
യന്ത്ര തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 യുടെ അറ്റകുറ്റപ്പണികള്‍ക്കായി വിദഗ്ധസംഘം എത്തി. 17 അംഗസംഘമാണ് അറ്റ്‌ലസ് ZM 417 എന്ന യുദ്ധ വിമാനത്തില്‍ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയത്. എഫ്-35 വിമാന നിര്‍മ്മാണ കമ്പനിയിലെ 8 വിദഗ്ധരും സംഘത്തില്‍ ഉണ്ട്.
എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ വിദഗ്ധസംഘം വിമാനം പരിശോധിക്കും. ശേഷം ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷന്‍ അറിയിച്ചു. തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ ചിറകുകള്‍ ഇളക്കി മാറ്റിയശേഷം ബ്രിട്ടീഷ് വ്യോമസേനയുടെ കൂറ്റന്‍ വിമാനമായ ഇ-17 ഗ്ലോബ് മാസ്റ്ററില്‍ തിരികെ കൊണ്ടു പോകാനാണ് ശ്രമം.
കഴിഞ്ഞമാസം 14 നാണ് അറബിക്കടലിലെ സൈനിക അഭ്യാസത്തിന് എത്തിയ 'എച്ച്.എം. എസ്. പ്രിന്‍സ് ഓഫ് വെയില്‍സ്' എന്ന യുദ്ധക്കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന എഫ്-35 ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടര്‍ന്ന യുദ്ധവിമാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആദ്യമെത്തിയ വിദഗ്ധര്‍ക്ക് സാധിച്ചിരുന്നില്ല. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രതിരോധ വകുപ്പിന്റെ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം വിമാനം വിട്ടയയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, വിമാനം ഇപ്പോഴും തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമാണ് എഫ് 35 ബി.