കോട്ടയം, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ റെഡ് അലേർട്ട്. ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും സാധ്യത.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത എന്ന് മുന്നറിയിപ്പ്. നാളെ രാത്രി വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണം എന്ന് നിർദേശം. ചെറിയ വള്ളങ്ങളും മത്സ്യബന്ധന യാനങ്ങളും കെട്ടി സൂക്ഷിക്കണം എന്നും കാലവസ്ഥാവകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന്. ദുരിതബാധിതർക്കുള്ള പാക്കേജ് പ്രഖ്യാപിച്ചേക്കും. കൃഷിനാശം സംഭവിച്ചവർക്കുള്ള സാമ്പത്തികസഹായവും തീരുമാനിക്കും. മഴ തുടരുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ചർച്ചയാകും.
ആലപ്പുഴ പുറക്കാടിൽ കടൽ ക്ഷോഭത്തിൽ ഒരു വീട് തകർന്നു.പുറക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ അനീഷ് രാജേന്ദ്രൻ്റെ വീടാണ് കടൽ ക്ഷോഭത്തെ തുടർന്ന് ഭാഗീകമായി നശിച്ചത്. കുടുംബം പുറക്കാട് ദുരിതാശ്വാസ ക്യാമ്പിൽ ആണ്. പ്രദേശത്തെ ഏഴോളം വീടുകളിൽ കടലേറ്റം ഉണ്ടായിട്ടുണ്ട്
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യൻ ടീം കൊളംബോയിൽ എത്തി. ശുഭ്മാൻ ഗില്ലിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ഇന്നലെയാണ് കൊളംബോയിൽ എത്തിയത്. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരം ഗാലെയിൽ ഓഗസ്റ്റ് 15ന് നടക്കും. പരമ്പരക്ക് മുന്നോടിയായി ഇന്ത്യ മൂന്ന് ദിവസത്തെ പരിശീലന മത്സരവും കളിക്കും. ലോകടെസ്റ്റ് ചാംപ്യൻഷിപ്പിൽ പിറകിലുള്ള ഇന്ത്യയ്ക്കും ഗൗതം ഗംഭീറിനും പരമ്പര നിർണായകമാണ്.
പ്രീസീസണിലെ അവസാന സൗഹൃദമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിന് തോൽവി. സ്പാനിഷ് ക്ലബ്ബ് യുഡി അൽമേരിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് അൽ നസറിൻ്റെ തോൽവി. അവധി ആഘോഷത്തിനിടെ മത്സരം കാണാൻ റോണോ ലിസ്ബണിൽ എത്തിയിരുന്നു. ക്രിസ്റ്റ്യാനോയുടെ ഉടമസ്ഥതയിലുള്ള ടീമും കൂടിയാണ് അൽമേരിയ.
ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലായെ സ്വന്തമാക്കി തുർക്കി ക്ലബ്ബ് ട്രാബ്സോൺസ്പോർ. രണ്ട് വർഷത്തെ കരാറിലാണ് സലാ ക്ലബ്ബുമായി ഒപ്പുവെച്ചിരിക്കുന്നത്. ക്ലബ്ബിനൊപ്പം ചേരുന്നതിനുള്ള മെഡിക്കൽ ടെസ്റ്റിനായി സൂപ്പർതാരം ഇസ്താംബൂളിൽ എത്തും. ക്ലബ്ബാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീണ്ട ഒൻപത് വർഷത്തിന് ശേഷമായിരുന്നു ലിവർപൂളിനോട് സലാ വിട പറഞ്ഞത്.
പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി ഇറ്റാലിയൻ ക്ലബ്ബ് യുവൻ്റസിനെ നേരിടും. വൈകിട്ട് 5 മണിക്കാണ് മത്സരം. സാബി അലോൺസോക്ക് കീഴിൽ ജയം തുടരാനാണ് ചെൽസി ഇറങ്ങുന്നത്. ടീമിൽ പുതുതായെത്തിയ ഹെൻഡേഴ്സനും വെൽബെക്കും ചെൽസിക്ക് വേണ്ടി കളിച്ചേക്കും.
കോന്നിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിൽ മുഖ്യമന്ത്രിക്ക് എതിരെ കെ.യു. ജനീഷ് കുമാർ എംഎൽഎ. ജില്ലാ അവലോകന യോഗത്തെ കുറിച്ച് അറിയിച്ചില്ലെന്നും പരാതി. വകുപ്പ് മേധാവിമാരെ മാത്രമാണ് വിളിച്ചതെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് അറിയിച്ചു. മുഖ്യമന്ത്രി സന്ദർശിച്ചത് കെടുതി രൂക്ഷമായ പ്രദേശങ്ങൾ മാത്രമാണെന്നും ജനീഷ് ആരോപിച്ചു.
കോട്ടയത്ത് കനത്ത മഴ തുടരുന്നു. രാത്രിയിൽ ജില്ലയുടെ പല ഭാഗങ്ങളിലും പെയ്തത് കനത്ത മഴയാണ്. പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് കുറവില്ല. ജില്ലയിൽ 154 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 8321 പേരാണ്. വീടുകളിൽ കുടുങ്ങി പോയവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്.
യു പി ഐ വഴിയുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്കാണ് ആദ്യഘട്ടത്തിൽ എംഡിആർ ഏർപ്പെടുത്തുക. 2007ലെ പേയ്‌മെൻ്റ് ആൻ്റ് സെറ്റില്‍മെൻ്റ് സിസ്റ്റംസ് ആക്ട് ഭേദഗതി വഴിയാണ് ഫീസ് ഈടാക്കുക. വ്യക്തികൾ തമ്മിലുള്ള ഇടപാടുകളിൽ ഫീസ് ബാധകമാകില്ല. കഴിഞ്ഞ ദിവസമാണ് ഭേദഗതി ബിൽ പാർലമെൻ്റ് പാസാക്കിയത്. ഇടപാടുകൾക്ക് 0.25% മുതൽ 0.4% വരെയാകും എംഡിആർ എന്ന പേരിൽ ഈടാക്കുക.
ജന്തർ മന്തറിൽ അട്ടിമറിക്ക് പാക് ഐഎസ്ഐ ശ്രമിച്ചുവെന്ന നിർണായക വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പൊലീസ്. പ്രായപൂർത്തിയാകാത്ത സംഘം ഉൾപ്പെടെ എട്ടുപേർ ജന്തർ മന്തറിൽ പോയി. പെട്രോൾ ബോംബ് ആക്രമണം നടത്താനായിരുന്നു ലക്ഷ്യം. ഇവരെ പരിശീലിപ്പിച്ചത് ഐഎസ്ഐ ഹാൻഡ്ലർമാർ. എന്നാൽ പദ്ധതി പൊലീസ് അറിഞ്ഞതോടെ പൊളിഞ്ഞുവെന്ന് അമൃത്സർ പൊലീസ് കമ്മിഷണർ പറഞ്ഞു.
തമിഴ്നാട്ടിൽ വിജയ് സർക്കാരിൻ്റെ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും കർഷകർക്കും ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴ്മക്കൾ. പ്രതിപക്ഷനേതാവ് ഉദയാനിധി സ്റ്റാലിൻ സഭയിലെത്തിയിട്ടുണ്ട്.
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. പന്തിരങ്കാവ് പൊലീസ് സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഫൂട്ട് ഓവർബ്രിഡ്ജിന് ചേർന്നാണ് കാറിന് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ വാഹനം ഓടിച്ചിരുന്ന ഷറഫുദ്ദീൻ പുറത്തേക്കിറങ്ങി. മീഞ്ചന്തയിൽ നിന്നും രണ്ട് ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്.കാർ പൂർണ്ണമായും കത്തി നശിച്ചു.വലിയ അപകടം ഒഴിവായത് തലനാരിഴക്ക്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദിൻ്റെ മുൻകൂർ ജാമ്യപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കി. തൊപ്പിക്കെതിരെ ചുമത്തിയിട്ടുള്ളത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ എന്ന നീരിക്ഷണത്തിലാണ് ഹർജി തീർപ്പാക്കിയത്. എറണാകുളം റൂറൽ പൊലീസാണ് കേസ് എടുത്തത്. നോട്ടീസ് നൽകിയിട്ടും ഹാജരാവാത്തതിനാൽ തൊപ്പിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും.
കൊച്ചി വൈറ്റിലയിൽ സെയിൽസ് ഗേളിനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. ഹെർ ഡേ എന്ന കടയിൽ നിന്നാണ് അജ്ഞാതൻ പണം വാങ്ങി കടന്ന് കളഞ്ഞത്. ഉടമ പറഞ്ഞയച്ചതാണെന്ന് അവകാശപ്പെട്ടാണ് മധ്യവയസ്കനായ അജ്ഞാതൻ പണം തട്ടിയത്. പണം നൽകിയതിന് ശേഷം ഉടമയെ വിളിച്ചപ്പോഴാണ് സെയിൽസ് ഗേളിന് അബദ്ധം തിരിച്ചറിഞ്ഞത്.
മുന്നറിയിപ്പില്ലാതെ കൊച്ചി -വൈപ്പിൻ റോ റോ സർവീസ് നിർത്തി. നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിൽ. ഇന്നലെ റോ റോ നിയന്ത്രണം വിട്ട് ഒഴുകിയതിനെ തുടർന്നാണ് തീരുമാനം. കായലിൽ ഒഴുക്ക് കൂടിയതിനാൽ സർവീസ് നടത്താൻ ആകില്ലെന്നാണ് വിശദീകരണം.
സംസ്ഥാനത്ത് മഴക്കെടുതിയിൽ 26 മരണം പേർ മരിച്ചെന്ന് ദുരന്തനിവാരണ അതോറിട്ടി. കാണാതായ നാല് പേർക്കായി തെരച്ചിൽ നടക്കുന്നു. 53 വീടുകൾ പൂർണമായും തകർന്നു. ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്.
രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരം. സംസ്കാരം ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും 10000 രൂപ വീതം നൽകും. മരണപ്പെട്ടവരുടെ സംസ്കാരത്തിന് 10,000 രൂപ. പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട് സ്ഥലവും നഷ്ടപ്പെട്ടവർക്ക് 12 ലക്ഷം രൂപയാക്കി. സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതുവരെ താമസിക്കുന്ന വീടിന് വാടക സർക്കാർ നൽകും. വിള നാശത്തിനുള്ള നഷ്ടപരിഹാരം 25ശതമാനം വർധിപ്പിച്ചു. ധാരാളം കടകൾ വെള്ളം കയറി നശിച്ചു.ഓരോ കടക്കും 10000 രൂപ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യസഭയിൽ പ്രതിപക്ഷബഹളം. പൊലീസ് നടപടിയിൽ അമിത് ഷായുടെ പ്രസ്‌താവന ആവശ്യപ്പെട്ടാണ് ബഹളം. ബഹളത്തെ തുടർന്ന് ലോക്സഭ രണ്ട് മണിവരെ നിർത്തിവച്ചു.
ജനപ്രിയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിൽ വിജയ് സർക്കാരിൻ്റെ കന്നി ബജറ്റ്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞിന് സ്വർണ മോതിരം. സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സൈക്കിളും ഹെൽമറ്റും നൽകും.
തൃശൂർ പുലിക്കളി സംഘങ്ങൾക്ക് ധന സഹായ തുക അനുവദിച്ചു. പുലിക്കളി സംഘങ്ങൾക്കായി വിതരണം ചെയ്യുന്നത് 24 ലക്ഷം രൂപയാണ്. പുലിക്കളി കഴിഞ്ഞ് ഒരു വർഷം ആകാറായിട്ടും ധനസഹായം അനുവദിക്കാത്തതിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സുരേഷ് ഗോപിക്കും കേന്ദ്രസർക്കാരിനുമെതിരെ പുലിക്കളി സംഘങ്ങൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് തുക അനുവദിച്ചത്. പുലിക്കളിക്ക് ആഴ്ചകൾ ശേഷിക്കെയാണ് തുക അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.
പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡിന് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണ് സര്‍ക്കാരിൻ്റെയും ഇഡിയുടെയും എതിര്‍പ്പ് തള്ളി ജാമ്യം അനുവദിച്ചത്. ഇതോടെ കേസില്‍ 16 പ്രതികള്‍ക്ക് കൂടി ജാമ്യം ലഭിച്ചു.
ആർഎസ്എസിൻ്റെ വിനീത വിധേയരായി യുഡിഎഫ് സർക്കാർ മാറിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ബിജെപി സർക്കാർ ആദ്യം കൈ വെച്ചത് സർവകലാശാലകളിലാണ്. തങ്ങൾ ഉദ്ദേശിക്കുന്ന വിധത്തിൽ ഒരു തലമുറയെ വാർത്തെടുക്കലായിരുന്നു ലക്ഷ്യം. സർവകലാശാലകളെ കാവിവത്ക്കരിക്കാൻ കേരളത്തിലും ശ്രമം നടക്കുന്നുവെന്നും പിണറായി ആരോപിച്ചു.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും കുടുംബത്തിനുമെതിരായ പോസ്റ്റുകള്‍ നീക്കാന്‍ മെറ്റയ്ക്കും എക്‌സിനും ഗൂഗിളിനും നിര്‍ദേശം. ബോംബെ ഹൈക്കോടതിയാണ് നിർദേശം നൽകിയത്. ഇ20 എഥനോള്‍ മിശ്രിത ഇന്ധന അഴിമതി ആരോപിച്ചായിരുന്നു പോസ്റ്റുകള്‍.
വിവാദ ഹെലികോപ്റ്റർ യാത്രയിൽ പരസ്പര വിരുദ്ധ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നിക്ഷേപകരെ കൊച്ചിയിൽ വെച്ച് കണ്ടത് അവിടേക്ക് പോയത് കൊണ്ടെന്ന് ആണ് വി.ഡി സതീശൻ്റെ ഇന്നത്തെ വിശദീകരണം. ഹെലികോപ്റ്റർ യാത്ര നടത്തിയത് നിക്ഷേപരെ കാണാൻ വേണ്ടിയെന്നായിരുന്നു തിങ്കളാഴ്ചത്തെ പ്രതികരണം.
മഴയുടെ ശക്തി കുറയുന്നു. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, വയനാട് ജില്ലകളിലെ ഓറഞ്ച് അലേർട്ട് പിൻവലിച്ചു. കാസർഗോഡ്, കോട്ടയം, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരും. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
വയനാട് പുല്പള്ളി-മാനന്തവാടി റോഡില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകന്‍ സരീഷ് (38) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പള്ളിച്ചിറ ദിനേശന്‍ (35)നെ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ 11 മണിയോടെ കുറിച്ചിപ്പറ്റ വനഭാഗത്തുവെച്ചായിരുന്നു അപകടം.
വിജയ് സർക്കാരിൻ്റെ ബജറ്റിന് പൂജ്യം മാർക്ക് എന്ന് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. സ്റ്റാലിൻ സർക്കാർ നടപ്പാക്കിയ പദ്ധതികൾ വെട്രി എന്ന പേര് നൽകി മാറ്റി അവതരിപ്പിക്കുകയാണെന്ന് ഉദയനിധി ആരോപിച്ചു. ഇത് പഴയ പദ്ധതി തന്നെയാണെന്നും ഉദയനിധി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനെത്തി. രാജേഷിൻ്റെ സംസ്കാരം ബഹുമതികളോടെ നടത്തുമെന്ന് വി.ഡി. സതീശൻ മന്ത്രിസഭായോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. തുരുത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് രാജേഷ് ഒഴുക്കിൽപ്പെട്ടത്.
പാണക്കാട് മണ്ണിടിച്ചിലിൽ മലപ്പുറം ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്. ജിയോളജി വകുപ്പ് ഡയറക്ടർ കെ. ഹരികുമാറാണ് നോട്ടീസ് നൽകിയത്.
രക്ഷാപ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പെറ്റി അടിച്ചതായി പരാതി. പന്തളം സ്വദേശിയുടേതാണ് വാഹനം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി അടൂരിൽ എത്തിയതാണ്. കോഴഞ്ചേരി ആറന്മുള ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇവർ രക്ഷാപ്രവർത്തനത്തിനുണ്ട്. പത്തനംതിട്ട ഓഫ് റൈഡെഴ്‌സ് സംഘത്തിൽ പെട്ട വാഹനത്തിനാണ് പെറ്റി അടിച്ചത്.
ശബരിമല മില്‍മ നെയ്യ് അഴിമതി കേസിൽ എസ്‌ഐടി പട്ടിക സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി. വിജിലന്‍സിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍മാരാണ് അന്വേഷണ സംഘത്തിലുള്ളത്. മേല്‍നോട്ട ചുമതലയക്ക് മൂന്ന് പേരുടെ പട്ടികയും കൈമാറി. എസ്.പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍. ബിനു എന്നിവരാണ് സംഘത്തിലുള്ളത്. എസ്‌ഐടി തലവന്‍ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും. വിജിലന്‍സ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക നല്‍കിയത്.
ശബരിമല നെയ്യ് തിരിമറി കേസിൽ എസ്‌പി എം.ജെ. സോജൻ എസ്ഐടി മേധാവിയാകും. എസ്ഐടി പട്ടിക ഹൈക്കോടതി അംഗീകരിച്ചു. നാല് ഇൻസ്പെക്ടർമാർ അന്വേഷണ സംഘത്തിലുണ്ട്. ഒരു മാസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും എസ്ഐടിക്ക് ഹൈക്കോടതി നിർദേശം നൽകി.
2018-ൽ പ്രളയം ഉണ്ടായപ്പോൾ അന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി എന്താണ് കഴിച്ചത് എന്ന് ഇന്നത്തെ ആഭ്യന്തരമന്ത്രിയോട് ചോദിച്ചാൽ മതിയെന്ന് കെ. രാജൻ എംഎൽഎ. അവർ ഒരുമിച്ചാണ് അന്ന് ദുരന്ത മേഖലകൾ സന്ദർശിച്ചത്. ഇത്തരം സന്ദർഭങ്ങളെ തികഞ്ഞ വിനയത്തോടെയാണ് നേരിടേണ്ടത് എന്നും കെ. രാജൻ പറഞ്ഞു.
മരണപ്പെട്ട സിയാദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന്. മരണകാരണം ശ്വാസകോശത്തിലെ അണുബാധയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മരണത്തിന് കാരണമായ മുറിവുകള്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തില്‍ മഞ്ഞനിറത്തിലുള്ള പഴുപ്പ് കണ്ടെത്തിയിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം
ശരീരത്തിലെ മുറിവുകളെ കുറിച്ച് പരാമര്‍ശം ഇങ്ങനെ,
വലത് കൈത്തണ്ടയില്‍ മുന്‍ഭാഗത്ത് മൂന്നു സെന്റീമീറ്റര്‍ നീളമുള്ള ഏതാനും പോറലുകളും മാത്രം. വലതു കൈമുട്ടില്‍ ഒരു സെന്റീമീറ്ററില്‍ താഴെയുള്ള ഉരഞ്ഞ പാടുകളുണ്ട്. ഇടതു കൈത്തണ്ടയുടെ മുട്ടിനോട് ചേര്‍ന്നുള്ള ഭാഗത്തില്‍ 6 സെന്റീമീറ്റര്‍ നീളത്തില്‍ ചതവിന്റെ പാടുകളും കാണാം. മുറിവുകള്‍ക്ക് ഏതാനും ദിവസം പഴക്കമുള്ളവയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
താമരശ്ശേരി കിട്ടപ്പാറ ഫ്രഷ് കട്ട് ഫാക്ടറി പൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഫാക്ടറിയില്‍ വെള്ളം കയറി പുഴയില്‍ മലിന്യം ഒഴുകിയിരുന്നു
പത്തനംതിട്ട തിരുവല്ല ക്യാമ്പിൽ സൗകര്യങ്ങൾ ഇല്ലെന്ന് പരാതി. തിരുവല്ല മുൻസിപ്പാലിറ്റി കീഴിലെ എംജിഎം എച്ച്എസ് സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ് പരാതി. സ്കൂളിൽ പഞ്ചായത്തിൻ്റെ ക്യാമ്പും പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിലേക്ക് എത്തുന്ന സാധനങ്ങൾ മുനിസിപ്പാലിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ലഭിക്കുന്നില്ല എന്നാണ് പരാതി. നാലുദിവസമായി സ്കൂളിലെ ഡെസ്കുകകളിലാണ് കുട്ടികൾ അടക്കം കഴിയുന്നത്.
തിരുവനന്തപുരം വെള്ളനാട് സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. ബസ് സ്റ്റാൻഡിനു സമീപമുള്ള പെട്രോൾ പമ്പിനടുത്താണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ വെട്ടുകയായിരുന്നു.നിരവധി കേസുകളിലെ പ്രതിയായ അലനാണ് പരിക്കേറ്റത്. കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് അലനും തിരിച്ച് ആക്രമിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സൂചന
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ മെറ്റ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതിൽ മാപ്പ് പറഞ്ഞ് മാർക്ക് സുക്കർബർഗ്. കണ്ടൻ്റ് പ്രചരിപ്പിച്ചതിൽ പണം കിട്ടിയെന്നും അദ്ദേഹം സമ്മതിച്ചു. സാങ്കേതിക തകരാറുണ്ടായെന്നും സുക്കർബർഗ് വെളിപ്പെടുത്തി.
തൃശൂർ ചെറുതുരുത്തിയിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ സ്വദേശി ധനലക്ഷ്മി (56 ) യാണ് മരിച്ചത്. ചെറുതുരുത്തി ഹന്നാ റസിഡൻസിയിലാണ് സംഭവം.കൊലപാതകമെന്നാണ് സൂചന.കഴിഞ്ഞദിവസം രാത്രി വിജീഷ് എന്ന ആളുടെ പേരിലാണ് ഇവർ ഹോട്ടലിലെത്തി റൂം എടുത്തത്. ചെറുതുരുത്തി പൊലീസും ഫോറൻസിക് വിദ്ഗദരും ഹോട്ടലിലെത്തി പരിശോധന ആരംഭിച്ചു.
പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി കെ. മുരളീധരനെ കൊടി പിടിച്ച് മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് പ്രവർത്തകർ. ഇന്നലെ ആശുപത്രി സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ആശുപത്രികളിൽ കൊടി പിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പാടില്ലെന്ന മന്ത്രിയുടെ താക്കീത് നിലനിൽക്കെയാണ് ആരോഗ്യ മന്ത്രി തന്നെ സ്വീകരണം ഏറ്റുവാങ്ങിയത്.
ചെറുതന തോട്ടപ്പള്ളി ഭാഗത്ത് മന: പൂർവ്വമായി ഡ്രെജിങ് നിർത്തി വെപ്പിച്ചത് ആരാണ് എന്ന് സജി ചെറിയാൻ എംഎൽഎ. ലീഡിങ് ചാനൽ തടഞ്ഞുവെച്ചാൽ വെള്ളം എങ്ങനെ പോകുമെന്നും സർക്കാർ ഏതായാലും തടഞ്ഞുവെക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ആരാണ് ലീഡിങ് ചാനൽ തടഞ്ഞതെന്ന് അന്വേഷിക്കണമെന്നും സജി ചെറിയാൻ ആവശ്യപ്പെട്ടു.
പത്തനാപുരം താലൂക്ക് ആശുപത്രിയുടെ പൂർത്തിയായി വരുന്ന കെട്ടിടം ഹോട്ടലാക്കാൻ കൊള്ളാമെന്ന കെ. മുരളീധരൻ്റെ വിമർശനത്തിന് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ. കൊറോണ ഏതെന്നും, നിപ്പ ഏതെന്നും തിരിച്ചറിയാത്ത ആരോഗ്യ മന്ത്രിയാണ് മുരളീധരൻ എന്നും ചൂട് ഉണ്ടായാൽ കൊറോണ പോകുമെന്ന് പറഞ്ഞയാളാണ് അദ്ദേഹമെന്നും ഗണേഷ് കുമാർ പറഞ്ഞു. കൊടിയും, മുദ്രാവാക്യവും ഉയർത്തി ആശുപത്രി സന്ദർശിച്ച മന്ത്രിക്കെതിരെ കൂടുതൽ ഒന്നും പറയാനില്ലെന്നും ഗണേഷ് കുമാർ സമൂഹമാധ്യമത്തിലൂടെ മറുപടി നൽകി.
കുണ്ടറയിൽ മരിച്ച സിയാദിൻ്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ മരണത്തിന് കാരണമായ മുറിവുകൾ ഇല്ല.ശ്വാസകോശത്തിൽ മഞ്ഞനിറത്തിലുള്ള പഴുപ്പ് കണ്ടെത്തിയിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ്റെ അവധി റദ്ദാക്കണമെന്ന് യുഡിഎഫ്. സർക്കാരിനോട് വിഷയം ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി. സുഗതൻ്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ടുള്ള തദ്ദേശ വകുപ്പ് ഉത്തരവ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് യുഡിഎഫിൻ്റെ നീക്കം.
കാസർഗോഡ് പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി. ബേളൂർ അട്ടേങ്ങാനം പോർക്കളം കപ്പണ സ്വദേശിയായ സാം സനലി (27) നെയാണ് കാണാതായത്. രാജപുരം പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള കാസർഗോഡ് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസറാണ് സനൽ.
സംസ്ഥാനത്ത് മഴക്കെടുതിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 28 ആയി. 3 പേർക്കായി തിരച്ചിൽ തുടരുന്നു. വിവിധയിടങ്ങളിൽ ഉണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നു. 455 ദുരിതാശ്വസ ക്യാമ്പുകളിലായി 30315 പേരെ മാറ്റി പാർപ്പിച്ചു.
ഇടുക്കിയിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നാളെ അവധി. ഇടുക്കിയിൽ ക്ലാസുകൾ ഓൺലൈനായി നടക്കും. ക്യാമ്പ് അവസാനിക്കുന്നത് വരെ വിദ്യാലയങ്ങൾക്ക് അവധിയായിരിക്കും.
കോട്ടയം താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍. പുളിഞ്ഞാല്‍ ഗവ. ഹൈസ്‌കൂള്‍, മക്കിയാട് ഹോളിഫേസ് സ്‌കൂള്‍, കൈതക്കൊല്ലി ഗവ. എല്‍.പി. സ്‌കൂളുകളിലുമാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്യാതെ ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി. വാര്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന ഓര്‍ത്തോ ഡോക്ടര്‍ ആണ് സ്വകാര്യ പ്രാക്ടീസിന് പോയത്.
വീണ് പരിക്കേറ്റ് ആശുപത്രിയിലെത്തിയ രോഗികളെ ഉള്‍പ്പെടെ ഡോക്ടര്‍ ഇല്ല എന്ന കാരണം പറഞ്ഞു മടക്കി അയക്കുകയും ചെയ്തു. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
സ്ത്രീ വേഷം കെട്ടിയെത്തി യുവതിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ യുവാവും സംഘവും അറസ്റ്റിൽ. ഇടുക്കി തൊടുപുഴ സ്വദേശിയായ പ്രസാദിനെയും, സ്ത്രീ വേഷം കെട്ടി ഗുരുവായൂരിൽ പണപ്പിരിവ് നടത്തിയിരുന്ന ഇയാളുടെ സുഹൃത്ത് ആദർശിനെയും ടെമ്പിൾ പൊലീസ് പിടികൂടി. പ്രസാദിൻ്റെ കൂട്ടാളികളായ ബിനീഷ്, ഷാഹിദ് അലി, സ്റ്റീഫൻ, എന്നിവരെ വാഹന പരിശോധനക്കിടെ ഇന്നലെ വൈകിട്ടോടെ പിടികൂടിയിരുന്നു.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികനിരക്ക് ഈടാക്കുന്ന പരീക്ഷണ പദ്ധതി പിൻവലിച്ച് ബെവ്കോ. പദ്ധതി ഫലപ്രദമല്ലെന്ന് മനസിലായതോടെയാണ് ബെവ്കോയുടെ പിന്മാറ്റം. ശേഖരിക്കുന്ന ബോട്ടിലുകൾ കാരണം മദ്യം സൂക്ഷിക്കാൻ സ്ഥലപരിമിതി അനുഭവപ്പെടുന്നു. നാളെ മുതൽ 20 രൂപ അധികം ഈടാക്കില്ലെന്നും നേരത്തെ 20 രൂപ അധികം നൽകിയവർക്ക് ഈ മാസം 30 വരെ കുപ്പി തിരികെ നൽകാമെന്നും ബെവ്കോ അറിയിച്ചു.
ഫ്രഷ് കട്ട് അടച്ചുപൂട്ടുമെന്ന് പി.കെ. ഫിറോസ് എംഎൽഎ. കഴിഞ്ഞ ഏഴ് വർഷമായി ഫ്രഷ് കട്ട് ജനങ്ങൾക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയത്. ഫ്രഷ് കട്ട് അടച്ചുപൂട്ടുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം നൽകിയിരുന്നു. അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും ഫ്രഷ് കട്ട് അടച്ചു പൂട്ടുകയാണ് എന്നും എംഎൽഎ പറഞ്ഞു.
ഫോർട്ടുകൊച്ചി ചുള്ളിക്കലിൽ വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. 65 കാരി ലില്ലിക്കാണ് മർദനമേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ആക്രമിക്കുകയായിരുന്നു. തോപ്പുപടി സ്വദേശി മേരി ദാസിനെതിരെ പൊലീസ് കേസ് എടുത്തു. മകളെയും പേരക്കുട്ടിയെയും ഉപദ്രവിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.
ഇത്രയും തമാശക്കാർ സെക്രട്ടറിയേറ്റിൽ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇവരൊക്കെ കഴിഞ്ഞ 10 കൊല്ലം എവിടെയായിരുന്നു എന്നും സ്തുതി പാടക സംഘമായിട്ട് നടക്കുവായിരുന്നു എന്നും മുഖ്യമന്ത്രി പരിഹസിച്ചു. നമ്മൾ ഒന്നും മറന്നിട്ടില്ലെന്നും സ്ഥലംമാറ്റത്തിന് റെഡിയായി ഇരുന്നോ എന്നും മുഖ്യമന്ത്രി അറിയിച്ചു.
ന്യൂമോണിയ ബാധിച്ച് ചികിത്സക്കിടെ യുവാവ് മരിച്ചു. കോഴിക്കോട് കൊല്ലം സ്വദേശി മുഹമ്മദ് ഫാസിൽ ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കയാണ് മരണം. പനിയെ തുടർന്നാണ് യുവാവ് കൊയിലാണ്ടി താലൂക്ക് ആശുപത്രി ചികിത്സ തേടിയത്. മൂന്നുദിവസം മുൻപ് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സ്വകാര്യ നിക്ഷേപ പ്രൊപ്പോസലുകളെക്കുറിച്ച് പുറത്തു പറയാത്തത് അനാവശ്യ വിവാദം ഉണ്ടാക്കി തുലച്ചു കളയണ്ട എന്ന് വെച്ചാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഞങ്ങളുടെ ബജറ്റിൽ സ്വകാര്യവത്കരണം എന്ന വാക്ക് ഇല്ല. എന്നാലും ഞങ്ങളുടെ മുന്നിൽ ഒരുപാട് സ്വകാര്യ നിക്ഷേപ പ്രൊപ്പോസലുകൾ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിഖാബ് നിരോധിക്കണമെന്ന് എഴുത്തുകാരൻ എം.എൻ. കാരശ്ശേരി. തട്ടമോ, ശിരോവസ്ത്രമോ ധരിക്കുന്നതിന് താനെതിരല്ല. നിക്കാബ് സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പണിയാണ് എന്നും കാരശ്ശേരി വിമർശിച്ചു. മുഖം മൂടുന്ന പർദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്. നിഖാബ് വ്യക്തി സ്വാതന്ത്ര്യത്തേക്കാൾ നിയമപ്രശ്നമാണെന്നും അടുത്തിരിക്കുന്ന ആൾ ആരാണെന്ന് അറിയാൻ വ്യക്തികൾക്ക് അവകാശമുണ്ടെന്നും കാരശ്ശേരി വ്യക്തമാക്കി.