കോഴിക്കോട് അത്തോളിയിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. അത്തോളി കൂമൂള്ളി-കൊളത്തൂർ ക്ഷേത്രം റോഡിൽ കോതങ്കലിൽ വെച്ചാണ് അപകടം. റോഡരികിലൂടെ നടന്നുപോയ വയോധികന് പിന്നിൽ സ്കൂട്ടർ വന്ന് ഇടിക്കുകയായിരുന്നു. കോതങ്കൽ ഈഴപ്പക്കുടി സെയ്തലവി ആണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ച വിദ്യാർത്ഥിക്കും പരിക്കേറ്റു. കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇവർ.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഇഡി റിപ്പോർട്ടിൽ പിണറായി വിജയന് എതിരെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രാഥമിക അന്വേഷണം നടത്താനാണ് വിജിലൻസ് ഒരുങ്ങുന്നത്. മുഹമ്മദ് റിയാസും വീണയും അന്വേഷണ പരിധിയിൽ വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിയമോപദേശം അഡ്വക്കേറ്റ് ജനറൽ സർക്കാരിന് കൈമാറി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്.
അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആൻ്റോ അഗസ്റ്റിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് സുൽത്താൻ ബത്തേരി കോടതി പരിഗണിക്കും. പ്രതിയെ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കടുത്ത ചൂടിന് അശ്വാസമായി ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് ഉള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പല ജില്ലകളിലും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്.
കാസർഗോഡ് ബന്തടുക്കയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. കർണാടക സ്വദേശിയായ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ക്യാബിൻ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവറുടെ കാലിനാണ് ഗുരുതര പരിക്കേറ്റത്. അപകടത്തിൽപ്പെട്ടത് പൈപ്പുമായി എത്തിയ ലോറി.
വൈറ്റ് ഹൗസിൽ ഡൊണൾഡ് ട്രംപിൻ്റെ മാധ്യമവിലക്ക്. സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നി മാധ്യമങ്ങളെ വിലക്കുമെന്ന് ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനം. നടപടി, തുടർച്ചയായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് സിഎൻഎൻ ആരോപിച്ചു.
ഏഷ്യൻ ഗെയിംസിന് ഇന്ന് നഗോയയിൽ തുടക്കം. 16 ദിവസം നീണ്ടുനിൽക്കുന്ന ഗെയിംസിൽ 43 മത്സര ഇനങ്ങളാണ് നടക്കുക. ഇന്ത്യൻ പതാകയേന്തുക മനു ഭാക്കറും പവൻ സെഹ്‌റാവത്തുമാണ്. ഉദ്ഘാടന ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടര മുതൽ ആരംഭിക്കും.
സ്പാനിഷ് ലീഗ് തുടർച്ചയായ ഏഴാം ജയം ലക്ഷ്യമിട്ട് ബാഴ്സലോണ ഇന്നിറങ്ങും. സെവിയ്യയാണ് ബാഴ്സലോണയുടെ എതിരാളികൾ. രാത്രി 12.30നാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലും ഇന്നിറങ്ങും.
ഇറാനും റഷ്യക്കുമെതിരായ ഉപരോധ ബില്ലിൽ ഒപ്പുവെച്ച് യുഎസ്. റഷ്യയിൽ നിന്ന് എണ്ണയോ വാതകമോ വാങ്ങിയാൽ ഇനി 100 ശതമാനം വരെ തീരുവ. മുന്നറിയിപ്പ് ഇന്ത്യയും ചെെനയും അടക്കം അഞ്ച് രാജ്യങ്ങൾക്ക്. റഷ്യയെ സഹായിക്കുന്ന ഇറാനും , ഉത്തരകൊറിയയ്ക്കും തീരുവ നടപടി ബാധകം. ഇറാനെതിരായ ഊർജ്ജ, ആയുധ ഉപരോധം 2031 വരെ നീട്ടി.
കോഴിക്കോട് പയ്യോളി ഓയിൽ മില്ലിന് സമീപം ദമ്പതികൾക്ക് നേരെ ആക്രമണം. കാറിൽ സഞ്ചരിച്ച മൂരാട് സ്വദേശികളായ വിഷ്ണുവിനും ഭാര്യ അഞ്ജുവിനും പരിക്ക്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ബന്ധുവിൻ്റെ മരണവീട് സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ സംഘം നിരന്തരം ഹോൺ മുഴക്കി, കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റ് വിഷ്ണുവിൻ്റെ ചെവിക്ക് പരിക്കേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ഭാര്യയെ കഴുത്തിൽ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടു. പരിക്കേറ്റവർ വടകര സഹകരണ ആശുപത്രിയിൽ. പയ്യോളി പൊലീസ് കേസെടുത്തു.
സിഎംആർഎൽ-എക്സാലോജിക് കേസിൽ എജിയുടെ നിയമോപദേശം ലഭിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കും. മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി വിഷയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്യേണ്ട ആവശ്യം ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അങ്കമാലിയിൽ ട്രെയിൻ തട്ടി കൊല്ലം സ്വദേശികളായ രണ്ട് ബന്ധുക്കൾ മരിച്ചു. കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദേശിയായ വിസ്മയ, കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ രണ്ടുപേരെയും കാണാനില്ല എന്ന് കാട്ടി കഴിഞ്ഞദിവസം പൊലീസ് കേസ് എടുത്തിരുന്നു. ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിൻ ആണ് ഇടിച്ചത്.
മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത്. യൂണിയൻ പിരിച്ചുവിട്ടത് ക്രമക്കേടുകൾ ഉയർന്ന പശ്ചാത്തലത്തിൽ. പാൽ സംഭരണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തി. ഗുണനിലവാരം കുറഞ്ഞ പാൽ വിതരണം ചെയ്തു. എണ്ണമറ്റ ക്രമക്കേടുകൾ പ്രഥമ ദൃഷ്ടിയാൽ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടൽ എന്നും മന്ത്രി പറഞ്ഞു. അതേസമയം യൂണിയൻ പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന മിൽമ ചെയർമാൻ്റെ വാദം മന്ത്രി തള്ളി.
കോഴിക്കോട് വടകര തിരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം. നാലു പേർക്ക് കടിയേറ്റു. കടിയേറ്റതിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൂന്ന് വയസുള്ള കുട്ടിയെ കടിച്ചെടുത്തുകൊണ്ട് പോകാൻ ശ്രമിച്ചതായും മാതാപിതാക്കൾ പറഞ്ഞു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നന്ദിഗ്രാം സ്ഥാനാർഥിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ദേശീയ പ്രതിഷേധം നടത്തുമെന്നും വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് ബിജെപിയോട് പോരാടുന്നത് കോൺഗ്രസ് ആണ്. സിപിഐഎം അല്ല. അടിസ്ഥാന ജനാധിപത്യം പോലും രാജ്യത്തില്ല. പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നു. ബനാന റിപ്പബ്ലിക്ക് ആക്കുന്നു. നന്ദിഗ്രാം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത അധ്യായമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. 2029ൽ ബിജെപിയെ തൂത്തെറിയുമെന്നും കെ.സി. വേണുഗോാപാൽ പറഞ്ഞു.
സിഎംആർഎൽ-എക്സാലോജിക് കേസ് ഇഡി രചിച്ച തിരക്കഥയാണെന്ന് സിപിഐഎം നേതാവ് എ.കെ. ബാലൻ ആരോപിച്ചു. കേസെടുത്തത് അടിസ്ഥാനരഹിതമായ മൊഴികളുടെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനെതിരെ തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അബ്കാരി കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിനെ 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മുതൽ നാളെ ഉച്ചയ്ക്ക് 12 വരെയാണ് കസ്റ്റഡി സമയം. സുൽത്താൻ ബത്തേരി കോടതിയാണ് തീരുമാനമെടുത്തത്.
പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാമിന് പിന്നാലെ റെജി നഗറിലെയും സ്ഥാനാർഥി പത്രിക പിന്‍വലിച്ചു. തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥി റബിഉല്‍ ആലം ആണ് പത്രിക പിന്‍വലിച്ചത്.
നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ യുവാവിനെ മർദിച്ചതായി പരാതി. കാട്ടുമുണ്ട കുന്നുപുറം സ്വദേശി കാഞ്ഞിരാല ഹർഷിദിനാണ് മർദനമേറ്റത്. മർദനത്തിൽ പല്ല് ഇളകിയെന്നും കൈക്ക് ചതവുണ്ടായെന്നു ഹർഷിദ് ആരോപിച്ചു. നിലമ്പൂർ സ്റ്റേഷനിലെ സിപിഒ ഷഫീഖിനെതിരെയാണ് പരാതി. പരാതിക്കാർ സഞ്ചരിച്ച വാഹനം യുവാവിനെ ഇടിച്ചെന്ന പരാതിയിലാണ് ഹർഷിദിനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്. എന്നാൽ ഹർഷിദ് ആണ് ഉദ്യോഗസ്ഥരെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നത്. ഹർഷിദിനെതിരെയും ഹർഷിദിൻ്റെ പരാതിയിലും വെവ്വേറെ കേസുകൾ എടുത്തു. നേരത്തെ ആശുപത്രി ആക്രമിച്ചത് അടക്കം മറ്റു കേസുകളിലും ഹർഷിദ് പ്രതിയാണ്.
സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കാം എന്ന നിയമോപദേശത്തിൽ പഠിച്ചിട്ട് പറയാം എന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. സിപിഐ നിലപാട് പലവട്ടം പറഞ്ഞു. എൽഡിഎഫിനെയും സിപിഐഎമ്മിനെയും രാഷ്ട്രീയമായി വേട്ടയാടുകയാണെങ്കിൽ ഞങ്ങൾ നോക്കിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സുകുമാരൻ നായർ അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം.
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹന അപകടം. നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിയിലേക്ക് ഇടിച്ചു കയറി. കാറിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കോന്നി കൂടൽ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി. ഹര്‍ജി ഈ മാസം 23ന് പരിഗണിക്കും. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് എടുത്ത കേസ് കളമശേരിയിലേക്ക് കൈമാറിയിരുന്നു.
സൗദി ആക്രമണത്തിൽ യെമനിൽ ഹൂതി സീനിയർ കമാൻഡർ കൊല്ലപ്പട്ടു. കബൂബ് ഫ്രണ്ടിന്‍റെ ഫസ്റ്റ് ബ്രിഗേഡ് കമാൻഡർ ജനറൽ ഫിറാഖ് അൽ അസറാണ് കൊല്ലപ്പെട്ടത്. ബാബ് എൽ മന്ദേബിലെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കമാൻഡറുടെ ബോഡി ഗാർഡുകളും കൊല്ലപ്പെട്ടു. ഫിറാഖ് അൽ അസറിന്‍റെ മരണം ഹൂതികൾ സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് മുതൽ ബുധൻ വരെ നേരിയ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ അതി തീവ്ര ന്യൂന മർദത്തിന് സാധ്യതയെന്നാണ് പ്രവചനം.
കോഴിക്കോട് മുക്കം ഗേറ്റുംപടിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ രണ്ടുപേർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കുമാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിനു സാധ്യത. വൈകിട്ട് 6.15 നും 12.45 നും ഇടയിലാകും നിയന്ത്രണം. വൈദ്യുതി ആവശ്യകത 900 മെഗാവാട്ടായി തുടരുന്നു. മധ്യപ്രദേശിൽ നിന്നുള്ള സ്വാപ്പ് കരാർ വഴിയുള്ള 200 മെഗാവാട്ട് ഇന്നും ലഭിക്കില്ല. ഇന്നലെയും വൈദ്യുതി നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പവർ കട്ട് ഒഴിവാക്കിയിരുന്നു. പവർ എക്സ്ചേഞ്ച് വഴി മതിയായ വൈദ്യുതി ലഭിച്ചതിനാലാണ് ഇന്നലെ പ്രഖ്യാപിച്ച നിയന്ത്രണം ഒഴിവാക്കിയത്.
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള ബിൽ പിൻവലിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തയ്യാറാക്കി, നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പിന്‍വലിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ പിന്‍വലിക്കാനുള്ള പ്രമേയം അവതരിപ്പിക്കും. ഗവർണർവഴി ഇക്കാര്യം കേന്ദ്ര സർക്കാരിനെയും ഔദ്യോഗികമായി അറിയിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതിയ സ്വകാര്യ സർവകലാശാല ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. പഴയ ബില്ലിലെ ചില വ്യവസ്ഥകളോട് കേന്ദ്ര സർക്കാരും ലോക് ഭവനും സ്വകാര്യ സർവകലാശാലകളും എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് സർക്കാർ നടപടി.
സംവിധായകന്‍ സനൽകുമാർ ശശിധരനെതിരെ മാന നഷ്ട കേസുമായി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് മഞ്ജു കേസ് കൊടുത്തത്.
ഡൽഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് വന്‍ ജയം. പ്രധാനപ്പെട്ട നാല് സ്ഥാനങ്ങളില്‍ മൂന്നിലും എബിവിപി ജയിച്ചു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളാണ് എബിവിപി ജയിച്ചത്. യാഷ് ദബാസ് ആണ് യൂണിയൻ പ്രസിഡന്റ്. സെക്രട്ടറി റിയ ഛൗഡി, ജോയിന്റ് സെക്രട്ടറി ലക്ഷ്യ രാജ് സിങ്. അതേസമയം, വൈസ് പ്രസിഡന്റായി എന്‍എസ്‍യു വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായ ദീപാൻഷു ഷൗക്കീൻ ജയിച്ചു.
മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ ലിഫ്റ്റില്‍ കുടുങ്ങി. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി സ്വദേശികളായ സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംവം. ഫയർഫോഴ്‌സ് എത്തുന്നതിനു മുൻപ്, നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്ന് രോഗികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആശുപത്രിയിലെ ലിഫ്റ്റ് സംവിധാനം താൽക്കാലികമായി നിർത്തിവെച്ചു.
കൊല്ലം കുളത്തൂപ്പുഴയിൽ മൂന്നു കുട്ടികൾക്ക് മിന്നലേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. ചൊഴിക്കോട് സ്വദേശികളായ ആദി ദേവ, വിജയ് കൃഷ്ണ, ആർദ്ര എന്നിവർക്കാണ് മിന്നലേറ്റത്. രണ്ടു പേരെ കുളത്തൂപ്പുഴ ആശുപത്രിയിലും, ഒരു കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
കോഴിക്കോട് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമാണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ. ജയന്ത് എംഎല്‍എയുടെ പരാതിയിലാണ് നടപടി. മിഡ് ലാന്‍ഡ് കോണ്‍ട്രാക്ടിങ് പ്രൈവറ്റ് ലിമിറ്റഡിന് ടെണ്ടർ നൽകിയതിൽ ഉൾപ്പെടെ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. ഡിപിആറിൽ നിന്ന് വ്യതിചലിച്ചാണ് പദ്ധതി നിർവഹണമെന്നും പരാതിയില്‍ പറയുന്നു. കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയാണ് നഗരപാത വികസന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതി നടപ്പാക്കുന്നത്.
സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തിനു പകരം സ്വകാര്യ ആഡംബര കാര്‍ ഉപയോഗിച്ചത് വിവാദമായതോടെ, റേഞ്ച് റോവര്‍ തിരികെ നല്‍കി മന്ത്രി കെ.എം. ഷാജി. കെഎംസിസി നേതാവ് യാക്കൂബ് വാണിയടത്തിന്റെ കാറാണ് ഷാജി തിരികെ നല്‍കിയത്. കണ്ണൂര്‍ തില്ലങ്കേരിയിലെ യാക്കൂബിന്റെ വീട്ടില്‍ കാര്‍ എത്തിച്ചു. സർക്കാർ വാഹനം ഉപയോഗയോഗ്യം അല്ലാത്തതിനാലാണ് സുഹൃത്ത് നൽകിയ കാർ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നതെന്നായിരുന്നു ഷാജിയുടെ വിശദീകരണം. സുഹൃത്തിന്റെ വാഹനത്തിൽ ബോർഡ് വെച്ച് യാത്ര ചെയ്യുന്നതിന് സർക്കാരിന്റെ അനുമതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒരാളിൽ നിന്നും സൗജന്യം കൈപ്പറ്റാൻ പാടില്ലെന്നിരിക്കെ, മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപണം ഉയർന്നിരുന്നു.
എസ്ഐആറിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചവരില്‍ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപക പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രേഖ ഗുപ്ത, അരവിന്ദ് കെജ്‌രിവാള്‍, ഭാര്യ സുനിത കെജ്‌രിവാള്‍, മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് എംപിയുമായ കപില്‍ സിബല്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുടെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. രാജ്യതലസ്ഥാനത്ത് 33 ലക്ഷത്തിലധികം പേർക്കാണ് വോട്ടർ പട്ടികയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ട്രാൻസ്‌ജെന്‍ഡര്‍ ദീപ്തി കല്യാണിയെ സമൂഹമാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹര്‍ഷിതിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സിറ്റി പൊലീസ് സംഘമാണ് കാസർഗോഡ് ബന്തിയാട് സ്വദേശിയായ ധന്യയെ കാസര്‍ഗോഡ് എത്തി അറസ്റ്റ് ചെയ്തത്. തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് നടപടി.
തിരുവനന്തപുരം കഴക്കൂട്ടത്ത് അരി കടത്തിയ ലോറി കസ്റ്റഡിയില്‍ എടുത്തു. 240 ചാക്ക് അരിയുമായി പോയ ലോറിയാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. റേഷൻ അരിയാണോ കടത്താൻ ശ്രമിച്ചത് എന്ന് പരിശോധിക്കാനായി സാമ്പിൾ ശേഖരിച്ചു. പാറശ്ശാലയിൽ നിന്നും ആലപ്പുഴയിലെ മില്ലുകളിലേക്ക് റേഷനരി കടത്തുന്നതായി പരാതി ഉയർന്നിരുന്നു.
തിരുവനന്തപുരം നഗരത്തിലെ രാസലഹരി വേട്ടയില്‍ വലിയതുറ സ്വദേശികളായ ആന്റണി, സഹീർ എന്നിവർ പിടിയിലായി. ഇവരില്‍നിന്നും 55 ഗ്രാം എംഡിഎംഎ പിടികൂടി. കഴക്കൂട്ടം കാരോട് ബൈപ്പാസ് പുത്തൻകടയ്ക്ക് സമീപത്തു നിന്നുമാണ് ഇരുവരെയും പിടികൂടിയത്. എക്സൈസ് നർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി. ഇരുവരും നിരവധി ലഹരി, ക്രിമിനൽ കേസുകളിലെ പ്രതികളാണ്. തമിഴ്‌നാട്ടിൽ നിന്നും ഇരുചക്രവാഹനത്തിൽ ലഹരിവസ്തുക്കൾ കടത്താൻ ശ്രമിക്കവെയാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്.
പതിനെട്ടാമത് ഐഡിഎസ്എഫ്എഫ്കെയിലെ 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ. 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ഒമ്പത് ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്‌സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്‌ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്‍ഡ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്‌സ് ഓഫ് വാർ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ ചിത്രങ്ങൾക്കാണ് അനുമതി കിട്ടാതിരുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഈ മാസം 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് ഡോക്യുമെൻററി മേള സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ബാലരാമപുരം കോട്ടുകാലില്‍ അഞ്ചു വയസ്സുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ വീടിന്റെ കിണറ്റില്‍ കണ്ടെത്തി. ദിലീപ് - ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്. ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നെയ്യാറ്റിൻകര ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരള സർവകലാശാല കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച നാലുവർഷ ബിരുദത്തിലെ സെമസ്റ്റർ 4, സെമസ്റ്റർ 1 സപ്ലിമെൻററി പരീക്ഷ ഫലങ്ങൾ പിൻവലിച്ചു. പ്രസിദ്ധീകരിച്ച ഫലത്തിൽ വ്യാപകമായ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സർവകലാശാല ഉപയോഗിക്കുന്ന കെ റീപ്പ് സോഫ്റ്റ്‌വെയർ പിൻവലിക്കാനും, യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെൻററിന്റെ സോഫ്റ്റ്‌വെയർ പുനസ്ഥാപിക്കാനും തീരുമാനിച്ചു. നിലവിൽ ഉപയോഗിക്കുന്ന കെ റീപ്പ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറാണ് പിഴവിന് കാരണം.
ഡിജിപിയുടെ പൈലറ്റ് വാഹനം തടഞ്ഞെന്ന കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിയ കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിനെ കസ്റ്റഡിയില്‍ എടുത്തു. ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടഞ്ഞെന്നു പറഞ്ഞ് സ്കൂട്ടര്‍ യാത്രികനായ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ സുഹൃത്തിനെ സഹായിക്കുന്നതിനായാണ് ഗോകുല്‍ കുന്നംകുളം സ്റ്റേഷനിലെത്തിയത്. അവിടെവച്ച് പൊലീസുകാരും ഗോകുലും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
മുഹമ്മദ് ഷിയാസ് എംഎല്‍എയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച പ്രതി പിടിയില്‍. കൊല്ലം പെരിനാട് സ്വദേശി മുഹമ്മദ് റഫീക്കിനെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം. തോപ്പുംപടി സുറിയാനി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് മുഹമ്മദ് ഷിയാസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന്, എംഎല്‍എയെയും കുടുംബത്തെയും അവഹേളിക്കുന്ന രീതിയിലാണ് മുഹമ്മദ് റഫീക്ക് കമന്റിട്ടത്.
തിരുവനന്തപുരം തൊളിക്കോട് കെഎസ്ഇബി ജീവനക്കാരനെ മർദിച്ചതായി പരാതി. സെക്ഷൻ ഇലക്ട്രിസിറ്റി വർക്കറായ കുമാരനെയാണ് ദേഹോപദ്രവം ഏൽപ്പിച്ചത്. റീ കണക്ഷൻ നൽകാൻ എത്തിയപ്പോൾ മന്നൂർക്കോണം സ്വദേശി എ സുധീർ മർദിച്ചു എന്നാണ് പരാതി. വലിയമല പൊലീസിൽ പരാതി നൽകിയ കുമാരൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
മുൻ റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവിനെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ തക്കാളിയും മദ്യക്കുപ്പിയും മുട്ടയും എറിയാൻ ശ്രമിച്ചതിനാണ് നടപടി. ചണ്ഡിഗഡിലായിരുന്നു സംഭവം.
ഗുരുതര സാമ്പത്തിക ക്രമക്കേടില്‍ അഡീഷണൽ ലേബർ കമ്മീഷണർക്ക് സസ്പെൻഷൻ. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ശ്രീലാലിനെയാണ് സസ്പെൻഡ് ചെയ്തത്. കോംപ്രഹെൻസിവ് ഹെൽത്ത് ഇൻഷുറൻസ് ഏജൻസിയുടെ സിഇഒ ആയി ചുമതല വഹിക്കവേ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ശബരിമല സന്നിധാനത്തെ അരവണ വിതരണത്തില്‍ നിയന്ത്രണം. ഒരു ടിൻ അരവണ മാത്രമാണ് നിലവിൽ തീർഥാടകർക്ക് നൽകുന്നത്. നിർമാണ ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവർത്തിയുടെ ഭാഗമായി അരവണ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചിരുന്നു. ഇതാണ് അരവണ ക്ഷാമത്തിന് കാരണം. അരവണ വിതരണം നിയന്ത്രിച്ചതില്‍ തീര്‍ഥാടകര്‍ പ്രതിഷേധം അറിയിച്ചു.