നീറ്റ് യു‌ജി ഫലം പ്രഖ്യാപിച്ചു

ഇന്നത്തെ പ്രധാന വാർത്തകൾ...
നീറ്റ് യു‌ജി ഫലം പ്രഖ്യാപിച്ചു
Source: Files

ഇറാനെതിരെ രണ്ടാം ഘട്ട ആക്രമണത്തിന് യുഎസ്

ഇറാനെതിരെ രണ്ടാം ഘട്ട ആക്രമണത്തിനായുള്ള സൈനിക നടപടികൾ ആരംഭിച്ച് യുഎസ് സൈന്യം. ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷികളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ എന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ സൈനിക നടപടി സ്വീകരിച്ചതെന്നും വാഷിംഗ്ടൺ കൂട്ടിച്ചേർത്തു.

ജയിലിൽ പ്രതികൾ തമ്മിൽ സംഘർഷം: ഒരാൾക്ക് പരിക്ക്

കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചിറ്റേത്തുകര സ്വദേശി അബ്ദുൽ റഹ്മാൻ (24) ആണ് ആക്രമണത്തിന് ഇരയായത്. ഇതേ സെല്ലിലെ തടവുകാരനായ രഞ്ജിത്താണ് ആക്രമണം നടത്തിയത്.എറണാകുളം ജില്ലാ ജയിലിലെ എ ബ്ലോക്കിലുള്ള 9-ാം നമ്പർ സെല്ലിലാണ് സംഭവം നടന്നത്. സഹതടവുകാരനായ രഞ്ജിത്ത് മുണ്ട് ചുഴറ്റി എറിഞ്ഞത് അബ്ദുൽ റഹ്മാൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ചൊവ്വാഴ്ച പ്രതി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മലയിടം തുരുത്ത് ഭൂമി തർക്കം; ഏഴു കുടുംബങ്ങൾക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന്

ഒത്തുതീർപ്പിൽ എത്തിയ മലയിടം തുരുത്ത് പര്യത്ത് കാവ് ഉന്നതിയിലെ ഭൂമി തർക്കത്തിൽ, ഏഴു കുടുംബങ്ങൾക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം ഇന്ന് നടക്കും.രാവിലെ 11ന് മന്ത്രി റോജി എം ജോൺ ശിലാസ്ഥാപനം നിർവഹിക്കും.സ്പോൺസർഷിപ്പ് അടിസ്ഥാനത്തിൽ സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിലാണ് വീടുകൾ നിർമിച്ചു നൽകുക. ഓരോ വീട്ടിലേക്കും മൂന്നു മീറ്റർ വീതിയിലുള്ള പ്രവേശന വഴിയും ഭൂവുടമകളുടെ വസ്തുവുമായി അതിർത്തി പങ്കിടുന്ന ഭാഗത്ത് സംരക്ഷണ മതിലും നിർമിക്കും.

ചെന്താമര കേസിൽ ഇന്ന് വിധി

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസ് ഇന്ന് വീണ്ടും കോടതിയിൽ. പ്രതി ചെന്താമരയുടെ ശിക്ഷാവിധി, ജില്ലാ നിയമസഹായ വേദിയുടെ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷംമായിരിക്കും വിധി പറയുക പാലക്കാട്‌ നാലാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രതിക്ക് വധ ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കി പൊലീസ്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് പൊലീസ് നടപടി. തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയ ശേഷമാണ് തൊപ്പി ഒളിവിൽ പോയത്. മൊഴിയെടുപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും തൊപ്പിയുടെ സുഹൃത്തുക്കളും ഹാജരായിട്ടില്ല

യുഎസിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം

അമേരിക്കയിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ വംശീയ അതിക്രമം. വെസ്റ്റ് വാലി സിറ്റിയിലെ വാലി ഫെയർ മാളിലാണ് സംഭവം. മാളിലെ ജ്വല്ലറി കിയോസ്കിൽ ജീവനക്കാരനായ സുഹൈൽ എന്ന യുവാവിന് നേരെയാണ് അതിക്രമമുണ്ടായത്. ജ്വല്ലറിയിലെത്തിയ ആൾ സുഹൈലിനോട് പേര് വിവരങ്ങൾ ചോദിക്കുകയും പിന്നാലെ മുസ്ലിം ആണോ എന്ന് ചോദിച്ച് കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. നെഞ്ചിലും വയറിലും 15 തവണ കുത്തേറ്റ സുഹൈൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പീറ്റർ മൈക്കൽ ലാർസൺ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പാകിസ്ഥാനിൽ ചാവേറാക്രമണം;മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേറാക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. സുരക്ഷാ സേനയുടെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷം ബന്നു നഗരത്തിലുള്ള മിര്യൻ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ ചാവേറാക്രമണത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷന് കേടുപാടുകൾ സംഭവിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അഴിമതിയാരോപണത്തിൽ കുടുങ്ങി ടിവികെയും

സർക്കാർ കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ടിവികെ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ മാമ്പാക്കം പഞ്ചായത്ത് യൂണിയൻ പ്രസിഡന്റും ചെങ്കൽപേട്ട് ഈസ്റ്റ് ജില്ലാ യൂണിറ്റിൻ്റെ ജോയിൻ്റ് സെക്രട്ടറിയുമായ എൻ.വി. വീരയെയാണ് ടിവികെ പുറത്താക്കിയത്. വീര, കരാറുകാരനിൽ നിന്ന് മൂപ്പതിനായിരം രൂപ കൈയ്യിൽ വാങ്ങുന്നതും ഒരു ലക്ഷം രൂപ അക്കൗണ്ട് വഴി കൈമാറിയിട്ടുണ്ട് എന്ന് പറയുന്നതിൻ്റെയും ദൃശ്യങ്ങൾ വലിയ വിവാദമായതോടെയാണ് നടപടി. എന്നാൽ ലഭിച്ചത് കൈക്കൂലി അല്ലെന്നും താൻ കടം നൽകിയ പണം തിരികെ ലഭിച്ചതാണെന്നുമായിരുന്നു വിവാദങ്ങൾക്ക് പിന്നാലെ എൻ.വി. വീരയുടെ പ്രതികരണം. മുഖ്യമന്ത്രി സി. ജോസഫ് വിജയ് അഴിമതിക്കെതിരെ ശക്തമായ പോരാട്ടം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പാർട്ടി നേതാവിനെതിരെ തന്നെ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

പൊളിറ്റിക്കൽ ക്രിമിനൽ എന്ന് വിളിച്ച് അധിക്ഷേപിച്ചു; ജി. സുധാകരന് വക്കീൽ നോട്ടീസ്

ജി സുധാകരന് വക്കിൽ നോട്ടീസ് അയച്ച് സിപിഐഎം നേതാവ്. ആലപ്പുഴ നഗരസഭ എൽഡിഎഫ് കക്ഷി നേതാവായ വി.ജി.വിഷ്ണുവാണ് നോട്ടീസ് അയച്ചത്. പൊളിറ്റിക്കൽ ക്രിമിനൽ എന്ന് വിളിച്ച് അധിക്ഷേപിച്ചതിലാണ് നോട്ടീസ്. പരാമർശം പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസ് നൽകുമെന്ന് നോട്ടീസിൽ പറയുന്നു

ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല;  കതൃക്കടവ് അല്‍ റീമിനെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി അൽ റീം റെസ്റ്ററോന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല ബാധ. മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഹോട്ടലിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.

കൊച്ചിയിൽ ഇന്ന് ഇ.ഡി നിർണായക യോഗം; സുപ്രധാന കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തും

ഇ.ഡി. ദക്ഷിണ മേഖല മേധാവിയുടെ നേതൃത്വത്തിൽ കൊച്ചി ഓഫീസിൽ ഇന്ന് നിർണായക യോഗം ചേരും. സുപ്രധാന കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തും. നാളെ പ്രോസിക്യൂട്ടർമാരുടെയും യോഗം ചേരും. സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ തുടർനടപടികൾ ചർച്ചയാകും. സ്വത്തുക്കൾ കണ്ടു കെട്ടുന്നതിന് മുന്നോടിയായി വീണ ടി. യുടെയും കുടുംബത്തിന്റെയും ആസ്തി വിവരങ്ങൾ ഇഡി ശേഖരിച്ചിരുന്നു. അവയവ കച്ചവടക്കേസിൽ സ്വകാര്യ ആശുപത്രികളുടെ പങ്ക് സംബന്ധിച്ച് ശേഖരിച്ച തെളിവുകളും വിലയിരുത്തും.

വാക്കുതർക്കം; പാലക്കാട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദനം

പാലക്കാട് വടക്കഞ്ചേരിയിൽ സ്വകാര്യ ബസിലെ കണ്ടക്ടർക്ക് മർദനം. വടക്കഞ്ചേരി പൊൻകണ്ടം സ്വദേശി അജിക്കാണ് മർദനത്തിൽ പരിക്കേറ്റത്. ബസിൽ കയറിയ യുവാവുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാറിൽ എത്തിയ സംഘം കണ്ടക്ടറെ മർദിച്ചത്.

നിതിൻ രാജിൻ്റെ മരണം; പ്രതി ഡോ.റാമിനെ ഉടൻ പിടികൂടുമെന്ന് സൂചന

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോ.റാമിനെ ഉടൻ പിടികൂടുമെന്ന് സൂചന. റാം ഒളിവിൽ കഴിയുന്നത് ആന്ധ്ര പ്രദേശിലെ ചിറ്റൂരിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ക്രൈംബ്രാഞ്ച് സംഘം ചിറ്റൂരിൽ എത്തി.

വിളിച്ചത് ഡൽഹിയിൽ നിന്ന്;  എംഎൽഎ വിദ്യാ ബാലകൃഷ്ണന് വന്ന വ്യാജ ഫോൺ കോളിൽ അന്വേഷണം രാജ്യതലസ്ഥാനത്തേക്ക്

എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണനോട് മൂന്ന് കോടി ആവശ്യപ്പെട്ട് കോൾ വന്നതിൽ അന്വേഷണം ഡൽഹിയിലേക്ക്. കോൾ വന്നത് ഡൽഹിയിൽ നിന്നെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. വ്യാജ നമ്പറുപയോഗിച്ചാണ് വിളിച്ചതെന്ന് സംശയം. സൈബർ സെൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പാലക്കാട് വാളയാറിൽ വീണ്ടും കടുവ ഭീതി; വീട്ടിൽ കെട്ടിയിരുന്ന ആടിനെ കടിച്ചുകൊന്നു

പാലക്കാട് വാളയാർ ആറ്റുപതിയിൽ വീണ്ടും കടുവ ഭീതി. വീട്ടിൽ കെട്ടിയിരുന്ന ആടിനെ കടിച്ചുകൊന്നു. വട്ടപ്പാറ ആറ്റുപ്പതി വനം വകുപ്പ് വാച്ചർ മുനിയപ്പന്റെ ആടിനെയാണ് കൊന്നത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആടിന്റെ കരച്ചിൽ കേട്ടുണർന്ന വീട്ടുകാരാണ് കടുവയെ കണ്ടത്. ശബ്ദമുണ്ടാക്കിയപ്പോൾ കടുവ ഉൾക്കാട്ടിലേക്ക് പോവുകയായിരുന്നു.

കർണാടകയിലെ മന്ത്രിസഭാ വിപുലീകരണം; ഡൽഹിയിൽ ഇന്ന് നിർണായക കൂടിക്കാഴ്ച

കർണാടകയിലെ മന്ത്രിസഭാ വിപുലീകരണത്തിനായി ഡൽഹിയിൽ ഇന്ന് കൂടിക്കാഴ്ച. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡൽഹിയിൽ എത്തി. ഹൈക്കമാൻഡുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

പത്തനംതിട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; രണ്ടു മരണം

പത്തനംതിട്ട ആനന്ദപ്പള്ളി പൊത്രാട് ബൈക്ക് അപകടത്തിൽ രണ്ടു പേർ മരിച്ചു. കോന്നി മങ്ങാരം സ്വദേശി മധു, ആനന്ദപ്പള്ളി സ്വദേശി സതീശൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ രണ്ടുപേർ ചികിത്സയിൽ തുടരുകയാണ്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച: നിർണായക തെളിവുകൾ കണ്ടെടുത്ത് സിബിഐ

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് സിബിഐ. കോച്ചിംഗ് സെന്റർ ഉടമയുടെ ഫോണിൽ നിന്നാണ് തെളിവുകൾ കണ്ടെടുത്ത്. രസതന്ത്ര ചോദ്യപേപ്പറിന്റെ 35 PDF പേജുകളും 5 ലക്ഷം രൂപ കൈമാറിയതിന്റ തെളിവുകളുമാണ് ഫോണിൽ നിന്ന് ലഭിച്ചത്.ചോദ്യപേപ്പർ തയ്യാറാക്കിയ പ്രൊഫസർ കുൽകർണിക്ക് ആണ് തുക കൈമാറിയത്.

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; കൂടുതൽ പരാതിയുമായി നിക്ഷേപകർ രംഗത്ത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പിൽ പരാതിയുമായി കൂടുതൽ നിക്ഷേപകർ രംഗത്ത്. 2020 ൽ പ്രവാസിയായ അമ്മദ് സ്വർണവും പണവും ഉൾപ്പെടെ 1.20 കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. ഉയർന്ന ലാഭവിഹിതവും സുരക്ഷിത നിക്ഷേപവുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണമോ സ്വർണ്ണമോ തിരികെ ലഭിച്ചില്ലെന്നാണ് പരാതി. വടകര പൊലീസ് കേസെടുത്തു.

നീലേശ്വരം ചാത്തമത്ത് ഭക്ഷ്യവിഷബാധ; കുട്ടികൾ ഉൾപ്പെടെ 27 പേർ ചികിത്സയിൽ

നീലേശ്വരം ചാത്തമത്ത് ഭക്ഷ്യ വിഷബാധയിൽ കുട്ടികൾ ഉൾപ്പെടെ 27 പേർ ചികിത്സ തേടി. ഞായറാഴ്ച പ്രദേശത്തെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയെ തുടർന്ന് വയറിളക്കം ഉണ്ടായത്. പ്രദേശവാസികളായ ചാത്തമത്ത സ്‌കൂളിലെ കുട്ടികളാണ് ഇന്നലെ രാവിലെ ആദ്യം ചികിത്സതേടിയത് . ആരുടെയും സ്ഥിതി ഗുരുതരമല്ല. ചികിത്സ തേടിയ പലരും ആശുപത്രി വിട്ടു. ആശങ്ക വേണ്ടെന്നും നീലേശ്വരം താലൂക്കാശുപത്രി ആരോഗ്യവിഭാഗം അറിയിച്ചു.

108 ആംബുലൻസ് ലഭിച്ചില്ല: വിതുരയിൽ പാമ്പുകടിയേറ്റ രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് സ്വകാര്യ ആംബുലൻസിൽ

വിതുര പേപ്പാറയിൽ പാമ്പു കടിയേറ്റ അതിഥിത്തൊഴിലാളിക്ക് 108 ആംബുലൻസ് വിട്ടുനൽകിയില്ലെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനായി വിതുര താലുക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസ് വിട്ടുനൽകിയില്ലെന്നാണ് പരാതി. 108 ആംബുലൻസ് ഏട്ടുമണിക്ക് സർവീസ് നിർത്തിയതിനാലാണ് ആംബുലൻസ് വിട്ടുനൽകാൻ സാധിക്കാത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജൂനിയർ ഡോക്ടർക്കൊപ്പം പ്രൈവറ്റ് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; എത്രകാലമെന്ന് പറയാനാകില്ല: സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. എത്ര കാലം പ്രതിസന്ധി ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. വൈദ്യുതിയുടെ ഉപയോഗത്തിൽ വൻ വർധനവ് വന്നു എന്നും മന്ത്രി പറഞ്ഞു. അതിനിടെ പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി നടപടി തുടങ്ങി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിൽ നിന്ന് 200 മെഗാവാട്ട് വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. 25 വർഷത്തേക്കാണ് കരാർ. ദീർഘകാല കരാറുകൾ പുനസ്ഥാപിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

അത്തരം വ്യാഖ്യാനം വേണ്ട,  മുഖ്യമന്ത്രി കെഎസ്‌യുവിനെ മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല: ചാണ്ടി ഉമ്മൻ

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. മുഖ്യമന്ത്രിയെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിടരുത്. വിവിധ വശങ്ങൾ പഠിച്ചിട്ടായിരിക്കും മുഖ്യമന്ത്രി കാര്യങ്ങൾ പറഞ്ഞത്. കെഎസ്‌യുവിനെ മോശമാക്കി പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്നും മുഖ്യമന്ത്രി വിഡി സതീശനെ ഒഴിവാക്കിയിട്ടില്ല. കെസി വേണുഗോപാലാണ് അനുസ്മരണ ചടങ്ങിനെത്തുന്നത്. സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കും. സത്യം എന്നായാലും പുറത്തുവരും. ചില ഭാഗത്തുനിന്ന് കുടുക്കാൻ ശ്രമങ്ങളുണ്ടായി. മാധ്യമങ്ങൾ സ്വയം വിമർശനത്തിന് തയ്യാറാകണമെന്നും മാധ്യമങ്ങൾ കുറ്റവിമുക്തമാക്കിയതും ചർച്ച ചെയ്യണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വയോധികർക്ക് പരിക്ക് 

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് രണ്ട് വയോധികർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 12 മണിയോടെ ആയിരുന്നു അപകടം. അംബിക, കുട്ടപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. നിലവിൽ ഇരുവരുടെയും പരിക്ക് ഗുരുതരമല്ല

പവർ കട്ട് കാരണം ലോകകപ്പ് കാണാൻ കഴിഞ്ഞില്ല; തൃശൂരിൽ കെഎസ്ഇബി ഓഫീസിൽ കയറി അതിക്രമം

തൃശൂർ അന്നമനടയിൽ കെഎസ്ഇബി ഓഫീസിൽ കയറി അതിക്രമം. പവർ കട്ട് കാരണം ലോകകപ്പ് മത്സരം കാണാൻ കഴിയാത്തതിലാണ് പ്രതിഷേധം. കെഎസ്ഇബി ജീവനക്കാരന് മർദനമേറ്റു. വെണ്ണൂർ സ്വദേശികളായ യുവാക്കളാണ് ഓഫീസിൽ സംഘർഷം സൃഷ്ടിച്ചത്.

നിലമ്പൂർ വനത്തിൽ കാട്ടാനയുടെ ജഡാവശിഷ്ടം

നിലമ്പൂർ വനത്തിൽ കാട്ടാനയുടെ ജഡാവശിഷ്ടം കണ്ടെത്തി. ഏകദേശം നാൽപ്പത് വയസ് പ്രായം വരുന്ന കൊമ്പനാനയുടെ ജഡാവശിഷ്ടമാണ് കണ്ടെത്തിയത്. മഞ്ഞപ്പാറ വനത്തിൽ വനം വകുപ്പുദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് ജഡാവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടത്

ഒമ്പതുവയസുകാരൻ്റെ മരണം; കാസർകോട് ജനറൽ ആശുപത്രിയിലേക്ക് DYFI മാർച്ച്

ചികിത്സാപ്പിഴവു മൂലം ഒമ്പത് വയസുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി ഡിവൈഎഫ്ഐ. ബാരിക്കേട് മറികടന്ന് പ്രവർത്തകർ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി.

അദാനി-എംഎസ്‌സി ഓഹരി കൈമാറ്റം: സർക്കാർ തടസ്സം നിൽക്കില്ലെന്ന് മുഖ്യമന്ത്രി

അദാനി-എം.എസ്.സി ഓഹരി കൈമാറ്റത്തിൽ സർക്കാർ യാതൊരുവിധ തടസ്സവും നിൽക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ബ്ലൂംബെർഗിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ സെബിക്ക് കത്ത് നൽകിയതിലുള്ള അതൃപ്തി മാത്രമാണ് സർക്കാർ പ്രകടിപ്പിച്ചത്. എന്നാൽ, 24 മണിക്കൂറിനുള്ളിൽ തന്നെ അവർ ആവശ്യപ്പെട്ട വിവരങ്ങൾ സർക്കാരിന് കൈമാറിയതോടെ ആ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനാണ് സർക്കാർ നിലവിൽ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ടാറ്റയ്ക്ക് കപ്പൽ നിർമാണശാല ആരംഭിക്കുന്നതിനായി സർക്കാർ ഭൂമി അനുവദിക്കാൻ പോകുകയാണെന്ന നിർണായക വിവരവും മുഖ്യമന്ത്രി പങ്കുവെച്ചു.

അപ്പീൽ കോടതികൾ 'സുഹൃത്തും വഴികാട്ടിയും' ആകണം; ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ ഓർമ്മപ്പെടുത്തൽ

സബ് ജഡ്ജിയെ പരിശീലനത്തിന് അയയ്ക്കാനുള്ള ഹൈക്കോടതി നിർദേശം സുപ്രീംകോടതി തള്ളി. അപ്പീൽ കോടതികൾ 'സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയും' ആയി പ്രവർത്തിക്കണം. തൃശൂർ പ്രിൻസിപ്പൽ സബ് ജഡ്ജിക്കെതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾ അനാവശ്യമെന്നും കോടതി നിരീക്ഷിച്ചു. വിധി പ്രസ്താവത്തിലെ പോരായ്മകൾ ചൂണ്ടികാട്ടി ജഡ്ജിയെ പരിശീലനത്തിന് അയക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

ഓണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണ ബമ്പർ ലോട്ടറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ചരിത്രത്തിലാദ്യമായി 30 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനമായി ഭാഗ്യശാലിയെ കാത്തിരിക്കുന്നത്.

ജൂലൈ 20-ാം തീയതി മുതൽ ടിക്കറ്റുകൾ സംസ്ഥാനത്തുടനീളം വിപണിയിൽ ലഭ്യമായിത്തുടങ്ങും. മു മുൻവർഷങ്ങളേക്കാൾ ആകർഷകമായ സമ്മാനഘടനയോടെയാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് തിരുവോണ ബമ്പർ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

പാരിയത്ത് കാവ് ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതിയ വീട് പറഞ്ഞ സമയത്തിന് മുൻപ് പൂർത്തിയാക്കും: റോജി എം. ജോൺ

പാരിയത്ത് കാവ് ഉന്നതിയിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനായി പുതിയ വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി റോജി എം. ജോൺ. ജനാധിപത്യ സർക്കാർ കോടതിയുടെ സാങ്കേതികത്വത്തിന് അപ്പുറമായി ജനങ്ങളെ ചേർത്തുപിടിച്ചാൽ സമവായം സാധ്യമാകുമെന്നതിന്റെ തെളിവാണ് ഈ പദ്ധതി പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സർക്കാർ അധികാരത്തിൽ വന്ന് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഈ വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ വാക്കിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. 14 തവണയാണ് അഭിഭാഷക കമ്മീഷൻ ഇവിടെയുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനായി എത്തിയത്. എന്നാൽ പാതിരാത്രികളിൽ വരെ നീണ്ട ചർച്ചകൾ നടത്തിയാണ് സമവായത്തിൽ എത്തിയത്. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് പദ്ധതി യാഥാർഥ്യമാകുന്നത്. നിശ്ചയിച്ച സമയത്തിന് മുൻപ് തന്നെ വീടുകളുടെ നിർമാണം പൂർത്തിയാക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ നാവികരെ അയക്കരുത്; നിർണായക നിർദേശവുമായി കേന്ദ്രം

ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കേന്ദ്രസർക്കാർ കർശന നിർദേശം നൽകി. മാരിടൈം അഡ്മിനിസ്ട്രേഷനാണ് കപ്പൽ കമ്പനികൾക്കും റിക്രൂട്ട്മെന്റ് ഏജൻസികൾക്കും ഇതുസംബന്ധിച്ച അടിയന്തര നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ നാവികരുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ ഇടപെടൽ.

കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് കടലിടുക്ക് ഉൾപ്പെടുന്ന മേഖലയിലൂടെ ഇന്ത്യൻ നാവികരെ ജോലിക്കായി അയക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിർദേശം. ഈ മേഖലയിലൂടെ നിലവിൽ കടന്നുപോകുന്ന മറ്റ് കപ്പലുകൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ കർശനമാക്കണമെന്നും മാരിടൈം അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമ്പതുവയസുകാരൻ്റെ മരണം; മെഡിക്കൽ ബോർഡ് അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് സമഗ്രമായ പരിശോധന നടത്തണമെന്ന് ഡിവൈഎഫ്ഐ. പുതിയ ഭരണകൂടത്തിന് കീഴിൽ എന്തുമാകാം എന്ന് ചില ഉദ്യോഗസ്ഥർ വിചാരിക്കുകയാണെന്നും, അത്തരം പ്രവണതകൾ സംസ്ഥാനത്ത് അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പ് നൽകി.

ആരോഗ്യമന്ത്രി വെറും കുത്തകകൾക്ക് വേണ്ടി കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ തകർക്കുകയാണെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് രജീഷ് വെള്ളാട്ട് ആരോപിച്ചു. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

'കയ്യേറാൻ വന്നാൽ കൈകാര്യം ചെയ്യും'; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി എം.എം. മണി

വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി എം.എം. മണി. പുര വെച്ച് താമസിക്കുന്ന സ്ഥലത്ത് കയ്യേറാൻ വന്നാൽ കൈകാര്യം ചെയ്യും. മര്യാദയ്ക്ക് അല്ല എങ്കിൽ നിയമം കയ്യിലെടുക്കും. പൊലീസ് ഞങ്ങൾക്ക് പുല്ലാണ്, പിന്നെ ആണോ ഫോറസ്റ്റ്. ഖദർധാരിയായ സതീശൻ വന്നപ്പോൾ കാക്കിയിട്ട ചിലർക്ക് സൂക്കേട് എന്നും എം.എം.മണി പറഞ്ഞു.

വലിയ ചുടുകാടിലെ കാര്യങ്ങൾ സിപിഐയും സിപിഐഎമ്മും സംയുക്തമായി തീരുമാനിക്കും: എം.എ. ബേബി

പുന്നപ്ര വലിയ ചുടുകാട്ടിൽ വിഎസ് അച്യുതാനന്ദന് മാത്രമായി സ്മൃതി മന്ദിരം നിർമിക്കുന്നതിനെ സമരസേനാനികളുടെ കുടുംബങ്ങൾ എതിർത്തെന്ന ന്യൂസ് മലയാളം വാർത്ത നിഷേധിക്കാതെ എം.എ.ബേബി. വലിയ ചുടുകാടിലെ കാര്യങ്ങൾ സിപിഐയും സിപിഐഎമ്മും സംയുക്തമായാണ് നടത്തുന്നത്. മറ്റ് വിമർശനങ്ങളെ കുറിച്ച് താൻ കടക്കുന്നില്ലെന്നും ബേബി പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി.സതീശൻ മൂകാംബിക ക്ഷേത്രം സന്ദർശിച്ചതിനെ താൻ വിമർശിച്ചു എന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്നും എംഎ ബേബി. താൻ നടത്താത്ത പരാമർശത്തെ അടിസ്ഥാനമാക്കി, എന്തിന് മറുപടി പറഞ്ഞെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മാതൃഭൂമി പത്രത്തിൻ്റേത് അധമവും അശ്ലീലവുമായ മാധ്യമപ്രവർത്തനമാണ് എന്ന് ബേബി പറഞ്ഞു.

പയ്യന്നൂരിലെ കുഞ്ഞിന്റെ മരണം; അനസ്തേഷ്യ നൽകിയ ഡോക്ടർ തലശ്ശേരി കോടതിയിൽ ജാമ്യാപേക്ഷ നൽകി

കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ മുൻകൂർ ജാമ്യം തേടി ബിഎംഎച്ചിലെ അനസ്തേഷ്യ ഡോക്ടർ. തലശ്ശേരി കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. കുഞ്ഞിന് അനസ്തേഷ്യ നൽകിയ ഡോക്ടറെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

'കെഎസ്‌യു നിലപാട് അരോചകം; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി നിജേഷ് അരവിന്ദ്

പ്ലീഡർ നിയമനത്തിലെ കെഎസ്‌യു വിമർശനത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. കെഎസ്‌യു നേതാക്കളുടെ നിലപാട് അരോചകമാണ്. കുത്തിത്തിരിപ്പുകളുടെ അംബാഡർമാരായി അവർ മാറുന്നു. മുഖ്യമന്ത്രിയുടെ കുറ്റമന്വേഷിക്കുന്നവർക്ക് പിന്തുണ നൽകി വിമത സ്വരം ഉയർത്തി വാർത്തകളിൽ ഇടം പിടിക്കാനുള്ള ശ്രമമാണെന്നും നിജേഷ് അരവിന്ദ് പറഞ്ഞു.

ജി. സുധാകരനും ടി.കെ.ഗോവിന്ദനും പി.കെ. കുഞ്ഞികൃഷ്ണനും ഇന്ന് വിഡി സതീശനെ പിന്തുണക്കുന്നു. പ്രയാസങ്ങൾക്കിടയിൽ ഭരണത്തെ നയിക്കാൻ ഭരണാധികാരിയ്ക്ക് പൂർണ്ണ പിന്തുണ നൽകണമെന്നും, പൊതുജനവികാരം വിമർശിക്കുന്നവർ തിരിച്ചറിയാതെ പോകരുതെന്നും നിജേഷ് അരവിന്ദ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു

കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു. ധാരണ പത്രത്തിൽ ആശുപത്രി മാനേജ്മെന്റ് ഒപ്പുവെച്ചു. നഴ്സുമാരുടെ സമരം ശക്തമായതോടെയാണ് നടപടി.

ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം; എൻഎസ്എസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും

ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ എൻഎസ്എസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. മുഖ്യമന്ത്രിക്കെതിരെയും അതോടൊപ്പം ഉപരാഷ്ട്രപതി, സുരേഷ് ഗോപി എന്നിവർ നടത്തിയ വിമർശനങ്ങൾക്കെതിരെയുമാണ് എൻഎസ്എസിന്റെ പ്രതിഷേധം.

പ്രതിഷേധ പ്രകടനം ഇന്ന് വൈകിട്ട് നാല് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. എൻഎസ്എസ് നേതൃത്വത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ഉയർന്ന വിമർശനങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി തെരുവിലിറങ്ങാനാണ് സംഘടനയുടെ തീരുമാനം.

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടാൻ ശ്രമം; പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയിൽ അന്വേഷണം

കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പേരിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം. എംപിമാർ, എംഎൽഎമാർ എന്നിവരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും വലയിലാക്കാൻ ശ്രമിച്ചത്. കേരളത്തിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി എന്നിവരെയും പ്രതി ഫോണിൽ ബന്ധപ്പെട്ട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

'പ്രിയദർശനി പദ്ധതി' വൻ വിജയം, കൂടുതൽ ബസ്സുകൾ ലഭ്യമാക്കും: സി.പി. ജോൺ

പ്രിയദർശനി പദ്ധതി വമ്പിച്ച വിജയമായി മാറിയെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഒരു മാസത്തിനിടയിൽ 3.81 കോടി യാത്രകളാണ് നടത്തിയത്. ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 12.1 ലക്ഷമായി ഉയർന്നു. മൂന്നിൽ രണ്ട് യാത്രക്കാരും സ്ത്രീകളാണ്. പ്രിയദർശനി പദ്ധതിക്കായി കൂടുതൽ ബസ്സുകൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

'ആർ. ചന്ദ്രശേഖരനെ ചുമക്കാൻ കഴിയില്ല'; സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കണം: INTUC അഖിലേന്ത്യാ സെക്രട്ടറി

ആർ ചന്ദ്രശേഖരനെ ചുമക്കാൻ കഴിയില്ലെന്നും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നും ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ്. തൊഴിലാളികളിൽ നിന്ന് കോടികൾ ചന്ദ്രശേഖരൻ പിരിച്ചെടുക്കുന്നു. പണം വാങ്ങി ഐഎൻടിയുസിയുമായി ഒരു ബന്ധവും ഇല്ലാത്തവരെ കമ്മറ്റികളിൽ നിയമിക്കുന്നു. ഇത് അനുവദിക്കാൻ കഴിയില്ലെന്നും സംഘടനാ നേതാക്കൾ പറഞ്ഞു

കെപിസിസി പ്രസിഡന്റ് സ്ഥാനം: ഗ്രൂപ്പ്-ജാതി സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ കടുത്ത നിലപാടുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പാർട്ടിയെ നയിക്കാൻ യോഗ്യതയുള്ള ആളായിരിക്കണം കടന്നുവരേണ്ടതെന്നും, അടിയന്തരമായി കെപിസിസിക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രൂപ്പ്, ജാതി സമവാക്യങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണ് ഒരാളെ അധ്യക്ഷനാക്കുന്നതെങ്കിൽ അയാൾ തികഞ്ഞ പരാജയമായിരിക്കുമെന്ന് ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. തന്നേക്കാൾ യോഗ്യതയുള്ള ആരെ കെപിസിസി പ്രസിഡന്റാക്കുന്നതിലും തനിക്ക് യാതൊരുവിധ വിയോജിപ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 102 സീറ്റുകൾ ലഭിച്ചു എന്ന് കരുതി ആരും അഹങ്കരിക്കേണ്ട കാര്യമില്ലെന്ന് എം.പി ഓർമ്മിപ്പിച്ചു. ഇനിയും നിരവധി തെരഞ്ഞെടുപ്പുകൾ മുന്നിലുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ മികച്ച പ്രകടനമാണ് ഏറ്റവും കാതലായ കാര്യമെന്നും അതിന് ശക്തമായ നേതൃത്വം ആവശ്യമാണെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.

നെന്മാറ ഇരട്ടക്കൊലപാതകം; ശിക്ഷാവിധി 20 ന്

നെന്മാറ ഇരട്ട കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഈ മാസം 20ന് പറയും. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.

വടക്കാഞ്ചേരിയിൽ ആംബുലൻസിൽ നിന്ന് ഓയിൽ ചോർന്നു; നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിവീണു

വടക്കാഞ്ചേരി കാഞ്ഞിരക്കോട് ആംബുലൻസിൽ നിന്നും ഓയിൽ ചോർന്ന് നിരവധി ഇരുചക്രവാഹനങ്ങൾ തെന്നിവീണു. അപകടത്തിൽപ്പെട്ട ആംബുലൻസ് നീക്കം ചെയ്യുന്നതിനിടെയാണ് ഓയിൽ ചോർന്നത്. സംഭവത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ കാഞ്ഞിരക്കോട് വളവിലാണ് അപകടമുണ്ടായത്

"ജി. സുധാകരൻ അധികാരക്കൊതി മൂത്ത് ചെളിക്കുണ്ടിൽ, പൊതിച്ചോർ പദ്ധതിയെ അധിക്ഷേപിക്കരുത്"; വി. വസീഫ്

ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി. സുധാകരനെതിരെയും മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയും രൂക്ഷവിമർശനം. ജി. സുധാകരന്റെ നിലപാടുകളെയും അദ്ദേഹത്തിന്റെ കവിതകളെയും സമ്മേളനത്തിൽ വി.വസീഫ് കടുത്ത ഭാഷയിൽ പരിഹസിച്ചു. ജി. സുധാകരൻ നിരവധി കവിതകൾ എഴുതിയിട്ടുണ്ടെന്നും, എന്നാൽ "നിങ്ങളുടെ പൂച്ചയും പട്ടിയുമൊക്കെ അത് വായിച്ചത് കവിതയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് കരുതരുത്" എന്നും വി. വസീഫ് പറഞ്ഞു. ഡിവൈഎഫ്ഐയുടെ ഏറ്റവും ജനപ്രിയമായ 'പൊതിച്ചോർ' പദ്ധതിയെ അധിക്ഷേപിക്കാൻ സുധാകരൻ മുതിരരുതെന്നും, അധികാര കൊതി മൂത്ത് അദ്ദേഹം ഇപ്പോൾ ചെളിക്കുണ്ടിൽ വീണിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, കോൺഗ്രസ് നേതാക്കളെയും കെഎസ്‌യു നേതാക്കളെയും കാണാൻ മുഖ്യമന്ത്രിക്ക് സമയമില്ലെന്ന ആക്ഷേപവും സമ്മേളനത്തിൽ ഉയർന്നു വന്നു. 'എന്ത് കെഎസ്‌യു' എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. എന്നാൽ, പ്രതിപക്ഷ നേതാക്കളെ കാണാൻ വിമുഖത കാണിക്കുന്ന മുഖ്യമന്ത്രിക്ക് ആർഎസ്എസ് നേതാക്കളെ കാണാൻ കൃത്യമായി സമയമുണ്ടെന്നും, ആർഎസ്എസുകാരെ കാണാൻ വേണ്ടിയാണ് മുഖ്യമന്ത്രിക്ക് പവർക്കട്ട് ഏർപ്പെടുത്തിയിരിക്കുന്നത് എന്നും വസീഫ് പറഞ്ഞു.

'ഹിന്ദു ഐക്യവേദിയോട് കാണിച്ച അനുഭാവം കെഎസ്‌യുവിനോടും കാണിക്കാമായിരുന്നു'; മുഖ്യമന്ത്രിക്ക് വിമർശനം

കെഎസ്‌യു നേതാക്കൾക്ക് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചതിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് അനൂപ് വി.ആർ. ഹിന്ദു ഐക്യവേദിയോട് കാണിച്ച അനുഭാവ പൂർണമായ സമീപനം കെഎസ്‌യു നേതാക്കളോട് കാണിക്കേണ്ടതായിരുന്നു. എൻ ശേഷാദ്രിനാഥൻ്റെ നിയമനത്തിൽ പി.എം. നിയാസിനും കൂടിക്കാഴ്ച നിഷേധിച്ചെന്നും അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.

ഡീൻ കുര്യാക്കോസിനും വ്യാജ ഫോൺ കോൾ; മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം

പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരൻ എന്ന വ്യാജേന തനിക്കും ഫോൺ കോൾ വന്നിരുന്നതായി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള, തനിക്ക് താൽപ്പര്യമുള്ള ഒരു എംഎൽഎയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്നായിരുന്നു വിളിച്ചയാൾ നൽകിയ വാഗ്ദാനം.

ജൂലൈ പത്താം തീയതിയാണ് തനിക്ക് ഈ കോൾ വന്നതെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. സംസാരിച്ച രീതിയിൽ നിന്ന് തന്നെ ഇതൊരു വ്യാജ കോളാണെന്ന് തനിക്ക് ആദ്യം തന്നെ മനസ്സിലാക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഫോൺ കോൾ വന്നതിന് തൊട്ടുപിന്നാലെ തന്നെ ഇക്കാര്യം പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക ഓഫീസിനെ വിളിച്ച് അറിയിച്ചിരുന്നതായും എം.പി കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പേരിൽ കേരളത്തിലെ മറ്റ് കോൺഗ്രസ് ജനപ്രതിനിധികൾക്കും സമാനമായ രീതിയിൽ വ്യാജ ഫോൺ കോളുകൾ വന്ന സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയത്.

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി രക്ഷപ്പെട്ടയാൾ ഇരിട്ടിയിൽ ലഹരിക്കടത്തിൽ പിടിയിൽ

സൗദി അറേബ്യയിലെ കൊലക്കേസിൽ സന്നദ്ധ സംഘടനകൾ ലക്ഷങ്ങൾ മോചനദ്രവ്യം നൽകി ജയിൽ മോചിതനാക്കിയ മലയാളി ഇരിട്ടിയിൽ വൻ ലഹരിക്കടത്തുമായി പിടിയിലായി. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി. ഫസലുദ്ദീനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാൾ.

സൗദിയിൽ വെച്ച് മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തോളം ജയിലിലായിരുന്ന വ്യക്തിയാണ് ഫസലുദ്ദീൻ. തുടർന്ന് സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് സമാഹരിച്ച 80 ലക്ഷം രൂപ മോചനദ്രവ്യമായി നൽകിയാണ് ഇയാളെ ജയിൽ മോചിതനാക്കി നാട്ടിലെത്തിച്ചത്. ജയിൽ മോചിതനായി നാട്ടിലെത്തിയ ശേഷവും ഇയാൾ ലഹരി കടത്ത് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. മുൻപ് ബംഗളൂരു ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന സമയത്താണ് ഇയാൾ ലഹരി മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചതെന്നും, ഈ ബന്ധം ഉപയോഗിച്ചാണ് കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തിയിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

നെൽകൃഷിക്ക് കൂടുതൽ സഹായം പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി ടി. സിദ്ദിഖ്

കേന്ദ്ര പദ്ധതിയിൽ നെൽകൃഷിക്ക് കൂടുതൽ സഹായം. പ്രഗതി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയതായി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. മൈക്രോ ഇറിഗേഷൻ കൂടുതലുള്ള സംസ്ഥാന പട്ടികയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചു. കേന്ദ്ര ഡാറ്റ ബേസിൽ കേരളത്തിനും ആക്സസ് നൽകും. റബർ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തതിന് റോളർ വാങ്ങുന്നതിനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ട്രെയിനിൽ നിന്ന് യാത്രാക്കാരൻ്റെ ഫോൺ തട്ടിയെടുത്ത് ഓടി; മോഷ്ടാവ് പിടിയിൽ

ട്രെയിനിൽ നിന്ന് യാത്രക്കാരന്‍റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഇറങ്ങിയോടിയ മോഷ്ടാവ് പിടിയിൽ. മാടായി സ്വദേശി വിജുവാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിജുവിനെ പിടികൂടിയത്. കാസർകോട് സ്വദേശിയുടെ ഫോണാണ് മേഷണം പോയത്.

പവര്‍ കട്ടില്‍ 'നിഴല്‍ രൂപം' ഉണ്ടാക്കി അയക്കാം;  വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ വ്യത്യസ്ത സമരവുമായി ഡിവൈഎഫ്ഐ. പവർകട്ട് സമയത്ത് നിഴൽ രൂപങ്ങൾ ഉണ്ടാക്കി അയക്കുന്നവർക്ക് സമ്മാനം നൽകുമെന്നാണ് അറിയിപ്പ്. രണ്ട് പെട്ടി മെഴുകുതിരി ആണ് സമ്മാനം. DYFI കൂത്താളി മേഖലാ കമ്മിറ്റിയാണ് സമരം സംഘടിപ്പിക്കുന്നത്.

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു; പാണക്കാട് അടിയന്തര യോഗം വിളിപ്പിച്ച് മുസ്ലിം ലീഗ്

ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലിം ലീഗ് നേതൃത്വം. നാളെ രാവിലെ പാണക്കാട് വെച്ചാണ് യോഗം. മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. സ്റ്റാഫ് നിയമനവും പിഎം ശ്രീയും അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകും. വിവാദം ഒഴിവാക്കാൻ പാണക്കാട് ചായസത്കാരം എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചത്.

പുതുപ്പാടിയിൽ യുവാവിന് ക്രൂര മർദനം: പിതാവും മകനും പൊലീസ് പിടിയിൽ

പുതുപ്പാടിയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവും മകനും പൊലീസ് പിടിയിലായി. കുപ്പായക്കോട് സ്വദേശികളായ കക്കോടൻ സൽസു തോമസ്, കക്കോടൻ തോമസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മർദനമേറ്റ കുപ്പായക്കോട് സ്വദേശി ബെർണിഷ് മാത്യു (28) ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബെർണിഷ് മാത്യുവിന്റെ സുഹൃത്തും ബന്ധുവുമായ ബിനീഷ് എന്നയാളെ പ്രതികൾ നേരത്തെ മർദിച്ചിരുന്നു. ഇത് ബെർണിഷ് ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടർന്നുണ്ടായ തർക്കമാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചത്.

തിരുവനന്തപുരം മെഡി. കോളേജിൽ വൻ ഫണ്ട് തിരിമറി; പരാതി നൽകി സൂപ്രണ്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലക്ഷങ്ങളുടെ ഫണ്ട് തിരിമറി നടന്ന സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൽ ക്രിമിനൽ കേസ് എടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലാണ് സൂപ്രണ്ട് പരാതി സമർപ്പിച്ചത്.

ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് സൊസൈറ്റി നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് 46 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. ഫണ്ട് തിരിമറി വ്യക്തമാക്കുന്ന ഔദ്യോഗിക ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പും പരാതിയോടൊപ്പം സൂപ്രണ്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

സെൻസസ് ഡ്യൂട്ടിക്കെത്തിയ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു

കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരിൽ സെൻസസ് ഡ്യൂട്ടിക്കായി എത്തിയ സ്കൂൾ അധ്യാപികയ്ക്ക് വളർത്തുനായയുടെ ക്രൂരമായ ആക്രമണത്തിൽ പരിക്കേറ്റു. കീഴരിയൂർ കണ്ണോത്ത് സ്കൂളിലെ അധ്യാപികയായ ഹഫീദയ്ക്കാണ് കടിയേറ്റത്.

വിവരശേഖരണത്തിന്റെ ഭാഗമായി അധ്യാപിക വീട്ടിലെത്തിയ സമയത്ത്, വീട്ടുകാർ മുൻവാതിൽ തുറന്നതോടെ അകത്തുനിന്ന് ഓടിയെത്തിയ വളർത്തുനായ അധ്യാപികയെ ആക്രമിച്ച് കടിക്കുകയായിരുന്നു. കടിയേറ്റ ഉടൻ തന്നെ ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

'കേരളത്തിലെ ജനം മുഴുവൻ ഭക്ഷിക്കുന്നത് വൈദ്യുതിയാണോ?'; മന്ത്രി സണ്ണി ജോസഫിനെ പരിഹസിച്ച് എം.എം. മണി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മന്ത്രി സണ്ണി ജോസഫിന് മറുപടിയുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. കേരളത്തിൽ വൈദ്യുതി ഉപഭോഗം എങ്ങനെയാണ് ഇത്രയധികം കൂടിയതെന്ന് എം.എം. മണി ചോദിച്ചു. "കേരളത്തിലെ ജനം മുഴുവൻ ഭക്ഷിക്കുന്നത് വൈദ്യുതിയാണോ?" എന്ന് അദ്ദേഹം പരിഹസിച്ചു. ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക പ്രതികരണത്തിലാണ് അദ്ദേഹം മന്ത്രിയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ചത്.

നിലവിലെ വൈദ്യുതി മന്ത്രിക്കും മുഖ്യമന്ത്രിക്കും യാതൊരുവിധ ദീർഘവീക്ഷണവുമില്ല. നിലവിൽ സംസ്ഥാനത്ത് ആവശ്യമായതിന്റെ 40 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി വൈദ്യുതി പുറത്തുനിന്ന് എത്തിക്കണം. മുൻപ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പലവിധ കരാറുകൾ ഉണ്ടാക്കിയാണ് സംസ്ഥാനത്ത് സമ്പൂർണ്ണ വൈദ്യുതിവൽക്കരണം നടപ്പാക്കിയത്. പ്രതിസന്ധി പരിഹരിക്കാൻ താപനിലയങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി സർക്കാർ അടിയന്തരമായി ദീർഘകാല കരാറുകൾ ഉണ്ടാക്കണമെന്നും എം.എം. മണി ആവശ്യപ്പെട്ടു.

പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി വീട്ടിലെത്തും; എച്ച്പിസിഎല്ലുമായി കരാർ

പാചകവാതക സിലിണ്ടറുകൾ ഇനിമുതൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി വീട്ടിലെത്തും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സ്വിഗ്ഗി കരാർ ഒപ്പിട്ടു. എച്ച്പിസിഎല്ലിൻ്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴിയാണ് വിതരണം നടത്തുന്നത്. ആദ്യത്തെ ഓർഡറിന് തിരിച്ചറിയൽ രേഖാ പരിശോധന നിർബന്ധമാണ്. അതേസമയം സിലിണ്ടറുകളുടെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

തൃണമൂലിൽ വീണ്ടും രാജി; രാജ്യസഭാംഗം കോയൽ മല്ലിക് രാജിവെച്ചു

തൃണമൂൽ കോൺഗ്രസിൽരാജി പരമ്പര തുടരുന്നു. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗമായ പ്രമുഖ നടി കോയൽ മല്ലിക് എം.പി സ്ഥാനം രാജിവെച്ചു. തൻ്റെ രാജിക്കത്ത് അവർ രാജ്യസഭാ ചെയർമാന് കൈമാറിയിട്ടുണ്ട്.

സമീപകാലത്തായി തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെക്കുന്ന നാലാമത്തെ രാജ്യസഭാ എംപിയാണ് കോയൽ മല്ലിക്. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതകളെത്തുടർന്നാണ് രാജിയെന്നാണ് സൂചന. എം.പിമാരുടെ തുടർച്ചയായ രാജി തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ടാൽറോപ്പ് കൂട്ടപ്പിരിച്ചുവിടൽ: ചർച്ച പരാജയം

പ്രമുഖ ഐ.ടി കമ്പനിയായ ടാൽറോപ്പിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയപ്പെട്ടു. ഇതേത്തുടർന്ന് വരുന്ന തീയതി വീണ്ടും യോഗം വിളിക്കാൻ ലേബർ കമ്മീഷൻ തീരുമാനിച്ചു. അടുത്ത ചർച്ചയിൽ കമ്പനി ഉടമ നിർബന്ധമായും പങ്കെടുക്കണമെന്ന് കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.

ജീവനക്കാരുടെ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നാണ് പ്രധാന ആവശ്യം. ആനുകൂല്യങ്ങൾ നൽകുന്നതിനായി കമ്പനിക്ക് കൂടുതൽ സാവകാശം അനുവദിക്കാൻ തയ്യാറാണെങ്കിലും, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക ഉടൻ തന്നെ നൽകണമെന്ന നിലപാടിലാണ് ജീവനക്കാർ. നിലവിലെ സാഹചര്യത്തിൽ കമ്പനിയിൽ ജോലിയിൽ തിരികെ പ്രവേശിക്കാൻ ജീവനക്കാർക്ക് താൽപ്പര്യമില്ല. ഇതിനോടകം തന്നെ പല ജീവനക്കാരും മറ്റ് ജോലികൾ തേടിത്തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന 25-ാം തീയതിയിലെ ചർച്ചയും പരാജയപ്പെടുകയാണെങ്കിൽ കമ്പനിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.

കടത്തനാട് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്: അന്വേഷണം കൂടുതൽ പ്രതികളിലേക്ക് വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച്

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. കേസിന്റെ ഭാഗമായി പിടിയിലായ ഒന്നാം പ്രതി പ്രീന, മുഖ്യപ്രതി റിനീഷ് എന്നിവരെ നേരിട്ടെത്തിച്ച് അന്വേഷണസംഘം വിശദമായ തെളിവെടുപ്പ് നടത്തി.

വടകരയിലെ സൊസൈറ്റി ഓഫീസിലും ഒന്നാം പ്രതി പ്രീനയുടെ വീട്ടിലുമെത്തിച്ചാണ് ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക തെളിവുകൾ ശേഖരിച്ചത്. പ്രതികളെ നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിരലടയാളം ഉൾപ്പെടെയുള്ള സുപ്രധാന ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സൊസൈറ്റിയിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടിൽ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാൻ ഇവരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

മ്യാൻമറിൽ ബോട്ട് മുങ്ങി 500ലേറെ മരണം

മ്യാൻമാർ തീരത്ത് ബോട്ട് മുങ്ങി വൻ ദുരന്തം. അഭയാർഥി ബോട്ടുങ്ങൾ മുങ്ങി അഞ്ഞൂറോളം പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ടത് റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ. ഒരു ബോട്ടിൽ 250 പേരും, മറ്റൊന്നിൽ 280 യാത്രികരുണ്ടായിരുന്നതായി യുഎൻ ഏജൻസിയുടെ റിപ്പോർട്ട്.

എസ്ഐടി സംഘം ദേവസ്വം ആസ്ഥാനത്ത്

ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എസ്ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തിയത്.

പൊലീസ് സംഘത്തെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പൊലീസ് സംഘത്തെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. എസ്ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്. നടരാജ ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി സനൂദജിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ആണ് ആക്രമണം. കൈയ്ക്ക് ഗുരുതര പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബദരീനാഥിൽ മോഷണത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ

ബദരീനാഥ് ക്ഷേത്രത്തിൽ കൂടുതൽ മോഷണം നടന്നതിന് തെളിവായി സിസിടിവി ദൃശ്യങ്ങൾ. ജൂൺ 25 മുതൽ 29 വരെയുള്ള ദൃശ്യങ്ങളിൽ കൂടുതൽ പേർ മോഷണം നടത്തിയതായി വ്യക്തമാണ്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എസ്ഐടി, കൂടുതൽ പേരെ ചോദ്യം ചെയ്യും.

സോനം വാങ്ചുകിന് പിന്തുണയുമായി പിണറായി

കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന സോനം വാങ്ചുക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വാങ്‌ചുക്കിന്റെ ആരോഗ്യനില ഗുരുതരമാകുന്നതിൽ ആശങ്കയെന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥികളുടെ കണ്ണീരിനോട് മാത്രമല്ല, പോരാളിയുടെ ജീവനോടും കേന്ദ്ര സർക്കാരിന് അവഗണനയെന്നും പിണറായി വിജയൻ.

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് സിപിഐഎം

വഖഫ് ബോർഡ് പുനഃസംഘടനയിൽ യുഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിച്ചെന്ന് സിപിഐഎം. ബിജെപി നേതാവിന്റെ ഹർജിക്ക് പിന്നാലെ പുനഃസംഘടനയ്ക്ക് സമ്മതിച്ചത് സംഘപരിവാർ അജണ്ട നടപ്പാക്കൽ. അധികാരത്തിൽ എത്തിയതിന് പിന്നാലെ യുഡിഎഫ്, ബിജെപി അനുകൂല നിലപാടിലേക്ക് മാറിയത് എന്ത് ഡീലിന്റെ ഭാഗം എന്നും ചോദ്യം. മുസ്ലീം ലീഗ് ഇത് അംഗീകരിക്കുന്നുണ്ടോ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

12 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

Source: News Malayalam 24x7

തിരുവനന്തപുരം മൃഗശാലയിൽ 12 വർഷങ്ങൾക്ക് ശേഷം കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കുർ ഇനത്തിലുള്ള കരിങ്കുരങ്ങിനാണ് കുഞ്ഞുണ്ടായത്. പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന വംശനാശം നേരിടുന്ന വർഗമാണിത്.

വഖഫ് ബോർഡ് പുനഃസംഘടന: സർക്കാർ ബിജെപിയുടെ ഹർജിക്ക് കുടപിടിക്കുന്നുവെന്ന് സമസ്ത

വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാർ ബിജെപിയുടെ ഹർജിക്ക് കുടപിടിക്കുകയാണെന്ന് സമസ്ത വിമർശിച്ചു. സർക്കാർ അഭിഭാഷകർ ഏറ്റെടുത്തത് ആരുടെ വക്കാലത്ത് ആണെന്ന് സത്താർ പന്തല്ലൂർ ചോദിച്ചു. ആരുടെ താൽപര്യം സംരക്ഷിക്കാനാണ് സർക്കാർ നീക്കമെന്നും സത്താർ പന്തല്ലൂർ.

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തിക്കും തിരക്കും; ഒരു മരണം

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇരുന്നൂറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രഥയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്.

വി.ഡി. സതീശനെതിരെ വമ്പൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് എൻഎസ്എസ്

മുഖ്യമന്ത്രി വി.ഡി. സതീശന് എതിരെ തിരുവനന്തപുരത്ത് വമ്പൻ പ്രതിഷേധമാർച്ച് സംഘടിപ്പിച്ച് എൻഎസ്എസ്. താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ആണ് പ്രതിഷേധം. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രകടനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുകുമാരൻ നായർക്ക് എതിരെ അപവാദപ്രചാരണങ്ങൾ നടക്കുന്നെന്ന് നേതൃത്വം അറിയിച്ചു.

കാസർഗോഡ് ഗവ. കോളേജിൽ റാഗിംഗ്

കാസർഗോഡ് ഗവൺമെന്റ് കോളേജിൽ റാഗിംഗ്. ഒന്നാം വർഷ വിദ്യാർഥി റാഗിങ്ങിനിരയായി. വിദ്യാർഥിയുടെ പരാതിയിൽ രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർഥികളായ 13 പേരെ സസ്പെൻഡ് ചെയ്തു.

45 മിനിറ്റ് കൊണ്ട് ലക്ഷദ്വീപിലെത്താം; സീ പ്ലെയിൻ സർവീസ് ഈ മാസം 19 മുതൽ

കൊച്ചി - ലക്ഷദ്വീപ് സീ പ്ലെയിൻ സർവീസ് ഞായറാഴ്ച (ജൂലൈ 19) ആരംഭിക്കും. 20 മുതലായിരിക്കും സാധാരണ സർവീസ് ആരംഭിക്കുക. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവാണ് സീ പ്ലെയിൻ പദ്ധതി ഉദ്ഘാടനം ചെയ്യുക. പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയാണ് സീ പ്ലെയിൻ സർവീസ് ആരംഭിക്കുന്നത്.

ഇന്നും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രിയിൽ പീക്ക് സമയത്ത് നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ബി അറിയിച്ചു. ഇന്ന് മുൻ ദിവസങ്ങളേക്കാൾ 500 മെഗാവാട്ട് വരെ ഉപഭോഗം കൂടിയേക്കാം എന്നാണ് കണക്കുകൂട്ടൽ.

സർക്കാർ പ്ലീഡർ നിയമനം: കെഎസ്‌യു നേതൃത്വത്തിൻ്റെ വിമർശനത്തെ പിന്തുണച്ച് ജിൻ്റോ ജോൺ

സർക്കാർ പ്ലീഡർ നിയമനങ്ങൾക്ക് എതിരായ കെഎസ്‌യു നേതൃത്വത്തിൻ്റെ വിമർശനത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതിരൂക്ഷ വിമർശനമാണ് ജിൻ്റോ ജോൺ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്. പെരുച്ചാഴികൾ സാഹചര്യത്തിൻ്റെ ആനുകൂല്യം പറ്റി പ്രതിച്ഛായ നിർമിച്ച് മുന്നേറും. വന്ന വഴികളും കൈ പിടിച്ച മനുഷ്യരും അവർക്ക് വെറും ചവിട്ടുപടികൾ മാത്രമാണ്. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നതാണ് അവരുടെ ശീലം. എത്ര പുസ്തകം വായിച്ചു, എത്ര ഉത്തരങ്ങൾ കാണാതെ പഠിച്ചെഴുതി എന്നതിലൊന്നുമല്ല കാര്യം - എന്നുതുടങ്ങി സതീശനെതിരെ കഠിന വിമർശനങ്ങളുടെ കെട്ടഴിച്ചിടുകയാണ് ജിൻ്റോ ജോൺ.

പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ

പത്തനംതിട്ടയിൽ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ. സമയം തെറ്റിച്ച് സർവീസ് നടത്തിയെന്ന് ആരോപിച്ച് ആണ് പ്രതിഷേധം. ചുങ്കപ്പാറ-മല്ലപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടസി ബസ് ആണ് വഴിയിൽ തടഞ്ഞിട്ടത്. കോട്ടയത്ത് നിന്നും റാന്നിയിലേക്ക് ഓടുന്ന ധന്യ ബസിന്റെ ജീവനക്കാർ ആണ് പ്രതിഷേധിച്ചത്.

ഭക്ഷണം വിതരണം ചെയ്യാൻ വിദ്യാർഥികളെ നിയോഗിക്കരുത്

സ്കൂളുകളിലെ പരിപാടികളിൽ ഭക്ഷണം വിതരണം ചെയ്യാൻ വിദ്യാർഥികളെ നിയോഗിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറിന്റെ നിർദ്ദേശം. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ അന്തസിനും അവകാശങ്ങൾക്കും വിരുദ്ധമാണ് എന്ന് ഉത്തരവിൽ പറയുന്നു.

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കെ. ഇൻബശേഖറിന് സാംസ്കാരിക വകുപ്പ് ഡയറക്ടറായി നിയമനം. മിൻഹജ് ആലത്തിന് കയർ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല. എസ് പ്രേം കൃഷ്ണന് വാട്ടർ അതോറിറ്റി എംഡിയായും നിയമനം.

വിക്സിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിനെതിരെ കേരളത്തിലെ എംപിമാരുടെ പിന്തുണ തേടി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ

കേന്ദ്ര സർക്കാരിന്റെ വിക്സിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിന് എതിരെ കേരളത്തിലെെ എംപിമാരുടെ പിന്തുണ തേടി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാർക്ക് മന്ത്രി കത്ത് അയച്ചു. ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളെ ദുർബലപ്പെടുത്തുന്നതെന്നാണ് മന്ത്രി കത്തിൽ പറയുന്നത്.

എൻഎസ്എസ് പ്രകടനത്തിനിടെ പ്രതിഷേധവുമായി യാത്രക്കാരി

എൻഎസ്എസ് പ്രകടനത്തിനിടെ തിരുവനന്തപുരം നഗരത്തിൽ ഗതാഗത സ്തംഭനം ഉണ്ടായതിൽ രോഷം കൊണ്ട് യാത്രക്കാരി. പൊലീസിനോട് അടക്കം പെൺകുട്ടി കയർത്തു.

അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. വടശ്ശേരിക്കോണം സ്വദേശികളായ അനിൽകുമാർ, മകൻ അച്ചു എന്നിവരാണ് ആക്രമണത്തിനിരയായത്. ഇരുവരെയും നഗരൂരിലെ ആളൊഴിഞ്ഞ വീട്ടിൽ തടങ്കലിലാക്കി മർദിച്ച നിലയിൽ കണ്ടെത്തി.

എഫ്സിആർഎ ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്രനീക്കം

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ എഫ്സിആർഎ ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്ര നീക്കം. ലോക്സഭ സെക്രട്ടേറിയറ്റ് എഫ്സിആർഎ അടക്കം ഏഴ് ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ആണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.

നീറ്റ് യു‌ജി ഫലം പ്രഖ്യാപിച്ചു

നീറ്റ് യു‌ജി പരീക്ഷാഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പേർ യോഗ്യത നേടി. യോഗ്യത നേടിയതിൽ 58 ശതമാനവും പെൺകുട്ടികളാണ്. പഞ്ചാബിലെ ആര്യൻ ഗുപ്തയും ഹരിയാനയിലെ പൻഷുൽ ബൻസാലും 715 സ്കോറുകൾ നേടി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി.

വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം : neet.nta.nic.in

News Malayalam 24x7
newsmalayalam.com