
കണ്ണൂർ അടക്കാത്തോട് ശാന്തിഗിരിയിൽ വീട്ടുമുറ്റത്ത് കാട്ടാന. അട്ടക്കുളം രാജൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ കാട്ടാന എത്തിയത്.
പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രമേയം. മലപ്പുറം മൊറയൂർ പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയാണ് പ്രതിഷേധ പ്രമേയമിറക്കിയത്. പാർട്ടി ഭാരവാഹികളായ പലരെയും പരിഗണിക്കാതെയാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതെന്ന് ആരോപണം. മലപ്പുറം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയിലേക്ക് നിർദേശിച്ചവരെ പരിഗണിക്കാതെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും വിമർശനമുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രണത്തിൽ ഒരു കുട്ടി അടക്കം 4 പേർ കൊല്ലപ്പെട്ടു. വിവാഹചടങ്ങിനിടെ മിസൈൽ പതിച്ച് അൻപതിലധികം പേർക്ക് പരിക്ക്. കുവൈത്തിലും ബഹ്റൈനിലും യുഎസ് വ്യോമതാവളങ്ങളിൽ ഇറാൻ പ്രത്യാക്രമണം നടത്തി.
നേപ്പാൾ പ്രളയദുരന്തത്തിൽ മരണസംഖ്യ 1080 ആയി ഉയർന്നു. നാലായിരത്തിലേറെ പേർ ഇപ്പോഴും കാണാമറയത്താണ് ഉള്ളത്. കാണാതായവരിൽ അഞ്ഞൂറിലധികം വിദേശപൗരൻമാരും ഉൾപ്പെടും. ജലവൈദ്യുത പ്ലാൻ്റ് നിർമാണസ്ഥലത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നു.
കോഴിക്കോട് കാർ നിയന്ത്രണം വിട്ട് മതിലിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. മരിച്ചത് ചേവായൂർ സ്വദേശി സുധാകരൻ. തീപിടിച്ച കാറിൽ കുടുങ്ങിപ്പോയ സുധാകരനെ രക്ഷിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ബലപരിശോധനയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങി കേരളം. ഇന്നത്തെ യോഗത്തിൽ സംസ്ഥാനം നിലപാട് വ്യക്തമാക്കും. അംഗീകരിക്കപ്പെടുന്നില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനം. വിദഗ്ദ്ധ സമിതി റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം ഉണ്ടാകും.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പാകിസ്ഥാൻ ക്രിക്കറ്റിൽ വിവാദം പുകയുന്നു. ഏഴ് താരങ്ങളെ മാറ്റിയതിനെ എതിർത്ത് മുൻതാരങ്ങൾ രംഗത്ത്. പിസിബിയെ വിമർശിച്ച് അഫ്രീദിയും മിയാൻദാദും അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നു.മണ്ടൻ തീരുമാനം താരങ്ങളുടെ ആത്മവിശ്വാസം തകർക്കുമെന്ന് മുന്നറിയിപ്പും നൽകി.
അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞ് അൻ്റോണിയോ റൂഡിഗർ. ജർമൻ പ്രതിരോധ താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനം സമൂഹമാധ്യമത്തിലൂടെയാണ് അറിയിച്ചത്. മനോഹരമായ യാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദിയെന്ന് താരം പറഞ്ഞു. ക്ലബ് ഫുട്ബോളിൽ ശ്രദ്ധ ചെലുത്തുമെന്നും റൂഡിഗർ അറിയിച്ചു.
കൊല്ലം കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി ഡിഎംഒ. ഡോ. രേഖ കൃഷ്ണ രോഗിയോട് ഇടപെട്ട രീതി ശരിയായില്ല. ഡോക്ടർക്ക് എതിരെ വകുപ്പ് തല നടപടി സ്വീകരിക്കാമെന്ന് ഡിഎംഒയുടെ ശുപാർശ. ഡോക്ടറെ കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റി നിയമിക്കണമെന്നും ഡിഎംഒ ആവശ്യപ്പെട്ടു.
ജലപീരങ്കിയിൽ മലിനജലം ഉപയോഗിച്ചില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആവശ്യമില്ലാതെ പൊലീസിനെ ആക്രമിച്ചപ്പോൾ ഉണ്ടായ നടപടി അണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷവും ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതിൽ ഒരു വ്യത്യാസവും ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് കാർ തീപിടിച്ച് ഡ്രൈവർ മരിച്ചതിൽ ദുരൂഹത. നിർണായ സിസിടിവി ദൃശ്യം പുറത്ത്. ഇറക്കത്തിൽ താഴെയെത്തിയ ശേഷമാണ് കാർ കാത്തിയത്. കാർ നിയന്ത്രണം വിട്ടിട്ടില്ല. കയറ്റത്തിൽ നിന്നും സാവധാനമാണ് താഴേക്ക് വരുന്നത്. ഇറക്കത്തിനു ശേഷം കാർ നിർത്തി സെക്കൻ്റുകൾക്കു ശേഷം കാർ പൊട്ടിത്തെറിച്ചു. ജീപ്പ് കോംപസ് കാറാണ് പൊട്ടിത്തെറിച്ചത്. മരിച്ച സുധാകരൻ റിയൽ എസ്റ്റേറ്റ് വാഹന കച്ചവടക്കാരനാണ്.
മുല്ലപ്പെരിയാറിലെ സമഗ്ര സുരക്ഷ പരിശോധനയുമായി ബന്ധപ്പെട്ട് വിദഗ്ധ സംഘം കേരള തമിഴ്നാട് പ്രതിനിധികളുമായി ചർച്ച തുടങ്ങി. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് അണക്കെട്ടിൽ പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെടും. ഇന്നും നാളെയുമാണ് ചർച്ച നടത്തുക.
കണ്ണൂരിൽ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ബഷീറാണ് അറസ്റ്റിലായത്. 11 മുതൽ 13 വയസ് വരെ പ്രതി ക്രൂരമായി പീഡിപ്പിച്ചു. പുറത്തുപറയാതിരിക്കാൻ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി. പ്രതിയെ റിമാൻഡ് ചെയ്തു
കേരളത്തിൽ അതിരുകടന്ന പ്രീണന രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുസ്ലീംലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും സന്തോഷിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കാൻ വന്ദേമാതരത്തെ അധിക്ഷേപിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പരാമർശം പുരോഗമന കേരള സമൂഹത്തിന് ചേരുന്നതല്ല കാന്തപുരത്തിൻ്റെ പ്രസ്താവനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇസ്ലാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിവാക്കാൻ സിപിഐഎമ്മിൽ ആലോചന. തൽക്കാലം പദവി ഒഴിച്ചിട്ട് വിവാദം ഒഴിവാക്കാനാണ് നീക്കം. സിപിഐ കടുത്ത നിലപാട് തുടരുന്നതോടെയാണ് പുതിയ ആലോചന. സിപിഐഎം പദവി ഏറ്റെടുക്കില്ലെന്ന് സിപിഐയെ അറിയിച്ചേക്കും.
ദേശീയ പാത 66ൽ ഫാസ്റ്റ് ടാഗ് കൗണ്ടറുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലി തർക്കം. കത്തിക്കുത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. മലപ്പുറം വളാഞ്ചേരിക്കും വെട്ടിച്ചിറ ടോൾ പ്ലാസക്കും ഇടയിലാണ് സംഭവം. പരിക്കേറ്റവർ ആശുപത്രിയിലെത്തി ചികിത്സ തേടി. പാലക്കാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 4.30 നാണ് സംഭവം.
ചാലക്കുടി എംഎൽഎയ്ക്കും കെപിസിസി സെക്രട്ടറിക്കുമെതിരെ കൈക്കൂലി ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് വിജിലൻസ് കോടതി. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തും കൈക്കൂലി ചോദിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് പ്രവർത്തകനായിരുന്ന തൃശൂർ താണിക്കുടം സ്വദേശി ദേവേന്ദ്രൻ്റെ പരാതിയിലാണ് നടപടി. ദേവേന്ദ്രൻ്റെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് 5 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടെന്ന് പരാതിക്കാരൻ. 2016 ൽ നടന്ന സംഭവത്തിന് പിന്നാലെ രാജേന്ദ്രൻ നിരവധി കേന്ദ്രങ്ങളിൽ പരാതി നൽകിയിരുന്നു. പരാതികൾക്ക് പിന്നാലെ കോടതിയെ സമീപിച്ചതോടെയാണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും കോടതി ഉത്തരവിടുന്നത്.
കൃഷ്ണഗിരിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ഇന്ന് പുലർച്ചെ കൃഷ്ണഗിരിയിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളായ യാത്രികർക്ക് പരിക്കേറ്റു. പോസ്റ്റ് തകർന്നതിനെ തുടർന്ന് കൃഷ്‌ണഗിരി മുതൽ കൊളഗപ്പാറ വരെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
സവാളയുടെ വിലക്കയറ്റത്തിന് പിന്നിൽ പൂഴ്ത്തിവെപ്പെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വൻകിടക്കാരും ഇടനിലക്കാരും നാസിക്, മാണ്ടി, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സവാള വാങ്ങി പൂഴ്ത്തിവെച്ച് കൃത്രിമമായി വില വർദ്ധിപ്പിക്കുന്നു. വിലക്കയറ്റം സർക്കാർ വളരെ ഗൗരവത്തോടെെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
എട്ട് മാസം പ്രായമുള്ള കുഞ്ഞിൻ്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്. കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം ഡിആർഐ പിടികൂടി. പിന്നീട് കുഞ്ഞിൻ്റെ പിതാവിൻ്റെ ദേഹത്ത് ഒളിപ്പിച്ച മിശ്രിത രൂപത്തിലുള്ള സ്വർണവും പിടികൂടി. റാസൽ ഖൈമയിൽ നിന്നു കരിപ്പൂരിൽ എത്തിയ പൊന്നാനി സ്വദേശിയുടെയും 8 മാസം പ്രായമുള്ള കുഞ്ഞിൻ്റെയും ദേഹത്തു നിന്നാണു സ്വർണം കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് സ്വർണ്ണക്കടത്ത് കണ്ടെത്തിയത്.
കേരള സർവകലാശാല മാർച്ചിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് പാലക്കാട് എസ്പി ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ഉത്തരവുമായി ബാലാവകാശ കമ്മീഷൻ. പഞ്ചസാര ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്താൻ നിർദേശം. പോഷക ഘടന നിശ്ചയിക്കുന്നതിന് ഉന്നതതല കമ്മിറ്റി വേണം. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ കമ്മിറ്റിക്ക് രൂപം നൽകണമെന്നും ഉത്തരവ്.
കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. പ്രമേഹം പരിശോധിക്കാനെത്തിയ യുവാവിന് ഡ്രിപ് നൽകിയതിലെ പിഴവു മൂലം കയ്യിൽ പഴുപ്പ് കയറി. മസിലിൽ കുത്തി ഡ്രിപ് കയറ്റിയതാണ് കയ്യിൽ പഴുപ്പ് കയറാൻ കാരണമെന്ന് പരാതി. കിഴകൊമ്പ് ചെള്ളയ്ക്കപ്പടി സ്വദേശി രഞ്ജിത്ത് രമേശനാണ് പരാതിക്കാരൻ. ഡിഎംഒയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങി കുടുംബം
സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പൊലീസിനോട് കയർത്ത് സംസാരിച്ച് നേതാക്കൾ. പ്രവർത്തകരെ അനുനയിപ്പിച്ച് സിപിഐഎം നേതാവ് വി.ശിവൻകുട്ടി. വി. ജോയ് എംഎൽഎയും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആർഎസ്എസിനെതിരെ പ്രതിഷേധിച്ചതിന് യുഡിഎഫ് സർക്കാരിൻ്റെ പൊലീസ് നര നായാട്ട് അവസാനിപ്പിക്കുക എന്നെഴുതിയ ബാനർ സെക്രട്ടറിയേറ്റിൻ്റെ സമര ഗേറ്റിൽ പ്രവർത്തകർ കെട്ടി.
സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിന് ശേഷം പ്രവർത്തകർ യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ റോഡ് ഉപരോധിക്കുകയാണ്. നൂറുക്കണക്കിന് പ്രവർത്തകരാണ് റോഡിൽ അണിനിരന്നിട്ടുള്ളത്. ഇതിനിടെ പൊലീസ് വാഹനത്തിന് മുന്നിൽ പ്രവർത്തകർ എസ്എഫ്ഐയുടെ കൊടി വച്ചു. കേരളത്തിൽ മുഖ്യമന്ത്രിയെ തടയാൻ നിലവിൽ എസ്എഫ്ഐക്കാർ വേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് പറഞ്ഞു. അത് നല്ലതുപോലെ കോൺഗ്രസുകാർ തന്നെ ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയെ തടയേണ്ട സാഹചര്യം വന്നാൽ എസ്എഫ്ഐ തടയും.
കശുവണ്ടി അഴിമതി കേസിലെ പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതികള്‍ക്ക് നല്‍കിയ നടപടിയിൽ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്ന് കോടതി പരിഹസിച്ചു. ഏത് മാര്‍ഗത്തിലൂടെ പകര്‍പ്പ് നല്‍കിയെന്ന് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
കാന്തപുരത്തെ തള്ളി മുതിർന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മതപണ്ഡിതർ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല പുരുഷന്മാരെ. കാന്തപുരം ആയാലും മറ്റേത് മൗലവി ആയാലും അതാണ് ചെയ്യേണ്ടതെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ഇന്ന് ഏറ്റവും അടിമത്തം അനുഭവിക്കുന്നത് മുസ്ലീം സ്ത്രീകൾ ആണെന്നും പാലോളി പറഞ്ഞു.
പ്രിയദർശിനി വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചുവെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ. സ്വകാര്യ ബസ്സുകളുടെ എണ്ണം കുറഞ്ഞു വരുന്നു. സ്വകാര്യ ബസ്സുകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ശുപാർശകൾ സമർപ്പിച്ചു.
ചെന്നൈ: വിജയ് നായകനായ തുപ്പാക്കി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 150 ൽ അധികം യുവാക്കൾ സൈന്യത്തിൽ ചേർന്നതായി ടിവികെ എംഎൽഎ നിയമസഭയിൽ പറഞ്ഞു. ടിവികെ എംഎൽഎ എസ് വിജയകുമാറിന്റേതാണ് പരാമർശം. സിനിമയിൽ നിന്ന് വരുന്നവർക്ക് ഭരണത്തെ കുറിച്ച് എന്തറിയാമെന്ന പ്രതിപക്ഷ വിമർശനത്തിന് മറുപടിയായാണ് എംഎൽഎയുടെ പ്രതികരണം.
മുഖ്യമന്ത്രി വി. ഡി. സതീശനെ ട്രോളി സിപിഐഎം. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞ സംഭവം പുനരാവിഷ്‌കരിച്ച് ട്രോൾ വീഡിയോ. CPIM പാലക്കാട് ജില്ലാ കമ്മിറ്റിയാണ് വീഡിയോ പുറത്തിറക്കിയത്.
പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയെന്ന് വിമർശനം. പാർട്ടി തീരുമാനിച്ചാൽ ആരു ചോദിക്കാൻ എന്ന ഭാവമായിരുന്നു. സഹകരണ ബാങ്കുകളിലെ അഴിമതി ഉൾപ്പടെ തിരിച്ചടിയായെന്നും ജനങ്ങളോട് വിനയത്തിൽ നിൽക്കണമായിരുന്നെന്നും തോമസ് ഐസക്
തിരുവനന്തപുരം: അമ്പൂരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിസോർട്ട് ഉടമയെ പൊലീസ് കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാജഹാനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ഷാജഹാനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
മലപ്പുറം: വണ്ടൂർ കാപ്പിൽ ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. വണ്ടൂർ കാപ്പിൽ പാറശേരി കുന്നുമ്മൻ ഫസീലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് റഷീദിനെ വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സിപിഐഎം തെറ്റു തിരുത്താൻ പോകുന്നില്ല എന്നതിൻ്റെ ദൃഷ്ടാന്തമാണ് പിണറായി വിജയൻ്റെ വ്യാഖ്യാനം എന്ന് ടി.കെ. ഗോവിന്ദൻ. അണികൾ തളിപ്പറമ്പിലും പയ്യന്നൂരും പോയത് കേന്ദ്രകമ്മിറ്റിയുട വിശദീകരണം കേൾക്കാൻ വേണ്ടി. പിണറായി സ്വീകരിച്ചത് കേന്ദ്ര കമ്മിറ്റിയുടെ നിലപാടിന് വിരുദ്ധമായ നിലപാടെന്നും ഗോവിന്ദൻ വിമർശിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണമെന്നും രാഗേഷ് മുക്കാതെ പഴുത്ത ആളെന്നും പരിഹാസം.
സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി ഏഴിനും 12 മണിക്കും ഇടയിൽ നിയന്ത്രണം ഉണ്ടായേക്കും. ദേശീയ തലത്തിൽ 12,000 മെഗാവാട്ട് വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് വിശദീകരണം.
തിരുവനന്തപുരം; വഴി തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുന്നു എന്ന് ചേന്തി അനിൽ. കാണാൻ അവസരം കിട്ടിയാൽ സതീശനോട് നേരിട്ട് ക്ഷമ ചോദിക്കും. മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുന്നില്ല എന്നും ജാമ്യം നേടി പുറത്തിറങ്ങിയ ചേന്തി അനിൽ പറഞ്ഞു
അശ്ലീല ചിത്രം വാട്സാപ്പിൽ സ്റ്റാറ്റസിട്ടതിന് പൊലീസ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്പെൻഷൻ. കേരള പൊലീസ് അടൂർ മൂന്നാം നമ്പർ ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണൻ വി.യെയാണ് സസ്പെൻഡ് ചെയ്തത്.
മുഖ്യമന്ത്രി വി.ഡി.സതീശനെ വാനോളം പുകഴ്ത്തി സിപിഐ നേതാവ് സി. ദിവാകരൻ. നൂറ് ദിവസം കൊണ്ട് കേരളത്തിൻ്റെ താതാപര്യം ഈ സർക്കാരിൽ ഭദ്രമാണെന്ന് തെളിയിച്ചു. നിയമസഭയിൽ ഞങ്ങളെ വെള്ളം കുടിപ്പിച്ച വി.ഡി. സതീശനോട് ബഹുമാനം ഉണ്ട്. പാവപ്പെട്ടവർക്ക് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു എന്നും സി.ദിവാകരൻ പറഞ്ഞു. ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങൾ മുഖത്ത് നോക്കി പറയുന്ന നേതാവാണ് സി.ദിവാകരൻ എന്ന് മുഖ്യമന്ത്രിയും പറഞ്ഞു. വിസികെ അവാർഡ് നൽകിയത് കൃത്യമായ ആൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരെ പിന്തുണച്ചും മുഖ്യമന്ത്രി വി.ഡി. സതീശനെ പരോക്ഷമായി വിമർശിച്ചും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. രാജ്യത്ത് ഓരോരുത്തർക്കും അവരുടെ മതപരമായ കാര്യങ്ങൾ പറയാം. അത് സ്വീകരിക്കണം എങ്കിൽ സ്വീകരിക്കാം. അല്ലാതെ കാലികമല്ലെന്ന് പറഞ്ഞ് കളിയാക്കേണ്ടതില്ലെന്നും. ഉത്തരവാദിത്തപ്പെട്ടവർ മതത്തിന്റെ ആചാരങ്ങളെ എതിർക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
കാന്തപുരത്തെ പിന്തുണച്ച് എസ്കെഎസ്എസ്എഫ്. കാന്തപുരം നിർവഹിച്ചത് മതപരമായ ഉത്തരവാദിത്വമെന്ന് എസ്കെഎസ്എസ്എഫ്. സ്ത്രീകളെ പ്രദർശന വസ്തുവാക്കുന്നതിരെയാണ് പ്രസ്താവന. കാന്തപുരത്തിനെതിരെ നടക്കുന്നത് ബോധപൂർവമായ വേട്ടയാടൽ. വിമർശനങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗമെന്നും എസ്കെഎസ്എസ്എഫ്.
വാർത്താസമ്മേളനങ്ങളിൽ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവർത്തകരെ സ്ഥാപനങ്ങളുടെ പേരിൽ വേർതിരിക്കുന്ന സമീപനം മുഖ്യമന്ത്രി തിരുത്തണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇരിക്കാൻ മുഖ്യമന്ത്രിക്ക് ആവകാശമുണ്ട്. എന്നാൽ ചില മാധ്യമങ്ങളെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന രീതി ജനാധിപത്യത്തിന് യോജിച്ചതല്ല . ചോദ്യം ചോദിക്കുന്നവർ വാർത്താ സമ്മേളനങ്ങൾ കലക്കാൻ വന്നതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും KUWJ പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് നടന്ന വാർത്തസമ്മേളനത്തിനിടെ , ചോദ്യം ഉന്നയിച്ച ഇടത് അനുകൂല മാധ്യമപ്രവർത്തകനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശച്ചിരുന്നു.
ആലപ്പുഴ: പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്ക് തീപിടിച്ചു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണെന്ന് സൂചന. ബോട്ടിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. നാട്ടുകാരും ഫർഫോഴ്സും ചേർന്ന് തീയണയ്ക്കുന്നു
കണ്ണൂർ: പേരാവൂർ പാമ്പാളിയിൽ വിവാഹപന്തലിലുണ്ടായ തർക്കത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. അൻസർ, അരൂൺ, അഭിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെ പരിയാരം മെഡിക്കൽ കോളേജിലും ഒരാളെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു
യാത്രക്കാർക്ക് വീണ്ടും പണി കൊടുത്ത് സ്പൈസ് ജെറ്റ്. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകുന്നു.11.45 ന് പുറപ്പെടേണ്ട ഫുജൈറ സർവീസ് ആണ് വൈകുന്നത്. വിമാനം പുലർച്ചെ 2 ന് പുറപ്പെടും എന്ന് അധികൃതർ.
സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലീയാരെ തള്ളിയ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഖലീലുൽ ബുഹാരി തങ്ങൾ അടക്കമുള്ള നേതാക്കളാണ് ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തിയത്. കാന്തപുരത്തിനെതിരായ പ്രസ്താവന തിരുത്തണമെന്ന് മുഖ്യമന്ത്രിയോട് നേതാക്കൾ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ പൊന്നാനി MLA കെപി നൗഷാദ് അലിയും പങ്കെടുത്തു
പ്രഥമ വനിതാ ചാംപ്യൻസ് ട്രോഫിക്ക് ഇന്ത്യ വേദിയാകും. മുംബൈയും വഡോദരയുമാണ് അടുത്ത വർഷം നടക്കുന്ന ടൂർണമെൻ്റിന് വേദിയാവുക. ഇന്ത്യയടക്കം ആറ് ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും. ശ്രീലങ്കയിലെ ക്രിക്കറ്റ് ബോർഡിലെ രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ് വേദി ഇന്ത്യയിലേക്ക് മാറ്റിയത്.
സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവർക്കെതിരെ കേസെടുത്തതിന് പിന്നാലെ അറസ്റ്റ് നടപടികൾ ആരംഭിച്ചു പൊലീസ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സെക്രട്ടറി, പ്രസിഡൻ്റ് അടക്കം 30 പേർക്കെതിരെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ ഡോക്ടറെ സ്ഥലംമാറ്റി. ഡോക്ടർ രേഖ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഡോക്ടറോട് നിർബന്ധിത അവധിയിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിരുന്നു.