കോഴിക്കോട്: സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മര്‍ദിച്ച കേസില്‍ കോടതി ശിക്ഷിച്ച ഡിവൈഎസ്പിയെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി പി.എം. മനോജിനെതിരെയാണ് ആഭ്യന്തര വകുപ്പ് നടപടി. സസ്പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.
2011ല്‍ പി.എം. മനോജ് വടകര എസ്ഐ ആയിരിക്കുമ്പോഴാണ് സംഭവം. ഒരു പരാതിയുമായി ബന്ധപ്പെട്ട സ്റ്റേഷനിൽ എത്തിയ ആളെ മനോജ് മര്‍ദിക്കുകയും അന്യായമായി ലോക്കപ്പിലിടുകയുമായിരുന്നു. സ്റ്റേഷനിൽ എത്തിയ സിപിഐ പ്രാദേശിക നേതാവിനായിരുന്നു മർദ്ദനമേറ്റത്. ഈ സംഭവത്തിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മനോജിന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു.