പൊലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന അർജുൻ ആയങ്കി അറസ്റ്റിൽ. പിടിയിലായത് കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നാണ്. ഓടിച്ചിട്ടാണ് പിടിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
പൊലീസിനെ കുറെ വെല്ലുവിളിച്ചു എന്ന തോന്നലാണ് അർജുൻ ആയങ്കി ഉണ്ടായതെന്ന് എഡിജിപി പി. വിജയൻ. പൊലീസിനെ വെല്ലുവിളിക്കൽ സമൂഹത്തെ വെല്ലുവിളിക്കലിന് തുല്യമാണ്. പൊലീസിനെ വെല്ലുവിളിച്ച് കമൻ്റിട്ടവരെയും പിന്നാലെ കിട്ടുമെന്നും എഡിജിപി പറഞ്ഞു. ആയങ്കിയെ വെടിവെക്കാൻ പൊലീസ് നിർദേശം നൽകിയിട്ടില്ലെന്നും എഡിജിപി പി. വിജയൻ പറഞ്ഞു.
അർജുൻ ആയങ്കിയെ രാത്രിയോടെ എറണാകുളത്ത് എത്തിക്കും. അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ എടുക്കാൻ എറണാകുളത്ത് നിന്ന് പൊലീസ് പുറപ്പെട്ടു. ഇന്ന് രാത്രിയോടേ കൊച്ചിയിൽ എത്തിക്കാൻ നീക്കം. അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് കേസുകളാണ് എറണാകുളം റൂറൽ പോലീസ് രജിസ്റ്റർ ചെയ്തത്.
അർജുൻ ആയങ്കിയുടെ സഹോദരനും പിടിയിൽ. അജയനാണ് നടക്കാവ് പൊലീസിൻ്റെ പിടിയിലായത്.
തിരുവല്ലം ബൈപ്പാസിൽ വീണ്ടും അപകടം. റോഡ് ക്രോസ് ചെയ്യുന്നതിനിടെ രണ്ട് സ്ത്രീകൾ ബൈക്കിടിച്ച് മരിച്ചു. തിരുവല്ലം പാലത്തിന് സമീപം കരിമ്പ് വിള ജംഗ്ഷനിലാണ് സംഭവം. ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്. ഇവർ സഹോദരങ്ങളാണ്.
അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. ഇത് ഗുണ്ടകളുടെ നാട് അല്ല. ഇന്നലെ മുതൽ അതിനുള്ള നടപടികൾ ആരംഭിച്ചു. എല്ലാം പോലീസ് സ്റ്റേഷനുകളിലെയും ലിസ്റ്റുകൾ പ്രകാരം ഗുണ്ടകൾക്കെതിരെ കർശന നിരീക്ഷണം ഏർപ്പെടുത്തും. മുൻ മുഖ്യമന്ത്രി തന്നെ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞു. ജയരാജൻ തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ള ആളുകളെ ആർക്കും സംരക്ഷിക്കാൻ ആകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വാട്ട്‌സ് ആപ്പിലൂടെ വധഭീഷണി. കാലടി സ്വദേശി ഫൈസലിനെതിരെ കേസ് എടുത്ത് പൊലീസ്. നാട്ടിലെ വാട്സ് ആപ്പ് കൂട്ടായ്മയിലാണ് മുഖ്യമന്ത്രിക്ക് എതിരെ മോശം പ്രതികരണം നടത്തിയത്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി.
ചന്ദ്രിക പത്രത്തിൽ ശമ്പളം മുടങ്ങി. കോഴിക്കോട്, കണ്ണൂർ യൂണിറ്റുകളിലാണ് മാസങ്ങളായി ശമ്പളം മുടങ്ങിയത്. നൂറോളം ജീവനക്കാർ ദുരിതത്തിൽ. കോഴിക്കോട് യൂണിറ്റിൽ മൂന്നു മാസവും, കണ്ണൂരിൽ എഴു മാസമായിട്ടും ശമ്പളമില്ല. ശമ്പളം മുടങ്ങിയിട്ടും ഇടപെടാതെ ലീഗ് നേതൃത്വം.
മുതലപ്പൊഴിയിൽ സ്കൂബ സംഘത്തിൻ്റെ ആദ്യ ഘട്ട തിരച്ചിൽ പൂർത്തിയായി. അപകടം നടന്നയിടത്ത് തിരച്ചിൽ നടത്തുക സാധ്യമല്ലെന്നാണ് സ്കൂബ സംഘങ്ങൾ പറയുന്നത്. സ്‌കൂബ ടീം അംഗങ്ങളുടെ അടുത്ത സംഘം തിരച്ചിൽ തുടരും. ഒരു മണിക്കൂറിലധികം പൊഴി മേഖലയിലാണ് സംഘം തിരച്ചിൽ നടത്തിയത്. കടലിനോട് ചേർന്ന ഭാഗത്ത് സീറോ വിസിബിലിറ്റിയെന്ന് ഡൈവേഴ്‌സ് അംഗം പറഞ്ഞു. കോസ്റ്റൽ പൊലീസിൻ്റെയും, മറൈൻ എൻഫോഴ്‌മെൻ്റിൻ്റെയും തിരച്ചിൽ പുരോഗമിക്കുകയാണ്.
തിരുവനന്തപുരത്ത് ചികിത്സാ പിഴവ്. മുട്ടുവേദനയുമായി എത്തിയ സ്ത്രീയ്ക്ക് ആമവാതത്തിൻ്റെ മരുന്ന് നൽകിയതായി പരാതി. ഇരിഞ്ചയം സ്വദേശിനി ഷീലക്കാണ് ഡോക്ടർ മരുന്ന് മാറി നൽകിയത്. മരുന്നു കഴിച്ച ഷീലയുടെ കാഴ്ച നഷ്ടമായി ശരീരമാസകലം പൊട്ടിയൊലിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ജേക്കബ് ആൻ്റണിയാണ് മരുന്ന് എഴുതിയത്. രോഗം നിർണയിക്കാതെയാണ് ഡോക്ടർ മരുന്ന് നൽകിയതെന്ന് ആരോപണം. മരുന്നു കഴിച്ച് അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഗുരുതരാവസ്ഥയിലായി. ഇത്രയുംനാൾ പരാതി പറയാതിരുന്നത് ചികിത്സ നിഷേധിക്കുമെന്ന് പേടിച്ചിട്ടാണെന്നും കുടുംബം പറഞ്ഞു. ആരോഗ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലെന്ന് കുടുംബം ആരോപിച്ചു. ഡോക്ടർ ഷീലയെ ചികിത്സിച്ചത് സ്വന്തം വീട്ടിലാണ്. പൊലീസിൽ കുടുംബം പരാതി നൽകി.
മൂവാറ്റുപുഴ പിറമാടം സെൻ്റ് ജോൺസ് ബേദലഹേം പള്ളിയിൽ സംഘർഷം. അൾത്താരയിൽ വൈദികർ തമ്മിലടിച്ചു. ഓർത്തഡോക്ക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. സ്ഥലത്ത് സംഘർഷം തുടരുന്നു.
വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. 4.5 കിലോ കഞ്ചാവാണ് റെയിൽവേ സ്റ്റേഷനിലെ ഇരിപ്പിടത്തിന് ചുവട്ടിലെ ബാഗിൽ നിന്നും കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതി പരിശോധനക്കിടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്ന് കളഞ്ഞെന്നാണ് സംശയം. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മഴ മുന്നറിയിപ്പ് വടക്കൻ കേരളത്തിൽ മാത്രമാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും.
കടുത്ത ഉഷ്ണതരംഗത്തിലും കാട്ടുതീയിലും വലഞ്ഞ് കാനഡ. ബ്രിട്ടീഷ് കൊളംബിയ മേഖലയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു. പ്രദേശത്ത് വൈദ്യുതി സംവിധാനങ്ങളും തകരാറിൽ. നിരവധി പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. യുഎസിലും വായു മലിനീകരണ മുന്നറിയിപ്പ്.
കൊസോവോ പ്രധാനമന്ത്രിക്ക് നേരെ പാർലമെൻ്റിൽ മുട്ടയേറ്. തർക്കം പാർലമെൻ്റ് സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനിടെയാണ്. ആക്ടിംഗ് പ്രധാനമന്ത്രി ആൽബിൻ കുർത്തിക്ക് പരിക്ക്. രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് സഭ നിർത്തിവച്ചു.
ശ്രീലങ്കക്കെതിരായ സന്നാഹ മത്സരം; തിരിച്ചടിച്ച് ഇന്ത്യ. ദേവ്ദത്ത് പടിക്കലിൻ്റെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ലീഡിലേക്ക്. സെഞ്ച്വറി നേടിയതോടെ സായ് സുദർശന് പകരം പടിക്കൽ ടീമിൽ സ്ഥാനമുറപ്പിച്ചു. ഇന്ത്യയ്ക്ക് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിനും പരിക്ക്.
ബ്രസീലിയൻ താരം ബ്രൂണോ ഗിമാറസിനെ സ്വന്തമാക്കി ആഴ്സനൽ. 75 മില്യൺ യുറോക്കാണ് കരാർ. ന്യൂകാസിൽ യുണൈറ്റഡിനായി 195 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ താരം നേടിയിട്ടുണ്ട്. 2025ൽ ന്യൂകാസിലിന് ലീഗ് കിരീടം നേടിക്കൊടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ബ്രസീലിനായി ലോകകപ്പിൽ മികച്ച പ്രകടനവും നടത്തിയിരുന്നു.
പ്രീ സീസൺ മത്സരത്തിൽ ചെൽസിക്ക് തകർപ്പൻ ജയം. ഇറ്റാലിയൻ ക്ലബ്ബ് എസി മിലാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. യാവോ പെഡ്രോ രണ്ടും കായിസിഡോ ഒരു ഗോളും നേടി. പുതുതായി ടീമിലെത്തിയ ഡാനി വെൽബെക്ക് ചെൽസിക്കായി അരങ്ങേറി.
മലപ്പുറം അരീക്കോട് കീഴൂപറമ്പിൽ യുവതിക്ക് നേരെ ക്രൂരമർദനം. ഭർത്താവ് മുബാറക് അനീസ് ക്രൂരമായി മർദിച്ചത് ആയാണ് പരാതി. ചികിത്സിക്ക് പണം ആവശ്യപ്പെട്ടതാണ് കാരണം. ഈമാസം 7 നാണ് സംഭവം. രാത്രി മണിക്കൂറുകളോളം യുവതിയെ മർദിച്ചു. യുവതിയുടെ മുഖത്ത് ഉൾപ്പെടെ ഗുരുതര പരിക്ക്. യുവാവിനെതിരെ കേസെടുത്ത് അരീക്കോട് പൊലീസ്.
മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ല എന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 148 പേരെയാണ് കടലിലിൽ കാണാതായത്. തിരച്ചിലിന് സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ട്. മുൻ സർക്കാരുകൾ നടത്താത്ത തരത്തിലുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത് എന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.
അർജുൻ ആയങ്കിയ്ക്കെതിരെ കാപ്പ വകുപ്പ് ചുമത്തുന്നത് പരിഗണനയിലെന്ന് പൊലീസ്. തീരുമാനം നിലവിലെ കേസ് നടപടികൾ പൂർത്തിയായ ശേഷം.
അർജ്ജുൻ ആയങ്കി പിടിയിലാകുമെന്ന് ഉറപ്പായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആർക്കും ഒളിവിലിരുന്ന് പോസ്റ്റ് ഇടാൻ തടമില്ല. വന്ദേമാതരം ആലപിക്കണമെന്നത് കേന്ദ്രത്തിൻ്റെ നിർദേശമാണ് ചീഫ് സെക്രട്ടറി സർക്കുലറായി നൽകിയത്. സംസ്ഥാന സർക്കാരിൻ്റെ ഏത് പരിപാടിയിലും ഞങ്ങൾ മുൻപ് പാടിയിരുന്ന രണ്ട് ഘണ്ടിക മാത്രമേ പാടൂ. ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സർക്കാരിൻ്റെ ഉത്തരവ് പാലിക്കേണ്ട ബാധ്യത ഉണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
മലപ്പുറത്ത് സ്ഫോടകവസ്തു പിടികൂടിയ കേസിൽ മുഖ്യ ആസൂത്രകൻ എൻഐഎയുടെ പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശി ഹാരിസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് സ്ഫോടകവസ്തു വ്യാപാരികളെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂരിൽ നാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഉടൻ ഹാജരാക്കും. സൈബർ കേസിൽ ജാമ്യം ലഭിക്കാൻ സാധ്യത. ഉടൻ കോതമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തേക്കുമെന്ന് സൂചന. ആയങ്കിയെ കണ്ണൂരിൽ എത്തിച്ച കാർ ഡ്രൈവർ കസ്റ്റഡിയിൽ എന്ന് സൂചന.
തീരദേശവാസികളെ അധിക്ഷേപിച്ച മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സിപിഐഎം നേതാവ് പി.രാജീവ്. തീരത്ത് സർക്കാരിന് ഏകോപനമില്ലെന്ന് പി.എ മുഹമ്മദ് റിയാസ് ആരോപിച്ചു. പത്ത് ദിവസമായി ഫിഷറീസ് മന്ത്രി തിരിഞ്ഞ് നോക്കിയില്ല. അബ്ദുൽ ഗഫൂർ തെറ്റ് ഏറ്റുപറയണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പ്രകൃതിക്ഷോഭത്തിൽ 33 പേർ മരിച്ചതായി റവന്യൂ വകുപ്പിൻ്റെ റിപ്പോർട്ട്. മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു. 24 പേർ പരിക്കിനെ തുടർന്ന് ചികിത്സയിലാണ്. 75 വീട് പൂർണമായി തകർന്നു. 816 വീടുകൾ ഭാഗികമായി തകർന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം കുറഞ്ഞതായും റവന്യൂ വകുപ്പ് അറിയിച്ചു.
അർജുൻ ആയങ്കിയുടെ രണ്ട് കൂട്ടാളികൾ കൂടി പിടിയിൽ. വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഊന്നുകൽ പോലീസിന് കൈമാറി. ജിതിൻ, സുഭാഷ് എന്നീ അഴിക്കോട് കപ്പക്കടവ് സ്വദേശികളാണ് പിടിയിലായത്. ജിതിൻ്റെ കാറിലാണ് ആയങ്കി രക്ഷപ്പെട്ടതെന്നാണ് വിവരം. ആയങ്കിയുടെ പ്രധാന കൂട്ടാളി പ്രണവ് ഇപ്പോഴും ഒളിവിൽ തന്നെയാണ്. പ്രണവും ആയങ്കിയും ഒന്നിച്ചുണ്ടായിരുന്നു എന്നും ഒന്നിച്ച് പിടികൊടുക്കാതിരിക്കാൻ വെവ്വേറെ നീങ്ങിയതാണെന്നും സംശയം.
തെളിവില്ലാതെ അർദ്ധരാത്രിയിൽ വീട്ടിൽ കയറി പൊലീസ് പരിശോധന നടത്തിയെന്ന് സിപിഐഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി നിതിൻ്റെ പരാതി. അർജുൻ അയങ്കിയെ തിരഞ്ഞായിരുന്നു പരിശോധന. അർജുൻ ആയങ്കിയുമായി യാതൊരു ബന്ധവുമില്ലെന്ന് നിതിൻകുമാർ പറഞ്ഞു.
രമേശ് ചെന്നിത്തല നാടിൻ്റെ സൂപ്പർ മാൻ എന്ന് നടൻ ആസിഫ് അലി. പത്താം ക്ലാസിൽ എക്സലൻസ് അവാർഡ് തനിക്ക് മിസ് ആയി.കാരണം ജസ്റ്റ് പാസ് ആയുള്ളൂ. സിനിമയിൽ നിന്ന് എക്സലൻസ് അവാർഡ് ലഭിക്കണമെന്നാണ് ആഗ്രഹം. ഇപ്പോൾ അവാർഡ് വാങ്ങാനായി എത്തിയ ഏതെങ്കിലും ഒരു കുട്ടിയുടെ കയ്യിൽ നിന്ന് ആവണം അവാർഡ് വാങ്ങാൻ എന്നാണ് ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു.
വന്ദേമാതര വിവാദത്തിൽ വിദ്യാഭ്യാസമന്ത്രിയെ തള്ളി ലോക് ഭവൻ. ചീഫ് സെക്രട്ടറിക്ക് ലോക് ഭവൻ നിർദ്ദേശം നൽകിയിട്ടില്ല. നിലവിലെ ഉത്തരവ് കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം. ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നും ലോക് ഭവൻ അറിയിച്ചു.
കണ്ണൂരിൽ നാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കിയെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അർജുനെ തലശേരി സബ് ജയിലിലേക്ക് മാറ്റി.
അർജുൻ ആയങ്കിയെ കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് ഒരുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പണം നൽകാമെന്ന് ഒരു വ്യക്തി തന്നെ അറിയിച്ചു. അത് ആ ഓട്ടോ ഡ്രൈവർക്ക് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ. മൂന്നാർ കല്ലാർ അറുപതാം മൈലിന് സമീപം റോഡിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. നിർമ്മാണത്തിലിരുന്ന സംരക്ഷണഭിത്തിയും മണ്ണുമാണ് ഇടിഞ്ഞുപോയത്. നിലവിൽ ഗതാഗത തടസ്സമില്ല.
അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് ആയങ്കിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. സഹോദരൻ അഖിൽ ആയങ്കിയെത്തിയാണ് ആൾ ജാമ്യം നൽകിയത്. കേരളത്തിലെ മാധ്യമങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് അഖിൽ പറഞ്ഞു. അജയിനെ ഇതിലേക്ക് പെടുത്തിയത് മാധ്യമങ്ങളാണെന്നും അഖിൽ പറഞ്ഞു. അജയിന് ജാമ്യമെടുക്കാൻ എത്തിയ ഗുണ്ടാ നേതാവ് കരുതൽ തടങ്കലിൽ. ഗുണ്ടാ നേതാവ് ഐനീഷിനെയാണ് കരുതൽ തടവിലാക്കിയത്.
ആനക്കൊമ്പ് കടത്ത് സംഘത്തിലെ അഞ്ച് പേരെ പിടികൂടി. കോഴിക്കോട് കക്കോടി പാലത്ത് നിന്നാണ് പിടികൂടിയത്. താമരശേരി റേഞ്ചും ഫ്ലയിങ് സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. തിരുവനന്തപുരം വനം ഇൻ്റലിജൻസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. സംസ്ഥാനത്തെ ആനക്കൊമ്പ് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ.
ഗൂഡല്ലൂരിൽ കടുവാക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് വെള്ളം എടുക്കാൻ പോയ ശേഷം മടങ്ങി വന്നില്ല.രാവിലെ തിരിച്ചിൽ നടത്തിയപ്പോഴാണ് കടുവ കൊന്ന നിലയിൽ കണ്ടെത്തിയത്.
സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
കാസർഗോഡ് ക്വിസ് വിവാദത്തിൽ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. കുമ്പള ഉപജില്ലയിലെ എയുപിഎസ് പള്ളത്തടുക്കയിലെ അധ്യാപകൻ ഗുരു പ്രസാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
കാണാതായ മത്സ്യത്തൊഴിലാളി ഷിജിൻ്റെ തിരച്ചിലിനായി ഐഎൻഎസ് കൽപ്പേനി മുതലപ്പൊഴിയിൽ എത്തി. വൈകിട്ട് നാലു മണി മുതൽ തിരച്ചിൽ നടത്തും. ആറു മണിക്ക് ശേഷം തിരച്ചിൽ അവസാനിപ്പിക്കും. നാളെ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കും.
റവന്യൂ വകുപ്പിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലം മാറ്റിയതിൻ്റെ നിരാശയിൽ വിഷം കഴിച്ച സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് എതിർത്തോട് സ്വദേശി ആശയാണ് (41) മരിച്ചത്. വെള്ളിയാഴ്ചയാണ് ഓഫീസിലേക്ക് വരുന്ന വഴി ഇവർ വിഷം കഴിച്ചത്. തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാവളത്തിങ്ങൽ ജോബി ജോസഫ് (42) ആണ് മരിച്ചത്. താമരശ്ശേരി കൂടത്തായി കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു. വീണ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ മാറിയാണ് മൃതദേഹം ലഭിച്ചത്.
കാസർഗോഡ് കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയ സംഭവത്തിൽ പ്രതിഷേധം. പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയ സംഭവത്തിലാണ് പ്രതിഷേധം കടുക്കുന്നത്. സിപിഐഎമ്മിൻ്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് നടത്തി.
ആരോഗ്യനില മോശമായതിനെ തുടർന്ന് ഗൗതമിന്റെ അമ്മ രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗൗതമിനായി സംസ്ഥാന സർക്കാർ നടത്തുന്ന തിരച്ചിൽ ഫലപ്രദമല്ലെന്ന് രേഷ്മ ഇന്നലെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
സംസ്ഥാനത്ത് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി കേന്ദ്ര സർക്കാരിന് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഷയത്തിൽ വിവാദം ഉണ്ടാക്കാൻ താൽപ്പര്യമില്ലെന്ന് പ്രതികരിച്ച അദ്ദേഹം സർക്കാരിനെതിരെ രൂക്ഷവിമർശനവും നടത്തി.
കാണാതായ മത്സ്യത്തൊഴിലാളികളുടെ വീട്ടിൽ മുസ്ലിം ലീഗിൻ്റെ മന്ത്രി എന്തുകൊണ്ട് സന്ദർശനം നടത്തുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. "ഫിഷറീസ് വകുപ്പ് വേണം വേണം എന്ന് പറഞ്ഞിട്ട് ഉത്തരവാദിത്തം ലഭിച്ചപ്പോൾ ഒന്നും ചെയ്യുന്നില്ല. മാറ്റം കൊണ്ടുവരുമെന്ന് പറഞ്ഞ സർക്കാരും അതിൻ്റെ തലപ്പത്തിരിക്കുന്ന മന്ത്രിമാരും ഇങ്ങനെ ആണോ ചെയ്യേണ്ടത്? വന്ദേമാതരം, വീർ സവർക്കർ വിവാദമൊക്കെ പറഞ്ഞു നടക്കുന്ന മുസ്ലീം ലീഗിനോട് ചോദിക്കുന്നു. ഫിഷറീസ് വകുപ്പ് വേണമെന്ന് പറഞ്ഞ് കസർത്ത് നടത്തിയ ലീഗ് മന്ത്രിയെ കാണുന്നില്ല. കോസ്റ്റൽ പൊലീസ് എന്തിനാണ്? മന്ത്രി വാഹനത്തിൽ പോകാനാണോ?," രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അശ്ലീല ഭാഷയിൽ അധിക്ഷേപിച്ച കേസിൽ ടി.ജി. മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ് സംഘമെത്തി. കേസെടുത്ത 14ാം നാളാണ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലേക്ക് പൊലീസ് സംഘം എത്തിയത്. തിരുവനന്തപുരം സൈബർ പൊലീസ് ടീമാണ് പരിശോധനയ്ക്ക് എത്തിയത്.
അമൃതപുരി: ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിർമ്മിച്ച് കടലിൽ കാണാതായ ഗൗതമിനായുള്ള തിരച്ചിലിന് സഹായകമേകി മാതാ അമൃതാനന്ദമയി മഠം. കൊല്ലം അമൃതപുരി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിലാണ് നാവികസേനയുടെ രക്ഷാപ്രവർത്തനത്തിന് സഹായകരമേകി അടിയന്തരമായി ഹെലിപാഡ് നിർമാണം നടത്തിയത്.
കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും, ജില്ലാ കളക്ടറുടെയും അഭ്യർത്ഥനയെ തുടർന്ന്, മാതാ അമൃതാനന്ദമയീ ദേവിയുടെ നിർദ്ദേശപ്രകാരമാണ് ഈ അടിയന്തര പ്രവർത്തനം ആരംഭിച്ചത്.
ഇന്നലെ രാത്രി വൈകി നിർദ്ദേശം ലഭിച്ചതിനെ തുടർന്ന്, മാതാ അമൃതാനന്ദമയീ മഠത്തിലെയും അമൃത സർവകലാശാലയിലെയും ജീവനക്കാരും സന്നദ്ധ പ്രവർത്തകരും രാത്രി മുഴുവൻ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു.
പ്രാദേശിക കരാറുകാരിൽ നിന്ന് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുകയും, ഇൻ്റർലോക്കുകളും മറ്റു സാമഗ്രികളും എത്തിക്കുന്നതിനായി ആശ്രമത്തിലെ വാഹനങ്ങൾ രാത്രി മുഴുവൻ തുടർച്ചയായി സർവീസ് നടത്തുകയും ചെയ്തു. രാവിലെ 10 മണിയോടെ ഹെലിപാഡിന്റെ നിർമാണം പൂർത്തിയായി നാവികസേനയ്ക്ക് കൈമാറി.
കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ തിരച്ചിൽ ശക്തമാക്കാൻ ഇനി നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും ഹെലിപാഡ് സഹായകരമാവും.
മുതലപ്പൊഴിയിൽ പ്രൊഫഷണൽ സ്ക്യൂബ ഡൈവർമാരുടെ തെരച്ചിൽ നാളെയും തെരച്ചിൽ നടക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി. "രാത്രി നേവി സ്ക്യൂബ ഡൈവേഴ്സ് ഇവിടെ ഉണ്ടാകും. തെക്കൻ തീരപ്രദേശം കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തും. കന്യാകുമാരി കളക്ടർമാരുമായി സംസാരിച്ചിട്ടുണ്ട്. കടലിന്റെ പ്രവാഹം തെക്കോട്ട് ആണ്. തമിഴ്നാട് തെക്കൻ പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചിട്ടുണ്ട്. തിരച്ചിൽ തുടരാൻ തന്നെയാണ് ഇപ്പോൾ തീരുമാനം," കളക്ടർ പറഞ്ഞു.
ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി സമരത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അശ്ലീല ഭാഷയിൽ അധിക്ഷേപിച്ച കേസിൽ ടി.ജി. മോഹൻദാസിനെ പൊലീസ് ചോദ്യം ചെയ്യാനാരംഭിച്ചു. ഇന്ന് വൈകീട്ടോടെ വീട്ടിൽ പൊലീസ് സംഘമെത്തിയിരുന്നു.
തമിഴ്നാട് അതിർത്തിയായ പാലക്കാട് അട്ടപ്പാടി മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരിച്ചവർ തമിഴ്നാട് സ്വദേശികളാണ്. കാർ 500 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി ഷിജിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിച്ചു. നാളെ രാവിലെ ആറ് മണിയോടെ വീണ്ടും തിരച്ചിൽ ആരംഭിക്കും. നേവിയുടെ ഐഎൻഎസ് കൽപ്പേനിയും നാളെ മുതലപ്പൊഴിയിൽ തിരച്ചിൽ നടത്തും.
ടി.ജി. മോഹൻദാസിൻ്റെ വീടിന് സുരക്ഷ വർധിപ്പിക്കും. ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് പൊലീസിൻ്റെ നീക്കം. ചോദ്യം ചെയ്യൽ നടപടികൾ വേഗത്തിലാക്കാനാണ് പൊലീസ് ശ്രമം.
സിജെപി പ്രക്ഷോഭകർക്ക് നേരെ നികൃഷ്ട പരാമർശം നടത്തിയ സംഘപരിവാർ അനുഭാവി ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് എടുത്ത് പതിനൊന്നാം ദിവസമാണ് ടി.ജി. മോഹൻദാസിനെ തേടി ഒടുവിൽ തിരുവനന്തപുരം സൈബർ പൊലീസ് എത്തിയത്. വീട്ടിൽ നിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ജൂലൈ 29നാണ് പൊലീസ് ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തത്.
സമരത്തെ പിന്തുണച്ച പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് എന്നും സിജെപി പ്രക്ഷോഭകരെ വെടിവച്ചു കൊല്ലണമെന്നും തുടങ്ങിയ കേട്ടാലറയ്ക്കുന്ന പരാമർശമാണ് ഈ സംഘപരിവാർ അനുഭാവി നടത്തിയത്. അതേസമയം, പൊലീസ് നടപടി എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് ഡിവൈഎഫ്ഐയും എഐവൈഎഫും യുഡിഎഫ് സർക്കാരിനോട് ചോദിച്ചു.
പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രവാസികൾക്കായി ഉണ്ടായിരുന്ന പ്രത്യേക വകുപ്പ് കേന്ദ്ര സർക്കാർ വേണ്ടെന്ന് വച്ചുവെന്നും അദ്ദേഹം ആരോപിച്ചു. "എൽഡിഎഫ് സർക്കാർ പ്രവാസി വകുപ്പിന് വലിയ തുക ബജറ്റിൽ വകയിരുത്തിയിരുന്നു. ഇപ്പോൾ അതൊന്നും കാണാനില്ല. നോർക്ക റൂട്ട്‌സ് എന്ന പദം പോലും ബജറ്റിൽ കാണാൻ കഴിയുന്നില്ല," പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
സംസ്ഥാനതല കാർഷിക അവാർഡുകൾ പ്രഖ്യാപിച്ചു. ഈ വർഷം പുതുതായി അവതരിപ്പിക്കുന്ന മൂന്ന് വിഭാഗങ്ങൾ ഉൾപ്പെടെ 38 വിഭാഗങ്ങളിലാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന ഉമ്മൻചാണ്ടി സ്മാരക പുരസ്‌കാരം പത്മശ്രീ രാമൻ ചെറുവയലിന് ലഭിച്ചു. 5 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. പുതിയതായി ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ ഒന്നാണിത്. മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ പുരസ്കാരത്തിന് രാജ നാരായണൻ അർഹനായി. മികച്ച ജൈവ കർഷകനുള്ള അവാർഡ് ഷാജഹാൻ വി.വൈക്ക് ലഭിച്ചു.
കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സി. അച്യുതമേനോൻ സ്മാരക അവാർഡ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കുളിക്കൽ ഗ്രാമപഞ്ചായത്തും പങ്കിട്ടു. പുതിയതായി ഏർപ്പെടുത്തിയ മട്ടുപ്പാവ് കൃഷി ചെയ്യുന്ന കർഷകനുള്ള പുരസ്കാരം അനിത എം. കാസിമും ഉദ്യാന ശ്രേഷ്ഠ പുരസ്‌കാരം ഡോളി വർഗീസും സ്വന്തമാക്കി. ഓഗസ്റ്റ് 17ന് നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷ പരിപാടിയിൽ വച്ച് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്യും.
ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും വിദ്യാർഥികളുടെ സുരക്ഷയെ മുൻ നിർത്തി 10.08.2026 തിങ്കളാഴ്ച കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അംഗനവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ജില്ലാ കളക്ടർ ഷാജി വി. നായർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
വിദ്യാർഥി സമരക്കാർക്കെതിരായ വിദ്വേഷ പരാമർശത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ടി.ജി. മോഹൻദാസിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു.
കണ്ണൂരിൽ അതിനാടകീയമായി പൊലീസ് പിടികൂടിയ അർജുൻ ആയങ്കി റിമാൻഡിൽ. ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച കേസിലാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിലെ അറസ്റ്റ് ഒഴിവാക്കാൻ പ്രതിഭാഗം ജാമ്യാപേക്ഷ നൽകിയില്ല. നിലവിൽ അർജുൻ തലശേരി സബ് ജയിലിലാണ്. ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ നിസാരവത്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ആരോപിച്ചു.
മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ല എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കടലിൽ കാണാതായത് 148 പേരെയാണെന്നും വി.ഡി.സതീശൻ പറഞ്ഞു. തീരദേശവാസികളെ അധിക്ഷേപിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ മാപ്പ് പറയണമെന്ന് പി. രാജീവ് ആവശ്യപ്പെട്ടു. തീരത്ത് സർക്കാരിന് ഏകോപനമില്ല എന്ന് പി.എ മുഹമ്മദ് റിയാസും ആരോപിച്ചു. അബ്ദുൽ ഗഫൂർ തെറ്റ് ഏറ്റുപറയണമെന്നും റിയാസ് ആവശ്യപ്പെട്ടു.
വൈദ്യ പരിശോധന പൂർത്തിയായാൽ ടി.ജി. മോഹൻദാസിനെ നേരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
കൊടുങ്ങല്ലൂരിലെ അഴീക്കോട് അച്ഛൻ മകളെ വെട്ടിപ്പരിക്കേൽപ്പിച്ചു. സുനാമി ഉന്നതിയിലെ പോത്തേഴത്ത് ഷിലിയുടെ മകൾ അമേയയെന്ന 15 വയസുകാരിയാണ് ആക്രമിക്കപ്പെട്ടത്. അച്ഛൻ ഷില, മകളെ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ അമേയ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ പോയ ഷിലിക്കായി കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പെരുമ്പാവൂർ രായമംഗലത്താണ് സംഭവം. മേലേക്കാട്ട് അമ്മിണിക്കാണ് പരിക്കേറ്റത്. മകൻ മഹേഷിനെ കുറുപ്പുംപടി പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മിണിക്ക് തലയുടെ പിറകിൽ മൂന്ന് സ്റ്റിച്ച് ഉണ്ട്.
ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടിൽ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾ രാജിവെച്ചു. മൂന്ന് അംഗങ്ങളാണ് ഇന്ന് രാജിവച്ചത്. ഇവർ ഗവർണർക്ക് രാജിക്കത്ത് നൽകി.
ടി.ജി. മോഹൻദാസിൻ്റെ അറസ്റ്റിനെ അപലപിച്ച് ബിജെപി. അറസ്റ്റ് വിവേചനപരം എന്നും അവധി ദിവസം നോക്കി കസ്റ്റഡിയിൽ എടുത്തുവെന്നും പ്രസ്താവനയിൽ പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സർക്കാരിൻ്റെ ഈ നീക്കം എന്നും വിമർശനം.
കൊടുങ്ങല്ലൂരിലെ അഴീക്കോട് മകളെ വെട്ടിപ്പരിക്കേൽപ്പിച്ച അച്ഛൻ പിടിയിൽ. സുനാമി കോളനിയിൽ താമസിക്കുന്ന പോത്തേഴത്ത് ഷിലിയെയാണ് പടിഞ്ഞാറെ വെമ്പല്ലൂരിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. 15 വയസുകാരിയായ മകൾ അമേയയെയാണ് ഷിലി വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ അമേയ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.