ഡൽഹി: സിഎംആർഎൽ-എക്സാലോജിക് കേസിൽ അപ്പീൽ അനുമതി നിഷേധിച്ച ഹൈക്കോടതി വിധിക്ക് എതിരെ പിണറായി വിജയൻ സുപ്രീംകോടതിയിൽ. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവച്ചതോടെ ആണ് പിണറായിയുടെ തിരക്കിട്ട നീക്കം. ഹർജി അവധിക്കാല ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ച് അറിയിച്ചു.
സിഎംആർഎൽ എക്സാലോജിക് പണമിടപാട് കേസിൽ വിജിലൻസ് കേസെടുത്തതിന് എതിരായ അപ്പീൽ അനുമതിക്ക് എതിരെയാണ് പിണറായി വിജയൻ സുപ്രിം കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ചും ശരിവച്ചതോടെയായിരുന്നു പിണറായിയുടെ തിരക്കിട്ട നീക്കം. ഉത്തരവ് ബാധിക്കപ്പെടുന്ന വ്യക്തിക്ക് അപ്പീലിന് അവകാശമുണ്ടെന്നും നിയമപരമായ പരിഹാരം നിഷേധിക്കാന്‍ ഡിവിഷന് ബെഞ്ചിന് കഴിയില്ലെന്നുമായിരുന്നു പിണറായി വിജയൻ്റെ വാദം. അന്വേഷണത്തിന് ഉത്തരവിടും മുന്‍പ് പൊതുപ്രവര്‍ത്തകൻ്റെ ഭാഗം കേള്‍ക്കണം. ഇ.ഡി വിവരങ്ങളില്‍ കുറ്റകൃത്യം വെളിപ്പെടുന്നില്ല. മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നിര്‍ദേശം. ഹര്‍ജിക്കാരനായ കെ.എം. ഷാജഹാന് സംഭവത്തിലെ ഇരയോ പരാതിക്കാരനോ അല്ല. പൊതുതാല്പര്യ സ്വഭാവമുള്ള ഹര്‍ജി അധികാരമില്ലാത്ത ബെഞ്ചാണ് പരിഗണിച്ചത്. ഡിവിഷന് ബെഞ്ച് കേസിൻ്റെ മെറിറ്റിലേക്ക് കടന്ന് തീര്‍പ്പ് കല്പ്പിച്ചുവെന്നു പിണറായി ഹർജിയിൽ വാദിക്കുന്നു. ഹർജി അവധിക്കാല ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിൻ്റെ ബഞ്ച് അറിയിച്ചു. അടുത്ത ആഴ്ച ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചന.
അതേസമയം, സിഎംആർഎൽ കേസിൽ പിണറായിയേയും കുടുംബത്തേയും വഴിവിട്ട് സഹായിക്കാൻ സർക്കാർ നീക്കമെന്ന പരസ്യവിമർശനവുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ ഇതിനിടെ എത്തി. ഉമ്മൻ ചാണ്ടി നീതിമാനായിരുന്നു എന്ന് ഒരായിരം വട്ടം പ്രസംഗിച്ചവർ അതെല്ലാം മറന്നു പോയെന്ന് ജിൻ്റോ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. പിണറായി വിജയന്റെ മൂന്ന് അന്വേഷണ ടീമുകൾ തെളിവില്ലെന്ന് പറഞ്ഞിട്ടും, വിശ്വാസ്യത തരിമ്പുമില്ലാത്ത സരിതയുടെ കത്തെഴുതി വാങ്ങി ഉമ്മൻചാണ്ടിക്കെതിരെ സിബിഐ അന്വേഷണം പിണറായി ഭരണകാലത്ത് ശുപാർശ ചെയ്തിരുന്നു. ആ നീതിനിഷേധം മറക്കാനുള്ള പ്രായമായോ നേതാക്കളേ എന്നാണ് ജിൻ്റോയുടെ വിമർശനം. പ്രതിപക്ഷ നേതാക്കളായിരുന്ന വി.ഡി. സതീശനും രമേശ് ചെന്നിത്തലയും പറഞ്ഞ നിലപാടുകൾ ആയിരമാവർത്തി ഏറ്റുപറഞ്ഞ് തൊണ്ടപൊട്ടിയ കോൺഗ്രസുകാരുടെ ശിരസ് കുനിയുന്ന മറവികൾ ഉണ്ടായിക്കൂടാ എന്നും ജിൻ്റോ.
സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടതും എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരിനറിയാം എന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ രൂക്ഷപ്രതികരണവും ഡിവിഷൻ ബെഞ്ച് വിധി വന്നതിന് പിന്നാലെ വാർത്തയായിരുന്നു.