
ആലപ്പുഴ സമ്മേളനത്തിൽ ഒരു പെൺകുട്ടി വിഎസിന് ക്യാപിറ്റല്‍ പണിഷ്മെൻ്റ് കൊടുക്കണമെന്ന് പറഞ്ഞുവെന്ന സുരേഷ് കുറുപ്പിൻ്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് ചിന്താ ജെറോം. ആലപ്പുഴ സമ്മേളനത്തിലോ ചർച്ചയിലോ അത്തരം പരാമർശം ഉണ്ടായിട്ടില്ല. ഇത് മാധ്യമ സൃഷ്ടി മാത്രമാണ്. നേരത്തെ ആ വ്യാജ പ്രചരണങ്ങള്‍ നടന്നിരുന്നു. ഇപ്പോള്‍ വിമര്‍ശനം ഉയര്‍ത്തി കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. പൂര്‍ണമായും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. സുരേഷ് കുറുപ്പിൻ്റെ ആരോപണത്തിൽ പാർട്ടി നേതൃത്വം വിശദീകരിക്കട്ടെയെന്നും ചിന്താ ജേറോം പ്രതികരിച്ചു.
മാതൃഭൂമി പത്രത്തിലെ വാരാന്ത്യ പതിപ്പില്‍ വന്ന ലേഖനത്തിലായിരുന്നു മുന്‍ എംഎല്‍എയും സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ സുരേഷ് കുറിപ്പിന്റെ പരാമര്‍ശം. വിഎസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന വിവാദ പരാമര്‍ശം ആലപ്പുഴയില്‍ വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ചത് ഒരു 'കൊച്ചു പെണ്‍കുട്ടി'യാണെന്നാണ് അദ്ദേഹം പറഞ്ഞത്.
'അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ടു പുറത്തേക്കിറങ്ങി. ഏകനായി. ദുഃഖിതനായി. പക്ഷേ, തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്ന് വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല', എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.