കടബാധ്യത സർക്കാർ എഴുതി തള്ളിയിട്ടും റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയിൽ തീരാദുരിതത്തിലാണ് തൃശൂർ കുന്നംകുളം ചൊവ്വന്നൂർ സ്വദേശി തങ്കമണിയും മകനും. മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഇടപെട്ടിട്ടും നീതി ലഭിക്കാതെ കടത്തിന് മുകളിൽ കടം കയറി 30 വർഷമായി നിയമപോരാട്ടം തുടരുകയാണ് രോഗബാധിതരായ അമ്മയും മകനും മാത്രമടങ്ങുന്ന നിർധന കുടുംബം.
1991ൽ കേരള ഹൗസിംഗ് ബോർഡിൽ നിന്നും ചൊവ്വന്നൂർ സ്വദേശി തങ്കമണിയുടെ ഭർത്താവ് എസ്.ഐ. ബേബി 9000 രൂപ കടമെടുത്തിരുന്നു. മാതാപിതാക്കളിൽ നിന്ന് ഇഷ്ടദാനം ലഭിച്ച മൂന്നര സെന്റ് ഭൂമി തലപ്പിള്ളി താലൂക്ക് ഓഫീസിൽ ഈടായി നൽകിയതോടെ 16 വർഷ കാലാവധിയിൽ ബേബിക്ക് ലോൺ ലഭിച്ചു. 2002ൽ വിവിധ ഗഡുക്കളായി പണം അടച്ച് ബേബി കടം വീട്ടി. 2009ൽ സർക്കാർ കുടുംബത്തിന്റെ കടബാധ്യത എഴുതി തള്ളുകയും ചെയ്തു. പക്ഷെ ഈടായി നൽകിയ ഭൂമിയുടെ ആധാരം തിരികെ നൽകാൻ താലൂക്ക് ഓഫീസിലെയോ റവന്യൂ വകുപ്പിലെയോ ഉദ്യോഗസ്ഥർ തയ്യാറായില്ല. പരാതിയുമായി മുന്നോട്ട് പോകുന്നതിനിടയിൽ ബേബിയും മകളും മരിക്കുകയും തങ്കമണിയും മകനും അസുഖബാധിതരാവുകയും ചെയ്തു.
സ്വന്തമായുള്ള 18 സെന്റ് ഭൂമി വിറ്റ് കടം വീട്ടി പുതിയൊരു ജീവിത മാർഗമുണ്ടാക്കാനാണ് തങ്കമണിയും മകനും ശ്രമിച്ചത്. എന്നാൽ ആധാരം തിരികെ ലഭിച്ചാൽ മാത്രമെ അതിനുള്ള സാധ്യത പോലുമുള്ളു. ആധാരത്തിനായി ഉപഭോക്തൃ കോടതിയിലും കമ്മീഷനിലും 1997 മുതൽ കേസ് നടത്തുകയാണ്. 2014ൽ ഉപഭോക്തൃ കോടതി മൂന്നര സെന്റ് ഭൂമിയുടെ ആധാരം കുടുംബത്തിന് തിരികെ നൽകണമെന്ന് ഉത്തരവിട്ടെങ്കിലും അത് പാലിക്കാനും ഉദ്യോഗസ്ഥർ തയ്യാറായില്ല. 2017ൽ ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ അപ്പീലുമായി ഉദ്യോഗസ്ഥർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.
2023ൽ തങ്കമണി മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകിയതിനെ തുടർന്ന് വിഷയത്തിൽ റവന്യുമന്ത്രി ഇടപെടുകയും ആധാരത്തിന് പകരം ഒരു ഡീഡ് കുടുംബത്തിന് അനുവദിക്കുകയും ചെയ്തു. എന്നാൽ താത്കാലിക സർക്കാർ രേഖ കൊണ്ട് ഭൂമി വിൽക്കാനോ കടം വീട്ടാനോ കുടുംബത്തിന് സാധിച്ചിട്ടില്ല. ആധാരം എവിടെയെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ ഉത്തരം നൽകാൻ തലപ്പിള്ളി താലൂക്ക് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
മൂന്ന് പതിറ്റാണ്ടായി നിയമ പോരാട്ടം തുടരുമ്പോഴും ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന് മുന്നിലുള്ള കേസിൽ ഇനിയും തീരുമാനമായിട്ടില്ല. തകർന്ന് വീഴാറായ ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിലെ വീട്ടിലാണ് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത തങ്കമണിയും മകനും കഴിയുന്നത്. ജീവഭയമുണ്ടെങ്കിലും വീട് വിട്ടിറങ്ങാൻ അമ്മയും മകനും തയ്യാറല്ല. വീട് തിരികെ എത്തുമ്പോൾ ഉള്ള കിടപ്പാടം കൂടി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ഇവർ.