ഉയർന്ന തിരമാലകൾ, കടലാക്രമണ സാധ്യത... വിവിധ ജില്ലകളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഉയർന്ന തിരമാലകൾ, കടലാക്രമണ സാധ്യത... വിവിധ ജില്ലകളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

ഇടമലയാർ കസ്റ്റഡി മർദ്ദനം; ഐഎഫ്എസ് ദമ്പതികള്‍ ഉള്‍പ്പെടെ എട്ടു പേരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ഇടമലയാർ ആനവേട്ട കസ്റ്റഡി മർദ്ദന കേസില്‍ ഐഎഫ്എസ് ദമ്പതികളെ ഉള്‍പ്പെടെ എട്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഐഎഫ്എസ് ഉദ്യോഗസ്ഥരായ ടി. ഉമ, ഭർത്താവ് ആർ. കമലഹാർ, വിജയാനന്ദ് ഉൾപ്പെടെ എട്ടു പേരെ പ്രോസിക്യൂട്ട് ചെയ്യാനാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്. മർദനത്തിനിരയായ അജി ബ്രൈറ്റിന്റെ പരാതിയിലാണ് നടപടി. നേരത്തെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. അന്വേഷണം റദ്ദാക്കാൻ ഐഎഫ്എസ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാകരിച്ചിരുന്നു. 2015 ജൂലൈയിലാണ് അജി ബ്രൈറ്റ് ക്രൂരമായ മർദ്ദനത്തിനിരയായത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നൽകിയേക്കും. വിദേശത്തേക്ക് പണം അയച്ചതിൽ ഫെമ ചട്ടലംഘനം ഉണ്ടായോ എന്ന കാര്യവും അന്വേഷിക്കും. വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ പേരിലെടുത്ത സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയെന്നാണ് സംശയം. അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് എടുത്തത് നന്ദുലാലിന്റെ പേരിലാണ്. കോഴിക്കോട്ടെ ഡിടിപിസി ഡെസ്റ്റിനേഷന്‍ മാനേജരാണ് നന്ദുലാല്‍. 2014 മുതല്‍ വീണ ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നു. വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്നാണ് നന്ദുലാലിന്റെ മൊഴി. എന്ത് ആവശ്യത്തിനാണ് സിം എടുത്തതെന്ന് അറിയില്ലെന്നും നന്ദുലാല്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, അനധികൃത പണമിടപാടുകള്‍ക്കായുള്ള ഇന്റര്‍നെറ്റ് കോളുകള്‍ക്കു വേണ്ടിയാണ് വ്യാജ സിം ഉപയോഗിച്ചതെന്നാണ് ഇഡിയുടെ വാദം.

തെറ്റ് ചെയ്തിട്ടില്ല; അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമപരമായി നേരിടും: മുഹമ്മദ് റിയാസ്

ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം മാധ്യമങ്ങൾക്ക് വിശദമായ മറുപടി നൽകിയതാണെന്നും, തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന ബോധ്യമുണ്ടെന്നും പി.എ. മുഹമ്മദ് റിയാസ്. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് സേവനത്തിനു ലഭിച്ച പണം തന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും, ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ തന്നോട് ഫോണിൽ വിശദീകരണം ചോദിച്ചുവെന്നുമുള്ള പത്രവാര്‍ത്ത പച്ചക്കള്ളമാണ്. അസംബന്ധ വാർത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും. അന്വേഷണം നടക്കുന്നതിനാലും, നിയമപരമായി നേരിടുന്നതിനാലും ഓരോ ദിവസവും വരുന്ന അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടി നൽകുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്. ഇതിന്റെ രാഷ്‌ട്രീയ വശങ്ങൾ പാർട്ടിയും താനും നേരത്തെ സൂചിപ്പിച്ചതാണെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

പുരാരേഖ വകുപ്പിലെ നിയമന തട്ടിപ്പില്‍ അന്വേഷണത്തിന് സാധ്യത; റിപ്പോർട്ട് തേടി മന്ത്രി ഒ.ജെ. ജനീഷ്

വിവാദമായ പുരാരേഖ വകുപ്പിലെ അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫീസര്‍ നിയമനത്തില്‍ അന്വേഷണത്തിന് സാധ്യത. സ്പെഷ്യല്‍ സെക്രട്ടറിയോട് മന്ത്രി ഒ.ജെ. ജനീഷ് റിപ്പോര്‍ട്ട് തേടി. പിഎസ്‌സി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരേയൊരു ഉദ്യോഗാർഥിക്കു വേണ്ടി പരീക്ഷയും തുടർനടപടികളും പൂർത്തിയാക്കിയെന്നാണ് ആക്ഷേപം. യോഗ്യത മാനദണ്ഡങ്ങളും മാറ്റി. സർക്കാർ ഉത്തരവില്ലാതെയാണ് തസ്തിക സ്ഥിരപ്പെടുത്തിയതെന്നുമാണ് ആരോപണങ്ങള്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം. യോഗ്യതകളിൽ അട്ടിമറി നടത്തിയത് പുരാരേഖ വകുപ്പ് ഡയറക്ടറുമായും സിപിഐഎമ്മുമായും അടുത്ത ബന്ധമുള്ള ആൾക്കും വേണ്ടിയെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.

കെഎംഎംഎല്‍ നിയമനങ്ങളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം

പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിലെ നിയമനങ്ങളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. ടിപി യൂണിറ്റില്‍ നടന്ന ജൂനിയർ ടെക്‌നീഷ്യൻ ഫിറ്റർ, ജൂനിയർ അനലിസ്റ്റ് തസ്തികളിലേക്ക് നടന്ന നിയമനങ്ങളിലാണ് അന്വേഷണം. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. കെഎംഎംഎൽ മാനേജിങ് ഡയറക്ടർ, എച്ച്ആർ വിഭാഗം തലവൻ, ഡിജിഎം പി&എ, യുടിയുസി യൂണിയൻ എന്നിവരാണ് അന്വേഷണ പരിധിയിലുള്ളത്.

അനുമതിയില്ലാതെ വിദേശയാത്ര; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയ സംഭവത്തില്‍ ഡിജിപി എസ്. ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണമില്ല. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി മിന്‍ഹാജ് ആലം ഹൈക്കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് അദ്ദേഹം കോടതിയെ അറിയിച്ചത്. എന്നാല്‍, പിന്നെ എപ്പോഴാണ് വിജിലന്‍സ് അന്വേഷണം എന്നായിരുന്നു കോടതിയുടെ മറുപടി. എന്തുകൊണ്ടാണ് ഉറച്ച തീരുമാനം ഇല്ലാത്തതെന്നും ഹൈക്കോടതി ചോദിച്ചു.

മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ മർദിച്ച സംഭവം; ബന്ധുക്കള്‍ക്കെതിരെ കേസ്

കൊടുവള്ളിയിൽ മോഷണശ്രമം ആരോപിച്ച് 12 വയസ്സുകാരനെ മർദിച്ച സംഭവത്തില്‍ ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. കൊടുവള്ളി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം, കുട്ടിയെ മര്‍ദിച്ച ബന്ധുക്കൾ ഒളിവിലാണ്. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതികൾ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട്, കൈകാലുകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദിച്ചതായാണ് പരാതി.

സഹോദരി ഭർത്താവ് ക്രൂരമായി മർദിച്ചു; പരാതിയുമായി യുവതി

സഹോദരി ഭർത്താവ് ക്രൂരമായി മർദിച്ചതായി പരാതി. മലപ്പുറം തുവക്കാട് സ്വദേശിനിയാണ് തിരൂർ പൊലീസിൽ പരാതി നൽകിയത്. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പയ്യനങ്ങാടി സ്വദേശി ഫൈസലിനെതിരെയാണ് പരാതി. മാറിടം പിടിച്ചുവലിച്ചു. മോട്ടോറിന്റെ എക്സ്റ്റൻഷൻ കേബിളിന്റെ ബോക്സ് ഉപയോഗിച്ച് മുഖത്തും കഴുത്തിനും അടിച്ചു. കേബിൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു, കൈക്ക് കടിച്ചും, കാലിൽ ചവിട്ടിയും വേദനിപ്പിച്ചു എന്നുമാണ് പരാതി. സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു മർദനം. ബെഡ്റൂമിൽ കിടക്കുമ്പോൾ അതിക്രമിച്ചു കയറി മർദ്ദിക്കുകയായിരുന്നു. ഫൈസലിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് മര്‍ദനനത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.

തൂഫാന് രാഷ്ട്രീയമില്ല; ഡിവൈഎഫ്ഐ നേതാക്കളെ ലഹരിയുമായി പിടികൂടിയതില്‍ രമേശ് ചെന്നിത്തല

തൂഫാന് രാഷ്ട്രീയമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിയുമായി ഡിവൈഎഫ്ഐ നേതാക്കളെ പിടികൂടിയതിലായിരുന്നു പ്രതികരണം. യൂത്ത് കോൺഗ്രസ്‌ ആയാലും യൂത്ത് ലീഗ് ആയാലും ഡിവൈഎഫ്ഐ ആയാലും നടപടി ഉണ്ടാകും. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണ് തൂഫാന്‍. രാജ്യത്തെ ഏറ്റവും വലിയ നാർക്കോ ഹണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നീന്തൽ കുളത്തിൽ വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

നീന്തൽ കുളത്തിൽ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വദേശി ബിനാസിൻ്റെ മകൻ റൈഹാൻ അഹമ്മദാണ് മരിച്ചത്. പാലക്കാട് കോട്ടായിയിലെ സ്വകാര്യ റിസോർട്ടില്‍ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ റൈഹാൻ കാൽ വഴുതി നീന്തൽ കുളത്തിൽ വീഴുകയായിരുന്നു.

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റെന്ന പരാതി; യുവാവിനെതിരെ പോക്സോ ചുമത്താത്തതിനെതിരെ കുടുംബം

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ചു വിറ്റ ഭർത്താവിനെതിരെ പോക്സോ ചുമത്താത്തതിൽ കൂടുതൽ നിയമനടപടികളിലേക്ക് കുടുംബം. നാല് വയസ്സുള്ള മകളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകര്‍ത്തിയ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തണമെന്നാണ് ആവശ്യം. ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയുടെ നീക്കം. ഹർജി ഫയൽ ചെയ്യാൻ അഭിഭാഷകനെ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയെ കണ്ടും കുടുംബം പരാതി നൽകും. അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടാകും പരാതി.

ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു; വേങ്ങരയിലെ ലീഗ് കമ്മിറ്റി യോഗത്തില്‍ ബഹളം

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡന്റ് ആക്കാനുള്ള നീക്കത്തില്‍ വേങ്ങര മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി യോഗത്തിൽ ബഹളം. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പി.കെ. അബൂത്വാഹിറിനെ വേങ്ങര ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള നീക്കമാണ് ബഹളത്തിൽ കലാശിച്ചത്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗം ബഹളം കാരണം അവസാനിപ്പിച്ചു. നന്ദി പറയാൻ സമ്മതിക്കാതെ അംഗങ്ങൾ ഇറങ്ങിപ്പോയി. ലീഗ് ജില്ലാ വൈസ് പ്രസിഡന്റും മണ്ഡലം നിരീക്ഷകനുമായ എം.കെ. ബാവയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

അമിത് ഷാ ബംഗാളിലേക്ക്

ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് തീരുമാനം. സിലുഗുരിയിൽ സുരക്ഷ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ടാണ് സന്ദർശനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം; ജന്തര്‍ മന്തറില്‍ കണ്ടത് യുവത്വത്തിന്റെ ശക്തിയെന്ന് പ്രകാശ് രാജ്

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ തുടക്കം. സമ്മേളന നഗരിയിൽ കൊടി ഉയർന്നു. പ്രതിനിധി സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. ജന്തര്‍ മന്തറില്‍ കണ്ടത് യുവത്വത്തിന്റെ ശക്തിയും മനോഹാരിതയും കൂട്ടായ്മയുമെന്ന് പ്രകാശ് രാജ്യ പറഞ്ഞു. യുവത്വത്തിന്റെ കരുത്ത് രാജ്യം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. അവരെ ഓര്‍ത്ത് അഭിമാനിക്കുന്നു. യുവാക്കള്‍ പാർലമെന്റിനെ പിടിച്ചു കുലുക്കി. നമുക്കെല്ലാം തലച്ചോര്‍ ഉണ്ടെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലായി. പ്രധാനമന്ത്രി ഇത്രയും നാൾ വേട്ടക്കാരൻ ആയിരുന്നു. പക്ഷേ, ജന്തര്‍ മന്തറില്‍ യുവാക്കളെ വേട്ടയാടാന്‍ കഴിഞ്ഞില്ല. യുവാക്കള്‍ ഒരുമിച്ചാല്‍ ഫാസിസ്റ്റ് ഭരണാധികാരികളെ താഴെയിറക്കാന്‍ കഴിയുമെന്നും പ്രകാശ് രാജ് പറഞ്ഞു.

പൊലീസുകാരുടെ ഓണം ഡ്യൂട്ടി അലവന്‍സ് വര്‍ധിപ്പിച്ചു

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് സർക്കാർ ഇരട്ടിയാക്കി. 500 രൂപയാണ് നിലവിൽ നൽകിയിരുന്നത്. ഇത്തവണ ആയിരം രൂപയായാണ് വർധിപ്പിച്ചത്. ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന സംസ്ഥാനത്തെ മുഴുവൻ പൊലീസുകാർക്കും പുതുക്കിയ അലവൻസ് ലഭ്യമാകും. 4500ഓളം ഉദ്യോഗസ്ഥർക്ക് ആനുകൂല്യം ലഭിക്കുക.

സ്വർണവിലയിൽ വീണ്ടും കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 3160 രൂപയുടെ വർധിച്ച് 1,16,800 രൂപയായി. ഗ്രാമിന് 395 രൂപ വർധിച്ച് 14600 രൂപയുമായി. ദീർഘകാലത്തെ ഇടിവുകൾക്കു ശേഷം ഓഹരി വ്യാപാരത്തിലും വൻ കുതിപ്പുണ്ടായി.

ഓൺലൈൻ വിപണന കേന്ദ്രങ്ങളിലെ ഗോഡൗണുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

ഓൺലൈൻ വിപണന കേന്ദ്രങ്ങളിലെ ഗോഡൗണുകളിൽ റെയ്ഡ്. ഫ്ലിപ്പ്കാർട്ട്, ബിഗ് ബാസ്ക്കറ്റ്, ബ്ലിങ്ക് ഇറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. 80ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. നെയ്യ്, ശർക്കര, പായസം മിക്സ്, വെളിച്ചെണ്ണ തുടങ്ങിയ അവശ്യവസ്തുക്കളുടെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു.

കാസര്‍ഗോഡ് എംഡിഎംഎ കേസ്; ദുരൂഹതയുണ്ടെന്ന് പ്രതികള്‍; മുഖ്യമന്ത്രിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയില്ല

കാസര്‍ഗോഡ് എംഡിഎംഎ കേസില്‍ ദുരുഹതയുണ്ടെന്ന് പ്രതികള്‍. തങ്ങളെ ഒറ്റപ്പെടുത്തിയതാണെന്ന് അബ്‌ദുൾ സലാം പറഞ്ഞു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തി പെടുത്തിയതാണ്. പുറത്തിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമെന്നും സലാം പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന് മുഹമ്മദ്‌ ഹുസൈന്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയോട് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു. പ്രതികളെ ഇന്ന് കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയില്‍ ഹാജരാക്കി.

വീണയ്ക്കെതിരായ ഇഡി റെയ്ഡ്; രാഷ്ട്രീയ പ്രേരിതമെന്ന വാദത്തെ പിന്തുണയ്ക്കാതെ സിപിഐ

വീണ ടിക്കെതിരായ ഇഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന സിപിഐഎം വാദത്തെ പിന്തുണയ്ക്കാതെ സിപിഐ. രാഷ്ട്രീയം വേറെ, ബിസിനസ് വേറെയെന്നായിരുന്നു സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

വന്ദേമാതര വിവാദം വിടാതെ ബിജെപി; കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയമെന്ന് അമിത് ഷാ

വന്ദേമാതര വിവാദം വിടാതെ ബിജെപി. വന്ദേമാതരത്തെ കോൺഗ്രസ് അവഹേളിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവര്‍ത്തിച്ചു. പ്രീണന രാഷ്ട്രീയത്തിന് വേണ്ടിയാണ് കോൺഗ്രസ് വന്ദേമാതരം വെട്ടിച്ചുരുക്കിയത്. ഇതാണ് ഇന്ത്യയുടെ വിഭജനത്തിന് അടിത്തറയിട്ടത്. പ്രീണന രാഷ്ട്രീയം സർവശക്തിയോടെ തിരികെ കൊണ്ടുവരികയാണ് കോൺഗ്രസ്. 1937ൽ കോൺഗ്രസ് ചെയ്ത തെറ്റ് നരേന്ദ്ര മോദി തിരുത്തിയപ്പോൾ രാഹുൽ ഗാന്ധി തെറ്റ് ആവർത്തിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ഹവാല ഇടപാട് പോലും പുറത്തുവന്നു; ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണം: ഷോണ്‍ ജോര്‍ജ്

പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഹവാല പണമിടപാട് വരെ പുറത്തുവന്ന സാഹചര്യത്തിൽ ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കണം. അല്ലെങ്കിൽ അദ്ദേഹത്തെ മാറ്റിനിർത്താൻ സിപിഐഎം തയ്യാറാകണം. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ മുതൽ തുടങ്ങിയ അഴിമതിയാണ്. ഈ അഴിമതിക്ക് കുടപിടിക്കാൻ തുടങ്ങിയതാണ് വീണയുടെ സ്ഥാപനങ്ങൾ. ഒരു സേവനവുമില്ലാതെ മുഖ്യമന്ത്രിയുടെ മകൾക്ക് പണം നല്കുന്നത് എന്തിനാണ്? അതെല്ലാം പിണറായിക്കുള്ള കൈക്കൂലിയാണ്. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പി.എ. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടല്ല റെയ്ഡ്. വീണയുടെ സാമ്പത്തിക ഇടപാടുകളിലാണ് ഇഡി റെയ്ഡെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

തുടർഭരണം പിന്നോട്ടടിച്ചു, പ്രവർത്തനം ശിഥിലീകരിക്കപ്പെട്ടു; സ്വയം വിമര്‍ശനവുമായി ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ട് ന്യൂസ് മലയാളത്തിന്. ഡിവൈഎഫ്ഐയുടെ പ്രവർത്തനം ശിഥിലീകരിക്കപ്പെട്ടുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ സ്വയം വിമർശനം. തുടർഭരണം ഡിവൈഎഫ്ഐ പ്രവർത്തനത്തെ പിന്നോട്ടടിച്ചു. മെമ്പർഷിപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായി. ഡിവൈഎഫ്ഐയുടെ മുഖ മാസിക ചേർക്കുന്നതിലും വീഴ്ച സംഭവിച്ചു. കീഴ് ഘടകങ്ങള്‍ക്ക് തനത് ക്യാമ്പയിൻ ഏറ്റെടുക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായി. യുവജന വിഷയങ്ങൾ ഏറ്റെടുത്ത് ഡിവൈഎഫ്ഐ മടങ്ങി വരണം. യുവാക്കളെ സംഘടനയോട് അടുപ്പിക്കാനുള്ള ശ്രമം ഉണ്ടാകണം. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായില്ല. നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കാത്തത് തെരഞ്ഞെടുപ്പ് തോൽവിക്കിടയാക്കിയെന്നും വിമര്‍ശനം.

പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി വീട്ടിൽ എത്തിയപ്പോൾ പിടിയിൽ

പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട എംഡിഎംഎ കേസിലെ പ്രതി തിരികെ വീട്ടിലെത്തിയപ്പോൾ പിടികൂടി. കഠിനംകുളം സ്വദേശി അസ്ജറിനെയാണ് ഇന്നലെ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം വീട് വളഞ്ഞ് പിടികൂടിയത്. ഇക്കഴിഞ്ഞ ജൂലൈ 21നായിരുന്നു 80 ഗ്രാം എംഡിഎംഎയുമായി വീട്ടിൽ നിന്നും അസ്ജറിനെ ഡാൻസാഫ് സംഘം പിടികൂടിയത്. ജീപ്പിൽ കയറ്റുന്നതിനിടെ പൊലീസിനെ വെട്ടിച്ച് വീടിൻ്റെ മതിൽ ചാടി കടന്ന് അസ്ജർ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം പ്രദേശമാകെ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ വൈകിട്ടോടെ അസ്ജർ വീട്ടിലെത്തിയെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. കഠിനംകുളം പൊലീസിന് കൈമാറിയ പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചു. ദൃശ്യങ്ങൾ പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകരെ ഒരുകൂട്ടം യുവാക്കൾ ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങൾ എടുക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തു. തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രധാനമന്ത്രി മോദിയെ അപമാനിച്ചു; ജാന്‍മണി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവമ്പാടി തമ്പലമണ്ണ അത്തിപ്പ കല്ലാക്കൽ വീട്ടിൽ കെ.എസ്. എബിൻ, പാലക്കാട് മണ്ണാർക്കാട് കരിമ്പ കൂർമഞ്ചോല വീട്ടിൽ കെ.എസ്. സജിത് എന്നിവരാണ് ജാന്‍മണിക്കൊപ്പം അറസ്റ്റിലായത്. ജാന്‍മണിയുടെ വീഡിയോ ചിത്രീകരിച്ചയാളും ഷെയര്‍ ചെയ്തയാളുമാണ് പിടിയിലായത്. മഹിളാ മോർച്ച നൽകിയ പരാതിയിലാണ് നടപടി.

വയനാട്ടില്‍ 22കാരനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് കൈനാട്ടിയിൽ 22-കാരനെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതിയിലെ മഹേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈനാട്ടിയിലെ ഒരു വീട്ടിൽ ജോലിക്കെത്തിയതായിരുന്നു മഹേഷും സുഹൃത്തുക്കളും. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയതായിരുന്നു മഹേഷ്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെ കൂടെയുണ്ടായിരുന്നവർ പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും, വിശദമായ പരിശോധനയും ആരംഭിച്ചു.

പാർക്കിങ്ങിനെ ചൊല്ലി തർക്കം; വ്യാപാരിക്ക് താക്കോല്‍കൊണ്ട് കുത്തേറ്റു,  യുവാവ് അറസ്റ്റിൽ

മുക്കത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍, വ്യാപാരിക്ക് താക്കോല്‍കൊണ്ട് കുത്തേറ്റു. മുക്കം ബൈപ്പാസിലെ 'താജ് ഹോം കെയർ' ഉടമയും കൊടിയത്തൂർ സ്വദേശിയുമായ മുജീബിനാണ് കുത്തേറ്റത്. സംഭവത്തില്‍ ചാത്തമംഗലം പാഴൂർ സ്വദേശി സുഹൈൽ പൊലീസ് പിടിയിലായി. മുജീബിന്റെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. താജ് ഹോം കെയറിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ സുഹൈൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

യുവാവിനെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ ആറുപേര്‍ പിടിയില്‍

യുവാവിനെ തട്ടികൊണ്ടുപോയി തടവിൽ വച്ച് ആക്രമിച്ച കേസിൽ ആറു പേർ പിടിയിൽ. ഇടുക്കി രാജക്കാട് സ്വദേശികളായ അശ്വിൻ, കെബിൻ, അമർനാഥ്, യദു, ഗൗതം, ആദർശ് എന്നിവരാണ് പിടിയിലായത്. കാറ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊച്ചി സ്വദേശിയെ തട്ടികൊണ്ടുപോയി ആക്രമിക്കുന്നതിന് കാരണമായത്.

സഹകരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്ത

സഹകരണ സ്ഥാപനങ്ങളിലെ താല്‍ക്കാലി ജീവനക്കാർക്ക് പ്രത്യേക ഉത്സവബത്ത അനുവദിച്ചു. ഓണത്തോടനുബന്ധിച്ച് 5,500 രൂപയാണ് പ്രത്യേക ഉത്സവബത്തയായി അനുവദിച്ചത്. കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നിക്ഷേപ/ വായ്പ കളക്ഷൻ ഏജന്റുമാർ, സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ, ബോണസിന് അർഹതയില്ലാത്ത, എല്ലാ താല്‍ക്കാലിക ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: യുഡിഎഫ് സര്‍ക്കാരില്‍നിന്ന് നിഷ്പക്ഷ അന്വേഷണം ഉണ്ടാകില്ലെന്ന് ബി.ബി. ഗോപകുമാര്‍

പിഎസ്‌സി പരീക്ഷാ തട്ടിപ്പുകളിൽ യുഡിഎഫ് സർക്കാരിൽ നിന്ന് നിക്ഷ്പക്ഷമായ അന്വേഷണം ഉണ്ടാകില്ലെന്ന് എംഎല്‍എ ബി.ബി. ഗോപകുമാര്‍. അതുകൊണ്ടാണ് ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇപ്പോഴും പ്രതി ആരാണെന്ന് വ്യക്തമായിട്ടില്ല. സർക്കാർ ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണ്. പൂക്കി സതീശൻ കമ്മീഷനായി പിഎസ്‍സി മാറിയിരിക്കുന്നു. പിണറായി വിജയന്‍ മാറി വി.ഡി. സതീശൻ വന്നെങ്കിലും നയങ്ങളിൽ വ്യത്യാസം ഉണ്ടായിട്ടില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം. ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കും വരെ യുവമോർച്ചയുടെ സമരം തുടരുമെന്നും ഗോപകുമാര്‍ പറഞ്ഞു.

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു; മകനെതിരെ മാതാവിന്റെ പരാതി

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചതായി മകനെതിരെ മാതാവിന്റെ പരാതി. ചെറുന്നിയൂർ സ്വദേശി സിന്ധുവാണ് മകൻ മഹേഷിനെതിരെ പരാതി നൽകിയത്. വീട്ടിൽ അതിക്രമിച്ച് കയറി എ.സി., ഫ്രിഡ്‌ജ്, ഡൈനിങ് ടേബിൾ ഉൾപ്പെടെ ഗൃഹോപകരണങ്ങൾ തകർത്തതായാണ് പരാതി. വാട്ടർ ടാങ്കും വൈദ്യുതി മീറ്ററും നശിപ്പിച്ചു. ആധാർ കാർഡ്, ബാങ്ക് രേഖകൾ, ചികിത്സാ രേഖകൾ, സർട്ടിഫിക്കറ്റുകൾ, വീടിന്റെ ആധാരം ഉൾപ്പെടെ രേഖകൾ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യ ഭാര്യ കടയ്ക്കാവൂർ പൊലീസിൽ മഹേഷിനെതിരെ നൽകിയ പരാതിക്ക് പിന്നിൽ സിന്ധുവിന്റെ പ്രേരണ ഉണ്ടെന്നും ഈ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്ഐആറില്‍ പറയുന്നു. മഹേഷ് നേരത്തേ പോക്സോ കേസിൽ പ്രതിയാണെന്നും കേസ് വർക്കല പോക്സോ കോടതിയിൽ നടക്കുകയാണെന്നുമാണ് മാതാവിന്റെ ആരോപണം.

ഇനി 'കേരളം മെട്രോ'; പേര് മാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ

പേര് മാറ്റത്തിന് ഒരുങ്ങി കൊച്ചി മെട്രോ. 'കേരളം മെട്രോ' റെയിൽ ലിമിറ്റഡ് എന്നാക്കാൻ ആണ് തീരുമാനം. പേര് മാറ്റത്തിനായുള്ള ശുപാർശ കെ.എം.ആർ.എൽ സമർപ്പിച്ചു.

സ്കൂൾ കലോത്സവത്തിലെ മാർക്കുകൾ പ്രദർശിപ്പിക്കണം: ബാലാവകാശ കമ്മീഷൻ

സ്കൂൾ കലോത്സവത്തിലെ വിദ്യാർഥികളുടെ മാർക്കുകൾ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വിധികർത്താക്കൾ രേഖപ്പെടുത്തിയ മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണം. കലോത്സവത്തിന്റെ പേരിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്ന് പണം പിരിക്കരുത്. പ്രാവീണ്യമുള്ളവരെ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്കരിക്കണമെന്നും ഉത്തരവ്.

മോദിയെ അപമാനിച്ചെന്ന പരാതി; ജാൻമണി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വീഡിയോ ചിത്രീകരിച്ച വ്യക്തിയും ഷെയർ ചെയതയാളുമാണ് ജാൻമണിക്ക് ഒപ്പം അറസ്റ്റിലായത്. മഹിളാ മോർച്ച നൽകിയ പരാതിയിലാണ് നടപടി.

"പുതിയ ഡാം വേണ്ട";  മുല്ലപ്പെരിയാറിൽ നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട്  

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട എന്ന നിലപാടിൽ മാറ്റമില്ലെന്ന് തമിഴ്നാട്. അണക്കെട്ട് സുരക്ഷിതം എന്ന് വിവിധ സമിതികൾ കണ്ടെത്തിയിട്ടുണ്ട് എന്ന് മന്ത്രി സി.ടി.ആർ നിർമൽ കുമാർ പറഞ്ഞു. ഡാം സുരക്ഷിതമല്ലെന്ന കേരളത്തിന്റെ വാദം ശരിയല്ല. സുപ്രീംകോടതി ഉത്തരവ് അനുസരിക്കാൻ കേരളം തയ്യാറാകണമെന്നും നിർമൽ കുമാർ പറഞ്ഞു.

ഡൽഹി പ്രക്ഷോഭത്തിലെ പൊലീസ് നടപടി; അന്വേഷണത്തിന് അഞ്ചംഗ സമിതി

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിന് എതിരായ പൊലീസ് നടപടി അന്വേഷിക്കാൻ അഞ്ചംഗ സമിതി. അഞ്ചംഗ ഉന്നതാധികാര സമിതിയെ സുപ്രീംകോടതി നിയോഗിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ആർ സുഭാഷ് റെഡ്ഢിയാണ് അധ്യക്ഷൻ.

കേരളസർവകലാശാല എൽഎൽബി പരീക്ഷാ മൂല്യനിർണയം; അധ്യാപകർക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ

കേരളസർവകലാശാല LLB പരീക്ഷാ മൂല്യനിർണയത്തിൽ അധ്യാപകർക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. പരാജയപ്പെട്ട 45 ലോ കോളജ് വിദ്യാർഥികൾ പുനർമൂല്യനിർണയത്തിൽ വിജയിച്ചെന്ന് സർവകലാശാല കണ്ടെത്തി. അപേക്ഷിച്ച 292 വിദ്യാർഥികളിൽ 231 പേരും ഉയർന്ന മാർക്ക് നേടി. പത്ത് ശതമാനം മുതൽ അൻപത് ശതമാനം വരെ മാർക്കിന്റെ വ്യത്യാസം ആണ് കണ്ടെത്തിയത്. പുനർമൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളും അടിയന്തിരമായി സീൽ ചെയ്ത് സൂക്ഷിക്കാണൻ പരീക്ഷാ കൺട്രോളർക്ക് വിസി നിർദേശം നൽകി. വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത.

ലോറിയിൽ നിന്ന് ഇരുമ്പ് കമ്പികൾ റോഡിൽ വീണു; കാലടിയിൽ ട്രാഫിക്ക് വാർഡന് പരിക്ക്

എറണാകുളം: കാലടി മറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് കമ്പികൾ റോഡിലേക്ക് വീണ് അപകടം. കമ്പി ദേഹത്ത് വീണ് ട്രാഫിക്ക് വാർഡനായ സ്ത്രീക്ക് നിസാര പരിക്കേറ്റു. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് കമ്പികൾ എടുത്തു മാറ്റിയത്.

മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. നെടുമ്പാശേരി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മരട് അനീഷിനെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

പുലിക്കളിക്കെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ. ശ്രീരാമൻ

പുലിക്കളിക്ക് എതിരായ പരാമർശം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ. ശ്രീരാമൻ. തന്റെ അഭിപ്രായപ്രകടനം പക്വതയോടെ ആയിരുന്നില്ല. പരാമർശം കലാകാരൻമാർക്കും ബന്ധപ്പെട്ടവർക്കും മനോവിഷം ഉണ്ടാക്കിയെന്ന് മനസിലാക്കിയെന്ന് എഫ്ബി പോസ്റ്റിൽ ശ്രീരാമൻ പറഞ്ഞു.

കാട്ടാക്കട എംഎൽഎയുടെ  പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് പണപ്പിരിവ്; മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് പണപിരിവ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. രാജേഷ്, വിനീത്, സുരേഷ് എന്നിവരാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. പേഴ്സണൽ അസിസ്റ്റൻ്റെന്ന വ്യാജേന പലരിൽ നിന്നും വിവിധ ആവശ്യങ്ങൾ പറഞ്ഞ് പണം തട്ടുകയായിരുന്നു പ്രതികൾ.

പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ - ഗവർണർ കൂടിക്കാഴ്ച വിവാദത്തിൽ

പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തിയത് വിവാദത്തിൽ. സന്ദർശനത്തിൽ ലീഗ് നേതാക്കൾക്ക് അതൃപ്തി. ഇന്നലെ ആണ് ലോക്ഭവനിൽ എത്തി ഗവർണറുമായി ബഷീറലി കൂടിക്കാഴ്ച നടത്തിയത്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ സഹോദര പുത്രനാണ് ബഷീറലി ശിഹാബ് തങ്ങൾ.

കിഴക്കമ്പലത്ത് പാഴ്‌സല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; യുവാവിന് ഗുരുതര പരിക്ക്

എറണാകുളം: കിഴക്കമ്പലത്ത് പാഴ്‌സല്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. മഴുവന്നൂര്‍ സ്വദേശി എല്‍ദോ പൗലോസിനാണ് പരിക്കേറ്റത്.

തലസ്ഥാനത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം; ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: വിതുരയിൽ കെഎസ്ആർടിസി ഡ്രൈവറെ ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. ആനപ്പാറ സ്വദേശി നന്ദകുമാറിനാണ് പരിക്കേറ്റത്. ബൈക്കിൽ ബസ് ഉരസിയെന്ന് ആരോപിച്ചുണ്ടായ തർക്കത്തെ തുടർന്നായിരുന്നു രണ്ടംഗ സംഘത്തിൻ്റെ ആക്രമണം. വർക്കല സ്വദേശി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീചിത്ര പുവർ ഹോമിലെ രണ്ട് പെൺകുട്ടികളെ കാണാതായി

തിരുവനന്തപുരം: ശ്രീചിത്ര പുവർ ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. 14,15 വയസുള്ള കുട്ടികളെയാണ് കാണാതായത്. വഞ്ചിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു

ചുമതലയേൽക്കാൻ വന്ന സെക്രട്ടറിയെ തടഞ്ഞ് സിപിഎം ; തിരുവള്ളൂർ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ

കോഴിക്കോട്; തിരുവള്ളൂർ പഞ്ചായത്തിൽ ചുമതലയേൽക്കാൻ വന്ന സെക്രട്ടറിയെ സിപിഐഎം അംഗങ്ങൾ തടഞ്ഞെന്ന് ആരോപണം. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ നിന്നും സ്ഥലം മാറിയെത്തിയ ശീതളയേയാണ് തടഞ്ഞത്

ഉയർന്ന തിരമാലകൾ, കടലാക്രമണ സാധ്യത... വിവിധ ജില്ലകളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ 21/08/2026 രാവിലെ 11.30 വരെയും; തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) തീരത്ത് 22/08/2026 രാത്രി 11.30 വരെയും 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 21/08/2026 രാവിലെ 05.30 വരെ 1.4 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

പുറപ്പെടുവിച്ച സമയവും തീയതിയും: 09.00 PM; 20/08/2026

News Malayalam 24x7
newsmalayalam.com