ഉപതെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നതിനിടെയിലും നിലമ്പൂരിൽ രാഷ്ട്രീയ ചർച്ചകൾ സജീവമാണ്. സിപിഐഎം-ആർഎസ്എസ് ബന്ധത്തിൽ ആരോപണ, പ്രത്യാരോപണങ്ങളുമായി എൽഡിഎഫ്-യുഡിഎഫ് നേതാക്കൾ കളം നിറഞ്ഞു. എം.വി. ഗോവിന്ദൻ്റെ ആർഎസ്എസ് അനുകൂല പ്രസ്താവന നാക്കു പിഴയല്ലെന്നും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയത് പ്രീണന പ്രസ്താവനയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
സിപിഎം ആർഎസ്എസ് ബന്ധം ഉണ്ടായിരുന്നു എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നായിരുന്നു വി.ഡി. സതീശൻ പറഞ്ഞത്. ഒരു ബന്ധവും ഇല്ലെങ്കിൽ രാജീവ് ഗാന്ധിക്കെതിരെ 1989ൽ എങ്ങനെ ഒരുമിച്ച് പ്രചാരണം നടത്തിയെന്നും വിഡി സതീശൻ. ചോദിച്ചു. കൂത്തുപറമ്പിൽ പിണറായി വിജയൻ ജയിച്ചത് ആർഎസ്എസ് വോട്ടുകൊണ്ടെന്ന് രമേശ് ചെന്നിത്തലയും ആവർത്തിച്ചു. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അതേസമയം, ആർഎസ്എസ് വിവാദത്തിൽ എം.വി. ഗോവിന്ദന് ഏതെങ്കിലും പിശക് സംഭവിച്ചതായി കരുതുന്നില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ്റെ പ്രതിരോധം. തെരഞ്ഞെടുപ്പിൻ്റെ തലേ ദിവസം വിവാദം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ആർഎസ്എസിനെ കുറിച്ചുള്ള അഭിപ്രായങ്ങളിൽ മാറ്റമില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും യുഡിഎഫിനൊപ്പമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ഇടതുമുന്നണിക്കെതിരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ സഖ്യമുണ്ട്. ഇടതിനെ തോൽപ്പിക്കാൻ യുഡിഎഫ് ആരുമായും കൂട്ടുകൂടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതിനിടെ അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി. പ്രകാശിൻ്റെ കുടുംബം ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തില്ല എന്ന തരത്തിൽ സൈബറിടങ്ങളിൽ പ്രചാരണമുണ്ടായി. അച്ഛൻ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന് വി.വി. പ്രകാശിൻ്റെ മകൾ ഫേസ് ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തതും ചർച്ചയായി. അതോടൊപ്പം നിലമ്പൂരിൽ പോളിങ് ദിവസം ബിജെപി നേതാക്കൾ പൂർണമായും വിട്ടുനിന്നതും ശ്രദ്ധേയമായി.