ഇടുക്കിയിലെ സിപ് ലൈന് നിരോധനം; എം.എം. മണിയുടെ സഹോദരൻ്റേതാണ് സ്ഥാപനം

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ
ഇടുക്കിയിലെ സിപ് ലൈന് നിരോധനം; എം.എം. മണിയുടെ സഹോദരൻ്റേതാണ് സ്ഥാപനം

ശബരിമല നെയ്യ് ക്രമടക്കേട്; പി.എസ്. പ്രശാന്തിനെ പ്രതി ചേർക്കാൻ എസ്ഐടി

ശബരിമല നെയ്യ് ക്രമടക്കേടിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി ചേർക്കാൻ എസ്.ഐടി. മുൻ ബോർഡ് അംഗം അജികുമാറും മുരാരി ബാബുവും പ്രതിയാകും. FIR രജിസ്റ്റർ ചെയ്യുന്നത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ. നെയ് ഇടപാട് വഴി ബോർഡിന് 2.3 കോടിയുടെ നഷ്ടം എന്ന് കണ്ടെത്തൽ.

കോഴിക്കോട് എൻഐടി ഭരണസമിതിയിലേക്ക് ഡോളർ കടത്ത് ആരോപിതൻ

കോഴിക്കോട്: എൻഐടി ഭരണസമിതിയിലേക്ക് ഡോളർ കടത്ത് ആരോപിതന് ശുപാർശ. ലെഫീർ മുഹമ്മദിനെ ശുപാർശ ചെയ്തത് എംഎൽഎ കെ.പി നൗഷാദലി. ലീഗ് നോമിനിയായി പരിഗണിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നൽകിയ കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു. ലഫീറിന്റെ അക്കാദമിക്-ഭരണ നേതൃപാടവം ഗുണം ചെയ്യുമെന്ന് കത്തിൽ നൗഷാദലി പറയുന്നു. ശുപാർശയിൽ ദുരൂഹതയുണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്.

മഴക്കെടുതിയിൽ വലഞ്ഞ് കുട്ടനാട്; റവന്യൂമന്ത്രി ഇന്ന്  ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

ആലപ്പുഴ: മഴക്കെടുതിയിൽ വലയുകയാണ് ആലപ്പുഴയിലെ കുട്ടനാട് മേഖല. എസി റോഡിൽ വെള്ളക്കെട്ട് മൂലം ഗതാഗത തടസം നേരിട്ടു. എഴുകാട് മൂലപോങ്ങമ്പ്രയിൽ മടവീഴ്ച ഉണ്ടായി. റവന്യൂമന്ത്രി എ.പി. അനിൽകുമാർ ഇന്ന് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. മഴയും, വെള്ളക്കെട്ടും കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തോട്ടപ്പള്ളി സ്പിൽവേയിലെ മാലിന്യം നീക്കം വേഗത്തിലാക്കിയിട്ടുണ്ട്.

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ... പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

കൊച്ചി: പൊലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി. പൊലീസിന് പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ, ഇനി ജാമ്യം എടുത്തിട്ടേ വരു എന്നും, പറ്റുമെങ്കിൽ പിടിക്കാനും വെല്ലുവിളി. ഊന്നുകൽ സിഐയോടാണ് ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളി നടത്തിയത്.

ചെയർമാൻ്റെ  ശമ്പളം മൂന്നരലക്ഷം, പിഎസ്‌സി അംഗങ്ങൾക്കായി സർക്കാരിന്റെ പ്രതിമാസ ചെലവ് 58 ലക്ഷം; 

പിഎസ്‌സി അംഗങ്ങൾക്കായി പ്രതിമാസം സർക്കാർ ചെലവാക്കുന്നത് അരക്കോടിയിലധികം രൂപ എന്ന് കണക്കുകൾ. 16 അംഗങ്ങൾക്കായി പ്രതിമാസ ചെലവ് 58ലക്ഷം രൂപ. ചെയർമാൻ മാത്രം ശമ്പളമായി കൈപ്പറ്റുന്നത് മൂന്നരലക്ഷത്തിലധികം രൂപയാണ്. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് ശമ്പളം ഇരട്ടിയായി വർദ്ധിപ്പിച്ചത്.

പാലക്കാട് സർക്കാർ ആശുപത്രിയിൽ നഴ്സിന് പാമ്പ് കടിയേറ്റു

തൃശൂർ: പാലക്കാട് സർക്കാർ ആശുപത്രിയിൽ നഴ്സിന് പാമ്പ് കടിയേറ്റു. ചാലിശേരിയിലെ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ആണ് സംഭവം. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിടെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആയ നഴ്സിനെ കുന്നംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയോധ്യ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ച്സമാജ് വാദി പാർട്ടി. മുൻ എംഎൽഎ തേജ് നാരായൺ പാണ്ഡെ ആണ് സ്ഥാനാർഥി. തെരഞ്ഞെടുപ്പിന് 6 മാസത്തിലധികം ബാക്കി നിൽക്കെയാണ് പ്രഖ്യാപനം.

അതിരപ്പള്ളി പദ്ധതി; എതിർപ്പുമായി പ്രകൃതി സ്നേഹികളും ആദിവാസികളും 

തൃശൂർ: അതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി പ്രകൃതി സ്നേഹികളും ആദിവാസികളും. പദ്ധതി നടപ്പാക്കുന്നതിലൂടെ വാഴച്ചാൽ മേഖലയിലെ ആദിവാസികളെ ഇല്ലാതാക്കാനാണ് നീക്കം. ഊരുകൂട്ടങ്ങളുടെ അനുമതിയില്ലാതെ സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്നും ഊര് മൂപ്പത്തി ഗീത വാഴച്ചാൽ.

നിഖാബ് നിരോധിക്കണമെന്ന് എം. എൻ. കാരശേരി

കോഴിക്കോട്: മുഖം മൂടുന്ന പർദ്ദയായ നിഖാബ് നിരോധിക്കണമെന്ന് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ എം എൻ കാരശേരി. നിഖാബ് ധരിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന വാദത്തോട് യോജിക്കാനാവില്ല. നിഖാബ് സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണെന്നും സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്നും കാരശേരി പറഞ്ഞു. പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദ്ദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയുമെന്നും കാരശേരി ചോദിച്ചു.

പുതുക്കാട് വാഹനാപകടം; യുവാവിന്റെ മരണം  കൊലപാതകമെന്ന് കുടുംബം 

തൃശൂർ: പുതുക്കാട് വാഹനാപകടത്തിൽ യുവാവ് മരിച്ചതിൽ, കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്.ഞായറാഴ്ച വൈകീട്ട് പട്ടാമ്പി സ്വദേശി റിജാസ് ആണ് അപകടത്തിൽ മരിച്ചത്. റിജാസിനെ ബോധപൂർവ്വം ഇടിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. മുൻ വൈരാഗ്യത്തിൽ മകൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ കരുതിക്കൂട്ടി തമിഴ്‌നാട് സ്വദേശികൾ വാഹനം ഇടിപ്പിക്കുകയായിരുന്നു എന്ന് അച്ഛൻ പറഞ്ഞു.

മഴ കുറഞ്ഞെങ്കിലും ദുരിതം ഒഴിഞ്ഞില്ല; കുട്ടനാടും ചെങ്ങന്നൂരും വെള്ളത്തിൽ തന്നെ

ആലപ്പുഴ: മഴ കുറഞ്ഞെങ്കിലും ആലപ്പുഴ ജില്ലയിലെ ദുരിതം ഒഴിഞ്ഞിട്ടില്ല. കുട്ടനാടും ചെങ്ങന്നൂരും ഇപ്പോഴും വെള്ളത്തിലാണ്. മടവീഴ്ച ഉണ്ടായതോടെ കുട്ടനാട്ടിൽ ദുരിതമിരട്ടിച്ചു. ജലനിരപ്പ് ഉയർന്നതോടെ എ.സി റോഡിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഇന്ന് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലും തോട്ടപ്പള്ളി പൊഴിമുഖത്തും സന്ദർശനം നടത്തും. ജില്ലയിലെ ചില താലൂക്കുകൾക്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അമിത് ഷാ മറുപടി പറയാതെ പാർലമെന്റിൽ സഹകരിക്കില്ല; കെ.സി.വേണുഗോപാൽ എംപി

ഡൽഹി: പാർലമെന്റിൽ അമിത് ഷാ മറുപടി പറയാതെ സഹകരിക്കില്ലെന്ന് കെ.സി.വേണുഗോപാൽ എംപി. ഡൽഹി പൊലീസിന്റെ ക്രൂരമർദനത്തിന് അമിത് ഷാ മറുപടി പറഞ്ഞേ പറ്റൂ. എഫ്‌സിആർഎ ഭേദഗതി അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ അറിയിച്ചു. വനിതാസംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയ ബിൽ പാസാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു

നിക്ഷേപരുമായുള്ള മുഖ്യമന്ത്രിയുടെ  കൂടിക്കാഴ്ച; പൊലീസിനും സ്പെഷ്യൽ ബ്രാഞ്ചിനും അവ്യക്തത

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ കൊച്ചിയിൽ നിക്ഷേപരുമായി കൂടിക്കാഴ്ച നടത്തിയതിൽ പൊലീസിനും അവ്യക്തത. കൂടിക്കാഴ്ച്ചയെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിന് അറിവില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രാരേഖയയിലും സരംഭക കൂടിക്കാഴ്ച ഉണ്ടായിരുന്നില്ല. യാത്രാ റൂട്ടിലുണ്ടായിരുന്നത് ആശുപത്രിയും മുഖ്യമന്ത്രിയുടെ വീടും.

യാതൊരു വിധ സൗകര്യങ്ങളും ഇല്ല; ദുരിതാശ ക്യാമ്പുകളിലേക്ക് ഇനി ആരും വരരുതെന്ന് കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇനി ആരും വരരുതെന്ന നിർദേശവുമായി കോട്ടയം കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്... ഉൾക്കൊള്ളാൻ കഴിയാത്തതിൽ അധികം പേർ നിലവിൽ ക്യാമ്പിൽ ഉണ്ട് എന്ന് പ്രസിഡന്റ് എ.പി ഗോപി... ക്യാമ്പിൽ സൗകര്യങ്ങൾ ഇല്ലെന്നും വെള്ളത്തിന് ക്ഷാമം ഉണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്ന വാട്സാപ്പ് സന്ദേശം പുറത്ത് വന്നു

മുത്തങ്ങ അബ്ദുൽ സലാം വധശ്രമ കേസ്; വിചാരണക്കോടതിയെ വിമർശിച്ച്  ഹൈക്കോടതി

കൊച്ചി: മുത്തങ്ങ അബ്ദുൽ സലാം വധശ്രമ കേസിൽ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമർശനം. വിചാരണ കോടതിയുടെ ഉത്തരവുകളിൽ പിഴവുണ്ടെന്ന് കോടതി. ഗീതാനന്ദൻ അടക്കം കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ നൽകിയ ഹർജിയിലാണ് കോടതി നിർദേശം.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐ.പി. ബിനു അടക്കം ആറ് പ്രതികൾക്ക് ജാമ്യം

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഐഎം നേതാവ് ഐ.പി. ബിനു അടക്കം ആറ് പ്രതികൾക്ക് ജാമ്യം. ഇഡിയുടെയും സർക്കാരിന്റെയും എതിർപ്പുകൾ തള്ളിയാണ് കോടതി ഉത്തരവ്. കേസിൽ 22 പേർക്കാണ് ഇതുവരെ ജാമ്യം ലഭിച്ചത്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിച്ച് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ബിനീഷ് കോടിയേരിയുടെ പങ്ക് അന്വേഷിച്ച് പൊലീസ്. ബിനീഷിന്റെ ഫോൺ വിവരങ്ങൾ പരിശോധിച്ചു. ഗൂഢാലോചനയിൽ ബിനീഷിനും പങ്കുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ മൊഴി. സമര സ്ഥലത്തുണ്ടായിരുന്ന സിപിഐഎം നേതാക്കളുടെ മൊഴിയെടുക്കും.

രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്. മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചതിൽ തികഞ്ഞ അനാസ്ഥ. തൃശൂർ ചാവക്കാട് വരെ മൃതദേഹം എത്തിച്ചത്, പരിയാരം മെഡിക്കൽ കൊളേജിലെ ഫ്രീസർ ഇല്ലാത്ത ആംബുലൻസിൽ. മൃതദേഹം എംബാം ചെയ്യാനും തയ്യാറായില്ല. പിന്നീടാണ് വഴിയിൽ വെച്ച് അന്വേഷിച്ച് ഫ്രീസർ സംഘടിപ്പിച്ചത്. സംഭവത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ആബുലൻസ് മാറുന്നതിൻ്റെ സിസിടിവി ദൃശ്യം ന്യൂസ്മലയാളത്തിന് കിട്ടി. അതേ സമയം രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ കുടുംബത്തിന് സർക്കാർ ജോലി നൽകണമെന്ന് ആവശ്യം ഉയർന്നു .സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന കുടുംബമാണ്, ജോലി ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും കുട്ടികളുടെ പഠനത്തിനും സർക്കാർ സഹായം വേണമെന്ന് ഭാര്യ ഷാഫിയ ആവശ്യപ്പെട്ടു.

പയ്യന്നൂരിലെ സ്ഥാനാർഥി നിർണയം ; ന്യായവാദങ്ങളുമായി കെ.കെ. രാഗേഷ്

കണ്ണൂർ: പയ്യന്നൂരിലെ സ്ഥാനാർഥി നിർണയം പാളിയെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി സമ്മതിച്ചിട്ടും ന്യായവാദങ്ങളുമായി കെ.കെ. രാഗേഷ്. ടി.ഐ. മധുസൂദനനെ സ്ഥാനാർഥി ആക്കിയത് പുകമറ ഒഴിവാക്കാൻ. സ്ഥാനാർഥിയെ മാറ്റിയാൽ, താൻ പറഞ്ഞത് ശരിയെന്ന് വി. കുഞ്ഞികൃഷ്ണൻ പ്രചരിപ്പിച്ചേനെയെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

മഴ അതിതീവ്രമാകുന്നു; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്.

എംഡിഎംഎ കേസിൽ കുറ്റം നിഷേധിച്ച്  പ്രതി കീർത്തന

കോഴിക്കോട്: എംഡിഎംഎ കേസിൽ കുറ്റങ്ങൾ നിഷേധിച്ച് അധ്യാപികയായ പ്രതി കീർത്തന. താൻ അധ്യാപികയും ആൺകുട്ടികളുടെ അമ്മയുമാണ്. ലഹരി ഇടപാട് നടത്തില്ല. ബാങ്ക് അക്കൗണ്ടിൽ ലക്ഷങ്ങളുടെ ഇടപാട് ഇല്ലെന്നും രണ്ട് അക്കൗണ്ടുകളിലും മൈനസ് ബാലൻസ് ആണെന്നും കീർത്തന അവകാശപ്പെട്ടു.

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ചു; അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്

കൊച്ചി: അർജുൻ ആയങ്കിക്കെതിരെ പുതിയ കേസ്. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ഊന്നുകൽ സിഐയെ ഭീഷണിപ്പെടുത്തിയതിലാണ് നടപടി. നേരത്തെ കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

പ്ലാസ്റ്റിക് കുപ്പിക്ക് 20 രൂപ പദ്ധതി; ബെവ്കോ ഉത്തരവിന് എക്സൈസ് മന്ത്രിയുടെ തിരുത്ത്

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പിക്ക് 20 രൂപ പദ്ധതി പിൻവലിക്കാനുള്ള ബെവ്കോ ഉത്തരവിന് എക്സൈസ് മന്ത്രിയുടെ തിരുത്ത്. പദ്ധതി പൂർണമായി നിർത്തേണ്ട എന്ന് എം.ലിജു നിർദേശിച്ചു. ഓണക്കാലത്തിന് ശേഷം പദ്ധതി പുനരാരംഭിക്കും. തിരികെ കിട്ടുന്ന കുപ്പികൾ കൂടുതൽ ശാസ്ത്രീയമായി സംസ്കരിക്കാനാണ് നിർദേശം.

കശുവണ്ടി വികസന കോർപറേഷൻ അഴിമതി;  രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിയിലെ പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് സംബന്ധിച്ച് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രതിക്ക് ഉത്തരവിൻ്റെ പകര്‍പ്പ് നല്‍കിയത് മനപൂര്‍വ്വമെന്നാണ് കോടതി വിമർശിച്ചത്. ഇതിൽ ആർക്കും സംശയമില്ല. അഴിമതിക്കാരെ ഒഴിവാക്കി നിയമനം നടത്താന്‍ സർക്കാർ ശ്രദ്ധിക്കണം. അഴിമതിക്കാര്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്തുമെന്നും കോടതി കുറ്റപെടുത്തി. ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ ഉൾപെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്. ഈ ഉത്തരവാണ് വാർത്താസമ്മേളനത്തിൽ ചന്ദ്രശേഖരൻ പുറത്തുവിട്ടത്. ഉത്തരവ് ചോര്‍ന്നതില്‍ അന്വേഷണം നടക്കുന്നുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

LPST റാങ്ക് ഹോൾഡർമാർ കൂട്ട നിരാഹാരം ആരംഭിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന LPST റാങ്ക് ഹോൾഡർമാർ കൂട്ട നിരാഹാരം ആരംഭിച്ചു. ഉദ്യോഗാർത്ഥിയായ വളർമതിയുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് പ്രതിഷേധം കടുപ്പിക്കുന്നത്. സമരപന്തലിലെത്തിയ എല്ലാ ഉദ്യോഗാർഥികളും അനിശ്ചിതകാല കൂട്ട നിരാഹാര സമരം തുടങ്ങി. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി നൽകിയ കത്തിന് കഴിഞ്ഞ ദിവസം ഉദ്യോഗാർത്ഥികൾ മറുപടി നൽകിയിരുന്നു. അതേസമയം LPST, UPST ഉദ്യോഗാർത്ഥികളുടെ സമരം, പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് എന്നിവ ചൂണ്ടിക്കാണിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

രാജേഷിൻ്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് നിർദേശം നൽകി കളക്ടർ

കണ്ണൂർ: ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിൻ്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയെന്ന ന്യൂസ് മലയാളം വാർത്തയിൽ അന്വേഷണത്തിന് നിർദേശം നൽകി കണ്ണൂർ കലക്ടർ. സംഭവത്തിൽ പരസ്പരം പഴിചാരി പരിയാരം മെഡിക്കൽ കോളജും പയ്യന്നൂർ തഹസിൽദാറും. ഫ്രീസറുള്ള ആംബുലൻസ് ഇല്ലെന്ന കാര്യം അറിയിച്ചിരുന്നെന്ന് മെഡി സൂപ്രണ്ടിന്റെ നിലപാട്. ഫ്രീസറില്ല എന്നത് അറിയില്ലായിരുന്നെന്ന് കൈമലർത്തിയായിരുന്നു പയ്യന്നൂർ തഹസീൽദാറിന്റെ പ്രതികരണം.

നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു; 18 കാരിക്ക് ദാരുണാന്ത്യം

തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 18 വയസുകാരി റിയാ ഫാത്തിമയാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. വാഹനങ്ങളിൽ ഇടിച്ചശേഷം സമീപത്തെ വീടിൻ്റെ മതിൽ തകർത്താണ് ബസ് നിന്നത്.

ബലാത്സംഗ കേസ്; തരുൺ തേജ്പാലിന് 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

മുംബൈ: ബലാത്സംഗ കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്‌പാൽ 10 വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. ബോംബെ ഹൈക്കോടതിയുടേതാണ് ശിക്ഷാവിധി.

രാജ്യവ്യാപക ക്യാംപെയിനൊരുങ്ങി സിജെപി

ഡൽഹി: ജന്തർമന്തറിലെ പ്രക്ഷോഭത്തിന് പിന്നാലെ രാജ്യവ്യാപക കാമ്പയിന് സിജെപി. സെപ്റ്റംബറിൽ ദേശീയ തലത്തിൽ പ്രചാരണം നടത്തുമെന്ന് സിജെപി അറിയിച്ചു. വിദ്യാഭ്യാസ പ്രശ്നങ്ങളിൽ ജനങ്ങൾക്ക് പറയാനുള്ളത് കേൾക്കും. സിജെപി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

കുന്നംകുളം ബസ് അപകടം; മരണം രണ്ടായി

കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ മരണം രണ്ടായി. സ്വകാര്യ ആശുപത്രിയിൽ എത്തിച്ച സ്ത്രീയും മരിച്ചു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെരുമ്പിലാവ് സ്വദേശിനിനെ 19 വയസ്സുള്ള റിയ, കാണി പയ്യൂർ സ്വദേശിനിയായ സ്ത്രീ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ 14 പേർ പരിക്കുകളോടെ, മലങ്കര, ദയറോയൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.

കുട്ടനാട്ടിലെ വെള്ളപ്പൊക്കം; സർക്കാർ പരാജയമെന്ന് സിപിഐഎം

കുട്ടനാട്ടിലെ അനിയന്ത്രിത വെള്ളപ്പൊക്കം തടയാൻ കുട്ടനാട് എംഎൽഎയും സർക്കാരും സമ്പൂർണ പരാജയമാണെന്ന് സിപിഐഎം. സിപിഐഎം നേതൃത്വത്തിൽ മങ്കൊമ്പിൽ പ്രതിഷേധ സമരം നടത്തി. ജില്ലാകമ്മിറ്റി അംഗം കെ.കെ. അശോകൻ സമരം ഉദ്ഘാടനം ചെയ്തു. തോട്ടപ്പള്ളി സ്പിൽവേ പൊഴി മുറിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് വലിയ വിഴ്ച്ച ഉണ്ടായി. ചുമതല ഉള്ള മന്ത്രിമാർ തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ചത് പോലും ഇന്നലെയാണെന്നും സിപിഐഎം ആരോപിച്ചു.

ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിൽ വീണു; പത്ത് കുട്ടികൾക്ക് പരിക്ക്

ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിൽ വീണ് പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ആളൂർ സെൻ്റ് ജോസഫ് സ്കൂളിലെ ബസാണ് കനാലിലേക്ക് വീണത്. കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല സന്ദേശം; ബേപ്പൂർ സ്വദേശി നിതിൻ കക്കാടത്ത് അറസ്റ്റിൽ

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല സന്ദേശം ഇട്ട കേസിൽ ഒരാൾ അറസ്റ്റിൽ. ബേപ്പൂർ സ്വദേശി നിതിൻ കക്കാടത്ത് ആണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി സൈബർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

കൃഷിനാശം: കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൃഷിമന്ത്രി സന്ദർശിക്കും

കൃഷിനാശം ഉണ്ടായ കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കൃഷിമന്ത്രി ടി. സിദ്ദിഖ് സന്ദർശിക്കും. മന്ത്രിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘമാണ് ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങൾ ഞായറാഴ്ച സന്ദർശിക്കുക. സ്ഥലങ്ങളിൽ നേരിട്ട് എത്തുന്ന ജനപ്രതിനിധി സംഘം സ്ഥിതിഗതികൾ വിലയിരുത്തും. തുടർന്ന് കളക്ട്രേറ്റിൽ ജില്ലയിലെ കൃഷിനാശം സംബന്ധിച്ച് അവലോകന യോഗം ചേരും.

പാലക്കാട് ആലത്തൂർ സബ് ആർടി ഓഫീസിൽ വിജിലൻസ് പരിശോധന

പാലക്കാട് ആലത്തൂർ സബ് ആർടി ഓഫീസിൽ വിജിലൻസ് പരിശോധന. കണക്കിൽ രേഖപ്പെടുത്താത്ത 59,000 രൂപ പിടിച്ചെടുത്തു. പുറത്തുനിന്നും എത്തിയ ഒരു ഏജൻ്റിൻ്റെ കൈവശത്ത് നിന്നാണ് രൂപ പിടികൂടിയത്. കോട്ടായി സ്വദേശി ഗിരീഷിൽ നിന്നുമാണ് വിജിലൻസ് പണം പിടികൂടിയത്. പരിധിയിലെ വിവിധ ഡ്രൈവിങ് സ്കൂളുകളിൽ നിന്നും, മറ്റു ഏജൻ്റു മാരിൽ നിന്നും സമാഹരിച്ച് തുക ഇയാളിലൂടെ ആർടിഒ ഓഫീസിലേ ഉദ്യോഗസ്ഥർക്ക് കൈമാറാൻ എത്തിച്ചതെന്നാണ് വിവരം.

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ്. പെൻഷൻ വിതരണം ബാങ്ക് മുഖേനയാക്കാൻ സർക്കാർ തീരുമാനിച്ചു. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രം നേരിട്ട് വിതരണം നടത്തും. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിൻ്റെ കത്ത് പരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് സർക്കാർ പറയുന്നു.

തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

കോഴിക്കോട് വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂൾ വിദ്യാർഥിനി നിവേദ്യ, പുതുപ്പണം സ്വദേശിനി ശ്രീജ എന്നിവർക്കാണ് കടിയേറ്റത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം.

അതിതീവ്ര മഴ; പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. പത്തനംതിട്ടയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ഫ്രഷ്‌കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കോഴിക്കോട് ഫ്രഷ്‌കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഉത്തരവിന് ആണ് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ഫ്രഷ് കട്ട് സ്ഥാപനം നൽകിയ ഹർജിയിലാണ് നടപടി. കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് പൂട്ടൽ ഉത്തരവെന്ന് കോടതി.

ഇടുക്കി കൂട്ടാർ പുഴ പതഞ്ഞ് ഒഴുകുന്നു; കീടനാശിനി പുഴയിൽ ഒഴിച്ചെന്ന് സംശയം

ഇടുക്കി കൂട്ടാർ പുഴ പതഞ്ഞ് ഒഴുകുന്നു. രണ്ടുകിലോമീറ്ററോളം ആണ് പുഴ പതഞ്ഞ് ഒഴുകുന്നത്. ഏലം കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി പുഴയിലേക്ക് ഒഴിച്ചതാകാം കാരണമെന്ന് പഞ്ചായത്ത് അധികൃതർ. പൊലീസും കരുണപുരം പഞ്ചായത്തും അന്വേഷണം ആരംഭിച്ചു

ആശ്വാസ തീരം; കടലാക്രമണം രൂക്ഷമായ കാസർഗോഡ് മാവിലാകടപ്പുറം പിണറായി വിജയൻ സന്ദർശിച്ചു

കാസർഗോഡ് ജില്ലയിലെ കടലാക്രമണം നേരിടുന്ന മാവിലാകടപ്പുറം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദുരിത ബാധിതരുമായി അദ്ദേഹം സംസാരിച്ചു. സിപിഐഎം നേതാക്കളായ എം.രാജഗോപാൽ, വി.പി.പി. മുസ്തഫ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ജാഗ്രതാ... അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ പത്ത് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

പെരുമ്പാവൂരിൽ ബാർ ഹോട്ടലിൽ സംഘർഷം

പെരുമ്പാവൂരിൽ സ്വകാര്യ ബാർ ഹോട്ടലിൽ സംഘർഷം. മദ്യപിച്ചവർ തമ്മിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ ഒരാളെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമം. തർക്കത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൊലീസ് എത്തും മുൻപേ വഴക്കുണ്ടാക്കിയവർ ഓടി രക്ഷപ്പെട്ടു.

പൂജപ്പുര ജയിൽ സൂപ്രണ്ടിന് തടവുകാരൻ്റെ  മർദനം

പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന് തടവുകാരൻ്റെ മർദനം. ജയിൽ സൂപ്രണ്ട് ബിനോദ് ജോർജിനാണ് മർദനമേറ്റത്. പിഎൻഡി കേസ് പ്രതിയായ ഷെഫീഖ് ആണ് ആക്രമിച്ചത്. ജയിൽ സൂപ്രണ്ട് ദൈനംദിന വിസിറ്റിന് എത്തിയപ്പോൾ ആയിരുന്നു മർദനം.

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകം. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധിയില്ല. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ജാഗ്രത... അർധരാത്രിക്ക് ശേഷം കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യത

അർധരാത്രിക്ക് ശേഷം കണ്ണൂരിൽ ശക്തമായ മഴയ്ക്ക് സാധ്യത. ദുരന്ത നിവാരണ അതോറിറ്റിയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

ആർ. സുഗതൻ്റെ അവധി അപേക്ഷ; ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ കത്ത് റദ്ദാക്കി

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതൻ്റെ അവധി അപേക്ഷയിൽ ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ കത്ത് റദ്ദാക്കി. സുഗതന് അയോഗ്യത ഒഴിവാക്കാൻ അവധി അപേക്ഷ നൽകാമെന്ന തദ്ദേശ വകുപ്പിൻ്റെ കത്ത് റദ്ദാക്കിയതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പിൻ്റെ നടപടി.

ഇടുക്കിയിലെ സിപ് ലൈന് നിരോധനം; എം.എം. മണിയുടെ സഹോദരൻ്റേതാണ് സ്ഥാപനം

ഇടുക്കി ആനവിരട്ടിയിലെ ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന സിപ് ലൈന് ജില്ലാ കളക്ടറുടെ വിലക്ക്. ഹൈറേഞ്ച് സ്പൈസ് ആൻഡ് ലൈവ് ചോക്ലേറ്റ് എന്ന സ്ഥാപനത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. എം.എം മണിയുടെ സഹോദരൻ ലംബോദരൻ്റെ ഭാര്യ സരോജിനിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം.

News Malayalam 24x7
newsmalayalam.com