ആൻസിജിയുടെ മരണം: കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ആൻസിജിയുടെ മരണം: കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ

കേരളം പിടിക്കാന്‍ ബിജെപി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങാൻ ബിജെപി. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ മണ്ഡലങ്ങളിൽ പ്രാരംഭ നടപടികൾ തുടങ്ങാനാണ് തീരുമാനം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ, കൊല്ലത്ത് ബി.ബി. ഗോപകുമാർ, പത്തനംതിട്ടയിൽ അനൂപ് ആന്റണി എന്നിവർ സ്ഥാനാർഥിയാകും. തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കും. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മത്സരിക്കാനാണ് സാധ്യത.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന ഭാരവാഹികൾ, പ്രായപരിധി നിബന്ധന കർശനമാക്കൽ എന്നിവ ചർച്ചയാകും. അധ്യക്ഷസ്ഥാനത്തേക്ക് വനിത പ്രാതിനിധ്യം വേണം എന്നതിൽ മാറ്റം വരുത്തില്ല. ചിന്താ ജെറോമിനെ തന്നെ സംസ്ഥാന പ്രസിഡന്റാക്കാനാണ് സാധ്യത. സെക്രട്ടറി സ്ഥാനത്തേക്ക് എം. വിജിൻ എംഎൽഎയെയാണ് പരിഗണിക്കുന്നത്. എം. ഷാജർ, ഷിജു ഖാൻ എന്നിവരുടെ പേരുകളും പാർട്ടിക്ക് മുന്നിലുണ്ട്. അടുത്തമാസം ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയുടെ മുന്നൊരുക്കങ്ങളും ഇന്ന് ചർച്ചയാകും.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേർട്ട്. സംസ്ഥാനത്ത് പൊതുവെ മഴ ദുർബലമാണ്. നാളെ എവിടെയും മഴമുന്നറിയിപ്പില്ല. ഇന്ന് മഴയ്‌ക്കൊപ്പം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കൂടാതെ കേരളതീരത്ത് കള്ളകടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. അതേസമയം, കേരളം, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി, ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും

ലോക ചരക്ക് വ്യാപാരത്തിന് പുതിയ കവാടമാകാൻ ഒരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. തുറമുഖത്ത് നിന്നുള്ള സമ്പൂർണ കയറ്റുമതി, ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങൾ വഴി ചരക്കു കയറ്റി അയച്ചിരുന്നവർക്കു ഇനി വിഴിഞ്ഞത്തുനിന്ന് ചരക്കുകൾ അയക്കാനാകും. ഇത് സമയവും സാമ്പത്തിക ചെലവും കുറയ്ക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

സർക്കാരിന്റെ മിഷൻ സമുദ്ര പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും. എട്ട് വ്യവസായ ക്ലസ്റ്ററുകൾ, മൂന്ന് പുതിയ നഗരങ്ങൾ, സംസ്ഥാനത്തെ 600 കിലോമീറ്റർ നീളം വരുന്ന തീരപ്രദേശം എന്നിവ ഉൾക്കൊള്ളുന്ന വിഴിഞ്ഞം മാരിടൈം എക്കണോമി എന്ന ആശയം ഉൾക്കൊള്ളുന്ന വിഴിഞ്ഞം പോർട്ട് സിറ്റിയാണ് മിഷൻ സമുദ്രയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

കോതമംഗലം എം.എ. കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം

കോതമംഗലം എം.എ. കോളേജില്‍ വീണ്ടും വിദ്യാര്‍ഥി പ്രതിഷേധം. മിച്ചി മാര്‍പ്പുവിന്റെ മരണത്തില്‍ നീതി ലഭിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കോളേജ് അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സമരക്കാരുമായി യാതൊരു ചര്‍ച്ചയും കൂടാതെയാണ് അധികൃതരുടെ നടപടിയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; പോരാളി ഷാജി ഫേസ്ബുക്ക് അഡ്മിൻമാര്‍ക്കെതിരെ കേസ്

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍മാര്‍ക്കെതിരെ കേസ്. സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. 'സഖാവ് റഹ്‌മാൻ' എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് അധിക്ഷേപ പോസ്റ്റ്‌ വന്നത്. സംസ്ഥാന സർക്കാർ ഓണക്കിറ്റ് നിർത്തലാക്കിയെന്ന വിവരണത്തോടൊപ്പം സ്ത്രീയുടെ ഫോട്ടോ നൽകിയാണ് പോസ്റ്റ്. പോസ്റ്റിട്ട 'സഖാവ് റഹ്‌മാന്‍' എന്ന അക്കൗണ്ടിനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. ബിഎന്‍എസ് 192, ഐ ടി ആക്ട് 67, കേരള പൊലീസ് ആക്ട് 120 (O) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

വാര്‍ത്താ കാര്‍ഡുകള്‍ നീക്കിയ സംഭവം; മെറ്റയോട് പൊലീസ് ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല; മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല: രമേശ് ചെന്നിത്തല

ന്യൂസ് മലയാളം ഉള്‍പ്പെടെ മാധ്യമങ്ങളുടെ വാര്‍ത്താ കാര്‍ഡുകള്‍ മെറ്റ നീക്കിയ സംഭവത്തില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ഒരു കാര്യവും മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ല. ഒരു പരാതിയും നല്‍കിയിട്ടുമില്ല മെറ്റയോട് വിശദീകരണം ചോദിച്ചിട്ടുമില്ല. മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭ കൈയ്യാങ്കളി കേസ്: എല്‍ഡിഎഫിന് തിരിച്ചടി; വനിതാ എംഎല്‍എമാരെ ആക്രമിച്ചെന്ന കേസ് റദ്ദാക്കി

നിയമസഭ കൈയ്യാങ്കളി കേസില്‍ എല്‍ഡിഎഫിന് തിരിച്ചടി. കൈയ്യാങ്കളിക്കിടെ വനിതാ എംഎല്‍എമാരെ ആക്രമിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ് ഉൾപ്പെടെ ഉള്ളവർക്കെതിരായ കേസാണ് റദ്ദാക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. എല്‍ഡിഎഫ് മുന്‍ എംഎല്‍എ കെ.കെ. ലതികയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തിരുവനനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളാണ് ഹൈ്കോടതി റദ്ദാക്കിയത്. ഇതോടെ, യുഡിഎഫിന്റെ നാല് എംഎല്‍എമാരും കുറ്റവിമുക്തരായി.

വിദ്യാർഥികള്‍ക്ക് നേരെ എകെ 47; ന്യായീകരിച്ച് ബിജെപി സര്‍ക്കാര്‍

നീറ്റ് ക്രമക്കേടിനെതിരെ ബിഹാറില്‍ നടന്ന സമരത്തിനിടയില്‍ വിദ്യാർഥികള്‍ക്കു നേരെ എകെ 47 ഉപയോഗിച്ച സംഭവത്തെ ന്യായീകരിച്ച് ബിഹാറിലെ ബിജെപി സർക്കാർ. ആള്‍ക്കൂട്ടത്തില്‍ അകപ്പെട്ടപ്പോഴാണ് പൊലീസുകാരന്‍ എകെ 47 ഉപയോഗിച്ചതെന്ന് ബിഹാർ സർക്കാർ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കി. പൊലീസ് ആകാശത്തേക്ക് നാല് റൗണ്ട് വെടിവെച്ചതായും, എന്നാല്‍ ആർക്കും പരിക്ക് പറ്റിയില്ലെന്നും സുപ്രീംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് അതിക്രമം നടത്തിയെന്ന ആരോപണങ്ങളെയും ബിഹാർ സർക്കാർ സുപ്രീംകോടതിയില്‍ നിഷേധിച്ചിട്ടുണ്ട്. ജന്തർമന്തറിലെ പൊലീസ് അതിക്രമത്തിനെതിരെയും നീറ്റ് ക്രമക്കേടിനെതിരെയും ജൂലൈ 25ന് ബിഹാറില്‍ നടന്ന വിദ്യാർഥി പ്രതിഷേധത്തിനു നേരെയായിരുന്നു പൊലീസ് എകെ 47 ഉപയോഗിച്ചത്.

ഇമ്രാന്‍ ഖാനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം; ഇടപെട്ട് പാക് സുപ്രീം കോടതി

ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ എത്രയും വേഗം ആശുപുത്രിയിലേക്ക് മാറ്റണമെന്ന് പാക് സുപ്രീം കോടതി. അദിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്റെ ആരോഗ്യസ്ഥിതി വഷളായതായതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍. 2023 മുതൽ ജയിലിൽ കഴിയുന്ന 73കാരനായ ഇമ്രാന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ഒരു വർഷമായി മോശമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 48 മണിക്കൂറിനുള്ളില്‍ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റുന്ന ഇമ്രാന്‍ സെപ്റ്റംബര്‍ 16 വരെ അവിടെ ചികിത്സയില്‍ തുടരും.

കെ.എം. ബഷീറിന്റെ മരണം: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമേറ്റെടുക്കുന്നതുവരെയാണ് സ്റ്റേ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമേറ്റെടുത്ത ശേഷം വിചാരണ നടപടികള്‍ തുടരാം. തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബഷീറിന്റെ ഭാര്യ സി. ജസീല നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആണ് കേസിലെ ഏക പ്രതി.

അത് കുറ്റമാണെങ്കില്‍ ഗാന്ധിജിക്കും നെഹ്റുവിനുമെതിരെ കേസ് കൊടുക്കൂ... വന്ദേമാതര വിവാദത്തില്‍ ബിജെപിക്ക് മറുപടിയുമായി ഖാര്‍ഗെ

വന്ദേമാതര വിവാദത്തിൽ ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 90 വർഷമായി തുടർന്നുപോരുന്ന പാരമ്പര്യം തുടരുക മാത്രമാണ് ചെയ്തതത്.

ഗാന്ധിയും നെഹ്റുവും പാടിയ അതേ വന്ദേമാതരം തന്നെയാണ് താനും പാടിയത്. അത് കുറ്റമാണെങ്കിൽ ഗാന്ധിജിക്കും നെഹ്റുവിനുമെതിരെ കേസ് കൊടുക്കൂവെന്നും ഖാർഗെ പറഞ്ഞു.

അഞ്ചലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കൊല്ലം അഞ്ചലിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ചൽ പനച്ചിവിള സ്വദേശികളായ അഭിജിത്, ശ്രീജിത്, അയില സ്വദേശി ഗോവിന്ദ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പ്ലസ് വൺ വിദ്യാർഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്

പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരിക്ക്. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്. വിദ്യാർഥികൾ തമ്മിൽ അടി കൂടിയപ്പോൾ പിടിച്ചുമാറ്റാൻ ചെന്നതായിരുന്നു ഇയാൾ. തുടർന്ന് ഒരു പ്ലസ് വൺ വിദ്യാർഥി കയ്യിലുള്ള കത്തി കൊണ്ട് കുത്തുകയായിരുന്നു. ഷാജഹാൻ്റെ കൈയ്ക്കാണ് പരിക്ക്.

കോഴിക്കോട്ടെ ആറ് ഇടങ്ങളിലെ ഇ.ഡി റെയ്ഡ് പൂർത്തിയായി. നിഖിൽ, ഷൈജൽ എന്നിവരുടെ വീടുകളിൽ പരിശോധന തുടരുകയാണ്.

10 വർഷത്തിനിടയിൽ വിലക്കയറ്റത്തിൽ വലയുന്ന ആദ്യ ഓണക്കാലം: എം.വി. ഗോവിന്ദൻ

10 വർഷത്തിനിടയിൽ കേരളം വിലക്കയറ്റത്തിൽ വലയുന്ന ആദ്യ ഓണക്കാലമാണ് ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിലക്കയറ്റം തടയാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം കുടുംബ ബജറ്റ് താളം തെറ്റി. എൽഡിഎഫ് സർക്കാർ വില പിടിച്ച് നിർത്തിയിരുന്നു. യുഡിഎഫ് സർക്കാർ വിപണി ഇടപെടൽ നടത്തുന്നില്ല.

പരീക്ഷ മാറ്റിവച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യൽ ടീച്ചർ (ഹൈസ്കൂൾ) തസ്തികയിലേക്ക് പിഎസ്‌സി നാളെ നടത്താനിരുന്ന ഓൺലൈൻ പരീക്ഷ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

സേവാഭാരതി പരിപാടി ഉദ്ഘാടനം: പി.കെ.സി. അബ്ദുറഹിമാനോട് വിശദീകരണം തേടി ലീഗ്

സ്വാതന്ത്ര്യദിനത്തിൽ ആർ.എസ്.എസ് അനുകൂല സംഘടനയായ സേവാഭാരതി സംഘടിപ്പിച്ച റോഡ് ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത സംഭവത്തിൽ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മുസ്ലീം ലീഗ് നേതാവുമായ പി.കെ.സി. അബ്ദുറഹിമാനോട് ലീഗ് വിശദീകരണം തേടി. സേവാഭാരതി ചെറുകാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതുക്കോട് റോഡിൽ നടന്ന ശുചീകരണ പരിപാടിയിൽ പങ്കെടുത്തതിൽ അബ്ദുറഹിമാന് കാര്യമായ ജാഗ്രതക്കുറവ് ഉണ്ടായെന്നും, സംഭവം പൊതുസമൂഹത്തിൽ പാർട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കുകയും പ്രവർത്തകരെ കടുത്ത പ്രയാസത്തിലാക്കുകയും ചെയ്തതായും മുസ്ലീം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. രണ്ടു ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാനാണ് ലീഗ് പഞ്ചായത്ത് നേതൃത്വം അദ്ദേഹത്തിന് നിർദേശം നൽകിയിരിക്കുന്നത്.

വി.സി സിസാ തോമസ് കള്ളം പറഞ്ഞു: എസ്എഫ്ഐ

കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. എസ്എഫ്ഐ പ്രവർത്തകർ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് വി.സി സിസാ തോമസ് കള്ളം പറഞ്ഞുവെന്ന് സഞ്ജീവ് പറഞ്ഞു. വി.സിയായി ചുമതലയേറ്റിട്ട് ഏഴ് മാസമായെങ്കിലും വെറും 17 ദിവസം മാത്രമാണ് സിസാ തോമസ് സർവ്വകലാശാലയിൽ വന്നത്. സിൻഡിക്കേറ്റ് യോഗങ്ങൾ വിളിച്ചുചേർക്കാത്തതു മൂലം സർവ്വകലാശാലയുടെ പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. സിൻഡിക്കേറ്റ് ചേരാത്തതിനാൽ റിസർച്ച് സ്കോളർമാർക്ക് അവരുടെ പിഎച്ച്ഡി തീസിസ് സമർപ്പിക്കാൻ കഴിയുന്നില്ല. ഇതിനെതിരെ 24 ദിവസമായി സമരം ചെയ്തിട്ടും വിസി ചർച്ചയ്ക്ക് തയ്യാറായില്ലെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

കുട്ടികൾക്ക് നാല് കിലോ അരി ഓണക്കാലത്ത് നല്‍കും: വിദ്യാഭ്യാസ മന്ത്രി

പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാല് കിലോ അരി ഓണക്കാലത്ത് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീൻ. നാളെയാണ് സംസ്ഥാനതല ഉദ്ഘാടനം. പിഎം ശ്രീ വിഷയത്തിൽ ഉപസമിതിയില്‍ ഭിന്നത ഇല്ലെന്നും വ്യത്യസ്ത അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് ശേഷം ഉപസമിതി ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യ കേരളം പദ്ധതിക്കായി 200 കോടി അനുവദിച്ചു

ആരോഗ്യ കേരളം പദ്ധതിക്കായി 200 കോടിയും, നെല്ല് സംഭരണത്തിനായി 150 കോടിയും, കൺസ്യൂമർഫെഡിന് 25 കോടിയും, എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 14.40 കോടിയും അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്ത കൂട്ടി

സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്തയിൽ വർധനവ്. 400 രൂപ വീതമാണ് 2026 ഓണത്തോടനുബന്ധിച്ച് ഉത്സവബത്ത വർധിപ്പിച്ചത്. ഇതോടെ സഹകരണ പെൻഷൻകാർക്ക് 4,500 രൂപയും, കുടുംബ പെൻഷൻകാർക്ക് 4,000 രൂപയും ഉത്സവബത്തയായി ലഭിക്കും. കഴിഞ്ഞ വർഷം സഹകരണ പെൻഷൻകാർക്ക് 4100 രൂപയും കുടുംബ പെൻഷൻകാർക്ക് 3600 രൂപയുമായിരുന്നു ലഭിച്ചത്. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി.

സഹകരണ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ഉത്സവബത്ത കൂട്ടി

ഗവർണർ ഡിജിപിയെ വിളിച്ചു വരുത്തിയതിൽ അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി

പൊലീസ് മേധാവിയെ ഗവർണർ വിളിച്ചു വരുത്തിയ സംഭവത്തിൽ അതൃപ്തിയറിയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊലീസ് മേധാവിയെ ഗവർണർ വിളിക്കുന്നത് ശരിയല്ല. എതിർപ്പ് ലോക് ഭവനെ അറിയിക്കും. ഗവർണർമാർ അത്തരം സംഭവം നേരത്തെയും പറയാറുണ്ട്. ഗവർണർ സദാശിവം ലോക്നാഥ് ബെഹ്റയെ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. വിളിക്കുമ്പോൾ പോകുന്നതിൽ തെറ്റില്ല എന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. എന്നാൽ ഈ വിഷയത്തിൽ ചെന്നിത്തലയുടെ നിലപാട് മുഖ്യമന്ത്രി തള്ളി.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്. ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്ക് എതിരായ പ്രതിരോധം ഊർജ്ജിതമാക്കാനാണ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയത്. വാർഡ് കൗൺസിലർ, ആരോഗ്യ വകുപ്പിലെയും കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. വീടുകളിൽ കൊതുകളുടെ ഉറവിടം നശിപ്പിക്കും. പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കും.

തക്കാളിപ്പനി: വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകുമെന്ന് ആരോഗ്യമന്ത്രി

പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകുമെന്ന് ആരോഗ്യമന്ത്രി. സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിച്ചില്ല. ഇത് കൂടുതൽ കുട്ടികളിലേക്ക് രോഗം പടരാൻ കാരണമായതായാണ് വിലയിരുത്തൽ. സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

വിമത കൗൺസിലർമാർക്കെതിരെ പരാതി നൽകി കോൺഗ്രസ്

പാലാ നഗരസഭയിലെ വിമത കൗൺസിലർമാർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. ജില്ലയിലെ കോൺഗ്രസ് നേതൃത്വം ആണ് പരാതി നൽകിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം കൗൺസിലർമാരെ അയോഗ്യരാക്കണം എന്നാണ് ആവശ്യം. എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതിൽ നാലു കോൺഗ്രസ് കൗൺസിലർമാരെ സസ്പെൻഡ് ചെയ്തിരുന്നു.

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി ഫർസീൻ അനമ്മക്ക് (18) ആണ് മരിച്ചത്. കൊയിലാണ്ടി കോരപ്പുഴ പാലത്തിനടുത്തായിരുന്നു അപകടം. രാവിലെ 10.30നായിരുന്നു അപകടം.

500 രൂപ നൽകിയില്ല; മകൻ അമ്മയെ തലയ്ക്ക് അടിച്ചുകൊന്നു

മയിലാടുംപാറയിൽ മകൻ അമ്മയെ തലയ്ക്ക് അടിച്ചുകൊന്നു. 500 രൂപ ആവശ്യപ്പെട്ടിട്ട് നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം. ഇടുക്കി തൊടുപുഴ ഇടവെട്ടി ശാസ്താംപറയക്ക് സമീപം റെയ്ച്ചൽ ജോസഫ് (63) ആണ് കൊല്ലപ്പെട്ടത്. മകൻ പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറഞ്ഞു.

പൊലീസുകാർക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ

കോതമംഗലം, ഊന്നുകൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കിയ കേസിൽ അർജുൻ ആയങ്കി റിമാൻഡിൽ. കോതമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അർജുൻ ആയങ്കിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി. തുടർന്ന് തലശേരി ജയിലിലേക്ക് റിമാൻ്റ് ചെയ്തു.

FIRST ON NEWS MALAYALAM | റിലീസിലെ പിഴവ്: പിആർഡിയിൽ സ്ഥലംമാറ്റം

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിലീസിലെ പിഴവിന് പിന്നാലെ പിആർഡിയിൽ സ്ഥലംമാറ്റം. രണ്ടു ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ന്യൂ മീഡിയ വിഭാഗത്തിലെ പ്രതീഷ് ഡി. മണി, പ്രസ് റിലീസ് വിഭാഗത്തിലെ സാബു പി.ആർ. എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രതീഷിന് ഡൽഹിയിലേക്കും സാബുവിന് കൊല്ലത്തേക്കുമാണ് സ്ഥലംമാറ്റം.

എല്ലാ തീരദേശ ജില്ലകളിലും റെഡ് അലേർട്ട് മുന്നറിയിപ്പ്

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഇന്ന് അർധരാത്രി മുതൽ 20ന് വൈകുന്നേരം 5.30 വരെ റെഡ് അലേർട്ട് തുടരും. 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം.

ഈ ഇടങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം

  • തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ

  • കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

  • ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

  • എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ

  • തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

  • മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

  • കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ

  • കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ

  • കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

കിടപ്പറ ദൃശ്യം അശ്ലീല വെബ്സൈറ്റുകളിൽ; ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്

കൊല്ലത്ത് യുവതിയുടെ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകളിൽ വിറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭാരതീയ ന്യായ സംഹിതയിലെ 77, 118(1), 115(2), ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

എക്സൈസിനെ കണ്ട് കായലിൽ ചാടിയ യുവാവിനെ കാണാതായി

വർക്കലയിൽ എക്സൈസിനെ കണ്ട് കായലിൽ ചാടിയ യുവാവിനെ കാണാതായി. ​ലഹരി ഉപയോഗിക്കുന്നതിനിടെ എക്സൈസ് സംഘത്തെ കണ്ട് കായലിൽ ചാടിയ യുവാവിനെ കാണാതായി. വർക്കല ഇടവ കായൽ തീരത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലംഗ സംഘത്തിലെ ഒരാളാണ് മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാനായി വെള്ളത്തിലേക്ക് എടുത്തുചാടിയത്. ​സംഘത്തിലുണ്ടായിരുന്ന വെട്ടൂർ സ്വദേശി മുഹമ്മദിനെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.

ആൻസിജിയുടെ മരണം: കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ

നഴ്സിങ് വിദ്യാർഥിനിയായിരുന്ന നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പാൾ ഷീജ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇവരെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്.

News Malayalam 24x7
newsmalayalam.com