"മുട്ടിന് വെടിവച്ചാലും മുട്ടുകുത്തില്ല"; അർജുൻ ആയങ്കിക്കെതിരെ തെരച്ചിൽ ഊർജിതമാക്കി പൊലീസ്

ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ
അർജുൻ ആയങ്കി
അർജുൻ ആയങ്കിSource: FB

കോന്നി കുമ്മണ്ണൂരിൽ കാട്ടാന ശല്യം; കൃഷികൾ വ്യാപകമായി നശിപ്പിച്ചു

കോന്നി കുമ്മണ്ണൂർ നെടിയക്കാലാ പ്രദേശത്ത് വീടുകൾക്ക് സമീപം കാട്ടാന. ആനകളെ ഓടിക്കുന്നതിനിടെ ആളുകൾക്ക് നേരെ തിരിഞ്ഞു. വീടുകളോട് ചേർന്ന പ്രദേശത്തെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് ആനകൾ പ്രദേശത്ത് എത്തിയത്.

അടൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പത്തിലധികം പേർക്ക് പരിക്ക്. ആർക്കും ഗുരുതര പരിക്കില്ല. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ

കുതിരാൻ തുരങ്കത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് നേരിയ തോതാൽ മണ്ണിടിച്ചിൽ. കുതിരാനിലെ ഇരട്ട തുരങ്ക മുഖത്തിൻ്റെ പടിഞ്ഞാറ് തുരങ്കമുഖത്തിനു മുകളിലായി ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. നേരിയ തോതിൽ മാത്രമാണ് മണ്ണ് ഇടിഞ്ഞിട്ടുള്ളത്. കാലവർഷം ആരംഭിച്ച സമയത്ത് തന്നെ നേരിയ തോതിൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതാണ് എന്ന് പ്രദേശവാസികൾ പറയുന്നത്.

കിടപ്പുമുറിയിൽ കാട്ടുപന്നിയുടെ പരാക്രമം; പിഞ്ചുകുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മലപ്പുറം മഞ്ചേരി മുള്ളമ്പാറ കടത്തിപ്പറമ്പ് അലവിയുടെ വീട്ടിനകത്ത് കാട്ടുപന്നി കയറി. പിഞ്ചുകുഞ്ഞ് നഷ് വ കട്ടിലിൽ കളിച്ചുകൊണ്ടിരിമ്പോഴാണ് മുറിയിൽ കടന്നത്. അമ്മാവൻ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ശേഷം കതക് പൂട്ടി. കാട്ടുപന്നിയെ പിന്നീട് വെടിവച്ചു കൊന്നു.

നീറ്റ് വിവാദം; ചോദ്യങ്ങൾ കാണാതെ പഠിച്ച് പേപ്പറിൽ പകർത്തി പുറത്ത് കടത്തി, നിർണായക വിവരങ്ങൾ പുറത്ത്

ചോദ്യങ്ങൾ മനഃപാഠമാക്കിയാണ് ഏജൻസി വിദഗ്ദ്ധർ നീറ്റ് പേപ്പർ ചേർത്തിയതെന്നാണ് വിവരം. ടീമിലെ മൂന്ന് വിഷയ വിദഗ്ദ്ധർ ചോദ്യങ്ങൾ കാണാതെ പഠിച്ച് പേപ്പറിൽ പകർത്തിയാണ് ചോർത്തിയതെന്ന നിർണായക വിവരങ്ങൾ പുറത്ത്. 94 പേജുള്ള സിബിഐ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.

രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ്; കളക്ടറോട് ഫ്രീസർ ആവശ്യപ്പെട്ടിരുന്നുവെന്ന് വി. കുഞ്ഞികൃഷ്ണൻ എംഎൽഎ

കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിൻ്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ കണ്ണൂർ ജില്ലാ ഭരണകൂടത്തിന് എതിരെ വിമർശനം കടുക്കുന്നു. ജില്ലാ കളക്ടറോട് ഫ്രീസർ ആവശ്യപ്പെട്ടിരുന്നുവെന്ന് വി.കുഞ്ഞികൃഷ്ണൻ എംഎൽഎ പറഞ്ഞു. മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയത് കളക്ടറുടെ നിർദേശപ്രകാരം എന്ന് ഡിസിസി സെക്രട്ടറി കെ.കെ. സുരേഷ്കുമാർ ആരോപിച്ചിരുന്നു. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന വാർത്ത ന്യൂസ് മലയാളമാണ് പുറത്ത് കൊണ്ടുവന്നത്.

മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേയ്ക്കു പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് ബസിനടിയിലേയ്ക്കു കയറി യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജിനാണ്(23) ജീവൻ നഷ്ടമായത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ കോട്ടയം മണർകാട് പള്ളിയ്ക്കു സമീപമായിരുന്നു അപകടം. അയർക്കുന്നത് നിന്നും മണർകാട് കവലയിലേയ്ക്കു വരികയായിരുന്നു ഇവർ.

തൃശൂർ നെന്മണിക്കരയിൽ വീടിന് മുകളിലേക്ക് മരം വീണു; വീടിന് ഭാഗfകമായി കേടുപാടുകൾ സംഭവിച്ചു

തൃശൂർ നെന്മണിക്കര മടവാക്കരയിൽ തേക്ക് കടപുഴകി വീടിന് മുകളിലേക്ക് വീണു. പല്ലാവൂർകട രാമചന്ദ്രൻ്റെ ഓടിട്ട വീടിനു മുകളിലാണ് തേക്ക് വീണത്. വീടിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് അപകടം.

ജാഗ്രതാ... മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്നു മണിക്കൂർ സമയമാണ് റെഡ് അലേർട്ടുള്ളത്.

തായ്‌ലൻഡിൽ സ്കൂളിൽ വെടിവെയ്പ്പ്; ആറു പേർ കൊല്ലപ്പെട്ടു; 15 പേർക്ക് പരിക്ക്

തായ്‌ലൻഡിൽ സ്കൂളിൽ വെടിവെയ്പ്പ്. ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഒൻപതാം ക്ലാസുകാരനായ 14കാരനാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന് ശേഷം വിദ്യാർഥി സ്വയം വെടിയുതിർത്ത് മരിച്ചു.

റാഞ്ചിയിലെ വിദ്യാർഥി പ്രക്ഷോഭം; പ്രതിനിധി സംഘത്തെ അയച്ച്സിജെപി

റാഞ്ചിയിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്ക് ചേരാൻ സിജെപി പ്രതിനിധി സംഘത്തെ അയച്ചു. പ്രക്ഷോഭം 14 ദിവസമായി തുടരുകയാണ്. അതേസമയം നിയമസഭയുടെ സുരക്ഷ ജാർഖണ്ഡ് സർക്കാർ ശക്തമാക്കി.

അതിരപ്പള്ളി എസ്റ്റേറ്റിൽ കാട്ടാന ആക്രമണം; ഓഫീസ് റൂം നശിപ്പിച്ചു

പ്ലാൻ്റേഷൻ കോർപ്പറേഷൻ അതിരപ്പള്ളി എസ്റ്റേറ്റിൽ കാട്ടാന ആക്രമണം. B2 ഡിവിഷനിൽ ഓഫീസും സ്റ്റോർ റൂമും ആനകൾ തകർത്ത നിലയിൽ. ഓഫീസ് ഫയലുകൾ എല്ലാം നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.

സൗദി അറേബ്യയിൽ ഹൂതി ആക്രമണം; നിരവധി പേർക്ക് പരിക്ക്

സൗദി അറേബ്യയിൽ ഹൂതി ആക്രമണം. തെക്കൻ അതിർത്തി പ്രദേശമായ നജ്റാനിലായിരുന്നു മിസെെൽ- ഷെൽ ആക്രമണം. വിദേശികൾ ഉൾപ്പടെ 11 സാധാരണക്കാർക്ക് പരിക്കേറ്റു.യെമനി ഹൂതികളും, ഇറാൻ അനുകൂല ഇറാഖി ഗ്രൂപ്പുകളും സൗദിയിൽ സംയുക്ത ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന ഇൻ്റലിജൻസ് റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം.

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ ബഹളം; ഇരുസഭകളും നിർത്തി വച്ചു

അമിത് ഷാ സഭയിൽ പ്രസ്താവന നടത്താത്തതിനെതിരെ പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബഹളത്തെ തുടർന്ന് ഇരുസഭകളും നിർത്തിവച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ ആഭ്യന്തര മന്ത്രി പാർലമെൻ്റിൽ ഉണ്ടെന്ന് കിരൺ റിജിജു പറഞ്ഞു. പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

നീറ്റ് പരീക്ഷാക്രമക്കേട്; ഹർജി സുപ്രീംകോടതി തള്ളി

നീറ്റ് മൂല്യനിര്‍ണയത്തില്‍ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജി തള്ളി. ആറ് വിദ്യാർത്ഥികൾ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ഡൽഹി ഹൈക്കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം. രേഖപ്പെടുത്തിയ ഉത്തരങ്ങളും എൻ.ടി.എ അപ്ലോഡ് ചെയ്ത ഒഎംആർ ഷീറ്റിലെ ഉത്തരങ്ങളും വ്യത്യസ്തമെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.

മൂവാറ്റുപുഴ മാറാടിയില്‍ വന്‍ മണ്ണിടിച്ചില്‍

മൂവാറ്റുപുഴ മാറാടിയില്‍ വന്‍ മണ്ണിടിച്ചില്‍. അപകടമുണ്ടായത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉപേക്ഷിക്കപ്പെട്ട പാറമടയിൽ. ആളപായമില്ല..

അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷന് മുന്നിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷന് മുന്നിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് ആരോപിച്ചാണ് പ്രതിഷേധം. സ്ത്രീകൾ കൈകുഞ്ഞുങ്ങളെയും കൊണ്ടാണ് റോഡിൽ ഇരുന്ന് പ്രതിഷേധിക്കുന്നത്.

കോഴിക്കോട് മുത്തപ്പൻപുഴയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി

കോഴിക്കോട് മുത്തപ്പൻപുഴയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. മഠത്തിൽ സിബിയുടെ വീട്ടുമുറ്റത്താണ് പുലിയെത്തിയത്. പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പുലി വളർത്തുനായയെ അക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വന്യമൃഗ ശല്യം രൂക്ഷമായ മേഖലയാണ് മുത്തപ്പൻപുഴ. മേഖലയിൽ മുൻപും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പെരുമഴക്കിടെ സ്വകാര്യ ബാങ്കിൻ്റെ ജപ്തി നടപടി;  രോഗി അടങ്ങുന്ന കുടുംബം രാത്രി കഴിഞ്ഞത് വീട്ടുവരാന്തയിൽ

പെരുമഴക്കിടെ സ്വകാര്യ ബാങ്കിൻ്റെ ജപ്തി. അടച്ചുപൂട്ടിയ വീടിൻ്റെ വരാന്തയിൽ രാത്രി കഴിഞ്ഞ് രോഗിയും കുടുംബവും. ഉജ്ജീവൻ മൈക്രോ ഫിനാൻസാണ് ജപ്തി ചെയ്തത്. വടക്കാഞ്ചേരി മുണ്ടത്തിക്കോട് സ്വദേശികളായ ദാസിനെയും കുടുംബത്തെയും ആണ് ബാങ്ക് പെരുവഴിയിൽ ആക്കിയത്. ഇന്നലെ വൈകുന്നേരം പൊലീസുമായി എത്തി ജപ്തി നടപടി പൂർത്തിയാക്കി ഇവർ കുടുംബത്തെ കുടിയൊഴുപ്പിക്കുകയായിരുന്നു.

മുതലപ്പൊഴിയിൽ കാണാതായ ഷിജിന് വേണ്ടി തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ

മുതലപ്പൊഴിയിൽ കാണാതായ ഷിജിന് വേണ്ടി ഊർജിത തിരച്ചിൽ ആവശ്യപ്പെട്ട് കണ്ണീർസമരം. കോസ്റ്റൽ സ്റ്റേഷന് മുന്നിൽ പെരുമഴയത്ത് റോഡിൽ കുത്തിയിരുന്ന് വീട്ടുകാർ. കുഞ്ഞുങ്ങളുമായി സമര മുഖത്ത് ഷിജിൻ്റെ ഭാര്യ. തെരച്ചിൽ നടക്കാത്തതിന് കാരണം സർക്കാർ അനാസ്ഥ എന്ന് കുടുംബം ആരോപിച്ചു. വള്ളം മറിഞ്ഞ് ഷിജിനെ കാണാതായതിട്ട് ഇന്ന് എട്ട് ദിവസമാകുന്നു.

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കൊല്ലം കലക്ട്രേറ്റിൽ പ്രതിഷേധം; കടലിൽ കാണാതായ ഗൗതം കൃഷ്ണയെ കണ്ടെത്തണമെന്ന് ആവശ്യം

കടലിൽ കാണാതായ ഗൗതം കൃഷ്ണയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച്. പ്രവർത്തകർ ബാരിക്കേട് മറികടന്നു. പ്രദേശത്ത് നേരിയ തോതിൽ സംഘർഷം.

എഞ്ചിൻ തകരാർ; പ്രിയദർശിനി ബസ് കുറ്റ്യാടി ചുരത്തിൽ കുടുങ്ങി

എഞ്ചിൻ തകരാർ ആയതിനെ തുടർന്ന് പ്രിയദർശിനി ബസ് കുറ്റ്യാടി ചുരത്തിൽ കുടുങ്ങി. പൂതംപാറയിലെ വലിയ വളവിലാണ് ബസ് കുടുങ്ങിയത്. തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.

കൊയിലാണ്ടി മൂടാടിയിൽ സ്വകാര്യ ബസ് സ്കൂൾ ബസിൽ ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

കൊയിലാണ്ടി മൂടാടിയിൽ സ്വകാര്യ ബസ് സ്കൂൾ ബസിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. വീമംഗലം യുപി സ്കൂളിൻ്റെ ബസിൽ കണ്ണൂർ - കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകര്യ ബസ് ഇടിക്കുകയായിരുന്നു. വിദ്യാർഥികളെ സ്കൂളിൽ ഇറക്കി തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. സ്കൂൾ ബസ് ഡ്രൈവർ ആനക്കുളം സ്വദേശി ബാബുവിനും മറ്റ് രണ്ടു പേർക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിൽ ഇടിച്ചതിന് ശേഷം നിർത്താതെ പോയ സ്വകാര്യ ബസ് കൊയിലാണ്ടി സിഐ കസ്റ്റഡിയിലെടുത്തു.

കാസർഗോഡ് കോട്ടമല എസ്റ്റേറ്റിന് സമീപം ഉരുൾ പൊട്ടിയതായി സംശയം

കാസർഗോഡ് അറക്കത്തട്ട് ഭാഗത്ത് മലവെള്ളപ്പാച്ചിൽ. നർക്കിലക്കാട് - ചിറ്റാരിക്കാൽ റോഡിൽ കോട്ടമല എസ്റ്റേറ്റിന് സമീപത്ത് ഉരുൾ പൊട്ടിയതായി സംശയം. മഴക്കാലത്ത് വെള്ളമൊഴുകി പോകുന്ന ചാലിലും കൃഷിയിടത്തിലും കുത്തൊഴുക്ക്. ജനവാസ മേഖലയല്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.

കണ്ണൂർ ആലക്കോട് താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ; രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കണ്ണൂർ ആലക്കോട് താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മറ്റ് കുടുംബങ്ങളോട് മാറാൻ നിർദേശം. പ്രദേശത്ത് കനത്ത മഴ തുടരുന്നു. കാർത്തികപുരത്ത് റോഡിലേക്ക് ഉരുളൻ കല്ലുകൾ വീണ് ഗതാഗതം തടസപ്പെട്ടു.

രാജേഷിൻ്റെ മൃതദേഹത്തോടുള്ള അനാദരവ്; വീഴ്ച സമ്മതിച്ച് കണ്ണൂർ ജില്ലാ കളക്ടർ

രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോകുന്നതിൽ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് കണ്ണൂർ ജില്ലാകളക്ടർ. ഫ്രീസർ ആംബുലൻസ് ഉൾപ്പെടെ സജ്ജമാക്കാൻ നിർദേശം നൽകിയിരുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകും . ഫ്രീസർ സംവിധാനം ഒരുക്കാൻ പണം തടസമായിരുന്നില്ല എന്നും കളക്ടർ പറഞ്ഞു.

കൊല്ലം അഞ്ചലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊല്ലം അഞ്ചലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ ഓടിച്ചിരുന്നയാൾ തലനാരിഴക്ക് രക്ഷപ്പെട്ടു. മുൻവശത്ത് നിന്ന് പുക ഉയർന്ന ശേഷം വേഗത്തിൽ കത്തുകയായിരുന്നു. കാർ പൂർണ്ണമായി കത്തി നശിച്ചു.

വിവാഹ മോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; തീരുമാനം ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത. കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു. ലണ്ടനിൽ ആയിരുന്ന സംഗീത ഓൺലൈൻ ആയിട്ടാണ് കോടതിയിൽ ഹാജരായത്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാൽ വിജയ് ഇന്ന് ഹാജരായില്ല.

കാസർഗോഡ് എംഡിഎംഎ വേട്ട; മൂന്നുപേർ അറസ്റ്റിൽ

കാസർഗോഡ് എംഡിഎംഎ വേട്ടയിൽ മൂന്ന് പേർ അറസ്റ്റിലായി.  ചെർക്കളയിൽ 2.730 ഗ്രാമും ഹിദായത്ത് നഗറിൽ 18 ഗ്രാമും എംഡിഎംഎ പിടികൂടി. ചെർക്കള കുഞ്ഞിക്കരയിൽ നിന്ന് 2.730 ഗ്രാം എംഡിഎംഎയുമായി പി. ഉണ്ണികൃഷ്ണൻ (26) ആണ് അറസ്റ്റിലായത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആൾട്ടോ കാറും ഇലക്ട്രോണിക് ത്രാസും ഏഴ് സിപ്പ് ലോക്ക് കവറുകളും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിദായത്ത് നഗറിൽ നടത്തിയ മറ്റൊരു പരിശോധനയിൽ 18 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് അൻഷീദ് (26), സി. അബ്ദുൾ ഖാദർ (27) എന്നിവരാണ് പിടിയിലായത്.

രോഗികൾക്ക് ആശ്വാസം; സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ഇനി വരുമാനത്തിൻ്റെ അടിസ്ഥാനത്തിലല്ല

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ഇനി വരുമാന പരിധിയുടെ അടിസ്ഥാനത്തിലായിരിക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും. ആരോഗ്യവകുപ്പ് ഉത്തരവിറക്കി.

മലങ്കര അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നു

മലങ്കര അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുന്നു. നാല് ഷട്ടറുകൾ 100 CM ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മുൻകരുതൽ എന്ന നിലയിലാണ് കൂടുതൽ ജലം പുറത്തേക്ക് വിടുന്നത്. തൊടുപുഴ ആറിൻ്റെയും മൂവാറ്റുപുഴ ആറിൻ്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കുക.ഇരുപ്പുഴകളിലും നിലവിലെ ജലനിരപ്പ് അപകട നിലയ്ക്ക് താഴെയാണ് ഉള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

കുറവിലങ്ങാട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. കാളികാവിൽ എംസി റോഡിൽ ആണ് അപകടം ഉണ്ടായത്. തെക്കേകല്ലാലിക്കുന്നേൽ സ്വദേശി റ്റോംസൺ ജോർജിനാണ് ജീവൻ നഷ്ടമായത്.

മനസാക്ഷിയില്ലാത്ത ക്രൂരത; വെള്ളം കയറി ദുരിതത്തിലായ ക്യാൻസർ രോഗിയുടെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി

വെള്ളം കയറി ദുരിതത്തിലായ ക്യാൻസർ രോഗിയുടെ വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി. ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി 10ാം വാർഡിൽ താമസിക്കുന്ന ആനന്ദവല്ലിയുടെ വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. വീട് വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ് .ഈ മാസം മൂന്നാം തീയതിയാണ് വൈദ്യുതി വിച്ഛേദിച്ചത്. കാൻസർ രോഗത്തെ തുടർന്ന് ആനന്ദവല്ലിയുടെ രണ്ടു മാറും നീക്കം ചെയ്തിരുന്നു. നാട്ടുകാർ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്നാണ് ആക്ഷേപം. മുകളിൽ നിന്നുള്ള ഉത്തരവാണെന്ന് പറഞ്ഞാണ് ഫ്യൂസ് ഊരിയതെന്ന് നാട്ടുകാർ പറഞ്ഞു. കെഎസ്ഇബി ഓഫീസിൽ വിളിച്ച് അന്വേഷിച്ചതിന് പിന്നാലെ ഫ്യൂസ് കുത്താൻ ഓടിയെത്തി കെഎസ്ഇബി അധികൃതർ. അധികൃതർ മറുപടി നൽകാതെ ഫ്യൂസ് കൺക്ട് ചെയ്യാൻ സമ്മതിക്കില്ലെന്ന് വാർഡ് കൗസിലർ ബീനാ സലിം പറഞ്ഞു.

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.

കണക്ക് പുറത്തുവിട്ട് സർക്കാർ

വിവാദങ്ങൾക്കിടെ കഴിഞ്ഞ 10 വർഷം മരിച്ച മത്സ്യത്തൊഴിലാളികളുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. പത്തു വർഷത്തിനിടെ 469 മത്സ്യത്തൊഴിലാളികൾ മരിച്ചെന്ന് സർക്കാർ കണക്ക്. 160 മത്സ്യ തൊഴിലാളികളെ കാണാതായി. മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിനിടെയാണ് ഫിഷറീസ് വകുപ്പിന്റെ നീക്കം.

വയനാട് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

രഹസ്യം ചോരുമോ?

മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ കേരള പ്രതിനിധിയായിരുന്ന ടി.കെ. ശിവരാജൻ തമിഴ്നാട് സർക്കാരിൽ ഉന്നത പദവി സ്വീകരിച്ചു. തമിഴ്നാട് CDSE വിദഗ്ധ അംഗമായാണ് ശിവരാജന്റെ നിയമനം. മുല്ലപെരിയാറിനെ സംബന്ധിച്ചുള്ള കേരളത്തിന്റെ വാദങ്ങളും ഫയലുകളും അറിയുന്ന ശിവരാജൻ തമിഴ്നാട് സർക്കാർ പദവി സ്വീകരിച്ചത് കേരളത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.

തോക്ക് ഉപയോഗിക്കാൻ പൊലീസിന് നിർദേശം

ആഭ്യന്തരമന്ത്രിയെയും പൊലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കായുള്ള തിരച്ചിലിൽ തോക്ക് ഉപയോഗിക്കാൻ പൊലീസിന് നിർദേശം. അടിയന്തര ഘട്ടത്തിൽ വെടിവയ്ക്കാൻ പൊലീസിന് അനുമതി. അർജുൻ ആയങ്കി തൃശൂർ ജില്ലയിലെന്ന് പൊലീസ് സംശയം. അർജുൻ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തൃശൂരിൽ പൊലീസ് കസ്റ്റഡിയിലായ അർജുന്റെ സഹോദരൻ അഖിലിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

"ആവശ്യങ്ങൾ പറയും മുമ്പ് മുഖ്യമന്ത്രി ഫോൺ കട്ട് ചെയ്തു"; നിരാശയെന്ന് ജോണിൻ്റെ മകൾ ജിജി

രക്ഷാദൗത്യങ്ങൾ പാളിയെന്ന വിമർശനത്തിനിടെ മത്സ്യത്തൊഴിലാളികളെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങി മുഖ്യമന്ത്രി. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ ജോണിൻ്റെ മകളെ ഫോണിൽ വിളിച്ചു. ജോണിനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്തെന്ന് വി.ഡി. സതീശൻ. ആവശ്യങ്ങൾ പറയും മുമ്പ് ഫോൺ കട്ട് ചെയ്തതിൽ നിരാശയെന്ന് ജോണിൻ്റെ മകൾ. മുഖ്യമന്ത്രിക്ക് മത്സ്യ മേഖലയെ കേൾക്കേണ്ടി വരുമെന്നും ജിജി.

കാസർഗോഡ് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളിൽ നാളെ അവധി

മലപ്പുറം-വേങ്ങര പാതയിൽ ഭാഗിക യാത്രാ നിരോധനം

പാണക്കാട് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മലപ്പുറം-വേങ്ങര പാതയിൽ ഭാഗിക യാത്ര നിരോധനം തുടരും. രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ മാത്രം യാത്ര അനുവദിക്കുക. ഓഗസ്റ്റ് 14 വരെ നിയന്ത്രണം തുടരുമെന്ന് ജില്ല കളക്ടർ അറിയിച്ചു.

അർജുൻ ആയങ്കിക്കെതിരെ തെരച്ചിൽ ഊർജിതമാക്കി പൊലീസ്

സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി തുടരുന്ന അർജുൻ ആയങ്കിക്കെതിരെ തെരച്ചിൽ ഊർജിതമാക്കി പൊലീസ്. വൈകിട്ട് പാലിയേക്കര ടോൾ പ്ലാസയിലൂടെ, വാഹനത്തിൽ പോകുന്ന അർജുൻ ആയങ്കിയുടെ ചിത്രം പുറത്തുവന്നതോടെ തൃശൂരിൽ അന്വേഷണം ശക്തമാക്കി. ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കുന്ന മഴ മുന്നറിയിപ്പ്

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ

* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

"മുട്ടിന് വെടിവച്ചാലും മുട്ടുകുത്തില്ല"; വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ട് അർജുൻ ആയങ്കി

'ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല' എന്നും വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ട് അർജുൻ ആയങ്കി. തന്നെ ജയിലിലടച്ച കേസിൽ പുനരന്വേഷണം നടത്തണമെന്നാണ് അർജുൻ്റെ പ്രധാന ആവശ്യം. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി വെടിവെക്കാനാണ് പൊലീസ് ഉത്തരവിട്ടതെന്നും, കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താനെന്നും കുറിപ്പിൽ പറയുന്നു. തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ അർജുൻ ആയങ്കി കൂട്ടിച്ചേർക്കുന്നുണ്ട്.

വി.ഡി. സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരത്തിൽ വി.ഡി. സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി. മഞ്ചേശ്വരം, കാസർഗോഡ്, കുമ്പള ഉപജില്ലകളിലെ സ്കൂളുകളിൽ നിന്നുള്ള എൽ.പി വിഭാഗം വിദ്യാർഥികളെ ഉൾപ്പെടുത്തി സോഷ്യൽ സയൻസ് ക്ലബ്ബ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരത്തിലാണ് ചോദ്യം. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി' ആരാണെന്നതാണ് ഒരു ചോദ്യം. ഉത്തരസൂചികയിൽ വി.ഡി. സവർക്കറെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വി.ഡി. സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി
News Malayalam 24x7
newsmalayalam.com