
കോതമംഗലം കോട്ടപ്പടിയിൽ കാട്ടാനക്കൂട്ടമെത്തി കൃഷിയിടങ്ങൾ നശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെയെത്തിയ കാട്ടാനക്കൂട്ടം വാവേലി സ്വദേശി പൗലോസിൻ്റെ പുരയിടത്തിലാണ് വ്യാപകമായി കൃഷി നാശം വരുത്തിയത്. വീടിനു സമീപം വരെയെത്തിയ ആനകൾ തെങ്ങ്, വാഴ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ തിന്നും, ചവിട്ടിമെതിച്ചും നശിപ്പിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘവും സ്ഥലത്തെത്തിയിരുന്നു.ആനപ്പേടി കാരണം വീട്ടിൽ കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ബിജെപി-യുവമോർച്ച പ്രവർത്തകക്കെതിരെ കേസിൽ പത്ത് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്. റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി കാണിച്ചിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. വി.ഡി. സവർക്കർ വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് കരിങ്കൊടി കാണിച്ചത്.
അടൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തുന്നത്. പഴകിയ മീനും ഭക്ഷണവും പിടികൂടി. പരിശോധന തടസപ്പെടുത്താൻ ഹോട്ടലുകാരുടെ ശ്രമം നടക്കുന്നു.
കൊല്ലത്ത് ഇന്നലെ കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ വീഴുകയായിരുന്നു.
കൊഴിഞ്ഞാമ്പാറ വടകരപ്പതിയിലെ കൊലപാതകക്കേസിൽ മൂന്ന് പ്രതികൾക്കൂടി അറസ്റ്റിൽ. ആട്ടയാമ്പതി സ്വദേശികളായ മരിയാദാസ്, സ്‌റ്റീഫൻ, വിനീത് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കൊഴിഞ്ഞാമ്പാറ കാളവണ്ടിയോട്ടം പരിശീലനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്.
വണ്ടാനം മെഡിക്കൽ കോളേജിൽ നിയമനത്തിന് കൈക്കൂലിയെന്ന ജി. സുധാകരൻ്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം നേതാവ് എച്ച്. സലാം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നേരിട്ട് പരാതി നൽകി. കുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി നിയമനം നടന്നെന്നാണ് സുധാകരൻ്റെ ആരോപണം. 100 പേരെ നിയമിച്ചതായും സുധാകരൻ ആരോപിച്ചിരുന്നു. ഈ നിയമനങ്ങൾ അന്വേഷിക്കണമെന്നാണ് എച്ച്. സലാമിൻ്റെ പരാതി. അന്വേഷണം ഉടനുണ്ടാവുമെന്ന് വിജിലൻസ് മന്ത്രി ഉറപ്പ് നൽകി.
ആലപ്പുഴ ഇഎസ്ഐ കടപ്പുറത്ത് മത്സ്യബന്ധന വലയിൽ മൃതശരീരം കുടുങ്ങി. മത്സ്യബന്ധനത്തിന് പോയ ബോട്ടിൻ്റെ വലയിലാണ് മൃതശരീരം കുടുങ്ങിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രവാചകൻ എന്ന ബോട്ടിലെ തൊഴിലാളികളാണ് മൃതശരീരവുമായി തീരത്തേക്ക് എത്തിയത്.
യൂണിഫോം തയ്യാറാക്കി നൽകാമെന്ന പേരിൽ സഹപ്രവർത്തകരെ കബളിപ്പിച്ച കേസിൽ എസ്എപി ക്യാമ്പിലെ പൊലീസുകാരൻ അറസ്റ്റിൽ. അറസ്റ്റിലായത് പൊലീസ് ട്രെയിനി ശംഭു ആർ കൃഷ്ണൻ. സഹപ്രവർത്തകരിൽ നിന്ന് തട്ടിയെടുത്ത ഏഴു ലക്ഷം രൂപ പണം ഓൺലൈനിൽ റമ്മി കളിച്ച് കളഞ്ഞെന്ന് മൊഴി.
സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ യൂടൂബർ തൊപ്പിക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നേരത്തെ തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ എന്ന് നിരീക്ഷിച്ചാണ് ഹർജി തീർപ്പാക്കിയത്.തൊപ്പി ഒളിവിൽ തുടരുന്നതിനിടെയാണ് ഇത്.
ലോക്സഭയിൽ ഇന്നും പ്രതിപക്ഷബഹളം. പ്രതിപക്ഷം പ്ലകാർഡും ബാനറുകളും ഉയർത്തിയാണ് പ്രതിഷേധിച്ചത്. സഭാംഗങ്ങൾ സഭയെ മാനിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണിവരെ നിർത്തി വച്ചു.
ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാറ്റിനോയ്ക്ക് പിന്തുണയുമായി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. ഇൻഫാൻ്റിനോയെ മാറ്റാൻ ഫിഫ ആലോചിച്ചാൽ, വലിയ തിരിച്ചടിയാകുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്. അമേരിക്കാൻ സോക്കർ ഇൻഫാൻ്റിനോയ്ക്കെതിരെ തുറന്ന കത്തെഴുതിയതിന് പിന്നാലെയാണ് ഇഫാൻ്റിനോയ്ക്ക് പിന്തുണയുമായി ട്രംപ് രംഗത്ത് എത്തിയത്.
ചൈനയിൽ വീശിയടിച്ച ഡോൾഫിൻ ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി ഫിലിപ്പീൻസിൽ മഴക്കെടുതി. വടക്കൻ ലൂസോൺ മേഖലകളിലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കാരണം പന്ത്രണ്ടായിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചു. കിഴക്കൻ ചൈനയിൽ വരും ദിവസങ്ങളിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്.
ഉത്തരാഖണ്ഡ് ചമോലിയിൽ വൻ മേഘ വിസ്ഫോടനം. നിതി താഴ്‌വരയിലെ തമക് പാലം ഒലിച്ചുപോയി. അതിർത്തി മേഖലയിലെ പത്തിലധികം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.
ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കി യുഎസ് കോടതി. യുഎസ് നീതിന്യായ വകുപ്പിൻ്റെ ആവശ്യപ്രകാരമാണ് നടപടിയ എല്ലാ നടപടികളും അവസാനിപ്പിച്ചതായി ന്യൂയോർക്ക് കോടതി അറിയിച്ചു. ഉത്തരവ് സ്വാഗതം ചെയ്ത അദാനി. രണ്ട് വർഷം നീണ്ടുനിന്ന കൈക്കൂലി, വഞ്ചനാ കേസുകളാണ് ഇതോടെ അവസാനിച്ചത്.
ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിലെ വിദ്യാർഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. അർധരാത്രിയിലും വിദ്യാർഥികളും പൊലീസുമായി ഏറ്റുമുട്ടി. സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പിഎസ്‍സി പരീക്ഷയുടെ മാർക്ക് വെളിപെടുത്തണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തത്. വിവരാവകാശ കമ്മീഷൻ ഉത്തരവിന് എതിരെ പിഎസ്‍സി നൽകിയ ഹർജിയിലാണ് സ്റ്റേ.
സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരം പിൻവലിച്ച് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്.
പ്രകാശ് രാജ് വോട്ടർ പട്ടികയിൽ നിന്ന് പുറത്ത്. ബെംഗളൂരുവിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട 65 ലക്ഷം പേരിൽ ഒരാൾ താനാണെന്ന് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ച് താരം വ്യക്തമാക്കി. പൗരന്മാർക്ക് വോട്ട് അവകാശം നിഷേധിക്കാനുള്ള നിങ്ങളുടെ അധികാരം നിങ്ങൾക്ക് ഉപയോഗിക്കാമെന്നും പ്രകാശ് രാജ് പറഞ്ഞു. വോട്ടവകാശം തിരികെ ലഭിക്കാൻ ഏതൊക്കെ വഴികളിലൂടെയാണ് പോകേണ്ടതെന്ന് തനിക്ക് അറിയാമെന്നും പ്രകാശ് രാജ് പറഞ്ഞു.
മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്. കായിക വകുപ്പ് റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. മെസിയെ എത്തിക്കാനുള്ള നീക്കത്തിൻ്റെ ഒരു കരാർ രേഖകളുമില്ല. ക്രിമിനൽ കുറ്റങ്ങളും ഫിനാൻഷ്യൽ ഫ്രോഡിങ്ങും നടന്നതായി സംശയിക്കുന്നു.
എൽപിഎസ്ടി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. 45 ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരൻ(92) അന്തരിച്ചു. തൃശൂരിലെ വസതിയിൽ ആയിരുന്നു അന്ത്യം. പരമേശ്വരൻ്റെ നാലാം ലോക സിദ്ധാന്തം കേരളത്തിലെ ഇടതുപക്ഷത്തിനിടയിൽ ചർച്ചകൾ വഴിവച്ചിരുന്നു. തുടർന്ന് 2004-ൽ അദ്ദേഹത്തെ സിപിഐഎം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
കേരളത്തിൻ്റെ പേരുമാറ്റം ബിൽ ലോക്സഭ പാസാക്കി. ബിൽ അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷത്തിന് താത്പര്യമില്ലെന്ന് നിത്യാനന്ദ റായ് പറഞ്ഞു. കെ.സി. വേണുഗോപാൽ അടക്കമുള്ള കേരളത്തിലെ എംപിമാർ ബഹളമുണ്ടാക്കുന്നതിൽ നിരാശയെന്ന് കിരൺ റിജിജു പറഞ്ഞു. രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പൊന്മുടി എക്കോ ടൂറിസം നാളെ തുറക്കും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു. നാളെ തുറക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
അമ്മ അഡ്ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോൻ്റെ ഹർജിയിൽ കക്ഷി ചേരാനുള്ള അൻസിബ ഹസൻ്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുൻസിഫ് കോടതി ആണ് അപേക്ഷ തള്ളിയത്.
പാലക്കാട് വാണിയംകുളത്ത് വീണ്ടും തെരുവുനായ ആക്രമണം. വാണിയംകുളം കോതയൂരിൽ 7 ആടുകളെ കടിച്ചുകൊന്നു.ഒരു ആട്ടിൻകുട്ടിയെ നായ്ക്കൾ കടിച്ചു തിന്നു. ഇരുപതോളം ആടുകളുള്ള ചൂരക്കോട്ടിൽ അയ്യപ്പൻ്റെ വീട്ടിലാണ് തെരുവ് നായ്ക്കളുടെ പരാക്രമം ഉണ്ടായത്.
ബലാത്സംഗക്കേസിൽ ഐപിഎൽ താരം അഭിഷേക് പൊറേൽ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കർണാടകയിലെ മെഡിക്കൽ വിദ്യാർഥിനിയാണ് പരാതിക്കാരി. മൂന്നര വർഷമായി ബന്ധത്തിലായിരുന്നെന്നും യുവതിയുടെ പരാതി. ഐപിഎല്ലിൽ ഡെൽഹി ക്യാപ്പിറ്റൽസ് താരമാണ് അഭിഷേക് പൊറേൽ.
മുൻ സിറിയൻ പ്രസിഡൻ്റ് ബഷാർ അൽ അസദിന് വധശിക്ഷ. സിറിയൻ കോടതിയാണ് ശിക്ഷ വിധിച്ചത്. അസദിന്‍റെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്കാണ് ശിക്ഷ. നിലവിൽ റഷ്യയിലെ മോസ്കോയിൽ അഭയം തേടിയിരിക്കുകയാണ് ബഷാർ അൽ അസദ്.
കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട രാജേഷിന്റെ തിരുവനന്തപുരം ജില്ലയിലെ കല്ലിയൂരുള്ള വീട്ടിൽ റവന്യൂമന്ത്രി എ.പി. അനിൽകുമാർ സന്ദർശിച്ചു. സാധ്യമായ സർക്കാർ സഹായങ്ങളെല്ലാം മന്ത്രി കുടുംബത്തിന് ഉറപ്പു നൽകി. ഇക്കാര്യത്തിൽ തീരുമാനം വൈകില്ലെന്നും മന്ത്രി ഉറപ്പു നൽകി. രാവിലെയാണ് മന്ത്രി വീട്ടിലെത്തിയത്. മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തതടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കണ്ണൂരിൽ മറ്റൊരാളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ആണ് രാജേഷിന്റെ ജീവൻ പൊലിഞ്ഞത്.
ഇൻസ്റ്റാഗ്രാം വഴി സൗഹൃദത്തിലായ വിദ്യാർഥിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസിൽ പോത്തൻകോട് പേരുത്തല സ്വദേശി അഖിൽ (19) അറസ്റ്റിൽ. പത്താം തരം പരീക്ഷ പൂർത്തിയാക്കി നിന്ന പതിനഞ്ചുകാരിയെ തന്ത്രപരമായി പ്രതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
പെൺകുട്ടിയെ കൗൺസിലിംഗ് നടത്തിയത്തോടെയാണ് വിവരം പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോണിൽ നിന്നും നഗ്നചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. പോത്തൻകോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കാസർഗോഡ് തൃക്കരിപ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ.പി. നിസാറിൻ്റെ വീട്ടിലാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെ ആയിരുന്നു അപകടം.
പിഎം ശ്രീ വിഷയത്തിൽ ലീഗിന് ഒരു നിലപാടാണ് ഉള്ളതെന്നും അഭിപ്രായവ്യത്യാസം ഇല്ലെന്നും മന്ത്രി കെ.എം. ഷാജി. "കമ്മിറ്റിയിൽ ലീഗിന്റെ എല്ലാ അഭിപ്രായവും അറിയിക്കും. അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട് ആണല്ലോ കമ്മിറ്റി രൂപീകരിച്ചത്. യോജിക്കാനും വിയോജിക്കാനും സ്വാതന്ത്ര്യം ഉണ്ട്. മുന്നണിയിൽ വിയോജിപ്പ് അറിയിക്കേണ്ട സമയം അറിയിക്കും," കെ.എം. ഷാജി പറഞ്ഞു.
പ്രശസ്ത ആണവ ശാസ്ത്രജ്ഞനും ശാസ്ത്ര പ്രചാരകനുമായിരുന്ന ഡോ. എം.പി. പരമേശ്വരന്റെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ശാസ്ത്രത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിലേക്കും ചിന്തകളിലേക്കുമെത്തിക്കാ ന്‍ അദ്ദേഹത്തോളം ശ്രമിച്ച മറ്റൊരു വ്യക്തിയില്ലെന്നും മുഖ്യമന്ത്രി ഓർത്തെടുത്തു.
"ഡോ. എം.പി. പരമേശ്വരന്റെ വേര്‍പാടില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. ശാസ്ത്രത്തെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിലേക്കും ചിന്തകളിലേക്കും ഇറക്കിവയ്ക്കാന്‍ അദ്ദേഹത്തോളം പരിശ്രമിച്ച മറ്റൊരു വ്യക്തിത്വമില്ല. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ബാര്‍കിലെ സുരക്ഷിതമായ ജോലി ഉപേക്ഷിച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ അദ്ദേഹം, ആ പ്രസ്ഥാനത്തിന് ജനകീയ അടിത്തറയുണ്ടാക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. കേവലം ഒരു ശാസ്ത്രജ്ഞന്‍ എന്നതിലുപരി, കേരളത്തിന്റെ സാമൂഹിക വികസന ചിന്തകളെ ആഴത്തില്‍ സ്വാധീനിച്ച ദാര്‍ശനികന്‍ കൂടിയായിരുന്നു എം.പി പരമേശ്വരന്‍. അദ്ദേഹം മുന്നോട്ടുവച്ച 'നാലാം ലോക സിദ്ധാന്തം' കേരളത്തിലെ വികസന ചര്‍ച്ചകളില്‍ പുതിയൊരു വഴിത്തിരിവായിരുന്നു. മഹാത്മാഗാന്ധിയുടെ 'ഗ്രാമസ്വരാജ്', 'സ്വദേശി' സങ്കല്‍പങ്ങളോട് ഏറെ അടുത്തു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ ദര്‍ശനം. അധികാര വികേന്ദ്രീകരണം, പ്രാദേശിക സ്വയംപര്യാപ്തത, ഉപഭോഗ സംസ്‌കാരത്തോടുള്ള എതിര്‍പ്പ്, പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനം എന്നിവയിലൂന്നിയുള്ള ഒരു ബദല്‍ സമൂഹത്തെയാണ് നാലാം ലോക സിദ്ധാന്തത്തിലൂടെ അദ്ദേഹം വിഭാവനം ചെയ്തത്. ആഗോള കോര്‍പറേറ്റ് ശക്തികള്‍ക്കും വിഭവചൂഷണത്തിനുമെതിരെ പ്രാദേശിക വിഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ലളിത ജീവിത മാതൃകയും ഗാന്ധിയന്‍ ചിന്തകളിലെ പ്രായോഗിക ആശയങ്ങളും അദ്ദേഹം ശാസ്ത്രീയമായി കോര്‍ത്തിണക്കി. വികസനത്തെയും പ്രകൃതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശാലവും മാനവികവുമായ കാഴ്ചപ്പാടുകള്‍, പരമ്പരാഗതമായ രാഷ്ട്രീയ ചട്ടക്കൂടുകള്‍ക്ക് അപ്പുറത്തായിരുന്നു. ആശയപരമായ സഹിഷ്ണുത കുറഞ്ഞ ഇടങ്ങളില്‍ ഇത്തരം ബദല്‍ ചിന്തകള്‍ തെറ്റിദ്ധരിക്കപ്പെടുകയും, അതിന്റെ പേരില്‍ അദ്ദേഹത്തിന് സ്വന്തം പ്രസ്ഥാനത്തില്‍ നിന്നുപോലും പുറത്താകേണ്ടി വന്നിട്ടുണ്ട്. വികസന നയങ്ങളിലുണ്ടായ ആശയപരമായ വിയോജിപ്പുകളും അടഞ്ഞ കാഴ്ചപ്പാടുകളുമാണ് അദ്ദേഹത്തിന്റെ ചിന്തകളെ വേണ്ടത്ര ഉള്‍ക്കൊള്ള തടസമായതെന്നു കരുതേണ്ടി വരും. പാര്‍ട്ടി പുറംതള്ളിയെങ്കിലും താന്‍ വിശ്വസിച്ച ശാസ്ത്രത്തിലും ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളിലും ഉറച്ചുനിന്ന്, അവസാന ശ്വാസം വരെ ജനകീയ പങ്കാളിത്തമുള്ള വികസന മാതൃകകള്‍ക്കായി എം.പി പരമേശ്വരന്‍ വാദിച്ചുകൊണ്ടേയിരുന്നു. നൂറോളം പുസ്തകങ്ങളിലൂടെയും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കിയ ശാസ്ത്രബോധത്തിലൂടെയും ഡോ. എം.പി പരമേശ്വരന്‍ എക്കാലവും ഓര്‍മിക്കപ്പെടും. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു," മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായി. ആൻ്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനുമാണ് ഹാജരായത്. എന്നാൽ റോജി അഗസ്റ്റിൻ ഹാജരായില്ല. ഇതോടെ ഇവർക്കെതിരായ ജാമ്യമില്ലാ വാറണ്ട് കോടതി പിൻവലിച്ചു. മൂവരോടും 13ന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ കോടതിയിൽ ഹാജരായത്. കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതോടെയാണ് തിരക്കിട്ട് പ്രതികൾ കോടതിയിൽ ഹാജരായത്.
കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ പ്രതിസന്ധിയെ കുറിച്ചുള്ള ന്യൂസ് മലയാളം വാർത്തയിൽ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ കൂടുതൽ വിദ്യാർഥി സൗഹൃദമാക്കിയിരിക്കുകയാണ് ഈ സർക്കാർ. വിദ്യാർഥികൾക്ക് ഇനി മുതൽ 12 കോളേജുകളിൽ എവിടെ എത്തി റിപ്പോർട്ട് ചെയ്താലും കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഈ മാസം 13ന് നടക്കുന്ന കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനിൽ ഈ സൗകര്യം ഉണ്ടാകും.
കഴിഞ്ഞ വർഷം വരെ തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജിലാണ് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. എന്നാൽ ഈ വർഷം ഓരോ കോളേജിലും പ്രത്യേകം പ്രത്യേകമായാണ് സ്പോട്ട് അഡ്മിഷൻ വച്ചത്. ഒരേ ദിവസം പല കോളേജുകളിൽ അഡ്മിഷൻ വച്ചതിനാൽ വിദ്യാർഥികൾക്ക് അവസരം നഷ്ടമാകും എന്ന ആശങ്ക ഉയർന്നിരുന്നു.
കർക്കിടക വാവുബലിക്കുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. തിരുവനന്തപുരത്ത് ശംഖുമുഖം, വർക്കല, തിരുവല്ലം എന്നീ കേന്ദ്രങ്ങളിൽ ബലിതർപ്പണത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി അറിയിച്ചു. ബലിതർപ്പണത്തിന് എത്തുന്നവർക്കായി കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാകുമെന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ളതിനാൽ പൊലീസിന്റെയും സർക്കാർ സംവിധാനങ്ങളുടെയും നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
കൊല്ലം പത്തനാപുരത്ത് നിന്ന് പിടികൂടിയ പുലിയെ അച്ചൻകോവിൽ ജനവാസ മേഖലയിൽ തുറന്ന് വിട്ടെന്ന പരാതിയുമായി പ്രദേശവാസികൾ . മൂഴിയാർ വനമേഖലയിൽ തുറന്ന് വിടാനായിരുന്നു പദ്ധതിയെങ്കിലും മണ്ണിടിച്ചിൽ കാരണം അച്ചൻകോവിലിൽ തുറന്ന് വിട്ടെന്ന ആക്ഷേപമാണ് ഉയരുന്നത്. ആയിരക്കണക്കിന് തീർത്ഥാടകരും സാധാരണക്കാരും എത്തുന്ന അച്ചൻകോവിലിന്റെ പ്രാധാന്യം പോലും പരിഗണിക്കാതെ ജനവാസമേഖലയിൽ തന്നെ പുലിയെ വനംവകുപ്പ് തുറന്ന് വിട്ടെന്നാണ് നാട്ടുകാരുടെ പരാതി. വനം വകുപ്പിൻ്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വൈറ്റില മുതൽ അരൂർ വരെ ദേശീയപാത 66ൽ രൂപപ്പെട്ട ഭീമൻ കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. കുഴികളിൽ പെടാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുന്നതോടെ അപകടസാധ്യതയും വർധിക്കുകയാണ്. തിരക്കേറിയ ദേശീയപാതയിൽ വാഹനങ്ങൾ വേഗം കുറയ്ക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഇരുചക്ര വാഹന യാത്രക്കാരാണ് കുഴികളിൽപ്പെട്ട് ഏറെ ദുരിതം അനുഭവിക്കുന്നത്.
സാങ്കേതിക സർവകലാശാലയിലെ ഈ വർഷത്തെ അഞ്ചാം സെമസ്റ്റർ ഇയർ ബാക്ക് ഒഴിവാക്കി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. വിദ്യാർഥികളുടെ ആവശ്യത്തെ തുടർന്നാണ് നടപടി.
കോഴിക്കോട് കാരപ്പറമ്പിന് സമീപം യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. എടക്കാട് സ്വദേശി ശ്രീലേഷിനെയാണ് അജ്ഞാത സംഘം മർദ്ദിച്ചത്. ബൈക്കിൽ എത്തിയവർ ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. എലത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.