ബാർ ഉടമകളിൽ നിന്നും മാസപ്പടി വാങ്ങിയെന്ന് പരാതി; ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്പെൻഷൻ

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ബാർ ഉടമകളിൽ നിന്നും മാസപ്പടി വാങ്ങിയെന്ന് പരാതി; ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്പെൻഷൻ

മേപ്പിള്‍ തടികൾ ലഭിക്കാൻ വൈകും; കൊല്ലം ഇൻഡോർ സ്‌റ്റേഡിയം ഉടനൊന്നും തുറക്കില്ല

കായിക താരങ്ങൾ പതിറ്റാണ്ടുകളായി സ്വപ്നം കാണുന്ന കൊല്ലം ഇൻഡോർ സ്‌റ്റേഡിയം ഉടനൊന്നും തുറക്കില്ല. സ്റ്റേഡിയത്തിന് അകത്ത് പാകാനുള്ള മേപ്പിള്‍ തടികൾ ലഭിക്കാൻ ഇനിയും വൈകുമെന്നതാണ് പ്രതിസന്ധി. 3.6 ഏ​ക്ക​ർ ഭൂ​മി​യി​ൽ 42 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്‌ പണി പൂർത്തീകരിച്ച സ്റ്റേഡിയം കെട്ടിടം കാട് കയറി നശിക്കുകയാണ്. ഒളിംപ്യന്‍ സുരേഷ് ബാബുവിന്റെ പേരിലാണ് കൊല്ലം പീരങ്കി മൈതാനത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം കെട്ടിടം പൂർത്തീകരിച്ചത്. 2000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, ആൺകുട്ടികൾക്ക് ഹോസ്റ്റൽ, സ്‌റ്റേഡിയത്തിലെ നീന്തൽ കുളം നവീകരണം എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 21ന് അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2024 ഡിസംബറിൽ പണി പൂർത്തീകരിച്ച് തുറന്നു നൽകുമെന്നായിരുന്നു വാഗ്ദാനം. വർഷം രണ്ട് കഴിഞ്ഞിട്ടും സ്‌റ്റേഡിയം അടഞ്ഞു തന്നെ കിടക്കുകയാണ്.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം: സമരത്തിന് യുഡിഎഫിനൊപ്പം കൈകോര്‍ക്കാന്‍ സിപിഐഎം

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തില്‍ യുഡിഎഫിനൊപ്പം സമരം ചെയ്യാൻ തയ്യാറെന്ന് സിപിഐഎം. കേന്ദ്ര അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കെ. രാധാകൃഷ്ണൻ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു. റെയിൽവേ ഡിവിഷൻ വിഭജനം കേരളത്തിന്റെ റെയിൽവേ വികസനം മന്ദഗതിയിലാക്കും. പാലക്കാട് ഡിവിഷന്റെ ചരക്കുനീക്കത്തിൽ 90 ശതമാനവും മംഗലാപുരം മേഖലയിൽ നിന്നാണ്‌. രണ്ടേമുക്കാൽ കോടിയാണ് നിലവിലെ പ്രതിദിന വരുമാനം. പാലക്കാട് ഡിവിഷൻ വിഭജനത്തോടെ, റെയിൽവേ വികസനം ഇല്ലാതാകുന്ന സ്ഥിതിയാണെന്നും കെ രാധാകൃഷ്ണൻ വിമർശിച്ചു .

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റിൽ. ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ശ്രീകാര്യം പൊലീസ്. ജോലി തടസപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നും എഫ്ഐആര്‍. പൊലീസ് കസ്റ്റഡിയിലെടുത്തത് അർധരാത്രി വീട്ടിലെത്തി.

സിപിഐ ഉന്നയിക്കുന്നത് യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദവും; എന്തു ന്യായത്തിലാണ് ഉപനേതൃപദവി നല്‍കേണ്ടത്? വിമര്‍ശനം തുടര്‍ന്ന് സി.എന്‍. മോഹനന്‍

നിയമസഭ പ്രതിപക്ഷ ഉപനേതൃപദവി വിഷയത്തില്‍ സിപിഐയെ കടന്നാക്രമിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എന്‍. മോഹനന്‍. കഴിഞ്ഞദിവസം ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമര്‍ശനമെങ്കില്‍ ഇക്കുറി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കടുത്ത വിമര്‍ശനം ആവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ്‌ അംഗബലം മുപ്പത്തഞ്ചായി ചുരുങ്ങി. തികച്ചും രാഷ്‌ട്രീയമായ കാരണങ്ങളാലാണ് എല്‍ഡിഎഫിന് കനത്ത പരാജയമുണ്ടായത്. കേന്ദ്ര സർക്കാർ, ഗവര്‍ണര്‍, യുഡിഎഫ്, വലതുപക്ഷ മാധ്യമങ്ങള്‍ എന്നിവരുടെ സംയുക്തമുന്നണിയാണ് വാസ്‌തവത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത്. 2021ൽ ആരംഭിച്ച സർക്കാർവിരുദ്ധ വാര്‍ത്താപ്രവാഹത്തിന്റെ ഉച്ചസ്ഥായിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിനുശേഷമുള്ള മാധ്യമവിളയാട്ടം. തരിമ്പും ജനാധിപത്യമര്യാദയില്ലാതെ ഒരു മുന്നണിയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു ബിജെപിയും യുഡിഎഫും മാധ്യമങ്ങളും. 2001ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41 സീറ്റാണ് ലഭിച്ചത്. എന്നാല്‍, ഈ തെരഞ്ഞെടുപ്പിലെ പരാജയം സിപിഐഎമ്മിന്റെ രാഷ്ട്രീയവും ഭരണപരവുമായ പരാജയമായിട്ടാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഈ പ്രചാരണത്തിന്റെ താളത്തിനനുസരിച്ചാണ് സിപിഐ നിലപാടുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. യുക്തിപരമല്ലാത്ത ആവശ്യങ്ങളും അവകാശവാദവുമാണ് സിപിഐ ഉന്നയിക്കുന്നത്.

1980ൽ എൽഡിഎഫ്‌ രൂപംകൊണ്ടശേഷം നിയമസഭയിലെ പ്രതിപക്ഷനേതാവും ഉപനേതാവും സിപിഐ എമ്മിൽനിന്നാണ്. പതിവിനു വിപരീതമായി ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന് സിപിഐ ആവശ്യപ്പെടുകയാണ്. മാധ്യമങ്ങളിലൂടെ ഇതിന്റെ ന്യായാന്യായങ്ങള്‍ വിളമ്പുകയാണ് സിപിഐ നേതൃത്വം. അതിലെന്തോ ശരിയുണ്ടെന്ന മട്ടിലാണ് മാധ്യമങ്ങളുടെ പ്രചാരണവും. എന്തു ന്യായത്തിലാണ് ഇതുവരെ തുടര്‍ന്നുവന്ന കീഴ്‌വഴക്കം മറികടന്ന് സിപിഐക്ക്‌ ഉപനേതാവ് പദവി നല്‍കേണ്ടതെന്ന് സിപിഐ നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്നണി പരാജയപ്പെട്ടാല്‍ സിപിഐഎമ്മിന്റെ കൈവശമുള്ള ഉപനേതാവ് സ്ഥാനം തങ്ങള്‍ക്ക് വിട്ടുനല്‍കിയില്ലെങ്കില്‍ കൂട്ടായ പ്രവര്‍ത്തനം പ്രതീക്ഷിക്കേണ്ടെന്നാണോ സത്യന്‍ മൊകേരിയും സിപിഐയും ഉദ്ദേശിക്കുന്നത്? ഈ ആവശ്യത്തിനുപിന്നിലുള്ള യുക്തിയെന്താണ്? സിപിഐഎമ്മിന്‌ 26 സീറ്റും സിപിഐക്ക്‌ എട്ട്‌ സീറ്റുമാണ് എന്നതിനാല്‍ ഈ പരാജയപ്പെട്ട നിമിഷത്തില്‍ സിപിഐ വളര്‍ന്നുപോയി എന്നാണോ അവർ അർഥമാക്കുന്നത്? എന്നിങ്ങനെ നീളുന്നു സി.എന്‍ മോഹനന്റെ വിമര്‍ശനങ്ങള്‍.

അജ്‌മാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു

അജ്‌മാനില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉദുമ സ്വദേശി മരിച്ചു. ഉദുമ പടിഞ്ഞാർ തച്ചരക്കുന്നിൽ ബഷീർ (50) ആണ് മരണപ്പെട്ടത്. റൂമുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിക്കാരനായിരുന്നു ബഷീർ.

ക്വാറിയില്‍ പാറ അടർന്നുവീണു; ലോറി ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവനന്തപുരം നെയ്യാറ്റിൻകര കോട്ടയ്ക്കലിലെ പാറ ക്വാറിയിൽ അപകടം. പാറ അടർന്നുവീണ് ലോറിയും ഡ്രൈവറും അടിയിലായി. സാരമായ പരിക്കുകളില്ലാതെ ഡ്രൈവർ തൃപ്പല്ലവൂർ സ്വദേശി അനിൽകുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മാരായമുട്ടം കോട്ടയ്ക്കലിൽ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് അപകടം. കല്ലെടുക്കാൻ എത്തിയതായിരുന്നു ലോറി. അഞ്ചുവർഷം മുമ്പ് സമാനമായി പാറ അടർന്നുവീണു രണ്ടുപേർ ഈ പ്രദേശത്ത് മരിച്ചിരുന്നു.

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിന് സസ്പെന്‍ഷന്‍, റൗഡി പട്ടികയിലുള്ള ആളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ കോണ്‍ഗ്രസ് ജില്ലാ നേതാവിന് സസ്പെന്‍ഷന്‍. ഡിസിസി അംഗം ചേന്തി അനിലിനെതിരെയാണ് കോണ്‍ഗ്രസ് നടപടി. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സസ്പെന്‍ഷന്‍. നേരത്തെ, മുഖ്യമന്ത്രിയുടെ ജോലി തടസപ്പെടുത്തിയെന്നും, അന്യയമായി തടഞ്ഞു വെക്കൽ, അപമര്യാദയായുള്ള പെരുമാറ്റം, ഗതാഗതം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി അനിലിനെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കാറിൽ നിന്നിറങ്ങിയ മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ഒപ്പം ഉണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്തി. പ്രതിക്കെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പ്രതി റൗഡിൽ ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു

കായംകുളം പുള്ളിക്കണക്കില്‍ മാവേലി വേഷധാരിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. കരുനാഗപ്പള്ളി സ്വദേശി ചന്ദ്രബാബുവിന്റെ ദേഹത്തേക്കാണ് ചായക്കട ഉടമ തിളച്ച എണ്ണയൊഴിച്ചത്. പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അബദ്ധത്തിൽ എണ്ണ ഒഴിച്ചതാണെന്നാണ് ചായക്കട ഉടമയുടെ വാദം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജീവനൊടുക്കിയ ഷൗക്കത്തലിക്കെതിരെ വ്യക്തിഹത്യ; യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയെ പദവിയില്‍നിന്ന് നീക്കി

ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തിനെതുടര്‍ന്ന് ജീവനൊടുക്കിയ ഷൗക്കത്തലിയെ വ്യക്തിഹത്യ ചെയ്ത സംഭവത്തില്‍ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെ എല്ലാ പദവികളില്‍നിന്നും നീക്കി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. 'യുക്തിവാദം തലയ്ക്കു കയറിയാണ് യുവാവ് ജീവനൊടുക്കിയത്' എന്നായിരുന്നു ഷാക്കിര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിലവിലെ നിയമ പ്രകാരം ഇക്കാര്യത്തിൽ എംവിഡി കുറ്റക്കാരല്ലെന്നും ഷാക്കിർ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാദമായതോടെ, കുറിപ്പ് പിന്‍വലിച്ചിരുന്നു.

മോചനദ്രവ്യം ആവശ്യപ്പെട്ട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാള്‍ കൂടി പിടിയില്‍

മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളുരുവിൽ നിന്നും പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. വെള്ളിമാടുകുന്ന് കുറുപാശൻ കണ്ടി അഖിൽ ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. വെള്ളിമാടുകുന്നിലെ വീട്ടിലെത്തിയപ്പോഴാണ് അഖില്‍ പൊലീസിന്റെ പിടിയിലായത്. ഇതോടെ കേസില്‍ മൂന്നു പേര്‍ പിടിയിലായി. ഈ മാസം രണ്ടിനായിരുന്നു യുവാവിനെ ബെംഗളുരുവിൽനിന്ന് തട്ടിക്കൊണ്ടു പോയത്.

വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തിൽ താല്‍ക്കാലിക ജോലി; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പഞ്ചായത്തിൽ താല്‍ക്കാലിക ജോലി നേടിയ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട്‌ പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് ആയി ജോലി ചെയ്ത കെ.വി. ഗണപതിക്കെതിരെയാണ് കേസ്. ബിരുദം പാസാകാത്ത ഗണപതി കാലിക്കറ്റ് സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദത്തിന്റെ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ചിരുന്നു. തട്ടിപ്പ് കണ്ടെത്തിയ പഞ്ചായത്ത് സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഗണപതിക്കെതിരെ വടക്കഞ്ചേരി പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കേസിനെ തുടര്‍ന്ന് ഗണപതി ഒളിവിലാണ്.

അർജുൻ ആയങ്കിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

അര്‍ജുന്‍ ആയങ്കിയെ ജയില്‍ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലേക്കാണ് മാറ്റിയത്. ഞായറാഴ്ചയാണ് ആയങ്കിയെ വിയ്യൂരിലേക്ക് മാറ്റിയത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ കഴിഞ്ഞ ആഴ്ചയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.

പെരുമ്പാവൂരില്‍ ടെലിവിഷൻ റിപ്പയറിങ് സ്ഥാപനത്തിൽ തീപിടിത്തം

പെരുമ്പാവൂർ ചേലക്കുളത്ത് ടെലിവിഷൻ റിപ്പയറിങ് സ്ഥാപനത്തിൽ തീപിടിത്തം. കാവുങ്ങൽപറമ്പ് സ്വദേശി താജുദ്ദീന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ടിവി കെയർ എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. പുലർച്ചെയായിരുന്നു സംഭവം. റിപ്പയറിങ് നടത്തിക്കൊണ്ടിരുന്ന സോളാർ ബാറ്ററിയിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. സ്ഥാപനം പൂർണമായും കത്തി നശിച്ചു.

മെസി വിവാദം: എസ്ഐടി അന്വേഷണം വേണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ലയണല്‍ മെസിയുടെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എസ്ഐടി അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. കായിക വകുപ്പിനു മാത്രമായി അന്വേഷിക്കാനാവുന്ന സംഭവമല്ല. മറ്റ് വകുപ്പുകളുടെ സഹായം അനിവാര്യമാണ്. സ്റ്റേഡിയം അറ്റക്കുറ്റപ്പണി പൂർത്തിയാക്കാന്‍ കഴിഞ്ഞില്ല. വിവിധ തലങ്ങളിൽ പരിശോധന നടത്തേണ്ട വിഷയമാണ്. മറ്റുചില പരാതികൾ കൂടിയുണ്ട്. അതുകൂടി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. തുടക്കം മുതൽ തന്നെ ഈ സംഭവത്തിൽ ഒരുപാട് പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. ജിസിഡിഎക്ക് പോലും കൃത്യമായി കാര്യം പറയാൻ കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണാഘോഷങ്ങൾക്ക് സമാപനം; തൃശൂരില്‍ പുലിയിറങ്ങുന്നു

സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് തൃശൂരിലെ പുലിക്കളി മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് നാല് മുതൽ രാത്രി 10 വരെ സ്വരാജ് റൗണ്ടിൽ നടക്കുന്ന വാശിയേറിയ മത്സരത്തിൽ ഒൻപതു ദേശങ്ങൾ മാറ്റുരയ്ക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പുലികളി മഹോത്സവം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പരമ്പരാഗത പുലികളി കലാകാരന്മാർക്കൊപ്പം കുട്ടിപ്പുലികളും പെൺ പുലികളും ചുവടുവെച്ച് നഗരവീഥികൾ കീഴടക്കും. ഓരോ സംഘങ്ങൾക്ക് ഒപ്പം 35 മുതൽ 51 പുലികൾ വരെയാകും മത്സരത്തിനായി അണിനിരക്കുക. പുലർച്ചെ മുതൽ പുലിമടകളിൽ ചമയം എഴുത്ത് ആരംഭിച്ചിരുന്നു.

ദീപ്തി കല്യാണിക്കെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഹെലൻ ഓഫ് സ്പാർട്ട

ട്രാൻസ്ജെൻഡർ ദീപ്തി കല്യാണിയുടെ പരാതിയിൽ ന്യൂസ് മലയാളത്തോട് പ്രതികരിച്ച് യൂട്യൂബർ ധന്യ എസ് എന്ന ഹെലൻ ഓഫ് സ്പാർട്ട. ട്രാൻസ്ജെൻഡർ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന ഒരു പ്രതികരണവും താൻ നടത്തിയിട്ടില്ല. ട്രാൻസ്ജെൻഡർ ദീപ്തി കല്യാണിക്കെതിരായ പരാമർശത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. തനിക്കെതിരെ വധഭീഷണി ഉയർത്തിയതിനു പിന്നാലെ വീട്ടിൽ കയറി കൈകാര്യം ചെയ്യുമെന്ന് പറഞ്ഞപ്പോൾ മാത്രമാണ് താൻ പ്രതികരിച്ചത്. ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾ ഉണ്ട്. ഇത് പൊലീസിന് കൈമാറും. നിയമനടപടികളോട് പൂർണമായും സഹകരിക്കുമെന്നും ധന്യ ന്യൂസ് മലയാളത്തോട് പറഞ്ഞു.

യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്

കണ്ണൂരിൽ എസ്എഫ്ഐ നേതാവ് യുവതിയുടെ നഗ്ന ദൃശ്യം പകർത്തിയെന്ന് പരാതി. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എസ്എഫ്ഐ നേതാവായ കെ നവനീതിനെതിരെയാണ്‌ കേസ്. യുവതി കുളിക്കുന്നതിനിടെ കിണറിന്റെ ആൾമറയിൽ കയറി നിന്ന് ദൃശ്യങ്ങൾ പകർത്തിയെന്നാണ് പരാതി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ പ്രദേശത്തെ നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഇത്തരത്തിൽ ചിത്രീകരിച്ച് സൂക്ഷിച്ചതായി കണ്ടെത്തിയെന്നും പരാതിയുണ്ട്. അതിനിടെ സംഭവത്തിൽ പൊലീസ് നിസ്സാര വകുപ്പ് ചുമത്തി എന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രിക്ക് യുവതി പരാതി നൽകി. മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന് പൊലീസ് വരുത്തി തീർക്കുന്നു എന്നുമാണ് പരാതിയിൽ പറയുന്നത്. നവനീതിന്റെ ഫോൺ പരിശോധിച്ച് ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നാണ് പൊലീസിന്റെ നിലപാട്.

സ്ത്രീകൾക്കെതിരെ സമസ്ത ഇറക്കിയ സർക്കുലർ ആധുനിക സമൂഹത്തിന് ചേരാത്തത്: പി.എസ്. സഞ്ജീവ്

സ്ത്രീകൾക്കെതിരെ സമസ്ത ഇറക്കിയ സർക്കുലർ ആധുനിക സമൂഹത്തിന് ചേരാത്തതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. സ്ത്രീകളെ പൊതു നിരത്തിൽ, വേദികളിൽ പ്രദർശിപ്പിക്കരുത് എന്ന പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സഞ്ജീവ് വിമര്‍ശിച്ചു. കേരളത്തിലെ മുസ്ലീം സ്ത്രീകൾ ഏറെ മുന്നോട്ട് വന്നവരാണ്. 1989ലാണ് ജസ്റ്റിസ്‌ ഫാത്തിമ ബീവി ഇന്ത്യയിലെ തന്നെ ആദ്യ വനിത ജഡ്ജി ആയി നിയമിതായാവുന്നത്. വർഷം 37 കഴിഞ്ഞിട്ടും ഇങ്ങനെയൊരു പ്രസ്താവന ഇറക്കാൻ സമസ്ത ഇറങ്ങിപ്പുറപ്പെട്ടത് എത്രത്തോളം അപരിഷ്കൃതമാണ് ഇവരുടെ കാലബോധം എന്ന് തെളിയിക്കുന്നുവെന്നും, സമസ്ത ഈ കാര്യത്തിൽ തിരുത്തൽ വരുത്തണം സഞ്ജീവ് പറഞ്ഞു.

ജാവലിൻ ത്രോയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി; നീരജ് ചോപ്രയുടെ പരിക്ക്

ജാവലിൻ ത്രോയിൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി നീരജ് ചോപ്രയുടെ പരിക്ക്. ഏഷ്യൻ ഗെയിംസിൽ നിന്നും ഡയമണ്ട് ലീഗിൽ നിന്നും നീരജ് ചോപ്ര പുറത്തായി. കണങ്കാലിനേറ്റ പരിക്ക് കാരണമാണ് പിൻമാറ്റം. ഇക്കാരണത്താൽ ചോപ്രയ്ക്ക് 2026 സീസൺ പൂർണമായും നഷ്ടമാകും. കരുത്തോടെ തിരിച്ചെത്താൻ ശ്രമിക്കുമെന്ന് ഒളിംപിക് മുൻ ചാംപ്യൻ പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ട മലപ്പുറത്ത്; പിടികൂടിയത് 13 കിലോ എംഡിഎംഎ

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം MDMA യുമായി വയനാട്, മലപ്പുറം സ്വദേശികൾ കോയമ്പത്തൂരിൽ മലപ്പുറം ജില്ലാ പൊലീസ് സംഘത്തിൻ്റെ പിടിയിൽ. സംസ്ഥാന പൊലീസിൻ്റെ ഏറ്റവും വലിയ ലഹരിവേട്ടയിൽപിടികൂടിയത് വിപണിയിൽ പത്തുകോടിയിലധികം രൂപയുടെ വീര്യം കൂടിയ എംഡിഎംഎ.

ബാർ ഉടമകളുമായി വഴിവിട്ട ബന്ധം;  എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടിൽ മിന്നൽ പരിശോധന

കോട്ടയത്തെ ബാർ ഉടമകളുമായി വഴിവിട്ട നീക്കമെന്ന വിവരത്തിന് പിന്നാലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. പരിശോധനയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്‌ അശോക് കുമാറിന്റെ ഫോൺ പിടിച്ചെടുത്തു. മൊബൈൽ ഫോൺ പരിശോധനയിൽ ബാർ ഉടമകളുമായി ബന്ധമുള്ളതിന്റെ സൂചനകൾ ലഭിച്ചെന്നാണ് വിവരം.

പുലിക്കളമായി സാംസ്കാരിക നഗരി; 9 ദേശങ്ങളിൽ നിന്നായി 400 ൽ അധികം പുലികൾ

കേരളത്തിൻ്റെ സാംസ്കാരിക നഗരി തൃശൂർ ഒരു പുലിക്കളമായി മാറിയിരിക്കുന്നു. 9 ദേശങ്ങളുടെ ആശയും ആവേശവും നെഞ്ചിലേറ്റി, പുലിമടകളിൽ നിന്ന് നൂറ് കണക്കിന് പുലികൾ പുറത്തിറങ്ങിയിരിക്കുകയാണ്. അരമണി കിലുക്കി താളംവച്ച് വരുന്ന പുലികൾ നഗരം കീഴടക്കുകയാണ്.

പയ്യന്നൂരിലെ തോൽവി; പൊതുജനം തെറ്റിദ്ധരിക്കപ്പെട്ടെന്ന് പിണറായി വിജയൻ

പയ്യന്നൂരിലെ സിപിഐഎമ്മിന്റെ തോൽവിക്ക് കാരണം പൊതുജനം തെറ്റിദ്ധരിക്കപ്പെട്ടത് എന്ന് പിണറായി വിജയൻ. നേതൃ നിരയിലുള്ളവർ പാർട്ടിയെ തകർക്കാൻ ശ്രമിച്ചെന്ന് വി.കുഞ്ഞികൃഷ്ണന് കുറ്റപ്പെടുത്തൽ. സത്യം മറഞ്ഞത്, കൊടുമ്പിരി കൊണ്ട കുപ്രചരണത്തിൽ. ആരോപണങ്ങളിൽ പാർട്ടി പറഞ്ഞതിൽ കാപട്യം ഇല്ലെന്നും ജനങ്ങളെ വഞ്ചിക്കില്ലെന്നും പയ്യന്നൂരിൽ പിണറായി.

പുലികളിയിൽ ശ്രദ്ധേയമായി പാറ്റവിപ്ലവം; നിശ്ചലദൃശ്യമായി ഓപ്പറേഷൻ തൂഫാനും

തൃശൂർ: പുലികളിയിൽ പുലിവേഷങ്ങൾക്കൊപ്പം സമകാലിക രാഷ്ട്രീയം പറയുന്ന നിശ്ചല ദൃശ്യങ്ങളും ശ്രദ്ധേയമായി. രാജ്യം സമീപകാലത്ത് കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധമായ സിജെപി പ്രക്ഷോഭവും ഭരണഘടനയും അംബേദ്കറും, സീതാറാം മിൽ ദേശത്തിൻ്റെ ടാബ്ലോയുടെ ഭാഗമായി. ഒപ്പം സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര അനുവദിക്കുന്ന സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതിയും പ്രമേയമായി. ലഹരി നാടിന് ആപത്തെന്ന ഓപ്പറേഷൻ തൂഫാൻ്റെ സന്ദേശവുമായി തൃശൂർ സിറ്റി പൊലീസിൻ്റെ ടാബ്ലോയും എത്തി.

വെസ്റ്റ്ബാങ്കിൽ പലസ്തീനി വീടുകൾ കേന്ദ്രീകരിച്ച് ഇസ്രയേൽ ആക്രമണം 

വെസ്റ്റ്ബാങ്കിലെ ഖുസ്ര ഗ്രാമത്തിലെ ഇസ്രയേലി കുടിയേറ്റ അതിക്രമം രൂക്ഷമായ സ്ഥിതിയിലെത്തി. പലസ്തീനിയൻ കുടുംബം ഉള്ളിലുള്ള വീട് കുടിയേറ്റ സംഘം കയ്യേറിയതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രാമത്തിൽ നിരവിധ പലസ്തീനി വീടുകൾ ആക്രമിക്കപ്പെട്ടു. പരിക്കേറ്റ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ വാഹനങ്ങളടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാഴ്ചയിലേറെയായി ഖുസ്ര മേഖലയിലെ പലസ്തീനി വീടുകൾ ഉപരോധിക്കുന്ന തരത്തിലുള്ള അതിക്രമം കുടിയേറ്റക്കാർ തുടരുകയാണ്. അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ട അതിക്രമമാണ് ഖുസ്രയിൽ നടക്കുന്നത്.

നേപ്പാൾ മിന്നൽ പ്രളയം; നാല് ഇന്ത്യക്കാരെ കൂടി രക്ഷപ്പെടുത്തിയെന്ന് കേന്ദ്രം

നേപ്പാൾ മിന്നൽ പ്രളയത്തിൽ കുടുങ്ങിപ്പോയ നാല് ഇന്ത്യക്കാരെക്കൂടി രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. സുവ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ജലവൈദ്യുത പദ്ധതിയിൽ നിന്ന് നാല് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതോടെ, പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ എണ്ണം 88 ആയി ഉയർന്നു, അതേസമയം 287 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട്. തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനിടെ ഇന്ത്യൻ വംശജരായ 128 പേരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറിക്കെതിരെ പരാതി

ബിസിനസിൽ പണം നൽകാതെ വഞ്ചിച്ചതായി കൊച്ചി യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറിക്കെതിരെ പരാതി. മത്സ്യം വാങ്ങി കച്ചവടം നടത്തിയ ഇടപാടിൽ വർഷങ്ങളായിട്ടും പണം നൽകിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. ചേർത്തല കടകരപ്പള്ളി പൊൻവേലിയിൽ പി.വി. പീറ്ററാണ് ഫോർട്ടുകൊച്ചി പൊലീസിൽ പരാതി നൽകിയത്.

സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരൻ്റെ മര്‍ദനം

കണ്ണൂര്‍ സ്പെഷ്യൽ സബ് ജയിലിലെ ഉദ്യോഗസ്ഥന് തടവുകാരൻ്റെ മര്‍ദനം. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന സുഹൈലാണ് ആക്രമണം നടത്തിയത്. അസിസ്റ്റൻ്റ് പ്രീസൺ ഓഫീസര്‍ ചിൽനേഷ് ചന്ദ്രന് ആക്രമണത്തിൽ പരിക്കേറ്റു. അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ പരാതിയില്‍ കണ്ണൂര്‍ ടൗൺ പൊലീസ് കേസ് എടുത്തു.

യുവതിയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചു

യുവതിയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കല്ലമ്പലം സ്വദേശി ജയന, പതിനഞ്ച് വയസുള്ള മകൻ ദിൽജിത്ത് എന്നിവർക്കാണ് മർദനമേറ്റത്. കല്ലമ്പലം സ്വദേശി പ്രദീപ്‌ എന്ന യുവാവിനെതിരെ യുവതി പരാതി നൽകി. മുൻ വൈരാഗ്യമാണ് വീട്ടിൽ അതിക്രമിച്ചു കയറാൻ കാരണമെന്ന് പൊലീസ്. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല. കഴിഞ്ഞ 27 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം.

ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്പെൻഷൻ

ബാർ ഉടമകളിൽ നിന്നും മാസപ്പടി വാങ്ങിയെന്ന പരാതിയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്പെൻഷൻ. എസ്. അശോക് കുമാറിനെതിരെയാണ് എക്സൈസ് കമ്മീഷണറുടെ നടപടി. അശോക് കുമാർ ബാറുടമകളിൽ നിന്നും മാസപ്പടി വാങ്ങുന്നതിൻ്റെ രേഖകൾ എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന് ലഭിച്ചിരുന്നു. ബാറുടമകളുടെ ഡയറി ഉൾപ്പെടെ തെളിവായി ലഭിച്ചതും നടപടിക്ക് കാരണമായി. മാസപ്പടി വാങ്ങിയിരുന്നതായി അശോക് കുമാറും സമ്മതിച്ചു. തുടർന്നാണ് എക്സൈസ് കമ്മീഷണറുടെ നടപടി.

ഡിഎഫ്ഒയെ വിടാതെ നാട്ടുകാർ

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചതിൽ സംഭവത്തിൽ വിലങ്ങാട് ഡിഎഫ്ഒയെ വിടാതെ നാട്ടുകാർ. സുനിലിൻ്റെ വീട്ടിലെത്തിയ ഡിഎഫ്ഒയെയാണ് നാട്ടുകാർ മണിക്കൂറുകളായി തടഞ്ഞ് വെച്ചിരിക്കുന്നത്. സുനിലിന് നീതി കിട്ടണമെന്ന് ആവശ്യമുന്നയിച്ച് കൊണ്ട്, പ്രതിഷേധം അവസാനിപ്പിക്കാൻ നാട്ടുകാർ തയ്യാറാകുന്നില്ല.

ഡിഎഫ്ഒയെ വിട്ടയച്ചു

കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ യുവാവ് മരിച്ചതിൽ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ തടഞ്ഞുവച്ച വിലങ്ങാട് ഡിഎഫ്ഒയെ നാട്ടുകാർ വിട്ടയച്ചു.നാദാപുരം എംഎൽഎ കെ.എം അഭിജിത്തും പഞ്ചായത്ത് പ്രസിഡൻ്റും ഉൾപ്പെടെ ചേർന്ന് നാട്ടുകാരുമായി നടത്തിയ ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നഷ്ടപരിഹാരം സംബന്ധിച്ച കാര്യത്തിൽ കളക്ടറുമായി നാളെ ചർച്ച നടത്തും. തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്ന് നാട്ടുകാർ അറിയിച്ചു.

News Malayalam 24x7
newsmalayalam.com