കെഎസ്ഇബിക്ക് കീഴിലുള്ള അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് തുടരുന്നു. ഇടുക്കിയിലെ മൂന്ന് ഡാമുകളിൽ റെഡ് അലേർട്ട്. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകളിൽ കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു ഇരട്ടയാറിൻ്റെ ഷട്ടറുകൾ തുറന്നിട്ടില്ല. തൃശൂർ പെരിങ്ങൽകുത്ത് ഡാമിലും കോഴിക്കോട് കുറ്റ്യാടി ഡാമിലും റെഡ് അലർട്ട്. ഇരു ഡാമുകളിൽ നിന്നും നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.
ചെങ്ങന്നൂർ പാണ്ടനാട് വെള്ളക്കെട്ടിൽ വീണു മരണം. പാണ്ടനാട് മിത്രമഠം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. പാണ്ടനാട് സ്വദേശി ശിവദാസ് ആണ് മരിച്ചതെന്നാണ് സംശയം. ഇന്നലെ രാത്രി ശിവദാസ് വീട്ടിൽ ഇറങ്ങിയിരുന്നു. പാർക്ക് ചെയ്തിരുന്ന വാഹനം വെള്ളക്കെട്ടിൽ ആണോ എന്ന് അറിയാനായിരുന്നു പോയത്.
വിഴിഞ്ഞത്തെ ബോട്ടപകടത്തിൽ മത്സ്യതൊഴിലാളി ജോണിനെ കാണാതായിട്ട് അഞ്ച് ദിവസം. തിരച്ചിലിന് നേവിയുടെ സഹായം തേടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കോസ്റ്റൽ പൊലീസ് ഇന്നും പരിശോധന നടത്തും.
പത്തനംതിട്ടയിൽ മഴ കുറഞ്ഞു. മൂഴിയാർ ഡാമിൻ്റെ ഷട്ടറുകൾ അടച്ചു. കഴിഞ്ഞ ദിവസം തുറന്ന രണ്ടു ഷട്ടറുകളും അടച്ചു.റാന്നി, ആറന്മുള മേഖലകളിലേക്ക് ജലത്തിൻ്റെ ഒഴുക്ക് കുറയും. കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകളും അടഞ്ഞു കിടക്കുന്നു.
ജർമനിയിൽ വീണ്ടും ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താപനില 40 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. വരും ആഴ്ചയിലെ ഏറ്റവും ചൂടേറിയ ദിനം നാളെ ആയിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം.
ജന്തർമന്തർ സമരത്തിന് ശേഷമുള്ള തുടർപരിപാടികൾ ചർച്ച ചെയ്യാൻ കോക്ക്റോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗത്തിന് നാളെ തുടക്കം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നാളെയും മറ്റന്നാളുമായി ചേരുന്ന യോഗത്തിൽ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയും വക്താക്കളും അടക്കമുള്ളവർ പങ്കെടുക്കും. ഡെൽഹി സമരത്തിൽ സജീവമായി പങ്കെടുത്ത വോളണ്ടിയർമാർ അടക്കമുള്ളവരുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് യോഗം ചേരുന്നത് . രാജ്യം മുഴുവൻ സഞ്ചരിച്ച് യുവാക്കളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനാണ് സിജെപിയുടെ ആലോചന .
പുതിയ സീസണിന് മുന്നോടിയായിയുള്ള അവസാന സൗഹൃദ മത്സരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഇന്ന് കളത്തിലിറങ്ങും. സ്പാനിഷ് ക്ലബ് യുഡി അൽമേരിയയാണ് എതിരാളികൾ. ലോകകപ്പിന് ശേഷം അവധിയിലുള്ള സൂപ്പർ താരം ഇന്ന് കളിക്കില്ല. രാത്രി പതിനൊന്നരയ്ക്കാണ് മത്സരം.
പ്രീ സീസൺ സൗഹൃദമത്സരത്തിൽ ബയേൺ മ്യൂണിക്ക് ഇന്നിറങ്ങും. ദക്ഷിണ കൊറിയൻ ക്ലബായ ജേജു എഫ്സിയാണ് ബയേണിൻ്റെ എതിരാളികൾ. ജേജുവിൻ്റെ തട്ടകത്തിൽ വൈകിട്ട് നാലരയ്ക്കാണ് മത്സരം.
ഇംഗ്ലീഷ് താരം ജോർദൻ ഹെൻഡേഴ്സനെ സ്വന്തമാക്കി ചെൽസി. 36കാരനുമായി രണ്ട് വർഷത്തെ കരാറാണ് ഒപ്പിട്ടത്. സാബി അലോൺസോ പരിശീലകനായ ശേഷമാണ് അനുഭവ സമ്പത്തുള്ള താരങ്ങളെ ചെൽസി കൂടാരത്തിലെത്തിക്കാൻ തുടങ്ങിയത്. നേരത്തെ ഡാനി വെൽബെക്കിനെയും ടീമിലെത്തിച്ചിരുന്നു.
കൊച്ചി ഇൻഫോപാർക്കിന് സമീപം കാർ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ച് മരണം. ഐടി കമ്പനി ജീവനക്കാരനായ തൃശൂർ സ്വദേശി ദേവാനന്ദ് (27) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടരയോടെ ആയിരുന്നു ബ്രഹ്മപുരം റോഡിൽ അപകടം ഉണ്ടായത്.
കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത് . പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.
നടി തൃഷക്കെതിരായ പരാമർശം ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു. പരാമർശം വെറുപ്പുളവാക്കുന്നതെന്ന് ടിവികെ ആരോപിച്ചു. ഉദയനിധി സ്റ്റാലിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ടിവികെ. ഉദയനിധി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
വിവാദ പരാമർശവുമായി ഗതാഗതമന്ത്രി സി.പി.ജോൺ. പൈസ ഇല്ലാത്ത ട്രാൻസ്പോർട്ട് ബസിൽ സ്ത്രീകൾ തള്ളി കയറുന്നു. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നു. ഫീസില്ലാത്ത സ്വകാര്യ സ്കൂളിൽ പോലും മക്കളെ വിടില്ല. ബസ് വന്നാൽ പൈസ കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളി കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല.പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.
താൽക്കാലിക ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ കെഎസ്ആർടിസി കണ്ടക്ടർ ആത്മഹത്യ ചെയ്തു. മരിച്ചത് 18 വർഷമായി സർവീസിലുള്ള കണ്ടക്ടർ. മുളിയാർ മജക്കാറിലെ യോഗീഷ് കുമാറിനെയാണ് (41) ആണ് വീടിന് സമീപത്തെ ഷെഡിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തു. ടിവികെ വനിതാ വിഭാഗത്തിൻ്റെ പരാതിയിൽ തഞ്ചാവൂർ പൊലീസ് ആണ് കേസെടുത്തത്. മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ഉദയനിധി.
വിവാദ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സി.പി .ജോൺ. സ്ത്രീകളുടെ ദാരിദ്ര്യത്തെ കുറിച്ചാണ് താൻ സംസാരിച്ചത്. തൻ്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല. താൻ എന്താണ് പറഞ്ഞതെന്ന് ഒരു വിശദീകരണം തന്നോട് ചോദിക്കാമായിരുന്നു. യാത്ര ചെയ്യാൻ പോലും കഴിവില്ലാത്ത സാമ്പത്തികം ഇല്ലാത്ത സ്ത്രീകൾ ഉണ്ട് അത് മനസ്സിലാക്കാൻ താണടക്കമുള്ള രാഷ്ട്രീയ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് സങ്കടകരം.ഇതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും സി.പി. ജോൺ പറഞ്ഞു. കേരളത്തിലുള്ളവർ ദാരിദ്രം അനുഭവിക്കുന്നതായി അഭിനയിക്കുന്നു എന്നൊന്നും താൻ പറഞ്ഞിട്ടില്ലെന്നും സി.പി. ജോൺ പറഞ്ഞു.
അമിത് ഷാ ലോക്സഭയിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ ബഹളം. അമിത് ഷായെ കാണാനില്ലെന്ന ബാനർ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
നടി തൃഷക്കെതിരായ പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് ഉദയനിധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് 12 മണിക്ക് മദ്രാസ് ഹൈക്കോടതി സ്റ്റാലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കം.
അഭിമന്യൂ വധക്കേസിൽ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദേശം നൽകി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ആണ് നിർദേശം നൽകിയത്. അഭിമന്യൂവിൻ്റെ അമ്മ ഭൂപതിയുടെ ഹര്‍ജിയിലാണ് നിര്‍ദേശം.
മത്സ്യബന്ധന ബോട്ടിൽ കുക്കർ പൊട്ടിത്തെറിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയതാണ് ബോട്ട്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് അതിഥി തൊഴിലാളികൾക്കാണ് പൊള്ളലേറ്റത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൊൽക്കത്ത സ്വദേശികളായ രാംദാസ് ,തരക്ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്.
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതിയുടെ ഇടപെടൽ. സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകി. കെ.എം. ബഷീറിൻ്റെ ഭാര്യ സി.ജസീലയുടെ ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിർദേശം.
ആസൂത്രണ ബോര്‍ഡ് പരീക്ഷ തട്ടിപ്പ് കേസിൽ പിഎസ്‌സിക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷന്‍. വിവരാവകാശ കമ്മീഷൻ ഉത്തരവ് പാലിക്കാത്ത പിഎസ്‌സി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. റാങ്ക് ലിസ്റ്റിലുള്ളവരുടെ മാര്‍ക്കുവിവരങ്ങള്‍ അപേക്ഷകന് എത്രയും വേഗം കൈമാറണമെന്നാണ് നിര്‍ദേശം. ആഗസ്റ്റ് 10നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം.
അസമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 85 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി ഒന്നര ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചു. ശിവസാഗർ ജില്ലയിൽ ആണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. 160ൽ അധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. കൃഷിനാശം നേരിട്ട കർഷകർക്ക് സഹായം നൽകാനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടനയ്ക്ക് ഒരുങ്ങി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വിവാദത്തിൽ പെട്ടവരെ മാറ്റി നിർത്താനാണ് ആലോചന. ലഹരി ഉപയോഗിച്ചെന്ന പേരിൽ വീഡിയോ പ്രചരിച്ച ഡി. ശരത്കുമാർ, ടിവികെ നേതാവിനെ ഭീഷണിപ്പെടുത്തിയ കെ. ജഗദീശ്വരി, വിവാദത്തിലായ വിജയ് തമിഴൻ പാർഥിപൻ, കരാർ ക്രമക്കേട് ആരോപണം നേരിടുന്ന ടി.കെ. പ്രഭു, പോക്സോ ആരോപണത്തിൽപ്പെട്ട കോൺഗ്രസിൻ്റെ പി. വിശ്വനാഥൻ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. പ്രകടനം വിലയിരുത്തി എസ്.കാമിലി, എസ്. കീർത്തന, എസ്. രാജേഷ് എന്നിവരുടെ വകുപ്പുകൾ മാറ്റാനും ആലോചന നടക്കുന്നുണ്ട്. അണ്ണാഡിഎംകെയിൽ നിന്ന് രാജിവെച്ച് ടിവികെയിലെത്തിയ സി. വിജയഭാസ്കറും എം.ആർ. വിജയഭാസ്കറും മന്ത്രിസഭയിലേക്കെത്തിയേക്കും. നാളെ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിന് ശേഷമായിരിക്കും തീരുമാനം.
മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെത്തി. അൽപ്പസമയത്തിനകം മുഖ്യമന്ത്രി ദുരിതമേഖല സന്ദർശിക്കും. കോഴഞ്ചേരി ഗസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. തെക്കേമല ആറന്മുള റൂട്ടിൽ പരമൂട്ടിൽപടി ജംഗ്ഷനിൽ ദുരിത മേഖല സന്ദർശിക്കും. പിന്നീട് തൊട്ടപ്പുഴശേരി പഞ്ചായത്തിലെ ചിറയിരമ്പ് ക്യാമ്പ് സന്ദർശിക്കും.
ദുരിതാശ്വാസ ക്യാമ്പുകൾ ആകെ അലങ്കോലമാണെന്ന് സിപിഐഎം നേതാവ് വി.ശിവൻകുട്ടി. മരുന്നും ഭക്ഷണവും കിട്ടുന്നില്ല. പൂർണ ഉത്തരവാദി മുഖ്യമന്ത്രിയാണ്. കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും വി.ശിവൻകുട്ടി പറഞ്ഞു.
പ്രളയ ദുരിതത്തിൻ്റെ കണക്കുകളിൽ പിഴവ് പറ്റിയെന്ന് സമ്മതിച്ച് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ. കിട്ടിയ വിവരങ്ങളെല്ലാം അറിയിച്ചു. വ്യത്യാസം വന്നു എന്നത് സത്യം. കലക്ടർമാർ മുങ്ങി മരണത്തെ കുറിച്ച് വിവരം തന്നപ്പോൾ വ്യത്യാസം ഉണ്ടായി എന്നും വിശദീകരണം. മുന്നറിയിപ്പിൻ്റെ ഉത്തരവാദിത്വം കേന്ദ്ര കാലാവസ്ഥ വകുപ്പിനാണ്. ആറന്മുളയിലെ പരാതികൾ പരിഹരിച്ചു എന്നും അനിൽ കുമാർ പറഞ്ഞു.
ഗതാഗതമന്ത്രി സി.പി.ജോണിൻ്റെ വിവാദ പരാമർശത്തിനെതിരെ സിപിഐഎം നേതാവ് കെ.എൻ. ബാലഗോപാൽ. വിളിച്ചുവരുത്തി ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നത്. സർക്കാരിനെ നയിക്കുന്നത് ധിക്കാരമാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പ്രളയവുമായി ബന്ധപ്പെട്ട പത്തനംതിട്ട ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിമാരും കളക്ടറും മറ്റു ഉദ്യോഗസ്ഥരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. തിരുവല്ലയിലാണ് നിലവിൽ പ്രശ്നമുള്ളത്. ജില്ലാ ഭരണകൂടത്തിന് എത്ര രൂപ ചെലവാക്കാനും അനുമതി നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം, ശുചിമുറികൾ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ പൊലീസ് സുരക്ഷ ഉറപ്പാക്കും. ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർക്ക് 10000 രൂപ ധനസഹായം നൽകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റിന് പിന്നാലെ തഞ്ചാവൂരിൽ വ്യാപക പ്രതിഷേധം. ഡിഎംകെയുടെ ഉൾപ്പെടെ പ്രതിപക്ഷ എംഎൽഎമാർ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു. തഞ്ചാവൂരിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. പ്രവർത്തകർ വിജയ്‌യുടെ കോലം കത്തിച്ചു. പൊലീസിന് നേരെ ചെരുപ്പേറുണ്ടായി.
വെള്ളപ്പൊക്കത്തെ തുടർന്ന് ആലപ്പുഴ മുട്ടാർ ഗ്രാമപഞ്ചായത്തിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. സമാനസ്ഥിതി തന്നെയാണ് വെള്ളനാട് പഞ്ചായത്തിലും ഉള്ളത്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി പാർപ്പിക്കുന്നു.
കൊച്ചിയിലെത്തുന്ന നിക്ഷേപകരെ നോക്കി പോകേണ്ട ആളാണോ മുഖ്യമന്ത്രിയെന്ന് സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. നിക്ഷേപകർ മുഖ്യമന്ത്രിയുടെ അടുത്താണ് വരേണ്ടത്. പോയത് പോയി എന്തിനാണ് കളവ് പറയുന്നത്. കളവുപറഞ്ഞ് ശീലിച്ചത് കൊണ്ടാകുമെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി. അന്നത്തെ മുഖ്യമന്ത്രി നിരാഹാരം കിടന്നു എന്നത് മുഖ്യമന്ത്രിക്ക് യോജിച്ച പ്രസ്താവനയാണോ. പരിചയക്കുറവ് ഉണ്ടാകും പക്ഷേ നിലവാരം കളയരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ റെഡ് അലേർട്ട്. വരുന്ന അഞ്ച് ദിവസവും കനത്ത മഴ തുടരും. പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്.
കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ വെള്ളം കയറി. 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു. കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. കക്കയം, പെരുവണ്ണാമി ഡാമുകൾ തുറന്നതോടെയാണ് വെള്ളപ്പൊക്കം ഉണ്ടായത്.
തള്ളിക്കയറ്റം എന്ന വാക്ക് ഉപയോഗിക്കേണ്ടിയിരുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. പ്രസംഗിക്കുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കും. താൻ തെറ്റായ പരാമർശം ഒന്നും നടത്തിയിട്ടില്ല. എന്നെ നിങ്ങൾക്ക് അറിഞ്ഞൂടെ. എല്ലാ സ്ത്രീകൾക്കും യാതൊരു കാർഡുകളും പരിശോധിക്കാതെ സൗജന്യ യാത്ര ഉറപ്പുവരുത്തുന്ന പദ്ധതി ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ഈ വിവാദങ്ങളിൽ നിന്നും താനൊരു കാര്യം പഠിച്ചു. എപ്പോഴും ശ്രദ്ധയോടുകൂടി സംസാരിക്കണമെന്നും മന്ത്രി പറഞ്ഞു.
തൃഷക്കെതിരായ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും. മദ്രാസ് ഹൈക്കോടതിയുടേതാണ് നിർദേശം. കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്യാൻ മാത്രമെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ശക്തമായ മഴയെ തുടർന്ന് മൂന്നാറിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപത്തായി നിർമാണം നടന്നു വന്നിരുന്ന കെട്ടിടമാണ് അപകടാവസ്ഥയിൽ ആയത്. താഴെ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ ആശങ്കയിൽ.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് നീക്കവുമായി സംസ്ഥാന സർക്കാർ. വൈദ്യുത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് പ്രതിഷേധത്തെ തുടർന്ന് പലതവണ നീട്ടിവെച്ച പദ്ധതി. 163 മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള പദ്ധതിയാണ് ലക്ഷ്യം. പദ്ധതി പ്രദേശങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്,
പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. സര്‍ക്കാരിൻ്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളിയാണ് ജാമ്യം ലഭിച്ചത്. ഇതോടെ ആകെ 14 പ്രതികള്‍ക്ക് ജാമ്യം കിട്ടി.
തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർലമെൻ്റിൽ പ്രതിപക്ഷ പ്രതിഷേധം. ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി ഡിഎംകെ എംപിമാർ. അറസ്റ്റിനെ സ്വാഗതം ചെയ്ത് ബിജെപി.
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലe കളക്ടർ അവധി പ്രഖ്യാപിച്ചത്.
കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ , ടൂറിസം വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടുന്നതായിരിക്കും എന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.
കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് ആറ് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.
കാലവർഷക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിന് പാർട്ടി പ്രവർത്തകർ ഇറങ്ങണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ ഉറപ്പാക്കണം. ഇന്നലെ ദുരിതാശ്വാസ ക്യാമ്പിൽ പോയപ്പോൾ ആവശ്യമായ സൗകര്യങ്ങളില്ലെന്ന പരാതി ഉണ്ടായി. കഴിഞ്ഞ തവണ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ലെന്നാണ് പറഞ്ഞത്. ഒരു ക്യാമ്പിൻ്റെ മാത്രമല്ല കേരളത്തിൽ അങ്ങോളം ഇങ്ങോളം ക്യാമ്പുകളിൽ സൗകര്യങ്ങളില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഒരു കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പേര് വെളിപ്പെടുത്താൻ ആകാത്ത നിക്ഷേപകനെ കാണാനാണ് ഹെലികോപ്റ്ററിൽ പോയതെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി ഭാര്യ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തത് എന്ന് റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയാണ്. ദേശാഭിമാനിയോ കൈരളിയോ അല്ല. ഒരുവട്ടം പോയി ഇറങ്ങാൻ കഴിയാത്തതുകൊണ്ട് പിന്നെയും പോയി. പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററിൽ പോയതെന്ന് പറയുന്നില്ല. ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തപ്പോൾ ഇല്ലാ കഥകൾ ഇറക്കിയവരാണ് ഇപ്പോൾ പുതിയ കഥകളുമായി വരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
പ്രിയദര്‍ശിനി ബസിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ശാക്തീകരിച്ച മലയാളി സ്ത്രീകളുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തതെന്ന് ഗോവിന്ദന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇങ്ങനെ ഒരാളെ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല. മന്ത്രിയുടേത് പുരുഷ മേധാവിത്വ ചിന്തയാണ്. സ്ത്രീകൾക്ക് എന്തോ ഔദാര്യം നൽകുന്നു എന്ന സമീപനമാണ് മന്ത്രിക്ക്. സ്ത്രീകൾ പാവപ്പെട്ടവരായി അഭിനയിച്ച് കാട്ടുകയാണെന്ന് മന്ത്രി അധിക്ഷേപിക്കുന്നു. ജനങ്ങളുടെ നികുതി കൊണ്ടാണ് ഈ പണം കണ്ടെത്തുന്നത് എന്ന് മന്ത്രി മറക്കരുത്. വോട്ട് കിട്ടാൻ യുഡിഎഫ് നൽകിയ വാഗ്ദാനം അല്ലേ? ഓർഡിനറി ബസിലേക്ക് കയറുന്ന സ്ത്രീകളെ അപമാനിക്കുന്ന തരത്തിലാണ് പരാമർശം. സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയിലാണോ ചികിത്സ നടത്തുന്നത്? സ്വകാര്യ സ്കൂളുകൾക്കും ആശുപത്രികൾക്കും വേണ്ടിയാണ് മന്ത്രിയുടെ വാദമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ഐടി സംരംഭകരായ ടാൽറോപ്പിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ജീവനക്കാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ കമ്പനി അധികൃതർ അംഗീകരിച്ചു. കുടിശികയുള്ള ശമ്പളം ഒക്ടോബർ 31നകം നൽകാൻ തീരുമാനമായി. രാജിവച്ചതും, പിരിച്ചുവിടപ്പെട്ടതുമായ ജീവനക്കാരുടെ ആനുകൂല്യങ്ങളും ലഭിക്കും. നഷ്ടപരിഹാര തുക ഡിസംബറിൽ നൽകാമെന്നാണ് കമ്പനിയുടെ ഉറപ്പ്. നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം നവംബർ ആദ്യ ആഴ്ച ചേരും. മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദേശപ്രകാരം ലേബർ കമ്മീഷണർ നേരിട്ട് നടത്തിയ ചർച്ചയിലാണ് തീരുമാനം. തീരുമാനത്തെ സ്വാഗതം ചെയ്ത ജീവനക്കാര്‍, വ്യവസ്ഥകൾ ലംഘിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നല്‍കി.
കായിക ഭവൻ പ്രവർത്തനസജ്ജമല്ലെന്ന ന്യൂസ് മലയാളം വാര്‍ത്തയില്‍ ഇടപെട്ട് കായിക മന്ത്രി ഒ.ജെ. ജനീഷ്. വിഷയത്തില്‍ കായിക വകുപ്പ് ഡയറക്ടറോട് മന്ത്രി വിശദീകരണം തേടി. സാങ്കേതിക പ്രശ്നങ്ങളാണ് പ്രവർത്തനം തടസപ്പെടാൻ കാരണമെന്നാണ് ഡയറക്ടറുടെ വിശദീകരണം. റിവ്യൂ മീറ്റിങ് ഉടൻ നടത്തും. കെട്ടിട നിർമാണ ജോലികൾ ഈ മാസം 31ന് പൂർത്തിയാക്കും. അതിനുശേഷം ഇന്റീരിയൽ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും ഡയറക്ടർ റിജിൽ മന്ത്രിയെ അറിയിച്ചു.
മൂവാറ്റുപുഴയിൽ ആറ് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശി ഷെയ്ഖ് സിദ്ദിഖിനെയാണ് പിടികൂടിയത്. കഞ്ചാവ് വില്പനയ്ക്കിടെയായിരുന്നു അറസ്റ്റ്. പശ്ചിമ ബംഗാളില്‍നിന്നും ട്രെയിൻ മാർഗമാണ് കഞ്ചാവ് എത്തിച്ചത്.
കോഴിക്കോട് തോട്ടുമുക്കത്ത് വീട്ടിൽ കയറി കുടുംബത്തെ ആക്രമിച്ചതായി പരാതി. വയോധികക്കും മകനും ക്രൂരമായി മർദനമേറ്റു. തോട്ടുമുക്കം ഭഗവതിപറമ്പിൽ ചന്ദ്രൻ (52), മാതാവ് ജാനകി (82)എന്നിവർക്കാണ് മർദനമേറ്റത്. വാഹനത്തിൽ നിന്ന് കഞ്ചാവും മദ്യക്കുപ്പിയും എടുത്തത് ചന്ദ്രനാണെന്ന തെറ്റിദ്ധാരണയെ തുടർന്നാണ് ആക്രമണം. സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെ മുക്കം പൊലീസ് കേസെടുത്തു.
തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം. നിർമാണം നടക്കുന്ന അമ്മയും കുഞ്ഞും വാർഡിലാണ് തീപിടുത്തം ഉണ്ടായത്. രക്ഷാപ്രവർത്തനം ആരംഭിച്ചതായി വടക്കാഞ്ചേരി ഫയർഫോഴ്സ് അറിയിച്ചു.
ജനവാസ മേഖലകളിലിറങ്ങുന്ന അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഷൂട്ടര്‍മാരുടെ പ്രവര്‍ത്തന പരിധി വിപുലീകരിച്ച് സര്‍ക്കാര്‍. ആവശ്യമുള്ളപക്ഷം സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ഷൂട്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്താം. നേരത്തെ അതത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണപരിധിയില്‍ മാത്രമായിരുന്നു ഷൂട്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നത്.
സംസ്ഥാനത്ത് ജനവാസമേഖലകളില്‍ മനുഷ്യജീവനും, കൃഷിക്കും, സ്വത്തിനും നാശമുണ്ടാക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അധികാരം സംബന്ധിച്ചാണ് പുതിയ ഉത്തരവ്. 2022ലെ ഉത്തരവ് പ്രകാരം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഷൂട്ടര്‍മാരുടെ പട്ടിക തയ്യാറാക്കുന്നത്. ഭരണപരിധിയിലുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. പുതിയ ഉത്തരവോടെ, ഷൂട്ടര്‍മാരുടെ സേവന പരിധി വിപുലമാകും. മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ അംഗീകൃത ഷൂട്ടര്‍മാരുടെ സേവനം സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാരപരിധിയില്‍ മാത്രം പരിമിതപ്പെടുത്താതെ, ജില്ലാ വ്യത്യാസം കൂടാതെ സംസ്ഥാനത്തിനുടനീളം ആവശ്യാനുസരണം പ്രയോജനപ്പെടുത്താന്‍ അനുമതി നല്‍കുന്നതാണ് പുതിയ ഉത്തരവ്.
ഇടുക്കി മൂന്നാറിൽ ശക്‌തമായ മഴയെത്തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു. ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപത്തായി നിർമാണം നടക്കുന്ന കെട്ടിടമാണ് അപകടാവസ്ഥയിലായത്. ഇതോടെ, താഴെ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ ആശങ്കയിലാണ്. റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശമാണിത്.
ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
നോർക്ക റൂട്സ് ഇടുക്കി ജില്ലാ സെല്ലിലേക്ക് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള അസിസ്റ്റന്റ് നിയമനത്തിന് ഓഗസ്റ്റ് ഏഴാം തീയതി നടത്തുവാൻ നിശ്ചയിച്ചിരുന്ന അഭിമുഖം പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍.
റാഗിങ്ങിനെ എതിര്‍ത്തതിനെതുടര്‍ന്ന് മര്‍ദനമേറ്റതായി വിദ്യാര്‍ഥിയുടെ പരാതി. എറണാകുളം പെരുമ്പാവൂർ കീഴില്ലം സെൻറ് തോമസ് സ്‌കൂളിലെ പതിനാറുകാരനാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പൊലീസില്‍ പരാതി നല്‍കിയത്. ജൂലൈ 30ന് സ്‌കൂളിൽ വച്ചായിരുന്നു സംഭവം. പരാതിയില്‍ കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കെതിരെ എസ്ബിആര്‍ തയ്യാറാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിന് നൽകുമെന്ന് പൊലീസ് അറിയിച്ചു. വിഷയത്തിൽ പൊലീസിന് റിപ്പോർട്ട് നൽകിയതായി സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 25 പേര്‍ മരിച്ചു. നാലു പേരെ കാണാതായി. 10 പേര്‍ക്കാണ് പരിക്കേറ്റത്. 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,434 പേരെ മാറ്റി താമസിപ്പിച്ചു. 52 വീടുകള്‍ പൂര്‍ണമായും 565 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ദുരന്തബാധിതര്‍ കൂടുതല്‍ പത്തനംതിട്ടയിലാണ്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ്, അഞ്ചു പേര്‍. ഇടുക്കി, കോട്ടയം ജില്ലകളിലായാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്.
സംസ്ഥാനത്ത് ഇടുക്കിയിലും, കാസര്‍ഗോഡും മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിൽ ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മിന്നൽ പ്രളയത്തിന് സാധ്യത. എറണാകുളം, കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിലാണ് മിന്നല്‍ പ്രളയ സാധ്യത. കാസര്‍ഗോഡ് ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് മിന്നല്‍ പ്രളയ സാധ്യതയുള്ളത്. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ല.
കേരള സർവകലാശാല ഓഗസ്റ്റ് 05ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ കൂറു മാറി ആറാം സാക്ഷി. ഓട്ടോ ഡ്രൈവറായ ഷഫീഖാണ് കൂറു മാറിയത്. കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആണോയെന്ന് അറിയില്ലെന്ന് ഷഫീഖ് കോടതിയില്‍ പറഞ്ഞു. തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് മൊഴി നല്‍കിയത്. കഴിഞ്ഞദിവസം, കേസില്‍ രണ്ടാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ മണികണ്ഠന്‍ അപകടസ്ഥലത്ത് കണ്ടയാള്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിക്ക് മുന്‍കൂര്‍ ജാമ്യമില്ല. അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അര്‍ജുന്‍ ആയങ്കിക്കെതിരായ കേസ് ഗൗരവതരമാണ്. കസ്റ്റഡി അനിവാര്യമാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും, അര്‍ജുന്‍ ആയങ്കി അന്വേഷണത്തില്‍ ഇടപെടും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
കണ്ണൂർ പട്ടുവത്ത് എട്ടു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. പട്ടുവം ജുമാ മസ്ജിദിന് സമീപത്തെ കെ.പി. അമാൻ ആണ് മരിച്ചത്. നഗരത്തിലെ ഓട്ടോ ഡ്രൈവർ കെ.പി. അഷ്‌റഫിന്റെയും കെ.പി. റാഹിമയുടെയും മകനാണ്. വീട്ടു മുറ്റത്ത് കളിക്കാനിറങ്ങിയ കുട്ടി വൈകിട്ട് ഏഴായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിന് തൊട്ടടുത്തുള്ള പള്ളി കുളത്തിന് സമീപം ചെരുപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പട്ടുവം ഗവ : എൽ പി സ്കൂൾ മൂന്നാം തരം വിദ്യാർഥിയാണ് മരിച്ച അമാൻ. തദേഹം പരിയാരം കണ്ണൂർ ഗവ : മെഡിക്കൽ കോളേജിലേക്ക് മാറ്റി.