
തിരുവനന്തപുരം വിതുരയിലെ ജനവാസ മേഖലയിൽ കാട്ടാന.വിതുര- തേവിയോട് ഗണപതിപാറ ഭാഗത്തെ റോഡിലാണ് കാട്ടാന ഇറങ്ങിയത്. ചിറ്റാർ, കുണ്ടയം മേഖലകളിലെ കൃഷി നശിപ്പിച്ചു. പുലർച്ചെ കണ്ടെത്തിയ കാട്ടാനയ്ക്കായി വനംവകുപ്പ് പരിശോധന നടത്തി.
ഒഡീഷ തീരത്ത് പനാമൻ പതാക വഹിച്ച ചരക്ക് കപ്പൽ മുങ്ങി അപകടം. 22 ജീവനക്കാരെ കാണാനില്ല. രണ്ട് പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ പെട്ടത് പാരദീപിൽ നിന്ന് സിംഗപ്പൂരിലേക്ക് തിരിച്ച കപ്പൽ. നേവിയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു.
ഗുരുവായൂർ ക്ഷേത്ര നടയിൽ ഇന്ന് റെക്കോർഡ് കല്യാണ മഹാമേളം. ചിങ്ങത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് നടക്കുന്നത് 437 വിവാഹങ്ങൾ. വിവാഹ മാമാങ്കത്തിന് തുടക്കമിട്ടത് കണ്ണൂർ തലശ്ശേരി സ്വദേശികളുടേതാണ്. അഞ്ച് മണ്ഡപങ്ങളിലായി ചടങ്ങുകൾ തുടരുന്നു. പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം. സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ സജ്ജീകരിച്ചിട്ടുണ്ട്.
ചെങ്ങന്നൂരിൽ കെഎസ്ആർടിസ്സി ബസുകൾ കൂട്ടിയിടിച്ചു. 21 പേർക്ക് പരിക്ക്. സൂപ്പർ ഡിലക്സ് ബസും സൂപ്പർ ഫാസ്റ്റും കൂട്ടിയിടിക്കുകയായിരുന്നു. ലോറിയെ മറികടക്കുന്നതിനിടെ സൂപ്പർ ഡിലക്സ് എതിരെ വന്ന ഫാസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് സമീപത്ത് രാത്രി ഒന്നരയോടെ.
പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ സമാന്തര അന്വേഷണവുമായി ഗവര്‍ണര്‍. ചെയര്‍മാനുമായി ഇടഞ്ഞ് നില്‍ക്കുന്ന പിഎസ്‌സി അംഗങ്ങളുടെ വിവരങ്ങൾ തേടി. നടപടി പിഎസ്‌സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ചതിന് പിന്നാലെ. പി.എസ്.സി അംഗങ്ങളെയും ലോക്ഭവനിലേക്ക് വിളിപ്പിക്കും. ചെയർമാനെതിരായ നടപടി എസ്ഐടി അന്വേഷണ റിപ്പോർട്ടിനു ശേഷമാകും നടക്കുക.
ചെങ്ങന്നൂർ എംസി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാന്തുക സ്വദേശി ജിജോ മോനാണ് (32) മരിച്ചത്. മാന്തുക റീത്ത് പള്ളി ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ ഭാഗത്തേക്ക് പോയ കാർ നിയന്ത്രണ് വിട്ട് എതിർദിശയിൽ വന്ന സ്‌കൂട്ടറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും ഓട്ടോയിലെ യാത്രക്കാർക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ 6.15 ന് ആണ് അപകടം ഉണ്ടായത്.
വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച പുലർച്ചെയാണ് ടോക്കിയോ ഉൾപ്പെടുന്ന മേഖലയിൽ ഭൂചലനമുണ്ടായത്. പ്രകമ്പനത്തെ തുടർന്ന് മുപ്പതോളം പേർക്ക് പരിക്കേറ്റതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഇബാറക്കിയിൽ ഭൗമോപരിതലത്തിൽ നിന്നും എഴുപത് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം.
പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം. സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശൻ ചികിത്സയിലാണ്. രോഗിക്ക് ഒപ്പം എത്തിയ രണ്ടുപേർ മർദിച്ചുവെന്നാണ് പരാതി. ക്യാഷ്വാലിറ്റിക്ക് പുറത്തേക്ക് ഇറങ്ങി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ആക്രമണം. പ്രതികളെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുന്നു. റോഡ് നവീകരണവും, ഒൻപതാം വളവിന് താഴെ മരക്കൊമ്പ് ഒടിഞ്ഞു വീണതുമാണ് ഗതാഗത കുരുക്കിന് കാരണം. അവധി ദിവസമായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. രോഗികളുമായെത്തിയ ആംബുലൻസുകൾ മണിക്കൂറുകൾ ചുരത്തിൽ കുടുങ്ങി.
മുംബൈയിൽ ഗണേശവിഗ്രഹ ഘോഷയാത്രയ്ക്കിടെ അപകടം. വിഗ്രഹം മറിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ദക്ഷിണ മുംബൈയിൽ ഭുലേശ്വർ ചാ രാജ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.
കാസർഗോഡ് മഞ്ചേശ്വരത്ത് വെടിയുതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുറുപാദ സ്വദേശി മുഹമ്മദ് സഫ്‌വാൻ (28) ആണ് പിടിയിലായത്.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ സിപിഐഎമ്മും കോൺഗ്രസും രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗങ്ങൾ പി.കെ കൃഷ്ണദാസ് പറഞ്ഞു. മാറ്റം യാത്രക്കാരെ ഒരു വിധത്തിലും ബാധിക്കില്ല. പാലക്കാട് ഡിവിഷനെ അക്ഷരാർത്ഥത്തിൽ വിഭജിച്ചത് ഒന്നാം യുപിഎ സർക്കാർ. അന്ന് കോൺഗ്രസ്സ് നേതാക്കൾ കാശിക്ക് പോയിരുന്നോ എന്നും കൃഷ്ണദാസ് ചോദിച്ചു.
പൂജപ്പുര ജയിലില്‍ ഓണാഘോഷം പരിധിവിട്ടു. ജയില്‍ ജീവനക്കാര്‍ തമ്മിലടിച്ചു. പൂജപ്പുര ജയില്‍ വളപ്പില്‍ രാത്രിയില്‍ ഡിജെ. പാര്‍ട്ടിയിലാണ് തമ്മിലടി. ഒരാള്‍ക്ക് കണ്ണിന് പരിക്കേറ്റു.ജയില്‍ ജീവനക്കാരുടെ മേഖലാ ഓണാഘോഷമായിരുന്നു.
കൊല്ലം ശാസ്താംകോട്ട പോലീസ് അതിക്രൂരമായി മർദിച്ചെന്ന് പരാതി. അടൂർ സ്വദേശിയായ 23 കാരൻ്റെ ജനനേന്ദ്രിയം തകർത്തു. പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ പൊലീസുകാരാണ് കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചത്. മണിക്കൂറുകളോളം കാറിലിട്ട് മർദിച്ച എന്ന് പരാതി. കൊടിയ ജാതി അധിക്ഷേപം നടത്തി. പൊലീസ് കംപ്ലൈൻ്റസ് അതോറിറ്റിയെ സമീപിച്ച് യുവാവിൻ്റെ കുടുംബം
ഹരിയാന കോൺഗ്രസ്സിൽ തർക്കം. ദീപേന്ദ്ര ഹൂഡയെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത്. കത്തയച്ചത് മുതിർന്ന നേതാവും മുൻ സ്പീക്കറുമായ കുൽദീപ് ശർമ.
എറണാകുളം കോതമംഗലം പോത്താനിക്കാട് പെട്രോൾ പമ്പിനു സമീപം വാഹനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. പെട്രോൾ പമ്പിന് സമീപം വച്ച് സ്കോർപ്പിയോ വാഹനത്തിനാണ് തീപിടിച്ചത്.ഉടനെ കോതമംഗലം ഫയർഫോഴ്സ് എത്തി തീയണക്കുകയായിരുന്നു.
കണ്ണൂർ പിലാത്തറയിലെ വാഹനം തട്ടിക്കൊണ്ടുപോയുള്ള സ്വർണ്ണക്കവർച്ച. രണ്ടു പ്രതികൾ കൂടി പിടിയിൽ. മട്ടന്നൂർ സ്വദേശികളായ സൗരവ് സുനി,ജ്യോതിഷ് വി.വി എന്നിവരാണ് പിടിയിലായത്. പിടിയിലായത് ഇരിട്ടി കൂട്ടുപുഴ വഴി കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ.
മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ല വരുന്നത് ഗൗരവത്തോടെ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ മൂവാറ്റുപുഴ ആസ്ഥാനമാക്കി ജില്ല വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മൂവാറ്റുപുഴയിൽ 12 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മസദുൾ ഇസ്ലാം (39) ആണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പിടികൂടിയത്. തൃക്കളത്തൂർ സംഗമംപടിയിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്. രണ്ട് ബാഗുകളിലായി 12 ബണ്ടിലുകളിലാക്കി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
വയനാട്: പുൽപ്പള്ളി വെട്ടത്തൂരിൽ കബനി നദിയിൽ ചങ്ങാടം മുങ്ങി മധ്യവയ്സകനെ കാണാതായി. വെട്ടത്തൂർ ഊരിലെ ചന്ദ്രനെയാണ് കാണാതായത്. ചങ്ങാടത്തിൽ നദി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം: സർക്കാരിനെതിരായ സിപിഐഎം സെമിനാറിൽ പങ്കെടുത്ത് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. 'വഖഫ് നിയമവും യുഡിഎഫ് കീഴടങ്ങലും' എന്ന പ്രമേയത്തിലാണ് സെമിനാർ. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ ചെയർമാനും എപി വിഭാഗം സമസ്ത നേതാവുമായ സി. മുഹമ്മദ് ഫൈസിയും വേദിയിലെത്തി.
കോഴിക്കോട്: വീണ ടി.യ്ക്ക് എതിരായ കേസിൽ ഇഡിക്ക് എതിരെ രാഷ്ട്രീയ പ്രത്യാക്രമണം കടുപ്പിച്ച് സിപിഐഎം. ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന്, കോഴിക്കോട്ടെ വിശദീകരണ യോഗത്തിൽ എംവി ഗോവിന്ദൻ. അന്വേഷണത്തിന് മുൻപേ ഇഡി ലക്ഷ്യം പ്രഖ്യാപിച്ചു. ഒന്നും കിട്ടാതായതോടെ റിയാസിൻ്റെ സുഹൃത്തുക്കളെ ലക്ഷ്യം വച്ചു. ഒരു പരിശോധനയിലും ഒന്നും കണ്ടെത്താനായിട്ടില്ല. പരമ ദയനീയമായ ചിത്രമെന്നും ഗോവിന്ദൻ
മലപ്പുറം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം. സർക്കാരിന് RSS ന് ഒപ്പം നിന്ന് തരംതാഴേണ്ട അവസ്ഥ ഉണ്ടായെന്ന് വിമർശനം. വഖഫ് ബോർഡിൽ നിന്ന് കെ.എസ്. ഹംസയെയും തന്നെയും പുറത്താക്കാൻ ആണ് സർക്കാർ ശ്രമമെന്നും ഉമർ ഫൈസി പറഞ്ഞു. വഖഫ് നിയമവും UDF കീഴടങ്ങലും എന്ന പേരിൽ മലപ്പുറത്ത് സിപിഐഎം സംഘടിപ്പിച്ച സെമിനാർ വേദിയിലായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം. സ്വയം സഖാവ് എന്ന് വിശേഷിപ്പിച്ചായിരുന്നു ഉമർ ഫൈസി മുക്കത്തിന്റെ പ്രസംഗം.
തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പൊലീസ്. ഓപ്പറേഷൻ ഓണത്തുമ്പിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. അമ്പതിലധികം ഉദ്യേഗസ്ഥരെ മഫ്തിയിൽ നിയോഗിച്ചു. വ്യാപാരകേന്ദ്രങ്ങൾ കമ്പോളങ്ങൾ ബസ് സ്‌റ്റാഡുകൾ വിനോദപരിപാടിനടക്കുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിൽ ഷാഡോ സംഘമുണ്ടാകും.
ഡ്യൂറൻഡ് കപ്പിൽ ഈസ്റ്റ് ബംഗാളിന് കിരീടം. ഫൈനലിൽ മോഹൻ ബഗാനെ തകർത്തു(4-1). ഈസ്റ്റ് ബംഗാളിന്റെ 17ആം ഡ്യൂറൻഡ് കപ്പ് കിരീടമാണ്.
പാക് സൈനിക മേധാവി അസിം മുനീർ നാളെ ടെഹ്റാനിലെത്തും. യുഎസ് ഇറാൻ ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദർശനം. മധ്യസ്ഥ ശ്രമങ്ങൾക്കായാണ് അസിം മുനീർ എത്തുന്നത്.
ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കാസർഗോഡ് DFOക്കെതിരെ കേസ്. കാസർഗോജ് റെയിൽവേ പൊലീസാണ് ജോസ് മാത്യുവിനെതിരെ കേസെടുത്തത്. ഓഖാ എക്സ്പ്രസിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ജാഗ്രതാ നിർദേശം. നാളെ പുലർച്ചെ 02.30 മുതൽ പകൽ 8.30 വരെ 1.0 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.