
എച്ച്‌വൺ എൻവൺ ബാധിച്ച് മരണം. കാസർഗോഡ് അജാനൂർ സ്വദേശിനി ആക്കോടൻ യശോദ (62) ആണ് മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പ്രദേശത്തെ ഏഴ് പേരുടെ സാമ്പിൾ പരിശോധനക്കയച്ചു. പ്രദേശത്ത് ആരോഗ്യ ജാഗ്രത പാലിക്കാൻ നിർദേശം.
ആലപ്പുഴ തൈക്കാട്ടുശേരി ബെവ്‌കോ ഔട്ട്ലെറ്റിന് മുന്നിൽ മധ്യവയസ്കന് ക്രൂരമർദനം. മൂന്ന് യുവാക്കൾ ചേർന്നാണ് മർദിച്ചത്. വരി നിൽക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. ഇതിന് ഇടനിലയ്ക്ക് നിന്ന മധ്യവയസ്കനാണ് മർദനമേറ്റത്.
ടി.ജി. മോഹൻദാസിൻ്റെ വിവാദ പരാമർശത്തിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. അധിക്ഷേപം, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
കുറ്റിപ്പുറം അപകടത്തിന് കാരണം ബസിൻ്റെ അമിത വേഗതയെന്ന് കണ്ടെത്തൽ. ബസ് സഞ്ചരിച്ചത് 130 കിലോ മീറ്റർ വേഗതയിലാണ്. 50 കി.മീ അനുമതിയുള്ള ട്രാക്കിലാണ് 130 കി.മീ വേഗതയിൽ ബസ് ഓടിയത്. വിദഗ്ദ സംഘത്തിൻ്റെ പരിശോധനയിലാണ് തെളിവ് ലഭിച്ചത്.
പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ ബഹളം. അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ബഹളം. കൂടാതെ ജെഎൻയുവിലെ ഐഷി ഘോഷിന് എതിരായ പൊലീസ് നീക്കത്തെ ജോൺ ബ്രിട്ടാസ് എംപി സഭയിൽ ഉന്നയിച്ചു.
തിരുവനന്തപുരം ഡിവൈഎഫ്ഐ മേഖലയിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.എസ്, ശ്യാമയാണ് ജില്ലാ പ്രസിഡൻ്റ്. എൽ.എസ്. ലിജുവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ്എസ് നിതിനാണ് ട്രഷറർ.
കോഴിക്കോട് കാരശേരി മലാംകുന്നിൽ വെള്ള വസ്ത്രധാരിയായ' മോഷ്ടാവ്. വെള്ള വസ്ത്രവും നിസ്കാര കുപ്പായവും ധരിച്ച് വീടുകളിലെത്തി മോഷണം നടത്തുന്നു. മോഷ്ടാവ് പ്രേതത്തിന് സമാനമായ വേഷത്തിൽ എത്തുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. മലാക്കുന്ന് സ്വദേശിയായ ശിഹാബിൻ്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞു.
ഐഷി ഘോഷ് കോടതിയെ സമീപിച്ചു. ഡൽഹി പൊലീസിൻ്റെ അറസ്റ്റ് നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
സിജെപി പ്രതിഷേധത്തിനിടെയുള്ള പൊലീസ് അതിക്രമത്തെ സഭയിൽ അവതരിപ്പിച്ച് എ.കെ. പ്രേമചന്ദ്രൻ എംപി. പൊലീസ് മാരക ആയുധങ്ങൾ വിദ്യാർഥികൾക്ക് നേരെ ഉപയോഗിച്ചു. ഇന്ത്യാ ചരിത്രത്തിൽ ആദ്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ ആഭ്യന്തര മറുപടി പറയണമെന്നും എ.കെ.പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇഡിയറ്റ് പരാമർശത്തിൽ ലോക്സഭയിൽ ബഹളം. ഇഡിയറ്റുകൾ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർഥികൾ പരാതി പറഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞു. അവർ വിചാരിക്കുന്നത് താൻ ദൈവം ആണ് എന്നാണെന്ന് രാഹുൽ പറഞ്ഞു. ഇതേതുടർന്ന് ഭരണപക്ഷ അംഗങ്ങൾ സഭയിൽ ബഹളം വെയ്ക്കുകയായിരുന്നു. രാഹുൽ ഗാന്ധി പാർലമെൻ്റി നടപടികൾ പഠിക്കുന്നില്ലെന്ന് റിജിജു പരിഹസിച്ചു.
ലോക്സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സഭയിൽ ഇരിക്കാൻ ധൈര്യമില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുലിനെ പിന്തുണച്ച് അഖിലേഷ് യാദവ്. ഹെഡ് ലൈനുകൾക്ക് വേണ്ടി സംസാരിക്കരുതെന്ന് രാഹുലിനോട് കിരൺ റിജുജു.
എംബിബിഎസ് വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് പരാതിക്കാരി. തിരുവനന്തപുരം സ്വദേശിനി മുക്കം പോലീസിൽ പരാതി നൽകി. വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ പരാതി. തിരുവനന്തപുരം സ്വദേശി ഷിറാഫിനെതിരെയാണ് പരാതി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഐഷി ഘോഷിൻ്റെ വാറൻ്റിന് സ്റ്റേ. നാളെ വരെ അറസ്റ്റ് ഉണ്ടാക്കില്ല. ഹർജി നാളെ വീണ്ടും പരിഗണിക്കും. പട്യാല കോടതിയാണ് സ്റ്റേ അനുവദിച്ചത്.
പരീക്ഷാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിൽ ചർച്ച നടന്നത്.
അധ്യാപികമാർ ഉൾപ്പെട്ട വടകര ലഹരിക്കടത്ത് കേസിൽ സ്കൂൾ വിദ്യാർഥികൾ ഇരയായിട്ടില്ലെന്ന് വടകര റൂറൽ എസ്‌പി മെറിൻ ജോസഫ് പറഞ്ഞു. പ്രാഥമിക പരിശോധയിൽ അധ്യാപികമാരുടെ അക്കൗണ്ടുകളിൽ 15 ലക്ഷത്തിലേറെ എത്തി. ബൺ മസ്ക്കയുടെ മറവിൽ ലഹരിക്കടത്ത് നടന്നോ എന്നും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
ഇറാഖിൽ യുഎസ് സൈന്യവും സൗദി സായുധ സേനയും നടത്തിയ സംയുക്ത ആക്രമണത്തിൽ അർധസൈനിക വിഭാഗമായ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിലെ 20 അംഗങ്ങൾ കൊല്ലപ്പെട്ടു. രാജ്യത്തുടനീളമുള്ള പിഎംഎഫ് ആസ്ഥാനങ്ങൾക്കു മേൽ മിസൈല്‍ വർഷമുണ്ടായി. യുഎസ്- സൗദി യുദ്ധവിമാനങ്ങൾ ഇറാൻ പിന്തുണയുള്ള ഭീകരരുടെ കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ് ആക്രമിച്ചതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവന. റിയാദിലേത് അടക്കം സൗദി അരാംകോയുടെ എണ്ണ പാടങ്ങളും സംസ്കരണശാലകളും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡ്രോണാക്രമണങ്ങൾക്ക് തിരിച്ചടിയാണ് ഇതെന്നും സെന്റ്കോം അറിയിച്ചു. ആക്രമണം സ്ഥിരീകരിച്ച സൗദി പ്രതിരോധ മന്ത്രാലയം, സ്വയം പ്രതിരോധത്തിനുള്ള അവകാശമാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കി. അതേസമയം, ആക്രമണം ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും, സ്ഥിതിഗതികൾ ഇനി കൂടുതൽ വഷളാക്കുമെന്നുമാണ് പിഎംഎഫിന്റെ പ്രതികരണം.
ഒരിടവേളയ്ക്ക് ശേഷം, പശ്ചിമേഷ്യയിൽ ഏറ്റുമുട്ടൽ തുടർന്ന് ഇറാനും യുഎസും. ചൊവ്വാഴ്ച മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ശ്രമിച്ചെന്നും, ഈ നീക്കം വിജയകരമായി തടഞ്ഞു എന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പിന്നാലെ, ജോർദാനിലെ യുഎസ് സെൻട്രൽ കമാൻഡ് സെന്ററാണ് ലക്ഷ്യമിട്ടതെന്ന് ഐആര്‍ജിസി സ്ഥിരീകരിച്ചു. ഇറാന്റെ അഞ്ച് മിസൈലുകളെ വിജയകരമായി പ്രതിരോധിച്ചെന്ന് ജോർദാൻ അറിയിച്ചു. ഇറാഖിൽ സൗദി അറേബ്യൻ സായുധ സേനയുമായി ചേർന്ന് അമേരിക്ക നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെയായിരുന്നു ജോർദാനിലെ യുഎസ് സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണനീക്കം.
ചൈനീസ് നിർമിത ഷോൾഡർ ലോഞ്ച്ഡ് മിസൈൽ സിസ്റ്റം ഉടൻ ഇറാനിലെത്തും. 400 ഷോൾഡർ ഫയേഡ് വ്യോമപ്രതിരോധ മിസൈലുകളുടെ ആദ്യ ഷിപ്മെന്റ് ആഴ്ചകൾക്കം ഇറാനിലെത്തുമെന്നാണ് വിവരം. 70 മില്യൺ ഡോളറിന്‍റെ ഈ ഇടപാട് ഇറാന്റെ ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പ്രതിരോധ സംവിധാനത്തിലെ പോരായ്മ വെളിവായതിന് പിന്നാലെയാണ് ചൈനയിൽ നിന്ന് വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങുന്നത്.
ചൈനയുടെ അത്യാധുനിക ഹ്യൂമനോയിഡുകൾ ഉള്‍പ്പെടെ വിദേശ നിർമിത റോബോട്ടുകളുടെ ഇറക്കുമതി നിരോധിച്ച് ട്രംപ് ഭരണകൂടം. ദേശസുരക്ഷ മുൻനിർത്തിയാണ് വിലക്ക് എന്നാണ് യുഎസ് ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷൻ നൽകുന്ന വിശദീകരണം. മറ്റൊരു രാജ്യത്തു നിന്ന് നിയന്ത്രിക്കാവുന്ന റോബോട്ടുകൾ ഡാറ്റാ ചോർച്ചയ്ക്കും, സൈബര്‍ ആക്രമണങ്ങൾക്കും, ചാരപ്രവർത്തനത്തിനും വരെ ഉപയോഗിക്കപ്പെടാം എന്ന് എഫ്‌സിസി പറയുന്നു. അതേസമയം, അമേരിക്ക അനാവശ്യമായി വ്യാപാര കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി വിമർശിച്ചു. ഏകാധിപത്യ മനോഭാവത്തോടെ, ചൈനീസ് കമ്പനികളെ അപകീർത്തിപ്പെടുത്താനും, ഉപരോധങ്ങൾകൊണ്ട് ഭീഷണിപ്പെടുത്താനുമുള്ള ഇത്തരം നീക്കങ്ങൾ ഉപേക്ഷിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
കാസ്പിയൻ കടലിൽ യുക്രെയ്നിയൻ ആക്രമണത്തിൽ ഇറാനിയൻ നാവികൻ കൊല്ലപ്പെട്ടതിന് പകരമായി യുക്രെയ്നെ ആക്രമിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. കരിങ്കടലിലെ യുക്രെയ്നിയൻ തുറമുഖങ്ങൾ ആക്രമിക്കാനായിരുന്നു ഇറാനിയൻ പദ്ധതി. യൂറോപ്യൻ യൂണിയനും, ഇറാനും, യുക്രെയ്നുമിടയിൽ നടന്ന നയതന്ത്ര ചർച്ചകൾക്കു പിന്നാലെ ആക്രമണ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. യുക്രെയ്ൻ അധിനിവേശം നടത്തുന്ന റഷ്യക്ക് നിലവിൽ ഇറാൻ സൈനിക പിന്തുണ നൽകുന്നുണ്ട്. ഡ്രോണുകളടക്കം ഇറാൻ റഷ്യക്ക് നൽകുന്നുണ്ട്. പകരമായി ഗൾഫ് മേഖലയിലെ യുഎസ് സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകി ഇന്‍റലിജൻസ് സഹായം റഷ്യ ഇറാനും നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ യുക്രെയ്നെതിരായ ആക്രമണം പശ്തിമേഷ്യൻ സംഘർഷ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമായിരുന്നു എന്ന വിലയിരുത്തലും ന്യൂയോർക്ക് ടൈംസിലുണ്ട്. ഇറാനിൽ നിന്ന് റഷ്യയിലേക്ക് ആയുധങ്ങൾ കടത്തിയ ഉപരോധിത കപ്പലിന് നേരെയാണ് യുക്രെയ്ൻ കഴിഞ്ഞ ശനിയാഴ്ച ആക്രമണം നടത്തിയത്.
ജപ്പാനിലെ കുമാമോട്ടോ ഭൂചലനത്തിൽ മരണം 13 ആയി. ഭൂചലനത്തിന് പിന്നാലെ ഗ്യാസ് ചോർന്ന് പൊട്ടിത്തെറിയുണ്ടായ ഇയോൺ ഷോപ്പിങ് മാളിൽനിന്ന് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മാളിലെ ജീവനക്കാർ അടക്കം കൂടുതൽപേരെ കാണാനില്ലെന്ന സംശയത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. യാത്സുഷിരോ സിറ്റിയിൽ ചിമ്മിനി തകർന്ന് അപകടമുണ്ടായ നിപ്പോൺ പേപ്പർ ഫാക്ടറിയിലും ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. കുമാമോട്ടോയിലെ ഒരു ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായി വിശ്ചേദിക്കപ്പെട്ടു. ക്യൂഷു എക്സ്പ്രസ്-വേ ഉൾപ്പെടെ പ്രധാന റോഡുകൾ തകർന്നു. ഭൂചലനത്തിൽ റൺവേയ്ക്കും ടെർമിനലിലും കേടുപാടുണ്ടായ പശ്ചാത്തലത്തിൽ പ്രധാന വിമാനത്താവളവും അടച്ചു. ഇന്നലെയാണ് ജപ്പാനിലെ ക്യൂഷു ദ്വീപിലെ കുമാമോട്ടോയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
പെറുവിന്റെ ചരിത്രത്തിൽ ജനവിധിയിലൂടെ അധികാരത്തിലെത്തുന്ന ആദ്യ വനിതാ പ്രസിഡന്റായി കെയ്‌ക്കോ ഫുജിമോറി. ലാറ്റിനമേരിക്കയിലെ വലതുപക്ഷ രാഷ്ട്രീയ മുന്നേറ്റത്തിൻ്റെ അവസാന ഉദാഹരണമായ, ഫുജിമോറിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അർജന്റീന പ്രസിഡന്റ് ഹാവിയേർ മിലെ, ചിലി പ്രസിഡന്റ് അന്തോണിയോ കാസ്റ്റ്, ബൊളീവിയൻ പ്രസിഡന്റ് റോഡ്രിഗോ പാസ് അടക്കമുള്ളവർ പങ്കെടുത്തു. ആദ്യ പ്രസംഗത്തിൽ രാജ്യത്തെ സംഘടിത കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനുള്ള സുരക്ഷാ നയങ്ങൾ രൂപീകരിക്കുമെന്നും, വിപണി കേന്ദ്രീകൃതമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ച ഫുജിമോറി, അമേരിക്കയിലെ ട്രംപ് ഭരണകൂടവുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും പറഞ്ഞു. ജൂണിലെ ഇഞ്ചോടിച്ച് തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥി റോബെർട്ടോ സാഞ്ചേഴ്സിനെ അവസാന ലാപ്പിൽ പിന്തള്ളിയാണ് പോപ്പുലർ ഫോഴ്സ് പാർട്ടി നേതാവും, മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറിയുടെ മകളുമായ കെയ്‌ക്കോ ഫുജിമോറി പെറു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
യുഎസ് നാടുകടത്തിയ ഗ്വാട്ടിമാലൻ കുടിയേറ്റക്കാരനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 43 വയസുള്ള നിക്സൺ ജിയോവാനി പരെസ്, 25കാരിയായ ഭാര്യ ഗ്ലെൻഡി മാരിസോൾ ഗോൺസാലെസ് എന്നിവരാണ് മരിച്ചത്. കൈകള്‍ പിന്നിൽനിന്ന് കെട്ടിയശേഷം വെടിവെച്ചുകൊന്ന നിലയിലാണ് ഗ്വാട്ടിമാലയിലെ കരിമ്പുപാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ 14 മാസം പ്രായമുള്ള മകളും അവശനിലയിൽ സമീപത്തുണ്ടായിരുന്നു. നിക്സണെ നാടുകടത്തിയതിന് ശേഷവും അമേരിക്കയിൽ തുടർന്ന ഗ്ലെൻഡി മാരിസോൾ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെതുടർന്നാണ് മൂന്ന് മക്കളോടൊപ്പം ഗ്വാട്ടിമാലയിൽ എത്തിയത്.
ഹോർമൂസ് കടലിടുക്ക് സംയുക്തമായി കൈകാര്യം ചെയ്യാമെന്ന് നിർദേശിച്ചുകൊണ്ടുള്ള ഒമാനി ഡീൽ തള്ളി ഇറാൻ. വിജയിക്കാൻ സാധ്യത ഇല്ലെന്ന് പറഞ്ഞാണ് ഇറാൻ, ഒമാന്റെ പ്രൊപ്പോസൽ തള്ളിയത്. യുഎസും സൗദിയും ഒമാനെ ഉപയോഗിച്ച് അവരുടെ യാഥാർത്ഥ്യബോധമില്ലാത്ത പദ്ധതികൾ മുന്നോട്ടു വയ്ക്കുകയാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഹോർമൂസ് കടിലിടുക്കിലേക്ക് കടക്കുന്നതും പുറത്തുപോകുന്നതുമായ ഭാഗം പൂർണമായി തങ്ങളുടെ നിയന്ത്രണത്തിൽ വേണമെന്നാണ് ഇറാന്റെ നിലപാട്. നേർപ്പകുതിയായി നിയന്ത്രണം പങ്കുവെയ്ക്കാമെന്നാണ് ഒമാനി ഡീലിലുള്ളത്.
ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ കേസെടുത്ത് ക്രൈം ബ്രാഞ്ച്. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് എഫ്ഐആര്‍. റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
കേന്ദ്ര സര്‍ക്കാര്‍ കോടതികളെ ആയുധമാക്കുകയാണെന്നാണ് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. ഡല്‍ഹിയില്‍ നടന്നത് പൊലീസിന്റെ അറസ്റ്റ് നാടകമാണ്. ഫോണ്‍ ഡല്‍ഹി പൊലീസ് ചോര്‍ത്തുന്നുണ്ട്. താന്‍ എകെജി ഭവനിലാണെന്ന് പൊലീസ് എങ്ങനെ അറിഞ്ഞു. യൂണിഫോമും നെയിം പ്ലേറ്റും ഇല്ലാതെയാണ് ചില പൊലീസുകാര്‍ എത്തിയത്. പൊലീസ് ബയോ മെട്രിക്ക് സംവിധാനം ഉപയോഗിച്ചെന്ന കേസില്‍ താന്‍ സാക്ഷിയായതാണ് പ്രകോപനം. കേസ് പിന്‍വലിക്കാന്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് നാടകം നടത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. പഴയ കേസുകള്‍ കുത്തിപ്പൊക്കി വേടയാടുകയാണെന്നും ഐഷി ഘോഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാര്‍ലമെന്റില്‍ സംസാരിക്കാന്‍ മാപ്പ് പറയണമെന്ന സ്പീക്കറുടെ നിര്‍ദേശത്തിന് രാഹുല്‍ ഗാന്ധിയുടെ മറുപടി. ആര്‍എസ്എസിനോടോ, ബിജെപിയോടോ, മറ്റാരോടെങ്കിലുമോ മാപ്പ് പറയില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. പൊലീസ് അതിക്രമത്തെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചു. പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള അവസരത്തിനായി നിരവധി തവണ സ്പീക്കറോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അവസരം നല്‍കിയില്ലെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
ഡല്‍ഹിയില്‍ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം. ആഭ്യന്തര മന്ത്രിയുടെ ഉത്തരവില്ലാതെ ഇത്തരമൊരു ആക്രമണം സേന നടത്തില്ല. ഞങ്ങളും ഭരണത്തിലിരുന്നവവരാണ്. ആഭ്യന്തര മന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ഉത്തരവില്ലാത്ത ആര്‍ക്കും മാരകമായ ബലപ്രയോഗം നടത്താനാകില്ലെന്ന് ഞങ്ങള്‍ക്കറിയാം. ജൂലൈ 20ന് നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ പൊലീസ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലച്ചതച്ചു. ഒരു പൊലീസ് ഓഫീസര്‍ പെണ്‍കുട്ടിയെ തല്ലിയെന്നും രാഹുല്‍ പറഞ്ഞു.
വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി.
തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ നടപടി സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ക്രമക്കേടുമായി ബന്ധപ്പെട്ട് ചിലർക്കെതിരെ നടപടി സ്വീകരിച്ചു. പരാതികൾ അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുണ്ട്. തെളിവുകൾ ലഭിച്ചവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ എല്ലാവർക്കുമെതിരെ നടപടി ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ഭാരവാഹി യോഗത്തിൽ അറിയിച്ചു. ഫണ്ട് ക്രമക്കേടിനെ തുടർന്ന് പുറത്തിറങ്ങി നടക്കാൻ ബുദ്ധിമുട്ടുന്നെന്ന നേതാക്കളുടെ പരാതിയിലാണ് സംസ്ഥാന അധ്യക്ഷന്റെ മറുപടി. അതേസമയം, വ്യാജ ആരോപണങ്ങൾക്കെതിരെ നേതാക്കൾക്ക് മാനനഷ്ട കേസ് നൽകാമെന്നും അതിന് പാർട്ടിയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. പുതിയതായി മരുന്നുകൾ വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ എല്ലാവരും പ്രവർത്തിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാർ രോഗികളോട് നല്ല രീതിയിൽ പെരുമാറണം. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാനു പിന്നാലെ അഴിമതിക്കെതിരെ യുവാക്കളെ അണിനിരത്തുന്ന ആഭ്യന്തരവകുപ്പിന്റെ പ്രോജക്ട് സീറോ വിജിലൻസ് വിസിൽ പദ്ധതിക്ക് തുടക്കം. ചലച്ചിത്ര താരം നിവിൻ പോളി ആദ്യ കമാൻഡോ ബാഡ്ജ് അണിഞ്ഞു. വിസിൽ മുഴക്കിയാണ് രമേശ് ചെന്നിത്തലയും നിവിൻ പോളിയും പദ്ധതി ഉദ്ഘാടനം ചെയ്തത്. കൈക്കൂലി കൊടുത്ത് കാര്യം സാധിച്ച ഫയലുകൾ വീണ്ടും പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ തലമുറ ചോദ്യം ചോദിക്കുന്നവരാണെന്നും അതുകൊണ്ട് നന്നായി ഭരിക്കാൻ അധികാരികൾ നിർബന്ധിതരാണെന്നും നിവിൻ പോളി പറഞ്ഞു.
കാണാതായ യൂട്യൂബർ മലപ്പുറം ചേലേബ്ര സ്വദേശി ദിൽഷാദിനെ മേഘാലയയിൽ ബൈക്ക് അപകടത്തിൽപെട്ടു പരിക്കേറ്റ നിലയിൽ കണ്ടെത്തി. മേഘാലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ദിൽഷാദിന്റെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം. യാത്ര ടുഡേ എന്ന യൂട്യൂബ് ചാനൽ വഴി യാത്ര അനുഭവങ്ങൾ പങ്കുവെക്കുന്ന ദിൽഷാദിന് 9.33 ലക്ഷം ഫോളോവേഴ്‌സുണ്ട്. കാണാതായതിനു പിന്നാലെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
ശബരിമലയിലേക്ക് മിൽമ നെയ്യ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ദേവസ്വം മന്ത്രി കെ. മുരളീധരൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണം. നെയ്യുടെ അളവും ഗുണനിലവാര പരിശോധനാ സംവിധാനങ്ങളും അന്വേഷിക്കണം. വിഷയത്തിൽ ദേവസ്വം സെക്രട്ടറി തിരുവിതാംകൂർ ദേവസ്വം ബോർഡുമായി കൂടിയാലോചിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം.
കോഴിക്കോട് പേരാമ്പ്രയിൽ മൂന്ന് അധ്യാപകരെ ലഹരി മരുന്നു കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ കർശന നിർദേശങ്ങളുമായി സമഗ്ര ശിക്ഷ കേരളം. എല്ലാ ബിആർസികളിലെയും യോഗം വിളിച്ച് ചേർക്കാനാണ് നിർദേശം. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെയും സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെയും അടിയന്തര യോഗം വിളിക്കണം. എല്ലാ ബിആർസി കോർഡിനേറ്റർമാരും ജാഗ്രത പാലിക്കണം. എല്ലാ മേഖലകളിലെയും പ്രവർത്തനങ്ങൾ സമഗ്രമായി നിരീക്ഷിക്കണം. ഫീൽഡിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലാ പ്രോജക്ട് കോർഡിനേറ്റർമാർക്ക് റിപ്പോർട്ട് നൽകണം. രക്ഷകർത്താക്കൾ, പ്രധാന അധ്യാപകർ എന്നിവരുമായി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർമാർ നിരന്തരം സമ്പർക്കത്തിൽ ഏർപ്പെടണം. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. കോഴിക്കോട് ജില്ലയിൽ ഈയാഴ്ച യോഗം ചേർന്ന് മിനിറ്റ്സ് സംസ്ഥാന കാര്യാലയത്തിൽ ലഭ്യമാക്കാനും നിർദ്ദേശം. സമഗ്ര ശിക്ഷ കേരളം സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടറാണ് ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയത്. ലഹരി മരുന്ന് കേസിൽ കോഴിക്കോട് പേരാമ്പ്രയിലെ ബിആര്‍സിയിലെ രണ്ട് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരും ഒരു സ്പെഷ്യലിസ്റ്റ് അധ്യാപികയുമാണ് പ്രതികളായത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ കസേര തെറിപ്പിച്ച പ്രക്ഷോഭത്തിനു ശേഷം ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരിക്കു നേരെ തിരിഞ്ഞ് പാറ്റകൾ. റോഡുകളുടെ ശോച്യാവസ്ഥയും പെട്രോൾ വില വർധനയും ചൂണ്ടിക്കാട്ടി സിജെപി കാമ്പെയ്ൻ തുടങ്ങി. ശുദ്ധമായ പെട്രോൾ വാങ്ങാൻ പൗരന് അവകാശമുണ്ടെന്ന മുദ്രാവാക്യവുമായി E20 ജനത പാർട്ടി എന്ന പേരിൽ പുതിയ ഓൺലൈൻ കൂട്ടായ്മ കേന്ദ്ര സർക്കാരിനെതിരെ കാമ്പെയ്ൻ തുടങ്ങിയിരുന്നു. രണ്ടു ദിവസം കൊണ്ട് ഈ പേജിലും അഞ്ച് ലക്ഷത്തിലേറെ പേർ സംഘടിച്ചതിനു പിന്നാലെയാണ് സിജെപിയും ഇതേ വിഷയം ഏറ്റുപിടിച്ചിരിക്കുന്നത്.
തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമി കാവ് ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസിൻ്റെ കയർ പൊട്ടി വീണ് എംഎൽഎ വി. മുരളീധരന് പരിക്ക്. മുരളീധരന്റെ കാലിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്ന് എംഎല്‍എ ഓഫീസ് അറിയിച്ചു.