തൃശൂർ: വീണ്ടും മരണക്കെണി ഒരുക്കി താറുമാറായ റോഡുകൾ. അയ്യന്തോൾ കർഷക നഗറിൽ റോഡിലെ കുഴിയിൽ വീഴാതെ ബൈക്ക് വെട്ടിച്ചു മാറ്റാൻ ശ്രമിച്ച യുവാവിന് പിന്നാലെ എത്തിയ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. എൽതുരുത്ത് സ്വദേശിയായ 24 വയസ്സുകാരൻ ഏബലാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി എത്തി റോഡ് ഉപരോധിച്ച കോൺഗ്രസ് - ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വിഷയത്തിൽ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി.
രാവിലെ ഒൻപതേകാലോടെയാണ് അയ്യന്തോൾ കർഷക നഗറിന് സമീപം കുറിഞ്ഞാക്കൽ ജംഗ്ഷനിൽ അപകടം സംഭവിക്കുന്നത്. കുന്നംകുളം ഫെഡറൽ ബാങ്ക് ബ്രാഞ്ചിലെ അസിസ്റ്റൻറ് മാനേജരായ തൃശ്ശൂർ എൽതുരുത്ത് സ്വദേശി ഏബൽ ചാക്കോ പോളാണ് അപകടത്തിൽപ്പെട്ട് സംഭവ സ്ഥലത്ത് തൽക്ഷണം മരിച്ചത്. ഓഫീസിലേക്കുള്ള യാത്രയ്ക്കിടെ കുറിഞ്ഞാക്കൽ ജംഗ്ഷനിലെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ഏബൽ ബൈക്ക് വെട്ടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ എത്തിയ സ്വകാര്യ ബസ് യുവാവിന്റെ ബൈക്കിൽ തട്ടുകയും നിയന്ത്രണം തെറ്റി റോഡിൽ വീണ ഏബലിൻ്റെ മുകളിലൂടെ കയറിയിറങ്ങുകയും ആയിരുന്നു. നാട്ടുകാരും പോലീസും ചേർന്ന് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ കോൺഗ്രസ് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി അപകട സ്ഥലത്തെത്തി. ഒരു മണിക്കൂറോളം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇരു പാർട്ടികളും മേയർ എം കെ വർഗീസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് വൻ ഗതാഗത കുരുക്ക് ആണ് തൃശ്ശൂർ - അയ്യന്തോൾ റോഡിൽ ഉണ്ടായത്. പ്രശ്നത്തിന് പരിഹാരം കാണാതെ ഉപരോധസമരം അവസാനിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ തീരുമാനിച്ചതോടെ പോലീസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി.
ഒരു മാസത്തിനിടയിൽ റോഡിലെ കുഴിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടക്കുന്ന രണ്ടാമത്തെ വാഹനാപകടമാണ് കുറിഞ്ഞിക്കലിലേത്. രണ്ട് അപകടങ്ങളിലും മരണവുമുണ്ടായി. റോഡപകട മരണങ്ങളിൽ ജനകീയ പ്രതിഷേധം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് വിഭാഗത്തോട് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. അപകടങ്ങൾ തുടർക്കഥയായതോടെ വരും ദിവസങ്ങളിൽ പ്രത്യക്ഷ സമരപരിപാടികൾ ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.