സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ഇന്ന് 7 മരണം റിപ്പോർട്ട് ചെയ്തു. സർക്കാരിൻ്റെ പകർച്ചവ്യാധി പ്രതിരോധം പാളുന്നതായാണ് വ്യാപക വിമർശനം. ഹൈപവർ കമ്മിറ്റി വന്നിട്ടും പകർച്ചവ്യാധി മരണങ്ങളെ പ്രതിരോധിക്കാൻ ആവുന്നില്ലെന്നാണ് ആക്ഷേപം.
അതേസമയം സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് 3 മരണം സ്ഥിരീകരിച്ചു. മരിച്ചവർ എറണാകുളം, മലപ്പുറം സ്വദേശികളാണ്. കോഴിക്കോടും ഇടുക്കിയിലും 2 പേരുടെ മരണം എലിപ്പനിയെ തുടർന്നെന്ന് സംശയമുണ്ട്. തൃശൂരിൽ ഇൻഫ്ലുവൻസ, എച്ച്1 എൻ1 ബാധിച്ച് 2 മരണങ്ങളും സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്താകെ 10,364 പേർ പനി ബാധിച്ച് ചികിത്സ തേടി. ഏറ്റവും കൂടുതൽ പനിബാധിതർ മലപ്പുറത്താണ്. ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് 103 പേർ മരിച്ചു. ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇൻഫ്ലുൻസ ബാധിച്ചാണ് (111 പേർ). ഇതുവരെ സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ മരിച്ചത് 435 പേരാണ്.
റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിൻ്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിരാവിലെ കൊച്ചിയിലെ ന്യൂസ് ഡസ്കിൽ ഒരു സംഘം പൊലീസുകാർ ഇരച്ചുകയറി മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങി. ഒന്നര മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് മാധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളും പകർത്തിയെന്നും പിണറായി വിജയൻ ആരോപിച്ചു.
റിപ്പോർട്ടർ ടീവിയുടെ ഓഫിസിൽ അതിരാവിലെ റെയ്ഡ് നടത്തി മാധ്യമ പ്രവർത്തകരുടെ പ്രവർത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയിൽ കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മിറ്റി അതിശക്തമായ ഭാഷയിൽ പ്രതിഷേധിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ പൊലീസിൻ്റെ കടന്നുകയറ്റം അത്യന്തം അപലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നുo കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ആർ.ഗോപകുമാറും ജില്ലാ സെക്രട്ടറി എം. ഷജിൽ കുമാറും അഭിപ്രായപ്പെട്ടു.
മെസി വിവാദത്തിൽ സംസ്ഥാന വ്യാപക പരിശോധന. റിപ്പോർട്ടർ ടിവി ഓഫീസിൽ അടക്കം പൊലീസ് റെയ്ഡ് നടത്തി. വയനാട് വാഴവറ്റയിലെ അഗസ്റ്റിൻ സഹോദരൻമാരുടെ തറവാട് വീട്ടിലും കൊച്ചിയിലെ ഫ്ലാറ്റുകളിലും പരിശോധന. ആൻ്റോ അഗസ്റ്റിൻ അടക്കമുള്ളവരെ എസ്ഐടി ചോദ്യം ചെയ്തു.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. 35 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന് കൂടിയ താപനില.
സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ സിഎംആർഎൽ ഉദ്യോഗസ്ഥൻ രംഗത്ത്. സിഎംആർഎൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം നൽകി. പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. ഇഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തു എന്ന് ആക്ഷേപം. താൻ പറഞ്ഞ മൊഴി ഇഡി മുഖവിലക്കെടുത്തില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
വിശുദ്ധനഗരമായ മക്കക്ക് നേരെ ഹൂതി ആക്രമണ ശ്രമം. ഡ്രോൺ പ്രതിരോധിച്ചെന്ന് സൗദി പ്രതിരോധസേന. മക്ക നഗരത്തിൽ പ്രവേശിക്കും മുൻപ് തകർത്തു. സൗദിയുടെ ശ്രമം സഹതാപം പിടിച്ചു പറ്റാൻ എന്ന് ഹൂതികൾ.
യമനിൽ ഹൂതി വിമതരും സർക്കാർ സൈന്യവും തമ്മിലുള്ള പോരാട്ടം കടുക്കുന്നു. സംഘർഷ സാഹചര്യം ഭയന്ന് ജിബൂട്ടിയിലേക്ക് പലായനം ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞെന്ന് യുഎൻ. നാടുവിട്ടവരിൽ അറുപത് ശതമാനത്തിലധികവും സ്ത്രീകളും കുട്ടികളും.
ആറ്റിങ്ങലിൽ കാൽനടയാത്രക്കാരൻ ടൂറിസ്റ്റ് ബസ് ഇടിച്ചു മരിച്ചു. ആറ്റിങ്ങൽ കരിച്ചയിൽ തോട്ടിൻകര വീട്ടിൽ അനിലാണ് മരണപ്പെട്ടത്. പുലർച്ചെ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോൾ കൊല്ലം ഭാഗത്തേക്ക് പോയ ടൂറിസ്റ്റ് ബസ്സ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
റിപ്പോർട്ടർ ചാനലിലെ റെയ്ഡ് നിയമപരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വാർത്ത സംപ്രേക്ഷണം തടസ്സപ്പെടുത്തിയതായി അറിയില്ല. അവരുടെ ചാനലിൽ നിന്നാണ് താൻ വിവരമറിഞ്ഞത്. ഫോൺ പിടിച്ചെടുത്തത് അന്വേഷണത്തിൻ്റെ ഭാഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട് മുൻ വിദ്യാഭ്യാസമന്ത്രി അൻബിൽ മഹേഷിൻ്റെ വസതിയിൽ വിജിലൻസ് റെയ്ഡ്. തിരുച്ചിറപള്ളിയിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിലാണ് റെയ്ഡ്. റെയ്ഡിനെ അപലപിച്ച് സ്റ്റാലിൻ. റെയ്ഡ് പ്രതികാര നടപടിയും ജനശ്രദ്ധ തിരിക്കാനും ലക്ഷ്യമിട്ടെന്നും സ്റ്റാലിൻ ആരോപിച്ചു.
സ്വകാര്യ ബസ് ഇടിച്ച് വയോധികൻ മരിച്ചു. ഒറ്റപ്പാലം ഈസ്റ്റ് മനിശ്ശേരിയിലാണ് അപകടം. പനമണ്ണ ഓം ശ്രീ നിവാസ് (കല്ലിങ്കൽ ) ശങ്കരനാരായണ(80)നാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധികനെ ബസ് ഇടിക്കുകയായിരുന്നു. പാലക്കാട് കുളപ്പുള്ളി പാതയിൽ ഈസ്റ്റ് മനിശ്ശേരിയിലായിരുന്നു അപകടം.
സിജെപി മാർച്ചിലെ പൊലിസ് അതിക്രമവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു. സിമിതിക്ക് അധിക നിർദേശങ്ങൾ നൽകി. പെല്ലറ്റ് ഉപയോഗം ആദ്യം പരിശോധിക്കണം. സ്ത്രീ പ്രതിഷേധക്കാരെ ലക്ഷ്യം വച്ചുള്ള അക്രമം പ്രത്യേകമായി അന്വേഷിക്കണം. തെളിവ് നൽകാൻ ഓൺലൈൻ പോർട്ടൽ വേണം. സാക്ഷികളുടെ വിവരങ്ങൾ രഹസ്യമാക്കണമെന്നും കോടതി നിർദേശിച്ചു.
സൗദിയിൽ ആക്രമണം കടുപ്പിച്ച് ഹൂതികൾ. എഫ്-15 യുദ്ധവിമാനം വീഴ്ത്തിയെന്ന് അവകാശവാദം.
ഇന്നത്തെ മഴ മുന്നറിയിപ്പ് പിൻവലിച്ചു. അടുത്ത 4 ദിവസം മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നൽകിയ യെല്ലോ അലേർട്ട് പിൻവലിച്ചു. നിലവിലെ ചൂടിന് നേരിയ അശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തൽ. നാളെ ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്.
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ. മെഡിക്കൽ കോളേജ് എസിപിയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങളും ക്രമസമാധാന ലംഘനങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
സിപിഐഎം ജില്ല വിപുലീകൃത യോഗം പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ മേൽനോട്ടത്തിൽ നടക്കും. പിബി അംഗങ്ങളായ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർ ഓരോ ജില്ലയിലും പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും യോഗത്തിലുണ്ടാകും. ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമേ ഏരിയാ സെക്രട്ടറിമാർ ഏരിയ കമ്മിറ്റിയിൽ നിന്ന് മൂന്നുപേർ എന്നിവർ വിപുലീകൃത യോഗത്തിൽ പങ്കെടുക്കും. ഈ മാസം 26 ന് ആലപ്പുഴയിൽ യോഗത്തിന് തുടക്കമാകും. പാലക്കാട് ഒക്ടോബർ 3 ന് യോഗം തുടങ്ങും.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുത പ്രതിസന്ധിയുണ്ട്. പ്രതിസന്ധി എന്ന് പരിഹരിക്കും എന്നതിൽ കൃത്യമായി ഒരു തീയതി പറയാൻ പറ്റില്ല. ഹിമാചലിൽ നിന്നുള്ള വൈദ്യുതി കൊണ്ട് വലിയ പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.
പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കൊയിലാണ്ടി മേപ്പയൂർ എടത്തി മുക്ക് സ്വദേശി പനോളി സമിലിൻ്റെ മകൾ ധ്രുവയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു മരണം.
എറണാകുളം ഞാറയ്ക്കലിൽ നിന്ന് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ സ്വദേശി ജിതിൻ (26), നായരമ്പലം സ്വദേശി സാലിഹ് ( 32) എന്നിവരാണ് പിടിയിലായത്. ജിതിൻ്റ വീട്ടിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും, സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എംഡിഎംഎയും കണ്ടെടുത്തു. ബീച്ച് മേഖലയിൽ വില്പനക്കായി ബാംഗ്ളൂരിൽ നിന്ന് കൊണ്ടു വന്നതാണ് രാസലഹരി.
കൊസോവോ മുൻ പ്രസിഡൻ്റ് ഹാഷിം താച്ചിന് 25 വർഷം തടവു ശിക്ഷ. ഹേഗിലെ കോസോവോ ട്രൈബ്യൂണലാണ് ശിക്ഷ വിധിച്ചത്. 1990കളിലെ സെർബിയൻ ആഭ്യന്തര യുദ്ധകാലത്തെ കുറ്റങ്ങൾക്കാണ് ശിക്ഷ. 96 രാഷ്ട്രീയ എതിരാളികളുടെ കൊലപാതകം, 385 ആളുകളെ പീഡിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു.
വിഴിഞ്ഞത്ത് വള്ളം അപകടത്തിൽപ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. അടിമലത്തുറ സ്വദേശി ബൈജുവിനെ (45) ആണ് കാണാതായത്. ഇന്ന് രാവിലെ പള്ളം മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് പോയ 9 പേർ അടങ്ങുന്ന വള്ളം ഭാരം മൂലം കരയ്ക്കടുപ്പിക്കാനായില്ല. 9 പേരിൽ 6 പേർ കടലിൽ ചാടി നീന്തുകയായിരുന്നു. അതിൽ 5 പേർ കരയ്‌ക്കെത്തി. ബൈജു തിരയിൽ അകപ്പെട്ടു പോവുകയായിരുന്നു എന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. ബൈജുവിനായി കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും തിരച്ചിൽ തുടരുകയാണ്.
തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ വീണ്ടും മുട്ടയേറ്. നാദിയ ജില്ലയിൽ പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്ന് മഹുവ ആരോപിച്ചു. സുപ്രീം കോടതി ജഡ്ജി ദീപാങ്കർ ദത്തയെ മഹുവ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പരിഹസിച്ചു.
താങ്കൾ പറഞ്ഞതു പോലെ സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ടയെ നേരിട്ടത് പോലെയാണ് താൻ മുട്ടയേറിനെ നേരിട്ടതെന്നാണ് മഹുവയുടെ ട്വീറ്റ്. സ്വാതന്ത്ര്യ സമര സേനാനികൾ നെഞ്ചിൽ വെടിയുണ്ട ഏറ്റവരാണെന്നും നിങ്ങൾ മുട്ടയെ ആണോ പേടിക്കുന്നതെന്നും ദീപാങ്കർ ദത്ത മഹുവയുടെ ഹർജി പരിഗണിക്കുമ്പോൾ അടുത്തിടെ പരാമർശിച്ചിരുന്നു.
സമൂഹത്തിനെതിരായി എങ്ങനെ പ്രവർത്തിക്കാം എന്ന് ചിന്തിച്ചാണ് വി.ഡി. സതീശൻ സർക്കാർ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടർ മുൻ എം.ഡി എം.വി. നികേഷ് കുമാർ. എല്ലാ മാധ്യമ സ്ഥാപനങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും എങ്കിലേ ഭരണകർത്താക്കളുടെ തെറ്റ് കുറ്റങ്ങൾ പുറത്ത് വരൂവെന്നും നികേഷ് പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയും വിരാട് കോഹ്ലിയും ടീമിൽ തിരിച്ചെത്തി. ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ ആഖിബ് നബി. ആദ്യ മത്സരം സെപ്റ്റംബർ 27ന് തിരുവനന്തപുരത്താണ്. റിഷഭ് പന്ത് ടീമിലില്ല. ധ്രുവ് ജുറേൽ രണ്ടാം വിക്കറ്റ് കീപ്പറാകും. ടി20യിൽ സഞ്ജു സാംസൺ തുടരും.
കൂട്ടബലാത്സംഗ പരാതിയിൽ ഇടുക്കി പീരുമേട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഇരയുടെ ഭർത്താവും രണ്ടാം പ്രതി ഭർത്താവിന്റെ കാമുകിയുടെ ഭർത്താവുമാണ്. ബലാൽസംഗ ദൃശ്യങ്ങൾ ഇരുവരും ഫോണിൽ പകർത്തിയെന്നും യുവതി പരാതിപ്പെട്ടു. ഇരുവരുടെയും ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവ പൊലീസ് പിടിച്ചെടുത്തു. കുട്ടിക്കാനത്ത് വച്ച് മദ്യം നൽകി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. സർക്കാർ ഉദ്യോഗസ്ഥനായ കോട്ടയം എരുമേലി സ്വദേശി, തിരുവനന്തപുരം സ്വദേശി എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് 14ന് രേഖപ്പെടുത്തിയിരുന്നു. ഇവരെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.