"ഉമർ ഫൈസി മുക്കത്തെ പുറത്താക്കണം"; ആവശ്യവുമായി സമസ്ത പോഷകസംഘടന നേതാക്കൾ

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
"ഉമർ ഫൈസി മുക്കത്തെ പുറത്താക്കണം"; ആവശ്യവുമായി സമസ്ത പോഷകസംഘടന നേതാക്കൾ

സൗജന്യ റേഷന്‍ അരി പോളിഷ് ചെയ്താല്‍  ബ്രാന്‍ഡഡ്; അധികൃതര്‍ പൂട്ടിട്ടത് നാല് രഹസ്യ ഗോഡൗണുകള്‍ക്ക്

സംസ്ഥാനത്ത് വൻ റേഷൻ അരി തട്ടിപ്പ്. മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാര്‍ നല്‍കുന്ന സൗജന്യ റേഷൻ അരി തുച്ഛമായ വിലയ്ക്ക് വാങ്ങി അന്തർസംസ്ഥാന മാഫിയ കടത്തുന്നു. കടത്തിയ അരി രഹസ്യ ഗോഡൗണുകളിൽ എത്തിച്ച് പോളിഷ് ചെയ്ത്, പുതിയ ചാക്കുകളിലാക്കി 'ബ്രാൻഡഡ് അരി' എന്ന പേരിൽ കേരളത്തിലെ പൊതുവിപണിയിൽ എത്തിക്കുന്നതായി സര്‍ക്കാരിന്റെ കണ്ടെത്തല്‍. സൗജന്യമായി നൽകുന്ന അരി പൊതുവിപണിയിൽ വിൽക്കുന്നത് കിലോയ്ക്ക് 40 മുതൽ 48 രൂപ വരെ ഉയർന്ന നിരക്കിൽ. ഒരാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യവകുപ്പ് പിടികൂടിയത് 50,525 കി.ഗ്രാം റേഷനരി. കേരള തമിഴ്‌നാട് അതിർത്തിയിലെ നാല് രഹസ്യ ഗോഡൗണുകൾ അധികൃതർ അടച്ചുപൂട്ടി.

ഉത്രാടദിനത്തില്‍ ഗുരുവായൂരില്‍ കാഴ്ചക്കുല സമർപ്പണം

ഉത്രാട ദിനമായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കാഴ്ചക്കുല സമര്‍പ്പണം നടക്കും. രാവിലെ തന്നെ വഴിപാട് സമർപ്പണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകൾ ആരംഭിക്കും. ശീവേലിക്ക് ശേഷം മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമർപ്പിക്കും. ഭക്തർ വഴിപാടായി നൽകുന്ന കാഴ്ചക്കുലകൾ ക്ഷേത്രാവശ്യങ്ങൾക്കും അന്നദാനത്തിനും ദേവസ്വം കൊമ്പൻമാരുടെ ഭക്ഷണത്തിനുമായാണ് പിന്നീട് ഉപയോഗിക്കുക. ഒന്നാം ഓണ ദിവസമായ ഇന്ന് കാഴ്ചക്കുല സമർപ്പണത്തിനായി നിരവധി ഭക്തരാണ് ഇന്നലെ രാത്രി മുതൽ ഗുരുപവനപുരിയിൽ എത്തി കാത്തിരിക്കുന്നത് .

വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകുന്നു; കടുത്ത നടപടികള്‍ക്ക് സിയാൽ

വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകുന്നതില്‍ കടുത്ത നടപടികളിലേക്ക് സിയാൽ. സ്പൈസ്ജെറ്റിന് നോട്ടീസ് നല്‍കി. സര്‍വീസുകള്‍ കൃത്യമായി നടത്തണമെന്നാണ് നിർദേശം. അല്ലാത്തപക്ഷം, അനുവദിച്ച സ്ലോട്ട് പിന്‍വലിക്കുന്നത് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കുമെന്നാണ് സിയാലിന്റെ മുന്നറിയിപ്പ്.

സെന്‍ട്രല്‍ ജയിലിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം; മൂന്നു പേര്‍ക്കെതിരെ കേസ്

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം. സംഭവത്തില്‍ തടവുകാരനും ഹാഷിഷ് ഓയിൽ കൈമാറാൻ ശ്രമിച്ച ആൾക്കുമെതിരെ കേസെടുത്തു. സുഹൈൽ എം., മുബീൻ എന്നിവർക്കും റിമാൻഡ് തടവുകാരനായ മുഹമ്മദിനും എതിരെയാണ് കേസെടുത്തത്. ചെരിപ്പിൽ ഒളിപ്പിച്ചാണ് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചത്. ജയിലിൽ നിന്ന് കോണ്ഫറൻസ് കാൾ ചെയ്താണ് മയക്കുമരുന്ന് എത്തിക്കാൻ ആവശ്യപ്പെട്ടത്.

തിരുവനന്തപുരത്ത് പ്രിയദർശിനി ബസിന്റെ ചില്ല് തകര്‍ത്തു

തിരുവനന്തപുരത്ത് പ്രിയദർശിനി ബസിന്റെ മുൻവശത്തെ ഗ്ലാസിന്റെ ചില്ല് തകർത്തു. കല്ലറ പരപ്പിൽ ഇന്നലെ രാത്രി 11.15ഓടെയാണ് സംഭവം. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോയിലെ ബസുകൾക്കു നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ സര്‍വീസിന് തയ്യാറെടുത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകളാണ് ബൈക്കിൽ എത്തിയ സംഘം തകർത്തത്. അധികൃതര്‍ പാങ്ങോട് പൊലീസിൽ പരാതി നൽകി.

വാഹന മോഡിഫിക്കേഷൻ; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

വാഹന മോഡിഫിക്കേഷനില്‍ നടപടി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. അനധികൃത രൂപമാറ്റങ്ങള്‍ക്ക് നിയമപരമായ പിഴ ചുമത്താനാണ് നീക്കം. നിയമപരമല്ലാത്ത മോഡിഫിക്കേഷൻ മാറ്റിയശേഷം ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം. റീലുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള അനധികൃത രൂപ മാറ്റങ്ങൾക്കെതിരെയും നടപടിയുണ്ടാകും. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസം എടുത്ത നടപടിയുടെ റിപ്പോർട്ട് തയ്യാറാക്കും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വകുപ്പ് നടപടി കടുപ്പിക്കുന്നത്.

യുവതിയെ ദേശീയ പാതയില്‍ ഇറക്കിവിട്ട സംഭവം; ബസ് തടഞ്ഞ് നാട്ടുകാര്‍

യാത്രക്കാരിയെ രാത്രി ദേശീയ പാതയിൽ ഇറക്കി വിട്ടതിനെത്തുടര്‍ന്ന് കോണി ഉപയോഗിച്ച് താഴെ ഇറക്കേണ്ടി വന്ന സംഭവത്തില്‍ സ്വകാര്യ ബസ് തടഞ്ഞ് നാട്ടുകാർ. കോഴിക്കോട് -കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൃതിക ബസാണ് നാട്ടുകാര്‍ തടഞ്ഞത്. ബസിനെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്. ബസ് വൈകുമ്പോഴും, സർവീസ് റോഡിൽ വലിയ ഗതാഗതക്കുരുക്ക് രൂപപ്പെടുമ്പോഴും ദേശീയപാത വഴിയാണ് പോകുക എന്നതാണ് ബസ് അധികൃതരുടെ വിശദീകരണം. കോഴിക്കോട് തിക്കോടിയിൽ ദേശീയപാതയിൽ നിന്നും സർവീസ് റോഡിലേക്ക് യാത്രക്കാർ കോണി വെച്ച് ഇറങ്ങേണ്ടി വരുന്നത് സ്ഥിരം കാഴ്ചയാണ്.

നബിദിനാശംസകൾ നേര്‍ന്ന് പിണറായി വിജയന്‍

നബിദിനാശംസകൾ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. "മനുഷ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് മുഹമ്മദ് നബി ലോകത്തിന് പകർന്നുനൽകിയത്. വിദ്വേഷവും അസഹിഷ്ണുതയും വർധിക്കുന്ന കാലത്ത് ഈ വിശ്വമാനവിക സന്ദേശത്തിന് ഏറെ പ്രസക്തിയുണ്ട്.

നബിദിനാചരണങ്ങൾ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം കൂടുതൽ ജനങ്ങളിലെത്തിക്കാൻ സഹായകമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ" -പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ടസമിതി നിയമനം; മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കം

പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ടസമിതി നിയമനത്തില്‍ ആരോഗ്യ, ഉന്നതവിദ്യാഭ്യാസ മന്ത്രിമാർ തമ്മില്‍ തർക്കം. കോഴ്‌സ് ഫീസ്, റെഗുലേറ്ററി കമ്മിറ്റി, അഡ്‌മിഷൻ സൂപ്പർവൈസറി കമ്മിറ്റി എന്നിവയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി നിയമനം നടത്തിയതിലാണ് ആരോഗ്യമന്ത്രി കെ. മുരളീധരന് അതൃപ്തി. നിയമനം റദ്ദാക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, പ്രത്യേക സമിതിയെ നിയമിക്കാനാണ് നീക്കം. വി.ഡി. സതീശൻ സർക്കാർ 100 ദിനം തികയ്ക്കുമ്പോഴാണ് മന്ത്രിമാർ തമ്മില്‍ തർക്കം.

പഞ്ചാബ് മാറ്റത്തിന് തയ്യാര്‍; നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എൽ. സന്തോഷ്. 117 സീറ്റുകളിലും ബിജെപി തനിയെ മത്സരിക്കും. പഞ്ചാബ് ഒരു മാറ്റത്തിന് തയ്യാറാണ്. ബിജെപി അത് സാധ്യമാക്കും. എല്ലാം സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ച്, സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. അകാലിദൾ എൻഡിഎയിലേക്ക് മടങ്ങി എത്തിയേക്കുമെന്നും, പഞ്ചാബില്‍ ഒരുമിച്ച് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് പ്രതികരണം. അടുത്തിടെ ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിങ് ബാദൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്. ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയായ സതീഷ് പൂനിയയെ പഞ്ചാബില്‍ ഇൻചാർജായി നിയമിച്ചുകൊണ്ട് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരുന്നു.

താനും മന്ത്രിമാരും വിമർശനത്തിന് അതീതരല്ല; ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാമെന്ന് മുഖ്യമന്ത്രി

താനോ മന്ത്രിമാരോ വിമര്‍ശനത്തിന് അതീതരല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാം. അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ മടിയില്ല. എന്നാല്‍, നിക്ഷിപ്ത താല്‍പ്പര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താൻ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചാൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ നൂറുദിനവുമായി ബന്ധപ്പെട്ട് പത്രങ്ങൾക്കു നൽകിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമ വാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിക്കുന്നു എന്നത് നീചമായ പ്രചാരണമാണ്. വിഷയത്തിൽ മെറ്റ ഔദ്യോഗിക വിശദീകരണം നൽകിയതോടെ വ്യാജ പ്രചാരകർക്ക് ഇനിയെന്തു പറയാനുണ്ട്? -മുഖ്യമന്ത്രി ചോദിക്കുന്നു.

സമരം ചെയ്യുന്നവരാരും സർക്കാരിന്റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസ്സോടെ കേൾക്കും. ഒരു സമ്മർദ ശക്തിക്ക് മുന്നിലും സർക്കാർ കീഴടങ്ങില്ല. ജനങ്ങളാണ് കരുത്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.

തൃക്കാക്കര ക്ഷേത്രത്തിൽ തിരുമുൽക്കാഴ്ച സമര്‍പ്പിച്ച് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ

തൃക്കാക്കര ക്ഷേത്രത്തിൽ തിരുമുൽക്കാഴ്ച സമർപ്പിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ. തൃക്കാക്കരയപ്പന്റെ ഉത്സവം എല്ലാ ആളുകളും പങ്കെടുക്കുന്ന ഉത്സവമാണ്. അതിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമെന്ന് മന്ത്രി.

തിരച്ചില്‍ വിഫലം; കബനി നദിയിൽ കാണാതായ ചന്ദ്രനെ കണ്ടെത്താനായില്ല

കബനി നദിയിൽ കാണാതായ ചന്ദ്രനെ കണ്ടെത്താനായില്ല. രണ്ടുദിവസമായി തുടരുന്ന തിരച്ചില്‍ വിഫലം. ഞായറാഴ്ച ഉച്ചയോടെയാണ് പുൽപ്പള്ളി ഭാഗത്ത് ചന്ദ്രൻ അപകടത്തിൽ പെട്ടത്. ചങ്ങാടത്തിൽ കബനി നദി മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഇന്ന് കൂടുതൽ ആളുകളെ എത്തിച്ച് തിരച്ചില്‍ നടത്താനാണ് നീക്കം. അതേസമയം, പുഴയിൽ നീരൊഴുക്ക് ശക്തമാണ്. വെട്ടത്തൂർ മുതൽ പെരിക്കല്ലൂർ വരെയുള്ള ഭാഗത്താണ് തിരച്ചിൽ നടക്കുന്നത്.

പാലക്കാട് ഡിവിഷന്‍ വിഭജനം; ഡിവൈഎഫ്ഐ പ്രതിഷേധം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. മാർച്ച് പൊലീസ് തടഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി പ്രശ്നങ്ങൾ ഇല്ലെന്ന് മന്ത്രി കെ. മുരളീധരന്‍

പ്രൊഫഷണൽ കോഴ്‌സ് മേൽനോട്ടസമിതി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി തർക്കമെന്ന വാര്‍ത്തയോട് പ്രതികരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി പ്രശ്നങ്ങൾ ഇല്ല. എല്ലാം സംസാരിച്ചു തീർക്കാവുന്നതേയുള്ളൂ. മേൽനോട്ട സമിതി നിർണയത്തിൽ അഭിപ്രായവ്യത്യാസം ഉണ്ട്. എല്ലാം പരിഹരിക്കാവുന്നതേ ഉള്ളൂ. മാനേജ്മെന്റുകൾ ഫീസിന്റെ കാര്യത്തിൽ ധാരണ പാലിക്കാറില്ല. അതുകൊണ്ട് അവർക്ക് സഹായം ചെയ്യേണ്ട കാര്യമില്ല. വിദ്യാർഥികളുടെ കൂടെ നിൽക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎംഎംഎല്‍ നിയമന വിവാദം; ലീഗ് യൂണിയനെ തള്ളിയും ആര്‍എസ്‌പി യൂണിയനെ പിന്തുണച്ചും മന്ത്രി ഷിബു ബേബി ജോണ്‍

കെഎംഎംഎല്ലിലെ നിയമന വിവാദത്തില്‍ മുസ്ലീം ലീഗ് തൊഴിലാളി യൂണിയനെ തള്ളിയും, ആര്‍എസ്‌പി യൂണിയനെ പിന്തുണച്ചും വ്യവസായ മന്ത്രി ഷിബു ബേബി ജോണ്‍. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കുമ്പോൾ കെഎംഎംഎല്ലിൽ ഒരു ക്രമക്കേടും നടത്താന്‍ അദ്ദേഹം അനുവദിക്കില്ല, നടക്കുകയുമില്ലെന്ന് എനിക്കും, യുടിയുസിക്കാര്‍ക്കും വിശ്വസമുണ്ട്. എന്നാല്‍ എസ്‌ടിയുക്കാര്‍ക്ക് അത് വിശ്വാസമില്ല. കുഞ്ഞാലിക്കുട്ടി ഇരിക്കുമ്പോള്‍ ക്രമക്കേട് നടന്നെന്ന് അവര്‍ പരാതി പറയുമ്പോള്‍, സഹതപിക്കാനേ കഴിയൂ. ഈ സർക്കാരിന്റെ കാലത്ത് ഒരു ക്രമക്കേടും നടക്കില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. വിവാദ നിയമനങ്ങളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കവെയാണ് മന്ത്രിയുടെ പ്രതികരണം.

ഓണത്തിന് ഒരുക്കിയ ദൃശ്യവിരുന്ന്; 25000 ചതുരശ്ര അടി പൂക്കളം

ഓണത്തിന് ദൃശ്യവിരുന്നൊരുക്കി 25000 ചതുരശ്ര അടി പൂക്കളം. ഇരളം ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത്. ഔട്ട്ഡോറിൽ ചെയ്തിരിക്കുന്ന ഏറ്റവും വലിയ പൂക്കളം എന്ന് സംഘാടകർ അവകാശപ്പെട്ടു. പൂക്കളം കാണാൻ നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

എംപിമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികൾ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം: പ്രധാനമന്ത്രി മോദി

എംപിമാർക്കും പാർട്ടി പ്രവർത്തകർക്കും നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാർ ഉൾപ്പെടെ ജനപ്രതിനിധികൾ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ജനപ്രതിനിധികൾക്ക് പുറമെ പാർട്ടി കേഡർമാരും ജനസമ്പർക്കം വർധിപ്പിക്കണം. കഴിഞ്ഞ ദിവസം പാർട്ടി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമകാലിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതുവഴി തേടണമെന്നും മോദി പറഞ്ഞു.

ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്‌റ്റിൽ മിന്നല്‍ പരിശോധന; യൂണിഫോമില്ലാതെ ഉദ്യോഗസ്ഥന്‍

ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്‌റ്റിൽ എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിന്റെ മിന്നൽ പരിശോധന. ലഹരി പരിശോധനയ്ക്ക് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നത് യൂണിഫോമില്‍ അല്ലാതെ. കമ്മീഷണറുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല. അസ്വാഭാവികമായി പെരുമാറി. ഉദ്യോഗസ്ഥന്‍ അച്ചടക്കവും ഉത്തരവാദിത്തവും മറന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. ഉദ്യോഗസ്ഥനോട് വിശദീകരണം തേടി. മറുപടി കിട്ടിയശേഷം വകുപ്പുതല നടപടിയെടുക്കും.

മഴ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ കൂടിയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. തിരുവോണ നാളില്‍ നാല് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

പി.വി. അൻവറിനെ പിന്തുണച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ്‌

പി.വി. അൻവറിനെ പിന്തുണച്ച് മുൻ എംഎൽഎ കാരാട്ട് റസാഖ്‌. അൻവർ ഉയർത്തിയ കാര്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് കാരണമായി. പ്രവീൺ കുമാറിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. സ്വതന്ത്ര ചിഹ്നമാണ് പ്രശ്നമെങ്കിൽ തളിപ്പറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം പരാജയപ്പെടണമായിരുന്നു. അൻവറിനെ തെരഞ്ഞെടുപ്പിൽ കാലുവാരിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത് പരസ്യമായി വെളിപ്പെടുത്തിയത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം. ഇത്തരം പ്രസ്താവനകളും പ്രവർത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് കാലം തെളിയിക്കുമെന്നും കാരാട്ട് റസാഖ് പ്രതികരിച്ചു.

കൊയിലാണ്ടിയില്‍ സ്റ്റാന്‍ഡില്‍നിന്ന് ബസ് മോഷ്ടിക്കാന്‍ ശ്രമം; ടയര്‍ ചെളിയില്‍ താഴ്ന്നതോടെ പാളി

കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് ബസ് മോഷ്ടിക്കാൻ ശ്രമം. പുലര്‍ച്ചെ മൂന്നോടെയായിരുന്നു മോഷണശ്രമം. എന്നാല്‍, ബസിന്റെ ടയർ ചെളിയിൽ താഴ്ന്നതോടെ ശ്രമം പാളി. പൊയിക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ ബസ് ചെളിയിൽ താഴ്ന്നതിനെ തുടർന്ന് മോഷ്ടാക്കൾ ബസ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. കോഴിക്കോട്–കൊയിലാണ്ടി റൂട്ടിലെ സെനോ ബസാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. കൊയിലാണ്ടി പൊലീസിൽ പരാതി നൽകുമെന്നും സമാന സംഭവം മുന്നേ ഉണ്ടായിട്ടുണ്ടെന്നും ഉടമ സലാമുദീൻ പറഞ്ഞു.

വടകര കണ്ണൂക്കര പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; പൊലീസ് ലാത്തി വീശി

വടകര കണ്ണൂക്കര പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഖത്തീബിനെ മാറ്റണം എന്ന് ഒരു പക്ഷവും ഖത്തീബിനെ അനുകൂലിച്ച് മറുപക്ഷവും രംഗത്തെത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസ് ലാത്തി വീശി. നബി ദിനവുമായി ബന്ധപ്പെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണം നടത്തിയതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു. അതേസമയം, പള്ളിക്കകത്ത് പൊലീസിനെ കയറ്റിയതിനെതിരെ വിമത പക്ഷം രംഗത്തെത്തിയിട്ടുണ്ട്.

മട്ടന്നൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം

കണ്ണൂർ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാർ യാത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു. കാർ യു ടേൺ എടുക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

മധ്യവയസ്കനെ കാണാതായി; ഒഴുക്കില്‍പ്പെട്ടെന്ന് സംശയം

കണ്ണൂർ ചെമ്പംതൊട്ടി പളളത്ത് 50കാരനെ കാണാതായി. സജി ജോസഫിനെയാണ് കാണാതായത്. ഒഴുക്കിൽപ്പെട്ടെന്നാണ് സംശയം. ഇതേത്തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.

ഇത്തവണ ഓണം കറുക്കും... അതിശക്ത മഴയ്ക്ക് സാധ്യത, ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അത്തം വെളുത്താല്‍ ഓണം കറുക്കുമെന്നാണ് ചൊല്ല്. ഇക്കുറി അത്തത്തിന് കാര്യമായ മഴയില്ലായിരുന്നു. അതുകൊണ്ടാണോ എന്തോ ഇക്കുറി ഓണം കറുക്കുമെന്നാണ് ഇതുവരെയുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍. സംസ്ഥാനത്ത് ഓണ നാളുകളിൽ മഴ ശക്തമാകും. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ അലേര്‍ട്ടാണ്. നാളെ തിരുവോണത്തിനും സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. തിരുവോണ ദിവസമായ നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നിലവിൽ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും, തീരദേശവാസികളും ജാഗ്രത പുലർത്തണം. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ തീപിടിത്തം

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിൽ തീപിടിത്തം. റെയിൽവേ സ്റ്റേഷൻ സമീപം പ്രവർത്തിക്കുന്ന ബാബുസ് ട്രേഡ് ലിങ്ക്സ് സ്ഥാപനത്തിനാണ് തീപിടിത്തം ഉണ്ടായത്. നാല് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

മദ്യപിച്ച് കാർ ഓടിച്ചു, നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം

തിരുവനന്തപുരം പോത്തൻകോട് മദ്യപൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം. ഒരു കാറും മൂന്ന് സ്കൂട്ടറുകളും ആണ് ഇടിച്ചു തകർത്തത്. ഒരു യുവതിയ്ക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. നാലുമണിയോടെയാണ് പോത്തൻകോട് മംഗലപുരം റൂട്ടിലെ വാവറയമ്പലത്തിൽ അപകടം നടന്നത്,

ഓണത്തിനൊരുങ്ങി മലയാളക്കര; ഉത്രാടപ്പാച്ചിൽ തകൃതി

നാട് നഗരവും ഉത്രാട പാച്ചിലിലാണ്. ഓണത്തിന് മണിക്കൂർ മാത്രം മുന്നിൽ നിൽക്കെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നെട്ടോട്ടം ഓടുകയാണ് മലയാളികൾ. ഓണക്കോടിയും പച്ചക്കറികളും പലവ്യഞ്ജനങ്ങളും വാങ്ങാൻ കടകളിലും ചന്തകളിലും ആളുകളുടെ തിരക്കാണ്.

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിലെ തീ പൂർണമായും അണച്ചു

അങ്കമാലിയിലെ വ്യാപാരസ്ഥാപനത്തിലെ തീ പൂർണമായും അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. റെയിൽവേ സ്റ്റേഷൻ സമീപം പ്രവർത്തിക്കുന്ന ബാബുസ് ട്രേഡ് ലിങ്ക്സ് സ്ഥാപനത്തിനാണ് തീപിടിത്തം ഉണ്ടായത്.

മലിനജലം ഒഴുക്കി ലോറിയുടെ യാത്ര; കാൽ ലക്ഷം രൂപ പിഴയിട്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡ്

കണ്ണൂരിൽ റോഡിൽ മലിനജലം ഒഴുക്കി ലോറിയുടെ യാത്ര. ഏഴോം - കുപ്പം റോഡിലാണ് കർണാടകയിൽ നിന്നുള്ള ലോറി മലിനജലം ഒഴുക്കിയത്. ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ദൃശ്യങ്ങൾ പകർത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ലോറിക്ക് കണ്ണൂർ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാൽ ലക്ഷം രൂപ പിഴയിട്ടു.

കാലാവധി കഴിഞ്ഞ ചോക്ലേറ്റും ടോഫികളും വഴിയരികിൽ തള്ളി; ഇരച്ചെത്തി ജനം

കാൺപൂർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റും ടോഫികളും ചാക്കുകളിലും പെട്ടികളിലുമാക്കി വഴിയരികിൽ തള്ളി. എടുത്തുകൊണ്ടുപോകാൻ ജനം ഇരച്ചെത്തി. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള പാങ്കി ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്.

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ ദേശീയ പുരസ്കാരം ഏറ്റുവാങ്ങി കേരളം

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പ്രധാൻമന്ത്രി ഭക്ഷ്യ സംസ്കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പി.എം.എഫ്‌.എം.ഇ.) മികച്ച രീതിയിൽ നടപ്പിലാക്കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളം ഏറ്റുവാങ്ങി. കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാനിൽ നിന്നും കൃഷി, കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ്., കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ്. എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു. ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെൻ്ററിൽ നടന്ന പി.എം.എഫ്‌.എം.ഇ ഉച്ചകോടിയിൽ വച്ചാണ് പുരസ്കാരം സമ്മാനിച്ചത്.

നബിദിന ഘോഷയാത്രയ്ക്കിടയിലേക്ക് കാർ ഇടിച്ചു കയറി അപകടം; മൂന്ന് കുട്ടികൾക്ക് പരിക്ക്

ചെങ്ങന്നൂരിൽ നബിദിന ഘോഷയാത്രയ്ക്കിടയിലേക്ക് കാർ ഇടിച്ചു കയറി അപകടം. മൂന്ന് കുട്ടികൾക്ക് പരിക്ക്. കൊല്ലകടവ് സ്വദേശികളായ ബാസിത് (9), ഹാറൂൺ (9), മുഹമ്മദ് ഫാസിൽ എന്നിവർക്കാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. നബിദിന ഘോഷയാത്ര എംകെ റോഡിലൂടെ കടന്നു പോകുമ്പോൾ കോടുകുളഞ്ഞി ഭാഗത്തു നിന്നും എത്തിയ കാറാണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റ കുട്ടികളെ സമീപമുള്ള സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുള്ളവരെ നാട്ടുകാർ തടഞ്ഞു നിർത്തി വെൺമണി പൊലിസിൽ ഏൽപ്പിച്ചു.

"ഉമർ ഫൈസി മുക്കത്തെ പുറത്താക്കണം"; ആവശ്യവുമായി സമസ്ത പോഷകസംഘടന നേതാക്കൾ

ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത പോഷകസംഘടന നേതാക്കൾ. യുഡിഎഫ് സർക്കാരിനെതിരെ പരസ്യപ്രസ്താവന നടത്തിയതാണ് കാരണം. കളവ് പറയുന്നവർക്കെതിരെ നടപടിവേണം. സിപിഐഎം വേദിയിൽ സംസാരിച്ചത് സമസ്തയെ പൊതുസമൂഹത്തിൽ അപമാനിക്കാനാണെന്നും ആരോപണമുണ്ട്.

News Malayalam 24x7
newsmalayalam.com