
തൃശൂരില്‍ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ നേതൃത്വത്തിന് അതിരൂക്ഷ വിമര്‍ശനം. ചൈന സോഷ്യലിസ്റ്റ് പാതയിൽ ആണോ എന്ന് സംശയിക്കണം, ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാതൃകയാക്കണമോയെന്നും വിമർശനം. മുതലാളിത്ത ഉപരോധത്താൽ ക്യൂബ വലിഞ്ഞു മുറുക്കപ്പെടുമ്പോൾ റഷ്യയും ചൈനയും നോക്കിനിൽക്കുന്നു. സാർവദേശീയ വിഷയങ്ങളിൽ പ്രതിഷേധം നടത്തുന്നതിനപ്പുറം രാജ്യത്തെ ഇടതു സംഘടനകൾ സാർവദേശീയ വിഷയങ്ങളിൽ ഇടപെടൽ നടത്തണം.
ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നില്ല. സിജെപി ഏറ്റെടുത്ത് നടത്തിയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടിയിരുന്നത് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആക്കിയ നേതാക്കളുടെ പലരുടെയും പേരുപോലും താഴെത്തട്ടിലെ പ്രവർത്തകർക്ക് അറിയില്ല. നീറ്റ് വിഷയത്തിൽ സിജെപിക്ക് മാത്രമല്ല ഡിവൈഎഫ്ഐക്കും സമരം ഏറ്റെടുത്ത് മുന്നോട്ടുപോകാമായിരുന്നു.
ജെൻസി കാലഘട്ടത്തിനനുസരിച്ച് അടിമുടി സംസ്ഥാന സംഘടനയില്‍ മാറ്റം വരണം. ഡിവൈഎഫ്ഐ നേതാക്കളുടെ വസ്ത്രധാരണത്തിൽ പോലും മറ്റം വരണം. പരമ്പരാഗത രീതികളിൽ നിന്ന് മാറി ജെൻസികളെ ആകർഷിക്കാൻ ആകും വിധം പ്രവർത്തനത്തിൽ മാറ്റം വരണം. ഇന്നത്തെ തലമുറയിലെ ഡിവൈഎഫ്ഐ നേതാക്കൾക്കും രാഷ്ട്രീയ വിദ്യാഭ്യാസമില്ല. രാഷ്ട്രീയ വീക്ഷണവും കാഴ്ചപ്പാടുകളും നേതാക്കൾക്കുമില്ല. ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കാനും അകറ്റിനിർത്താനും ഡിവൈഎഫ്ഐ ശ്രദ്ധിക്കണം. ഡിവൈഎഫ്ഐയിൽ ഇല്ലാതാകുന്ന സ്ത്രീ സാന്നിധ്യം വർധിപ്പിക്കണം എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച നാടകം വിവാദമായ സംഭവത്തില്‍ പ്രതികരണവുമായി തിയേറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക. നാടകത്തിന്റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത് പ്രചരിപ്പിക്കുന്നുവെന്ന് ചിന്നൂസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. അടിയന്തരാവസ്ഥയിൽ തുടങ്ങി ബിജെപി സർക്കാരിന്റെ ഭരണകൂട ഭീകരത വരെയുള്ള കാര്യങ്ങാണ് 'മിസ' സംസാരിക്കുന്നത്. നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സ്നേഹ ലത റെഡ്ഡിയുടെ ജീവിതത്തെ കുറിച്ചാണ് നാടകം സംസാരിക്കുന്നത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇനിയും ചോദ്യങ്ങള്‍ ഉയരുമെന്നും ചിന്നൂസ് ചിലങ്ക ന്യൂസ് മലയാളത്തോട് വ്യക്തമാക്കി.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ സംഘപരിവാർ സൈബർവേട്ട നടത്തുകയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ രാജ്യത്തെമ്പാടും സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിത്. കലാവിഷ്‌കാരങ്ങൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നു എന്നത് സംഘപരിവാറിന് സഹിക്കാനാവില്ല. രാജ്യത്തുടനീളം കലാകാരന്മാരെയും, എഴുത്തുകാരെയും, സാംസ്‌കാരിക പ്രവർത്തകരെയും അവർ വേട്ടയാടുകയാണ്. 'മിസ' നാടകത്തിനു നേരെയുള്ള സംഘപരിവാർ സൈബർ വേട്ടയിൽ സർഗാത്മക പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്ന് സകല ജനാധിപത്യവാദികളോടും അഭ്യർഥിക്കുന്നതായി പ്രസിഡന്റ് വൈശാഖനും, ജനറല്‍ സെക്രട്ടറി ഡോ. കെ.പി. മോഹനനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലെ നിയമനങ്ങളില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ഭരണകക്ഷി യൂണിയനായ എസ്‍ടിയു. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയന്‍ വ്യവസായ മന്ത്രിക്ക് നല്‍കിയ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. നിയമനത്തിനായി അഡ്വൈസ് മെമ്മൊ അയക്കുമ്പോൾ തന്നെ ചിലർ ഉദ്യോഗാർഥികളെ സമീപിക്കുന്നു. മുൻ കാലങ്ങളിൽ നടന്ന അതേ അഴിമതി ഇപ്പോഴും നടക്കുന്നു. ചില നിഗൂഢ ശക്തികളുടെ സമ്മർദത്തിന് വഴങ്ങിയാണ് വൻ അഴിമതി നടക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിവാദ നിയമനങ്ങളില്‍ ജില്ലാ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപി യൂണിറ്റിൽ നടന്ന ജൂനിയർ ടെക്‌നിഷ്യൻ ഫിറ്റർ, ജൂനിയർ അനലിസ്റ്റ് തസ്തികളിലേക്ക് നടന്ന നിയമനങ്ങളിലാണ് അന്വേഷണം. കെഎംഎംഎൽ മാനേജിങ് ഡയറക്ടർ, എച്ച് ആർ വിഭാഗം തലവൻ, ഡിജിഎം പി&എ, യുടിയുസി യൂണിയൻ എന്നിവരാണ് അന്വേഷണ പരിധിയിലുള്ളത്.
വിവാദമായ 'മിസ' നാടകം വീണ്ടും അവതരിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. സംസ്ഥാന സമ്മേളന വേദിയിൽ തന്നെ നാടകം അവതരിപ്പിക്കാനാണ് ആലോചന. തെറ്റിദ്ധരിപ്പിക്കും വിധം നാടകത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതും വ്യാജ പ്രചാരണങ്ങൾ ഉണ്ടായതിനും പിന്നാലെയാണ് തീരുമാനം. നഗ്നതാ പ്രദര്‍ശനമെന്ന പേരിലാണ് നാടകത്തിന്റെ ഒരു ഭാഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട് കൊടുവള്ളിയില്‍ മോഷണം ആരോപിച്ച് 12വയസ്സുകാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായിക്കി പൊലീസ്. കുട്ടിയെ ക്രൂരമായി മര്‍ദിച്ച പിതൃസഹോദരനും, ഭാര്യയും ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതികള്‍ കേരളത്തില്‍നിന്ന് കടന്നുകളഞ്ഞതായാണ് പൊലീസ് സംശയിക്കുന്നത്.
സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ അന്വേഷണം. വീണയ്ക്ക് കൂടുതൽ കമ്പനികളിൽ പങ്കാളിത്തം ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. റിയാസിന്റെ സുഹൃത്ത് നിഖിലിന്റെ മൊബൈൽ ഫോൺ റെയ്ഡിനിടെ ഇഡി പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയയ്‌ക്കും. നിഖിൽ മറ്റൊരു ഫോണും സിമ്മും ഉപയോഗിച്ചിരുന്നതായാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇത് ഹവാലാ ഇടപാടുകൾക്ക് വേണ്ടിയാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ സ്വത്തുക്കളിലും വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് വിവരം.
എക്സൈസ് ഉദ്യോഗസ്ഥർക്ക് മദ്യപിച്ചെത്തിയ സിപിഐഎം ജനപ്രതിനിധിയുടെ ഭീഷണി. ആര്യങ്കാവ് പഞ്ചായത്തംഗം മനു മത്തായിയാണ് എക്സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡിൽ നിർത്തി ഗതാഗത തടസ്സമുണ്ടാക്കിയത് ചോദ്യം ചെയ്തതാണ് പ്രകോപനം. ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ പൊലീസിൽ പരാതി നൽകി.
കുറുപ്പുംപടിയിൽ നിന്ന് കാണാതായ ഒഡീഷ പെൺകുട്ടിയെ കണ്ടെത്തി കേരള പൊലീസ്. ഒഡീഷയിലെ നക്സൽ ബാധിത ഗ്രാമമായ നബാഗൊച്ചയിൽ നിന്നാണ് പതിമൂന്നുകാരിയെ കണ്ടെത്തിയത്. ഒഡീഷ പൊലീസിന്റെ കൺവോയിൽ രാത്രി 40 കി.മീ. അപകമേഖലയിലൂടെ സഞ്ചരിച്ചാണ് 'കുറുപ്പുംപടി സ്ക്വാഡ്' പെണ്‍കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ 13നാണ് ഒഡീഷ പെൺകുട്ടിയെ കാണാതായത്. ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് സുഹൃത്തിനൊപ്പം പോയതായി കണ്ടെത്തിയത്. പെൺകുട്ടിക്കായി 4000 കി.മീറ്ററോളമാണ് കുറുപ്പംപടി പൊലീസ് സഞ്ചരിച്ചത്. സബ് ഇൻസ്പെക്ടർ കെ.എം. അഭിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഡീഷയിലെത്തിയത്.
വളാഞ്ചേരിയിൽ രാസലഹരിയും കഞ്ചാവും തിമിംഗല ഛർദിലും പൊലീസ് പിടിച്ചെടുത്തു. ലക്ഷദ്വീപ് സ്വദേശികളായ പുരുഷനും സ്ത്രീയും അടക്കം മൂന്നു പേർ അറസ്റ്റിലായി. ലക്ഷദ്വീപ് സ്വദേശികളുടെ വാടകവീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. മലപ്പുറം രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്. 43 ഗ്രാം എംഡിഎംഎ, നാല് കി.ഗ്രാം കഞ്ചാവ്, മൂന്ന് കി.ഗ്രാം തിമിംഗല ഛര്‍ദില്‍ പിടിച്ചെടുത്തു.
തൃശൂര്‍ പറപ്പൂരിൽ വീട്ടുകാര്‍ ഷോപ്പിങ്ങിനു പോയ സമയംനോക്കി വന്‍ കവര്‍ച്ച. മോഷ്ടാക്കള്‍ 50 പവൻ കവർന്നു. നാലകത്ത് ഷക്കീർ എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. ഷോപ്പിങ്ങിനു പോയ വീട്ടുകാര്‍ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ വൈകിട്ടും ഇന്ന് പുലർച്ചെയ്ക്കും ഇടയിലായിരുന്നു മോഷണം. വീടിന്റെ പുറകുവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ബെഡ്റൂമിലെ അലമാരകൾ കുത്തിപ്പൊളിച്ചാണ് സ്വർണം കവർന്നത്. വീട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന സ്വർണവും മകളുടെ കല്യാണ ആവശ്യത്തിനായി വാങ്ങിയ സ്വർണവും ഉള്‍പ്പെടെയാണ് മോഷണം പോയത്. മറ്റൊരു കിടപ്പുമുറിയിലെ അലമാരയിൽ നാലു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ മിഷൻ ക്വാര്‍ട്ടേഴ്സിൽ സ്വർണക്കടയിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ സ്വദേശി 52 വയസ്സുള്ള സജീവാണ് മരിച്ചത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം കണ്ടെത്താനാകുവെന്ന് പൊലീസ് അറിയിച്ചു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ തിരികെ ജയിലിൽ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച ഇമ്രാനെ ആറോളം ഡോക്ടർമാർ പരിശോധിച്ചിരുന്നുവെന്നും, നിലവിൽ ആശങ്കാജനകമായ അവസ്ഥയില്ലെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കൂത്തുപറമ്പ് സഖാക്കളെ നേതൃത്വം മറന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പൊതുചര്‍ച്ചയിലായിരുന്നു രൂക്ഷവിമർശനം. കൂത്തുപറമ്പ് സഖാക്കളെ ഡിവൈഎഫ്ഐ നേതൃത്വം മറന്നുവെന്ന് കണ്ണൂർ ജില്ല കമ്മറ്റി ആരോപിച്ചു. എൽഡിഎഫ് സർക്കാർ റവാഡാ ചന്ദ്രശേഖരനെ ഡിജിപി ആക്കിയപ്പോൾ ഡിവൈഎഫ്ഐ മൗനംപാലിച്ചു. പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോയപ്പോൾ തിരുത്തൽ ശക്തിയായില്ല, വിഷയത്തിലും സംഘടന മൗനം പാലിച്ചെന്നും വിമര്‍ശനം.
ക്ഷേമ പെന്‍ഷന്‍ വിതരത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ സഹകരണ വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി എം. ലിജു. തീരുമാനം ധനവകുപ്പിന്റേതാണ്. സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ ഭീമമായ നഷ്ടം ഉണ്ടായെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. സഹകരണ പ്രസ്ഥാനത്തെ വിശ്വാസത്തിലെടുത്ത്, കക്ഷിരാഷ്ട്രീയം നോക്കാതെ സംഘങ്ങള്‍ക്ക് വിതരണത്തിനുള്ള അവകാശംകൊടുത്ത്, പാര്‍ട്ടിക്കാരനെ ഏല്‍പ്പിക്കാതെ അര്‍ഹതയുള്ള ആര്‍ക്ക് കൃത്യമായി വിതരണം ചെയ്തിരുന്നെങ്കില്‍ കേരളത്തിനത് വലിയ അംഗീകാരം ആയേനെ. പക്ഷേ, കഴിഞ്ഞ സര്‍ക്കാര്‍ അതിനെ സമ്പൂര്‍ണ രാഷ്ട്രീയവത്കരണം നടത്തി. തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെ വീടുകളിലെത്തി രാഷ്ട്രീയം പറയാനും വ്യാജപ്രചാരണം നടത്താനുമുള്ള അവസരമാക്കി. സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയില്‍, കുറേയെങ്കിലും തുടരുന്നത് നന്നായിരിക്കുമെന്നാണ് അഭിപ്രായം. ബാങ്കില്‍ പോയി എടുക്കാന്‍ പറ്റാത്തവര്‍ക്ക്, ഏറ്റവും അവശരായിരിക്കുന്ന ആളുകള്‍ക്ക് കൊണ്ടുചെന്ന് കൊടുക്കുന്നത് സഹകരണ മേഖലയ്ക്ക് കൂടി ഗുണമാകും എന്നാണ് അഭിപ്രായം. പക്ഷേ അത് വീഴ്ച ഇല്ലാതെ വേണം. സഹകരണ വകുപ്പിന് ഇത് തുടർന്നാൽ കൊള്ളാം എന്നുണ്ട്. പറഞ്ഞതിനെ ദുര്‍വ്യഖ്യാനം ചെയ്യേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'മിസ' നാടകത്തിന്റെ രംഗങ്ങള്‍ വെട്ടി പ്രചരിപ്പിച്ച സംഭവത്തില്‍ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ. സദാചാര പ്രചാരണത്തിനെതിരെ ഡിവൈഎഫ് നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. നാടകത്തിന്റെ ചില ഭാഗങ്ങൾ മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കുകയാണ്. സ്നേഹലത റെഡ്ഡിയുടെ ജീവിതമാണ് നാടകത്തിൽ വരച്ചുകാട്ടുന്നത്. ജീവിതയാഥാർഥ്യം അവതരിപ്പിക്കുമ്പോൾ സദാചാരത്തിന്റെ കണ്ണിലൂടെ ഡിവൈഎഫ്ഐ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ നിയമനടപടികൾ സ്വീകരിക്കും. നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും അവതരിപ്പിക്കുമെന്നും സനോജ് കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന കേസില്‍ ഇടപെട്ട് ശിശു ക്ഷേമ സമിതി. നാലു വയസ്സുകാരിയുടെ മുന്നിൽ പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. കുട്ടിക്ക് കൗൺസിലിങ് നൽകി മൊഴി രേഖപ്പെടുത്താനാണ് നിര്‍ദേശം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സഹായത്തോടെ കൗൺസിലിങ് നടത്തണമെന്നാണ് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
തൃശൂർ അതിരപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ കുട്ടിയാന വീണു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയെ പുറത്തെടുക്കാൻ ശ്രമം നടക്കുന്നു. കാലടി പ്ലാന്റേഷൻ 15-ാം ബ്ലോക്കിലെ എറുമുഖം ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള ലയത്തിന് അടുത്താണ് സംഭവം. ഏകദേശം ആറ് വയസ്സ് തോന്നിപ്പിക്കുന്ന കുട്ടിയാനയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് ടാങ്കിൽ കുട്ടിയാന കുടുങ്ങിക്കിടക്കുന്നത് കണ്ടത്.
കല്ലമ്പലത്ത് ബസ്സിനുള്ളിൽ അതിക്രമം നടത്തിയ ആർമി ഉദ്യോഗസ്ഥനെതിരെ കല്ലമ്പലം പോലീസ് കേസെടുത്തു. ആറ്റിങ്ങലിൽ നിന്ന് കല്ലമ്പലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലായിരുന്നു 21കാരനായ നൗഫിക്കിന്റെ അതിക്രമം. ഇയാൾ മദ്യപിച്ചിരുന്നതായി ബസ് യാത്രക്കാർ പറഞ്ഞു. ബസ്സിനകത്ത് ഛർദിക്കുകയും യാത്രക്കാരോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ചോദ്യം ചെയ്ത യാത്രക്കാരെയും ബസ് ജീവനക്കാരെയും മർദിച്ചു. ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരെയും മർദിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
മുട്ടിൽ മരം മുറി കേസിലെ വഞ്ചനാ കേസില്‍ പ്രതികളുടെ ഹർജി തള്ളി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി. കോടതിക്ക് വഞ്ചന കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന വാദമുന്നയിച്ച് പ്രതികൾ നൽകിയ ഹർജിയാണ് തള്ളിയത്. വഞ്ചനാ കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഒന്നാംപ്രതി 31ന് നേരിട്ട് ഹാജരാകണം. രണ്ടും മൂന്നും പ്രതികൾക്ക് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാമെന്നും കോടതി പറഞ്ഞു.
പി.എ. മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. റിയാസ് കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ യുവ നേതാവാണ്. റിയാസിന്റെ സുഹൃത്തുക്കളെയല്ല, ബിനാമികളെയാണ് ഇഡി ലക്ഷ്യമിടുന്നത്. റിയാസും വീണയും പിണറായി വിജയനും കേസില്‍നിന്ന് രക്ഷപ്പെടില്ല. കേസെടുക്കാനുള്ള നീക്കം അതിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം വർക്കലയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത അഞ്ച് സ്ഥാപനങ്ങൾക്ക് നഗരസഭയുടെ നോട്ടീസ്. പുന്നമൂട്, മുനിസിപ്പൽ ഓഫീസ് പരിസരം, വർക്കല മൈതാനം എന്നിവിടങ്ങളിലെ 11 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ഹോട്ടൽ അമ്മിക്കല്ല്, ഇന്ദ്രപ്രസ്ഥ ബാർ ഹോട്ടൽ, ഹോട്ടൽ ഓലപ്പുര, തനി നാടൻ തട്ടുകട, വർക്കല തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. സ്ഥാപനങ്ങള്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗമാണ് നോട്ടീസ് നൽകിയത്.
വി.ഡി. സതീശൻ സർക്കാർ തീവ്രമത സംഘടനകൾക്ക് വഴങ്ങി പ്രവർത്തിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. പിഎം ശ്രീ ഉൾപ്പെടെ വിഷയങ്ങളിൽ സർക്കാർ പിന്നോട്ടു പോകുന്നു. ലീഗ്, ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ ഭീഷണിയും സമ്മർദവുമാണ് ഇതിനു കാരണം. ആദ്യഘട്ടത്തിൽ വി.ഡി. സതീശൻ അനുകൂല നിലപാട് എടുത്തിരുന്നു. വന്ദേമാതരത്തിലും ഇതേ നിലപാട് തുടരുന്നു. ഡി.കെ. ശിവകുമാർ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ ആലപിച്ചിട്ടും വി.ഡി. സതീശൻ തയ്യാറാകുന്നില്ല. കേരളത്തിൽ മാത്രം എന്തുകൊണ്ട് വ്യത്യാസം ഉണ്ടാകുന്നു. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർOങ്ങൾക്ക് കോൺഗ്രസ് വഴങ്ങുന്നു.ൃ ഭരണകാര്യങ്ങളിലും ആശയപരമായും ഈ നിലപാടാണ് സ്വീകരിക്കുന്നത്. കരിമണൽ ഖനന കേസിൽ ബിജെപി ബന്ധം ആരോപിച്ച വി.ഡി. സതീശൻ ഇഡി കേസ് സജീവമായി തുടരുമ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
മുത്തങ്ങയിലെ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ എം. ഗീതാനന്ദന്റെയും മറ്റ് മൂന്നു പ്രതികളുടെയും ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചു. കേസില്‍ ഗീതാനന്ദന്‍, ബിനു, രമേശന്‍, അനില്‍കുമാര്‍ എന്നിവര്‍ക്ക് ജാമ്യവും അനുവദിച്ചു. മറ്റു പ്രതികളുടെയും ശിക്ഷാവിധി മരവിപ്പിച്ചിട്ടുണ്ട്. 46000 രൂപ വീതം പിഴത്തുക കെട്ടിവയ്ക്കണം, ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ജാമ്യം നല്‍കണമെന്നുമാണ് ജാമ്യവ്യവസ്ഥ. വിചാരണക്കോടതി വിധിയില്‍ പിഴവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി.
ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേരെ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ യുവാവുമായി ഡിസിപി ഓഫീസിലെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ധര്‍ണ ആരംഭിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കാത്ത സർക്കാരിനെതിരെ കേസെടുക്കണമെന്ന് ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണം. അവരെ ദേശദ്രോഹക്കുറ്റം ചുമത്തി തുറുങ്കില്‍ അടയ്ക്കണമെന്നും ശ്രീലേഖ പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബിജെപി സംഘടിപ്പിച്ച വന്ദേമാതര സദസ്സിലായിരുന്നു ശ്രീലേഖയുടെ പരാമർശം. കെ. മുരളീധരൻ ജയിച്ചാൽ മുസ്ലീം നയത്തിന് അനുസരിച്ചേ പ്രവർത്തിക്കൂ എന്ന് പറഞ്ഞിരുന്നു. മുസ്ലീം വോട്ടുകളിൽ ഭൂരിപക്ഷം നേടുകയായിരുന്നു ലക്ഷ്യം. ഈ കാര്യം കോൺഗ്രസ് കേരളത്തിൽ അംഗീകരിച്ചതാണ്. മൂന്നുനാലു പേർ മുഖ്യമന്ത്രി പദത്തിലേക്ക് മത്സരിച്ചെങ്കിലും വി.ഡി. സതീശനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലീം ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയാണിത്. സതീശൻ മുഖ്യമന്ത്രിയായാൽ മാത്രമേ അവരുടെ കാര്യങ്ങൾ നടന്നു പോകുകയുള്ളൂവെന്നും ശ്രീലേഖ പറഞ്ഞു.
അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. ഉടന്‍ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ്. ഏഴ് വര്‍ഷത്തിനിടെ ഒമ്പത് ക്രിമിനല്‍ കേസുകള്‍ പ്രതിയായ സാഹചര്യത്തിലാണ് നടപടി.
താമരശ്ശേരി ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ ഓണാഘോഷത്തിനിടെ സംഘർഷം. മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. മുഹമ്മദ് ആദിൽ, റിഷാൻ, മുഹമ്മദ് അമീൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാർഥികള്‍ മർദ്ദിച്ചെന്നാണ് പരിക്കേറ്റവരുടെ മൊഴി. വിദ്യാർഥികള്‍ ഗ്രൂപ്പ് ഫോട്ടോയെടുക്കുന്നത് തടഞ്ഞശേഷമായിരുന്നു മര്‍ദനമെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
വിവാദമായ പുലിക്കളി പരാമർശത്തിൽ വി.കെ. ശ്രീരാമന് എതിരെ സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. ബോഡി ഷെയ്മിങ്ങ് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്നും പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ പരാമർശം ഒഴിവാക്കേണ്ടിയിരുന്നതാണ് എന്നും മന്ത്രി പറഞ്ഞു. ശരീരത്തിൻ്റെയും രൂപത്തിൻ്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല എന്നും പി.സി. വിഷ്ണുനാഥ്.
തിരുവനന്തപുരം : ഓണാവധിയോടനുബന്ധിച്ച് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ആഗസ്റ്റ് 24, 29 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും ലൈബ്രറി പ്രവർത്തിക്കുകയെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ അറിയിച്ചു.
ഡൽഹി: സിജെപി സമരത്തിന് നേരേയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാത്തതിന് എതിരെ ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ മിന്നൽ സമരം മണിക്കൂറുകൾ പിന്നിട്ടു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ, ഡിസിപിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും നടപടിയുണ്ടായില്ല. FIR രജിസ്റ്റർ ചെയ്യുംവരെ സമരം തുടരുമെന്നാണ് രാഹുലിന്റെ നിലപാട്. പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടമായ വിദ്യാർഥി സഹിലിനൊപ്പമാണ് രാഹുൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച മിസ നാടകത്തിന് എതിരായ സദാചാര ആക്രമണത്തിൽ നാടകപ്രവർത്തകരെ പിന്തുണച്ച് സാംസ്കാരിക മന്ത്രി. നാടകം ആവശ്യപ്പെടുന്ന രീതിയിലാണ് കലാകാരന്മാർ വേദിയിലേക്ക് എത്തുക എന്നും അത് ആവിഷ്കാര സ്വാതന്ത്ര്യം ആണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. സർക്കാർ നാടക പ്രവർത്തകർക്കൊപ്പം ആണെന്നും മന്ത്രി വ്യക്തമാക്കി. സൈബർ ആക്രമണത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തമിഴ്നാട് ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഓവാലി സ്വദേശി രവിചന്ദ്രനാണ് കൊല്ലപ്പെട്ടത്. രാവിലെ തോട്ടത്തിൽ പണിക്കിറങ്ങിയ ഇയാളെ കാണാതാകുകയിരുന്നു.
നീറ്റ് പ്രക്ഷോഭത്തിന് ഇടയിലെ പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ഒടുവിൽ കേസെടുത്ത് ഡെൽഹി പൊലീസ്.പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിലിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊലീസ് സ്റ്റേഷന് മുന്നിൽ രാഹുൽ ഗാന്ധി സമരം തുടർന്നതോടെയാണ് കേസെടുക്കാൻ പൊലീസ് നിർബന്ധിതരായത്
മലപ്പുറം: പുറത്തൂരിൽ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേക്കര തിരൂർ പുഴയിൽ നിന്നാണ് നങ്കൂരത്തിൽ കെട്ടിത്താഴ്ത്തിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്രയിൽ ജീവനൊടുക്കാൻ മലമുകളിൽ കയറിയ മകനെ രക്ഷിക്കാൻ പിതാവ് ശ്രമിക്കുന്നതിനിടെ ഇരുവർക്കും ദാരുണാന്ത്യം. സംഭവം കണ്ടുനിന്ന അമ്മയും പിന്നാലെ താഴ്ചയിലേക്ക് എടുത്തുചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത ദാരുണ സംഭവം.
ബിജെപിയിൽ നിന്ന് പടിയിറങ്ങിയ നടൻ ദേവൻ വിജയ്യുടെ ടി വി കെ യിലേക്ക് എന്ന് സൂചന. തമിഴ്നാട് മുഖ്യമന്ത്രിയുമായി അടുത്തമാസം കൂടിക്കാഴ്ച നടത്തും. വിജയ്യുടെ നിർദ്ദേശപ്രകാരം ടിവികെ യുടെ കേരള കോഡിനേറ്റർ സതീഷ് തോന്നയ്ക്കൽ ദേവനു മായി കൂടിക്കാഴ്ച നടത്തി. വിജയുമായുള്ള ചർച്ചയ്ക്ക് ശേഷം ഒദ്യോഗിക തീരുമാനമെന്ന് ദേവൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
തിരുവനന്തപുരം : ഓണക്കാലത്ത് സംസ്ഥാനത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ 24 മണിക്കൂർ നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പ്രവേശന കവാടങ്ങളായ ആര്യങ്കാവ്, കുമളി, വാളയാർ, മീനാക്ഷിപുരം, കാറാളി എന്നീ അഞ്ച് ചെക്ക്‌പോസ്റ്റുകളിലാണ് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സേവനം വിന്യസിച്ച് പ്രത്യേക പരിശോധനകൾ നടത്തുന്നത്.
ലണ്ടൻ; മാധ്യമങ്ങൾക്ക് എതിരെയുള്ള സ്വകാര്യതാ കേസിൽ ഹാരി രാജകുമാരന് തിരിച്ചടി. ബ്രിട്ടനിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിന് (ഡെയിലി മെയിൽ, മെയിൽ ഓൺ സൺഡേ) എതിരെ ഹാരിയും രാജകുമാരനും ആറു പ്രമുഖരും നൽകിയ കേസ് ഹൈക്കോടതി തള്ളി. വിധി നിരാശാജനകമെന്നാണ് ഹാരിസ് രാജകുമനാരന്റെ പ്രതികരണം.
പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. കർശന ഉപാധികളോടെ കോടതി പത്മരാജന് ജാമ്യവും അനുവദിച്ചു.
മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈന്യത്തിൻ്റെ ബോംബാക്രമണം. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റു. നൂറോളം പേർ പങ്കെടുത്ത ധ്യാന പരിപാടിക്കിടെയാണ് ആക്രമണം നടന്നത്.
കൊച്ചി മെട്രോ പേര് മാറ്റുന്നു എന്നത് തെറ്റിദ്ധാരണ മാത്രമെന്ന് കെഎംആർഎൽ. സർക്കാരിന് സമർപ്പിച്ചത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന കമ്പനിയുടെ പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് ആക്കി മാറ്റാനുള്ള നിർദേശം. കൊച്ചി മെട്രോ എന്നും അതേ പേരിൽ തന്നെ അറിയപ്പെടും. നിർദ്ദേശം സംസ്ഥാന സർക്കാരിന് പൂർണ സമ്മതം ആണെങ്കിൽ മാത്രമേ നടപ്പാക്കൂ എന്നും കെഎംആർഎല്ലിന്റെ വാർത്താ കുറിപ്പ്.
ആലപ്പുഴ: ചേർത്തലയിൽ ട്രെയിനിൽ നിന്നും വീണ് യുവതിയുടെ കാൽപ്പാദം അറ്റു. ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ വീണ വിദ്യാർഥിയുടെ കാൽപ്പാദമാണ് അറ്റുപോയത്ക. ടക്കരപ്പള്ളി സ്വദേശി 20കാരി കാർത്തിക രാധാകൃഷ്ണനാണ് പരിക്കേറ്റത്.