ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെ മാധ്യമങ്ങോട് പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. താൻ കടുത്ത മനോവിഷമത്തിലാണെന്നും ജനങ്ങളോടുള്ള പ്രതിബദ്ധത നിർവഹിക്കാനാകുന്നില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കൽ മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത മനോവിഷമത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പ്രശ്നം പരിഹരിക്കാമെന്ന് ഡിഎംഇ കഴിഞ്ഞ ദിവസം ഉറപ്പ് തന്നിരുന്നു. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് പോസ്റ്റ് ഇട്ടത്. പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൻമേലാണ് പോസ്റ്റ് പിൻവലിച്ചത് എന്നും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.
തൻ്റെ പോസ്റ്റിൽ പറഞ്ഞതിലൊന്നും മാറ്റമില്ല. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു ശസ്ത്രക്രിയ നടന്നെന്ന ഡിഎംഇയുടെ വാദം തെറ്റാണ്. ഇന്നലെ നാല് ശസ്ത്രക്രിയകളാണ് മുടങ്ങിയതെന്നും ഡോ. ഹാരിസ് പറഞ്ഞു. "ഉപകരണങ്ങൾ വാങ്ങാൻ പണം അനുവദിച്ചത് കൊണ്ട് മാത്രം കാര്യമില്ല. ശസ്ത്രക്രിയകൾ മുടങ്ങുന്ന ശരിയല്ല. നേരത്തെയും ശസ്ത്രക്രിയകൾ മുടങ്ങിയിട്ടുണ്ട്.
പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങൾ പലതും പരാജയപ്പെട്ടു. കാര്യങ്ങൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. ബുദ്ധിമുട്ടുകൾ എല്ലാവർക്കും അറിയാം. ഏഴ് മാസം മുൻപ് മന്ത്രിയുടെ ഓഫീസിനെയും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്", ഡോ. ഹാരിസ് വ്യക്തമാക്കി.
താൻ കൈക്കൂലി വാങ്ങുന്ന ആളല്ല. നടപടി ഉണ്ടായാൽ അത് കാര്യമാക്കുന്നില്ല. ഈ ജോലി തന്നെ മടുത്ത് കഴിഞ്ഞു. വൈകാരികമായാണ് പോസ്റ്റ് ഇട്ടത്. സംവിധാനത്തിന് നാണക്കേട് ഉണ്ടാകാതിരിക്കാൻ എന്തിനാണ് സത്യം മറച്ചുവെക്കുന്നതെന്നും, ചികിത്സയ്ക്കെത്തിയ ഒരാൾ മരിക്കുന്നതിനെക്കാൾ വലിയ നാണക്കേട് ഇല്ലെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.
അതേസമയം, ഫേസ്ബുക്കിൽ പുതിയ പോസറ്റുമായി ഡോ.ഹാരിസ് ചിറക്കൽ. പഴയ പോസ്റ്റ് പിൻവലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഹാരിസ് ചിറക്കൽ പോസ്റ്റിട്ടത്. താൻ തെറ്റുകാരനല്ല. പരിമിതികളാണ് എനിക്ക് ചുറ്റുമുള്ളത് എന്നാണ് പോസ്റ്റിലെ വരികൾ ആരംഭിക്കുന്നത്. "ചെയ്യുന്ന ജോലിയോട് 100% ആത്മാർത്ഥത പുലർത്തുന്നയാളാണ് താൻ. വകുപ്പ് മേധാവി ആയതിനുശേഷം ഒരുപാട് ആൾക്കാരെ സാറേ എന്ന് വിളിച്ചു. ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചുനിന്നു" അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
"കുടുംബത്തിലെ പരിപാടികൾക്ക് പോലും പോകാറില്ല. ടൂറിനോ മറ്റ് യാത്രകൾക്കോ പോകാറില്ല. ആശുപത്രിയിലെ ഒരു വിഭാഗത്തിൻ്റെ മേധാവി എന്നു പറഞ്ഞാൽ അത്രയ്ക്കും, ശ്രദ്ധ വേണ്ട മേഖലയാണ്. എൻ്റെ അസാന്നിധ്യം കൊണ്ട് ആർക്കും ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല", അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പ് പല പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അതൊന്നും ആവർത്തിക്കാതിരിക്കാനാണ് ഞാൻും എൻ്റെ സഹപ്രവർത്തകരം ശ്രമിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് ഞാൻ പഠിച്ച് വളർന്നു , ഇന്ന് ജോലി ചെയ്യുന്ന പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളേജ്. എനിക്ക് അതിനോട് നീതി പുലർത്താൻ സധിക്കുന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യമെന്ന് പറഞ്ഞുകൊണ്ടാണ് ഡോ.ഹാരിസ് ചിറക്കൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലാത്തതിനാൽ ഗുരുതര പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ ആദ്യ പോസ്റ്റിട്ടത്. ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയകൾ മാറ്റേണ്ടി വരുന്നുവെന്നും ഡോക്ടർമാർ സമ്മർദത്തിലെന്നും കുറിപ്പിൽ പറയുന്നു. മെഡിക്കൽ കോളേജ് അനാസ്ഥ പരിഹരിക്കാൻ രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ച് മടുത്തുവെന്നും അദ്ദേഹം കുറിച്ചു.