മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകൾ സന്ദർശിക്കും

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ
വി.ഡി. സതീശൻ
വി.ഡി. സതീശൻ

അതിശക്തമായ മഴ; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

അതിശക്തമായ മഴ തുടരും. 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം മലപ്പുറം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട് നൽകി. മലയോര മേഖലകളിൽ ജാഗ്രത തുടരാനും നിർദേശം.

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവം: കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസ്

നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കും സുഹൃത്തിനുമെതിരെ കേസ്. തിരുവല്ലം സ്വദേശിനി ഗ്രീഷ്മ , സുഹൃത്ത് അമൻ എന്നിവർക്കെതിരെയാണ് കേസ്. മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചത്.

അപ്പർകുട്ടനാട്ടിലെ പല വീടുകളിലും വെള്ളം കയറി; പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നു

ആലപ്പുഴ അപ്പർകുട്ടനാട് മേഖലകളിൽ പല വീടുകളിലും വെള്ളം കയറി. ചെങ്ങന്നൂർ പാണ്ടനാട് വെള്ളക്കെട്ട് അതിരൂക്ഷം. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നു.

മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു; വീടുകളിൽ വീണ്ടും വെള്ളം കയറി

മൂവാറ്റുപുഴയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. വീടുകളിൽ വീണ്ടും വെള്ളം കയറി. മൂവാറ്റുപുഴ നഗരത്തിലെ ഇലാഹിയ നഗർ, കൊച്ചങ്ങാടി എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ അഞ്ചുമണിയോടെ വെള്ളം കയറിയത്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതാണ് വെള്ളം ഉയരുന്നതിന് കാരണമായത്. ഇന്നലെ വെള്ളം ഇറങ്ങിയതിനെ തുടർന്ന് വീടുകൾ ശുചീകരിച്ച് താമസം തുടങ്ങുന്നതിന് തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെള്ളം കയറിയത്.

മീനച്ചിലാറ്റിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ

കോട്ടയം മീനച്ചിലാറ്റിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ. ഈരാറ്റുപേട്ട പാലാ റൂട്ടിൽ വീണ്ടും വെള്ളം കയറി. കോട്ടയം കുമരകം പാതയിലും ഗതാഗതം നിലച്ചു. പുതുപള്ളി മീനടം റൂട്ടിൽ ഞണ്ടുകുളം പാലം വെള്ളത്തിലായി. കൈതേപാലം - വാകത്താനം പന്നിക്കോട്ട് പാലത്തിലും വെള്ളം കയറി.മണിമല ആറ്റിലും ജലനിരപ്പ് ഉയർന്നു.നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി.

പമ്പാ നദിയിൽ ജലനിരപ്പ് അപകടകരമായ അവസ്ഥയിൽ; സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രി പത്തനംതിട്ടയിലേക്ക്

ആറന്മുളയിലും റാന്നിയിലും ആശങ്കയേറ്റി മൂഴിയാർ ഡാം ഉടൻ തുറന്നേക്കും. ജലനിരപ്പ് രണ്ട് മീറ്റർ കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തുമെന്ന് മുന്നറിയിപ്പ്. ശബരിമല വനമേഖലയിൽ തീവ്ര മഴയാണ് ഉള്ളത്. പമ്പാ നദിയിൽ ജലനിരപ്പ് അപകടകരമായ അവസ്ഥയിലാണ് ഉള്ളത്. സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂ മന്ത്രി പത്തനംതിട്ടയിലെത്തും.

കോമൺവെൽത്ത് ഗെയിംസിന് സമാപനം; 39 മെഡലുമായി ഇന്ത്യ നാലാമത്

ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന് കൊടിയിറങ്ങി. 13 സ്വർണവും 17 വെള്ളിയും 9 വെങ്കലവും അടക്കം 39 മെഡലുകലുകളുമായി മെഡൽ പട്ടികയിൽ ഇന്ത്യ നാലാമത്തെത്തി. 171 മെഡലുമായി ഓസ്ട്രേലിയ ഒന്നാമതും. 110 മെഡലുമായി ഇംഗ്ലണ്ട് രണ്ടാമതും, 62 മെഡലുകളുമായി കാനഡ മൂന്നാം സ്ഥാനത്തുമായാണ് മെഡൽ പട്ടികയിൽ ഫിനിഷ് ചെയ്തത്. 2030 കോമൺവെൽത്തിൻ്റെ ബാറ്റൻ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് പി.ടി ഉഷയും ഒളിംപ്യൻ നീരജ് ചോപ്രയും ചേർന്ന് ഏറ്റുവാങ്ങി. കോമൺവെൽത്ത് ഗെയിംസിൻ്റെ നൂറാം വാർഷികത്തിലാണ് അഹമ്മദാബാദ് വേദിയാകുന്നത്.

ജംഷഡ്പൂർ എഫ്സിയുടെ ഐഎസ്എൽ പിന്മാറ്റം; ഞെട്ടിച്ചുവെന്ന് സുനിൽ ഛേത്രി

ജംഷഡ്പൂർ എഫ്സിയുടെ ഐഎസ്എൽ പിന്മാറ്റം ഞെട്ടിച്ചു ഇന്ത്യൻ മുൻ നായകൻ സുനിൽ ഛേത്രി. തീരുമാനം ടാറ്റാ പുനഃപരിശോധിക്കണമെന്ന് സുനിൽ ഛേത്രി പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിൻ്റെ നെടുംത്തൂണാണ് ജംഷഡ്പൂർ, അവരുടെ പിന്മാറ്റത്തിന് പകരം വെക്കാൻ മറ്റാർക്കും സാധിക്കില്ലെന്നും ഛേത്രി പറഞ്ഞു. തീരുമാനത്തിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് പിന്മാറണമെന്നും ഇന്ത്യൻ ഫുട്ബോളിനെ ഉയർച്ചയിലേക്കെത്തിക്കാൻ ടാറ്റയുടേതടക്കമുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും ഛേത്രി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു.

എടായിപ്പാലത്ത് വൻ മണ്ണിടിച്ചിൽ

മലപ്പുറം പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു. പാണക്കാട് എടായിപാലത്താണ് സംഭവം. പ്രദേശത്ത് ഇപ്പോഴും മണ്ണിടിയുന്നുണ്ട്.

കോഴിക്കോട് കക്കോടിയിൽ വീടുകളിൽ വെള്ളം കയറി

കോഴിക്കോട് കക്കോടിയിൽ വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്സ് സംഘം വീടുകളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നു.

ശബരിമല പാതയിലെ അട്ടത്തോട്ടിൽ മണ്ണിടിച്ചിൽ

ശബരിമല പാതയിലെ അട്ടത്തോട്ടിൽ മണ്ണിടിച്ചിൽ. പാറക്കഷ്ണങ്ങൾ അടക്കം റോഡിലേക്ക് വീണു. ഇവ നീക്കം ചെയ്യാനുള്ള പണി പുരോഗമിക്കുകയാണ്.

മൂഴിയാർ ഡാം തുറന്നു; തീരദേശത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

പത്തനംതിട്ട ജില്ലയിലെ മൂഴിയാർ ഡാം തുറന്നു. തീരദേശത്തുള്ളവർ ജാഗ്രതാ നിർദേശം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; നിരവധി പേർക്ക് അപകടം

നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലാണ് അപകടം. കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു.

കണ്ണൂർ രാജഗിരിയിൽ കാണാതായ രാജേഷിനായി തിരച്ചിൽ തുടരുന്നു; ഒഴുക്കിൽപ്പെട്ടത് രക്ഷാപ്രവർത്തനത്തിനിടെ

കണ്ണൂർ രാജഗിരിയിൽ കാണാതായ രാജേഷിനായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപ്പെട്ടത് രക്ഷാപ്രവർത്തനത്തിനിടെ. തുരുത്തിൽ ഒറ്റപ്പെട്ടയാൾക്ക് ലൈഫ് ജാക്കറ്റ് ഊരി നൽകി രക്ഷിച്ചിരുന്നു . തിരികെ വരവേ ഒഴുക്കിൽപ്പെട്ടാണ് കാണാതായത്. രാജേഷിൻ്റെ ബന്ധുക്കൾ ചെറുപുഴയിൽ എത്തി.

അയോധ്യ സംഭാവനകൊള്ളയ്ക്കെതിരായ പ്രതിഷേധം; പപ്പു യാദവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

അയോധ്യ സംഭാവനകൊള്ളയ്ക്കെതിരായ പ്രതിഷേധിച്ച പപ്പു യാദവിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ബിജെപി അംഗം സഞ്ജയ് ജയ്സ്വാളാണ് നോട്ടീസ് നൽകിയത്. പപ്പു യാദവ് സനാതനധർമ്മത്തെ അവഹേളിച്ചുവെന്ന് ബിജെപി ആരോപിച്ചു. അതേസമയം സംഭാവന കൊള്ള ഉയർത്തി ഇന്നും പാർലമെൻ്റ് കവാടത്തിൽ എസ്പി അംഗങ്ങളുടെ പ്രതിഷേധം.

കോഴിക്കോട് വെള്ളിമാടുക്കുന്ന് - മൂഴിക്കൽ ഭാഗത്തെ വീടുകളിൽ വെള്ളം കയറി

കോഴിക്കോട് വെള്ളിമാടുക്കുന്ന് - മൂഴിക്കൽ ഭാഗത്തെ വീടുകളിൽ വെള്ളം കയറി. പല വീടുകളുടെയും ഒരു നില പൂർണമായും മുങ്ങി. ആളുകൾ രണ്ടാം നിലയിൽ അഭയം പ്രാപിച്ചു. കുറ്റ്യാടി ഡാം തുറന്നതോടെ പുഴയിലാകെ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്താകെ വെള്ളം കയറുകയായിരുന്നു.

നെല്ലിയാമ്പതി ചുരത്തിൽ ബസ് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

നെല്ലിയാമ്പതി ചുരത്തിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. പോത്തുണ്ടി ചെക്ക് പോസ്റ്റിന് മുകളിലാണ് അപകടം ഉണ്ടായത്. നാട്ടുകാരും പൊലീസും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത കേസ്; ബ്രിജ് ഭൂഷൺ കുറ്റവിമുക്തൻ

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ ബ്രിജ് ഭൂഷൺ സിങ്ങിനെ കുറ്റവിമുക്തനാക്കി. ഡൽഹി റോസ് അവന്യൂ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ ബ്രിജ് ഭൂഷണിനെ കുറ്റവിമുക്തനാക്കിയത്.

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ വിള്ളൽ

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ വിള്ളൽ. മുറംപാത്തി ഭാഗത്തെ റോഡിലാണ് വിള്ളൽ വീണത്. റോഡിൻ്റെ പത്ത് മീറ്ററോളം ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടത്. ഇതിനു മുൻപും രണ്ടുതവണ റോഡിൽ വിള്ളൽ വീണിട്ടുണ്ട്. വിള്ളൽ വീണ സ്ഥലത്ത് ബാരിക്കേഡ് വച്ച് അടച്ചു. ഒരുവശത്തുകൂടെ മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒൻപത് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപത് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും കോടതി പറഞ്ഞു. പ്രതികള്‍ 67 ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നു. എന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല. പിന്നെ എന്തിന് പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നും ഹൈക്കോടതി ചോദിച്ചു.

കനത്ത മഴ; പത്തനാപുരം തലവൂരിൽ വീട് ഭാഗികമായി നശിച്ചു

കനത്ത മഴയിൽ പത്തനാപുരം തലവൂരിൽ വീട് ഭാഗികമായി നശിച്ചു. പറങ്കിമാം മുഗളിൽ സ്വകാര്യ വ്യക്തിയുടെ ഓഡിറ്റോറിയത്തിൻ്റെ ഭിത്തി തകർന്നാണ് അപകടം. ഭിത്തി മുകളിലേയ്ക്ക് വീണാണ് വീടിന് നാശമുണ്ടായത്.

ഒളവണ്ണയിൽ മണ്ണിടിച്ചിൽ; രണ്ടു വീടുകളുടെ പിൻവശവും കിണറും തകർന്നു

ഒളവണ്ണയിൽ മണ്ണിടിച്ചിൽ രണ്ടു വീടുകളുടെ പിൻവശവും കിണറും തകർന്നു. കൊടൽ നടക്കാവ് പറപ്പാറ കുന്നിൻ്റെ തെക്കുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. മരങ്ങളും കല്ലുകളും പതിച്ച് രണ്ടു വീടുകളുടെ പിൻവശവും കിണറും തകർന്നു. സമീപത്തെ മൂന്ന് വീടുകൾ അപകടഭീഷണിയിൽ. വലിയ ഉരുളൻ കല്ലുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ.

പാണക്കാട് മണ്ണിടിച്ചിൽ; പ്രദേശത്ത് എൻഡിആർഎഫ് സംഘമെത്തി   

പാണക്കാട് മണ്ണിടിച്ചിൽ NDRF സംഘം സ്ഥലത്ത് കോഴിച്ചേനയിൽ നിന്നുള്ള 10 അംഗസംഘമാണ് അപകട സ്ഥലത്ത് എത്തിയത്

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയിൽ 15 മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തി. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. മഴക്കെടുതിയിൽ 165 ഹെക്ടർ കൃഷി നശിച്ചു. പല തെറ്റായ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ അടിയന്തരമായി കാണാനെന്ന് മുഖ്യമന്ത്രി

നിക്ഷേപക ഗ്രൂപ്പിനെ കാണാനാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പഴയ മുഖ്യമന്ത്രി യാത്ര ചെയ്തതിനെ ഞാൻ വിമർശിച്ചിട്ടില്ല. വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു. നേരത്തെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികൃതരുടെ അനാസ്ഥ; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ വാർഡിലും പ്രസവ വാർഡിലും വെള്ളമില്ല

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രോഗികൾ ദുരിതത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിൽ വെള്ളമില്ലെന്ന പരാതിയുമായി രോഗികൾ. കുട്ടികളുടെ വാർഡിലും പ്രസവ വാർഡിലും വെള്ളമില്ല. പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

കോട്ടയം അയർക്കുന്നിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു

കോട്ടയം അയർക്കുന്നിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. അറുമാനൂർ സ്വദേശി ജിൻ്റോ മാത്യു ( 43 ) ആണ് മരിച്ചത്. മൂഴിക്കടവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ സന്ദർശിച്ച് മീരാഭായ് ചനു

കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി ഇന്ത്യയിലെത്തിയതിന് പിന്നാലെ കേന്ദ്ര മന്ത്രി കിരൺ റിജിജുവിനെ സന്ദർശിച്ച് മീരാഭായ് ചനു. താരത്തിൻ്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും രാജ്യത്തിൻ്റെ യശസ് ഉയർത്തിയെന്നും റിജിജു പറഞ്ഞു. കോമൺവെൽത്തിൽ ഹാട്രിക്ക് സ്വർണം നേടിയതിൽ ചനുവിനെ അഭിനന്ദിച്ച റിജിജു, പാരീസ് ഒളിംപിക്സിലെ നിരാശ കോമൺവെൽത്തിൽ തീർത്തെന്നും പറഞ്ഞു. കേന്ദ്ര മന്ത്രിക്ക് ഭാരോദ്വഹന താരങ്ങൾ ഒപ്പിട്ട ജേഴ്സി കൈമാറിയാണ് മീരാഭായ് മടങ്ങിയത്.

ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്: പ്രശാന്ത് കിഷോറിന് ചരിത്രജയം.

ബിഹാറിലെ ബങ്കിപൂർ ഉപതെരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോറിന് ചരിത്രജയം. ബിജെപിയുടെ നീരജ് കുമാറിനെ 10,436 വോട്ടിനാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്.

 താമരശേരിയിൽ  പൂനൂർ പുഴ കര കവിഞ്ഞു

കനത്ത മഴയിൽ താമരശേരി പൂനൂർ പുഴ കര കവിഞ്ഞു. പൂനൂർ -കട്ടിപ്പാറ റോഡിൽ ഗതാഗതം തടസപ്പെട്ടു. കുണ്ടുങ്ങൽ മേഖലയിൽ വെള്ളം കയറി.

ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ്; അന്വേഷണവുമായി സഹകരിക്കാൻ പിഎസ്‌സി തീരുമാനം

ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പ് കേസിൽ അന്വേഷണവുമായി സഹകരിക്കാൻ പിഎസ്‌സി തീരുമാനം. രഹസ്യാത്മകതയുടെ പേരിൽ വിവരങ്ങൾ തടഞ്ഞു വയ്ക്കേണ്ട ആവശ്യമില്ല എന്നും യോഗം തീരുമാനമെടുത്തു. മൂല്യനിർണയം നടത്തിയ അധ്യാപകരുടെയും ചോദ്യപേപ്പർ തയ്യാറാക്കിയവരുടെയും പേരും മേൽവിലാസവും മൊബൈൽ നമ്പറും അന്വേഷണ സംഘത്തിന് കൈമാറും. പിഎസ്‌സി ചെയർമാൻ്റെയും അംഗങ്ങളുടെയും മൊബൈൽ നമ്പറുകൾ അന്വേഷണ സംഘത്തിന് കൈമാറും.

കോഴിക്കോട് 20 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍

കോഴിക്കോട് 20 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍. കാക്കൂര്‍ സ്വദേശി എ.കെ.മുരളിയാണ് അറസ്റ്റിലായത്. കോഴിക്കോട് ചേളന്നൂരില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്നു. എക്‌സൈസ് വകുപ്പിൻ്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

മന്ത്രിസഭാ വികസനത്തിന്‌ മുൻപേ കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി; എംഎൽഎ രാജി വച്ചു

മന്ത്രിസഭാ വികസനത്തിന്‌ മുൻപേ കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി. കോൺഗ്രസ് എംഎൽഎ യശ്വന്ത്‌ റായ് ഗൗഡ് പാട്ടീൽ എംഎൽഎ സ്ഥാനം രാജിവച്ചു. മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. ബേലൂർ എംഎൽഎ ഗോപാലകൃഷ്ണയും രാജി പ്രഖ്യാപിച്ചു. രാജി അൽപസമയത്തിനകം സത്യപ്രതിജ്ഞ നടക്കാൻ ഇരിക്കെ

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് റെഡ് സിഗ്നൽ; പുതിയത് ആവശ്യമില്ലെന്ന് റെയിൽവേ മന്ത്രാലയം

കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായിരുന്ന കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കേന്ദ്രത്തിൻ്റെ റെഡ് സിഗ്നൽ. നിലവിൽ പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇ.ശ്രീധരൻ്റെ ഹൈ സ്പീഡ് റെയിൽ പദ്ധതി സംസ്ഥാന സർക്കാരിൻ്റെ വിദഗ്ധ സമിതി തള്ളിക്കളഞ്ഞെന്നും മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് റെയിൽവേ മന്ത്രാലയത്തിൻ്റെ മറുപടി.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിൽ

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അധിക മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കാസർഗോഡ് ഒഴികെ ജില്ലകളിൽ 60 ശതമാനം കൂടുതൽ മഴ ലഭിച്ചു. ആകെ 184.2 മില്ലി മീറ്റർ മഴയാണ് സംസ്ഥാനത്ത് പെയ്തത്. സാധാരണ ലഭിക്കേണ്ടത് 55.4 മില്ലി മീറ്റർ മഴയാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. കാസർഗോഡ് മാത്രം മഴയിൽ കുറവ് വന്നിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്. ബാക്കി ജില്ലകളിൽ യെല്ലോ അലേട്ടാണ്.

കനത്ത മഴ തുടരുന്നു; പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

പത്തനംതിട്ട ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിലും വിവിധ മേഖലകൾ പ്രളയജില്ലയിലെബാധിതമായി മാറിയിട്ടുള്ളതുമായ സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും ഇന്ന് (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

മലപ്പുറത്തും നാളെ അവധി

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പിഎസ്‌എസി പരീക്ഷകൾക്ക് മാറ്റമില്ല.

കണ്ണൂരില്‍ ഭാഗിക അവധി

കണ്ണൂരില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി .ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകം. പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.

ആലപ്പുഴയിൽ അവധി

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉള്‍പ്പെടെ അവധി ബാധകം.

കോഴിക്കോടും നാളെ അവധി

ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

ഇടുക്കിയില്‍ ഭാഗിക അവധി

ഇടുക്കിയിൽ ദുരിതാസ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. നഷ്ടപ്പെടുന്ന ദിവസങ്ങൾ ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടുത്തി ക്രമീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മുഖ്യമന്ത്രി ഭക്ഷണം കഴിച്ചതല്ല തെറ്റെന്ന് എ.എ. റഹീം

മുഖ്യമന്ത്രി ഭക്ഷണം കഴിച്ചുപോയതല്ല തെറ്റെന്ന് എ.എ.റഹീം എംപി. അടിയന്തരമായി ഒരു അവലോകനയോഗം ചേരാൻ മൂന്ന് ദിവസം വേണ്ടിവന്നത് എന്തുകൊണ്ട് ? വിരുന്നും സ്വർണക്കട ഉദ്ഘാടനവും ഒക്കെയാണ് മുഖ്യമന്ത്രിയുടെ മുൻഗണനാ പട്ടികയിൽ ഉണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഈ മുൻഗണനകളേക്കാൾ വില ദുരിതബാധിതരുടെ ജീവിതങ്ങൾക്ക് ഉണ്ടെന്നും റഹീം വിമര്‍ശിച്ചു.

സിജെപി പ്രക്ഷോഭം: ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടി

ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനങ്ങൾക്കെതിരെ ഡൽഹി പൊലീസ് നടപടി. ബാർ കോഡ് എന്റർടെയ്ൻമെന്റ് എന്ന സ്ഥാപനത്തിൽ റെയ്ഡ് നടത്തിയതായി വിവരം. റെയ്ഡ് വിവരം സ്ഥാപനമോ പൊലീസോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. "Sonam Sir will die in 2 days" എന്ന പ്രചാരണത്തിലും ഡൽഹി പൊലീസ് അന്വേഷണം.

പോത്തുണ്ടി ബസ് അപകടം; ജയന്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം

നെല്ലിയാമ്പതി പോത്തുണ്ടി ബസ് അപകടത്തില്‍ മരിച്ച ജയന്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും. പരിക്കേറ്റവരിൽ 10 ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നു, ഇവർക്ക് ചികിത്സ ഉറപ്പാക്കാൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബസിൽ 72 പേരാണ് ഉണ്ടായിരുന്നത്, ഓവർലോഡ് ആയിരുന്നില്ല. അപകടകാരണവുമായി ബന്ധപ്പെട്ട് വിശദമായി പരിശോധന നടത്തും. ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

എം.ആർ. അജിത് കുമാറിനെതിരെ പരാതി

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ക്രിമനൽ കേസെടുക്കണമെന്ന് ഹർജി. കോഴിക്കോട് ചെറുവാടി സ്വദേശിയാണ് താമരശ്ശേരി കോടതിയെ സമീപിച്ചത്. മുക്കം പൊലീസ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന കേസിലാണ് പരാതി. സസ്പെൻഷൻ സർക്കുലറിൽ ക്രിമിനൽ കുറ്റം ചെയ്തതായി പരാമർശമുണ്ടെന്നും പരാതിയിൽ പറയുന്നു. കോടതി റിപ്പോര്‍ട്ട് തേടി.

ആറന്മുള വള്ളസദ്യ ഒഴിവാക്കി

ആറന്മുള വള്ളസദ്യ ഒഴിവാക്കി. നാളെയും മറ്റെന്നാളും ഉള്ള വള്ളസദ്യകളാണ് പൂർണമായും ഒഴിവാക്കിയത്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള വള്ളസദ്യകളും ഒഴിവാക്കി. ബുക്ക് ചെയ്തവർക്ക് പകരം തീയതി പിന്നീട് തീരുമാനിക്കും. കനത്ത മഴയെ തുടർന്നാണ് തീരുമാനം.

തൃക്കാക്കരയിലെ മലിനജല ഭീഷണിക്ക് പരിഹാരം

മെട്രോ നിർമാണത്തിലെ അപാകത മൂലം മലിനജല ഭീഷണി നേരിടുന്ന തൃക്കാക്കര പ്രദേശങ്ങൾ ജില്ലാ കലക്ടറും എംഎൽഎയും കെഎംആർഎൽ എംഡിയും സന്ദർശിച്ചു. മലിനജലം ഒഴുക്കിവിടുന്നതിനുള്ള കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെഎംആർഎൽ എംഡി ഉറപ്പു നല്‍കി.

ആലപ്പുഴയിൽ കണ്ണിൽ മുളകുപൊടി എറിഞ്ഞ് ഭവന കവർച്ച; പ്രതി പിടിയില്‍

ആലപ്പുഴയിൽ വീട്ടിൽ കയറി കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച. കൈതവനയിൽ നിന്നും 15 പവന്‍ സ്വര്‍ണമാണ് കവർന്നത്. പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. 42കാരനായ കാസർഗോഡ് സ്വദേശി രാജ്മോഹനെയാണ് പിടിയിലായത്. ആലപ്പുഴ നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

കൈതവന അപർണയിൽ സുദർശനന്റെ വീട്ടിലായിരുന്നു മോഷണം. ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ്, വീട്ടിൽ പൂട്ടിയിട്ട് മർദിച്ച ശേഷമായിരുന്നു സ്വര്‍ണ കവര്‍ച്ച. സുദർശനനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഇരുവരുടെയും വായിൽ തുണി തിരികിയ ശേഷമായിരുന്നു മോഷണം.

കെ.എം. ബഷീറിന്റെ മരണം: വിചാരണ കോടതി മാറ്റിയ ഉത്തരവിനെതിരെ ഭാര്യ ജസീല ഹൈക്കോടതിയില്‍

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ കോടതി മാറ്റിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. ബഷീറിന്റെ ഭാര്യ ജസീലയാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താല്‍പ്പര്യപ്രകാരം ആണെന്നാണ് ആരോപണം. വിചാരണ നീതിപൂര്‍വം നടക്കുമോ എന്നതില്‍ ആശങ്കയുണ്ട്. കേസ് നേരത്തെ പരിഗണിച്ച സെഷന്‍സ് കോടതി ഒന്നിലേക്കു തന്നെ കേസ് മാറ്റണം. പ്രോസിക്യൂട്ടറെ മാറ്റണം. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ പരിഗണിക്കും.

മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിലേക്ക്; പ്രളയബാധിത മേഖലകൾ സന്ദർശിക്കും

മുഖ്യമന്ത്രി വി.ഡി. സതീശന്‍ നാളെ പത്തനംതിട്ടയിലേക്ക്. ജില്ലയിലെ പ്രളയബാധിത മേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഉച്ചയോടെ ആറന്മുളയിൽ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉൾപ്പെടെ മേഖലകൾ സന്ദർശിക്കും. ദുരിത ബാധിതരുമായി നേരിട്ട് സംസാരിക്കും. മറ്റെന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായാണ് സന്ദര്‍ശനം. മുഖ്യമന്ത്രി ദുരന്ത ബാധിത മേഖലകള്‍ സന്ദർശിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണം രൂക്ഷമായിരുന്നു.

വെള്ളപ്പൊക്കത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകർഷകന് നാലു പശുക്കളെ കൈമാറി

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് നാല് പശുക്കളെ കൈമാറി. മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തിയാണ് പശുക്കളെ കൈമാറിയത്. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

കഴിഞ്ഞ ദിവസം തീക്കോയി ആറ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ക്ഷീരകര്‍ഷകനായ അനിൽകുമാറിന്റെ ഉപജീവന മാർഗമായ 11 പശുക്കൾ ചത്തിരുന്നു. അനിൽകുമാറിന്റെയും കുടുംബത്തിന്റെയും ദയനീയത ന്യൂസ് മലയാളത്തിലൂടെ കണ്ട മന്ത്രി ബിന്ദു കൃഷ്ണ, അനിൽകുമാറിനെ വിളിച്ച് കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകിയിരുന്നു.

ഇന്ന് നേരിട്ടെത്തിയ മന്ത്രി പശുക്കളെയും, കാലിത്തീറ്റയും കൈമാറി. രണ്ട് പശുക്കള്‍ ഗര്‍ഭിണികളാണ്. ധനസഹായം ലഭ്യമാക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തില്‍ പൂർത്തിയാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

News Malayalam 24x7
newsmalayalam.com