
സഭാ തർക്കത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ. മലങ്കര സഭയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം 1934ലെ ഭരണഘടന അനുസരിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. പ്രധാനമന്ത്രി, മുഖ്യമന്ത്രി തലങ്ങളിൽ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഫലം ഉണ്ടായില്ല. ആര് ചർച്ചകൾക്ക് വിളിച്ചാലും ഇനിയും പോകും. എന്നാൽ പരിഹാര മാർഗം സുപ്രീം കോടതി വിധി നടപ്പാക്കൽ മാത്രമാണ്. നിലവിൽ ഒരു ചർച്ചയും നടക്കുന്നതായി സഭയ്ക്ക് അറിയില്ലെന്നും കാതോലിക്കാ ബാവ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാന നഗരിയിൽ ഔദ്യോഗികമായി തുടക്കമാകും. വരും ദിവസങ്ങളിലായി നിശാഗന്ധിയും കനകക്കുന്നും ഉൾപ്പെടെ മുപ്പതിലധികം വേദികളിൽ വൈവിധ്യമാർന്ന കലാവിരുന്നുകൾ അരങ്ങേറും. സംസ്ഥാന സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷത്തിന്റെ പ്രധാന ആകർഷണമായ വൈദ്യുത ദീപാലങ്കാരം ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഇനിയുള്ള ഒരാഴ്ചക്കാലം ആഘോഷ തിമിർപ്പിലായിരിക്കും അനന്തപുരി.
എഐഎഡിഎംകെ എംഎല്‍എമാര്‍ കൂട്ടത്തോടെ ടിവികെയിലേക്ക് പോകുന്നതായി സൂചന. 10 എഐഎഡിഎംകെ എംഎൽഎമാർ കൂടി ടിവികെയിൽ ചേരാൻ തയ്യാറെന്ന് റവന്യുമന്ത്രി കെ.എ. സെങ്കോട്ടയ്യൻ അവകാശപ്പെട്ടു. ഇവര്‍ക്കു പുറമേ, ആറുമാസത്തിനുള്ളിൽ കൂടുതൽ എഐഎഡിഎംകെ എംഎൽഎമാർ വിജയ്ക്ക് ഒപ്പമെത്തും. എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയെ നയിക്കുന്നിടത്തോളം കാലം പാർട്ടിക്ക് തെരഞ്ഞെടുപ്പ് ജയം ഉണ്ടാകില്ല. ജയലളിത, എടപ്പാടി സർക്കാരുകളിൽ മന്ത്രിയായിരുന്നു സെങ്കോട്ടയ്യൻ.
മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിലെ തീപിടിത്തത്തില്‍ മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിരവധി കുഞ്ഞുങ്ങളെ ഒഴിപ്പിച്ചു. അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ സ്‌പെഷ്യൽ നവജാത ശിശു സംരക്ഷണ യൂണിറ്റിൽ പുലർച്ചെ 3.15ഓടെയായിരുന്നു സംഭവം. ആശുപത്രിയുടെ മൂന്നാം നിലയില്‍ വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നായിരുന്നു തീപിടിത്തം. സംഭവസമയത്ത് 39 നവജാത ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്. മാസം തികയാതെ ജനിച്ചവരും, ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളായിരുന്നു ഇവിടെ ചികിത്സയിൽ ഉണ്ടായിരുന്നത്.
പെരുമ്പാവൂർ വേങ്ങൂരിൽ ടോറസ് ഇടിച്ചു ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. നെടുങ്ങപ്ര സ്വദേശി ബേസിലിന്റെ മകൻ ജോഷ്വ (7) ആണ് മരിച്ചത്. അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. പ്രദേശത്ത് ടോറസ് ലോറികൾ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാരുടെ ആക്ഷേപം.
പാലത്തായി കേസില്‍ പ്രതി കെ. പത്മരാജന് ജാമ്യം ലഭിച്ചതില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഐഎം. പത്മരാജന് യുഡിഎഫ് ജാമ്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. ശിഷ്ടകാല ജീവിതം കഠിന തടവിന് വിധിച്ചിട്ടും പ്രതിക്ക് പൊടുന്നനെ ജാമ്യം ലഭിച്ചു. ഒക്ടോബർ മാസത്തിലേക്ക് മാറ്റിവെച്ച കേസാണ്, സർക്കാർ ഇടപെട്ട് നേരത്തെ പരിഗണിക്കാൻ അവസരമുണ്ടാക്കിയത്. കേസ് അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായി. നിലവിലെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കണ്ണൂർ സ്വദേശിയാണ്. കേസിന്റെ ഗൗരവം അദ്ദേഹത്തിന് നന്നായി അറിയാം. എന്നിട്ടും കേസ് ലാഘവത്തോടെ കൈകാര്യം ചെയ്തു.മുഖ്യമന്ത്രിയുടെ ഓഫീസുമായി ജാമ്യപേക്ഷയുമായി ബന്ധപ്പെട്ട ആശയവിനിമയം നടന്നില്ല എന്ന് വിശ്വസിക്കാൻ പറ്റില്ല. അങ്ങനെ മതി എന്ന് തീരുമാനിച്ചത് ആരാണ്? പോക്സോ കോടതിയിൽ തെളിയിക്കപ്പെട്ട കാര്യങ്ങൾ അപ്പീൽ കോടതിയിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. യുഡിഎഫ് സര്‍ക്കാര്‍ ആർഎസ്എസുമായി ഒത്തുകളിച്ചു. ജാമ്യം റദ്ദ് ചെയ്യാൻ അടിയന്തരമായി സർക്കാർ ഹർജി നൽകണം. അട്ടിമറിക്ക് പിന്നിൽ ആരെന്ന് കണ്ടെത്തണം. സിപിഐഎം ബിജെപിയുമായി ഒത്തുകളിച്ചു എന്ന കോൺഗ്രസിന്റെ പഴയ ആരോപണങ്ങൾ പൊളിഞ്ഞെന്നും രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെഎംഎംഎല്‍ നിയമന അഴിമതിയില്‍ സിഐടിയു നല്‍കിയ കത്തില്‍ വ്യവസായ മന്ത്രി നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍. ടിപി യൂണിറ്റിൽ നടന്ന നിയമനങ്ങളിലാണ് വലിയ അഴിമതി നടന്നിട്ടുള്ളത്. പത്ത് വർഷം എല്‍ഡിഎഫ് ഭരിച്ചപ്പോഴും സിഐടിയു യൂണിയനിൽ തൊഴിലാളികൾ ചേർന്നിട്ടില്ല. ആര്‍എസ്‌പി യൂണിയനായ യുടിയുസിയാണ് അഴിമതിക്ക് പിന്നിലെന്ന് സിഐടിയുടെ സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ പരോക്ഷമായി ആരോപിച്ചു. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്‌ടിയു പരാതി നൽകിയിട്ടും നടപടിയില്ല. സുതാര്യമായി നടക്കേണ്ട കാര്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ട്. കെഎംഎംഎല്ലിനു മുന്നില്‍ സമരം നടത്തുമെന്നും സിഐടിയു അറിയിച്ചു.
കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ ഒളിവിലായിരുന്ന യുവാവിനെ കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. നാലു വയസുള്ള മകളുടെ മുന്നില്‍വച്ചും ഭര്‍ത്താവ് ലൈംഗികവൈകൃതം കാണിച്ചിരുന്നുവെന്ന് യുവതി പരാതി നല്‍കിയിരുന്നു. കുട്ടിക്ക് കൗണ്‍സലിങ് നല്‍കി മൊഴിയെടുക്കണമെന്ന് ശിശു ക്ഷേമ സമിതിയും നിര്‍ദേശിച്ചിരുന്നു. കൗൺസലിങ്ങിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകിയതോടെ പോക്സോയും ചുമത്തിയിരുന്നു.
ടിവികെ സംസ്ഥാന അധ്യക്ഷനാകുന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചിട്ടില്ലെന്ന് നടന്‍ ദേവന്‍. അതേസമയം, അങ്ങനെയൊരു ഓഫര്‍ ലഭിച്ചിട്ടുണ്ടെന്ന് ദേവന്‍ വ്യക്തമാക്കി. കോൺഗ്രസ് വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഒരാളാണ് താൻ. പ്രവർത്തകർ ഒഴുക്കിലൂടെ ഒഴുകിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. അങ്ങനെയാണ് മറ്റൊരു ആശയത്തിലേക്ക് മാറാൻ തീരുമാനിച്ചത്. ബിജെപിയില്‍ ചേര്‍ന്നതിന്റെ ഗുണം ലഭിച്ചില്ല. അതുകൊണ്ടാണല്ലോ മാറിയത്. ബിജെപിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പറയാനേറെയുണ്ട്. പക്ഷേ ഇപ്പോഴില്ല, പിന്നെ പറയാം. മടിയില്‍ കനമില്ല. ഇഡി വന്നാലും ഭയമില്ലെന്നും ദേവന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
ഓണക്കാലത്തെ മദ്യ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധന. കഴിഞ്ഞ മൂന്നു ദിവസം മാത്രം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത് 279.12 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റഴിച്ചത് 250.96 കോടി രൂപയുടെ മദ്യമായിരുന്നു. ഓഗസ്റ്റ് 22ന് വില്‍പ്പന 100 കോടിക്കു മുകളിലായിരുന്നു. ഓണക്കാലം തുടങ്ങി ആറു ദിവസത്തിനിടെ വിറ്റുപോയത് 512.11 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 460.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കാനുള്ള ആരോഗ്യ വകുപ്പ് പദ്ധതിയില്‍ എതിര്‍പ്പുമായി ഡോക്ടര്‍മാരുടെ സംഘടന. മതിയായ ഡോക്ടര്‍മാരില്ലാതെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്ന് കെജിഎംഒഎ. കുറവ് നികത്താന്‍ ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കുകയാണ്. ഇത് മറ്റ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സംഘടന അറിയിച്ചു.. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. അവിടേക്ക് 11 ഡോക്ടര്‍മാരെ പുനര്‍വിന്യസിച്ച് ഉത്തരവിറങ്ങിയിരുന്നു. പിന്നാലെയാണ് കെജിഎംഒഎയുടെ പ്രതികരണം.
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ്. ജില്ല വിഭജിക്കണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മലപ്പുറത്ത് ജനസംഖ്യ കൂടുതലാണ്. അതിന് ആനുപാതികമായി വില്ലേജുകളും താലൂക്കുകളും ഉണ്ടാകണം. ജനസംഖ്യ കൂടുതലുള്ള എല്ലാ ജിലകളും വിഭജിക്കപ്പെടണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും സലാം പറഞ്ഞു. വഖഫ് ബോർഡിൽ നിന്നും സർക്കാർ പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന ഉമ്മർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയ്ക്കും സലാം മറുപടി പറഞ്ഞു. ഉമ്മർ ഫൈസി മുക്കം എന്ന് പറയുന്ന വ്യക്തിയെ അറിയില്ല. അദ്ദേഹം എന്ത് പറഞ്ഞെന്ന് അറിയില്ലെന്നുമായിരുന്നു സലാമിന്റെ മറുപടി.
തിരുവോണത്തിനും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. മറ്റു ജിലകളില്‍ യെല്ലോ അലേര്‍ട്ട്. ഉത്രാടത്തിന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, തിരുവോണത്തിന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനം കൊണ്ടാണ് മഴ കനക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. മസ്തിഷ്ക മരണം സംഭവിച്ച പാലക്കാട് സ്വദേശി ആദിലിൻ്റെ കരളും വൃക്കകളും ദാനം ചെയ്തു. ശരീരം മോശം അവസ്ഥയിൽ ആയതിനാൽ ഹൃദയം കൈമാറാൻ കഴിഞ്ഞില്ല. വാഹനാപകടത്തിലാണ് ആദിലിന് ഗുരുതരമായി പരിക്കേറ്റത്.
യുവതിയെ രാത്രി ബസ്സില്‍നിന്നും ഇറക്കിവിട്ടെന്ന് ആക്ഷേപം. കൊയിലാണ്ടി തിക്കോടിയിൽ ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃതിക ബസ്സിൽ നിന്നാണ് യുവതിയെ ഇറക്കിവിട്ടത്. യുവതിയെ രാത്രി സമയത്താണ് ഹൈവേയിൽ ഇറക്കിവിട്ടത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെ സഹായിച്ചത്. ഹൈവേയില്‍നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങാൻ പ്രയാസപ്പെട്ട യുവതിക്ക് നാട്ടുകാര്‍ കോണി കൊണ്ടുവന്നു കൊടുത്തി. തിക്കോടി ടൗണിലെ സ്റ്റോപ്പിൽ ഇറക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബസ്സുകാർ വഴങ്ങിയില്ലെന്നും ഇവിടെ ഇറങ്ങിക്കോ എന്ന് പറഞ്ഞെന്നുമാണ് യുവതിയുടെ ആരോപണം.
സഹകരണ മേഖലയിലെ ഒറ്റത്തവണ വായ്പാ തീർപ്പാക്കൽ പദ്ധതി 'ആശ്വാസ് 2026’ സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. പദ്ധതിയുടെ ആനുകൂല്യം സെപ്റ്റംബർ 30 വരെ ലഭ്യമാകും. മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്താണ് തീരുമാനം. വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനും ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി കുറയ്ക്കുന്നതിനുമായാണ് 'ആശ്വാസ്' പദ്ധതി ആരംഭിച്ചത്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന സമയം.
വിജിലൻസ് പിടിയിലായ തഹസിൽദാരെ സസ്പെൻഡ് ചെയ്തു. എറണാകുളം കണയന്നൂർ താലൂക്കിലെ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടേസിനെതിരെയാണ് നടപടി. കഴിഞ്ഞ പതിമൂന്നാം തീയതിയാണ് ഇയാളെ വിജിലൻസ് പിടികൂടിയത്. 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
ഇന്ന് (ഓഗസ്റ്റ് 24) ഉച്ചയ്ക്ക് 2:20ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 26652 നമ്പർ എറണാകുളം ജങ്ഷൻ - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, പെയറിങ് ട്രെയിൻ വൈകി എത്തുന്നതിനെത്തുടർന്ന് വൈകുന്നേരം 7:10ലേക്ക് (അതായത് 4 മണിക്കൂർ 50 മിനിറ്റ് വൈകി) പുനഃക്രമീകരിച്ചിരിക്കുന്നു. ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരെ പുതുക്കിയ സമയവിവരം എസ്എംഎസ് വഴി അറിയിക്കുന്നുണ്ട്.
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിലുറച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി.എം.എ. സലാം. മലപ്പുറത്ത് ജനസംഖ്യ കൂടുതലാണ്. അതിന് ആനുപാതികമായി വില്ലേജുകളും താലൂക്കുകളും ഉണ്ടാകണമെന്നും പിഎംഎ സലാം പറഞ്ഞു.
ബേപ്പൂരിൽ ചതിച്ചത് ചന്തു തന്നെയെന്ന് പി.വി. അൻവർ പറഞ്ഞു.തന്നെ പരാജയപ്പെടുത്തിയത് ചേർത്തു നിർത്താൻ ബാധ്യതപ്പെട്ടർ തന്നെയാണെന്ന് പി.വി. അൻവർ പറഞ്ഞു.യുഡിഎഫിന് 102 സീറ്റ് കിട്ടിയത് താൻ പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ നടത്തിയ പോരാട്ടത്തിൻ്റെ ഫലമെന്നും പി.വി. അൻവർ പറഞ്ഞു.
നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി സുധീർ കല്ലനെ സസ്പെൻഡ് ചെയ്തു. സുധീർ കല്ലനെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. നടപടി ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം.
മലപ്പുറം ജില്ല വിവേചനം നേരിടുന്നു എന്ന അഭിപ്രായം തനിക്ക് ഇല്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. വിഭജനത്തിൻ്റെ കാര്യത്തിൽ ആദ്യം പരിഗണിക്കേണ്ടത് മലപ്പുറം. വിഭജനം എന്ന നീതി കിട്ടാതെ വരുമ്പോൾ മാത്രം അങ്ങനെ അഭിപ്രായം പറയാം. മൂവാറ്റുപുഴയിൽ ജില്ല വേണമെന്നത് വർഷങ്ങൾ ആയിട്ടുള്ള ആവശ്യമാണെന്നും എ.പി. അനിൽകുമാർ പറഞ്ഞു.
മഴ മുന്നറിയിപ്പിൽ മാറ്റം. കൂടുതൽ ജില്ലകളിൽ മഴ ശക്തമാകുന്നു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കണ്ണൂർ ജില്ലയിലാണ് പുതിയതായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. ബാക്കി ജില്ലകളിൽ യെല്ലോ അലേർട്ട്.
പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. റെയിൽവേ ബോർഡിൻ്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ കത്തിൽ ആവശ്യപ്പെട്ടു. കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയുള്ള തീരുമാനമെന്നും സതീശൻ പറഞ്ഞു. മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റാനാണ് തീരുമാനമെന്നും കത്തിലുണ്ട്.
ബേപ്പൂരിലെ സ്ഥാനാർഥി വിവാദം വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ. അൻവറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.പാർട്ടി പ്രവർത്തകരുടെ വികാരമാണ് പങ്കുവെച്ചതെന്ന് പ്രവീൺകുമാർ പറഞ്ഞു. പാർട്ടി ചിഹ്നത്തിൽ ആയിരുന്നു സ്ഥാനാർത്ഥി എങ്കിൽ ജയിച്ചേനെ എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആശാവർക്കർമാർക്ക് ഓണത്തിന് മുൻപെ ഹോണറേറിയവും ഉത്സവബത്ത അക്കൗണ്ടിലെത്തി. ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയും ആകെ 29 കോടി 93 ലക്ഷം രൂപയുടെ ഹോണറേറിയവും 3 കോടി 61 ലക്ഷത്തോളം രൂപയുടെ ഉത്സവബത്തയുമാണ് ആശമാരുടെ അക്കൗണ്ടിലെത്തിച്ചത്.
ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് നിരാശ. അർജൻ്റീനയോട് പരാജയപ്പെട്ട് പുരുഷ ടീമും പുറത്ത്. അർജൻ്റീനയോട് 5-3നാണ് തോറ്റത്. വനിത ടീമും നേരത്തെ പുറത്തായിരുന്നു.
ശക്തമായ മഴയെത്തുടർന്ന് ഗുരുഗ്രാമിൽ കോർപ്പറേറ്റ് ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം നിർദേശവും സ്‌കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളും അനുവദിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. തിങ്കളാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിൽ പരക്കെ വെള്ളപ്പൊക്കവും കടുത്ത ഗതാഗതക്കുരുക്കും ഉണ്ടായ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 25 ചൊവ്വാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഒമ്പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പി.വി അൻവറിൻ്റെ ബേപ്പൂരിലെ തെരഞ്ഞെടുപ്പ് വിവാദത്തോട് പ്രതികരിച്ച് കെ.ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. അവർ ചതിക്കുമെന്ന് അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. താങ്കളുടെ തുറന്ന പ്രകൃതം തോറ്റെന്നും ജലീൽ പറഞ്ഞു. രണ്ടു പാർട്ടികൾക്കിടയിൽപ്പെട്ട് വീർപ്പുമുട്ടി മൗനമായി പിൻമാറേണ്ട ആളല്ല അൻവറെന്നും കെടി ജലീൽ കുറിച്ചു.
തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് ജോയിൻ്റ് രജിസ്ട്രാറുടെതാണ് നടപടി. ബാങ്ക് രേഖകൾ ഉൾപ്പെടെ പിടിച്ചെടുത്തു. മാനേജിംഗ് ഡയറക്ടറെ പിരിച്ചുവിട്ടു. ബാങ്കിനെതിരെ യുഡിഎഫ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നടപടി നിയമവിരുദ്ധം എന്ന് സിപിഐഎം ആരോപിച്ചു.