സംസ്ഥാനത്ത് വിജിലന്‍സ് കേസുകളില്‍ മുന്നില്‍ തദ്ദേശസ്വയംഭരണ വകുപ്പ്; അന്വേഷണം നേരിടുന്നത് 41 ഉദ്യോഗസ്ഥര്‍

റവന്യൂ, സഹകരണ വകുപ്പുകളാണ് തൊട്ടു പിന്നില്‍
സംസ്ഥാനത്ത് വിജിലന്‍സ് കേസുകളില്‍ മുന്നില്‍ തദ്ദേശസ്വയംഭരണ വകുപ്പ്; അന്വേഷണം നേരിടുന്നത് 41 ഉദ്യോഗസ്ഥര്‍
Published on
Updated on

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍പിലുള്ള ആദ്യ പത്ത് വകുപ്പുകളില്‍ ഒന്നാം സ്ഥാനത്താണ് തദ്ദേശസ്വയംഭരണ വകുപ്പ്. അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവില്‍ 41 അന്വേഷണങ്ങളാണ് നടക്കുന്നത്.

റവന്യൂ, സഹകരണ വകുപ്പുകളാണ് തൊട്ടു പിന്നില്‍. 26 വീതം അന്വേഷണങ്ങള്‍ ഇരു വകുപ്പുകളിലും പുരോഗമിക്കുന്നുണ്ട്. 15 വിജിലന്‍സ് കേസുകളുമായി പൊതുമരാമത്ത് വകുപ്പാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. വനം വകുപ്പ്, പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. ഇരു വകുപ്പുകളിലുമായി 11 വിജിലന്‍സ് അന്വേഷണങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍.

മൈനിങ് ആന്റ് ജിയോളജി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളില്‍ നാല് വീതവും വ്യവസായം ഫിഷറീസ് വകുപ്പുകളില്‍ മൂന്ന് വീതവും ബിവറേജസ് കോര്‍പ്പറേഷന്‍, ഇലക്ട്രിസിറ്റി ബോര്‍ഡ് ജലവകുപ്പ്, വഖഫ് ബോര്‍ഡ്, ട്രഷറി എന്നിവിടങ്ങളില്‍ രണ്ട് വീതവും വിജിലന്‍സ് അന്വേഷണങ്ങളും നടക്കുന്നു.

മറ്റ് വിവിധ വകുപ്പുകളിലാണ് 23 വിജിലന്‍സ് കേസുകളാണ് എടുത്തിട്ടുള്ളത്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ മാത്രം 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അഴിമതിയെ തുര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ബോര്‍ഡര്‍ ചെക്ക് പോസ്റ്റിന്റെ രാത്രികാല പ്രവര്‍ത്തനം നിര്‍ത്തി.

അതേസമയം ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെട്ടതിന്റെ ഭാഗമായാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ വാദം. ഇതുകടാതെ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും സംസ്ഥാന വിജിലന്‍സ് നടപടിയെടുത്തതായും രേഖകള്‍ വ്യക്തമാക്കുന്നു.

ആര്‍പിഎഫ്, സെന്‍ട്രല്‍ ജിഎസ്ടി, കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കെതിരെയും ഈ സര്‍ക്കാരിന്റെ കാലത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com