തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 58.81 ശതമാനം പോളിങ്; കൂടുതല്‍ കണ്ണൂർ ജില്ലയിൽ, കുറവ് കോട്ടയത്ത്; വോട്ടെണ്ണൽ നാളെ

ഇന്നത്തെ പ്രധാന വാർത്തകൾ
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 58.81  ശതമാനം പോളിങ്; കൂടുതല്‍ കണ്ണൂർ ജില്ലയിൽ, കുറവ് കോട്ടയത്ത്; വോട്ടെണ്ണൽ നാളെ

വഖഫ് ബോർഡ്‌ പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ല: എൻ. ഷംസുദ്ദീൻ

38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 12 ജില്ലകളിലായി 126 സ്ഥാനാർഥികൾ

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് വൈകിട്ട് ആറ് മണി വരെ. ജനവിധി തേടുന്നത് 12 ജില്ലകളിലായി 126 സ്ഥാനാർഥികൾ. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കി രാഷ്ട്രീയ കേരളം.

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ന് ഇടതുപാർട്ടികളുടെ മാർച്ച്

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം. ഇന്ന് രാജ്യത്തുടനീളം ആയിരം കോൺഗ്രസ് കമ്മിറ്റികളുടെ പ്രതിഷേധ ധർണ. തുടർ പ്രക്ഷോഭം തീരുമാനിക്കാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെ. ഡെൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ന് ഇടതുപാർട്ടികളുടെ മാർച്ച്.

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു; തീരുമാനം ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചർച്ചയിൽ

ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു. ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ആഴ്ചയിൽ 5 ദിവസം പ്രവൃത്തി ദിനമെന്ന ആവശ്യം പഠിക്കാൻ ഉന്നതതല സമിതി വരും. ആവശ്യങ്ങളിൽ ചർച്ചകൾ തുടരുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്.

രമേശ് ചെന്നിത്തലയ്ക്ക് കരിങ്കൊടി; യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസ്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കരിങ്കൊടി കാണിച്ചതിൽ കേസ്. യുവമോർച്ച ജില്ല പ്രസിഡൻ്റ് ഉൾപ്പെടെ ഒമ്പത് പേർക്ക് എതിരെ കേസ് എടുത്ത് നടക്കാവ് പൊലീസ്. അമിത് ഷായ്ക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ കോൺഗ്രസിന് എതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

പീഡന ആരോപണം; പഞ്ചാബ് ലൗലി സർവ്വകലാശാല പത്ത് ദിവസത്തേക്ക് അടച്ചു

വിദ്യാർഥിനി പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവകലാശാലയിൽ വൻ സംഘർഷം ഉണ്ടായതിനെ തുടർന്ന് പഞ്ചാബ് ലൗലി സർവ്വകലാശാല പത്ത് ദിവസത്തേക്ക് അടച്ചു. ക്യാമ്പസ്സിൽ വൻ പൊലീസ് സന്നാഹം. വിദ്യാർഥികളോട് ഹോസ്റ്റലിൽ തുടരാനാണ് നിർദേശം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് പൊലീസ്.

വയനാട് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് മുതൽ; മുതിർന്ന നേതാക്കളുടെ പങ്കെടുക്കും

വയനാട് സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്ന് മുതൽ ആരംഭിക്കും. പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. ഏരിയാ കമ്മിറ്റികളിൽ നിന്നും വർഗ ബഹുജന സംഘടനകളിൽ നിന്നുമുൾപ്പെടെ നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

കള്ളക്കടൽ പ്രതിഭാസം;  കേരളാതീരത്ത് ഇന്നും റെഡ് അലേർട്ട് തുടരും

കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി പ്രഖ്യാപിച്ച റെഡ് അലേർട്ട് ഇന്നും തുടരും. എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.

ടിവികെ സർക്കാരിൻ്റെ തായ്മാമൻ തങ്ക മോതിരത്തിന് ഇന്ന് തുടക്കം; മധുരൈയിൽ നവജാത ശിശുക്കൾക്ക് വിജയ് സ്വർണമോതിരം സമ്മാനിക്കും

ടിവികെ സർക്കാരിൻ്റെ അഭിമാന പദ്ധതിയായ തായ്മാമൻ തങ്ക മോതിരത്തിന് ഇന്ന് തുടക്കം. മധുരൈയിൽ നവജാത ശിശുക്കൾക്ക് മുഖ്യമന്ത്രി വിജയ് സ്വർണമോതിരം സമ്മാനിക്കും. പദ്ധതിയ്ക്ക് അർഹരാകുക സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ. ലഭിക്കുക ഒരു ഗ്രാം സ്വർണ മോതിരം.

യുക്രെയ്നിലെ പ്രമുഖ ടെലികോം വിനിമയ ശ്യംഖല ലക്ഷ്യമിട്ട് റഷ്യയുടെ വ്യോമാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

യുക്രെയ്നിലെ പ്രമുഖ ടെലികോം വിനിമയ ശ്യംഖല ലക്ഷ്യമിട്ട് റഷ്യയുടെ വ്യോമാക്രമണം. ആറ് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്ക്. തകർത്തത് വോഡഫോൺ, ഒമേഗ അടക്കമുള്ള കമ്പനികളുടെ ഡാറ്റാ സെൻ്ററുകൾ.

കാര്യവട്ടം ഏകദിനം; വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

കാര്യവട്ടം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റ് ഇൻഡീസിനെ 8 വിക്കറ്റിനാണ് തോൽപ്പിച്ചത്. വിരാട് കോലിക്കും ശുഭ്മാൻ ഗില്ലിനും സെഞ്ച്വറി നേടി. ഇതോടെ ഇന്ത്യ പരമ്പരയിൽ മുന്നിലെത്തി.

നേഷൻസ് ലീഗ്; പോർച്ചുഗലിന് മിന്നും ജയം

നേഷൻസ് ലീഗിലെ സൂപ്പർ പോരാട്ടത്തിൽ പോർച്ചുഗലിന് മിന്നും ജയം. നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ചു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയില്ല. ജർമനിയെ വീഴ്ത്തി ഗ്രീസ്. സെർബിയയെ കീഴടക്കി നെതർലൻഡ്സ്. ഇന്ന് ഫ്രാൻസ്, ബെൽജിയം പോരാട്ടം.

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ചുരം കയറുകയായിരുന്ന ലോറിക്ക് യന്ത്ര തകരാർ സംഭവിച്ചത്. ഒന്നര മണിക്കൂറായി ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര. നിലവിൽ വാഹനങ്ങൾ വൺവേ ആയി കടത്തി വിടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ സമയക്രമം പാലിച്ച് മാത്രം യാത്ര ചെയ്യുക.

മുഖ്യമന്ത്രിക്കെതിരായ രണ്ടാം വിവാഹ ആരോപണം; ആൻ്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

മുഖ്യമന്ത്രിക്കെതിരായ രണ്ടാം വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതി ആൻ്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. ചോദ്യം ചെയ്യലിന് കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് കാട്ടി ആൻ്റോയ്ക്ക് നോട്ടീസ് നൽകിയിരുന്നു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ഇടതു പാർട്ടികളുടെ മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടത് പാർട്ടികളുടെ മാർച്ചിന് അനുമതി നിഷേധിച്ച ഡൽഹി പൊലീസ്. എകെജി ഭവനിൽ നിന്നാണ് മാർച്ച് നടത്താനാണ് തീരുമാനം. എകെജി ഭവന ചുറ്റും പൊലീസിനെ വിന്യസിച്ച് സർക്കാർ.

ഏഷ്യൻ ഗെയിംസ്; ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വെള്ളി. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റളിൽ ഇഷ സിങ്ങിനാണ് വെള്ളി. ഇന്ത്യക്ക് സ്വർണം നഷ്ടമായത് ഷൂട്ടി ഓഫിൽ.

താരസംഘടനയായ അമ്മയ്ക്ക് ഹൈക്കോടതി വിമർശനം; പ്രത്യേക കോടതി വേണമോയെന്ന് പരാർമശം

താരസംഘടന അമ്മയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. അമ്മയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോടതി വേണമോ എന്നാണ് പരാർമശം. പാവപ്പെട്ടവരുടെ നിരവധി കേസുകൾ കെട്ടിക്കിടക്കുകയാണെന്നും കോടതി പറഞ്ഞു. അൻസിബയുടെ പരാതിയിൽ എടുത്ത കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ലക്ഷ്മിപ്രിയ സമർപ്പിച്ച ഹർജിയിൽ ആണ് പരാമർശം. ലക്ഷ്മിപ്രിയയുടെ ഹർജിയിൽ നടി അൻസിബ ഹസന് ഹൈക്കോടതി നോട്ടീസ് അയച്ചു.

കണ്ണൂർ നഗരത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ കരിങ്കൊടി പ്രതിഷേധം

കണ്ണൂർ നഗരത്തിലും മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ കരിങ്കൊടി പ്രതിഷേധം. താണയിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മലപ്പുറം ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ പൊട്ടിത്തെറിച്ചു

മലപ്പുറം ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ പൊട്ടിത്തെറിച്ചു. കോട്ടപ്പുറം സ്വദേശി ഗണേശൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി ഫോൺ ചാർജ് ചെയ്യുന്നതിനിടയിലാണ് സംഭവം. വാറണ്ടി പീരിയഡിൽ ആയിരിക്കവെയാണ് ഫോൺ പൊട്ടിത്തെറിച്ചത്.

പെൻഷൻ തട്ടിപ്പ്; സിപിഐഎം മങ്കട ഏരിയാ കമ്മിറ്റി അംഗത്തിന് എതിരെ പാർട്ടി നടപടി

പെൻഷൻ തട്ടിപ്പ് കേസിൽ സിപിഐഎം മങ്കട ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി. സിപിഐഎം നേതാവ് നൗഫലിനെ ഒരു വർഷത്തേക്ക് പുറത്താക്കി.

സംസ്ഥാനത്ത് ബുധൻ മുതൽ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഈമാസം 30 മുതൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 3 ദിവസം മഴ തുടരും .30 ന് ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്. പടിഞ്ഞാറൻ കാറ്റ് തുടരുന്നതാണ് മഴയ്ക്ക് കാരണം.

തിരുവനന്തപുരം മരിയനാട് ടിപ്പർ തട്ടി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം മരിയനാട് ടിപ്പർ തട്ടി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) ആണ് മരിച്ചത്. അശ്രദ്ധമായി ഇടതുഭാഗത്ത് കൂടി സ്കൂട്ടർ ഓടിച്ചതാണ് അപകടത്തിന് കാരണം. പെരുമാതുറ ഭാഗത്തേക്ക് പോയ ടിപ്പറിൻ്റെ പിൻഭാഗം തട്ടിയാണ് റോഡിലേക്ക് വീണത്. ഉടൻ തന്നെ പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു.

യുപിഐ ഇടപാടിന് ഫീസ്: ഉത്തരവ് സ്റ്റേചെയ്യാതെ സുപ്രീം കോടതി

2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി. ചാർജ് ഈടാക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.

തൃണമൂലിൻ്റെ പേരും ചിഹ്നവും 4 മാസത്തിനകം തീർപ്പാക്കണം; സുപ്രീംകോടതി

തൃണമൂൽ കോൺഗ്രസിൻ്റെ പേരും ചിഹ്നവും 4 മാസത്തിനകം തീർപ്പാക്കണമെന്ന് സുപ്രീംകോടതി. മമതാ ബാനർജിയുടെ ഹർജിയിലാണ് നിർദേശം. തർക്കം ഉടൻ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. സെപ്റ്റംബർ 18നാണ് കമ്മീഷൻ പേരും ചിഹ്നവും മരവിപ്പിച്ചത്.

സ്വകാര്യ വാഹനത്തിലെ കെ.എം ഷാജിയുടെ ഔദ്യോഗിക യാത്ര; മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി

സ്വകാര്യ വാഹനത്തിലെ കെ.എം ഷാജിയുടെ ഔദ്യോഗിക യാത്രയിൽ മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി. സെപ്റ്റംബർ 23 ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഇനിയും നടപടി എടുത്തില്ല. സ്വകാര്യ റേഞ്ച് റോവർ വാഹനത്തിൽ കേരള സ്റ്റേറ്റ് ബോർഡും, സർക്കാർ ചിഹ്നങ്ങളും വെച്ച് മന്ത്രി ഉപയോഗിച്ചതിന് എതിരെയാണ് പരാതി. മോട്ടോർ വാഹന നിയമത്തിൻ്റെ ഗുരുതരമായ ലംഘനം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പരിശോധന നടത്തി കുറ്റങ്ങൾ കണ്ടെത്തിയാൽ ആഡംബര വാഹനം പിടിച്ചെടുക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്. പരാതി നൽകിയത് അഡ്വ. അതുൽ ടോമാണ്.

ഏഷ്യൻ ഗെയിംസ്; 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജിന് വെങ്കലം

ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ വിത്യ രാംരാജിന് വെങ്കലം. മലയാളി താരം അനു രാഘവൻ അഞ്ചാമത്.

മലമ്പുഴ ആനക്കല്ല് കൊലപാതകം; പ്രതി പിടിയിൽ

മലമ്പുഴ ആനക്കല്ല് കൊലപാതക കേസിൽ പ്രതി പിടിയിൽ. ആനക്കല്ല് കുരുത്തിക്കടവ് സ്വദേശി സതീഷാണ് പിടിയിലായത്. മലമ്പുഴ ഡാം വൃഷ്ടി പ്രദേശത്ത് നിന്നാണ് പിടികൂടിയത്.

ചാര്‍ട്ടേഡ് വിമാന യാത്ര ചട്ടലംഘനം; മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി. രാജീവ്

ചാര്‍ട്ടേഡ് വിമാന യാത്രയില്‍ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ സിപിഐഎം നേതാവ് പി. രാജീവ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു. മന്ത്രിമാര്‍ വിലപിടിപ്പുള്ള ഉപഹാരം ആരില്‍നിന്നും സ്വീകരിക്കരുതെന്നാണ് ചട്ടം. യാത്രാ സൗകര്യം സ്വീകരിക്കലും ഉപഹാരത്തില്‍ ഉള്‍പ്പെടും. ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തതോടെ മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുന്നു. സൗജന്യം നൽകിയവർ കാര്യം നേടാൻ വന്നവരല്ലെന്ന ന്യായീകരണം പ്രതിരോധമാകില്ല. സ്പോൺസറെ രഹസ്യമാക്കി വെച്ചതോടെ യാത്ര ദുരൂഹമായ ഇടപാടായി എന്നും പി. രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

ഏഷ്യൻ ഗെയിംസിൽ ശ്രീശങ്കറിന് വെള്ളി

ഏഷ്യൻ ഗെയിംസിലെ പുരുഷന്മാരുടെ ലോങ് ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ചാടിയാണ് ശ്രീശങ്കറിന്റെ നേട്ടം. രണ്ടാം ചാട്ടത്തിൽ മികച്ച ദൂരം കണ്ടെത്തിയെങ്കിലും, നാലാം ചാട്ടത്തിൽ പരിക്കേറ്റതിനെ തുടര്‍ന്ന് താരം പിന്മാറിയിരുന്നു. തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടമാണ്. 2023ലെ ഹാങ്ചൗവ് ഏഷ്യൻ ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ ജൂലൈയിൽ നടന്ന ഗ്ലാസ്‌കോ കോമൺവെൽത്ത്‌ ഗെയിംസിലും 8.09 മീറ്റർ ദൂരം താണ്ടി വെള്ളി നേടിയിരുന്നു.

വിസ തട്ടിപ്പുകേസ്: പാർവതി മായയ്ക്ക് ജാമ്യം

വിസ തട്ടിപ്പുകേസിൽ അറസ്റ്റിലായ ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാർവതി മായയ്‌ക്ക് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. സംസ്ഥാനം വിട്ട് പോകരുതെന്നാണ് നിർദേശം. അർമീനിയയിൽ ഒന്നര ലക്ഷം രൂപ മാസ ശമ്പളം വാഗ്ദാനം ചെയ്ത് തൃശൂർ എരുമപ്പെട്ടി സ്വദേശിയില്‍നിന്നും നാല് ലക്ഷം രൂപയും പോളണ്ടിൽ ജോലി വാഗ്ദനം ചെയ്ത് കുന്നത്തുനാട് സ്വദേശിയിൽനിന്ന് ആറ് ലക്ഷം രൂപയും തട്ടിയെന്ന കേസിലാണ് പാർവതി മായ പിടിയിലായത്. നിലവിൽ 25ഓളം പരാതികൾ പാലാരിവട്ടം പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഒക്ടോബറിലും സർചാർജ് ഈടാക്കാന്‍ കെഎസ്ഇബി; വൈദ്യുതി എത്തിക്കുന്നതിന് അധികച്ചെലവെന്ന് വിശദീകരണം

ഒക്ടോബറിലും സർചാർജ് ഈടാക്കാന്‍ കെഎസ്ഇബി. ഓഗസ്‌റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതിൽ 6.88 കോടി അധിക ചെലവെന്നാണ് വിശദീകരണം. യൂണിറ്റിന് മൂന്നു പൈസ വീതം പിരിക്കാനാണ് തീരുമാനം. പ്രതിമാസ, ദ്വൈമാസ ബില്ലുകാർക്ക് ഒരേ നിരക്കായിരിക്കും. ഈ തുകയാണ് ഫ്യുവൽ സർചാർജായി പിരിക്കുക. തീരുമാനത്തിന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. സെപ്റ്റംബറിൽ പ്രതിമാസ ബില്ലുകാർക്ക് മൂന്ന് പൈസയും ദ്വൈമാസ ബില്ലുകാർക്ക് രണ്ട് പൈസയും സർചാർജ് ഈടാക്കിയിരുന്നു.

​പെരിന്തൽമണ്ണ സോമിൽ മാനേജർ വധക്കേസ്: 18 വർഷത്തിനു ശേഷം അസം സ്വദേശിയായ പ്രതി പിടിയിൽ

പെരിന്തൽമണ്ണ സോമിൽ മാനേജർ വധക്കേസില്‍ 18 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍. അസം സ്വദേശി ദിലീപ് രജക്കിനെയാണ് മലപ്പുറം ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. പെരിന്തൽമണ്ണ ​കേരള ഗ്രാമീൺ ബാങ്ക് കവർച്ചാശ്രമം നേരിൽ കണ്ടതാണ് സോമില്‍ മാനേജർ ബാലകൃഷ്ണനെ കൊലപ്പെടുത്താൻ കാരണം. ​2008ലായിരുന്നു കൊലപാതകം. മൃതദേഹം ഈർച്ചപ്പൊടിക്കുള്ളിൽ ഒളിപ്പിച്ചശേഷമാണ് പ്രതികൾ നാടുവിട്ടത്. ​ആറു തവണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയ ശേഷമാണ് കൊലയാളിയെ പൊലീസ് വലയിലാക്കിയത്. ദിലീപ് രജക്കിനെ അസമിലെ ഗോഗമുഖിൽ വെച്ചാണ് പിടികൂടിയത്. കൂട്ടുപ്രതിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.

സംസ്ഥാനത്തെ മരുന്നു ക്ഷാമം; പ്രതിസന്ധി രൂക്ഷമെന്ന് തുറന്നുപറഞ്ഞ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഓഡിയോ സന്ദേശം പുറത്ത്

സംസ്ഥാനത്തെ മരുന്നു ക്ഷാമം രൂക്ഷമെന്ന് അംഗീകരിക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിലെ ഡോ. വി. മീനാക്ഷിയുടെ സന്ദേശമാണ് പുറത്തു വന്നത്. ആശുപത്രി സൂപ്രണ്ടുമാർ മരുന്ന് എത്രയും വേഗം സംഭരിക്കണമെന്നും ഇല്ലെങ്കിൽ പ്രശ്നമാകുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സന്ദേശത്തിൽ പറയുന്നു. ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ പൈസയുണ്ടെങ്കില്‍ അങ്ങനെ വാങ്ങണം. മാധ്യമങ്ങള്‍ ഇക്കാര്യം അറിയരുതെന്നുമാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിര്‍ദേശം.

കൊലക്കേസ് പ്രതിയുടെ വീട്ടിൽ മുള്ളൻ പന്നിയുടെ ഇറച്ചിയും മാരകായുധങ്ങളും

കൊലക്കേസ് പ്രതിയുടെ വീട്ടില്‍നിന്ന് മുള്ളൻ പന്നിയുടെ ഇറച്ചിയും മാരകായുധങ്ങളും കണ്ടെത്തി. തൃശൂര്‍ തെക്കുംകര സ്വദേശി എൽദോസിന്റെ വീട്ടിൽനിന്നാണ് ഇറച്ചിയും മാരകായുധങ്ങളും കണ്ടെടുത്തത്. തെക്കുംകര പഴയന്നൂപ്പാടം സ്വദേശി സോളമനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് എൽദോസ്. ഇന്നലെയാണ് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ എൽദോസ് സോളമനെ കൊലപ്പെടുത്തിയത്. നിരവധി കേസുകളിൽ പ്രതിയായ എൽദോസിന്റെ വീട്ടിൽ ഇന്ന് വനം വകുപ്പും പൊലീസും സംയുക്ത പരിശോധന നടത്തിയിരുന്നു.

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ സംഘത്തെ, സിനിമാസ്‌റ്റൈലിൽ പിടികൂടി തമിഴ്‌നാട് പൊലീസ്

നിരോധിത പുകയില ഉല്‍പ്പന്നങ്ങൾ കടത്തിയ സംഘത്തെ സിനിമാസ്‌റ്റൈലിൽ പിടികൂടി തമിഴ്‌നാട് പൊലീസ്. കാറിന്റെ മുകളിൽ 40 കിലോമീറ്റർ തൂങ്ങിക്കിടന്നാണ് പിടികൂടിയത്. കോവിൽപാളയം പൊലീസ് സ്‌റ്റേഷനിലെ ഹെഡ്‌കോൺസ്റ്റബിൾ വേൽമുരുകനാണ് കാറിന്റെ മുകളിൽ തൂങ്ങി കിടന്നത്. സിനിമാസ്‌റ്റൈലിൽ കാർ തടഞ്ഞിട്ട് 170 കിലോ പുകയില ഉല്‍പ്പനങ്ങള്‍ കടത്തിയ മൂന്നു പ്രതികളെയും പിടികൂടുകയും ചെയ്തു.

"ഏറെ അഭിമാനകരമായ നിമിഷം"; തന്റെ റെക്കോഡ് തിരുത്തിയ വിത്യ രാംരാജിനെ അഭിനന്ദിച്ച് പി.ടി. ഉഷ

400 മീറ്റർ ഹർഡിൽസിൽ 43 വർഷം പഴക്കമുള്ള തന്റെ ദേശീയ റെക്കോർഡ് വിത്യ രാംരാജ് മറികടന്നത് ഏറെ അഭിമാനകരമായ നിമിഷമാണെന്ന് പി.ടി. ഉഷ. റെക്കോഡുകള്‍ എപ്പോഴും പിന്നാലെ വരുന്നവര്‍ക്ക് പ്രചോദനമാകണം. ഒരു കായികതാരമെന്ന നിലയിൽ, സ്വയം വെല്ലുവിളിക്കാനും പരിധികൾ മറികടക്കാനും, കായികരംഗത്തെ നമ്മൾ കണ്ടെത്തിയതിനേക്കാൾ മികച്ച നിലയിൽ അടുത്ത തലമുറയ്ക്ക് കൈമാറാനുമാണ് മത്സരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനിന്ന ഒരു റെക്കോർഡ് ഒരു യുവതാരം മറികടക്കുമ്പോൾ അത് ആ താരത്തിന് മാത്രമല്ല, കായികരംഗത്തിനാകെ അഭിമാന നിമിഷമാണ്. ഒരു റെക്കോർഡിന്റെ മഹത്വം അത് എത്രകാലം നിലനിന്നു എന്നതിലല്ല. അതിനപ്പുറത്തേക്ക് സ്വപ്നം കാണാൻ അടുത്ത തലമുറയിലെ താരങ്ങളെ അത് എത്രത്തോളം പ്രചോദിപ്പിക്കുന്നു എന്നതിലാണെന്നും പി.ടി. ഉഷ കൂട്ടിച്ചേര്‍ത്തു.

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

മദ്യപിച്ച് കാറോടിച്ച് നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് യുട്യൂബർ കോഴിക്കോട് ഉള്ളിയേരി സ്വദേശി അശ്വന്ത് കോക്ക് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലത്ത് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. അശ്വന്ത് ഓടിച്ച വാഹനം കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. വാഹന യാത്രികര്‍ക്കും, കാല്‍നടക്കാര്‍ക്കും പരിക്കേറ്റു. നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അശ്വന്തിനെ വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു. പിന്നാലെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളുടെ പരാതിയിലാണ് കോക്കിനെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കു ശേഷമാകും പൊലീസ് തുടര്‍ നടപടി സ്വീകരിക്കുക.

ലൈവില്‍ യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യുട്യൂബർ തൊപ്പി എന്ന കണ്ണൂർ സ്വദേശി മുഹമ്മദ് ഹാദിന് കർശന ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തൊപ്പി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പരാതിക്കാരിയെ നേരിട്ടു ബാധിക്കുന്ന അശ്ലീല ഉള്ളടക്കമില്ലെന്ന്  പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

"ഒരുപാട് സന്തോഷം"; ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടത്തില്‍ വിദർശ

ഏഷ്യന്‍ ഗെയിംസ് മെഡൽ നേട്ടത്തിൽ ഒരുപാട് സന്തോഷമെന്ന് മലയാളി താരം വിദർശ കെ. വിനോദ്. ആദ്യമായി ഒരു മലയാളിക്ക് ഷൂട്ടിങ്ങിൽ യോഗ്യത ലഭിച്ചതും, പിന്നീട് മെഡൽ ലഭിച്ചതും എല്ലാം അഭിമാനകരമായ കാര്യം. ആഭ്യന്തര മത്സരത്തെയും രാജ്യന്തര മത്സരത്തെയും ഒരുപോലെയാണ് കണ്ടതെന്നും വിദര്‍ശ മാധ്യമങ്ങളോടു പറഞ്ഞു. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ രണ്ട് വെള്ളി മെഡലുകളാണ് വിദര്‍ശ സ്വന്തമാക്കിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വെള്ളി നേടിയതോടെ, ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം വിദര്‍ശ സ്വന്തമാക്കിയിരുന്നു. പിന്നാലെ, വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഇനത്തില്‍ തിലോത്തമ സെന്‍, വിദര്‍ശ, ആഷി ചൗക്‌സി എന്നിവരടങ്ങിയ ടീമും വെള്ളി സ്വന്തമാക്കി. ജപ്പാനിൽ നിന്ന് മടങ്ങിയെത്തിയ വിദർശയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ കായിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; 58.81 ശതമാനം പോളിങ്, കൂടുതല്‍ കണ്ണൂർ ജില്ലയിൽ, കുറവ് കോട്ടയത്ത്; വോട്ടെണ്ണൽ നാളെ

സംസ്ഥാനത്ത് 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിങ്. 84,070 പുരുഷന്മാരും 98,090 സ്ത്രീകളും ഉൾപ്പെടെ 1,82,160 പേരാണ് വോട്ട് ചെയ്തത്. ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരാണ് (84.55 ശതമാനം), കുറഞ്ഞ പോളിങ് കോട്ടയത്താണ് (54.24%). പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പറക്കാട്ടുചള്ളയാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയ വാര്‍ഡ്. 91.48 ശതമാനമാണ് പോളിങ്. കുറവ് പോളിങ് രേഖപ്പെടുത്തിയ വാര്‍ഡ് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ അയ്യപ്പന്‍കാവ് (46.91 ശതമാനം) ആണ്. വോട്ടെണ്ണൽ നാളെ (സെപ്റ്റംബർ 29) രാവിലെ പത്തിന് ആരംഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂര്‍, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 126 സ്ഥാനാർഥികളാണ് ജനപിന്തുണ തേടിയത്.

കറ്റാനം സെന്റ് സ്റ്റീഫന്‍സ് സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ട സംഭവം; ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്

ആലപ്പുഴയിലെ കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെട്ട സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സ്കൂളിന്റെ ഫിറ്റ്നസിൽ ഇളവ് നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ആലപ്പുഴ ഉപ വിദ്യാഭ്യാസ ഡയറക്ടർക്കാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. സ്കൂളിന് താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാൻ അനുമതി. കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കണം. പഠനം മുടങ്ങരുതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ നിര്‍ദേശിച്ചു. 2026-27 അധ്യയന വർഷത്തേക്കാണ് ഇളവ് അനുവദിച്ചത്.

News Malayalam 24x7
newsmalayalam.com