മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചിട്ടും നടപടിയെടുത്തില്ല; തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ എംബിബിഎസ് വിദ്യാർഥികളുടെ പ്രതിഷേധം

ഇന്നത്തെ പ്രധാനവാർത്തകൾ
മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചിട്ടും നടപടിയെടുത്തില്ല; തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ എംബിബിഎസ് വിദ്യാർഥികളുടെ പ്രതിഷേധം

പാറ്റകളുടെ പ്രതിഷേധം ശക്തം: ഹൈ അലേർട്ട് പ്രഖ്യാപിച്ച് ഡൽഹി പൊലീസ്

ഡൽഹി രാജ്യതലസ്ഥാനത്ത് നടക്കുന്ന സിജെപി സമരത്തിന് പിന്തുണയേറുന്നു. പ്രതിഷേധം ശക്തമായതോടെ ഹൈ അലേർട്ട് പ്രഖ്യാപിച്ച് പൊലീസ്. പാർലമെൻ്ററിലേക്കുള്ള മുഴുവൻ റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചു. ജന്തർമന്തറിൽ റാപിഡ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നും സമരത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ എത്തുമെന്നാണ് വിവരം.

പാറ്റകളുടെ പ്രതിഷേധത്തെ പിന്തുണച്ച് നസ്റുദ്ദീൻ ഷാ

സിജെപി പ്രതിഷേധത്തിന് പിന്തുണയുമായി നടൻ നസ്റുദ്ദീൻ ഷാ. പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളുടെ പ്രതിഷേധം ഭരണക്കൂടം അവഗണിക്കരുതെന്നും നസ്റുദ്ദീൻ ഷാ പറഞ്ഞു.

സിക്കിം തുരങ്ക ദുരന്തം; മരണസംഖ്യ 20 ആയി

സിക്കിം തുരങ്ക ദുരന്തത്തിൽ മരണസംഖ്യ ഉയർന്നു. ദുരന്തത്തിൽ ഇതുവരെ 20 പേർക്കാണ് ജീവൻ നഷ്ടമായത്. അപകടസമയം തുരങ്കത്തിനുള്ളിൽ ഉണ്ടായിരുന്നത് 27 പേരാണ്. മരണപ്പെട്ട 13 പേരെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. കാണാതായ ഏഴ് പേരിൽ ഒരാൾ മലയാളി ജിയോളജിസ്റ്റ് എന്നും റിപ്പോർട്ട്. കോട്ടയം സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്.

പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പീഡനം; മലപ്പുറം സ്വദേശി പിടിയിൽ

പ്രേതബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ പീഡനം. മലപ്പുറം സ്വദേശി പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം.സിറാജാണ് പാലക്കാട് ചിറ്റൂരിൽ വച്ച് പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ ചിറ്റൂരിൽ എത്തിയ സിറാജ് പെൺ സുഹൃത്തിൻ്റെ 16 വയസുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്.

കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം; സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ

കൊച്ചിയിൽ ഹൈക്കോടതി ജഡ്ജിക്കും ഡ്രൈവർക്കും നേരെ അസഭ്യവർഷം. സ്കൂട്ടർ യാത്രികൻ അറസ്റ്റിൽ. പച്ചാളം സ്വദേശി അരുണിനെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ ആയിരുന്നു ഇയാളുടെ പരാക്രമം. തിങ്കളാഴ്ച വൈകിട്ട് പച്ചാളത്തെ കെ.എസ് ഉദയൻ റോഡിൽ വച്ചായിരുന്നു സംഭവം. ജഡ്ജിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കഞ്ചിക്കോട് വിദ്യാർഥിക്ക് മർദനം; കായിക അധ്യാപകനെ സ്ഥലംമാറ്റി

കഞ്ചിക്കോട് വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ കായിക അധ്യാപകനെ സ്ഥലം മാറ്റി. കഞ്ചിക്കോട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം കായിക അധ്യാപകനായ കൊടുവായൂർ സ്വദേശി സാദിഖിനെയാണ് സ്ഥലം മാറ്റിയത്. പട്ടാമ്പി സർക്കാർ ഹൈസ്കൂളിലേക്കാണ് മാറ്റം. വിദ്യാർഥികളെ അകാരണമായി മർദിച്ചെന്ന പരാതിയിൽ സാദിഖിനെതിരെ വാളയാർ പൊലീസ് കേസെടുത്തിരുന്നു. പി.ടി പിരീഡിൽ അനുവാദം വാങ്ങാതെ ഗ്രൗണ്ടിൽ പ്രവേശിച്ചതിന് അധ്യാപകൻ ചൂരലുപയോഗിച്ച് ക്രൂരമായി മർദിച്ചു എന്നായിരുന്നു വിദ്യാർഥികളുടെ പരാതി.

സിജെപി സമരത്തിന് പിന്തുണയുമായി എം.കെ. സ്റ്റാലിൻ

സിജെപി സമരത്തിന് പിന്തുണയുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നീറ്റിൻ്റെ അപകടത്തെപ്പറ്റി ആദ്യം മുന്നറിയിപ്പ് നൽകിയത് ഡിഎംകെ. നീറ്റ് റദ്ദാക്കണം എന്ന ആവശ്യം പ്രതിഷേധത്തിൻ്റെ ഹൃദയത്തിൽ നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ഡോ.റാമിൻ്റെ അറസ്റ്റിൽ പൊലീസിന് വീഴ്ച പറ്റി"; പരിശോധന നടത്തുമെന്ന് വി.ഡി. സതീശൻ

ഡോ.റാമിൻ്റെ അറസ്റ്റിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ആഭ്യന്തര മന്ത്രി തന്നെ ഇക്കാര്യം പരിശോധിച്ചു. അന്വേഷണ സംഘത്തെ മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

"പൊലീസിൻ്റെ ബെസ്റ്റ് ഫ്രണ്ട്"; തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവര്‍മാരെ തൂഫാന്‍ വാരിയേഴ്‌സ് ആയി പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി

തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവര്‍മാരെ തൂഫാൻ വാരിയേഴ്സ് ആയി പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസിൻ്റെ ഇൻഫോർമർ അല്ല ഓട്ടോ ഡ്രൈവർമാർ. പൊലീസിൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നും അദ്ദേഹം പറഞ്ഞു

കായംകുളം നഗരസഭയിൽ ഭരണ പ്രതിപക്ഷ കയ്യാങ്കളി; നാല് പേർക്ക് പരിക്ക്

കായംകുളം നഗരസഭയിൽ ഭരണ പ്രതിപക്ഷ കയ്യാങ്കളി. ചെയർമാൻ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. രണ്ടാം വാർഡിലെ അംഗനവാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എൽഡിഎഫ് അംഗങ്ങൾ തടഞ്ഞതിനെ തുടർന്നുണ്ടായ ബഹളത്തിൽ നഗരസഭാ ചെയർമാൻ ശരത് ലാൽ ബല്ലാരി ഉൾപ്പെടെ നാല് കൗൺസിലർമാർക്ക് പരിക്കേറ്റു.

കാസർഗോഡ് ഷിഗെല്ല; അഞ്ച് പേർ ചികിത്സയിൽ

കാസർഗോഡ് ഷിഗെല്ല സ്ഥിരീകരിച്ചു. നീലേശ്വരം ചാത്തമത്തുണ്ടായ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയ നാല് കുട്ടികളടക്കം അഞ്ചുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

വെമ്പായം ബാറിലെ സംഘർഷം; ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം വെമ്പായം ബാറിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിൽ ഉണ്ടായിരുന്ന നന്നാട്ടുകാവ് സ്വദേശി അനീഷാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനീഷ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബാറിൽ ഉണ്ടായ സംഘർഷത്തിൽ പെട്രോൾ ഉപയോഗിച്ച് ആക്രമിച്ചത് അനീഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ചികിത്സയിലുണ്ടായിരുന്ന ചീരണികര സ്വദേശി നവാസും മരിച്ചിരുന്നു.

കുത്തിയിരിപ്പ് സമരം അറിയിച്ചില്ല; രാഹുലിനോട് അതൃപ്തി അറിയിച്ച് ഇന്ത്യാ സഖ്യം നേതാക്കൾ

കുത്തിയിരിപ്പ് സമരം അറിയിക്കാത്തതിൽ രാഹുൽ ഗാന്ധിയോട് അതൃപ്തി അറിയിച്ച് ഇന്ത്യാ സഖ്യം നേതാക്കൾ. സിപിഐഎം, ടിഎംസി അടക്കമുള്ള പ്രതിപക്ഷ കക്ഷി നേതാക്കളാണ് രാഹുലിനോട് നേരിട്ട് അതൃപ്തി രേഖപ്പെടുത്തിയത്.

ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നീക്കം; പരീക്ഷാക്രമക്കേടിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചെന്ന് വി. മുരളീധരൻ

ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നീക്കമെന്ന് വി. മുരളീധരൻ. പരീക്ഷാക്രമക്കേടിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതാണ്. പ്രസംഗം തുടരുമ്പോഴും പ്രവർത്തകർ ഒരു വശത്ത് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിൽ എബിവിപി-എസ്എഫ്ഐ സംഘർഷം.  വിദ്യാർഥി സംഘർഷം; നാല് പേർക്ക് പരിക്ക്

കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജിൽ സംഘർഷം; സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകർ കോളേജിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബോർഡാണ് എസ്എഫ്ഐ സ്ഥാപിച്ചതെന്ന് എബിവിപി പ്രവർത്തകർ ആരോപിച്ചു.

ഡൽഹിയിലെ സമരം ആശങ്കാജനകം; യുവാക്കളെ ചിലർ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന് രാജ്‌നാഥ് സിങ്

ഡൽഹിയിൽ തുടരുന്ന സമരം അതീവ ആശങ്ക ഉണ്ടാകുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ യുവാക്കളെ ചിലർ സ്വാർത്ഥ താൽപ്പര്യം നിറവേറ്റുന്നതിനായി രാഷ്ട്രീയ ആയുധമാക്കുന്നത് നിർഭാഗ്യകരം. രാജ്യത്തെ വിവേകശാലിയായ യുവാക്കൾ ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ശ്രമങ്ങൾ മനസിലാകുന്നുണ്ട് . എല്ലാ വിഷയങ്ങളിലും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഡല്‍ഹി പൊലീസിന്റെ അതിക്രമം; ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം തകര്‍ന്നിരിക്കുന്നു. സുതാര്യമായ വിദ്യാഭ്യാസ സംവിധാനം വേണമെന്ന് മാത്രമാണ് കുട്ടികൾ ആവശ്യപ്പെടുന്നത്.

10 വര്‍ഷത്തിനിടെ 152 ചോദ്യ പേപ്പര്‍ ചോര്‍ച്ച; സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?

ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനമായിരുന്നു നമ്മുടേത്. അത് തകര്‍ന്നിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 152 ചോദ്യ പേപ്പർ ചോർച്ചയുണ്ടായി. എല്ലാ മാസവും ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടാവുന്ന സാഹചര്യം. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെയാണ് അത് നിരാശയിലേക്ക് തള്ളിയിടുന്നത്. 7.5 കോടി കുട്ടികളെയും കുടുംബങ്ങളെയും അത് ബാധിച്ചു. ഇത്രയൊക്കെ സംഭവിച്ചിട്ടും ആരും ശിക്ഷിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. 1.43 ലക്ഷം കോടി രൂപയാണ് ഓരോ വർഷവും സർക്കാർ നീറ്റിനായി ചിലവാക്കുന്നത്. ഇത്രത്തോളം തുക രാജ്യത്തെ വിദ്യാര്‍ഥികളുടെ കുടുംബങ്ങളും ചിലവാക്കുന്നുണ്ട്. അതുകൊണ്ട് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. സുതാര്യമായ വിദ്യാഭ്യാസ സംവിധാനം വേണമെന്ന് മാത്രമാണ് കുട്ടികൾ ആവശ്യപ്പെടുന്നത്. സമാധാനപരമായിട്ടാണ് അവര്‍ പ്രതിഷേധിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരോട് അതിക്രമം കാണിക്കുകയായിരുന്നു.

തെരുവില്‍ ഇങ്ങനെ തല്ലിച്ചതയ്ക്കാന്‍ വിദ്യാര്‍ഥികള്‍ എന്ത് തെറ്റാണ് ചെയ്തത്?

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ പരീക്ഷാക്രമക്കേടുകള്‍ ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികളെ തെരുവില്‍ ഇങ്ങനെ തല്ലിച്ചതയ്ക്കാന്‍ എന്ത് തെറ്റാണ് അവര്‍ ചെയ്തത്? ന്യായമായ ആവശ്യവുമായാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നതാണ് ചോദ്യം. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സുരക്ഷാസേന ആയുധങ്ങള്‍കൊണ്ട് നേരിടുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

"ഈ ഉറപ്പുകള്‍ പാലിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാം"; കേന്ദ്രത്തിന് കത്തെഴുതി സോനം വാങ്ചുക്ക്

നിരാഹാരം സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ നിബന്ധനകള്‍വച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. കേന്ദ്ര മന്ത്രിമാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ രണ്ട് ഉറപ്പുകള്‍ക്കൊപ്പം, പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര, ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കണം എന്നാണ് വാങ്ചുക്ക് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി. നഡ്ഡ എന്നിവര്‍ക്ക് വാങ്ചുക്ക് കത്തെഴുതി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ എംബിബിഎസ് വിദ്യാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എംബിബിഎസ് വിദ്യാർഥികളുടെ പ്രതിഷേധം. വിദ്യാർഥിനികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചിട്ടും പ്രതിക്കെതിരെ പൊലീസ് നടപടി എടുക്കുന്നില്ല എന്നാണ് ആക്ഷേപം. പരാതിക്കാരെ പൊലീസ് മനപ്പൂർവം പിന്തിരിപ്പിച്ചു വിട്ടു, എസ്എച്ച്ഒ മോശമായി പെരുമാറിയെന്നും ആക്ഷേപം.

News Malayalam 24x7
newsmalayalam.com