വർക്കലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; മുഴുവൻ പ്രതികളെയും പിടികൂടി പൊലീസ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
വർക്കലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; മുഴുവൻ പ്രതികളെയും പിടികൂടി പൊലീസ്

കാടു കയറിയ 14 കോടി... നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും തുറക്കാതെ തൃപ്പൂണിത്തുറ ഗവ. ആര്‍ട്‌സ് കോളേജ് കെട്ടിടം

കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കാനാകാതെ തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആർട്‌സ് കോളേജിന്റെ കെട്ടിടം. പുതുതായി നിർമിച്ച കെട്ടിടത്തിലേക്ക് എത്തിച്ചേരാൻ വഴിയില്ലാത്തതാണ് കോളേജ് മാറ്റി സ്ഥാപിക്കാൻ വൈകുന്നത്. പരിമിതമായ സൗകര്യങ്ങളിൽ കോളേജ് പ്രവർത്തിക്കുമ്പോഴാണ്, സർക്കാർ അനാസ്ഥ കാരണം കോടികൾ മുടക്കി നിർമിച്ച കെട്ടിടവും പരിസരവും കാടുകയറി കിടക്കുന്നത്.

കൊയിലാണ്ടിയിലെ ബസ് മോഷണശ്രമം; ഒരാള്‍ പിടിയില്‍

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തില്‍ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. പന്തലായിനി പുത്തലത്ത്കുന്ന് അഭിനവ് (21) ആണ് പിടിയിലായത്. കേസില്‍ രണ്ടുപേര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയാണ് ബസ് മോഷ്ടിക്കാൻ ശ്രമം നടന്നത്. കോഴിക്കോട് കൊയിലാണ്ടി റൂട്ടിലോടുന്ന സെനോ ബസ്സാണ് മോഷ്ടിക്കാൻ ശ്രമം നടന്നത്. എന്നാല്‍ ബസിന്റെ ടയർ ചെളിയിൽ പുതഞ്ഞതിനെ തുടർന്ന് മോഷണ ശ്രമം അവസാനിപ്പിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി വഫയില്‍ സലാഹുദ്ദീന്റെ ബസ്സാണ് മോഷ്ടിക്കാന്‍ ശ്രമം നടന്നത്.

മോഹൻ ഭഗവതിന്റെ ന്യൂയോർക്ക് പരിപാടിക്കെതിരെ സൊഹ്റാൻ മംദാനി

ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ന്യൂയോർക്ക് പരിപാടിക്കെതിരെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാൻ മംദാനി. പരിപാടിക്ക് തന്റെ പിന്തുണയില്ല എന്ന് മംദാനി പറഞ്ഞു. പരിപാടി റദ്ദാക്കുമോ എന്ന ചോദ്യത്തിന്, ആ തീരുമാനം തന്റെ അധികാരപരിധിയിൽ അല്ലെന്നായിരുന്നു മറുപടി. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിൻ്റെ വളർച്ച ആശങ്കപ്പെടുത്തുന്നതെന്നും മംദാനി പ്രതികരിച്ചു.

പയ്യന്നൂരില്‍ കാറിടിച്ച്‍ യുവാവ് മരിച്ചു

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തിരുവട്ടൂർ സ്വദേശി ഷിബിലിന് ഗുരുതര പരിക്കേറ്റു. കൊല്ലത്ത് വിദ്യാർഥികളായ ഇരുവരും അവധിക്ക് നാട്ടിൽ വന്നതായിരുന്നു. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. റോഡിലൂടെ നടന്നു പോകുമ്പോഴാണ് അപകടം. നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

കബനി നദിയിൽ കാണാതായ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

വയനാട് പുൽപ്പള്ളി കബനി നദിയിൽ കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. പുൽപ്പള്ളി വെട്ടത്തൂർ ഊരിലെ ചന്ദ്രൻ (50) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുഴ കടക്കുന്നതിനിടെയാണ് ചങ്ങാടം മറിഞ്ഞാണ് അപകടമുണ്ടായത്. കാണാതായി നാലാം ദിവസമാണ് വെട്ടത്തൂർ പമ്പ് ഹൗസിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തുന്നത്. ഫയർഫോഴ്‌സും എന്‍ഡിആര്‍എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; യുഡിഎഫ് എംപിമാരുടെ സത്യാഗ്രഹം

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എംപിമാരുടെ സത്യാഗ്രാഹം ആരംഭിച്ചു. മന്ത്രി സണ്ണി ജോസഫ്, എംപിമാരിയ ബെന്നി ബെഹനാന്‍, ഷാഫി പറമ്പിൽ, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ സമരവേദിയിൽ

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഓണം ആഘോഷിക്കുന്ന മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ എന്നും പ്രധാനമന്ത്രി.

മൂഴിയാർ ഡാമിൽ റെഡ് അലേര്‍ട്ട്; ഷട്ടറുകള്‍ തുറന്നേക്കും

മൂഴിയാർ ഡാമിൽ റെഡ് അലേര്‍ട്ട്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ ആയ 190 മീറ്ററിലെത്തി. ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഏതു ഭൂഖണ്ഡത്തിലും മലയാളികളെ ഒരുമിപ്പിക്കാന്‍ ഓണമുണ്ട്; ആശംസകളുമായി രമേശ് ചെന്നിത്തല

ഓണം ആശംസ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മലയാളികള്‍ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ജനതയാണെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഏതു ഭൂഖണ്ഡത്തിലും അവരെ ഒരുമിപ്പിക്കാന്‍ ഓണമുണ്ട്. നീതിമാനായ മാവേലിയുടെ കഥയുണ്ട്. എല്ലാരുമൊന്നുപോലെ ജീവിച്ച ഒരു നല്ല കാലത്തിന്റെ മിത്തുണ്ട്. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആ ഓണക്കാലം മലയാളി മനസുകളില്‍ വീണ്ടും പൂക്കാലം വിരിയിക്കുകയാണ്. ആസുരവും ആശയറ്റതുമായ ഇന്നിനപ്പുറം നീതിയുടെയും നന്മയുടെയും ആ കാലം മലയാളികളിലേക്കു തിരിച്ചുവരിക തന്നെ ചെയ്യും. ലോകമെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട മലയാളികള്‍ക്ക് ഓണാശംസകള്‍ നേരുന്നതായും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

സിജെപി പ്രതിഷേധം; ഇന്ത്യ ഗേറ്റില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി പൊലീസ്

സെപ്റ്റംബര്‍ അഞ്ചിന് സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തെ നേരിടാന്‍ തയ്യാറെടുപ്പുമായി ഡല്‍ഹി പൊലീസ്. പ്രതിഷേധക്കാര്‍ ഇന്ത്യ ഗേറ്റില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പാക്കാന്‍ പദ്ധതി തയ്യാറാക്കി. ഇന്ത്യഗേറ്റ് സമരവേദിയല്ല. അതിനാൽ പ്രതിഷേധം അനുവദിക്കാനാകില്ല. സമരവേദി മാറ്റാൻ പൊലീസ് സിജെപിയോട് ആവശ്യപ്പെടും. സമരവേദിയായി രാംലീല മൈതാനം അടക്കം പരിഗണിക്കണമെന്നാണ് ആവശ്യം.

വാൽമീകി കോർപ്പറേഷൻ അഴിമതി കേസ്; കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചേക്കും

വാൽമീകി കോർപ്പറേഷൻ അഴിമതി കേസില്‍ കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചേക്കും. അദ്ദേഹം രാജി സന്നദ്ധത നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാകും ഇക്കാര്യത്തില്‍ അന്തിമ തിരുമാനം എടുക്കുക. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്.

അതിഥി തൊഴിലാളിക്ക് കുത്തേറ്റു; സുഹൃത്തുക്കളായ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് പെരുമണ്ണയിൽ അതിഥി തൊഴിലാളിക്ക് കുത്തേറ്റു. പശ്ചിമബംഗാൾ സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. സുഹൃത്തുക്കളുമായുണ്ടായ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു . കഴുത്തില്‍ കുത്തേറ്റ സന്ദീപിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്ദീപിന്റെ സുഹൃത്തുക്കളായ രണ്ട് അതിഥി തൊഴിലാളികളെ പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നിലപാടിന്റെ ഭാഗമായി എംഎല്‍എ സ്ഥാനം രാജിവച്ച എത്ര പേരുണ്ട്? സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ... സംവാദം ആകാമെന്ന് പി.വി. അൻവർ

തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം, സംവദിക്കാമെന്ന് പി.വി. അന്‍വര്‍. കേരള രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്? നിലപാട് ഉള്ളതുകൊണ്ടാണ് എംഎൽഎ സ്ഥാനം രാജിവച്ച് പോരാട്ടത്തിനിറങ്ങിയത്. അന്ന് ലൈനും ലങ്ത്തും പിഴയ്‍ക്കാതെ താനെറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കയ്യടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്. താന്‍ ജനിച്ചു വീണത് തന്നെ രാഷ്ട്രീയവിചാരങ്ങളുടെ നടുത്തളത്തിലേക്കാണ്. തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ, സംസാരിക്കാ സംവദിക്കാമെന്നും അന്‍വര്‍ പറഞ്ഞു. ഇതുവരെ മത്സരിച്ച തെരഞ്ഞെടുപ്പിലെ വോട്ടുനേട്ടം ഉള്‍പ്പെടെ കണക്കുകള്‍ നിരത്തിയാണ് ഫേസ്ബുക്കില്‍ അന്‍വറിന്റെ കുറിപ്പ്.

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിൽ: കാരണം ഡിസൈനിലെ പാളിച്ച; ദേശീയ പാത അതോറിറ്റിക്കെതിരെ പിണറായി വിജയൻ

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഡിസൈനിലെ പാളിച്ചയാണ് മണ്ണിടിയാന്‍ കാരണം. 2023ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയ പാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ല. ഇനിയൊരു അപകടം ഉണ്ടാകരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ദേശീയപാത വികസനം നടക്കുന്ന എളയാവൂർ സൗത്തിലാണ് മണ്ണിടിഞ്ഞ് സംരക്ഷണഭിത്തി തകർന്നത്. ഏകദേശം 75 മീറ്റര്‍ നീളത്തിൽ 15 അടിയോളം താഴ്ചയിലാണ് തിങ്കളാഴ്ച്ച രാത്രി മുതൽ മണ്ണ് അമർന്ന് ചൊവാഴ്ച രാവിലെ ആറോടെ സംരക്ഷഭിത്തി പൂർണമായും തകർന്നത്.

ഓണാശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഓണം ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ. വർണാഭമായ പൂക്കളങ്ങളെപ്പോലെ എല്ലാവരുടെയും ജീവിതം മനോഹരമാകട്ടെ. എല്ലാവരുടെയും ജീവിതത്തിൽ നന്മയും സമൃദ്ധിയും ഉണ്ടാവട്ടെയെന്നും, സമൂഹമാധ്യമത്തില്‍ വിജയ്‌യുടെ ആശംസ.

കൊളംബോ ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് ഫോളോ ഓണ്‍

കൊളംബോ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ശ്രീലങ്ക ഫോളോ ഓണിനിറങ്ങി. ഇന്ത്യ ആദ്യ ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ദേവ്‌ദത്ത് പടിക്കല്‍ (117), ധ്രുവ് ജുറെല്‍ (115 നോട്ടൗട്ട്), ശുഭ്‌മാന്‍ ഗില്‍ (50), ഋഷഭ് പന്ത് (63), യശ്വസി ജയ്‌സ്വാള്‍ (45), രവീന്ദ്ര ജഡേജ (43) എന്നിവരുടെ ബാറ്റിങ് മികവാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ നല്‍കിയത്. എന്നാല്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 290 റണ്‍സിന് അവസാനിച്ചു. സൊനാല്‍ ദിനുഷ (103), പസിന്ദു സൂര്യബണ്ഡാര (80) എന്നിവര്‍ക്ക് മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങാനായത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയ്ക്കും മാനവ് സുതറിനും മൂന്ന് വിക്കറ്റ് വീതം നേടി.

സിപിഐയുടെ നീക്കം പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍; കടുത്ത വിമര്‍ശനവുമായി സി.എന്‍. മോഹനന്‍

സിപിഐയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എന്‍. മോഹനന്‍. ഇതുവരെയില്ലാത്ത കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച്, നിയമസഭയില്‍ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങള്‍ക്കു വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. എന്നും മുന്നണിയിൽ സമ്മർദതന്ത്രമാണ് ഈ പാർട്ടി സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഐഎം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ച് സര്‍ക്കാരിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോല്‍വി. സമ്മർദതന്ത്രത്തിൽ അനര്‍ഹമായതല്ലേ സിപിഐ അനുഭവിക്കുന്നത് എന്ന് അവരോർക്കുന്നില്ലെന്നും മോഹനന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി. സിപിഐ കോണ്‍ഗ്രസിനൊപ്പം മുന്നണിയിലുണ്ടായിരുന്ന കാലം ഓര്‍മിപ്പിച്ചും, ലോകത്തിലെ ഏക പ്യൂരിറ്റന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ ആണല്ലോ എന്ന് പരിഹസിച്ചുമൊക്കെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, എട്ട് മരണം

നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുയര്‍ന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ഗ്രാമങ്ങള്‍ ഒഴുകിപ്പോയി. ഏട്ടു പേര്‍ മരിച്ചു, നിരവധിപ്പേരെ കാണാതായിട്ടുണ്ട്. സൈന്യവും പൊലീസ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആലുവയില്‍ മൂന്നുദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പെരിയാറില്‍ കണ്ടുകിട്ടി

എറണാകുളത്ത് ആലുവയില്‍ മൂന്നു ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പെരിയാര്‍ നദിയില്‍ കണ്ടെത്തി. മാള കൊച്ചുകടവ് സ്വദേശി അഫ്‍സല്‍ അന്‍സാറിനെ മൃതദേഹമാണ് കണ്ടെത്തിയത്. പെരിയാറില്‍നിന്ന് കുഞ്ഞൂണിക്കര-ഉളിയന്നൂര്‍ സ്കൂബാ സംഘമാണ് മൃതദേഹം കണ്ടെടുത്തത്. 23ന് അഫ്‍സലിന്റെ ബൈക്ക് മഹിളാലയം പാലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

തലയില്‍ രക്തസ്രാവം; പി.എസ്. പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തലയിലെ രക്തസ്രാവത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ ആയിരുന്നു പ്രശാന്ത്. ഇന്നലെ രാത്രി പത്തരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസ്രാവം ഉണ്ടെന്നും നിലവിൽ സിടി സ്കാൻ നടത്തുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

മാടാക്കര പള്ളി സംഘർഷം;  ലീഗിനെതിരെ സിപിഐഎം

കോഴിക്കോട്: വടകര മാടാക്കര പള്ളിയിലെ സംഘർഷത്തിൽ മുസ്ലിം ലീഗിനെതിരെ ആരോപണവുമായി സിപിഐഎം. പൊലീസിനെ വിളിച്ച് വരുത്തി വിശ്വാസികളെ മർദ്ദിക്കാൻ നേതൃത്വം നൽകിയത് ലീഗ് നേതൃത്വമെന്നാണ് CPIM ആരോപണം. ചോമ്പാല പോലീസിനെ പള്ളിയിൽ എത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് കുറ്റ്യാടി എംഎൽഎയുടെ അറിവോടെയെന്നെന്നും സിപിഐഎം പ്രസ്താവന. സംഘർഷത്തിന്റെ ഉത്തരവാദിത്വം പൊലീസിന്റെ തലയിലിട്ട് തടിയൂരാൻ യു ഡി എഫ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നു എന്നും വിമർശനം

കുപ്രസിദ്ധ മോഷ്ടാവ് ഹരീഷ് ബളാൽ പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് ക്ഷേത്ര കവർച്ചക്കിടെ കുപ്രസിദ്ധ മോഷ്ടാവ് ഹരീഷ് ബളാൽ പിടിയിൽ. രാജരാജേശ്വരി മൂകാംബിക ക്ഷേത്രത്തിൽ ശ്രീകോവിലിൻ്റെ പൂട്ട് പൊളിക്കുന്നതിനിടെയാണ് പിടിയിലായത്. നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ടയർ ഊരിത്തെറിച്ച് അപകടം; പെൺകുട്ടി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം; വർക്കലയിൽ റോഡിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടെ ടയർ ഊരിത്തെറിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. പെൺകുട്ടി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്. അഞ്ചുതെങ്ങ് സ്വദേശി സുരേഷ് (40), മകൾ ജോമോൾ (12) എന്നിവർക്കാണ് പരിക്കേറ്റത്. പാലച്ചിറ ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്.

മഴ മുന്നറിയിപ്പിൽ മാറ്റം ; നാല്  ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. കാസർഗോഡ്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

കണ്ണൂരില്‍ കൊറിയർ വഴി എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍

കണ്ണൂരില്‍ കൊറിയർ വഴി എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. കളിപ്പാട്ടങ്ങള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡിഎംഎ. 20.5 ഗ്രാം എംഡിഎംഎയുമായി പിണറായി പുത്തൻ കണ്ടം സ്വദേശി എ. ഫൈസലാണ് പിടിയിലായത്.

നേപ്പാൾ മിന്നൽ പ്രളയം; മലയാളികളുടെ വിവരം തേടാൻ മുഖ്യമന്ത്രിയുടെ നിർദേശം

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മലയാളികൾ അകപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തും. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.

ബന്ധപ്പെടേണ്ട നമ്പർ

944 7111844

9747132147

നേപ്പാളിലെ മിന്നൽ പ്രളയം;  മലയാളികളെ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുക

നേപ്പാളിൽ ഇന്ന് (26/08/2026) ഉണ്ടായ മിന്നൽ പ്രളയത്തിൽ ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കുക. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്തു എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി. അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കുവാൻ താല്പര്യപ്പെടുന്നു. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുന്നതായിരിക്കും.

നേപ്പാളിലെ മിന്നൽപ്രളയം;  മരണം 31ആയി

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരണം 31 ആയി. നിരവധി ഗ്രാമങ്ങൾ ഒലിച്ചുപോയി. മഞ്ഞുമല തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് നിഗമനം. സ്ഥിതിഗതികൾ വിലയിരുത്താൻ നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തരയോഗം വിളിച്ചു.

വർക്കലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; മുഖ്യപ്രതി അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മുത്താന സ്വദേശി പ്രിജു ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി മദ്യപിച്ചിരിക്കെ പുറത്തുനിന്നെത്തിയ അഞ്ചസംഘം പ്രിജുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി

മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു. 1986 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. റവന്യൂ, വ്യവസായ, ഐടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു. ഒഡീഷയിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി; ഒരുമരണം 

പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ചിൽ അധികം പേർക്ക് പരുക്കേറ്റു

നേപ്പാള്‍ പ്രളയം; അടിയന്തര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്ക് അടിയന്തര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവന്‍ അറിയിച്ചു. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസറേയും ചുമതലപ്പെടുത്തി.

ഹെല്‍പ്പ് ലൈന്‍ തുറന്ന് ഇന്ത്യന്‍ എംബസി

അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. പ്രളയബാധിതരായ ഇന്ത്യക്കാര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്.

പി.എച്ച്. കുര്യന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പി.എച്ച്. കുര്യന്റെ നിര്യാണത്തിൽ പ്രതിപക്ഷ പിണറായി വിജയൻ അനുശോചിച്ചു. റവന്യൂ, വ്യവസായം, ഐ ടി വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും ജില്ലാ കളക്ടറായും ഭരണരംഗത്തെ അദ്ദേഹത്തിന്റെ സേവനം മികച്ചതായിരുന്നു. ഐടി, വ്യവസായ നയരൂപീകരണങ്ങളിലും അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. കടുംബാംഗങ്ങളുടേയും ഉറ്റവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.

താമരശേരിയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: താമരശേരി പൂക്കാട് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടിൽ ഫാസിൽ (25 ) നെയാണ് വീടിനകത്ത് ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

പി.എച്ച്. കുര്യൻ്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി  

മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്;

ജനപക്ഷത്ത് ഉറച്ചുനിന്ന് അധികാരം സാധാരണക്കാരുടെ ക്ഷേമത്തിനുവേണ്ടി എങ്ങനെ വിനിയോഗിക്കണമെന്ന് തെളിയിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു പി.എച്ച് കുര്യൻ. കോട്ടയത്തെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ശാസ്ത്ര ഗവേഷണം നടത്തുന്നതിനിടെയാണ് അദ്ദേഹം സിവിൽ സർവീസിലെത്തുന്നത്. 1986 ബാച്ചിൽ ആദ്യം ഒറീസ കേഡറിൽ നിയമിതനായ അദ്ദേഹം പിന്നീട് പാലക്കാട്, പാലാ എന്നിവിടങ്ങളിൽ സബ് കളക്ടറായും കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായും സേവനമനുഷ്ഠിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് വലിയ വികസന മുന്നേറ്റം നൽകിയ ഐ.ടി, വ്യവസായം, റവന്യൂ വകുപ്പുകളുടെ ചുമതലകളിൽ പി.എച്ച്. കുര്യൻ നിർണായക പങ്കുവഹിച്ചു. ഐ.ടി സെക്രട്ടറിയായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വിവരസാങ്കേതിക രംഗത്തെ വലിയ മാറ്റങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും നേതൃത്വം നൽകി. കാൻസർ മരുന്നുകളുടെ വില കുറക്കുന്നതിലും പിഎച്ച് കുര്യൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. റവന്യൂ-ദുരന്തനിവാരണ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ 2018-ലെ പ്രളയ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു. ശബരിമല വിമാനത്താവളത്തിനായുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി കണ്ടെത്താനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു. ഉന്നത പദവികൾ വഹിക്കുമ്പോഴും വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിൻ്റെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

വർക്കലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; മുഴുവൻ പ്രതികളെയും പിടികൂടി പൊലീസ്

തിരുവനന്തപുരം: വർക്കല മുത്താനയിൽ യുവാവ് കുത്തേറ്റ് മരിച്ച കേസിൽ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. കൊലപാതകത്തിൽ പങ്കുള്ള മറ്റ് നാലുപേരെയാണ് പിടികൂടിയത്. നേരത്തെ മുഖ്യപ്രതി ഗൗരി കൃഷ്ണനെ പൊലീസ് പിടികൂടിയിരുന്നു. മുത്താന സ്വദേശി പ്രജിയെയാണ് അഞ്ചംഗസംഘം മർദ്ദിച്ച് കുത്തിക്കൊന്നത്.

News Malayalam 24x7
newsmalayalam.com