയ ഐഡി. കഴിഞ്ഞ ദിവസം ഇൻസ്റ്റ അക്കൗണ്ട് മെറ്റ പൂട്ടിയിരുന്നു.
ഒമാനെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ഹോർമൂസ് പ്രതിസന്ധിയിൽ ഇടപെട്ടാൽ ഒമാനെ ആക്രമിക്കുമെന്ന് ട്രംപ് പറഞ്ഞു. കീഴടങ്ങാൻ ഇറാന് അന്ത്യശാസനം നൽകി ട്രംപ്.
പാര്‍ലമെൻ്റ് പാസാക്കിയ മൈന്‍സ് ആൻ്റ് മിനറല്‍സ് ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അടിയന്തര ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികള്‍ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വാൽപ്പാറയിൽ വീണ്ടും അപകടം. വിനോദസഞ്ചാരികളുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്. രാമനാഥപുരം സ്വദേശികളായ വിനോദസഞ്ചാരികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ 20 പേരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് അപകടം നടന്നത്. ബസിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് വിവരം.
ജാർഖണ്ഡിലെ റാഞ്ചിയിൽ വിദ്യാർഥികൾ നടത്തിവന്ന സമരം വിജയിച്ചു. ക്രമക്കേട് ആരോപിച്ച പരീക്ഷകൾ റദ്ദാക്കിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. ക്രമക്കേട് റിട്ടയേഡ് ജസ്റ്റിസിൻ്റെ മേൽനോട്ടത്തിൽ സംസ്ഥാന സി ഐ ഡി അന്വേഷിക്കുമെന്ന് സോറൻ പറഞ്ഞു. സമര പ്രതിനിധികളും മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിലാണ് തീരുമാനമായത്.
സംസ്ഥാനത്തിൻ്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെൻ്റിൻ്റെ ഇരുസഭകളും നേരത്തെ ബിൽ പാസാക്കിയിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് സിപിഐഎം നേതാവ് വി.ശിവൻകുട്ടി. മെറ്റ വരെ വിളിച്ചു നുണയൻ എന്ന്. ഫേസ്ബുക്കിൽ പോസ്റ്റിട്ട് ശിവൻകുട്ടി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് രോഗിയെ കാണാതായി. കൊല്ലം വാളകം സ്വദേശി സത്യദേവനെയാണ് (63) കാണാതായത്. മെഡിക്കൽ കോളേജിലെ ഇരുപത്തിയെട്ടാം വാർഡിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3 മണി മുതൽ ആണ് കാണാതായത്. കുടുംബം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.