പിണറായി വിജയനെതിരായ ഇഡി കത്ത്; അഴിമതിയുടെ ഭാഗമായവരെ എന്തിന് വെറുതെ വിടണമെന്ന് രമേശ് ചെന്നിത്തല

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍
രമേശ് ചെന്നിത്തല, പിണറായി വിജയൻ
രമേശ് ചെന്നിത്തല, പിണറായി വിജയൻSource; Facebook

സിഎംആർഎൽ എക്സാലോഞ്ചിക് സാമ്പത്തിക ഇടപാട്; ആശുപത്രി കിടക്കയിൽ ഇഡി മാനസികമായി പീഡിപ്പിച്ചുവെന്ന് ശശിധരൻ കർത്ത

സിഎംആർഎൽ എക്സാലോഞ്ചിക് സാമ്പത്തിക ഇടപാട് കേസിൽ ഇഡി ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്ന് ശശിധരൻ കർത്ത ആരോപിച്ചു. ആശുപത്രി കിടക്കയിൽ ഇഡി മാനസികമായി പീഡിപ്പിച്ചു. അവരുടെ രേഖപ്പെടുത്തിയ മൊഴി എന്താണെന്ന് താൻ കെട്ടിരുന്നില്ല. തൻ്റെ മൊഴി രേഖപ്പെടുത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശശിധരൻ കർത്ത സത്യവാങ്മൂലം സമർപ്പിച്ചു.

മാധ്യമ സ്വാതന്ത്യം നിഷേധിച്ചിട്ടില്ല; റിപ്പോർട്ടർ ചാനലിലെ റെയ്ഡ് നിയമപരമെന്ന് രമേശ് ചെന്നിത്തല

റിപ്പോർട്ടർ ചാനലിലെ റെയ്ഡ് നിയമപരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകരുടെ സ്വാതന്ത്യത്തെ നിഷേധിച്ചിട്ടില്ല. വസ്തുത വളച്ചൊടിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ. വയനാട്ടിലെ വീട്ടിൽ നിന്നും അളവിൽ കൂടുതൽ മദ്യം പിടിച്ച കേസിലാണ് എക്സൈസ് നടപടിയെടുത്തത്. പുലർച്ചെ അഞ്ച് മണിയോടെ ആൻ്റോയെ കസ്റ്റഡിയിൽ എടുത്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയാറാം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയാറാം പിറന്നാൾ. മോദിയുടെ ജന്മദിനത്തിൽ വാരണാസിയിൽ ഒത്തു ചേരാൻ ബിജെപി മുഖ്യമന്ത്രിമാർ. അധികാര പദവിയിൽ മോദി 25 വർഷം പൂർത്തിയാകുന്നത്തിൻ്റെ പരിപാടികൾക്കും ഇന്ന് തുടക്കം.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ താപനില 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും എന്നും മുന്നറിയിപ്പ്.

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തി

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം പലിശനിരക്ക് ഉയർത്തി യുഎസ് ഫെഡറൽ റിസർവ്. നിരക്കുകളിൽ കാൽ ശതമാനത്തിൻ്റെ വർധന. നടപടി പശ്ചിമേഷ്യൻ സംഘർഷവും യുദ്ധവും കണക്കിലെടുത്ത്. പണപ്പെരുപ്പം കഴിഞ്ഞ അഞ്ച് വർഷമായി തുടരുന്നത് ഒരെ നിലയിൽ.

അഫ്ഗാനിസ്ഥാനെതിരായ ട്വൻ്റി ട്വൻ്റി പരമ്പര തൂത്തുവാരാൻ ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരായ ട്വൻ്റി ട്വൻ്റി പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും. മൂന്നാം ട്വൻ്റി ട്വൻ്റി ഡൽഹിയിൽ രാത്രി ഏഴരയ്ക്ക് നടക്കും. വൈഭവ് സൂര്യവൻഷി ടീമിൽ തിരിച്ചെത്തിയേക്കും.

ചാവക്കാട് ഗർഭിണി ബസിൽ നിന്ന് തെറിച്ച് വീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തൃശൂർ ചാവക്കാട് ഗർഭിണി ബസിൽ നിന്ന് തെറിച്ച് വീണതിൽ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ബസ് ജീവനക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായി ബസും കസ്റ്റഡിയിലെടുത്തു.

കണ്ണൂരിൽ 5 ബംഗ്ലാദേശ് സ്ത്രീകൾ അറസ്റ്റിൽ

കണ്ണൂരിൽ 5 ബംഗ്ലാദേശ് സ്ത്രീകൾ അറസ്റ്റിൽ. സ്പാകളിൽ ജോലിക്കെത്തിയവരാണ് പിടിയിലായത്. 5 പേരുടേയും കൈവശമുണ്ടായിരുന്നത് വ്യാജ ആധാർ കാർഡുകളാണ്. സലീന അക്തർ, നസ്മ അക്തർ, തസ്ലിമ, മൊയ്ന, നസ്രിൻ എന്നിവരാണ് പിടിയിലായത്. വ്യാജ ആധാർ കാർഡ് സംഘടിപ്പിച്ചത് ഗുവാഹത്തിയിൽ നിന്നെന്ന് വിവരം. കണ്ണൂരിലെ കൂടുതൽ സ്പാകളിൽ റെയ്‌ഡിന് സാധ്യത.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരിലെ ഉധംപുരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ജെയ്ഷ് ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്.

തൃത്താല മുസ്ലീംലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ട രാജി

പാലക്കാട് തൃത്താല മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി. മന്ത്രിയുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലിയാണ് രാജി. മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ച ആളെ അവഗണിച്ചു. ബിആർസി നിയമനത്തിലും പരിഗണന ലഭിച്ചില്ലെന്നും ആരോപണം. ലീഗ് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേർ രാജിവെച്ചു.

മണ്ണെണ്ണ പ്രതിസന്ധി; റേഷൻ കടകളിലേക്കുള്ള വിഹിതം വെട്ടിക്കുറച്ചു

സംസ്ഥാനത്ത് റേഷൻ കടകളിലേക്കുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. ഇത്തവണ റേഷൻ കടകളിൽ ലഭിച്ചത് പകുതി വിഹിതം മാത്രം. മുഴുവൻ കാർഡുടമകൾക്കും മണ്ണെണ്ണ നൽകാനാവാതെ വ്യാപാരികൾ. മണ്ണെണ്ണ വിലയിലും വർധനവ്. മണ്ണെണ്ണ ലിറ്ററിന് 6 രൂപ വർധിപ്പിച്ചു. മണ്ണെണ്ണ വില 71 രൂപയിൽ നിന്നും 77 ആയാണ് വർധിപ്പിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ തച്ചങ്കരി കുറ്റക്കാരൻ

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി. ഔദ്യോഗികപദവിയിലിരിക്ക വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിചാരണ നേരിട്ടത്. കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിചാരണ ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു.

കാസർഗോഡ് തീരക്കടലിൽ അനധികൃത മത്സ്യബന്ധനം; കർണാടക രജിസ്ട്രേഷനിലുള്ള ബോട്ട് പിടികൂടി

കാസർഗോഡ് തീരക്കടലിൽ അനധികൃത മത്സ്യബന്ധനം. കർണാടക രജിസ്ട്രേഷനിലുള്ള ബോട്ട് പിടിയിൽ.വഒമ്പത് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുകയായിരുന്ന ‘നൂർ ഇ ബഹാർ’ എന്ന ബോട്ടാണ് ഫിഷറീസ് പട്രോൾ സംഘം പിടികൂടിയത്.

"മുഖ്യമന്ത്രിയെ ഏത് കാര്യത്തിനും സമീപിക്കാം"; വി.ഡി. സതീശനെ പുകഴ്ത്തി സുരേഷ് ഗോപി

കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം തനിക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി. കഴിഞ്ഞ പത്തുവർഷം സർക്കാരിൽനിന്ന് പിന്തുണ കിട്ടിയിരുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

അബ്ദുൾ നാസർ മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിലെ വാദം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ഒന്നരവർഷത്തെ സമയം കൂടി വേണമെന്ന എൻഐഎ പ്രത്യേക കോടതിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ഈ കർശന നിർദേശം നൽകിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ്

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവ് ശിക്ഷ. 30,84,892 ലക്ഷം രൂപയാണ് പിഴ. ഔദ്യോഗികപദവിയിലിരിക്ക വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിചാരണ നേരിട്ടത്. കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.

'മേയര്‍ കെയര്‍' തുടരും; താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലൈഫ്, അപകട ഇന്‍ഷുറന്‍സുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍

'മേയര്‍ കെയര്‍' പദ്ധതിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ലൈഫ്, അപകട ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന തുടങ്ങിയ ഇൻഷുറൻസ് പദ്ധതികളാണ് താല്‍ക്കാലിക ജീവനക്കാര്‍ക്കായി നടപ്പാക്കുന്നത്. നാലായിരത്തോളം വരുന്ന താല്‍കാലിക ജീവനക്കാര്‍ക്കാണ് 456 രൂപയുടെ ഇൻഷുറൻസ് മേയര്‍ കെയര്‍ പദ്ധതിയിലൂടെ ലഭ്യമാകുക. സ്പോണ്‍സര്‍മാരിലൂടെയാണ് പദ്ധതിക്കായി പണം കണ്ടെത്തുന്നത്. ഇന്ന് വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനം. നേരത്തെ, മേയര്‍ കെയര്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു.

പിറവത്ത് യുവാവ് പുഴയില്‍ ചാടിയതായി സംശയം

പിറവം എക്സൈസ് കടവിനു സമീപം യുവാവ് പുഴയില്‍ ചാടിയതായി സംശയം. ആലുവ മുപ്പത്തടം സ്വദേശി സജിയെയാണ് കാണാതായത്. കടവിനു സമീപം ബൈക്കും ചെരുപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തുന്നു.

ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം കൊല്ലത്ത് പിടിയില്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘം കൊല്ലത്ത് പൊലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശികളായ മാഹിൻ, മുഹമ്മദ് താരിഖ് എന്നിവരാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് സിഐയുടെ സ്ക്വാഡ് ആണ് സാഹസികമായി പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ഉളിയകോവിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഘം മോഷണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെടുത്തു.

ഡോ. വി. മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടറാകും

ഡോ. വി. മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടറാകും. നിലവില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുകയാണ്. ആരോഗ്യവകുപ്പ് ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ശുപാര്‍ശയിലാണ് സര്‍ക്കാര്‍ നടപടി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സനാതനത്തിൽ തമിഴ്‌നാട്ടില്‍ വീണ്ടും വിവാദം

പെരിയാർ സനാതന ധർമത്തിനു എതിരായിരുന്നുവെന്ന് മന്ത്രി വണ്ണി അരശ് പറഞ്ഞു. സനാതന ധർമത്തിൽ നിന്ന് തമിഴ്‌നാടിനെ രക്ഷിക്കുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്നും വണ്ണി അരശ് അഭിപ്രായപ്പെട്ടു. പെരിയാർ ജയന്തി ആഘോഷത്തിനിടെയായിരുന്നു വിസികെ മന്ത്രിയുടെ പരാമർശം. എന്നാല്‍ അരശിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് അരശിന്റെ പ്രസ്താവന. സനാതന ധര്‍മത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ബിജെപി പ്രതികരിച്ചു.

വൈദ്യുതി പ്രതിസന്ധി ഗുരുതരം; കാരണം അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം, സര്‍ക്കാരിന് വീഴ്ച ഇല്ല: കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍

സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയെന്ന് കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍. അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനമാണ് സംസ്ഥാനത്തെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയില്ല. 25 മിനിറ്റ് വരെയാണ് വൈദ്യുതി നിയന്ത്രിക്കുന്നത്. എൽനിനോയും ചൂടും മൂലം പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ 20 ശതമാനം വർധനയുണ്ടായി. 4800 മെഗാവാട്ട് ആവശ്യകത പ്രതീക്ഷിച്ച സ്ഥാനത്ത് സെപ്റ്റംബറിലെ പീക്ക് ആവശ്യകത 5400 മെഗാവാട്ട് ആയി ഉയർന്നു. എസി, ഇവി ചാർജിങ് വർധിച്ചതിനാൽ പീക്ക് സമയം പുലർച്ചെ രണ്ടു മണി വരെ നീളുന്നു. അടിയന്തര പരിഹാര നിര്‍ദേശങ്ങളും, ദീര്‍ഘകാല പദ്ധതിക്കുള്ള നിര്‍ദേശങ്ങളും വൈദ്യുതി മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കെഎസ്ഇബി ഡയറക്ടര്‍മാര്‍ വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും കെഎസ്ഇബി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

തലസ്ഥാനത്തെ ആശുപത്രി വികസനത്തിന് സമഗ്ര രൂപരേഖ; മൂന്ന് സ്ഥാപനങ്ങളിൽ സർവേ ഉടൻ

സംസ്ഥാന തലസ്ഥാനത്തെ ആശുപത്രി വികസനത്തിനായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാകുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രി, പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രി, പേരൂർക്കട ഹാപ്പിനസ് ആൻഡ് വെൽനസ് സെന്റർ (മാനസികാരോഗ്യ കേന്ദ്രം) എന്നിവയുടെ വികസനത്തിനായാണ് മാസ്റ്റര്‍ പ്ലാന്‍. ഇൻകെല്ലിനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ചുമതല. മൂന്നു സ്ഥാപനങ്ങളിലെയും നിലവിലെ സൗകര്യങ്ങളും വികസന സാധ്യതകളും വിലയിരുത്തും. സൈറ്റ് സർവേയും അസെസ്മെന്റും ഉടൻ ആരംഭിക്കും. സര്‍വേയ്ക്ക് അനുമതി ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി.

വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. ഇന്ന് വൈകിട്ട് 6.15നും രാത്രി 12.45 നും ഇടയിലാകും നിയന്ത്രണം. ഇന്ന് വൈദ്യുതി ആവശ്യകത 900 മെഗാവാട്ട് വരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.

പാലായില്‍ ലക്ഷങ്ങളുടെ മോഷണം; ഒരാള്‍ പിടിയില്‍

പാലായില്‍ വിവിധ കടകളില്‍നിന്ന് ലക്ഷങ്ങള്‍ മോഷ്ടിച്ച പ്രതികളിലൊരാള്‍ പിടിയില്‍. പശ്ചിമ ബംഗാൾ സ്വദേശി സുഗ് ചന്ദ് ആണ് പൊലീസിന്റെ പിടിയിലായത്. മോഷണത്തിനുശേഷം പശ്ചിമ ബംഗാളിൽ പോയി തിരികെ വരുമ്പോൾ, കോട്ടയത്തു വച്ചാണ് സുഗ് ചന്ദിനെ പാലാ പൊലീസ് പിടികൂടിയത്. മറ്റൊരു മോഷണത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി. പാലായിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കഴിഞ്ഞമാസം 31നായിരുന്നു മോഷണം. നാല് കടകളിൽ നിന്നായി 3,75,000 രൂപയാണ് മോഷണം പോയത്.

വ്യാജ രേഖ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട്; 18 വര്‍ഷത്തിനുശേഷം അസി. പ്രൊഫസര്‍ക്ക് ആറു വര്‍ഷം തടവും പിഴയും

വ്യാജ രേഖകൾ ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കേസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് ആറു വര്‍ഷം തടവും 80,000 രൂപ പിഴയും. കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ ക്യാമ്പസിലെ ഫിസിക്സ് മേധാവിയായിരുന്ന ഡോ. എൻ.കെ. ദീപക്കിനാണ് ശിക്ഷ. ദിവസ വേതനത്തിൽ സർവകലാശാല പ്രൊഫഷണൽ അസിസ്റ്റന്റിനെ നിയമിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വ്യാജവിലാസവും ഒപ്പും രേഖപ്പെടുത്തി ഡോ. ദീപക് തന്നെ രണ്ടു മാസത്തെ ശമ്പളം കൈപ്പറ്റുകയായിരുന്നു. 18 വര്‍ഷത്തിനുശേഷമാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

മുഖ്യമന്ത്രിയെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പത്തനംതിട്ട സ്വദേശിക്കെതിരെ കേസ്

മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട പത്തനംതിട്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കൈപ്പട്ടൂർ സ്വദേശി കെ.ആർ. വിനോദ് കുമാറിനെതിരെയാണ് കേസ്. രണ്ട് സ്ത്രീകള്‍ക്കൊപ്പം മുഖ്യമന്ത്രിയുള്ള ചിത്രം പങ്കുവച്ചതിനാണ് കേസ്. കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദിന്റെ പരാതിയിലാണ് പൊലീസ് നടപടി.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം; 9.96 കോടി അനുവദിച്ചു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ 9.96 കോടി രൂപ അനുവദിച്ചു. കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ് കോവിഡ് മൂലം മരിച്ച, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി പ്രതിമാസം 5,000 രൂപ വീതം മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്നതാണ് പദ്ധതി. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചത്.

സംസ്ഥാനത്ത് ഇനി ഏകാധ്യാപക വിദ്യാലയങ്ങളില്ല; എല്‍.പി. സ്കൂളുകളായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്തെ എട്ട് ഏകാധ്യാപക വിദ്യാലയങ്ങളെ എല്‍.പി. സ്കൂളുകളായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായാണ് നടപടി. മലപ്പുറം മേൽമുറി എം.ജി.എൽ.സി, അരീക്കോട് അരിമംഗലം എം.ജി.എൽ.സി, താനൂർ കാളംതുരുത്തി എം.ജി.എൽ.സി, വണ്ടൂർ അരിമണൽ എം.ജി.എൽ.സി, മഞ്ചേരി തരികുളം എം.ജി.എൽ.സി, കാസർഗോഡ് ആലൂർ എം.ജി.എൽ.സി, ഇടുക്കി കുറത്തിക്കുടി എം.ജി.എൽ.സി, കണ്ണൂർ കാലാങ്കി എം.ജി.എൽ.സി എന്നീ ഏകാധ്യാപക വിദ്യാലയങ്ങളെയാണ് എൽ.പി. സ്കൂളുകളായി ഉയർത്തുന്നത്.

വീട്ടിലെ അനധികൃത മദ്യശേഖരം: ജാമ്യമില്ല, ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾ‌ക്കൊടുവിലാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. കേസിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. അതുവരെ ആന്റോ അഗസ്റ്റിനെ റിമാൻഡിൽ വയ്ക്കാനാണ് കോടതി നിർദേശം. മീനങ്ങാടിയിലെ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആന്റോ അഗസ്റ്റിനെ കോടതിയിൽ എത്തിച്ചത്. അർജന്റീന ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ ബുധനാഴ്ച വയനാട്ടിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 67 ലിറ്ററിൽ അധികം മദ്യശേഖരം എക്‌സൈസ് പിടിച്ചെടുത്തത്. 43 ലിറ്റർ വിദേശ മദ്യം, 4.8 ലിറ്ററോളം വിദേശനിർമിത വൈൻ, അഞ്ചര ലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. തുടര്‍ന്നാണ് ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തത്.

ചെയ്ത തെറ്റുകൾക്ക് മറുപടി പറയേണ്ടതായി വരും; റിപ്പോർട്ടർ ടിവിയിലെ പൊലീസ് പരിശോധനയെ ന്യായീകരിച്ച് അടൂര്‍ പ്രകാശ്

റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് പരിശോധനയെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ചെയ്ത തെറ്റുകൾക്ക് മറുപടി പറയേണ്ടതായി വരും. മറുപടി പറയേണ്ടി വന്നതാണ് കഴിഞ്ഞദിവസം മുതൽ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. യാതൊരുവിധ സമ്മർദത്തിനും വഴങ്ങിയല്ല സര്‍ക്കാര്‍ നടപടി. നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് പരിശോധന. മുഖ്യമന്ത്രിയെ തന്നെ ആക്ഷേപിക്കുന്ന തരത്തിൽ വാർത്ത നൽകിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം, ഉടമയുടെ വീട്ടിൽ നിന്ന് മദ്യശേഖരം പിടികൂടിയ കാര്യത്തിൽ ഒന്നും പറയാനില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

മനുഷ്യ-വന്യജീവി സംഘർഷത്തില്‍ നഷ്ടപരിഹാരം; അഞ്ചംഗ സമിതിയെ രൂപീകരിച്ചു

മനുഷ്യ-വന്യജീവി സംഘർഷത്തില്‍ നഷ്ടപരിഹാരത്തിന് മാര്‍ഗരേഖ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ അഞ്ചംഗ സമിതിയെ രൂപീകരിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് സമിതി അധ്യക്ഷന്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി, ലാൻഡ് റെവന്യൂ കമ്മീഷണര്‍, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ, കൃഷിവകുപ്പ് ഡയറക്ടർ എന്നിവരാണ് അംഗങ്ങള്‍.

തലശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ ഗര്‍ഭസ്ഥ ശിശു മരിച്ചു

കണ്ണൂര്‍ തലശേരി സര്‍ക്കാര്‍ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ ഗർഭസ്ഥ ശിശു മരിച്ചു. വെള്ളാർ വള്ളിയിലെ വിജേഷ് - ശ്രീജ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം തേടി കെഎസ്ഇബി; ദീര്‍ഘകാല കരാര്‍ ഒപ്പിട്ടു

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ദീര്‍ഘകാല കരാറൊപ്പിട്ട് കെഎസ്ഇബി. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായാണ് 25 വര്‍ഷത്തേക്ക് കരാർ ഒപ്പിട്ടത്. പീക്ക് സമയങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. യൂണിറ്റിന് ആറ് രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. 2028 മാർച്ച് മുതലാണ് വൈദ്യുതി ലഭിച്ചു തുടങ്ങുക. സര്‍ക്കാര് നേരത്തെ വിളിച്ചിരുന്ന ടെന്‍ഡറിലാണ് തീരുമാനം.

മുട്ടിൽ മരം മുറി കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണം; അഗസ്റ്റിന്‍ സഹോദരങ്ങള്‍ സുപ്രീം കോടതിയില്‍

മുട്ടില്‍ മരം മുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സുപ്രീം കോടതിയിൽ. വിചാരണ നിർത്തിവയ്ക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിക്ക് നല്‍കിയ നിര്‍ദേശം.

ആലുവയില്‍ യുവതിയെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ കമ്പനിപ്പടി ഐശ്വര്യ നഗറിൽ യുവതിയെ കാറിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഐശ്വര്യ നഗർ സ്വദേശിയായ അനിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മൃതദേഹം കണ്ടത്. കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. ഇവർ തനിച്ചായിരുന്നു താമസമെന്ന് അയല്‍വാസികള്‍ പറഞ്ഞു.

കോട്ടയത്തെ കാറ്ററിങ് തട്ടിപ്പുകേസില്‍ ഉദയം കാറ്ററിങ് ഈവന്റ്സ് ഉടമ പിടിയില്‍

കോട്ടയത്ത് കാറ്ററിങ് തട്ടിപ്പ് നടത്തിയ കാറ്ററിങ് ഉടമ പൊലീസ് കസ്റ്റഡിയില്‍. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ് ഈവന്റ്സ് ഉടമ വിഷ്ണു മോഹൻ ആണ് പിടിയിലായത്. കല്യാണത്തിന് ബുക്ക്‌ ചെയ്ത ഭക്ഷണം എത്തിക്കാതെയായിരുന്നു തട്ടിപ്പ്. മൂന്ന് കല്യാണങ്ങൾക്കാണ് ഇയാൾ ഭക്ഷണം നൽകാതിരുന്നത്.

ബി. അശോക്, എന്‍. പ്രശാന്ത്, പാട്ടീൽ അജിത് ഭഗവത് റാവു എന്നിവര്‍ക്ക് അധിക ചുമതല നല്‍കി സര്‍ക്കാര്‍

സംസ്ഥാനത്തെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ വകുപ്പുകളുടെ ചുമതലകൾ നൽകി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ബി. അശോകിന് പൊതുഭരണം, ഭരണപരിഷ്കാരം എന്നീ വകുപ്പുകളുടെ അധികച്ചുമതലയാണ് നല്‍കിയത്. കായിക യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയായ എൻ. പ്രശാന്തിന് നികുതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ അധികച്ചുമതലയാണ് നൽകിയിരിക്കുന്നത്. ധനകാര്യ (റിസോഴ്സസ്) വകുപ്പ് സെക്രട്ടറിയായ പാട്ടീൽ അജിത് ഭഗവത് റാവുവിന് കിഫ്‌ബി സിഇഒയുടെ അധികച്ചുമതലയും സർക്കാർ നൽകിയിട്ടുണ്ട്.

എസ്എഫ്ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി; കായംകുളം എംഎസ്എം കോളേജില്‍ സംഘര്‍ഷം

എസ്എഫ്ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കിയ സംഭവത്തില്‍ കായംകുളം എംഎസ്എം കോളേജില്‍ സംഘര്‍ഷം. പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എസ്എഫ്ഐ നേതാക്കളും അധ്യാപകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. സംഘര്‍ഷത്തില്‍ എംഎസ്എം അറബിക് വിഭാഗം അധ്യാപകന് പരിക്കേറ്റു. എസ്എഫ്ഐ പ്രവർത്തകരാണ് മര്‍ദിച്ചതെന്ന് അധ്യാപകൻ റംഷാദ് ആരോപിച്ചു. ബാലറ്റ് പേപ്പറുകൾ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കീറിയെന്നും ആക്ഷേപം.

സ്കൂള്‍ പാർലമെന്റ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തി വീശി പൊലീസ്

തിരുവനന്തപുരത്ത് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തി വീശി പൊലീസ്. പിരപ്പൻകോട് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പൊലീസ് നടപടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്‌യു സംഘര്‍ഷം നിലനിന്നിരുന്നു. പുറത്തു നിന്നെത്തിയ കെഎസ്‌യു പ്രവർത്തകർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എസ്എഫ്ഐ ആരോപിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടില്ല. വിദ്യാർഥികൾക്കു നേരേയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ടിക്കറ്റ് വില്‍പ്പന തുടങ്ങി

തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനുള്ള ഒരുക്കങ്ങള്‍ കെസിഎ പൂര്‍ത്തിയാക്കി. ഈമാസം 27ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. ടീമുകള്‍ 23ന് തിരുവനന്തപുരത്ത് എത്തും. ടിക്കറ്റ് വില്‍പ്പന തുടങ്ങി. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. ഗാലറി ടിക്കറ്റുകൾക്ക് 650 രൂപയാണ് നിരക്ക്. പവലിയൻ ടിക്കറ്റിന് 1250 രൂപയും പവലിയൻ എ, ജെ എന്നിവയ്ക്ക് യഥാക്രമം 1800 രൂപയും 2000 രൂപയുമാണ് നിരക്ക്. എലൈറ്റ് പവലിയൻ ടിക്കറ്റുകൾക്ക് 2500 രൂപയും കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി ടിക്കറ്റുകൾക്ക് 5000 രൂപയുമാണ് നിരക്ക്. വിദ്യാർഥികൾക്ക് 300 രൂപ നിരക്കിലും ടിക്കറ്റ് ലഭ്യമാകും. എല്ലാവിധ നികുതികളും ഉൾപ്പെടുത്തിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ടിക്കറ്റ് നിർബന്ധമാണ്. നാല്‍പ്പതിനായിരം പേര്‍ക്കാണ് പ്രവേശനം.

കേരള സര്‍വകലാശാല കാമ്പസുകളില്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള നീക്കം അവസാനിപ്പിക്കണം: എംപ്ലോയീസ് യൂണിയൻ

കേരള സർവകലാശാല കോളേജുകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള വിസിയുടെയും, യുഡിഎഫ് ഭൂരിപക്ഷം ഉള്ള സിൻഡിക്കേറ്റിന്റെയും നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് കേരള സർവകലാശാല എംപ്ലോയീസ് യൂണിയൻ. ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്ത് ഭാവി പൗരന്മാരായ വിദ്യാർഥികൾ രാഷ്ട്രീയ ബോധം ഉള്ളവരാകുന്നത് ഭയക്കുന്നവരാണ് കാമ്പസുകളിൽ സംഘടനാ പ്രവർത്തനം തടയാൻ ശ്രമിക്കുന്നതെന്ന് യൂണിയൻ ജനറൽ സെക്രട്ടറി സന്തോഷ്‌ ജി. നായരും, പ്രസിഡന്റ്‌ സജിത് ഖാൻ എ.എസ്സും പ്രസ്താവനയിൽ പറഞ്ഞു. ആര്‍എസ്എസ് അജണ്ടയാണ് താൽക്കാലിക വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലും സംഘപരിവാറിന്റെ ആശ്രിതരും അടിമകളുമായ യുഡിഎഫ് സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേർന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യ അവകാശങ്ങൾ ചോദ്യം ചെയ്താൽ നോക്കി നിൽക്കില്ലെന്നും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും യൂണിയൻ പ്രസ്താവനയില്‍ അറിയിച്ചു.

പിണറായി വിജയനെതിരായ ഇഡി കത്ത്; അഴിമതിയുടെ ഭാഗമായവരെ എന്തിന് വെറുതെ വിടണമെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി കത്തില്‍ നിലപാട് കടുപ്പിച്ച് ആഭ്യന്തര മന്ത്രി. അഴിമതിയുടെ ഭാഗമായവരെ എന്തിന് വെറുതെ വിടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതി നിരോധന കേസിൽ നിയമോപദേശം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും. ബിജെപിയും സിപിഐഎമ്മും തമ്മിൽ സഹകരണമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും കേന്ദ്ര സർക്കാർ നടപടി എടുത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ ആയിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

സി. ദിവാകരന് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

മുഖ്യമന്ത്രി വി.ഡി. സതീശനെയും ശിവസേനയെയും പുകഴ്ത്തിയ മുതിര്‍ന്ന നേതാവ് സി. ദിവാകരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സിപിഐ. ഇന്നു ചേര്‍ന്ന സിപിഐ നേതൃയോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ ഉപനേതൃപദവി തര്‍ക്കത്തില്‍ പിണറായി വിജയനെതിരെയും സി. ദിവാകരൻ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

കൊച്ചിയില്‍ കൊക്കെയ്നുമായി വിദേശികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍

കൊച്ചിയില്‍ ലക്ഷങ്ങളുടെ കൊക്കെയ്നുമായി വിദേശികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ പിടിയില്‍. പ്രധാന ഇടനിലക്കാരൻ തമിഴ്‌നാട് സ്വദേശി അരുൺ രാജ്‌കുമാര്‍, കപൂർത്തല സ്വദേശി ഗുർപ്രീത് സിങ്, കോഴിക്കോട് സ്വദേശികളായ ബേപ്പൂർ ഹംദാൻ അഹമ്മദ്, അഫ്‌ലഹ്, സിദ്ധാർത്ഥ് ദാമോർ, നൈജീരിയൻ സ്വദേശി, സിംബാബ്‍വെ സ്വദേശി എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 16,55,000 രൂപ വില വരുന്ന 33.1 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. അന്തർസംസ്ഥാന കൊക്കെയ്ൻ കടത്ത് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായത്. കൊച്ചി സോണൽ യൂണിറ്റ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

സ്കൂൾ വിദ്യാർഥിനികൾക്കു നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയില്‍. പുത്തൂർ ചെറുമങ്ങാട്ക്കുഴി സ്വദേശി ലിജോ ജോസഫാണ് പിടിയിലായത്. ഈസ്റ്റ് കല്ലട, ശൂരനാട് പൊലീസ് സ്റ്റേഷനുകളിലെ പോക്സോ കേസുകളിൽ പ്രതിയാണ് ലിജോ. സ്കൂട്ടറിലെത്തിയാണ് പ്രതി വിദ്യാർഥനികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. സ്കൂൾ വിട്ട് തനിച്ചു പോകുന്ന പെൺകുട്ടികൾക്കു നേരെയായിരുന്നു അതിക്രമം. 400 സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

തൊണ്ടി മുതലായ ഹാന്‍സ് മോഷണം; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം

തൊണ്ടി മുതലായ ഹാന്‍സ് മോഷണം പോയ സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ കൂട്ട സ്ഥലംമാറ്റം. എസ്ഐ ഉള്‍പ്പെടെ 21 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സ്‌റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ച ഏഴ് ചാക്ക് ഹാൻസ് സ്‌റ്റേഷനിലെ പൊലീസുകാരൻതന്നെ മോഷ്ടിച്ച സംഭവത്തിലാണ് നടപടി. ഇക്കഴിഞ്ഞ പത്തിനാണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ ഹാൻസ് മോഷണം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, സബിത്തിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

മദ്യം വാങ്ങാന്‍ ഷെയര്‍ ഇടുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷം: ബിഎംഎസ് നേതാവ് കസ്റ്റഡിയില്‍

പത്തനംതിട്ട തിരുവല്ലയില്‍ മദ്യം വാങ്ങാന്‍ ഷെയര്‍ ഇടുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ ബിഎംഎസ് നേതാവ് കസ്റ്റഡിയില്‍. ബിഎംഎസ് കടപ്ര മേഖല ഭാരവാഹി സജിത്ത് ആണ് അറസ്റ്റിലായത്. സജിത്ത് അയല്‍വാസിയായ അരുണ്‍ കുമാറിന്റെ കഴുത്തില്‍ ബിയര്‍ കുപ്പി കൊണ്ട് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അരുണിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറോടെ പുളിക്കീഴിലെ ബാറിനു മുന്നിലായിരുന്നു സംഘര്‍ഷം.

News Malayalam 24x7
newsmalayalam.com