"സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശം"വിവാദ പരാമർശവുമായി കാന്തപുരം

ഇന്നത്തെ പ്രധാന വാർത്തകൾ...
"സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശം"വിവാദ പരാമർശവുമായി കാന്തപുരം

അഞ്ചാം ദിനവും രക്ഷാപ്രവർത്തനം തുടരുന്നു

നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ അഞ്ചാം ദിനവും രക്ഷാപ്രവർത്തനം തുടരുന്നു. 675 ജീവൻ പൊലിഞ്ഞെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. വിദേശ പൗരൻമാരടക്കം രണ്ടായിരത്തിലധികം പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തകർന്ന റോഡുകൾ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

മലയാളി സംഘം തിരിച്ചെത്തി

നേപ്പാളിലെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട 36 അംഗ മലയാളി സംഘം തിരിച്ചെത്തി. പുലർച്ചയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ദുരന്തത്തിൻ്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയില്ലെന്ന് അവർ പ്രതികരിച്ചു.

ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

മഞ്ചേരി എംഡിഎംഎ കേസിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മലപ്പുറം ഡിവൈഎസ്പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയിൽ 13 കിലോയോളം എംഡിഎംഎയാണ് പിടികൂടിയത്.

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

ആചാരപെരുമയിൽ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. 51 പള്ളിയോടങ്ങള്‍ മാറ്റുരയ്ക്കും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നുമണിക്കാണ് മത്സര വള്ളംകളി ആരംഭിക്കുക. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.

ഓണം വാരാഘോഷങ്ങൾക്ക് ഇന്ന് സമാപനം

സംസ്ഥാന ഓണം വാരാഘോഷങ്ങൾ ഇന്ന് സമാപിക്കും. വൈകിട്ട് തലസ്ഥാനത്തെ ഇളക്കിമറിച്ച് പ്രൗഢഗംഭീര ഘോഷയാത്ര നടക്കും. പരിപാടി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും. നഗരത്തിൽ രണ്ട് മണിമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടാൻ നിശ്ചലദൃശ്യങ്ങളും കലാപ്രകടനങ്ങളും പ്രദർശിപ്പിക്കും.

സിപിഐഎം സംരംഭത്തിനെതിരെ സാമ്പത്തിക തിരിമറി ആരോപണം

കണ്ണൂരിൽ സിപിഐഎം  സംരംഭത്തിനെതിരെ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. സിപിഐഎം, ഡിവൈഎഫ് ഐ നേതാക്കൾ ഭാരവാഹികളായ ഇരിട്ടിയിലെ നോർത്ത് മലബാർ എഡ്യൂക്കേഷൻ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകരുടെ പരാതി. പതിനായിരത്തിലേറെ റസിപ്റ്റുകൾ അച്ചടിച്ച് കോളേജ് നിർമാണത്തിൻ്റെ പേരിൽ പണം പിരിച്ചെന്നും, 1000 മുതൽ 1 ലക്ഷം രൂപ വരെയുള്ള ഓഹരികൾ സമാഹരിച്ചെന്നും ഓഹരി ഉടമകൾ പറയുന്നു. എന്നാൽ പിരിച്ച തുക എത്ര, ഭൂമി വാങ്ങിയത് എവിടെ എന്നതിനെ കുറിച്ചൊന്നും അറിയില്ലെന്നാണ് ആക്ഷേപം. എന്നാൽ കോളജിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെൻ്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് സൊസൈറ്റി പ്രസിഡൻ്റ് കൂടിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻ്റ് ബിനോയ്‌ കുര്യൻ്റെ വിശദീകരണം .

"കെപിസിസി ആസ്ഥാനത്ത് ആളനക്കമില്ല"

കെപിസിസി അധ്യക്ഷനെ നിയമിക്കുന്നത് വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാജ് മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിൽ പാർട്ടിയില്ലെന്നും 14 ജില്ലകളിലും പാര്‍ട്ടി ആസ്ഥാനങ്ങള്‍ നിശ്ചലമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു. കെപിസിസിക്ക് നാഥനില്ലെന്നും അടിയന്തിര നേതൃമാറ്റം വേണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

"ആരും ഇടപെടേണ്ടതില്ല"

സ്ത്രീകളെ പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന കാന്തപുരത്തിൻ്റെ പ്രസ്താവനയിൽ ആരും ഇടപെടേണ്ടെന്ന് റഹ്മത്തുള്ള സഖാഫി എളമരം. പി.കെ. ശ്രീമതിയും, കെ.കെ. ശൈലജയും സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്. ഇസ്ലാമിലെ ആചാരാനുഷ്ഠാനുങ്ങൾ പറയേണ്ടത് മതപണ്ഡിതൻമാരാണ്. മുസ്ലീം സ്ത്രീകൾ മതാഘോഷത്തിൻ്റെ പേരിൽ തെരുവിൽ പ്രദർശിപ്പിക്കപ്പെടരുത്. ഇത് പറയാനും താൽപ്പര്യമുള്ളവർക്ക് അനുസരിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും റഹ്മത്തുള്ള സഖാഫി.

സ്‌കിസോഫ്രീനിയ ബാധിച്ച മകനെ അച്ഛനും കൂട്ടാളിയും ചേര്‍ന്ന് കൊന്നു

ഡല്‍ഹി: സ്‌കിസോഫ്രീനിയ ബാധിച്ച മകനെ അച്ഛനും കൂട്ടാളിയും ചേര്‍ന്ന് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൃതദേഹം ഷിപ്പിങ് കണ്ടെയ്‌നറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സൗത്ത് ഡല്‍ഹിയിലെ കാളിന്ദി കുഞ്ചിന് സമീപമുള്ള ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേക്ക് സമീപമാണ് മൃതദേഹം ഉപേക്ഷിച്ചത്. സംഭവത്തില്‍ 64 കാരനായ പിതാവിനേയും 49 കാരനായ കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. 38 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടത്.

നേപ്പാള്‍ മിന്നല്‍ പ്രളയം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ തീരുമാനം

നേപ്പാളില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ആശുപത്രികളില്‍ ഇടമില്ലാത്തതിനാല്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ തീരുമാനം. ഭാവിയില്‍ ഡിഎന്‍എ മാച്ചിങ് വഴി മൃതദേഹം തിരിച്ചറിയാന്‍ സാധിക്കുന്ന വിധത്തില്‍ 1.5 മീറ്റര്‍ ആഴത്തിലാണ് കുഴികള്‍ എടുക്കുന്നത്. മൃതദേഹങ്ങളില്‍ നിന്ന് രോഗപ്പകര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

ജന്മനാടിന്റെ സുരക്ഷിതത്വത്തിലേക്ക്; നേപ്പാളില്‍ നിന്ന് രക്ഷപ്പെട്ട മലയാളി സംഘം തിരിച്ചെത്തി

നേപ്പാളിലെ ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ട 36 അംഗ മലയാളി സംഘം തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയില്ലെന്ന് പ്രതികരണം.

"പ്രോബ്ലം സോൾവ്"

ആലപ്പുഴ കായംകുളത്ത് മാവേലിയുടെ ദേഹത്ത് എണ്ണയൊഴിച്ച സംഭവം ഒത്തുതീർപ്പായി. മാവേലിയായി വേഷമണിഞ്ഞ ചന്ദ്രബാബുവും കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന വ്യക്തിയും തമ്മിൽ സംസാരിച്ച് പ്രശ്നം അവസാനിപ്പിച്ചു.

പിണറായിക്ക് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍

പിണറായി വിജയന്റെ പയ്യന്നൂര്‍ പ്രസംഗത്തിന് മറുപടിയുമായി വി കുഞ്ഞികൃഷ്ണന്‍. പിണറായിയുടെ വ്യാഖ്യാനം പാര്‍ട്ടി നേതൃത്തെ വെല്ലുവിളിക്കുന്നത്. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ സ്വയം പരിഹാസ്യരാകുന്ന സമീപനം.

അനുനയ സ്വരവുമായി എ.കെ. ബാലന്‍

പ്രതിപക്ഷ ഉപനേതൃ പദവി തര്‍ക്കത്തില്‍ അനുനയ സ്വരവുമായി എകെ ബാലന്‍. ഇടതു മുന്നണിയുടെ ഹൃദയവും തലച്ചോറുമാണ് സിപിഐയും സിപിഐഎമ്മും. നയം പറയാന്‍ രണ്ട് പാര്‍ട്ടികള്‍ക്കും അവകാശമുണ്ട്.

യുഡിഎഫിന് പരിഹാസം

ഇളകുന്ന ആടിന്റെ അകിട് കണ്ട് പിന്നാലെ ഓടുന്ന കുറുക്കനെ പോലെയാണ് യുഡിഎഫ് എന്ന് എ.കെ. ബാലന്‍. ചെങ്കൊടിയുടെ ഒരു തണല്‍ കിട്ടാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പ്രതിസന്ധി ഘട്ടത്തിലെല്ലാം സിപിഐഎമ്മിനെ സമീപിച്ചവരാണ് ലീഗെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യയിൽ മുസ്ലീങ്ങളുണ്ടാകരുതെന്ന് കരുതുന്നവർ ഹിന്ദുവല്ല"

ഇന്ത്യയിൽ മുസ്ലീങ്ങളുണ്ടാകരുതെന്ന് കരുതുന്നവർ ഹിന്ദുവല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. എല്ലാവഴികളും ഒരേ ലക്ഷ്യത്തിലേക്കെന്ന് തിരിച്ചറിയുന്നവരാണ് ഹിന്ദുക്കൾ. മതങ്ങൾ വ്യത്യസ്തമാണെങ്കിലും മാനവികത ഒന്നാണെന്നും മോഹൻ ഭഗവത് വ്യക്തമാക്കി.

മരണത്തിന് വിട്ടുകൊടുക്കാതെ...

700 ല്‍ അധികം പേരുടെ ജീവനെടുത്ത നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ അതിജീവനത്തിന്റെ നേര്‍ചിത്രമായി ഒരു ആറ് വയസ്സുകാരി. മൂന്ന് ദിവസത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്ന് കുട്ടിയെ ജീവനോടെ പുറത്തെടുത്തത്. കുട്ടിയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി

ആശുപത്രികളിലെ 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി. കെ മുരളീധരന്‍. കെജിഎംഒഎ ഔദ്യോഗികമായി എതിര്‍പ്പ് അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി മുന്നോട്ടു പോകും. എന്താണ് ആവശ്യപ്പെടുന്നത് എന്നതിനനുസരിച്ച് ചെയ്തു കൊടുക്കും.

കെജിഎംഒ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി

മന്ത്രിയെ കാണണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് നേരിട്ട് കാണാം. അല്ലാതെ ദിവസേന സ്റ്റേറ്റ്‌മെന്റ് ഇറക്കേണ്ട ആവശ്യമില്ല. എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. ഡോക്ടര്‍മാര്‍ കാണണം എന്ന് ആവശ്യപ്പെട്ടതിനാല്‍ കാണുന്നു അല്ലാതെ ചര്‍ച്ചയല്ല.

നൂറോളം പേരെ ഇനിയും കണ്ടെത്താനായില്ല

നേപ്പാളിലേക്ക് പോയ 319 തമിഴ്നാട് സ്വദേശികളില്‍ 100-ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി എ. രാജ്‌മോഹന്‍. കാണാതായവര്‍ക്കായി നേപ്പാള്‍ സര്‍ക്കാരുമായി സഹകരിച്ച് തെരച്ചില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

സെന്റ് മേരീസ് പള്ളി കുര്‍ബാന തര്‍ക്കത്തില്‍ പരിഹാരം

എറണാകുളം സെന്റ് മേരീസ് പള്ളി, കുര്‍ബാന തര്‍ക്കത്തില്‍ പരിഹാരം. അടഞ്ഞുകിടന്ന പള്ളി തുറന്ന് കുര്‍ബാന നടത്തി വിശ്വാസികള്‍. മൂന്ന് ജനാഭിമുഖകുര്‍ബാനയും ഒരു ഏകീകൃത കുര്‍ബാനയും എന്ന കണക്കില്‍ സമവായം. മേജര്‍ ആര്‍ച്ച് ബിഷപ്പിനും മെത്രാന്മാര്‍ക്കും ഏകീകൃത കുര്‍ബാന നടത്താം. ഏകീകൃത കുര്‍ബാന വാദികള്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കും

കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറക്കും

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കാട്ടുപോത്തിനെ കൊല്ലാന്‍ ഉത്തരിവിറക്കുമെന്ന് കോഴിക്കോട് ആര്‍ഡിഒ പ്രസില്‍ കെ.കെ. ഡിഎഫ്ഒ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കളക്ടര്‍ മുകളിലേക്ക് ഉത്തരവ് കൈമാറി. മരിച്ച സുനിലിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡു ഉന്‍ നല്‍കുമെന്നും ആര്‍ഡിഒ അറിയിച്ചു.

കുടുംബം തയ്യാറാണെങ്കില്‍ ആദ്യ ഗഡു ഇന്ന് തന്നെ നല്‍കും. ഫെന്‍സിഹ് പൂര്‍ത്തിയാക്കാന്‍ നടപടികള്‍ ഉണ്ടാകും.

ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. പെരുവഴിക്കടവ് പള്ളിയറക്കല്‍ പെരുവഴികടവ് പള്ളിയറക്കല്‍ ഭഗവതി ക്ഷേത്രത്തിലും വെള്ളനൂര്‍ കോട്ടോല്‍ പരദേവത ക്ഷേത്രത്തിലുമാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ലോറിക്ക് പിഴ ചുമത്തും

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ഡീസൽ തീർന്നതിനെ തുടർന്ന് ആറാം വളവിൽ കുടുങ്ങിയ ലോറിക്കെതിരെ പിഴ ചുമത്തും. ഡീസൽ പരിശോധന നടത്താതെ മനപ്പൂർവ്വം ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് നടപടി.ലോറികൾ കുടുങ്ങിയതിനെ തുടർന്ന് ചുരത്തിൽ ഇപ്പോഴും പൂർണമായും ഗതാഗതം പുനസ്ഥാപിക്കാനായില്ല.ഇന്ന് രാവിലെയാണ് ചുരം ആറാം വളവിൽ ഡീസൽ തീർന്നതിനെ തുടർന്ന് കണ്ടയ്നർ ലോറിയും, അഞ്ചാം വളവിന് താഴെ എട്ടരയോടെ യന്ത്രതകരാർ കാരണം മറ്റൊരു കണ്ടയ്നർ ലോറിയും കുടുങ്ങിയത്.യന്ത്രത്തകരാറ് കാരണം കുടുങ്ങിയ ലോറി ശരിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

കൈക്കൂലിക്കാർ വകുപ്പിൽ വേണ്ട

സംസ്ഥാനത്തെ ബാർ ഉടമകളുമായി ഉദ്യോഗസ്ഥർക്കുള്ള വഴിവിട്ട ബന്ധത്തിൽ അന്വേഷണം ശക്തമാക്കാൻ എക്സൈസ് വകുപ്പ്. കോട്ടയം ജില്ലയ്ക്ക് പുറമേ ആലപ്പുഴയിലും പരാതികൾ ഉയർന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കൻ എക്‌സൈസ് കമ്മീഷണർക്ക് മന്ത്രി എം ലിജു നിർദേശം നൽകി. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കാണ് നിർദേശം. ഇരു ജില്ലകളിലും ശുദ്ധീകരണം നടത്താമെന്നും മന്ത്രി ഉത്തരവ് നൽകിയിട്ടുണ്ട്. സമയക്രമം പാലിക്കാതെ തുറന്നു പ്രവർത്തിക്കുന്ന ബാർ ഉടമകൾക്കെതിരെയും നടപടി ഉണ്ടായേക്കും. കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ മിന്നൽ പരിശോധനയിൽ കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ ബാർ ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല നടപടി സ്വീകരിക്കുന്നതിനായി നികുതി വകുപ്പ് സെക്രട്ടറിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

കേരളത്തിന് ഉപരാഷ്ട്രപതിയുടെ ഉപദേശം

കേരളത്തിലെ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍. കേരളത്തിലെ നഗരങ്ങളില്‍ പോലും വെള്ളപ്പൊക്കം പതിവാകുന്നു. നദികളിലെ ജലസംഭരണ ശേഷി കുറയുന്നതാണ് ഇതിന് കാരണം. കൃത്യമായ ഇടവേളകളില്‍ കേരളത്തിലെ നദികളില്‍ മണല്‍ നീക്കം നടക്കുന്നില്ല. നദികളിലെ ആഴം കൂട്ടിയില്ലെങ്കില്‍ വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും. നമ്മള്‍ പരിസ്ഥിതി ഭ്രാന്തന്മാര്‍ ആകാന്‍ പാടില്ല. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം വികസനവും ഉറപ്പുവരുത്തണം. നദികളുടെ ആഴം കൂട്ടേണ്ട എന്ന് വാദിക്കുന്നവരോട് വെള്ളം എങ്ങോട്ട് ഒഴുകിപ്പോകും എന്ന് ചോദിക്കണം. കോടതികളാണ് തടസ്സമെങ്കില്‍ കോടതികളെ കാര്യം ബോധ്യപ്പെടുത്തണം. നമ്മുടെ കണക്കുകൂട്ടലുകള്‍ക്ക് അപ്പുറത്തെ മഴയാണ് ഇപ്പോള്‍ പെയ്യുന്നത്.

ആവേശമുയർത്തി ജലമേള... ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് തുടക്കം

ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ആവേശ തുടക്കം. ബി ബാച്ച് പള്ളിയോടങ്ങളുടെ മത്സരം പുരോഗമിക്കുന്നു. മാറ്റുരയ്ക്കുന്നത് 51 പള്ളിയോടങ്ങൾ. കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങൾ ഫൈനലിലേക്ക്. ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം മുഴുവൻ പാടിയതും ചർച്ചയാകുന്നു.

കൊയിലാണ്ടിയിൽ  സൂര്യാഘാതമേറ്റ് വയോധികന് ഗുരുതര പരിക്ക്

കോഴിക്കോട്: കൊയിലാണ്ടി ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതര പരിക്ക്. ഉള്ളൂർ സ്വദേശി സുനിലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

നേപ്പാൾ മിന്നൽ പ്രളയം മരണം 750, 2500 ഓളം പേരെ കാണ്മാനില്ല

നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരണം 750 കടന്നു. 49 ഇന്ത്യക്കാർ അടക്കം 25-00ഓളം പേരെ കാണാതായെന്നാണ് നിഗമനം. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിച്ച് തുടങ്ങി. ദുരന്തത്തിൽപ്പെട്ട ആറ് വയസുകാരിയെ മൂന്ന് ദിവസത്തിന് ശേഷം നേപ്പാൾ സൈന്യം രക്ഷിച്ചു. കുട്ടിയെ കണ്ടെത്തിയത് കരച്ചിൽ കേട്ടുള്ള തിരച്ചിലിൽ.

ആശുപത്രികളിലെ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; സഹകരിക്കുമെന്ന് കെജിഎംഒഎ

തിരുവനന്തപുരം; ആശുപത്രികളിലെ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം പദ്ധതിയോട് സഹകരിക്കുമെന്ന് KGMOA. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. രാവിലെ 8 മുതൽ രാത്രി 8 വരെ ഡോക്ടർമാരുടെ സേവനമുണ്ടാകും. രാത്രി 8 ന് ശേഷം ഓൺ കാൾ ഡ്യൂട്ടി. പദ്ധതിയുടെ തുടക്കം പുനലൂർ ആശുപത്രിയിൽ. സ്ഥാനക്കയറ്റം വേഗത്തിലാക്കാമെന്നും, ഒഴിവുകൾ നികത്തുമെന്നും മന്ത്രി ഉറപ്പ് നൽകിയതായും KGMOA. കൂടുതൽ തസ്‌തികകൾ കണ്ടെത്തുന്നതിനും ചർച്ചയിൽ ധാരണയായി.

ടി.കെ. ഗോവിന്ദന് വോട്ട് ചെയ്ത എൽഡിഎഫുകാർ തെറ്റ് മനസിലാക്കണം; പിണറായി 

തളിപ്പറമ്പിലെ CPIM-ന്റെ പരാജയം സാധാരണ നിലക്കുള്ള പരാജയമല്ലെന്ന് പിണറായി വിജയൻ. എന്താണ് ജനങ്ങളെ വഴി തെറ്റിച്ചത് എന്ന് പരിശോധിക്കേണ്ടതുണ്ട്. പാർട്ടിക്കൊപ്പം നിന്നവർ എന്തുകൊണ്ടാണ് മാറിപ്പോയത്. ടി.കെ. ഗോവിന്ദന് വോട്ട് ചെയ്ത എൽഡിഎഫുകാർ ഇപ്പോൾ എങ്കിലും തെറ്റ് മനസിലാക്കണം. ടി. കെ. ഗോവിന്ദനെ പോലുള്ള അവസരവാദിയെ സ്വീകരിച്ചതിൽ നിങ്ങൾക്ക് പശ്ചാത്താപം ഉണ്ടാകും എന്നും പിണറായി വിജയൻ പറഞ്ഞു.

ബാർ ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങി; കോട്ടയത്ത് ഏഴ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ

കോട്ടയത്ത് ബാർ ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങിയ ഏഴ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്പെൻഷൻ. ബാർ ഹോട്ടലുകളിൽ നിന്ന് പണവും മദ്യവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന കണ്ടെത്തലിലാണ് നടപടി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാറിനും മറ്റു ആറ് ഉദ്യോഗസ്ഥരും നടപടി നേരിടും. അതിനിടെ ചങ്ങനാശേരിയിലെ മൂന്ന് ബാർ ഹോട്ടലുകളിൽ അനധികൃത മദ്യവിൽപ്പന ശക്തമെന്ന് ആരോപിച്ച് എക്സൈസ് മന്ത്രിക്ക് പരാതി ലഭിച്ചു.

ബേപ്പൂരിലെ തോൽവി;  ബൂത്ത് തല കണക്കുകൾ നിരത്തി പി.വി.  അൻവർ 

ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ ബൂത്ത്തല കണക്കുകൾ പറഞ്ഞ് പി.വി. അൻവർ. യുഡിഎഫ് വോട്ടുകൾ ചോർന്നു എന്നാരോപിച്ചാണ് ബൂത്ത് തല കണക്കുകൾ വ്യക്തമാക്കിയുളള വിശദീകരണം. ബേപ്പൂർ മേഖലയിൽ 681 UDF വോട്ടുകൾ ലഭിച്ചില്ലെന്നാണ് വാദം. നാളെ ചെറുവണ്ണൂർ, നല്ലളം മേഖലയിലെ കണക്കുകൾ വിശദീകരിക്കുമെന്നും അൻവർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; കെ.കെ. രാഗേഷ്

തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ പോരായ്മ എന്ന് CPIM കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ശക്തമായ മത്സരം നടത്താൻ കഴിയുന്ന സ്ഥാനാർഥിയെ നിർത്തുന്നതിൽ വീഴ്ച സംഭവിച്ചു. ടി.കെ ഗോവിന്ദൻ വർഗ വഞ്ചകനാണ്. തളിപ്പറമ്പിലെ ബ്രൂട്ടസാണ് ടി.കെ. ഗോവിന്ദൻ. കൂടെ നിന്ന് പാർട്ടിയുടെ നെഞ്ചത്ത് കഠാര കുത്തിയ ഗോവിന്ദനെ സിപിഐഎം ഒരിക്കലും മറക്കില്ലെന്നും കെ.കെ രാഗേഷ് പറഞ്ഞു

"സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശം"വിവാദ പരാമർശവുമായി കാന്തപുരം

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശം എന്ന് കാന്തപുരം എ.പി അബൂബക്കർ മുസലിയാർ. പൊതുവേദിയിൽ ഇറങ്ങരുതെന്ന് പറയുന്നതും സ്ത്രീകളോടുള്ള ബഹുമാനം കൊണ്ട്. പെണ്ണുങ്ങൾ വീടുകളിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നത്. അതുകൊണ്ടാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയത്. ആരെങ്കിലും ചോദ്യം ചെയ്താൽ പേടിച്ച് ഓടില്ലെന്നും കാന്തപുരം പറഞ്ഞു.

ഉയർന്ന തിരമാലകൾ,  കടലാക്രമണ സാധ്യത; തിരുവനന്തപുരം ജില്ലയിൽ കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)) ജില്ലയിലെ തീരങ്ങളിൽ 01/09/2026 രാത്രി 08.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് 01/09/2026 രാത്രി 11.30 വരെ 1.2 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

പുറപ്പെടുവിച്ച സമയവും തീയതിയും: 09.00 PM; 30/08/2026

News Malayalam 24x7
newsmalayalam.com