മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

നേപ്പാൾ മിന്നൽ പ്രളയം: മരണം 392 ആയി, 1500ലധികം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്.

നേപ്പാൾ മിന്നൽ പ്രളയം:  മലയാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

നേപ്പാളിലെ പ്രളയബാധിത മേഖലയിലുള്ള 53 മലയാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ഏകോപന ചുമതലയോടെ മുഖ്യമന്ത്രി, ദുരന്ത നിവാരണ അതോറിറ്റി, നോര്‍ക്ക റൂട്ട്സ് എന്നീ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ത്രീകളും കുട്ടികളും മുതിർന്നവരുവടക്കമുള്ളതാണ് 53 അം​ഗ സംഘം. അവധിക്കാല യാത്ര, തീർത്ഥാടനം, ട്രക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കായി നേപ്പാളിലെത്തിയവരാണ്.

വിനോദ സഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

ഇടുക്കി കാന്തല്ലൂർ ശിവൻപന്തിയിൽ വിനോദ സഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. തിരുച്ചിറപ്പള്ളിയിൽ നിന്നെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. വിനോദസഞ്ചാരികൾ കാട്ടാനയെ പ്രകോപിപ്പിച്ചെന്നാണ് വനം വകുപ്പ് പറയുന്നത്.

അമൃതം പൊടിയിൽ ചത്ത പല്ലി; പരാതി നൽകി വെള്ളനാട് സ്വദേശി 

തിരുവനന്തപുരം വെള്ളനാട് ചാങ്ങയിൽ അമൃതം പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. ചാങ്ങ പണ്ടാര വീട്ടിൽ വൈഷ്ണവി ഒരു വയസ്സുള്ള കുഞ്ഞിന് നൽകാൻ വാങ്ങിയ പാക്കറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. കാട്ടാക്കട ആമച്ചലിലെ 'പ്രകൃതി ന്യൂട്രിമിക്സ്' നിർമ്മിച്ച പൊടി ചാങ്ങ ഏഴാം നമ്പർ അങ്കണവാടിയിൽ നിന്ന് ഈ മാസം 19-നാണ് വാങ്ങിയത്. കഴിഞ്ഞദിവസം വൈകിട്ട് പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. സംഭവത്തിൽ ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതർക്കും വൈഷ്ണവി പരാതി നൽകിയിട്ടുണ്ട്.

"ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം വേണം"

സംസ്ഥാനത്തെ 5 ദേവസ്വം ബോർഡ് പ്രസിഡൻറ് സ്ഥാനങ്ങളിൽ ഒന്നിലേക്കെങ്കിലും പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗത്തിനെ പരിഗണിക്കണമെന്ന് കൊടികുന്നിൽ സുരേഷ് എംപി. കഴിഞ്ഞകാലങ്ങളിൽ ഈ ആവശ്യം പരിഗണിച്ചിട്ടില്ല. പട്ടികജാതി വിഭാഗത്തിന് അർഹതപ്പെട്ട സ്ഥാനമാണത്. പുതുയുഗപ്പിറവി വാഗ്ദാനം ചെയ്യുന്ന യുഡിഎഫ് സർക്കാർ വിഷയം പരിഗണിച്ച് ചരിത്രം തിരുത്തി എഴുതണമെന്നും കൊടികുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. നിലവിലെ പ്രസിഡൻ്റുമാരുടെ കാലാവധി പൂർത്തിയാകുമ്പോൾ വിഷയം പരിഗണിക്കാമെന്നും മുതിർന്ന നേതാവായ കൊടികുന്നിലിന്റെ ആവശ്യങ്ങൾ തള്ളിക്കളയാറില്ലെന്നും ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു.

നേപ്പാളിലേക്ക് തീർഥയാത്ര പോയ നാലംഗ കുടുംബത്തെ കാണാനില്ല

നേപ്പാളിലേക്ക് തീർഥയാത്ര പോയ മലപ്പുറം പൊന്നാനി സ്വദേശികളായ നാലംഗ കുടുംബത്തെ കാണാനില്ല. ഓസ്ട്രേലിയൻ പൗരത്വമുള്ള പൊന്നാനി തൃക്കാവ് സ്വദേശി ശ്രീധരൻ അയ്യർ, ഭാര്യ ലക്ഷ്മി, മക്കളായ ഋഷഭ്, രുദ്ര എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 21-ന് ഓസ്ട്രേലിയയിൽ നിന്ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയ ഇവർ, നേപ്പാളിലെ മിന്നൽ പ്രളയത്തിന് മൂന്ന് മണിക്കൂർ മുൻപാണ് അവസാനമായി ബന്ധുക്കളെ ഫോണിൽ ബന്ധപ്പെട്ടത്. ഇവർ താമസിച്ചിരുന്ന ഹോട്ടൽ പ്രളയത്തിൽ തകർന്നെങ്കിലും, അപകടത്തിന് തൊട്ടുമുൻപ് കുടുംബം അവിടെനിന്ന് ചെക്ക് ഔട്ട് ചെയ്തിരുന്നതായി വിവരമുണ്ട്. എന്നിരുന്നാലും ഇവരെ എങ്ങോട്ടാണ് മാറിയതെന്നോ നിലവിലെ അവസ്ഥ എന്താണെന്നോ സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. പൊന്നാനിയിലെ ബന്ധുക്കളായ നാല് പേർ കാഡ്മണ്ഡുവിലേക് തിരിച്ചിട്ടുണ്ട്.

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയതായി പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം: രമേശ് ചെന്നിത്തല

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയതായി പുതുതായി പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. പലരും ഇക്കാര്യം തന്നോട് പറഞ്ഞു മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു എന്നാൽ ഇതിനൊന്നും യാതൊരു സ്ഥിരീകരണവുമില്ലന്നും, ഇക്കാര്യങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എ ഡിജിപി ഏച്ച് . വെങ്കിടേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻറർപോളിന്റെ സഹായം തേടുമെന്നും ആഭ്യന്തരവകുപ്പ് മന്ത്രി വ്യക്തമാക്കി. 40 വർഷങ്ങൾക്കു മുമ്പ് വയലാർ രവി ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് നടന്ന സംഭവമാണിത് അന്വേഷണ റിപ്പോർട്ട് മുക്കി എന്നതിന് യാതൊരു അടിസ്ഥാനവുമില്ല എന്ത് മുക്കാനാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

53 മലയാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ട 53 മലയാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിന്റെ ഏകോപന ചുമതലയോടെ മുഖ്യമന്ത്രി, ദുരന്ത നിവാരണ അതോറിറ്റി, നോര്‍ക്ക റൂട്ട്സ് എന്നീ ഓഫീസുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ത്രീകളും കുട്ടികളും മുതിർന്നവരുവടക്കമുള്ളതാണ് 53 അം​ഗ സംഘം. അവധിക്കാല യാത്ര, തീർത്ഥാടനം, ട്രക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കായി നേപ്പാളിലെത്തിയവരാണ്. സംഘത്തിലുള്ളവരെ കണ്ടെത്താനായി വിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു കൈമാറി വിവരശേഖരണം കാര്യക്ഷമമാക്കാന്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയവുമായി പരസ്പരം വിവരങ്ങൾ കൈമാറാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നാണ് സർക്കാരിന് ലഭിച്ച വിവരം.

ഗതാഗത സെക്രട്ടറി അന്വേഷിക്കും

മലപ്പുറത്ത് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഡ്രൈവറായ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ഗതാഗത വകുപ്പ്.. അന്വേഷണത്തിന് ഗതാഗത വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.. രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശം..മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വാഹന പരിശോധനാ വേളയിലോ തുടർ നടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോ എന്ന് ഗതാഗത സെക്രട്ടറി പരിശോധിക്കും.. സമൂഹമാധ്യമങ്ങളിൽ ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും അന്വേഷണ വിധേയമാക്കും. ലഭിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി സിപി ജോൺ വ്യക്തമാക്കി..

ഒറ്റപ്പാലത്ത് വയോധികയ്ക്ക് നേരെ പീഡനശ്രമം

പാലക്കാട് ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയ്ക്ക് നേരെ പീഡനശ്രമം. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65 കാരിയായ വയോധികക്കു നേരാണ് പീഡന ശ്രമം ഉണ്ടായത്. വീട്ടിൽ വാടകയ്ക്ക് മുറിയുണ്ടോ എന്ന് അന്വേഷിച്ച് എത്തിയ യുവാവാണ് വയോധികയെ കടന്നു പിടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. അതിക്രമത്തിൽ വയോധികക്ക് പരിക്കേൽക്കുകയും ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തു. നാട്ടുകാർ ഓടി കൂടിയതോടെ ഇയാൾ വന്ന പിക്കപ്പ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പട്ടാമ്പി തിരുവേഗപ്പുറ സ്വദേശിയായ യുവാവിനെതിരെ പീഡനം ഉൾപ്പെടുന്ന ഗുരുതര വകുപ്പുകൾ ചുമത്തി ഒറ്റപ്പാലം പോലീസ് കേസെടുത്തു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ഇസ്ലാമിക ആഘോഷങ്ങൾ അതിരു കടക്കരുതെന്ന് സമസ്ത എപി വിഭാഗം

യുവതികളെ അന്യപുരുഷൻമാർക്കിടയിൽ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ലെന്നും ഇസ്‌ലാമിക ആഘോഷങ്ങൾ അതിരുകടക്കരുതെന്നും വ്യക്തമാക്കി സമസ്ത എപി വിഭാഗം. ഇസ്‌ലാമിക ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ട് പോകുന്നത് ഗൗരവത്തോടെ കാണണമെന്നാണ് സമസ്ത എപി വിഭാഗം പ്രസിഡണ്ട്

ഇ. സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ഇത്തരം പരിപാടികൾ തികച്ചും ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ മഹല്ല് ഭാരവാഹികളും പള്ളി, മദ്റസ, മറ്റ് സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ നേതൃത്വവും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നേതാക്കൾ വ്യക്തമാക്കി.

പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നതും, ഇസ്‌ലാമികമല്ലാത്ത ആചാരങ്ങളും ആഘോഷരീതികളും കൂട്ടിയിണക്കുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും അത് അനുവദനീയമല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലും അല്ലാതെയും നടക്കുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും, വരും തലമുറയിലേക്ക് സന്മാർഗികമായ മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നേതാക്കൾ വ്യക്തമാക്കി.

ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിന് എതിരെ കേസ്

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരായ അധിക്ഷേപ പരാമർശത്തിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിന് എതിരെ കേസ്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സൈബർ പോലീസ് ആണ് കേസ് എടുത്തത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.

മംഗലാപുരം ആസ്ഥാനമാക്കി പുതിയ റെയിൽവേ ഡിവിഷനായി പദ്ധതിയുമായി കർണാടക

മംഗലാപുരം ആസ്ഥാനമാക്കി പുതിയ റെയിൽവേ ഡിവിഷനായി പദ്ധതിയുമായി കർണാടക. കൊങ്കൺ കൂടി കൂട്ടിചേർത്താണ് പുതിയ നീക്കത്തിന് തുടക്കമിടുന്നത്. മംഗളൂരു മേഖല പാലക്കാട് ഡിവിഷനിൽനിന്നു മാറ്റിയതിന് പിന്നാലെ നടപടികൾക്ക് വേഗം കൂടി.

ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗും

വഖഫ് വിഷയവുമായി ബന്ധപ്പെട്ട സിപിഐഎം സെമിനാറിൽ പങ്കെടുത്ത സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗും രംഗത്ത്. വഖഫ് ബോർഡ് പുന:സംഘടനാ വിഷയത്തിൽ പ്രതിപക്ഷ നേതാവും വഖഫ് ബോർഡിലേക്ക് ഇടതു സർക്കാർ നോമിനേറ്റ് ചെയ്ത അംഗങ്ങളും കള്ളം പ്രചരിപ്പിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

രണ്ട് അമുസ്‌ലിം അംഗങ്ങളെ നിയമിച്ച് കൊള്ളാമെന് സുപ്രീംകോടതിയിൽ സത്യവാംഗ് മൂലം കൊടുത്തവരാണ് ഇടതുസർക്കാർ രൂപീകരിച്ച വഖഫ് ബോർഡ്. ഇത് മറച്ച് വെച്ച് കൊണ്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സംസാരിക്കുന്നത്. മാത്രവുമല്ല ഈ തീരുമാനത്തിന്റെ അടിയിൽ ഒപ്പ് വെച്ച അംഗമാണ് ഉമർ ഫൈസി. യു ഡി എഫ് സർക്കാർ ആർ.എസ്.എസ്സുകാരെ വഖഫ് ബോർഡിലേക്ക് നിയമിക്കാൻ ശ്രമിക്കുന്നു എന്ന വാസ്‌തവ വിരുദ്ധമായ കാര്യം പ്രചരിപ്പിക്കുന്ന ഉമർ ഫൈസിക്കെതിരെ സമസ്ത നടപടിയെടുക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സമസ്‌തയുടെ മുശാവറ അംഗപദവി സ്വാർത്ഥ താൽപ്പര്യത്തിനും സ്ഥാനം നേടാനുമായി ഉമർഫൈസി ദുരുപയോഗം ചെയ്യുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

പുലികളിക്ക് തയ്യാറെടുത്ത് തൃശൂർ; ഒരുക്കങ്ങളുമായി പുലിമടകൾ സജ്ജം

ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പുലികളി മഹോത്സവത്തിന് ഒരുങ്ങി തൃശൂർ. സാംസ്കാരിക നഗരി കീഴടക്കാൻ നാളെ സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങും. പുലികളി മഹോത്സവത്തിന് മണിക്കൂറുകൾ മാത്രം മുന്നിൽ നിൽക്കെ അവസാനത്തെ തയ്യാറെടുപ്പുകളുമായി പുലിമടകളും സജ്ജമാണ്. സീതാറാം മിൽ ദേശത്തിൻറെ പുലി മടയിൽ നിന്നും ലെവിൻ കെ വിജയൻ തയ്യാറാക്കിയ റിപ്പോർട്ട് കാണാം

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്ക്

പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവതിക്ക് പരുിക്കേറ്റു. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനി വടേക്കര അലീഷയ്ക്കാണ് പരുക്കേറ്റത്. രാവിലെ 8.10 ഓടെ വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ​ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന അലീഷയുടെ മുഖത്ത് കുക്കറിന്റെ ഭാഗങ്ങൾ വന്നിടിക്കുകയായിരുന്നു. പരുക്കേറ്റ യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. മൂക്കിന് പരുക്ക് ​ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നേപ്പാള്‍ മിന്നല്‍ പ്രളയം;  60 മലയാളികൾ സുരക്ഷിതരെന്ന് റിപ്പോർട്ട് 

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങിയ 82 പേരിൽ 60 മലയാളികളും സുരക്ഷിതരെന്ന് വിവരം. ഇനി വിവരം ലഭ്യമാകാനുള്ളത് എട്ട് മലയാളികളുടേത്. നാലു പേര്‍ ഓസ്ട്രേലിയന്‍ പൗരത്വമുളള കേരളത്തില്‍ നിന്നുളളവര്‍. വിവരങ്ങളുമായി അനിരു അശോകൻ.

ഫുജൈറയിലേക്കുള്ള സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി സ്‌പൈസ്ജെറ്റ്

യാത്രക്കാരെ വലച്ച് വീണ്ടും സ്‌പൈസ്ജെറ്റ്. 2.20 ന് കരിപ്പൂരിൽ നിന്ന് ഫുജൈറയിലേക്ക് പോകേണ്ട വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് റദ്ദാക്കിയെന്ന അറിയിപ്പ് നൽകിയതെന്ന് യാത്രക്കാർ പറയുന്നു. ഇന്നലെ വൈകീട്ട് പോകേണ്ട വിമാനം ഇന്നേക്ക് റീഷെഡ്യൂൾ ചെയ്ത ശേഷമാണ് റദ്ദാക്കിയത്.

സോണിയ ഗാന്ധിയുടെ ആത്മകഥ; വിവാദങ്ങൾ നിരസിച്ച് പെൻഗ്വിൻ ബുക്ക്സ്

സോണിയ ഗാന്ധിയുടെ ആത്മകഥയുമായ ബന്ധപ്പെട്ട വിവാദങ്ങൾ നിരസിച്ച് പെൻഗ്വിൻ ബുക്ക്സ്. പുസ്തകത്തിൻ്റെ ഇന്ത്യയിലെ പ്രസാധകർ തങ്ങളല്ലെന്ന് പെൻഗ്വിൻ ബുക്ക്സ് വ്യക്തമാക്കി. പുറത്തുവന്ന റിപ്പോർട്ടുകൾ വസ്തുതകൾ മനസില്ലാകാതെ ആണെന്നും ഉണ്ടായത് പ്രസിദ്ധീകരണ പ്രക്രീയയുടെ ഭാഗമായ സ്വാഭാവിക നടപടികൾ എന്നും പെൻഗ്വിൻ അറിയിച്ചു. ആത്മകഥയുടെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറി എന്നായിരുന്നു വാർത്തകൾ.

ചില്ലറ നൽകിയില്ല; കെഎസ്ആർടിസി ബസിൽ നിന്നും സ്ത്രീയെ ഇറക്കിവിട്ടെന്ന് പരാതി 

ചില്ലറ നൽകിയില്ലെന്ന കാരണത്താൽ തോട്ടം തൊഴിലാളിയായ സ്ത്രീയെ കെഎസ്ആർടിസി ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. പാലക്കാട്‌ - നെല്ലിയാമ്പതി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് തമിഴ്നാട് സ്വദേശി അമുതയെ ഇറക്കിവിട്ടത്. 40 രൂപ ടിക്കറ്റിന് 500 രൂപ നൽകിയെന്ന് പറഞ്ഞാണ് ഇറക്കിവിട്ടത്.

പത്തനംതിട്ടയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി

പത്തനംതിട്ടയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചെന്ന് പരാതി. ഗ്രിൽഡ് ചിക്കൻ കടയിലെ ജീവനക്കാരനായ അദ്വൈതിനാണ് മർദനമേറ്റത്. കടയുടമയുടെ സുഹൃത്തായ രഞ്ജിത്തും കൂട്ടാളികളും ചേർന്നാണ് അദ്വൈതിനെ ആക്രമിച്ചത്. ചിക്കൻ വിഭവങ്ങൾ വീട്ടിലെത്തിക്കാൻ പറഞ്ഞത് നിരസിച്ചതിന് ആയിരുന്നു ആക്രമണം. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ബ്രൂണെയിലുള്ളത് സുകുമാര കുറുപ്പല്ല; സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

ബ്രൂണെയിലുള്ളത് സുകുമാര കുറുപ്പല്ലെന്ന് സ്ഥിരീകരിച്ച് തൃശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച്. ബ്രൂണെയിൽ ഉള്ളത് തൃശൂർ കരുമത്ര സ്വദേശി ദാമോദര മേനോൻ ആണെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ന്യൂസ് മലയാളത്തോട് പറഞ്ഞു. ദാമോദര മേനോനുമായി ഫോണിൽ സംസാരിച്ചു എന്നും പുറത്തുവന്ന വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദാമോദരമേനോൻ അറിയിച്ചതായും പൊലീസ് പറഞ്ഞു

അത് സുകുമാര കുറുപ്പാകാം... അന്വേഷണം അവസാനിപ്പിക്കരുതെന്ന് ചാക്കോയുടെ മകൻ

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണോയിൽ ജീവനോടെയുണ്ട് എന്ന അഭ്യൂഹത്തിൽ പ്രതികരണവുമായി, സുകുമാരകുറുപ്പ് കൊല്ലപ്പെടുത്തിയ ചാക്കോയുടെ മകൻ ജിതിൻ. വാർത്തകളിൽ കണ്ടത് പ്രകാരം ബ്രൂണോയിൽ ഉള്ളത് സുകുമാരക്കുറുപ്പാവാം എന്നും പൊലീസ് കേസ് അവസാനിപ്പിക്കരുതെന്നും ജിതിൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഓരോ വട്ടം സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകുമ്പോഴും കുടുംബം അനുഭവിക്കുന്നത് വലിയ വൈകാരിക സമ്മർദമാണെന്നും ജിതിൻ കൂട്ടിച്ചേർത്തു.

കാന്തപുരത്തെ പിന്തുണച്ച് നാസർ ഫൈസി കൂടത്തായി

കാന്തപുരത്തെ പിന്തുണച്ച് നാസർ ഫൈസി കൂടത്തായി. അന്യപുരുഷൻമാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുതെന്ന പ്രസ്താവനയിലാണ് പിന്തുണ. കാന്തപുരത്തിന് മതവിധി പറയാനുള്ള അവകാശമുണ്ടെന്ന് നാസർ ഫൈസി പറഞ്ഞു. കാന്തപുരത്തെ അംഗീകരിക്കുന്ന സ്ത്രീ - പുരുഷ അണികളോട് മതവിധി പറയാം. കാന്തപുരത്തെ അംഗീകരിക്കാത്തവർക്ക് തള്ളാമെന്നും നാസർ ഫൈസി. പറയാൻ പാടില്ലായെന്ന തിട്ടൂരം ഒരു മതപണ്ഡിതനോടും വേണ്ടെന്നും നാസർ ഫൈസി കൂടത്തായ് പറഞ്ഞു.

തിരുവോണ നാളില്‍ കാണാതായ 18 കാരനെ കണ്ടെത്തി

വീടുവിട്ടിറങ്ങിയ 18 കാരനെ എറണാകുളം നോര്‍ത്തില്‍ നിന്ന് കണ്ടെത്തി. കിഴക്കമ്പലം ചെമ്മലപ്പടി സ്വദേശിയായ അഭിഷേക് (18) എന്ന യുവാവിനെയാണ് തിരുവോണ നാളില്‍ കാണാതായത്. മൊബൈലില്‍ പബ്ജി ഗെയിം കളിച്ച് വലിയ തുക നഷ്ടപ്പെടുത്തിയിരുന്നു. ഇക്കാര്യം പറഞ്ഞ് പിതാവ് ശകാരിച്ചതില്‍ മനംനൊന്താണ് വീടുവിട്ടിറങ്ങിയത്.

വടകര ചൊവ്വാ പുഴയിൽ രണ്ട് പേർ ഒഴുക്കിൽ പെട്ട് മരിച്ചു

കോഴിക്കോട്: വടകരയിൽ ചൊവ്വാ പുഴയിൽ രണ്ട് പേർ ഒഴുക്കിൽ പെട്ട് മരിച്ചു. പാലയാട് സ്വദേശി നബീൽ 19, ഓർക്കാട്ടേരി വരപ്പുറഞ്ഞ് സിനാൻ 12 എന്നിവരാണ് മരിച്ചത്. നാല് പേർ അടങ്ങുന്ന സംഘം പുഴയിൽ നീന്തൽ പഠിക്കാനു എത്തിയതായിരുന്നു. നാലുപേരും ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ടുപേർ രക്ഷപ്പെട്ടു.

മുസ്ലീം  ലീഗിനെ പരോക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി

മുസ്‌ലിംലീഗിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി പറഞ്ഞ് സംഘടിച്ചവരും മതം പറഞ്ഞ് സംഘടിച്ചവരും ഉണ്ട്. മതം പറഞ്ഞ് സംഘടിച്ചവരും മതമാണ് എന്ന് പറഞ്ഞവരും എവിടെ എത്തി എന്ന് ആലോചിക്കണമെന്നും വെള്ളാപ്പള്ളി. മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് നിയമസഭയിൽ ഭരിക്കാനുള്ള സീറ്റിലാക്കി. താൻ ലീഗിനെയാണ് പറഞ്ഞതെന്നും മുസ്ലിം സമുദായത്തെ അല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി

പ്രവർത്തകരുടെ മോശം പെരുമാറ്റം; ശ്രീകാര്യത്തെ പരിപാടി ഒഴിവാക്കി മുഖ്യമന്ത്രി

ശ്രീകാര്യം ചേന്തിയിൽ മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതായി ആരോപണം... കോൺഗ്രസ് പ്രാദേശിക പ്രവർത്തർ വാഹന വ്യൂഹം കൈകാണിച്ച് നിർത്തിയതോടെ മുഖ്യമന്ത്രി പുറത്തിറങ്ങി, പ്രവർത്തകരോട് കയർത്തു... തുടർന്ന് ചേന്തിയിലെ ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്...

നേപ്പാൾ മിന്നൽ പ്രളയം; 579 പേരുടെ മരണം സ്ഥിരീകരിച്ചു

നേപ്പാളിനെ നടുക്കിയ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ ഉയരുന്നു. 579 ജീവൻ പൊലിഞ്ഞെന്ന് ഔദ്യോഗിക സ്ഥിരീകരണം. രണ്ടായിരത്തിലധികം പേർ ഇപ്പോഴും കാണാമറയത്ത്. കാണാതായവരിൽ 320 ഇന്ത്യക്കാർ. 400 ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നെന്ന് വിദേശകാര്യമന്ത്രാലയം. നേപ്പാളിന് കൂടുതൽ സഹായ വാഗ്ദാനവുമായി ഇന്ത്യ.

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം;കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് 

ശ്രീകാര്യം ചേന്തിയിൽ മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ കേസ്. ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് എതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. പരിപാടി മുഖ്യമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നെന്നും ഗ്രൂപ്പ് പോര് മൂലമാണ് പങ്കെടുക്കാതിരുന്നത് എന്നും ചേന്തി അനിൽ ന്യൂസ് മലയാളത്തോട് പറഞ്ഞു.

News Malayalam 24x7
newsmalayalam.com