
കണ്ണൂരിൽ 2000ൽ ഉണ്ടായ ബോംബേറിൽ കാൽ നഷ്ടമായ അസ്ന വിവാഹിതയായി. നഷ്ടമായ കാലിൻ്റെ വേദന സഹിച്ചും പഠനം തുടർന്ന് ഡോക്ടറായി ജോലി നേടിയ അസ്നക്ക് ആലക്കോട് സ്വദേശി നിഖിലാണ് താലി ചാർത്തിയത്.
കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്തെ കതിർ മണ്ഡപത്തിൽ ഡോ. അസ്ന ആലക്കോട് സ്വദേശി നിഖിലിന്റെ കൈപിടിച്ചു. ഇനിയങ്ങോട്ട് അസ്‌നയുടെ കാലിടറാതെ കൂടെയെന്നും നിഖിലുമുണ്ടാകും.
ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്നയെ രാഷ്ട്രീയ കേരളത്തിന് മറക്കാനാവില്ല. കലാപകലുഷിതമായ കണ്ണൂരിന്റെ രാഷ്ട്രീയ കാലത്തിന്റെ ഇരയായിരുന്നു അസ്ന. ഇന്ന് വിവാഹ പന്തൽ ഒരുങ്ങിയ ഇതേ മുറ്റത്ത് വെച്ചാണ് 2000 സെപ്തംബർ 27ന് അസ്‌നയ്ക്ക് വലത് കാൽ നഷ്ടമാകുന്നത്. അന്ന് ആറ് വയസാണ് പ്രായം. വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിക്കുകയായിരുന്നു. അമ്മയും തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്നുപതിച്ചത് അസ്‌നയുടെ മുന്നിൽ. ബോംബ് പൊട്ടി വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സയ്ക്കിടെ മുട്ടിന് കീഴെ വെച്ച് കാൽ മുറിച്ചുമാറ്റേണ്ടി വന്നു.
പിന്നീട് കൃത്രിമ കാൽ ഘടിപ്പിച്ചായിരുന്നു ജീവിതം. വേദന വേട്ടയാടിയ കാലത്തും അസ്ന പക്ഷേ വിധിക്ക് മുന്നിൽ പകച്ചു നിന്നില്ല. പ്രതിസന്ധികളെ വെല്ലുവിളിച്ചു തന്നെ നന്നായി പഠിച്ചു. 2013ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് നേടി.
സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറായി പ്രവർത്തിച്ചു. ഇപ്പോൾ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ്. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമാണ് വരൻ നിഖിൽ. സംഭവത്തിന് ശേഷം നാടാകെ സ്വന്തം മകളായി കണ്ട് കൂടെ നിർത്തിയ അസ്നയുടെ വിവാഹം നാടിൻ്റെയാകെ ആഘോഷമായി മാറി.
എം.കെ. രാഘവൻ എം.പി, കെ.കെ. ശൈലജ എംഎൽഎ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ അസ്‌നയ്ക്ക് ആശംസ നേരാൻ എത്തിയിരുന്നു.