
ഇറാന്റെ സമുദ്രാതിർത്തിയിൽ ആക്രമണത്തിനിരയായ മൊസാംബിക് പതാക വഹിക്കുന്ന 'ദിശ' എൽ.പി.ജി ടാങ്കറിലുണ്ടായിരുന്ന 28 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ജൂലൈ 24ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് എംബസി ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രാദേശിക അധികൃതരുമായി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. മേഖലയിലെ നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു.
യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടന്ന ആക്രമണം പശ്ചിമേഷ്യൻ സമുദ്രമേഖലയിലെ സുരക്ഷാ ആശങ്കകൾക്ക് കൂടുതൽ ആക്കം കൂട്ടിയിരിക്കുകയാണ്. വാണിജ്യ കപ്പലുകളുടെ സുരക്ഷയും അന്താരാഷ്ട്ര സമുദ്ര സഞ്ചാര പാതകളുടെ സുരക്ഷിതത്വവും സംബന്ധിച്ച ആശങ്കകളും ഇതോടെ ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു. ജൂലൈ 18ന് റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന 'എം.വി. ഒമോർഫി' എന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം.